അവർ ക്രിമിനലുകളല്ല

(Our Article published in Our KIDS Magazine-February 2018)

പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനേയും കൊണ്ടാണ് പ്രമോദ് എന്നെ കാണാന്‍ വന്നത്. മകന്‍റെ സ്വഭാവത്തെ കുറിച്ചുള്ള ആശങ്കകളാണ് അദ്ദേഹം പങ്കുവച്ചത്. വിദേശത്ത് ബിസിനസ്സുകാരനായ അദ്ദേഹം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ നാട്ടില്‍ വരാറുള്ളൂ. മകനും ഭാര്യയും നാട്ടില്‍ താമസിക്കുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബം ആയതിനാല്‍ നഗരത്തിലെ പ്രശസ്തമായൊരു സ്കൂളില്‍ തന്നെ മകന് അഡ്മിഷന്‍ തരപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മകന്‍ പഠനത്തില്‍ പിന്നോക്കമായിരുന്നെങ്കിലും എല്ലാവരോടും നല്ല രീതിയില്‍ ഇടപഴകുന്ന കുട്ടിയായിരുന്നു. ആരോടും അവന്‍ വഴക്കിട്ടതായി അറിയില്ല. എന്നാല്‍ അടുത്തിടെ സ്കൂളില്‍ ഉണ്ടായ ചില സംഭവങ്ങള്‍ വീട്ടുകാരെയാകെ ഞെട്ടിച്ചു. മകന്‍ സ്കൂളിലെ സഹപാഠിയായ ഒരു പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ കയറി ആക്രമിച്ചു. വീട്ടില്‍ ഈ സമയം ആരും ഇല്ലായിരുന്നെങ്കിലും പെണ്‍കുട്ടി ബഹളം വച്ച് അയല്‍ക്കാരെ കൂട്ടുകയും ഇറങ്ങിയോടുകയും ചെയ്തതിനാല്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇക്കാര്യം സ്കൂളില്‍ ചര്‍ച്ചയാകുകയും മകനെ സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ മറ്റൊരു സ്കൂളില്‍ അഡ്മിഷന്‍ ശരിയാക്കിയെങ്കിലും കുട്ടി സ്കൂളില്‍ പോകാനോ പഠിക്കാനോ താത്പര്യം കാണിക്കുന്നില്ല. ഏറെ ലാളിച്ചു വളര്‍ത്തിയ മകന്‍റെ സ്വഭാവത്തിലുണ്ടായ ഈ മാറ്റങ്ങള്‍ അമ്മയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞരു. കുടുംബത്തിന്‍റെ താളംതെറ്റുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ തിരക്കുകളെല്ലാം മാറ്റിവച്ച് പ്രമോദ് നാട്ടിലെത്തുകയായിരുന്നു. തന്‍റെ മകന് എന്താണ് സംഭവിച്ചത് എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. സൗമ്യമുഖഭാവത്തോടെ എന്‍റെ മുന്നിലിരിക്കുന്ന ആ കുട്ടി ഒരാളെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് അവിശ്വസിനീയമായി തോന്നി. എന്‍റെ ചോദ്യങ്ങള്‍ക്കൊന്നും ആദ്യം അവന്‍ മറുപടി തന്നില്ല. എന്നാല്‍ അച്ഛനെ മാറ്റി നിര്‍ത്തി അവനോട് തനിച്ച് സംസാരിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. പഠിക്കാന്‍ പിന്നോക്കമായിരുന്ന അവന്‍ അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സയന്‍സ് ഗ്രൂപ്പ് എടുത്തത്. സ്കൂളില്‍ എല്ലാ മാസവും ടെസ്റ്റ് പേപ്പര്‍ ഉണ്ടാകും. മാര്‍ക്ക് കുറഞ്ഞ കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ മുന്നില്‍ വച്ചു വഴക്കു പറയും. ക്ലാസില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി കളിയാക്കും. ഇതൊരു പതിവായപ്പോള്‍ എങ്ങനെയും മാര്‍ക്ക് മേടിക്കുക എന്നതായി അവന്‍റെ ലക്ഷ്യം. അങ്ങനെ അവനും ചില കൂട്ടുകാരും ചേര്‍ന്ന് പരീക്ഷകളില്‍ കോപ്പിയടിക്കാന്‍ തുടങ്ങി. ഒരിക്കല്‍ ഇത് ആ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. താന്‍ ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിക്കുമെന്ന് അവള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്തരമൊരു ആക്രമണത്തിന് അവന്‍ മുതിര്‍ന്നത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുക എന്നതിനപ്പുറം കോപ്പിയടിരഹസ്യം പുറംലോകം അറിയാതിക്കുക എന്നതായിരുന്നു അവന്‍റെ ലക്ഷ്യം. കഥ കേട്ടപ്പോള്‍ അത്ഭുതം തോന്നിയില്ല. അടുത്തിടെയായി പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളുമായി ഇതിനെ ചേര്‍ത്തു വായിക്കാവുന്നതേയുള്ളൂ. പാരന്‍റ്സ് മീറ്റിങും പരീക്ഷയും മാറ്റി വയ്ക്കാനായി ഒരു കൊച്ചു കുട്ടിയെ ആ സ്കൂളിലെ തന്നെ മുതിര്‍ന്ന ഒരു വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടലുളവാക്കിയെങ്കില്‍ ഉച്ചതിരിഞ്ഞ് അവധി ലഭിക്കാനായി ഒരു വിദ്യാര്‍ത്ഥിനി മറ്റൊരു കുട്ടിയെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു എന്ന വാര്‍ത്ത മനസ്സ് മരവിപ്പിക്കുന്നതായിരുന്നു. ശാസിച്ചതിന്‍റെ ദേഷ്യത്തില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി പ്രധാന അധ്യാപികയെ വെടിവച്ചു കൊന്ന സംഭവവും നമ്മുടെ രാജ്യത്തുണ്ടായി. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തിലേയ്ക്ക് കുട്ടികള്‍ മാറി കഴിഞ്ഞിരിക്കുന്നു. നമുക്ക് ഊഹിച്ചെടുക്കാന്‍ കഴിയാത്ത വഴികളിലൂടെയാണ് അവരുടെ മനസ്സ് സഞ്ചരിക്കുന്നത്.

