ഇന്‍റര്‍നെറ്റും മൊബൈല്‍ ഫോണും അവിടെയിരിക്കട്ടെ !

(Our Article published in Arogyapathmam Magazine - May 2015)

ഒന്നിച്ചു കഴിയാന്‍ കൂടുതല്‍ സമയം കണ്ടെത്തുക

വളരെ നാളത്തെ പരിചയത്തിനും, പ്രണയത്തിനും ശേഷമാണവര്‍ വിവാഹിതരായത്. രണ്ടുപേര്‍ക്കും ഉദ്യോഗമുണ്ടായിരുന്നു. രണ്ടുപേര്‍ക്കും സാമാന്യം നല്ല വരുമാനമുള്ളതും, പിടിപ്പത് പണിയുള്ള ഉദ്യോഗസ്ഥരുമായിരുന്നു. വിവാഹത്തിന്‍റെ പ്രാരംഭകാലം കടന്നുപോയി. പിന്നീട് ഒരു കുഞ്ഞ് ജനിച്ചു. അതിനു പിന്നെയാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. ഭര്‍ത്താവ് ഇന്‍റര്‍നെറ്റിലൂടെ സമൂഹ സൗഹൃദ വലയങ്ങളില്‍ അംഗമായി അതുവഴി പല ദേശങ്ങളിലുള്ളവരുമായി ചങ്ങാത്തമുണ്ടാക്കി. അദ്ദേഹം ഇന്‍റര്‍നെറ്റിന് ഒരു മുഴുവന്‍ സമയ അടിമയായി എന്നു പറയുന്നതാണ് ശരി. പല രാജ്യങ്ങളില്‍ നിന്നുള്ള സൗഹൃദങ്ങള്‍ സമയത്തെക്കുറിച്ചുള്ള ബോധം അദ്ദേഹത്തിനു നഷ്ടപ്പെടുത്തി.

കമ്പ്യൂട്ടറിലൂടെയും ലാപ്പ്ടോപ്പിലൂടെയും മൊബൈല്‍ഫോണിലൂടെയും ഒരിക്കലും കണ്ടിട്ടില്ലാത്ത പുതിയ സുഹൃത്തുക്കളുമായി അദ്ദേഹം പതിവായി ചാറ്റ് ചെയ്തു രസിച്ചു പോന്നു. സ്വന്തം വീട്ടുകാര്യങ്ങളും കുട്ടികളുടെ ക്ഷേമവും ഒന്നും ശ്രദ്ധിക്കാതെയായി. ഭര്‍ത്താവിന്‍റെ ഈ ശീലങ്ങള്‍ ഭാര്യയിലും മാറ്റങ്ങളുണ്ടാക്കി. അവരാകട്ടെ മൊബൈല്‍ ഫോണ്‍ വഴി സൗഹൃദങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഒരേ വീട്ടില്‍ രണ്ടു ധ്രുവങ്ങളില്‍ അവര്‍ കഴിഞ്ഞിരുന്നു. ഇത് കുട്ടികളെയും ദോഷകരമായി ബാധിച്ചു. അഗാധ പ്രണയത്തിനുശേഷം വിവാഹിതരായ ഇവരെ ഈ അകല്‍ച്ച വളരെയേറെ ബാധിച്ചു. തന്നെ വേണ്ടാത്ത ഒരാളോടൊപ്പം എന്തിനു കഴിയണം എന്ന ചിന്ത രണ്ടുപേരെയും څവിവാഹമോചനംچ എന്ന എളുപ്പവഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. ഈ വിവരം അറിഞ്ഞ ബന്ധുക്കളും, സുഹൃത്തുക്കളും അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതിന്‍റെ ഭാഗമായാണ് ഇവരെ കൗണ്‍സിലിംഗിനായി എന്നെ കാണാന്‍ കൊണ്ടുവന്നത്. കൗണ്‍സിലിംഗിനെത്തിയ ഇവര്‍ മനസ്സുതുറന്നു സംസാരിക്കാന്‍ തന്നെ സമയമെടുത്തു. ഇരുവരും അവരവരുടെ വീഴ്ച കാണാതെ മറ്റെയാളെ കുറ്റപ്പെടുത്തുന്നതിലാണ് ശ്രമിച്ചത്.

