ഒരുമിച്ചു ചേർന്നുള്ള ഹൃദയങ്ങൾ വേർപെടുംമ്പോൾ...

(Our Article published in Arogyapathmam Magazine- June 2015)

മരണം കൊണ്ടുമാത്രം വേര്‍പിരിയേണ്ടവര്‍ ജീവിതത്തിന്‍റെ പൊതുവഴിത്താരയില്‍ എവിടെയോവെച്ച് എന്തിനോ വേണ്ടി വേര്‍പിരിഞ്ഞുപോകുന്നു. പ്രാര്‍ത്ഥനാ നിര്‍ഭരമായ ആരാധനാലയങ്ങളില്‍ തുടങ്ങുന്ന ജിവിതം വിലാപവിഹ്വലമായ കോടതിമുറികള്‍ക്കുള്ളില്‍ അവസാനിക്കുന്നു.

കേരളത്തില്‍ വിവാഹമോചനം ആശങ്കാജനകമാം വിധം വര്‍ദ്ധിച്ചുവരുകയാണ്. ബാല്യം മുതല്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നു വിവാഹത്തിലെത്തിയ ബന്ധങ്ങള്‍, വിദ്യാലയത്തില്‍ മുളയിട്ട പ്രണയത്തില്‍ നിന്നു വിവാഹത്തിലെത്തിയ ബന്ധങ്ങള്‍, പ്രവര്‍ത്തനമേഖലയിലെ വ്യക്തിവൈശിഷ്ട്യത്താല്‍ ആകൃഷ്ടമായി പടുത്തുയര്‍ത്തിയ വിവാഹബന്ധങ്ങള്‍, രക്ഷിതാക്കള്‍ ആലോചിച്ചുറച്ച് കരുപ്പിടിപ്പിച്ചു നല്‍കിയ വിവാഹബന്ധങ്ങള്‍ എല്ലാം, എല്ലാം പെട്ടെന്ന് ഒരുനിമിഷം കൊണ്ട്പൊ ട്ടിച്ചെറിയുപ്പെടുന്നു.

വിവാഹബന്ധങ്ങളുടെ ഈ ശൈഥില്യം ആ വ്യക്തികളുടെ മാത്രം പ്രശ്നമായി കരുതി അവഗണിക്കാനാവില്ല. ഭാര്യാഭര്‍ത്താക്കډാരുടെ അനവസരത്തിലെ വേര്‍പിരിയലുകള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയേയും ഭാരതീയ കുടുംബസഹങ്കല്പത്തെയും സമൂഹിക ഭദ്രതയേയും ദുര്‍ബലമാക്കി തകര്‍ക്കുന്നു.

സമൂഹത്തിലെ ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ

രണ്ടുപതിറ്റാണ്ട് മുമ്പുവരെ കേരളത്തില്‍ വിവാവഹമോചനക്കേസ്സുകള്‍ വളരെ കുറവായിരുന്നു. അതിനുശേഷം ഇക്കാര്യത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.

വിവവാഹമോചനം തേടുന്നവരില്‍ വലുപ്പച്ചെറുപ്പഭേദമില്ല. സമൂഹത്തിന്‍റെ ഉന്നതസ്ഥാനത്തുള്ളവര്‍ മുതല്‍ സാധാരണക്കാര്‍ വരെ, ദരിദ്രര്‍ മുതല്‍ ധനികര്‍ വരെയുണ്ട്. കേരളത്തില്‍ അടുത്തകാലത്ത് ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ട വിവാഹമോചനക്കസ്സുകളില്‍ മന്ത്രിയും പ്രശസ്ത ചലച്ചിത്രതാരങ്ങളും ഉന്നത ബിസ്സിനസ്സുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഉന്നത നിലയിലുള്ളവരുടെ വേര്‍പിരിയലുകള്‍ മാത്രം പത്രമാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തകളാകുന്നു.  ടെലിവിഷന്‍ ചാനലുകള്‍ ചര്‍ച്ചാസമയ മുഴുവനും ഇതിനായി മാറ്റിവെക്കുന്നു.

