കുട്ടികൾക്ക് വേണ്ടത് അമിതാശ്രയമല്ല; ആത്മവിശ്വാസമാണ് ...

05 October, 2018 (Our Article published in Our KIDS Magazine-October 2018)

" അശോക്-ദീപ ദമ്പതികളുടെ ഏകമകനാണ് അഭിനന്ദ്. രണ്ടാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയും ജോലിക്കാരായതിനാല്‍ അമ്മമ്മയാണ് അവന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്തിടെ അവര്‍ കുടുംബവീട്ടില്‍ നിന്ന് നഗരത്തില്‍ പുതുതായി വാങ്ങിയ ഫ്ളാറ്റിലേയ്ക്ക് താമസം മാറി. അമ്മമ്മയും ഒപ്പം വരണമെന്ന് കുട്ടി വാശിപിടിച്ചു. അതെ തുടര്‍ന്ന് കുറച്ചു ദിവസം അവര്‍ ഫ്ളാറ്റില്‍ വന്ന് താമസിച്ചെങ്കിലും വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ മടങ്ങിപ്പോയി. ദിവസങ്ങള്‍ കഴിയുമ്പോള്‍ കുട്ടിയുടെ വാശി കുറയുമെന്നും കാര്യങ്ങള്‍ നേരെയാകുമെന്നുമായിരുന്നു അച്ഛനമ്മമാര്‍ കരുതിയത്. എന്നാല്‍ കുട്ടി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരിക്കുകയും രാത്രി ഉറക്കത്തിലും അമ്മമ്മയെ വിളിച്ചു കരയുകയുമാണ് ഉണ്ടായത്. ആരോഗ്യം മോശമാകുകയും പനിപിടിപെടുകയും ചെയ്തതോടെ അവര്‍ കുട്ടിയെ തിരികെ കുടുംബവീട്ടില്‍ എത്തിച്ചു. അമ്മമ്മയ്ക്ക് കുട്ടിയോടൊപ്പം സ്ഥിരമായി താമസിക്കാന്‍ കഴിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ ഇനിയെന്തു ചെയ്യണമെന്നാണ് അധ്യാപകദമ്പതികളായ അശോകിന്‍റേയും ദീപയുടേയും ചോദ്യം." ഒരൊറ്റ ദിവസം കൊണ്ട് കുട്ടിയെ അമ്മമ്മയില്‍ നിന്നും അടര്‍ത്തി മാറ്റാനാണ് ഇവിടെ അച്ഛനമ്മമാര്‍ ശ്രമിച്ചത്. അത് ഒരിക്കലും സാധ്യമല്ല. ഇതുവരെ ലഭിച്ചിരുന്ന കരുതലും സ്നേഹവും പെെ ട്ടന്നൊരു ദിനം നഷ്ടപ്പെടുമ്പോള്‍ കുട്ടി മാനസികമായി തകര്‍ന്നു പോകും. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ കൂടുതല്‍ സമയം ചെലവിടാനാണ് മുതര്‍ന്നവരെ പോലെ തന്നെ കുട്ടിയും ആഗ്രഹിക്കുക. എന്നാല്‍ ഏതെങ്കിലുമൊരു വ്യക്തിയോട് അവര്‍ അമിതമായ അടുപ്പം കാണിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇവിടെയാണ് അഭിനന്ദിന്‍റെ അച്ഛനമ്മമാര്‍ പരാജയപ്പെട്ടത്. കുട്ടിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ അമ്മമ്മയെ ഏല്‍്പ്പിച്ചു. എന്തിനും ഏതിനും അമ്മമ്മ ഒപ്പം വേണമെന്ന വാശി അംഗീകരിച്ചു കൊടുത്തു. കുട്ടി പിരിയാന്‍ കഴിയാത്തവിധം അവരുമായി അടുത്തപ്പോള്‍ അവന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ പെട്ടെന്നൊരു ദിവസം വീടുമാറി. ഏതൊരു കുട്ടിയിലും മാനസികപിരിമുറുക്കം സൃഷ്ടിക്കാവുന്ന കാര്യങ്ങളാണ് ഇവ. പകരം അച്ഛനമ്മമാര്‍ കുട്ടിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വീടുമാറേണ്ട കാര്യം പതിയെ അവനെ പറഞ്ഞു മനസ്സിലാക്കുകയുമായിരുന്നു വേണ്ടത്. ഒപ്പം ഒരു മുന്‍കരുതലെന്നവണ്ണം അമ്മമ്മയില്ലാതെ നിങ്ങള്‍ക്കൊപ്പം ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെയടുത്തോ താമസിക്കാന്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യാമായിരുന്നു. വീട്ടില്‍ നിന്ന് തീര്‍ത്തും അപരിചിതമായ മറ്റൊരു സാഹചര്യവുമായി പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്ന് പഠിക്കാനും കുട്ടിയ്ക്ക് ഇതിലൂടെ കഴിയുമായിരുന്നു. അല്പം താമസിച്ചു പോയെങ്കിലും ഇനിയെങ്കിലും ഈ കാര്യങ്ങള്‍ ചെയ്താല്‍ പുതിയ വീട്ടിലേയ്ക്കു താമസം മാറ്റുന്നത് അത്ര പ്രയാസകരമാകില്ലെന്നാണ് അശോകിനോടും ദീപയോടും പറഞ്ഞത്.

