കുട്ടികൾ കെട്ടിപ്പിടിച്ചാൽ...

Our Article published in Our KIDS Magazine-March 2018

അടുത്തിടെ കേരളത്തിലെ ഒരു സ്കൂളില്‍ നടന്ന സംഭവവും അതെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ഇതെഴുതാന്‍ പ്രേരണയായത്. ഒരു ആണ്‍കുട്ടി അതേ സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ പരസ്യമായി ആലിംഗനം ചെയ്തതാണ്  കേസിന് തുടക്കം കുറിച്ചത്. അധ്യാപകരും മറ്റുകുട്ടികളും നോക്കി നില്‍ക്കെ കെട്ടിപ്പിടിച്ചതിലൂടെ കുട്ടികള്‍ സ്കൂളിന്‍റെ യശസ്സിന് കളങ്കം വരുത്തിയെന്നാരോപിച്ച് ഇരുവരേയും സ്കൂളില്‍ നിന്ന് പുറത്താക്കുകയാണ് ഉണ്ടായത്. മാത്രമല്ല ഈ കുട്ടികള്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളും ഇരുവരും തമ്മിലുള്ള അടുപ്പത്തിന് തെളിവാണെന്ന് സ്കൂള്‍ അധികൃതര്‍ വാദിച്ചു. കേസ് ബാലാവകാശ കമ്മീഷനിലും അവിടുന്ന് ഹൈക്കോടതിയിലും എത്തുകയും ദേശീയമാധ്യമങ്ങളില്‍ വരെ വിഷയം ചര്‍ച്ചയാകുകയും ചെയ്തു. വാദപ്രതിവാദങ്ങള്‍ക്കപ്പുറം കേസിന്‍റെ വസ്തുതയിലേയ്ക്ക് കണ്ണോടിക്കുമ്പോള്‍ പൊതു ഇടങ്ങളിലെ സ്നേഹപ്രകടനത്തെ (Public Display of Affection) മലയാളികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാകും. പൊതു ഇടങ്ങളില്‍ പരസ്യമായി സ്നേഹപ്രകടനങ്ങള്‍ നടത്തുന്നത് പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വ്വസാധാരണമാണെങ്കിലും ഇന്ത്യയില്‍ പലയിടങ്ങളിലും ഇത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പരസ്യമായി നടത്തുന്ന സ്നേഹപ്രകടനങ്ങള്‍ സദാചാരത്തിനു നിരക്കാത്തതാണെന്ന് വിലയിരുത്തപ്പെടുകയും ' അതിരുവിട്ടു' പെരുമാറുന്നവര്‍ക്ക് നേരെ കയ്യേറ്റശ്രമങ്ങളുണ്ടാകുകയും ചെയ്യുന്നു.

എന്താണ് പി.ഡി.എ ?

പൊതുസ്ഥലങ്ങളില്‍ നടത്തുന്ന സ്നേഹപ്രകടനങ്ങളെയാണ് പബ്ലിക് ഡിസ്പ്ലേ ഓഫ് അഫെക്ഷന്‍ അഥവാ പി.ഡി.എ എന്നു വിളിക്കുന്നത്. പൊതുഇടങ്ങളില്‍ കൈകോര്‍ത്തു പിടിച്ചു നടക്കുന്നതും ആശ്ലേഷിക്കുന്നതും ചുംബിക്കുന്നതുമെല്ലാം പരസ്യസ്നേഹപ്രകടനങ്ങള്‍ക്ക് ഉദാഹരണമാണ്. ഇത് എത്രത്തോളം അംഗീകരിക്കപ്പെടും എന്നത് സാഹചര്യത്തിനും സ്ഥലത്തിനും വ്യക്തികളേയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ വിലകല്‍പ്പിക്കുന്ന സമൂഹങ്ങളില്‍ പൊതുസ്ഥലങ്ങളിലെ സ്നേഹപ്രകടനങ്ങള്‍ക്ക് വിലക്കില്ല. അത് രണ്ടുവ്യക്തികളുടെ കാര്യം എന്നതിനപ്പുറത്തേയ്ക്ക് ആരും ശ്രദ്ധിക്കാനോ ഇടപെടാനോ മുതിരാറില്ല. പാശ്ചാത്യരാജ്യങ്ങള്‍ ഇതിന് ഉദാഹരണമാണ്. മറിച്ച് യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന സമൂഹങ്ങളില്‍ പരസ്യമായ സ്നേഹപ്രകടനങ്ങള്‍ നിയമപരമായി തന്നെ കുറ്റകരമോ അല്ലെങ്കില്‍ സമൂഹം ഒട്ടും അംഗീകരിക്കാത്ത ഒന്നോ ആണ്. പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തിന് കര്‍ശനമായ നിയമങ്ങള്‍ ഉള്ള അറബ് രാജ്യങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യയില്‍ സ്ത്രീയ്ക്കും പുരുഷനും ഒന്നിച്ചു സഞ്ചരിക്കുന്നതിനോ കൈകോര്‍ത്ത് നടക്കുന്നതിനോ വിലക്കില്ലെങ്കിലും പരസ്യമായി ചുംബിക്കുന്നതും ആശ്ലേഷിക്കുന്നതും പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലും ഒരു പരിധിയിയ്ക്കപ്പുറം ആണുംപെണ്ണും അടുത്ത് ഇടപഴകുന്നതിനെ  സമൂഹം പ്രോത്സാഹിപ്പിക്കുന്നില്ല. ചില സ്ഥാപനങ്ങളും വിദ്യാലയങ്ങളും എങ്ങനെ പെരുമാറണം എന്നതിന് പ്രത്യേകം മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കാറുണ്ട്.

