18 February, 2016 (Our Article published in Mathrubhumi Arogyamasika - March 2016)
സ്മാര്‍ട്ടായി പരീക്ഷയെ നേരിടാനും മികച്ച വിജയം നേടാനും അറിയേണ്ട കാര്യങ്ങള്‍
പരീക്ഷയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടത്താനുള്ള സമയമാണിത്. എന്നാല്‍ പലപ്പോഴും പലരും ആദ്യപാഠം മുതല്‍ പഠിച്ചു തുടങ്ങുന്നത് ഇപ്പോഴായിരിക്കും. ചുരുങ്ങിയ സമയം കൊണ്ട് ഇതെല്ലാം എങ്ങനെ പഠിച്ചു തീര്‍ക്കും എന്ന ചിന്തയാണ് മാനസികപിരിമുറുക്കം ഉണ്ടാകാനുള്ള പ്രധാന കാരണം. നഷ്ടപ്പെടുത്തിയ സമയത്തെ കുറിച്ചോര്‍ത്ത് വിലപിച്ചിട്ട് കാര്യമില്ല. ഉള്ള സമയം കൊണ്ട് എത്ര നന്നായി പഠിക്കാന്‍ കഴിയുമെന്നാണ് ഇനി ചിന്തിക്കേണ്ടത്. അതിന് വ്യക്തമായൊരു പ്ലാനിങ് കൂടിയേ തീരൂ.
പ്ലാന്‍ ചെയ്ത് പഠിക്കാം
ആദ്യം തന്നെ ഒരു പട്ടിക ഉണ്ടാക്കാം. ഓരോ വിഷയത്തിലും നിങ്ങള്‍ക്ക് ഇനിയും പഠിച്ചു തീര്‍ക്കാനുള്ള പാഠങ്ങള്‍ പട്ടികയുടെ ആദ്യ ഭാഗത്ത് എഴുതാം. മറുഭാഗത്ത് റിവിഷന്‍ നടത്തേണ്ടവയും. പട്ടികയുടെ ആദ്യഭാഗം വലുതാണെങ്കില്‍ ഈ അവസാനമണിക്കൂറില്‍ അതു മുഴുവന്‍ പഠിച്ചു തീര്‍ക്കാന്‍ സമയം തികയാതെ വരും. അതിനാല്‍ ഈ സമയത്ത് പഠിക്കാന്‍ ബാക്കിങ്ങളില്‍ ചോദ്യങ്ങള്‍ വരാന്‍ ഏറ്റവും സാധ്യതയേറിയത് കണ്ടെത്തുക. ഭാഗങ്ങള്‍ ആദ്യം തന്നെ വ്യക്തമായി പഠിക്കുക. ഈ സമയത്ത് റിവിഷന് സഹായിക്കും വിധം ചെറിയ കുറിപ്പുകള്‍ ഉണ്ടാക്കണം. ഇതിന് ശേഷം പട്ടികയുടെ മറുഭാഗത്തുളള പാഠഭാഗങ്ങള്‍ റിവിഷന്‍ നടത്തുക. ഇനിയും സമയം ബാക്കിയുണ്ടെങ്കില്‍ മാത്രമേ താരതമ്യേന പ്രാധാന്യം കുറഞ്ഞതെന്ന് വിലയിരുത്തി വിട്ടുകളഞ്ഞ പാഠഭാഗങ്ങളിലേയ്ക്കു പോകാവൂ. വിട്ടുകളഞ്ഞ പാഠഭാഗങ്ങളെ തന്നെ വീണ്ടും പ്രാധാന്യം അനുസരിച്ച് തിരിച്ച ശേഷം മുന്‍ഗണനാക്രമത്തില്‍ പഠിക്കാന്‍ ശ്രമിക്കുക. പട്ടിക തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് പഠിച്ചുതീര്‍ക്കാന്‍ വേണ്ടിവരുന്ന ഏകദേശം സമയവും കണക്കാക്കിയാല്‍ കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാകും.