പഠനം മാറി; പഠനാന്തരീക്ഷവും

നാലു മണിയ്ക്ക് സ്കൂള്‍ വിട്ട് വീട്ടിലേയ്ക്കോടിയാല്‍ ഇരുട്ടുവോളം പാടത്ത് കളിക്കും. സന്ധ്യയ്ക്ക് അമ്മ സ്വരം കടുപ്പിക്കുമ്പോള്‍ ഒരു കാക്കകുളി പാസാക്കി മുത്തശ്ശിയോടൊപ്പമിരുന്ന് നാമം ചൊല്ലും. പിന്നെ പാഠഭാഗങ്ങള്‍ ഉറക്കെ വായിക്കും. കണക്കുകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴേയ്ക്കും വിശപ്പ് മുറുകിയിട്ടുണ്ടാകും. അടുക്കളയില്‍ നിന്ന് അമ്മയുടെ വിളിയും കാത്തിരിക്കും. ഊണു കഴിഞ്ഞാല്‍ ചിത്രകഥാപുസ്തകം വായിച്ചു കിടക്കും. അതിനിടെയെപ്പോഴോ ഉറങ്ങിപ്പോകും- ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം കാണാന്‍ കൂടി സാധിക്കാത്ത ഒരു സൗഭാഗ്യകാലത്തിന്‍റെ ഓര്‍മ്മകള്‍ മാത്രമാണിത്. സ്കൂള്‍ ബസില്‍ നിന്ന് ക്ലാസ് മുറിയ്ക്കുള്ളിലേയ്ക്കും  തിരികെ വീട്ടിലേയ്ക്കും സഞ്ചരിക്കുന്ന പുതിയ തലമുറയുടെ ജീവിതം തിരക്കുപിടിച്ചതാണ്. എടുത്താല്‍ പൊങ്ങാത്ത ഭാരമുള്ള സ്കൂള്‍ബാഗും ഏറ്റി ദിവസത്തിന്‍റെ ഭൂരിഭാഗവും പുസ്തകങ്ങള്‍ക്കൊപ്പം ചെലവിടുന്ന അവര്‍ക്ക് അതിനപ്പുറം ഒരു ലോകമില്ല. പഠനത്തിനൊപ്പം എക്സ്ട്രാകരിക്കുലര്‍ ആക്ടിവിറ്റികള്‍ എന്ന പേരില്‍ വയലിനും ഡാന്‍സും പാട്ടും പഠിക്കുമ്പോഴും അതും മത്സരത്തിനുള്ള ഇനങ്ങളില്‍ ഒന്നു മാത്രമാകുന്നു. പഠനഭാരം കുറയ്ക്കാനായി തുടങ്ങിയ ഇത്തരം ആക്ടിവിറ്റികള്‍ മിക്കപ്പോഴും അവര്‍ക്ക് അമിതഭാരം സമ്മാനിക്കുന്നു. സ്കൂള്‍ ഗ്രൗണ്ടുകളില്‍ നിര്‍ബന്ധപൂര്‍വ്വം നടത്തുന്ന കായികപരിശീലനങ്ങള്‍ക്കപ്പുറം സ്വാഭാവികമായ എന്തെങ്കിലും കളികളില്‍ അവര്‍ ഏര്‍പ്പെടുന്നതായി കാണാറില്ല. ചുരുക്കത്തില്‍ പുതിയ പഠനവ്യവസ്ഥയില്‍ എല്ലാം ഒരുതരം മത്സരമായി മാറിയ അവസ്ഥയാണുള്ളത്. എന്‍റെ മകന്‍ അല്ലെങ്കില്‍ മകള്‍ എല്ലാത്തിലും ഒന്നാമതാണ് എന്നു പറയുമ്പോള്‍ മാത്രം അഭിമാനപുളകിതരാകുന്ന രക്ഷിതാക്കളും ഈ വ്യവസ്ഥിതിയുടെ ഭാഗമാണ്. പഠനത്തിലും കലാകായിക പ്രകടനങ്ങളിലും മത്സരം കൊഴുക്കുമ്പോള്‍ കുട്ടികള്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നു. ഇതെ കുറിച്ച് വീട്ടുകാരോട് സംസാരിക്കാന്‍ കുട്ടിയ്ക്ക് കഴിഞ്ഞുവെന്ന് വരില്ല. അവര്‍ക്ക് തന്നെ മനസ്സിലാക്കാന്‍  കഴിയില്ലെന്ന തോന്നലാണ് കാരണം. വിഷമങ്ങള്‍ പങ്കിടാന്‍ നല്ലൊരു സുഹൃത്തു കൂടിയില്ലെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടതായി കുട്ടിയ്ക്ക് തോന്നാം. അച്ഛനും അമ്മയും അടുത്തുണ്ടായിട്ടും ഇത്തരത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. 