വിവാഹമോചനം മാത്രമേ രക്ഷയായുള്ളൂ എന്ന് ഇരുവരും തറപ്പിച്ചു പറഞ്ഞു. വിവാഹപൂര്‍വ്വകാലത്ത് പരസ്പരം പെരുമാറിയിരുന്ന രീതിയും കാണിച്ചിരുന്ന താല്‍പര്യവും ശ്രദ്ധയുമൊന്നും പിന്നീട് കാണാനില്ലായിരുന്നു എന്നതായിരുന്നു പ്രധാന പരാതി. ഇതിന്‍റെ കാരണങ്ങളിലേയ്ക്ക് ഇറങ്ങി ചെന്നപ്പോഴാണ് അവരുടെ ഇടയിലെ പ്രധാന പ്രശ്നം മനസ്സിലാകുന്നത്. വളരെ തിരക്കും ഉത്തരവാദിത്വവുമുള്ള ജോലിയിലേയ്ക്ക് ഭാര്യ എത്തിയപ്പോള്‍ വീട്ടില്‍ തിരികെ എത്തുന്നത് വൈകിത്തുടങ്ങി. എത്തിയാലുടെനെ വീട്ടുജോലികളിലും കുട്ടികളുടെ കാര്യങ്ങളിലും ശ്രദ്ധിക്കുകയും ചെയ്യേണ്ടതുള്ളതുകൊണ്ട് ഭര്‍ത്താവിനോടൊപ്പം കഴിയുന്ന സമയം കുറഞ്ഞുവന്നു. വീട്ടിലെത്തിക്കഴിഞ്ഞാലും ഒദ്യോഗിക ജോലികള്‍ തീര്‍ക്കേണ്ടതുള്ളതും ഈ സമയക്കുറവിനു കാരണമായി. ഭാര്യ തന്നില്‍ നിന്ന് അകലുകയാണെന്ന് ഭര്‍ത്താവ് സംശയിച്ചു. ഭര്‍ത്താവ് പിന്നെ ഇന്‍റര്‍നെറ്റ് സൗഹൃദങ്ങള്‍ വളര്‍ത്തി ആശ്വാസം കണ്ടെത്തുകയായിരുന്നു. അത് വളര്‍ന്നുവളര്‍ന്നു ഒരുതരം ഭ്രാന്തിന്‍റെ അവസ്ഥയിലെത്തുകയായിരുന്നു. ഭര്‍ത്താവിന്‍റെ പെരുമാറ്റത്തില്‍ വിഷമം തോന്നിയ ഭാര്യയാകട്ടെ എന്തുകൊണ്ടിതു സംഭവിച്ചു എന്നു തിരക്കാതെ തന്നിലുള്ള അതൃപ്തിയായി അതിനെ സ്വയം വ്യാഖ്യാനിച്ചു. ഭര്‍ത്താവിനോടുള്ള ഒരു പകരം വീട്ടലായി അവര്‍ മൊബൈല്‍ സൗഹൃദങ്ങള്‍ വികസിപ്പിച്ചു. അതു ക്രമേണ ഒരു ഹരമായി സ്വന്തം ചുമതലകള്‍ മറക്കുന്ന തലത്തിലേയ്ക്കെത്തി. പലവട്ടം പരസ്പരം സംസാരിച്ച ശേഷമാണ് അവര്‍ സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി പരസ്പരം പഴയതുപോലെ സ്നേഹിക്കുന്നതിലേക്ക് തിരിച്ചെത്തിയത്. രണ്ടുപേരും ആശയവിനിമയത്തിനായി കുറച്ചുസമയം കണ്ടെത്തി ക്ഷമയോടെ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു പ്രതിസന്ധിയാണിത്.