കുട്ടികള്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേകവ്യക്തിയുമായുണ്ടാകുന്ന അടുപ്പം മിക്കപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കുട്ടിയ്ക്ക് അവരുമായി എത്രത്തോളം അടുപ്പം ഉണ്ടെന്നതിനനുസരിച്ചിരിക്കും അവരെ പിരിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. സ്നേഹവും കരുതലും നല്ലതാണെങ്കിലും ഒരു വ്യക്തിയുടെ അസാന്നിധ്യത്തില്‍ ജീവിക്കാനാകില്ല എന്ന തരത്തിലേയ്ക്ക് അടുപ്പം വളര്‍ന്നാല്‍ അത് അപകടമാണ്. 

എന്തുകൊണ്ട്?

അച്ഛനും അമ്മയും ജോലിസംബന്ധമായ തിരക്കുകളില്‍പ്പെടുകയും കുട്ടിയെ നോക്കാന്‍ വേണ്ടത്ര സമയം കിട്ടാതെ വരികയും ചെയ്യുമ്പോഴാണ് വീട്ടിലെ മുതിര്‍ന്നവരേയോ ജോലിക്കാരികളേയോ പരിചരണം ഏല്‍പ്പിക്കേണ്ടി വരുന്നത്. ഓര്‍മ്മ വച്ച കാലം മുതല്‍ തന്നെ പരിചരിച്ച വ്യക്തിയോട് കുട്ടിയ്ക്ക് അടുപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അച്ഛനമ്മമാര്‍ കുട്ടികള്‍ കുസൃതി കാണിച്ചാല്‍ വഴക്കു പറയുകയോ അടിക്കുകയോ ചെയ്യുമെങ്കിലും അതേസ്ഥാനത്ത് വീട്ടിലെ പ്രായമായവരാണ് കുട്ടിയെ നോക്കുന്നതെങ്കില്‍ അത്ര കാര്‍ക്കശ്യത്തോടെ പെരുമാറാറില്ല. പേരക്കുട്ടിയോടുള്ള വാത്സല്യത്തിന്‍റെ പുറത്ത് അവര്‍ കാണിക്കുന്ന ചെറുതോ വലുതോ ആയ തെറ്റുകള്‍ അവര്‍ കണ്ടില്ലെന്നു നടിക്കാം. അതുപോലെ തന്നെ കുട്ടി സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം കഴിപ്പിക്കും. എന്നാല്‍ ഒരു ജോലിക്കാരി കുട്ടിയെ ഇതുപോലെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കണമെന്നില്ല. തീരെ ചെറിയപ്രായത്തില്‍ എ  ന്താണ്  ശരി, തെറ്റ് എന്ന് തിരിച്ചറിയാനുള്ള വിവേകം കുട്ടികള്‍ക്കുണ്ടാകില്ല. അതിനാല്‍ എല്ലാ കാര്യങ്ങളിലും അവരുടെ ഇഷ്ടത്തിന് വഴങ്ങാത്ത മാതാപിതാക്കളേക്കാള്‍ അവര്‍ക്കിഷ്ടം എന്തിനും സ്വാതന്ത്ര്യം നല്‍കുന്ന വീട്ടിലെ മുതിര്‍ന്നവരേയും ജോലിക്കാരിയേയും ഒക്കെയാകും.  കുട്ടിയെ സംബന്ധിക്കുന്ന എല്ലാ ചുമതലകളും ഒരു വ്യക്തിയില്‍ നിക്ഷിപ്തമാകുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്നമാണിത്. 