വേണ്ടത് സ്മാര്‍ട്ട് വര്‍ക്ക്
പരീക്ഷാക്കാലമായാല്‍ പുസ്തകത്തിനു മുന്നില്‍ എപ്പോഴും ചടഞ്ഞു കൂടിയിരിക്കുന്ന ചിലരുണ്ട്. മിക്കപ്പോഴും രക്ഷിതാക്കളെ പേടിച്ചാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. ഇവര്‍ എപ്പോഴും വായിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഒന്നിലും ശ്രദ്ധനില്‍ക്കുന്നുണ്ടാകില്ല. ഇത്തരം വായന കൊണ്ട് കാര്യമില്ല. ഹാഡ് വര്‍ക്കല്ല സ്മാര്‍ട്ട് വര്‍ക്കാണ് ആവശ്യം. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പാഠഭാഗങ്ങള്‍ എങ്ങനെ പഠിച്ചെടുക്കാമെന്നാണ് ചിന്തിക്കേണ്ടത്. വിജയത്തിന് കുറുക്കു വഴികളില്ലെങ്കിലും പഠനത്തില്‍ എളുപ്പവഴികള്‍ ഉണ്ട്. കണക്കിലെ സമവാക്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാല്‍ രസകരമായ ചുരുക്കപ്പേരുകള്‍ ഉണ്ടാക്കുന്നതിലൂടെ കഴിയും. വലിയ പാഠഭാഗങ്ങളിലെ പ്രധാന പോയിന്‍റുകള്‍ ക്രമത്തില്‍ നോട്ടില്‍ കുറിച്ചിടുന്നത് അവ മനസ്സില്‍ തങ്ങി നില്‍ക്കാന്‍ സഹായിക്കും. പഠിക്കാനിരിക്കുമ്പോള്‍ പാഠഭാഗങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക. മനസ്സ് പലവഴിക്ക് പോകുന്നുവെന്ന് തോന്നിയാല്‍ അല്പസമയം നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുക, പഠിച്ച ശേഷം പുസ്തകം അടച്ചു വച്ച് വായിച്ച ഭാഗങ്ങള്‍ മനസ്സില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഓര്‍മ്മയില്‍ വരുന്ന പ്രധാന പോയിന്‍റുകള്‍ ഒരു നോട്ടില്‍ കുറിച്ചിടുക.
പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കാം
പരീക്ഷകള്‍ ഒരു വിലയിരുത്തലാണ്. ഒരു വര്‍ഷം കൊണ്ട് നിങ്ങള്‍ എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കി എന്നു തെളിയിക്കാനുള്ള ഒരു വേദി. ആ രീതിയിലാണ് പരീക്ഷകളെ സമീപിക്കേണ്ടത്. പരീക്ഷയെ നിങ്ങള്‍ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്‍റെ ഫലവും. ടെന്‍ഷന്‍ തുടച്ചു നീക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഠനത്തിന്‍റെ ഓരോ ഘട്ടത്തിലും എന്നെക്കൊണ്ട് ഇത് സാധിക്കുമോ, പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടുമോ, വിജയിക്കുമോ തുടങ്ങി പല ആശങ്കകളും മനസ്സില്‍ ഉടലെടുത്തേക്കാം. എന്നാല്‍ ഇങ്ങനെ സംശയിച്ച് വഴിയില്‍ നില്‍ക്കാനുള്ള സമയമല്ല ഇത്. കഴിയും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ടു തന്നെ മുന്നോട്ടു പോകുക. ലഭിക്കുന്ന സമയം പൂര്‍ണ്ണമായും പഠിക്കാന്‍ പ്രയോജനപ്പെടുത്തുക. പഠിച്ചത് മറക്കുമോ, തോല്‍ക്കുമോ തുടങ്ങിയ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുക. ദിവസത്തില്‍ അല്പസമയം പ്രാര്‍ത്ഥന, ധ്യാനം അല്ലെങ്കില്‍ യോഗ എന്നിവയ്ക്ക് നീക്കി വയ്ക്കുക. പഠിക്കുന്ന സമയങ്ങളില്‍ മാനസിക പിരിമുറുക്കം കൂട്ടുന്ന നെഗറ്റീവ് ചിന്തകള്‍ വന്നാല്‍ അത് ഒരു കടലാസില്‍ എഴുതിവയ്ക്കുക. തോല്‍ക്കുമെന്ന് എന്ന് മനസ്സ് പറയുമ്പോള്‍ ഞാന്‍ കൂടുതല്‍ പഠിക്കുമെന്ന ചിന്ത കൊണ്ട് അതിനെ വെട്ടിയെഴുതുക. ടെന്‍ഷന്‍ ഒഴിവാക്കാനും ആത്മവിശ്വാസം കൂട്ടാനും ഇത് സഹായിക്കും. ടെന്‍ഷന്‍ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നുമെന്ന് തോന്നിയാല്‍ രക്ഷിതാക്കളോടോ ഏറ്റവും അടുത്ത അദ്ധ്യാപകരോടോ സുഹൃത്തുക്കളോടോ സ്കൂള്‍ കൗണ്‍സിലറോടോ ഇക്കാര്യം പങ്കുവയ്ക്കുക. ഉയര്‍ന്ന മാര്‍ക്കു നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്നെ ഒന്നിനു കൊള്ളില്ല എന്നു ചിന്തിക്കുന്ന കുട്ടികളുണ്ട്. ഞാന്‍ ജയിച്ചില്ലെങ്കില്‍ വീട്ടുകാര്‍ക്ക് എന്നോടുള്ള പരിഗണനയെല്ലാം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നവരുണ്ട്. പരീക്ഷയെ നന്നായി നേരിടാന്‍ ആദ്യം സ്വന്തം കഴിവില്‍ വിശ്വസിക്കണം. എല്ലാം പഠിക്കണം, മുഴുവന്‍ മാര്‍ക്കും നേടണം എന്നാകരുത് ചിന്തിക്കേണ്ടത്. എന്‍റെ പരമാവധി ഞാന്‍ നേടും, അതിനായി പരിശ്രമിക്കും എന്ന മനോഭാവം വളര്‍ത്തിയെടുക്കണം. പാഠഭാഗങ്ങള്‍ മനസ്സിലാകുന്നില്ലെങ്കില്‍ അതെ കുറിച്ചു ചിന്തിച്ച് മാനസികപിരിമുറുക്കം ഉണ്ടാക്കിയതു കൊണ്ട് കാര്യമില്ല. സുഹൃത്തുക്കളോടോ അധ്യാപകരോടോ ചോദിച്ച് മനസ്സിലാക്കുക. നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്ന തരത്തില്‍ സംസാരിക്കുന്ന സുഹൃത്തുക്കളെ ഒഴിവാക്കുക.