അതേസമയം കോടതികളില്‍ പോലും എത്താതെ വീടുകളിലും സാമൂഹിക/സാമുദായിക സംഘനകളിലും വെച്ച് വേര്‍പിരിയുന്ന ബന്ധങ്ങള്‍ അതിലേറെ ഉണ്ടാകും. ഇവ കവലകളിലേയും ചന്തകളിലേയും ചര്‍ച്ചകളില്‍ അവസാനിക്കുന്നു. വിവാഹം കഴിഞ്ഞ് മൂന്നുമാസം തികയും മുമ്പേ വേര്‍പരിഞ്ഞ മത്സ്യവില്പനക്കാരയ ദമ്പതികള്‍ മുമ്പ് ബാലരാമപുരത്തിനടുത്തുള്ള ഒരു ചന്തയില്‍ മീന്‍വില്കുവാന്‍ വരാറുണ്ടായിരുന്നു. അവരുടെ പരസ്പരം മല്‍സരിച്ചുള്ള മീന്‍വില്പന കണ്ടു കഥയറിയാമായിരുന്നവര്‍ കളിയാക്കുമായിരുന്നു.

28 കോടതികള്‍ ; പതിനായിരക്കണക്കിന് കേസ്സുകള്‍

കേരളത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട കേസ്സുകള്‍ കൈകാര്യം ചെയ്യുവാന്‍ 28 കുടുംബകോടതികളുണ്ട്. ഇവിടെ എഴുപതിനായിരത്തോളം കേസ്സുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇവയില്‍ 18,500 എണ്ണം വിവാഹമോചനക്കേസ്സുകളാണ്. മറ്റുള്ളവ വിവാഹവുമായി ബന്ധപ്പെട്ട ഇതര പരാതികളാണ്. അന്തിമഘട്ടത്തില്‍ വിവാഹമോചനത്തില്‍ വന്നെത്തിയേക്കാവുന്ന ഒട്ടേറ കേസ്സുകള്‍ ഇവയിലും ഉണ്ടാകാം. കോടതികളില്‍ എത്താത്ത കേസ്സുകളുടെ കണക്കുകള്‍ ഒരു പക്ഷേ, ഇത്രത്തോളമോ ഇതിലധികമോ ഉണ്ടാകാം. പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നത് തിരുവനന്തപുരം ജില്ലയിലാണ്. നഗരങ്ങളുടെ കണക്കടുത്താല്‍ മുന്നിലെത്തുന്നത് എറണാകുളമാണ്. വിവാഹമോചനത്തിന് കേസ്സുകൊടുത്ത് കാത്തിരിക്കുന്നവരുടെ ജില്ലതിരിച്ചുള്ള കണക്ക് നോക്കുക:

തിരുവനന്തപുരം 2744
എറണാകുളം 2215
കൊല്ലം 2055
തൃശൂര്‍ 1894
ആലപ്പുഴ 1748
കോട്ടയം 1300
കോഴിക്കോട് 1230
പത്തനംതിട്ട 1192
കണ്ണൂര്‍ 1161
പാലക്കാട് 1096
മലപ്പുറം 671
ഇടുക്കി 546
കാസര്‍ഗോഡ് 408
വയനാട് 240

കുടുംബ കോടതികളുടെ വാതായനങ്ങലിലൂടെ പുറത്തിറങ്ങി ജീവിതത്തിന്‍റെ വേറിട്ടവഴികളിലേക്ക് വേര്‍പരിയുന്നവരുടെ എണ്ണം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കേരളത്തിലാണ്. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന വ്യക്തിവൈഭവവും ഉണ്ടെങ്കിലും പ്രശ്നങ്ങളെ സധൈര്യം നേരിടുവാനുള്ള ആത്മവിശ്വാസത്തിന്‍റെ കാര്യത്തില്‍ കേരളീയര്‍ പിന്നിലാണോ എന്ന സംശയം ഇത് ഉയര്‍ത്തുന്നു.

