സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

05 February, 2019 (Our article published in Ourkids Magazine - Feb 2019)

പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി സ്കൂള്‍ യൂണിഫോം അണിഞ്ഞ് നില്‍ക്കുന്നു. ചുറ്റും കൂടി നില്‍ക്കുന്ന സുഹൃത്തുക്കളുടെ ആശീര്‍വാദത്തോടെ ഒരു പയ്യന്‍ അവളെ താലികെട്ടുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലെ ദൃശ്യങ്ങളാണിത്. കേരളത്തിലെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെയാണ് ആ വീഡിയോയില്‍ നാം കണ്ടത്. അതിന് മുന്‍പേ തന്നെ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഒരു പാട്ടുമായി എത്തി ഞെട്ടിച്ചിരുന്നു. 'സതീശന്‍റെ മോനല്ലേടാ നീ'.... എന്ന് തുടങ്ങുന്ന പാട്ടിന്‍റെ അവസാനം അവര്‍ കൂട്ടുകാരിയെ പറ്റിച്ചിട്ടു പോയ പ്രണയിതാവിനെ അസഭ്യം പറയുകയാണ്. വീഡിയോ വൈറലാകുകയും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലെങ്കിലും മലപ്പുറം ജില്ലയിലെ കിളിനക്കോട് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടികള്‍ വീഡിയോ ഇട്ടതും ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. കല്യാണത്തിനെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് അവിടെ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തമാശരൂപത്തില്‍ വിവരിക്കുന്നതാണ് വീഡിയോ. ഒപ്പം ആ നാടിനേയും അവിടുത്തെ ചെറുപ്പക്കാരേയും രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് വീഡിയോയില്‍. സോഷ്യല്‍മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി കിളിനക്കോടെ ചെറുപ്പക്കാരും രംഗത്തെത്തി. പെണ്‍കുട്ടികളെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും വന്നു. ഈ മൂന്ന് സംഭവങ്ങളിലും പൊതുവായി കാണാന്‍ കഴിയുന്ന ഒരു പ്രത്യേകത, ഈ മൂന്ന് കൂട്ടരും ഇത്തരമൊരു വീഡിയോ ഒരു പൊതു ഇടത്തില്‍ എത്തിപ്പെട്ടാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അജ്ഞരായിരുന്നു എന്നതാണ്. 

അതായത് ഇത്തരത്തില്‍ ഒരു വീഡിയോ എടുത്തപ്പോഴോ അത് ഷെയര്‍ ചെയ്തപ്പോഴോ വീഡിയോ വൈറല്‍ ആകുമെന്നോ തങ്ങളുടെ ജീവിതം തന്നെ മാറിമറിയുമെന്നോ ഈ പെണ്‍കുട്ടികള്‍ ചിന്തിച്ചിട്ടുണ്ടാകില്ല. വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും ദേശീയതലത്തില്‍ തന്നെ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിലാണോ ഇത് സംഭവിക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാകും. എന്നാല്‍ ഒന്ന് ഇരുത്തി ചിന്തിച്ചാല്‍ 'ശരിയായ വിദ്യാഭ്യാസം ' കിട്ടാത്തതിനാലാണ് ഈ കുഴപ്പങ്ങള്‍ക്കു കാരണമെന്ന് തിരിച്ചറിയാന്‍ കഴിയും. ഒരു കുട്ടി വളര്‍ന്നു തുടങ്ങുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നു. എങ്ങനെ നടക്കണം, ഭക്ഷണം കഴിക്കണം, എന്ത് പറയണം, അപരിചിതര്‍ക്കൊപ്പം പോകരുത് തുടങ്ങി ജീവിതത്തില്‍ വീണു പോകാതിരിക്കാനുള്ള എല്ലാ കരുതലും ലഭിച്ചാണ് ഓരോ കുട്ടിയും വളരുന്നത്. എന്നാല്‍ ചെറിയപ്രായത്തില്‍ തന്നെ കുട്ടികള്‍ മൊബൈലും ലാപ്ടോപ്പും ഉപയോഗിച്ച് തുടങ്ങുന്ന കാലമാണിത്. ഇവിടെ അവര്‍ കാലിടറാതെ മുന്നോട്ടു പോകണമെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ എങ്ങനെ പെരുമാറണം എന്ന അറിവും അവര്‍ക്ക് നല്‍കണം.

