ചൊട്ടയിലെ ശീലം....

07 September, 2016 ((Our Article published in Our KIDS Magazine- September 2016))

മക്കള്‍ക്ക് എല്ലാ നല്ല ശീലങ്ങളും പകര്‍ന്നു നല്‍കേണ്ടത് അവര്‍ കുട്ടിയായിരിക്കുമ്പോഴാണ്. കുട്ടിക്കാലത്ത് അവരുടെ മനസ്സില്‍ വേരുറയ്ക്കുന്ന ആശയങ്ങളും മൂല്യങ്ങളുമാണ് പിന്നീട് അവര്‍ ജീവിതകാലത്തുടനീളം പിന്തുടരുന്നത്. എന്നാല്‍ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളിലേയ്ക്ക് മാറുകയും മാതാപിതാക്കള്‍ രണ്ടുപേരും ജോലിയ്ക്കു പോവുകയും ചെയ്യുന്ന രീതിയിലേയ്ക്ക് മാറിയതോടെ കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയാണ്. ഇത് പുതിയ തലമുറയിലെ കുട്ടികളുടെ ഭക്ഷണ, ആരോഗ്യ, പെരുമാറ്റ, സാമ്പത്തിക, ശീലങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ് അതുല്‍. ഒരു ദിവസം ഉച്ചഭക്ഷണ സമയത്ത് അവന്‍ ന്യൂഡില്‍സ് കഴിക്കുന്നത് ക്ലാസ് ടീച്ചര്‍ കണ്ടു. അന്വേഷിച്ചപ്പോള്‍ അവന്‍ ദിവസവും ഇതു തന്നെയാണ് കൊണ്ടുവരുന്നതെന്ന് അവര്‍ മനസ്സിലാക്കി. വൈകിട്ട് രക്ഷിതാക്കളെ ഫോണില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ അവന്‍ ന്യൂഡില്‍സ് മാത്രമേ കഴിക്കൂ എന്നായിരുന്നു മറുപടി. കുട്ടിയുടെ ആരോഗ്യകാര്യത്തില്‍ മാതാപിതാക്കള്‍ തീരെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയതിനാല്‍ അധ്യാപിക അവരോടു നേരിട്ടു സംസാരിക്കാന്‍ തീരുമാനിച്ചു. അതിന് എന്‍റെ സഹായവും തേടി. അതനുസരിച്ച് ഞാന്‍ അതുലിനോട് സംസാരിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ആ പ്രായത്തിലുള്ള കുട്ടിയ്ക്കു നല്‍കേണ്ട പോഷകാഹാരങ്ങളൊന്നും അവനു ലഭിക്കുന്നില്ല എന്നു മാത്രമല്ല വലിയ തോതില്‍ ജങ്ക് ഫുഡ് അവന്‍റെ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു. മാതാപിതാക്കള്‍ രണ്ടു പേരും ഐ.ടി മേഖലയില്‍ ജോലി നോക്കുന്നവരാണ്. കുട്ടിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഒരു ജോലിക്കാരിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയെ എങ്ങനെയും ഭക്ഷണം കഴിപ്പിക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം. പാലു കുടിക്കാന്‍ കുട്ടി മടി കാണിച്ചിരുന്നു. അതിന് ജോലിക്കാരി കണ്ടെത്തിയ പ്രതിവിധി പാലില്‍ കുട്ടിയ്ക്ക് ഇഷ്ടപ്പെട്ട മിക്സ്ചര്‍ വിതറിയിട്ടു നല്‍കുക എന്നതായിരുന്നു ! കുട്ടി വാശിപിടിക്കുമ്പോഴൊക്കെ ബേക്കറി പലഹാരങ്ങളും പാസ്തയും അവര്‍ കൊടുത്തു. പച്ചക്കറിയോ പഴങ്ങളോ അവന്‍ കഴിക്കുന്നതേ ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തി. പല ഷിഫ്റ്റുകളിലുള്ള ജോലി കാരണം കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം തികയുന്നില്ല എന്നതായിരുന്നു അവരുടെ ന്യായം. എന്നാല്‍ കുട്ടിയുടെ ആരോഗ്യം അപകടത്തിലാകുമെന്ന് അറിയിച്ചതോടെ അവര്‍ ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ അതുലിന്‍റെ അമ്മ തന്നെയാണ് അവന്‍റെ ടിഫിന്‍ ബോക്സ് തയ്യാറാക്കുന്നത്. താന്‍ വീട്ടില്‍ ഇല്ലാത്ത അവസരങ്ങളില്‍ വേലക്കാരി എന്തൊക്കെയാണ് കഴിക്കാന്‍ കൊടുക്കുന്നതെന്ന് അവര്‍ കുട്ടിയോട് കൃത്യമായി ചോദിച്ചറിയുകയും ചെയ്യുന്നു.