മാറിമറിയുന്ന കുടുംബ ബന്ധങ്ങള്‍; സങ്കല്പങ്ങള്‍

'ദൈവത്തിന്‍റെ സ്വന്തംനാട്' എന്നു വിഖ്യാതമായ കേരളത്തില്‍ കുടുബസങ്കല്പങ്ങള്‍ക്കും വിവാഹബന്ധങ്ങള്‍ക്കും വലിയ മഹത്വം കല്പിച്ചുവരുന്നു. എന്നാല്‍ മാറിയ സാമൂഹിക സാഹചര്യങ്ങളും കൂട്ടുകുടുംബത്തില്‍ നിന്നു അണുകുടുംബത്തിലേക്കുള്ള പരിണാമവുമൊക്കെ നമ്മുടെ കുടുബ/വിവാഹ ബന്ധങ്ങലില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തി.

അമ്മുമ്മയും അപ്പൂപ്പനും അമ്മാമനും ഉല്‍പ്പെടെ ഒട്ടേറെ അംഗങ്ങളുണ്ടായിരുന്ന കൂട്ടുകുടുംബങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് മറ്റുള്ളവരോട് അതിരറ്റ വാല്സല്യവും അവര്‍ക്ക് തിരികെ ആഴത്തിലുള്ള സ്നേഹവും ഉണ്ടായിരുന്നു. ഏതൊരു അംഗത്തിന്‍റെ എന്തു പ്രശ്നവും കുടുംബാംഗങ്ങല്‍ പരസ്പരം അിറിഞ്ഞുംപറഞ്ഞും കേട്ട് പരിഹരിച്ചിരുന്നു. അതിലൂടെ ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവും ത്യാഗസന്നദ്ധതയും സഹനശക്തിയും ഓരോ വ്യക്തിയുടെയും ഗുണവിശേഷങ്ങളായി വളര്‍ന്നു. അതുകൊണ്ടുതന്നെ ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും മക്കളും തമ്മില്‍ അഭേദ്യമായൊരു വൈകാരിക ബന്ധം ഉണ്ടായിരുന്നു.

അച്ഛനും അമ്മയും ഒന്നോ രണ്ടോ കട്ടികളും ഉള്ള ഇന്നത്തെ അണുകുടുംബങ്ങളുടെ അവസ്ഥ ഇതല്ല. ഇവിടെ ഒരോരുത്തരും അവരുടെ ലോകത്താണ്. അവര്‍ക്ക് പരസ്പരം സംസാരിക്കുവാന്‍ പോലും സമയമില്ല. അച്ഛന്‍ എപ്പോഴും ബിസ്സിനസ്സ് തിരക്കിലും പലപ്പോഴും വിദേശത്തുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അമ്മ ജോലിഭാരം കൊണ്ട് തല നിവര്‍ത്താനാകാതെ നടക്കുന്നു. ഏകമകള്‍ ആണെങ്കില്‍ ഇന്റര്‍നെറ്റിന്‍റെ മാസ്മരിക ലോകത്തും.

ഇവിടെ കുടുംബം എന്ന സങ്കല്പത്തിന് സ്ഥനമെവിടെ? ഇവിടെ ദാമ്പത്തികബന്ധത്തിന്‍റെ നൈര്‍മല്യം എവിടെ? ഇവര്‍ക്കിടയില്‍ ഒരു അമ്മായി അമ്മ കൂടെ ഉണ്ടെങ്കില്‍ അവര്‍ 'മന്ഥര' യായി കുടുംബപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. പ്രായം ചെന്ന മാതാവോ പിതാമോ ഉണ്ടെങ്കിലോ അവര്‍ 'ഒരു പൊതുശല്യമായി'മാറുന്നു.