 * ഷെയര്‍ ചെയ്താല്‍ കൈവിട്ടു പോകും

 സ്വന്തം സ്മാര്‍ട് ഫോണിലെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും കൈമാറരുതെന്നാണ് മുകളില്‍ വിവരിച്ച അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. സ്വന്തം ഫോണില്‍ നിന്ന് ഒരു വീഡിയോ ഷെയര്‍ ചെയ്‌താല്‍ അതിനു മുകളിലുള്ള നിയന്ത്രണം നമുക്ക് അതോടെ നഷ്ടമാകുന്നു. അത് പിന്നീട് എവിടെയൊക്കെ എത്തിപ്പെടും, ആരൊക്കെ കാണും എന്നത് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. ഇക്കാര്യം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്ക് പേജിലും അഭിപ്രായങ്ങള്‍ എഴുതും മുന്‍പ് രണ്ടു വട്ടം ചിന്തിക്കണമെന്നു കൂടി അവരെ ഓര്‍മ്മപ്പെടുത്താം. എഴുതിയ കാര്യങ്ങള്‍ നമുക്ക് പിന്നീട് സൗകര്യം പോലെ ഡിലീറ്റ് ചെയ്യാമെങ്കിലും അത് ഡിലീറ്റ് ആയി പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ ഡിലീറ്റ് ചെയ്ത നമ്മുടെ വാക്കുകളും ചിത്രങ്ങളും എത്രയോ പേര്‍ അതിനു മുന്‍പേ സേവ് ചെയ്ത് വച്ചിട്ടുണ്ടാകും. അവര്‍ പിന്നീടത് പ്രചരിപ്പിക്കുന്നത് തടയാന്‍ കഴിയില്ല. പ്രചരിപ്പിക്കപ്പെടുന്നതോ എല്ലായ്പ്പോഴും അത് എഴുതിയ അല്ലെങ്കില്‍ പോസ്റ്റ് ചെയ്ത വ്യക്തിയുടെ പേരിലായിരിക്കും താനും. സോഷ്യല്‍മീഡിയയിലെ വലിയ ചതിക്കുഴിയാണിത്. ഒരിക്കല്‍ പറഞ്ഞത് തിരുത്തിയാലും മാപ്പു പറഞ്ഞാലും പഴയ ചരിത്രം തിരിഞ്ഞുകൊത്തി കൊണ്ടിരിക്കും. കുട്ടി സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്ന കാലത്തു തന്നെ ഈ അപകടത്തെ പറ്റി അവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടത് ഓരോ രക്ഷിതാവിന്‍റേയും ചുമതലയാണ്. 

 * ലൈക്കല്ല ജീവിതം 

 ഒരു കാലത്ത് ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാലങ്ങളെ കൂട്ടി യോജിപ്പിച്ചിരുന്ന കണ്ണികളായിരുന്നു. ഒരുപാട് ഓര്‍മ്മകളുടെ നേര്‍സാക്ഷ്യമായി അവ ചുമരുകളില്‍ തൂങ്ങിക്കിടന്നു. എന്നാല്‍ ഇന്ന് വിശേഷാവസരങ്ങളിലും യാത്രകളിലും സെല്‍ഫിയെടുക്കുന്നത് സോഷ്യല്‍മീഡിയയിലൂടെ അത് ലോകത്തിന് മുന്നിലെത്തിക്കാനാണ്. അവിടെ കിട്ടുന്ന ലൈക്കിന്‍റേയും ഷെയറിന്‍റേയും എണ്ണമാണ് ആ ചിത്രത്തിന്‍റെ സ്വീകാര്യതയുടെ അളവുകോല്‍. കയ്യില്‍ സ്മാര്‍ട് ഫോണും ദിവസം മുഴുവനും ഇന്‍റര്‍നെറ്റും ലഭിച്ചു തുടങ്ങിയതോടെ യുവതലമുറ, പ്രത്യേകിച്ചും കൗമാരക്കാര്‍ സോഷ്യല്‍മീഡിയയില്‍ തന്‍റേതായ ഒരു ഇടം സൃഷ്ടിക്കാനുള്ള ബദ്ധപ്പാടിലാണ്. എന്തു ചെയ്തും വ്യത്യസ്തത കൊണ്ടു വരിക എന്നതാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ടി എന്ത് സാഹസത്തിനും അവര്‍ മുതിരുന്നു എന്നത് അപകടകരമായ ഒരു പ്രവണതയാണ്. ഓടുന്ന വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി സെല്‍ഫിയും വീഡിയോയും എടുക്കുമ്പോള്‍ നഷ്ടമാകുന്നത് സ്വന്തം ജീവനാണെന്ന തിരിച്ചറിവ് അവര്‍ക്കില്ലാതെ പോകുന്നു. സോഷ്യല്‍ മീഡിയയിലെ ലൈക്കുകള്‍ക്ക് വേണ്ടി ഹോമിക്കാനുള്ളതല്ല ജീവിതം എന്ന് മക്കളെ പറഞ്ഞ് മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. യഥാര്‍ത്ഥ ജീവിതത്തിലെ ചെറിയ നന്‍മകള്‍ പോലും ഈ ലൈക്കുകളേക്കാള്‍ സന്തോഷം നല്‍കും എന്നും അവര്‍ തിരിച്ചറിയണം. 