സ്നേഹം ചൂഷണം ചെയ്യുമ്പോള്‍ 

വസ്തുവിറ്റ വകയില്‍ അമ്മമ്മയുടെ കൈവശം നല്ലൊരു തുകയുണ്ടെന്ന് എട്ടാം ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടി മനസ്സിലാക്കി. അവര്‍ക്ക് തന്നോടുള്ള വാത്സല്യം മുതലെടുത്ത് പല കാരണങ്ങള്‍ പറഞ്ഞ് കുട്ടി പണം വാങ്ങിക്കൊണ്ടിരുന്നു. ലഭിച്ച പണമത്രയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ പലതരം സാധനങ്ങള്‍ വാങ്ങാനായാണ് കുട്ടി ചെലവിട്ടിത്. അച്ഛനും അമ്മയും ഏറെ വൈകിയാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. ഇത്തരത്തില്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് തന്നോടുള്ള സ്നേഹം ചൂഷണം ചെയ്യുന്ന കുട്ടികളും ഉണ്ട്. ഇവിടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അച്ഛനമ്മമാര്‍ അറിയാതെ പണമാണ് നേടിയെടുത്തതെങ്കില്‍ തീരെ ചെറിയ കുട്ടികളും വീട്ടിലെ പ്രായമായവരെ കൂട്ടുപിടിച്ച് അവരുടെ പല ആവശ്യങ്ങളും നടത്തിയെടുക്കുന്നുണ്ട്. നാലു വയസ്സുകാരിയായ മകളെ എവിടെ കൊണ്ടുപോകണമെങ്കിലും അമ്മമ്മയും ഒപ്പം കൂട്ടണമെന്ന് ഒരമ്മ പറഞ്ഞതോര്‍ക്കുന്നു. വഴിയിലുള്ള കടയിലെ എന്ത് സാധനം ചൂണ്ടിക്കാണിച്ചാലും അമ്മമ്മ അത് അവള്‍ക്ക് വാങ്ങിച്ചു കൊടുക്കും, ഞങ്ങള്‍ക്കൊപ്പം വന്നാല്‍ അത് നടക്കില്ലെന്നറിയാം- അവര്‍ പറഞ്ഞു. ഇത്തരത്തില്‍ സ്നേഹക്കൂടുതല്‍ കൊണ്ട് പേരക്കുട്ടിയുടെ വേണ്ടതും വേണ്ടാത്തതുമായ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കുമ്പോള്‍ അത് കുട്ടിയെ കൂടുതല്‍ പിടിവാശിക്കാരാക്കി മാറ്റുമെന്ന് അവര്‍ ചിന്തിക്കുന്നതേയില്ല.