ഒരു അതുലിന്‍റെ വീട്ടില്‍ മാത്രമല്ല ഇത് സംഭവിക്കാവുന്നത്. കുട്ടികളെ നല്ല ശീലങ്ങള്‍ക്ക് ഉടമയാക്കി വളര്‍ത്തിയെടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. അതിനായി സമയം കണ്ടെത്തുക തന്നെ വേണം.

അവര്‍ കളിച്ചു വളരട്ടെ

പഴയ തലമുറയില്‍പ്പെട്ട കുട്ടികള്‍ പാടത്തും പറമ്പിലും കളിച്ചു വളര്‍ന്നവരാണ്. എന്നാല്‍ പുതിയ തലമുറയാകട്ടെ കളി മുഴുവന്‍ കമ്പ്യൂട്ടറിലും മൊബൈലിലും ആണ്. ഒരു സ്ഥലത്തു തന്നെ ചടഞ്ഞുകൂടി ഇരുന്ന് ഗെയിം കളിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല. ഇതിന്‍റെ ഫലമായി കുട്ടികളില്‍ പൊണ്ണത്തടി കൂടുന്നു. ഫ്ളാറ്റിലുകളിലേയ്ക്ക് ജീവിതം കൂടുമാറിയ സാഹചര്യത്തില്‍ കുട്ടികളെ പഴയതു പോലെ പറമ്പില്‍ കളിക്കാന്‍ വിടണം എന്നു പറയുന്നത് പ്രായോഗികമല്ല. എങ്കിലും സായാഹ്നങ്ങളില്‍ അല്പദൂരം നടക്കാന്‍ ശീലിപ്പിക്കാം. അല്ലെങ്കില്‍ ടെന്നീസ്, ഫുട്ബോള്‍ പോലുള്ള കളികളില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കാം. ചെറിയ ദൂരങ്ങള്‍ സഞ്ചരിക്കാനായി ഒരു സൈക്കിള്‍ വാങ്ങി നല്‍കാം. കൂടുതല്‍ നേരം ടി.വിയ്ക്കോ കമ്പ്യൂട്ടറിനോ മുന്നില്‍ ഇരിക്കുന്നതു വിലക്കണം. വീട്ടുകാര്‍ തന്നെ കൂടുതല്‍ നേരം ടി.വി കണ്ടുകൊണ്ടിരുന്നാല്‍ കുട്ടികളും അതേ ശീലം പിന്തുടരും. അതിനാല്‍ വീട്ടില്‍ ടി.വി ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുക. ചില രക്ഷിതാക്കള്‍ കുട്ടികളെ വീട്ടിനുള്ളില്‍ തന്നെ അടച്ചു വളര്‍ത്തുന്നതു കാണാം. ഇത് കുട്ടികളെ അന്തര്‍മുഖരാക്കി മാറ്റാന്‍ സാധ്യതയുണ്ട്. അവരെ അയല്‍പക്കത്തോ അടുത്ത ഫ്ളാറ്റുകളിലോ ഉള്ള സമപ്രായക്കാരുമായി ഇടപഴകാന്‍ അനുവദിക്കുക. അവര്‍ കൂട്ടുകൂടി കളിച്ചു വളരട്ടെ.