 * ചലഞ്ചുകള്‍ ഓണ്‍ലൈനാകുമ്പോള്‍

 കുട്ടികള്‍ ചീത്തകൂട്ടുകെട്ടില്‍ ചെന്നു ചാടുമോ എന്നായിരുന്നു പഴയ തലമുറയിലെ രക്ഷിതാക്കളുടെ ആശങ്ക. എന്നാല്‍ ഇന്ന് ആ സ്ഥാനം ഓണ്‍ലൈന്‍ ഗെയിമുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ബ്ലൂ വെയില്‍ പോലുള്ള ഗെയിമുകളും കുട്ടികളെ വിഷാദത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളി വിടുന്ന ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തരം ഗ്രൂപ്പുകളിലോ ഗെയിമിലോ പങ്കെടുത്ത് അതിലെ ചലഞ്ചുകള്‍ കുട്ടികള്‍ ഏറ്റെടുക്കുകയും ഒടുവില്‍ അത് മരണത്തില്‍ കലാശിക്കുകയും ചെയ്യുന്നു. മരണത്തെ മഹത്വവല്‍ക്കരിക്കുന്ന ഇത്തരം ഗ്രൂപ്പുകളില്‍ കുട്ടി എത്തിപ്പെടുന്നതോടെ ജീവിതത്തോടുള്ള അവരുടെ കാഴ്ച്ചപ്പാട് തന്നെ മാറി പോകും. കുട്ടി ഇത്തരം അപകടങ്ങളില്‍ ചെന്നു ചാടിയിട്ടുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഓരോ രക്ഷിതാവും ശ്രദ്ധിക്കണം. കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവിടുന്നുണ്ടോ അവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടോ എന്നൊക്കെ ശ്രദ്ധിക്കാം. കുട്ടികള്‍ മുന്‍പില്ലാത്ത വിധം ദേഷ്യം പ്രകടിപ്പിക്കുക, അപകടകരമായ സാഹസികതകള്‍ ഏറ്റെടുക്കുക എന്നിവയും നിരീക്ഷിക്കേണ്ടതാണ്. കുട്ടിയുടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ വിവരങ്ങള്‍ ഇടയ്ക്കെങ്കിലും പരിശോധിക്കുന്നത് നല്ലതാണ്. പതിവായി സന്ദര്‍ശിക്കാറുള്ള സൈറ്റുകള്‍, സുഹൃത്തുക്കള്‍ എന്നിവയെ കുറിച്ച് രക്ഷിതാവിന് കൃത്യമായ ധാരണയുണ്ടാകണം. 