അറിയാം ഇടപെടാം

കുട്ടി കൂടുതല്‍ സമയവും ജോലിക്കാരിക്കൊപ്പമോ നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമോ ആണെങ്കിലും അവിടെ നടക്കുന്ന ഓരോ കാര്യവും അറിയാന്‍ ശ്രമിക്കണം. കുട്ടി സമയത്തിന് ഭക്ഷണം കഴിച്ചോ സ്കൂളില്‍ പോയോ പഠിക്കുന്നുണ്ടോ തുടങ്ങി അവരെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്. സമയക്കുറവ് മൂലം മറ്റൊരാളുടെ സഹായം തേടുകയാണെങ്കില്‍ പോലും ഇക്കാര്യങ്ങള്‍ കുട്ടിയോടോ അവരെ നോക്കുന്നവരോടോ ചോദിച്ചറിയണം. കുട്ടിയുമായി സംസാരിക്കാന്‍ പരമാവധി സമയം കണ്ടെത്തണം. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം. അമ്മ അല്ലെങ്കില്‍ അച്ഛന്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന തോന്നല്‍ കൂടുതല്‍ സംസാരിക്കാന്‍ അവരെ പ്രേരിപ്പിക്കും. അങ്ങനെ വരുമ്പോള്‍ വീട്ടില്‍ നടന്ന എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ അവര്‍ പറയും. എല്ലാം കേട്ടുകഴിഞ്ഞ ശേഷം അന്നു നടന്ന കാര്യങ്ങളില്‍ പാടില്ല എന്ന് നിങ്ങള്‍ക്കു തോന്നുന്ന കാര്യങ്ങള്‍ ഇനി ചെയ്യരുത് എന്ന് അവരോടു പറയാം. ഉദാഹരണത്തിന് കുട്ടി ചോറുകഴിക്കാന്‍ മടി കാണിച്ചപ്പോള്‍ പകരം എന്തെങ്കിലും ബേക്കറിപലഹാരങ്ങള്‍ കൊടുത്തുവെന്നിരിക്കട്ടേ. അങ്ങനെ ബേക്കറി സാധനങ്ങള്‍ കൊടുക്കരുതെന്ന് കുട്ടിയെ നോക്കുന്നവരോട് ആവശ്യപ്പെടാം. ഒപ്പം തന്നെ ചോറിനു പകരം പലഹാരങ്ങള്‍ കഴിച്ചാല്‍ ഇനിമുതല്‍ അതൊന്നും വാങ്ങിത്തരില്ലെന്ന് കുട്ടിയോടും പറയാം. കുട്ടിയെ ശാസിക്കുമ്പോള്‍ തന്നെ അത് അവരെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാകണം. മറിച്ച് പലഹാരങ്ങള്‍ കഴിച്ചുവെന്ന് പറഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കഠിനമായി ശാസിക്കുകയും ചെയ്താല്‍ അവര്‍ പിന്നീട് സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്ന് വരില്ല.