കൗമാരക്കാരുടെ ഇന്‍റര്‍നെറ്റ് ഉപയോഗം

കൗമാരപ്രായക്കാരെ വിവേചന രഹിതമായ ഇന്‍റര്‍നെറ്റ് ഉപയോഗം വലിയ അപകടങ്ങളിലേക്കാണ് പലപ്പോഴും കൊണ്ടുചെന്നെത്തിക്കുന്നത്. ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവരുമായി നെറ്റിലൂടെ പരിചയപ്പെടുകയും അത് പ്രണയത്തിലേക്ക് എത്തുകയും ചെയ്ത പല കൗമാരപ്രായക്കാരും ഇവരോടൊപ്പം ഇറങ്ങിപ്പോകുക കൂടി ചെയ്യുന്നതായി കണ്ടുവരുന്നു. മിക്കപ്പോഴും ഈ സൗഹൃദവും പ്രണയവും നല്ല ഉദ്ദേശത്തോടെയുള്ളതാവില്ല. വീടുവിട്ട ശേഷം ഈ യാഥാര്‍ത്ഥ്യവും മനസ്സിലാക്കുന്ന ഇവര്‍ക്ക് ഇതു ഒരു വലിയ പ്രഹരമാകുന്നു. ഇത് പലര്‍ക്കും താങ്ങാവുന്നതിലധികമാണ്. ഭ്രാന്തിലേക്കോ ആത്മഹത്യയിലേക്കോ ഒക്കെ ഇത് ഇവരെ എത്തിക്കുന്നു.

കൗമാരപ്രായക്കാരുടെ ഇന്‍റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ ഉപയോഗം രക്ഷാകര്‍ത്താക്കള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. ഇവരെ ശാസിക്കുന്നതിനു പകരം സ്നേഹത്തോടെ അപകടങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നതാണ് നല്ലത്. കാര്യങ്ങള്‍ മനസ്സിലാക്കുന്നവര്‍ ഇത്തരം അപകടങ്ങളിലേക്ക് എടുത്തു ചാടില്ല. മറിച്ച് ശാസനയുടെ മാര്‍ഗ്ഗമാണ് ഉപയോഗിക്കുന്നതെങ്കില്‍ പലരും വാശിയോടെ ഇതിലേയ്ക്ക് എടുത്തുചാടും. കൗമാരപ്രായക്കാരോട് വളരെ ശ്രദ്ധിച്ചു സ്നേഹത്തോടെ ഇടപെട്ടില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷഫലമാകും ഉണ്ടാകുക.

കൗമാരത്തില്‍ ചിലരെങ്കിലും ഇന്‍റര്‍നെറ്റ് വഴി ഭീകരസംഘടനകളുമായി ബന്ധപ്പെടുന്നതും ഇപ്പോള്‍ സാധാരണമാണ്. ആര്‍ഭാട ജീവിതത്തോട് താല്‍പ്പര്യമുള്ളവരാണ് ഇതില്‍പ്പെടാന്‍ കൂടുതല്‍ സാദ്ധ്യത. ദാരിദ്ര്യവും ഒരളവുവരെ ഇതിന് കാരണമാകാം. തങ്ങള്‍ എന്തിനാണ് ഉപയോഗിക്കപ്പെടുന്നത് എന്നോ അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്ത് എന്നോ മനസ്സിലാക്കാതെയാണീ കൂട്ടര്‍ കെണിയില്‍പ്പെടുന്നത്. ഇതും ബോധവല്‍ക്കരണത്തിലൂടെ മാത്രമേ തടയാനാകൂ.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒക്കെയായി കൂടുതല്‍ സമയം ചെലവഴിക്കുകയും തുറന്ന മനസ്സോടെ സംവാദിക്കുകയും ചെയ്യുന്നത് ശീലമാക്കിയാല്‍ മാത്രമേ ഇന്‍റര്‍നെറ്റ് സമൂഹത്തിലുണ്ടാകുന്ന ദുഷിച്ച പ്രവണതകളെ പ്രതിരോധിക്കാനാകൂ. സമൂഹം അണുകുടുംബത്തിലേക്ക് മാറിയതോടെ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന സാമൂഹികബോധവും ആദര്‍ശബോധവുമൊക്കെ വലിയ ഒരളവുവരെ ഇല്ലാതായി. അതുകൊണ്ട് മാതാപിതാക്കള്‍ വീട്ടിലും അദ്ധ്യാപകര്‍ സ്കൂള്‍ കോളേജ് തലങ്ങളിലും കുട്ടികളോട് ഇടപെടാന്‍ സമയം കണ്ടെത്തിയേ മതിയാകൂ.

വിവരസാങ്കേതിക രംഗത്തെ പുരോഗതി പ്രയോജനപ്പെടുത്തുകയും അതിന്‍റെ ദുഷിച്ച വശം മനസ്സിലാക്കി കൊടുത്ത് അവ സ്വയം ഉപേക്ഷിക്കുകയും ചെയ്യാന്‍ കുട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി.

Click here to view/download the original article.

സന്ധ്യാറാണി.എല്‍

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More