മക്കളെ അറിയാം സുഹൃത്താകാം...

01 December, 2015 ((Our Article published in Manorama Arogyam Magazine - December 2015))

കൗമാരക്കാരായ മക്കള്‍ അകലുന്നതായി തോന്നുന്നുണ്ടോ? കൗമാരത്തെ കൈകാര്യം ചെയ്യാന്‍ ആവശ്യം അറിയേണ്ട നിര്‍ദ്ദേശങ്ങള്‍. ആധുനിക ലോകത്ത് കുടുംബബന്ധങ്ങളിലുണ്ടാകുന്ന വിളളലുകള്‍ പലതരത്തിലാണ്. അടുത്തിടെ മന:സംഘര്‍ഷങ്ങളില്‍ പെട്ട് ആത്മഹത്യയുടെ വക്കിലെത്തുന്ന ദമ്പതിമാരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയുമൊക്കെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് അതിനു തെളിവാണ്. വിള്ളല്‍ വീണ ബന്ധവുമായി മന:ശാസ്ത്രജ്ഞരുടെയും കൗണ്‍സലര്‍മാരുടെയും പക്കല്‍ ഉപദേശം തേടിയെത്തുന്നവരില്‍ പ്രധാനപ്പെട്ടൊരു വിഭാഗം അച്ഛനമ്മമാരും മക്കളുമാണ്. ഒരല്‍പം ശ്രദ്ധിച്ചാല്‍ നേരെയാകാവുന്നതും ശ്രദ്ധ നല്‍കിയില്ലെങ്കില്‍ കുട്ടികളുടെ ഭാവിതന്നെ ഇരുളിലാകാവുന്നതുമായൊരു വിഷയമാണിത്.

രജനിയുടെ കഥ മറ്റു പലരുടെയും

രജനിയുടെ അച്ഛന്‍ ഗള്‍ഫിലാണ്. സാമ്പത്തികമായി മോശമല്ലാത്ത ചുറ്റുപാടുകള്‍. പത്താം ക്ലാസില്‍ നല്ല മാര്‍ക്ക് വാങ്ങിയപ്പോള്‍ സമ്മാനമായി അച്ഛന്‍ രജനിക്കു നല്‍കിയത് ഒരു ആന്‍ഡ്രോയ്ഡ് ഫോണായിരുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളും അമ്മയും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുക്കാന്‍ തുടങ്ങി. അമ്മയുമായി അതുവരെ എല്ലാ കാര്യങ്ങളും പങ്കുവച്ചിരുന്ന അവള്‍ ക്രമേണ അമ്മയോട് ഒന്നും സംസാരിക്കാതെയായി. അമ്മയുടെ ഭാഷയില്‍, അവള്‍ അമ്മയെ വെറുക്കാന്‍ തുടങ്ങി.

ലോകം അവളുടെ ഫോണിലേക്ക് ചുരുങ്ങി. അമ്മ എന്തു പറഞ്ഞാലും അതിനെ അവള്‍ അവഗണിച്ചു. ഏറെ വൈകുവോളം ഫോണുമായി കഴിച്ചുകൂട്ടി. രജനി അമ്മയുടെ ശാസനകളെ തൃണവല്‍ഗണിക്കുകയും അവരോടു കയര്‍ത്തു സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു. അമ്മ തിരികെ കൂടുതല്‍ കര്‍ക്കശക്കാരിയായി. അങ്ങനെ ആ ബന്ധം ഒരുപാടു വഷളായ അവസ്ഥയിലെത്തി.

ഒരു ശരാശരി വീട്ടമ്മയാണു രജനിയുടെ അമ്മ. മകളുടെ മാറ്റം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. അതിനുള്ള കാരണം കണ്ടെത്തുന്നതിനും കഴിഞ്ഞില്ല. അടുത്ത ബന്ധുക്കളുടെയും മറ്റും ഉപദേശങ്ങളും മകള്‍ നന്നാകാന്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണം എന്ന വിശ്വാസവും ഈ അമ്മയെ മകളോടു പരുഷമായി പെരുമാറാന്‍ പ്രേരിപ്പിച്ചു പലതവണ അമ്മയും മകളുമായി പ്രത്യേകം പ്രത്യേകമായും പിന്നീട് ഒരുമിച്ചിരുത്തിയും സംസാരിച്ചശേഷമാണ് അമ്മയും മകളുമായുള്ള ബന്ധം പഴയപടി തിരിച്ചുകൊണ്ടുവരാനായത്. ഇടപെടല്‍ പക്വമാകണം

കൗമാരപ്രായത്തില്‍ ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവരില്‍ ഒരു സ്വതന്ത്രചിന്ത രൂപപ്പെടാം. അതിനെ ഗുണപരമായി കാണുകയും ഒരല്‍പം വിവേകത്തോടെ ആ പ്രശ്നത്തെ നേരിടുകയും ചെയ്താല്‍ സ്ഥിതി മോശമാകാതെ സൂക്ഷിക്കാന്‍ കഴിയും.