തെറ്റും ശരിയും

ഓരോ വ്യക്തിയും വളര്‍ന്നു വരുന്ന ചുറ്റുപാടും അവിടെ നിലനില്‍ക്കുന്ന സാമൂഹിക-സാംസ്കാരിക അന്തരീക്ഷവും അയാളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു. ചെറുപ്പം മുതല്‍ കണ്ടുംകേട്ടും അറിഞ്ഞതും അതിന്‍റെ അടിസ്ഥാനത്തില്‍ മനസ്സില്‍ രൂപപ്പെടുത്തിയെടുത്തതുമായ തത്വങ്ങളാണ് ഓരോ വ്യക്തിയുടേയും ശരിതെറ്റുകളെ നിര്‍ണ്ണയിക്കുന്നത്. ഒരു വ്യക്തിയ്ക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാളുടെ കാഴ്ചപ്പാടില്‍ ശരിയാകണമെന്നില്ല. ഉദാഹരണത്തിന് തീര്‍ത്തും യാഥാസ്ഥിതികമായ ഒരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടിയുമൊത്ത് ചുറ്റിക്കറങ്ങുന്നതോ അവളെ ചുംബിക്കുന്നതോ തെറ്റായി തോന്നാം. അയാളുടെ കാഴ്ചപ്പാടില്‍ വിവാഹം എന്ന ഉടമ്പടിയുടെ പിന്‍ബലമില്ലാതെ ചെയ്യുന്നതെല്ലാം തെറ്റാണ്. അതേസമയം തന്നെ നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്ന അനേകംപേര്‍ ഈ സമൂഹത്തില്‍ ഉണ്ട്. അവരാരും തന്നെ കുറ്റബോധത്താല്‍ നീറി ജീവിക്കുന്നവരല്ല. വിവാഹം എന്ന കരാര്‍ ഇല്ലാതെ തന്നെ ഒരുമിച്ച് ജീവിക്കുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. ഇത്തരത്തില്‍ ഓരോ വ്യക്തിയുടേയും ചിന്താഗതിയനുസരിച്ച് അവരുടെ ശരിതെറ്റുകള്‍ വ്യത്യാസപ്പെട്ടിരിക്കും. അങ്ങനെ വരുമ്പോള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ശരിയാണ്, ഇതു ശരിയല്ല എന്നിങ്ങനെയുള്ള വിലയിരുത്തലുകള്‍ ഒരു പരിധി വരെ അസാധ്യമാകുകയും മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത്തരം വിലയിരുത്തലുകള്‍ക്ക് പ്രസക്തിയില്ലാതാകുകയും ചെയ്യും.  