ഭക്ഷണത്തില്‍ വിട്ടുവീഴ്ച അരുത്

ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ഭക്ഷണം നല്‍കുന്നത്. ഇത് തെറ്റായ രീതിയാണ്. കുട്ടികള്‍ക്ക് എന്തൊക്കെ കഴിക്കണം, ഒഴിവാക്കണം എന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ല. അവര്‍ മിക്കപ്പോഴും പരസ്യങ്ങളില്‍ കാണുന്നത് അനുസരിച്ചാണ് ഏതെങ്കിലുമൊക്കെ ഭക്ഷണസാധനങ്ങള്‍ വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെടുന്നത്. കുട്ടികളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേയും മറ്റും ചിത്രങ്ങളോടെ പായ്ക്കറ്റുകളില്‍ എത്തുന്ന ഇത്തരം ജങ്ക് ഫുഡില്‍ മിക്കതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ എത്തുന്നത് ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനു കാരണമാകുന്നു. ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് ഓര്‍മ്മക്കുറവിനും പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കുകയും മറവിരോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും അവര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. അതുകൊണ്ടു തന്നെ ഒരിക്കലും കുട്ടി വാശിപിടിച്ചു എന്നതു കൊണ്ടു മാത്രം ജങ്ക് ഫുഡിന് പിറകേ പോകരുത്. കുട്ടിയ്ക്ക് പഴങ്ങളും പച്ചക്കറികളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം തന്നെ നല്‍കണം. അതോടൊപ്പം മോശം ഭക്ഷണമേത്, നല്ല ഭക്ഷണമേത് എന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കാം.

വേണം ശ്രദ്ധ

കുട്ടികള്‍ ഏതൊക്കെ സിനിമകളും ചാനലുകളും കാണുന്നു എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ദ്വയാര്‍ത്ഥപ്രയോഗങ്ങളും അശ്ലീലസംഭാഷണങ്ങളും അക്രമങ്ങളും നിറഞ്ഞ സിനിമകള്‍ക്കും സീരിയലുകളും കുട്ടികളെ കാണിക്കാതിരിക്കുന്നതാണ് ഉചിതം. കുട്ടികള്‍ എന്തൊക്കെ കാണുന്നു എന്നത് അവരുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നു. സിനിമയിലൂടെ കാണുന്ന കാര്യങ്ങള്‍ അവരെ സ്വാധീനിച്ചേക്കാം. സിനിമയിലെ പല രംഗങ്ങളും കണ്ട് അത് അനുകരിക്കാന്‍ ശ്രമിച്ച് കുട്ടികള്‍ അപകടത്തില്‍ ചെന്നു ചാടുന്ന വാര്‍ത്തകള്‍ ഇതിന് തെളിവാണ്. സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഗെയിമുകള്‍ക്കും അപ്പുറം ദിവസത്തില്‍ അല്പസമയമെങ്കിലും നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. വായനാശീലത്തിന്‍റെ അഭാവം മൂലമാണ് പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഭാഷ കൈകാര്യം ചെയ്യാനുള്ള നൈപുണ്യം കുറയുന്നത്.