ഓട്ടം തന്നെ ഓട്ടം 

കൂട്ടുകുടുംബത്തില്‍ നിന്ന് അച്ഛനും അമ്മയും കുട്ടിയും മാത്രം ഉള്‍പ്പെടുന്ന അണുകുടുംബത്തിലേയ്ക്ക് നാം മാറിക്കഴിഞ്ഞു. അച്ഛനും അമ്മയും തിരക്കുപിടിച്ച ജോലിക്കാരാവുമ്പോള്‍ കുട്ടിയെ ശ്രദ്ധിക്കാന്‍ സമയം തികയാതെ വരുന്നു. പലപ്പോഴും സഹായത്തിന് ആരെയെങ്കിലും വച്ചാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. കുട്ടിയെ ശ്രദ്ധിക്കാറില്ലേയെന്ന് ചോദിച്ചാല്‍ മിക്കവരും സ്കൂള്‍ ഫീസിന്‍റേയും ട്യൂഷന്‍റേയും പുസ്തകങ്ങളുടേയും കണക്കുകളാണ് പറയുക. ഇത്രയധികം പണം ചെലവാക്കി മികച്ച വിദ്യാഭ്യാസം അവര്‍ക്കു നല്‍കാന്‍ ശ്രമിക്കുന്നത് അവരോട് സ്നേഹം ഉള്ളതു കൊണ്ടല്ലേയെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. അവര്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങി നല്‍കിയതു കൊണ്ടോ പഠിപ്പിക്കാനായി ഉയര്‍ന്ന ഫീസുള്ള സ്കൂളില്‍ ചേര്‍ത്തതു കൊണ്ടോ സ്നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ അവരില്‍ ഉണ്ടാകണമെന്നില്ല. ദിവസത്തിന്‍റെ കുറച്ചു സമയം എങ്കിലും അവരോടൊപ്പം ചെലവിടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ അത് നിങ്ങളുടെ പരാജയമാണ്. കുട്ടിയോട് സംസാരിക്കുന്ന സമയം മുഴുവന്‍ പഠനത്തെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതേസമയം സ്കൂളിലെ വിശേഷങ്ങള്‍, കൂട്ടുകാര്‍ ഇത്തരം കാര്യങ്ങള്‍ തിരക്കുകയും വേണം. എന്തും നിങ്ങളോട് തുറന്നു പറയാം എന്നൊരു ധൈര്യം കുട്ടിയില്‍ ഉണ്ടാക്കിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരത്തിലുള്ള ഇടപെടലിലൂടെ മാത്രമേ വലിയ തെറ്റിലേയ്ക്ക് അവര്‍ നടന്നു നീങ്ങുന്നുണ്ടെങ്കില്‍ അത് മുന്‍കൂട്ടി കാണാനും തടയാനും കഴിയുകയുള്ളൂ. 

അവര്‍ ക്രിമിനലുകള്‍ അല്ല

കുട്ടികള്‍ ആരും തന്നെ ക്രിമിനലുകള്‍ അല്ല. പെട്ടെന്നുള്ള പ്രകോപനമോ ദേഷ്യമോ ആകാം അവരെ തെറ്റിലേയ്ക്ക് നയിക്കുന്നത്. മറ്റു ചിലപ്പോള്‍ രക്ഷിതാക്കളുടേയും സമൂഹത്തിന്‍റേയും മുന്‍പില്‍ താന്‍ മോശക്കാരനാകുമോ എന്ന ഭയം മൂലമാകാം കുട്ടി അരുതാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നത്. സീരിയല്‍-സിനിമ രംഗങ്ങളും ഒരു പരിധി വരെ കുട്ടിയെ സ്വാധീനിക്കുന്നുണ്ടാകാം. മുതിര്‍ന്ന ഒരാളെപ്പോലെ കാര്യകാരണങ്ങള്‍ വിശകലനം ചെയ്തല്ല കുട്ടികള്‍ കുറ്റകൃത്യം ചെയ്യുന്നത്. മുന്‍പ് പറഞ്ഞതു പോലെ കോപ്പിയടിച്ചത് പിടിക്കരുത് എന്നു മാത്രമാകും കുട്ടിയുടെ ഉദ്ദേശം. എന്നാല്‍ അത് മറച്ചു വയ്ക്കാന്‍ അതിനേക്കാള്‍ വലിയൊരു തെറ്റാണ് താന്‍ ചെയ്യുന്നതെന്ന ബോധം അവനില്ല. അവിടെയാണ് കുഴപ്പം. കാര്യം നേടിയെടുക്കാന്‍ പെട്ടെന്ന് ബുദ്ധിയില്‍ തോന്നുന്നത് ചെയ്യുമ്പോള്‍ പരിണിതഫലങ്ങളെ കുറിച്ച് അവര്‍ക്ക് യാതൊരു അറിവും ഉണ്ടാകില്ല. പിടിക്കപ്പെടുമെന്നോ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നോ പഠനവും ജീവിതവും തന്നെ പ്രതിസന്ധിയിലാകുമെന്നോ ഒന്നും ചിന്തിക്കാനുള്ള മാനസികവളര്‍ച്ച കുട്ടികള്‍ക്കില്ല. എന്നാല്‍ സമൂഹം പലപ്പോഴും ഇത് തിരിച്ചറിയാറില്ല. ഒരിക്കല്‍ കുറ്റകൃത്യത്തിന് പിടിക്കപ്പെട്ട കുട്ടിയ്ക്ക് മുതിര്‍ന്ന കുറ്റവാളികള്‍ക്ക് ലഭിക്കുന്ന അതേ പരിഗണനയോ ഒരുപക്ഷേ അതിനേക്കാള്‍ മോശമോ ആണ് സമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഒരിക്കല്‍ കുറ്റകൃത്യത്തില്‍ അകപ്പെട്ട കുട്ടിയ്ക്ക് അവന്‍ ആഗ്രഹിച്ചാല്‍ പോലും നല്ല ജീവിതം ലഭിക്കാത്ത ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. മാനസികവളര്‍ച്ച എത്താത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങളെ ആ തലത്തില്‍ കാണാനും അവരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുമാണ് മാതാപിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടത്.