കൗമാരപ്രായത്തിലുള്ള മകന്‍ അഥവാ മകള്‍ തങ്ങളെ പൂര്‍ണമായും നിരാകരിക്കുന്നു. വെറുക്കുന്നു എന്നൊക്കെ മാതാപിതാക്കള്‍ക്കുണ്ടാകുന്ന തോന്നല്‍ സത്യത്തില്‍ ഒരു പിശകാണ്. കാരണം മാതാപിതാക്കളെ എല്ലാ അര്‍ഥത്തിലും തങ്ങള്‍ക്ക് ആവശ്യമാണ് എന്ന തോന്നല്‍ കുട്ടികളില്‍ ഇല്ലാതാകുന്നില്ല. അവര്‍ സമ്മതിച്ചുതരില്ലെന്നു മാത്രം അതു സമ്മതിച്ചുതരണമെന്ന് മാതാപിതാക്കള്‍ വാശിപിടിക്കരുത്.

മക്കള്‍ തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണം. എന്നൊരു ചൊല്ല് നാമൊക്കെ കേട്ടിട്ടുണ്ടാവും. മക്കളോട് അവര്‍ക്ക് സന്തോഷമുണ്ടാകുന്ന തരത്തില്‍ അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന വിധത്തില്‍ സംസാരിക്കണം. അവരെ നാം അംഗീകരിക്കുന്നതായി ഒരു തോന്നല്‍ അവരിലുണ്ടായാല്‍ വഴിതിരിഞ്ഞു പോകാനുള്ള പ്രവണതയില്‍ നിന്നും ഒരു പരിധിവരെ രക്ഷപ്പെടുത്താന്‍ നമുക്കാവും. എന്തുതന്നെ സംഭവിച്ചാലും നമ്മള്‍ അവരുടെ കൂടെയുണ്ട് എന്ന ചിന്ത അവരില്‍ ഉണ്ടാകുന്ന തരത്തില്‍ വേണം പെരുമാറാന്‍. മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും

ആധുനിക വാര്‍ത്താവിനിമയ ഉപാധിയായ മൊബൈല്‍ ഫോണുകളും ഇന്‍റര്‍നെറ്റുമൊക്കെ ഒരര്‍ഥത്തില്‍ കൗമാരക്കാരുടെ ആശയവിനിമയത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. കാരണം യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെയകലെയുള്ള ഇന്‍റര്‍നെറ്റ് ബന്ധങ്ങളില്‍ കുടുങ്ങിപ്പോകാനുള്ള സാധ്യത കൗമാരക്കാരില്‍ ഏറെയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സൗഹൃദങ്ങള്‍ക്ക് ഇവര്‍ ആവശ്യത്തിലേറെ വില നല്‍കുന്നു. യഥാര്‍ഥ ജീവിതത്തില്‍ നിന്നും അകന്നുപോകുന്ന ഇത്തരം ബന്ധങ്ങളിലും അമിതാശ്രയത്തിലും ഇടപെടണം.

ഇവയുടെ ഉപയോഗം നിയന്ത്രണാതീതമാകുന്നതിനു മുമ്പ് നമുക്കു വരുത്താവുന്ന ചില നിയന്ത്രണങ്ങളുണ്ട്. ഭക്ഷണസമയത്ത് ഇവ ഉപയോഗിക്കരുതെന്ന് സ്നേഹബുദ്ധ്യാ നിഷ്കര്‍ഷിക്കാം. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഇന്‍റര്‍നെറ്റും ചാറ്റിങ്ങുമൊക്കെ ഒഴിവാക്കാന്‍ പറയാം. അത് നല്ല ഉറക്കത്തിനും അടുത്ത പ്രഭാതത്തിലെ നല്ല ഉണര്‍വിനും സഹായിക്കും.