തലമുറകള്‍ മാറുമ്പോള്‍

ഓരോ ദിവസവും ലോകത്ത് പുതിയതെന്തെങ്കിലും കണ്ടുപിടിക്കപ്പെടുന്നു. അത്രയും കാലം ശരിയെന്ന് ധരിച്ചത് പെട്ടെന്ന് തെറ്റാകുന്നു. അതിലൂടെ മനുഷ്യന്‍റെ ജീവിതത്തിലും കാഴ്ചപ്പാടിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ശാസ്ത്രസാങ്കേതിക രംഗം മാത്രമല്ല മനുഷ്യന്‍റെ ചിന്താഗതിയും തലമുറകള്‍ പിന്നിടുമ്പോള്‍ പുരോഗമിക്കുന്നുണ്ട്. എണ്‍പത് വയസ്സുള്ള ഒരാള്‍ക്ക് അയാളുടെ കുട്ടിക്കാലത്ത് സ്കൂളില്‍ തനിക്കൊപ്പം പഠിച്ച പെണ്‍കുട്ടിയോട് സംസാരിക്കാനോ ആഴത്തില്‍ ഒരു സൗഹൃദം രൂപപ്പെടുത്തിയെടുക്കാനോ കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍ അയാളുടെ പേരക്കുട്ടിയ്ക്കാവട്ടെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വലിയൊരു സൗഹൃദവലയം ഉണ്ടാകും. ഒരുമിച്ച് നടക്കുന്നതിനോ ഫോണ്‍ വിളിക്കുന്നതിനോ യാത്ര പോകുന്നതിനോ അവര്‍ക്ക് യാതൊരു വിലക്കും ഉണ്ടാകുകയില്ല. കൗമാരത്തിലേയ്ക്ക് കടക്കുമ്പോഴും ആണ്‍-പെണ്‍ഭേദമേന്യ സുഹൃത്തുക്കളായി തുടരാന്‍ അവര്‍ക്ക്  സാധിക്കുന്നുണ്ട്. കൂട്ടത്തിലൊരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയാല്‍ വര്‍ഷങ്ങളോളം അത് ഉള്ളില്‍ കൊണ്ടുനടന്ന് ഒടുവില്‍ ദൂതന്‍റെ സഹായത്തോടെ അവതരിപ്പിക്കുന്ന കാമുകന്‍മാരേയും പുതിയ തലമുറയില്‍ കണ്ടുകിട്ടാന്‍ വിഷമമാണ്. ഉള്ളില്‍ തോന്നുന്നത് ആത്മവിശ്വാസത്തോടെ തുറന്നു പറയാന്‍ ചങ്കൂറ്റം കാണിക്കുന്നവരാണ് പുതിയതലമുറയിലേറെയും. ബസിലോ ട്രെയിനിലോ ഒരുമിച്ച് ഇരിക്കുന്നതിലും സിനിമകാണുന്നതിലും കൈകോര്‍ത്ത് പിടിച്ച് യാത്ര പോകുന്നതിലും അവര്‍ തെറ്റ് കാണുന്നില്ല. ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരു തലമുറയിലെ കണ്ണിയാണ് ഷെയ്ക്ക്ഹാന്‍ഡ് കൊടുത്ത് അഭിനന്ദിക്കുന്ന പഴഞ്ചന്‍ രീതിയ്ക്ക് പകരം കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത്. അത് അവര്‍ രഹസ്യമായി ചെയ്ത ഒരു പ്രവര്‍ത്തിയല്ല. എല്ലാവരും കാണുന്നു എന്ന് മനസ്സിലാക്കി കൊണ്ട് തന്നെയാണ് ചെയ്തതെന്നതിനാല്‍ അരുതാത്തതെന്തോ ചെയ്യുന്നു എന്നൊരു തോന്നല്‍ ആ സമയത്ത് രണ്ടുപേര്‍ക്കും ഉണ്ടായിരുന്നിരിക്കില്ല. അതുകൊണ്ടു തന്നെ സ്വാഭാവികമായൊരു വികാരപ്രകടനം എന്നു മാത്രമേ അതിനെ വ്യാഖ്യാനിക്കാന്‍ കഴിയൂ. പുതിയ തലമുറ ആണ്‍-പെണ്‍ സൗഹൃദങ്ങളില്‍ വിശ്വസിക്കുന്നവരാണ്. സൗഹൃദത്തെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും ശരിയായ രീതിയില്‍ ഇടപഴകാനും അവരില്‍ ഭൂരിഭാഗം പേര്‍ക്കും അറിയാം. പുതിയ തലമുറയുടെ സൗഹൃദങ്ങളെ കുറിച്ച് ചൂഴ്ന്ന് ചിന്തിക്കുകയും സൗഹൃദത്തിനപ്പുറം മറ്റെന്തോ കൂടിയില്ലേ എന്ന് സംശയിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അതിനാല്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. 