സ്വയം ചെയ്യാന്‍ പരിശീലിപ്പിക്കാം

ഓരോ പ്രായത്തിലും കുട്ടിയ്ക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ട്. ഇതു മനസ്സിലാക്കി അവരോട് തനിയെ ചെയ്യാന്‍ ആവശ്യപ്പെടാം. ആദ്യ ദിവസം തന്നെ അവര്‍ അത് കൃത്യമായി ചെയ്തുവെന്ന് വരില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അത് ചെയ്യാന്‍ അവര്‍ പഠിച്ചുകൊള്ളും. ഉദാഹരണത്തിന് ഒരു ദിവസത്തെ ടൈംടേബിള്‍ നോക്കി പുസ്തകങ്ങള്‍ ബാഗില്‍ അടുക്കിവയ്ക്കുന്നത് സ്കൂളില്‍ പുതുതായി ചേര്‍ന്ന ഒരു കുട്ടിയെ സംബന്ധിച്ച് പ്രയാസകരമായിരിക്കും. എന്നാല്‍ എല്ലാ ദിവസവും നിങ്ങള്‍ തന്നെ ബാഗില്‍ എല്ലാം ഒരുക്കി കൊടുത്താല്‍ അവര്‍ അക്കാര്യം ശ്രദ്ധിക്കുക പോലും ഇല്ല. അതിനാല്‍ ആദ്യ ദിവസങ്ങളില്‍ ബാഗ് ഒരുക്കുമ്പോള്‍ അവരേയും കൂടെ കൂട്ടാം. നാളെ തനിയെ ചെയ്യണമെന്ന് ആവശ്യപ്പെടാം. അവര്‍ എല്ലാം ബാഗില്‍ വച്ചതിനു ശേഷം എന്തെങ്കിലും മറന്നുവോ എന്ന് ആദ്യത്തെ ഒരാഴ്ച നിങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ പിന്നീട് അവര്‍ അത് കൃത്യമായി ചെയ്യുമെന്ന് ഉറപ്പാണ്. എല്ലാത്തിനും ഒരു വ്യക്തിയെ ആശ്രയിക്കുമ്പോഴാണ് ആ വ്യക്തിയോട് കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കുന്നത്. അവര്‍ ഇല്ലാതെ ഭക്ഷണം കഴിക്കില്ല, ഉറങ്ങില്ല-ഇത്തരം വാശികള്‍ കുട്ടികളില്‍ സാധാരണമാണ്. എന്നാല്‍ ചെറിയപ്രായത്തില്‍ തന്നെ ഇത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. അവരുടെ സാന്നിധ്യം ഇല്ലാത്ത സമയങ്ങള്‍ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യത്തേത്. കുട്ടിയും നിങ്ങളും തനിച്ചുള്ള യാത്രകളോ ആഘോഷങ്ങളോ പ്ലാന്‍ ചെയ്യാം. വരാന്‍ കുട്ടി വിസമ്മതിച്ചാലും യാത്രയിലേയോ ആഘോഷങ്ങളിലേയോ അവര്‍ക്കിഷ്ടമാകാന്‍ ഇടയുള്ള കാര്യങ്ങള്‍ പറഞ്ഞ് കൂടെ വരാന്‍ പ്രേരിപ്പിക്കാം. ബന്ധുവീടുകളിലോ അടുത്ത സുഹൃത്തുക്കളുടെ വീടുകളിലോ കുട്ടിയുമൊത്ത് താമസിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ എല്ലായ്പ്പോഴും ആ വ്യക്തി തനിക്കൊപ്പം ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം കുട്ടി പതിയെ അംഗീകരിക്കാന്‍ തുടങ്ങും. ഒപ്പം ഓരോ പ്രായത്തിലും അവര്‍ക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലാത്തപക്ഷം ചിറകിനടിയില്‍ ഒതുങ്ങിക്കൂടുന്ന പക്ഷിക്കുഞ്ഞുങ്ങളായി മാറും അവര്‍. 

പലകാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ ഏതെങ്കിലും ഒരു വ്യക്തിയോട് അമിതമായ അടുപ്പം പുലര്‍ത്തുന്നതായി കാണാം. ചെറുപ്രായത്തിലെ കുട്ടിയെ നോക്കിയവരോ അല്ലെങ്കില്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന വീട്ടിലെ മുതിര്‍ന്നവരോ അങ്ങനെ കുട്ടിയുടെ മനസ്സില്‍ സ്ഥാനം നേടിയവരാകും ഇവര്‍. ഊണിലും ഉറക്കത്തിലും ഇവരെ കൂടാതെ കഴിയാനാകില്ല എന്ന രീതിയില്‍ വളര്‍ന്നുവരുന്ന കുട്ടിയ്ക്ക് പെട്ടെന്നൊരു ദിവസം ഇവരുടെ അസാന്നിധ്യം ജീവിതത്തില്‍ ഉണ്ടാകുന്നത് താങ്ങാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ സാവധാനം കുട്ടിയെ ഇതില്‍ നിന്നു പുറത്തു കൊണ്ടുവരാനാകണം അച്ഛനമ്മമാര്‍ ശ്രമിക്കേണ്ടത്. ഒപ്പം ഒരു വ്യക്തിയേയും അമിതമായി ആശ്രയിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള മനോഭാവവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു. 

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല) 

Click here to view/download the original article.

സന്ധ്യാറാണി .എൽ

Child & Family Counsellor

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • LIVE FOR YOU, NOT FOR THE SOCIETY!

  Read More

 • ARE YOU A HELICOPTER PARENT?

  Read More

 • ALL YOU NEED TO KNOW ABOUT SEASONAL DEPRESSION

  Read More

 • THINGS THAT WORRY YOUNG CHILDREN

  Read More