കുട്ടികള്‍ എല്ലാത്തിലും ഒന്നാമതാകണം എന്നതില്‍ അപ്പുറം അവരെ നല്ല വ്യക്തികളായി വളര്‍ത്തി കൊണ്ടു വരാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. സ്കൂളില്‍ ഒന്നാമരായവരെല്ലാം ജീവിതത്തില്‍ വിജയിക്കണമെന്നില്ല. പരീക്ഷയില്‍ തോറ്റവര്‍ ജീവിതത്തില്‍ വിജയിക്കാതിക്കണമെന്നില്ല. മാര്‍ക്ക്ഷീറ്റുകളല്ല ജീവിതത്തിന്‍റെ അളവുകോല്‍. സ്കൂളിനപ്പുറം ഒരു ജീവിതം ഉണ്ട് എന്ന് തിരിച്ചറിയാത്തതിനാലാണ് കുട്ടികള്‍ അവിടെ നടക്കുന്ന ഓരോ കാര്യങ്ങളേയും ഭയത്തോടു കൂടി സമീപിക്കുന്നത്. മാര്‍ക്കു കുറഞ്ഞാലോ അധ്യാപകന്‍ ശാസിച്ചാലോ ജീവിതം ഒടുക്കാന്‍ വരെ കുട്ടികള്‍ തയ്യാറാകുന്നത് ഇത്തരത്തിലുള്ള ഭയം മൂലമാണ്. അതേസമയം ജീവിതത്തെ കുറച്ചു കൂടി വിശാലമായി സമീപിക്കാനാണ് അവരെ പഠിപ്പിക്കേണ്ടത്. ജീവിതത്തില്‍ എല്ലായിടത്തും ഒന്നാമതെത്താനാകില്ലെന്നും എല്ലാ പരീക്ഷകളിലും വിജയിക്കാനാകില്ലെന്നും അധ്യാപകര്‍ ശാസിക്കുന്നത് നല്ല ഭാവിക്കു വേണ്ടിയാണെന്നും ഉള്ള തിരിച്ചറിവ് അവരില്‍ വളര്‍ത്തിയെടുക്കണം. ഇതിലെല്ലാം ഉപരി കാര്യങ്ങള്‍ തുറന്നു സംസാരിക്കാനും തിരുത്താനും കഴിയുന്ന നല്ല സുഹൃത്തുക്കളായി മാതാപിതാക്കള്‍ മാറണം. അവര്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടെന്ന തോന്നല്‍ ഉള്ളില്‍ ഉറച്ചാല്‍ അവര്‍ തെറ്റുകളിലേയ്ക്ക് വഴുതി വീഴില്ല. 

 (കുറിപ്പ് : ഇതിൽ ഉപയോഗിച്ചിരിക്കുന്ന പേരുകൾ സാങ്കല്പികമാണ് ) 

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • അവർ ക്രിമിനലുകളല്ല

  (Our Article published in Our KIDS Magazine-February 2018)

  Read More

 • ബന്ധുക്കൾ തലവേദനയാകുമ്പോൾ

  Our Article published in Aarogyamangalam Magazine-February 2018

  Read More

 • കലഹം വേണ്ട കൗമാരത്തോട്

  Our Article published in Our KIDS Magazine-January 2017

  Read More

 • പ്രതിസന്ധികളിൽ തളരാതിരിക്കാൻ...

  Our Article published in Our KIDS Magazine-November 2017

  Read More