അതിര്‍വരമ്പ് നിശ്ചയിക്കുന്നതാര് ?

പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന് അലിഖിതമായൊരു നിയമാവലി ഓരോ നാട്ടിലും ഉണ്ട്. അവിടുത്തെ ജനങ്ങളുടെ വിശ്വാസപ്രമാണങ്ങളുടേയും സാമൂഹികാവബോധത്തിന്‍റേയും അടിസ്ഥാനത്തില്‍ രൂപപ്പെട്ടു വരുന്നതാണത്. പാശ്ചാത്യനാടുകളില്‍ പൊതുസ്ഥലത്തെ സ്നേഹപ്രകടനങ്ങള്‍ തീര്‍ത്തും സ്വാഭാവികമായ ഒന്നാകുമ്പോള്‍ ഇന്ത്യയില്‍ പലപ്പോഴും അത് ഒരു കുറ്റമായി മാറുന്നു. എന്നാല്‍ ഇന്ത്യയില്‍ തന്നെ പ്രാദേശികവ്യത്യാസങ്ങള്‍ പ്രകടമാണ്. മുംബൈ പോലൊരു നഗരത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് കേരളത്തിലെ ഒരു നാട്ടുമ്പുറം. പൊതുസ്ഥലത്തെ സ്നേഹപ്രകടനങ്ങള്‍ എങ്ങനെ കുറ്റമാകും എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക എളുപ്പമല്ല. ആദ്യം പറഞ്ഞതു പോലെ തന്നെ ഓരോ വ്യക്തിയുടേയും നാടിന്‍റേയും നാട്ടുകൂട്ടത്തിന്‍റേയും ശരിതെറ്റുകള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ നാം ജീവിക്കുന്ന, സഞ്ചരിക്കുന്ന നാടിന്‍റെ സംസ്കാരത്തെ ഹനിക്കാത്ത തരത്തില്‍ പെരുമാറാനാണ് ശ്രമിക്കേണ്ടത്. എന്നു കരുതി സ്വകാര്യതയിലേയ്ക്ക് കടന്നു കയറുന്ന സദാചാര പൊലീസുകാരെ അംഗീകരിക്കേണ്ടതില്ല. കണ്ടുനില്‍ക്കുന്നവര്‍ക്ക് അരോചകം എന്നു തോന്നുന്ന തരത്തിലുള്ള സ്നേഹപ്രകടനങ്ങള്‍ ഏതു നാട്ടിലാണെങ്കിലും ഒഴിവാക്കേണ്ടതാണ്. തീര്‍ത്തും അപരിചിതരായ വ്യക്തികളുമായി ഇടപഴകുമ്പോള്‍ മാന്യമായ അകലം പാലിക്കാനും ശ്രദ്ധിക്കണം. എല്ലാത്തിനുമൊടുവില്‍ ഒരു വ്യക്തി ഏതുതരത്തില്‍ പെരുമാറണം എന്ന് തീരുമാനിക്കേണ്ടത് അയാള്‍ തന്നെയാണ്. പൊതുസ്ഥലങ്ങളിലെ സ്നേഹപ്രകടനങ്ങളുടെ അതിര്‍വരമ്പ് നിശ്ചയിക്കേണ്ട ഉത്തരവാദിത്തവും അയാള്‍ക്കു തന്നെ. 

 

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • കുട്ടികൾ കെട്ടിപ്പിടിച്ചാൽ...

  Our Article published in Our KIDS Magazine-March 2018

  Read More

 • അവർ ക്രിമിനലുകളല്ല

  (Our Article published in Our KIDS Magazine-February 2018)

  Read More

 • ബന്ധുക്കൾ തലവേദനയാകുമ്പോൾ

  Our Article published in Aarogyamangalam Magazine-February 2018

  Read More

 • കലഹം വേണ്ട കൗമാരത്തോട്

  Our Article published in Our KIDS Magazine-January 2017

  Read More