ഈ സാഹചര്യത്തിലാണ് ഗുരതരമായ പ്രശ്നങ്ങള്‍ പലതും തലപൊക്കുന്നത്. അവയുടെ അനന്തര ഫലം വൈവാഹിക ബന്ധങ്ങളുടെ വേര്‍പിരിയല്‍,  ആത്മഹത്യ പോലുള്ള സാമൂഹിക വിപത്തുകളാണ്.

വേര്‍പിരിയലിന് പ്രേരകമാകുന്ന കാര്യങ്ങള്‍;കാരണങ്ങള്‍

മനോവിജ്ഞാനികളും സാമൂഹിക ശാസ്ത്രരജ്ഞരും നിയമജ്ഞരുമൊക്കെ വിവാഹമോചനത്തിനു ഒട്ടേറെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്തവും സങ്കീര്‍ണവുമാണ് ദമ്പതികളെ വിവാഹമോചനത്തിലേക്ക് തള്ളിവിടുന്നതിനു പിന്നിലുള്ള കാരണങ്ങല്‍. ദാമ്പത്യബന്ധവൈകല്യങ്ങള്‍, വ്യക്തിപരമായ പ്രശ്നങ്ങള്‍,വൈയക്തിമായ അനുഭവങ്ങള്‍ എന്നിവയില്‍ അധിഷ്ഠിതമായ കാരണങ്ങള്‍ ഓരോ ദമ്പതിമാരിലും വ്യത്യസ്തമായിരിക്കും. വ്യത്യസ്ത പശ്ചാത്തലത്തില്‍ വിവാഹബന്ധങ്ങലെ ശിഥിലമാക്കി വിവാഹമോചനത്തിലേക്ക് തള്ളിവിടുന്ന കാരണങ്ങളില്‍ ചിലത് നോക്കുക:

* മാറിമറിയുന്ന കുടുംബ സങ്കല്പങ്ങള്‍

* ദാമ്പത്യജീവിതത്തിലെ അര്‍പ്പണ മനോഭാവരാഹിത്യം

* ലൈംഗികമായ പൊരുത്തക്കേടുകള്‍

* ശാരീരികവും മാനസികവും വൈകാരികവുമായ ദുഷ്ചെയ്തികള്‍

* ഇണയോടു കാണിക്കുന്ന വിശ്വാസവഞ്ചനയും കാപട്യവും

* ശരിയായ ആശയവിനിമയം ഇല്ലായ്മ

* അധാര്‍മികതമായ പ്രവൃത്തികള്‍

* ധനദുര്‍വിനിയോഗവും ധൂര്‍ത്തും

* സ്ഥിരമായ അമിതമദ്യപാനവും മയക്കുമരുന്ന് സേവയുും

* ഗാര്‍ഹിക പ്രശ്നങ്ങള്‍ ശരിയായി കൈകാര്യം ചെയ്യുവാനുള്ള കഴിവില്ലായ്മ

* ഗാര്‍ഹികകാര്യങ്ങലിലും സാമ്പത്തിക പ്രശ്നങ്ങലിലുമുള്ള വ്യത്യസ്ത കാഴ്ചപ്പാട്

* പരസ്പരം വിശ്വാസമില്ലായ്മ

* ശാരീരികവും മാനസിക പൊരുത്തക്കേടുകള്‍

* അവിബിതബന്ധങ്ങള്‍

* മാനസിക അസ്ഥിരതയും വൈകല്യങ്ങളും രോഗങ്ങളും

* ഇങ്ങനെ നീളുന്നു ഈ പട്ടിക.