പണത്തിന്‍റെ മൂല്യം അറിയണം

കുട്ടികളെ കഷ്ടപ്പാടൊന്നും അറിയിക്കാതെ വളര്‍ത്തണം എന്നു ചിന്തിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കള്‍. അതുകൊണ്ടു തന്നെ അവര്‍ ആവശ്യപ്പെടുന്നതെന്തും രക്ഷിതാക്കള്‍ ഉടനടി വാങ്ങി കൊടുത്തിരിക്കും. ഇതു മൂലം പണത്തിന്‍റെ മൂല്യം അവര്‍ ഒരിക്കലും മനസ്സിലാക്കുന്നില്ല. പണം കൈകാര്യം ചെയ്യേണ്ടതെങ്ങനെയന്നും അത് സമ്പാദിക്കുന്നതിലെ അധ്വാനവും കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ആവശ്യങ്ങള്‍ക്ക് പണം നല്‍കുകയും അനാവശ്യമായ ചിലവുകള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുക. കുട്ടി ഒരു സാധനം കേടുവരുത്തിയാലുടന്‍ മറ്റൊന്നു വാങ്ങി നല്‍കേണ്ടതില്ല. പകരം ഓരോ സാധനങ്ങളും ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് അവരെ ഓര്‍മ്മപ്പെടുത്താം. ഒന്നു പോയാല്‍ മറ്റൊന്നു വാങ്ങി നല്‍കുമെന്ന് ഉറപ്പുള്ളപ്പോള്‍ കുട്ടി അലക്ഷ്യമായി സാധനങ്ങള്‍ ഉപയോഗിക്കുകയും കേടുവരുത്തുകയും ചെയ്യും. വലിയ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ കുട്ടി ആവശ്യപ്പെടുമ്പോള്‍ അത്രയും പണം തന്‍റെ പക്കല്‍ ഇല്ല എന്ന് തുറന്നു പറയുന്നതില്‍ അഭിമാനക്കുറവൊന്നും തോന്നേണ്ടതില്ല. വീട്ടിലെ സാമ്പത്തികസ്ഥിതി അറിഞ്ഞു തന്നെ കുട്ടികള്‍ വളരണം. എങ്കില്‍ മാത്രമേ നേട്ടങ്ങള്‍ക്കായി പരിശ്രമിക്കാന്‍ അവര്‍ക്കു മനസ്സുണ്ടാകൂ.

പെരുമാറ്റം പ്രധാനം

ആളുകളോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടത് അതിപ്രധാനമാണ്. സമ്പത്തും ഉന്നതപദവിയും ഉണ്ടായാലും ആളുകളോട് നല്ല രീതിയില്‍ പെരുമാറാന്‍ അറിയില്ലെങ്കില്‍ സമൂഹം അംഗീകരിക്കില്ല. ഇതു പഠിപ്പിക്കേണ്ടത് നഴ്സറി, പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ചുമതല കൂടിയാണ്. മിനിറ്റുകള്‍ കൊണ്ട് കളിച്ചു തീരേണ്ട മൊബൈല്‍ ഗെയിമുകളുടെ ലോകത്ത് ജീവിക്കുന്നതു കൊണ്ടാകാം പുതിയ തലമുറയിലെ കുട്ടികളില്‍ ക്ഷമാശീലം പൊതുവേ കുറവാണ്. ചെറിയ കാര്യത്തിനു പോലും ദേഷ്യപ്പെടുന്നതും ഉറക്കെ സംസാരിക്കുന്നതും ഭൂരിഭാഗം കുട്ടികളുടേയും ശീലമാണ്. യോഗ, ധ്യാനം എന്നിവ പരിശീലിക്കുന്നത് ക്ഷമാശീലം വര്‍ധിക്കാന്‍ സഹായിക്കും. മുതിര്‍ന്നവരെ ബഹുമാനിക്കാനും ആളുകളോട് സഹാനുഭൂതിയോടെ ഇടപഴകാനും കെട്ടുറപ്പുള്ള സൗഹൃദങ്ങള്‍ വളര്‍ത്തിയെടുക്കാനും കുട്ടികളെ ശീലിപ്പിക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയൂ.

ജീവിതത്തില്‍ തിരക്കുകളുടെ പിന്നാലെ പായുമ്പോള്‍ കുട്ടികളുടെ കാര്യങ്ങള്‍ അവഗണിക്കരുത്. പരമാവധി സമയം അവരോടൊപ്പം ചെലവിടാന്‍ ശ്രമിക്കുക. ശീലങ്ങള്‍ വേരുറയ്ക്കുന്നത് കുട്ടിക്കാലത്താണ്. ആ ഘട്ടത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ അവര്‍ക്ക് കൂടിയേ തീരൂ. കുട്ടിയെ നല്ല ശീലങ്ങളുടേയും മൂല്യങ്ങളുടേയും ഉടമയാക്കി വളര്‍ത്തി അവര്‍ക്ക് ഒരു നല്ല ജീവിതം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ സാങ്കല്പികമാണ്)

Click here to view/download the original article.

സന്ധ്യാറാണി.എല്‍

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More