കുട്ടികളോടൊപ്പം അവരുടെ ഭാഗമായിനിന്ന് ഫെയ്സ്ബുക്കുപോലെയുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഒരുമിച്ച് ഉപയോഗിക്കാം. അവരറിയാത്ത രഹസ്യങ്ങള്‍ മാതാപിതാക്കള്‍ക്കില്ല എന്ന തോന്നല്‍ അവരിലുണ്ടായാല്‍ അവരും മാതാപിതാക്കളില്‍ നിന്നും രഹസ്യങ്ങള്‍ ഒളിക്കാന്‍ ശ്രമിക്കില്ല. ചുരുക്കത്തില്‍ അച്ഛനമ്മമാര്‍ കുട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്തായി മാറിയാല്‍ അവര്‍ വഴിതെറ്റാനുള്ള സാധയത ഒരുപാടു കുറയും.

സൗഹൃദ സ്വാധീനങ്ങള്‍

കുട്ടികളുടെ വസ്ത്രധാരണ രീതിയും ഒരുക്കങ്ങളുമൊന്നും ഒരുപക്ഷേ മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെടുംവിധമാകണമെന്നില്ല. വേഷവിധാനങ്ങള്‍ കാലികപ്രവണതകള്‍ക്കനുസരിച്ചു മാറാമെന്ന ബോധ്യം മാതാപിതാക്കള്‍ക്കുണ്ടാകണം. കൗമാരക്കാര്‍ സൗഹൃദങ്ങളില്‍ ആഴം കണ്ടെത്താന്‍ തുടങ്ങുന്നവരാണ്. അവരുടെ ചിന്തകളും പ്രവണതകളുമൊക്കെ സൗഹാര്‍ദങ്ങളിലൂന്നിയവയായിരിക്കും. ഒരു തരത്തിലും യോജിക്കാത്ത ശീലങ്ങളുടെ ദൂഷ്യവശങ്ങള്‍ സ്നേഹത്തോടുകൂടി പറഞ്ഞു ബോധ്യപ്പെടുത്താം. അവരുടെ താല്‍പര്യങ്ങളെ നിശിതരായി ഖണ്ഡിക്കുന്നതു ഗുണത്തെക്കാളേറെ ദോഷകരമാകും. ചില സൗഹൃദങ്ങള്‍ കുഴപ്പം പിടിച്ചതാകാം. അതിനാല്‍ കുട്ടികളുടെ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരിക്കണം. അവരുടെ വിദ്യാലയവുമായും അധ്യാപകരുമായും സജീവബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയണം.

വികാരപ്രക്ഷോഭങ്ങള്‍

ചില നിസ്സാര കാര്യങ്ങളില്‍ പോലും കുട്ടികള്‍ വല്ലാതെ പ്രകോപിതരാകാറുണ്ട്. വെട്ടാന്‍ പോകുന്ന പോത്തിന്‍റെ കാതില്‍ വേദമോതിയിട്ടു കാര്യമില്ലെന്നതുപോലെ അവരെ ആ സമയത്ത് ഉപദേശിച്ചിട്ടോ വഴക്കു പറഞ്ഞിട്ടോ അടിച്ചിട്ടോ ഒന്നും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. മാത്രമല്ല അപ്പോള്‍ തിരിച്ചും രൂക്ഷമായി പ്രതികരിച്ചാല്‍ ഗുണത്തെക്കാളേറെ ദോഷമേ ഉണ്ടാവുകയുള്ളൂ. അതിനാല്‍ അവര്‍ക്കു പറയാനുള്ളത് ശാന്തമായി കേള്‍ക്കുകയും വിവേകത്തോടെ പ്രതികരിക്കുകയും വേണം. കുട്ടികളില്‍ ഇത്തരം പ്രക്ഷുബ്ധ പ്രതികരണങ്ങള്‍ സ്ഥിരമാകുകയാണെങ്കില്‍ ഒരു കൗണ്‍സലറുടെ ഉപദേശം തേടാം.

നിസ്സാരവല്‍ക്കരിക്കരുത്

കുട്ടികളുടെ പ്രശ്നങ്ങളെ മാതാപിതാക്കള്‍ നിസ്സാരവല്‍ക്കരിച്ചു കാണുന്നതും ഒരു വിഷയമാണ്. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ നിലപാടുകളെ തെറ്റിദ്ധരിക്കുകയും പിന്നീട് കാര്യങ്ങള്‍ തുറന്നുപറയാതിരിക്കുകയും ചെയ്യും. കുട്ടികള്‍ പറയുന്നതിനു കാതുകൊടുക്കണം. ചെറിയതെന്നു നമുക്കു തോന്നാവുന്ന കാര്യങ്ങള്‍ക്കുപോലും പരിഹാരം നിര്‍ദ്ദേശിച്ച് അവരോടൊപ്പം ചിന്തിക്കുന്നത് അവര്‍ക്ക് ആശ്വാസം നല്‍കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും.