എഴുത്തിലാണ് കാര്യം
പേപ്പറില്‍ എന്ത് എഴുതിയിരിക്കുന്നു എന്നതു മാത്രമാണ് അവര്‍ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഉത്തരം വ്യക്തമായി എഴുതി ഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പഠിച്ചതെല്ലാം വെറുതെയാകും. അധ്യാപകര്‍ക്ക് വായിക്കാന്‍ കഴിയുന്ന രീതിയില്‍ കൃത്യമായ ഉത്തരം നല്‍കുക എന്നതാണ് പ്രധാനം. നിങ്ങളുടെ കയ്യക്ഷരം ചിലപ്പോള്‍ മോശമായിരിക്കാം. എന്നാല്‍ പോലും വരികള്‍ക്കിടയില്‍ കൃത്യമായ അകലം പാലിക്കാനും വായിക്കാന്‍ കഴിയുന്നത്ര വലിപ്പത്തില്‍ എഴുതാനും ശ്രദ്ധിക്കണം. പരീക്ഷാദിവസം കൃത്യസമയത്തിനും മുന്‍പ് ഹാളിലെത്താന്‍ ശ്രദ്ധിക്കുക. പരീക്ഷയെഴുതാന്‍ ആവശ്യമായതെല്ലാം തലേന്നു രാത്രി തന്നെ ബാഗില്‍ എടുത്തു വയ്ക്കുക. പരീക്ഷയ്ക്കെത്തുമ്പോള്‍ എന്തൊക്കെ പഠിച്ചിട്ടുണ്ട് എന്ന് പലരും കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുന്നത് കാണാറുണ്ട്. ഇത് മാനസിക പിരിമുറുക്കം കൂട്ടാന്‍ മാത്രമേ സഹായിക്കൂ. പരീക്ഷയ്ക്കെത്തിയാല്‍ കഴിയുന്നതും ഒറ്റയ്ക്കിരുന്ന് പഠിച്ച ഭാഗങ്ങള്‍ ഓര്‍ത്തെടുക്കുക. മനസ്സ് ശാന്തമായിരിക്കട്ടെ. ചോദ്യപേപ്പര്‍ കിട്ടിയാലുടന്‍ വാരിവലിച്ച് എഴുതി തുടങ്ങരുത്. ചോദ്യങ്ങളും നിര്‍ദേശങ്ങളും വ്യക്തമായി വായിക്കുക. എത്രയെണ്ണത്തിന് ഉത്തരം നല്‍കേണ്ടതുണ്ടെന്ന് ശ്രദ്ധിക്കുക. ശേഷം വ്യക്തമായി ഉത്തരം അറിയാവുന്ന ചോദ്യങ്ങള്‍ എഴുതി പൂര്‍ത്തിയാക്കാം. ചില ചോദ്യങ്ങളുടെ ഒന്നോ രണ്ടോ പോയിന്‍റുകള്‍ നിങ്ങള്‍ക്ക് അറിയാമായിരിക്കും. മുഴുവന്‍ അറിയില്ലെന്നു കരുതി അവ വിട്ടുകളയരുത്. നിങ്ങള്‍ക്ക് അറിയുന്നിടത്തോളം എഴുതുക. ശേഷിക്കുന്ന ചോദ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് ഏകദേശ ധാരണ ഉണ്ടായിരിക്കണം. അതിനനുസൃതമായി ഉത്തരം എഴുതുന്നതിന്‍റെ വേഗം കൂട്ടണം. പരീക്ഷാസമയം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുക. എഴുതിയ ഉത്തരങ്ങള്‍ വീണ്ടും വായിച്ചു നോക്കുക, എഴുതിയതെല്ലാം ശരിയാണോ എന്ന് പരിശോധിക്കുക പരീക്ഷ പൂര്‍ത്തിയാക്കി ഹാള്‍ വിട്ടിറങ്ങിയാല്‍ മറ്റു കുട്ടികളുമായി ഉത്തരങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇനിയുള്ള സമയം അടുത്ത ദിനത്തിലെ പരീക്ഷയ്ക്കു തയ്യാറെടുക്കുവാനുള്ളതാണ്.
രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍
* കുട്ടിയുടെ കഴിവിനെ അഭിനന്ദിക്കാന്‍ രക്ഷിതാക്കള്‍ പലപ്പോഴും പിശുക്കു കാണിക്കാറുണ്ട്. അഭിനന്ദിച്ചാല്‍ അവര്‍ ഉഴപ്പുമോ അഹങ്കരിക്കുമോ എന്നൊക്കെയാണ് രക്ഷിതാക്കളുടെ പേടി. ഇത് ശരിയല്ല. നിങ്ങളുടെ ചെറിയ പ്രോത്സാഹനം പോലും അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. നേട്ടങ്ങളില്‍ രക്ഷിതാക്കള്‍ കൂടെ നില്‍ക്കും എന്ന ചിന്ത അവരെ കൂടുതല്‍ നന്നായി പഠിക്കാന്‍ പ്രേരിപ്പിക്കും. അതിനാല്‍ കുട്ടിയുടെ ചെറിയ നേട്ടങ്ങളെ പോലും പ്രോത്സാഹിപ്പിക്കാന്‍ മടിക്കേണ്ട * നിങ്ങളുടെ കുട്ടിയെ മറ്റൊരാളുമായി താരതമ്യപ്പെടുത്തരുത്. ഇത് അവരില്‍ ദേഷ്യവും നിരാശയും സൃഷ്ടിക്കുകയും ആത്മവിശ്വാസം തകരാന്‍ ഇടയാക്കും. *പരീക്ഷാക്കാലമായാല്‍ കുട്ടിയ്ക്ക് ഇഷ്ടപ്പെട്ടത് എല്ലാം പൂര്‍ണ്ണമായി വിലക്കേണ്ട ആവശ്യമില്ല. പഠനത്തിന്‍റെ ഇടവേളകളില്‍ അല്പനേരം ഗെയിം കളിക്കാനും ടി.വി കാണാനുമെല്ലാം അനുവദിക്കാം. മനസ് റിലാക്സ് ആകാനും വീണ്ടും പഠനത്തില്‍ ശ്രദ്ധിക്കാനും ഇത്തരം ഇടവേളകള്‍ ആവശ്യമാണ്. * ഒരിക്കലും കുട്ടികളില്‍ അമിതപ്രതീക്ഷ അടിച്ചേല്‍പ്പിക്കരുത്. എത്തിപ്പെടാന്‍ പറ്റാത്തൊരു ലക്ഷ്യം നിങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് അറിഞ്ഞാല്‍ അത് കുട്ടിയുടെ മാനസികസമ്മര്‍ദ്ദം കൂട്ടും. പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും പരമാവധി നല്ല പ്രകടനം കാഴ്ച വക്കാന്‍ ആവശ്യപ്പെടുകയും മാത്രമേ ചെയ്യാവൂ. * സ്റ്റഡി ലീവ് സമയത്ത് പല രക്ഷിതാക്കളും ലീവെടുത്ത് വീട്ടിലിരുന്ന് കുട്ടിയെ പഠിപ്പിക്കാറുണ്ട്. കുട്ടിയ്ക്ക് പഠിക്കാന്‍ നിങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ ചെയ്യേണ്ടതുള്ളൂ. * പരീക്ഷാക്കാലത്ത് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം വിലക്കുക, മുറിയില്‍ പൂട്ടിയിടുക, പഠിക്കുന്നുണ്ടോ എന്ന് എപ്പോഴും നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. വീട്ടിലെ സാധാരണപോലെ തന്നെ അവരോട് പെരുമാറുക. പരീക്ഷ അടുക്കാറായതിനാല്‍ കൂടുതല്‍ സമയം പഠനത്തിനുവേണ്ടി ചെലവഴിക്കണമെന്ന് പറയാം. * പരീക്ഷയില്‍ നല്ല മാര്‍ക്കു മേടിച്ചാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും സമ്മാനമായി ഓഫര്‍ ചെയ്യാം. കുട്ടിയ്ക്ക് എത്തിപ്പെടാന്‍ കഴിയുന്ന ഒരു മാര്‍ക്കാവണം നിങ്ങള്‍ മുന്നോട്ടുവയ്ക്കേണ്ടത്. സമ്മാനവും അതുപോലെ തന്നെ അവര്‍ക്ക് നല്‍കുമെന്ന് ഉറപ്പുള്ളതാവണം. യാഥാര്‍ത്ഥ്യബോധത്തോടെയല്ലാത്ത സമ്മാനവാഗ്ദാനങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞേക്കാം. * ചെറിയ തോതിലുള്ള മാനസികപിരിമുറുക്കം എല്ലാവരിലും സാധാരണമാണെങ്കിലും പരിധി വിടുന്നുവെന്ന് തോന്നിയാല്‍ അതെ പറ്റി അവരോട് സംസാരിക്കാം. ആവശ്യമെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടാം. വഴക്കു പറയുന്നതും ഒഴിവാക്കുക.
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services