 *  കുറ്റപ്പെടുത്തരുത്; കൂടെ നില്‍ക്കണം

 ആദ്യം വിവരിച്ച സംഭവങ്ങളിലേതു പോലെ കുട്ടിയുടെ ഏതെങ്കിലും വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഒരിക്കലും എടുത്തുചാടി അവരെ കുറ്റപ്പെടുത്തരുത്. ആകെ ഒറ്റപ്പെട്ട അവസ്ഥയില്‍ നില്‍ക്കുന്ന കുട്ടി ജീവനൊടുക്കുന്നതിനെ കുറിച്ചു പോലും ചിന്തിച്ചു കൊണ്ടിരിക്കുന്ന സാഹചര്യമായിരിക്കാം അത്. ആ സന്ദര്‍ഭത്തില്‍ രക്ഷിതാക്കള്‍ കൂടി കൈവിട്ടാല്‍ പിന്നീട് ജീവിതത്തെ കുറിച്ച് അവര്‍ക്കൊരു തരിമ്പും പ്രതീക്ഷ ബാക്കിയുണ്ടാകില്ല. അതിനാല്‍ ലോകം മുഴുവന്‍ കുറ്റപ്പെടുത്തിയാലും ഞങ്ങള്‍ നിനക്കൊപ്പം ഉണ്ടാകും എന്നൊരു ചിന്തയാണ് ആ നിമിഷം അവരുടെ മനസ്സിലേയ്ക്ക് കൊണ്ടു വരേണ്ടത്. ഈ സംഭവം നടക്കുമ്പോള്‍ കുട്ടി നിങ്ങളുടെ അരികില്‍ ഇല്ലെങ്കില്‍ സുരക്ഷിതരായി അവരെ വീട്ടില്‍ തിരികെ എത്തിക്കണം. ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇത്തരം പ്രതിസന്ധിഘട്ടങ്ങള്‍ ഉടലെടുക്കാമെന്നും അതിനെ അഭിമുഖീകരിച്ചേ മതിയാകൂ എന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടതിനാല്‍ സമൂഹത്തെ എങ്ങനെ അഭിമുഖീകരിക്കും എന്നതു തന്നെയാകും അവരുടെ പ്രധാന പ്രശ്നം. ഒരു കൗണ്‍സിലിങ് വിദഗ്ധന്‍റെ സഹായത്തോടെ അവരെ തിരികെ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഒപ്പം അവരുടെ ഭാഗത്തു നിന്നുണ്ടായ പിഴവിന്‍റെ ആഴം അവരെ ബോധ്യപ്പെടുത്താനും കഴിയണം. സമൂഹമാധ്യമങ്ങളില്‍ വിവേകപൂര്‍വം പെരുമാറാനും ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കെല്‍പ്പുള്ളവരാക്കി പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഓരോ രക്ഷിതാവിനും കഴിയട്ടെ.

 രക്ഷിതാക്കളുടെ ശ്രദ്ധക്ക്

 * നിങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പാസ് വേഡ് ഒരിക്കലും കുട്ടികള്‍ക്ക് നല്‍കരുത്. സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത അച്ഛനമ്മമാരുടെ അക്കൗണ്ടുകള്‍ കുട്ടികള്‍ മാനേജ് ചെയ്യുന്നതായി കാണാറുണ്ട്. ആ അക്കൗണ്ടിലൂടെ അവര്‍ എന്തു പോസ്റ്റ് ചെയ്താലും അത് നിങ്ങളുടെ പേരിലാണ് ലോകം വായിക്കുക എന്ന് ഓര്‍ക്കുക. 

 

* വീട്ടിലെ സ്വകാര്യ നിമിഷങ്ങളോ തമാശയ്ക്ക് പകര്‍ത്തിയ വീഡിയോകളോ വാട്ട്സ്ആപ്പ് ഗ്രൂപ്പിലോ സുഹൃത്തുക്കള്‍ക്കോ ഷെയര്‍ ചെയ്യരുതെന്ന് കുട്ടികളോട് നിര്‍ദേശിക്കുക. ഷെയര്‍ ചെയ്താല്‍ പിന്നീടത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാന്‍ നിങ്ങളെ കൊണ്ട് കഴിയില്ല.

 

* സോഷ്യല്‍മീഡിയയില്‍ എത്തിപ്പെട്ടാല്‍ അപകടമാകുമെന്ന് ഉറപ്പുള്ള സ്വകാര്യരംഗങ്ങളോ സംഭാഷണങ്ങളോ ഫോണില്‍ സൂക്ഷിക്കാതിരിക്കുക. 

 

* ഏറ്റവും അടുത്ത സുഹൃത്തിന് പോലും സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പാസ് വേഡ് നല്‍കരുതെന്ന് കുട്ടികളെ വിലക്കാം. കൗമാരപ്രായത്തില്‍ പ്രണയബന്ധങ്ങളില്‍ അകപ്പെടുന്ന കുട്ടികള്‍ പരസ്പരം പാസ് വേഡുകള്‍ കൈമാറുകയും പിന്നീടത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ കാണാം.

 

* ദേഷ്യപ്രകടനം സോഷ്യല്‍മീഡിയയിലൂടെ വേണ്ടന്ന് കുട്ടിയോട് പറയാം. നേരിട്ട് പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കുകയോ തിരുത്തുകയോ ചെയ്യാമെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ മായ്ച്ചു കളയാന്‍ സാധ്യമല്ല. മറ്റാരെങ്കിലുമൊക്കെ ആ വാക്കുകള്‍ ഏറ്റെടുത്ത് പ്രചരിപ്പിച്ചെന്നിരിക്കാം.

 

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • ALL YOU NEED TO KNOW ABOUT SEASONAL DEPRESSION

  Read More

 • THINGS THAT WORRY YOUNG CHILDREN

  Read More

 • SELF ACCEPTANCE IS YOUR SUPERPOWER

  Read More

 • IMPACT OF PARENTAL MENTAL HEALTH ON CHILDREN

  Read More