ലൈംഗിക വിദ്യാഭ്യാസം

കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൗമാരപ്രായത്തിലേക്കു കടക്കുമ്പോള്‍ തന്നെ അവര്‍ക്ക് ലൈംഗികത സംബന്ധിച്ച പ്രാഥമിക കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക ആണ്‍കുട്ടികളെ സംബന്ധിച്ച് അവരുടെ ശാരീരികമാറ്റങ്ങള്‍, ശാരീരിക വളര്‍ച്ച, അതാതു പ്രായത്തില്‍ തോന്നാവുന്ന ലൈംഗിക ചിന്തകള്‍, അവയ്ക്കു പരിധി നിശ്ചയിക്കേണ്ട ആവശ്യകത തുടങ്ങിയവ ബോധ്യപ്പെടുത്താന്‍ പിതാവിനു കഴിയും. പെണ്‍കുട്ടികളെ സംബന്ധിച്ച് അവരുടെ ശാരീരിക വളര്‍ച്ച, ആര്‍ത്തവം, ശാരീരിക ശുചിത്വം, മറ്റുള്ളവരോട് ഇടപെടുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മത, സ്വന്തം ശരീരം സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം തുടങ്ങിയവ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ മാതാവാണ് അനുയോജ്യം. മോശമായി പെരുമാറുന്നവരോട് നോ പറയാനും പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതിന്‍റെ ഉത്തരവാദിത്വവും അമ്മയ്ക്കാണ്. ലൈംഗിക പീഡനവും പെണ്‍വാണിഭവും പോലുള്ള വാര്‍ത്തകള്‍ ദിവസവും പത്രങ്ങളില്‍ കാണുന്നതിനാല്‍ കുട്ടികളുടെ മനസ്സില്‍ സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും തെറ്റുകളും അപകടങ്ങളും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തണം. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചാല്‍ പിന്നീട് മറ്റ് സ്രോതസ്സുകളില്‍ നിന്ന് തെറ്റായ വിവരങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുകയും അവ മനസ്സില്‍ തറയുകയും ചെയ്യും.

അധ്യാപകരും കടമയും

കുട്ടികളുടെ മൂല്യബോധവും സ്വഭാവരൂപീകരണവും അധ്യാപകരുടെ ഇടപെടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ കുട്ടികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കു നിര്‍ണായക പങ്കുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട പൊതുവായ നിരവധി കാര്യങ്ങള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാനും അധ്യാപകര്‍ക്കു കഴിയും. കുട്ടികള്‍ക്കാണെങ്കില്‍ മാതാപിതാക്കളുമായി സംസാരിക്കുമ്പോള്‍ തോന്നിയേക്കാവുന്ന ജാള്യത അധ്യാപകരോട് ഉണ്ടാകാനും ഇടയില്ല.

കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ആദ്യം മനസ്സിലാക്കാന്‍ കഴിയുക അധ്യാപകര്‍ക്കാണ്. കാരണം മാനസിക വിഷമങ്ങള്‍ കുട്ടിയുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും സാമാന്യം നന്നായി പഠിക്കുന്ന കുട്ടിക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയുക, ക്ലാസില്‍ ശ്രദ്ധിക്കാതാകുക, മൗനിയാകുക തുടങ്ങിയവ അദ്ധ്യാപകര്‍ക്കു പെട്ടെന്നു മനസ്സിലാക്കുവാന്‍ കഴിയും. അങ്ങനെയുള്ളപ്പോള്‍ കുട്ടിയുമായി തുറന്നു സംസാരിച്ച് പ്രശ്നം കണ്ടെത്തണം. വീട്ടുകാരെ അറിയിക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യണം. കുടുംബം സ്വര്‍ഗമാകട്ടെ!

വീട്ടില്‍ സ്നേഹം ലഭിക്കുന്നില്ല എന്നു തോന്നുന്ന കുട്ടികള്‍ പുറമെ സ്നേഹം തേടിപ്പോകാനും അപകടങ്ങളില്‍ അകപ്പെടാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. കുടുംബത്തില്‍ സ്നേഹമലരുകള്‍ വിരിഞ്ഞാല്‍ ഒരു കാരണവശാലും നമ്മുടെ കുട്ടികള്‍ നമ്മെ മറന്നൊന്നും ചെയ്യില്ല. മാതാപിതാക്കളെ സുഹൃത്തുക്കളായി കരുതുകയും ചെയ്യും.

Click here to view/download the original article.

സന്ധ്യാറാണി.എല്‍

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More