ദാമ്പത്യബന്ധങ്ങള്‍ എന്നും ആനന്ദകരമാക്കാന്‍

വൈവാഹിക ബന്ധങ്ങള്‍ ആദ്യത്തെ ഏഴു വര്‍ഷത്തെ ആനന്ദത്തിനു ശേഷം ഒരു അസാധാരണ മരവിപ്പിലേക്കു വഴിമാറുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. പിന്നീട് ദമ്പതികളുടെ മുന്നില്‍ തെളിയുന്നത് പ്രധാനമായും രണ്ടുവഴികളാണ്-പരസ്പരം അഡ്ജസ്റ്റു ചെയ്തു ജീവിക്കല്‍ അല്ലെങ്കില്‍ തമ്മില്‍ വേര്‍പിരിയല്‍. മുന്‍കാലത്തെ വിവാഹമോചന കേസ്സുകള്‍ പരിശോധിച്ചാല്‍ പലതും ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമുള്ളതായിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ കാലപരിധി അഞ്ചുവര്‍ഷമായി കുറഞ്ഞതായികാണുന്നു. കേരളത്തിലെ പുതിയ കേസ്സുകളിലധികവും വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനിടയിലുള്ളതാണ്.

തിരക്കേറിയ ജീവിതത്തിനിടയില്‍ നമുക്ക് നഷ്ടപ്പെട്ടുപോകുന്ന അഥവാ നാം ഉപേക്ഷിച്ചു പോകുന്ന ചെറിയചെറിയ കാര്യങ്ങളാണ് പില്‍ക്കാലത്ത് ദാമ്പത്യജീവിതത്തെ വളരെ ദുഷ്കരം ആക്കിമാറ്റുന്നത്.വിഹാഹജീവിതം പ്രശ്നരഹിതവും നിത്യാനന്ദകരവുമാക്കാന്‍ ബോധപൂര്‍വമുള്ള ചില ചിന്തകളും പ്രവൃത്തികളും ആവശ്യമാണ്.

* ജീവിതചര്യയില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുക

* വല്ലപ്പോഴും ഭക്ഷണം പുറത്തുള്ള ഒരു റസ്റ്റോറന്‍റില്‍ ആക്കുക

* ഒഴിവുകാലങ്ങളില്‍ വീട്ടില്‍ ചടഞ്ഞിരിക്കാതെ ചെറുയാത്രകള്‍ ചെയ്യുക

* റോഡിലൂടെയും മറ്റും തൊട്ടുരുമിയും കൈകോര്‍ത്തും നടക്കുക

* ഗാര്‍ഹികവും ഇതരവുമായ എല്ലാകാര്യങ്ങളും പരസ്പരം തുറന്നു സംസാരിക്കുക

* സംഭാഷണത്തില്‍ ബോധപൂര്‍വം കളിതമാശകള്‍ ഉള്‍പ്പെടുത്തുക

* സംഭാഷണമോ പെരുമാറ്റമോ പങ്കാളിയെ വേദനിപ്പിച്ചാല്‍ പിന്‍വലിച്ച് ക്ഷമപറയുക

* തിരക്കിനിടയിലും സല്ലാപത്തിനും സ്വകാര്യ സംഭാഷണത്തിനുംസമയം കണ്ടെത്തുക

* വീട്ടില്‍ ഒരു നേരമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുക

* എപ്പോഴും പോസിറ്റീവായി ചിന്തിക്കുക, പ്രവൃത്തികളില്‍ സന്തോഷംകണ്ടെത്തുക

* കഴിവുകളേയും കുറവുകളേയും പരസ്പരം മനസിലാക്കി അംഗീകരിക്കുക

* പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കുക

* ആത്മവഞ്ചന ചെയ്യാതിരിക്കുക

* പ്രവൃത്തികളിലും പ്രതീക്ഷകളിലും ശുഭാപ്തി വിശ്വാസം പുലര്‍ത്തുക

* പര സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് ജീവിതത്തില്‍ ഇടം കൊടുക്കാതിരിക്കുക

ഒരുമിച്ചു ചുവടുവയ്ക്കാന്‍ കഴിയില്ലെങ്കില്‍ പിരിയാം!

ഇനി ഒരു ചുവടുപോലും ഒരുമിച്ചു മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് പരസ്പരം തിരിച്ചറിയുന്നവര്‍ക്ക് തമ്മില്‍ വേര്‍പിരിയാം. അതിന് നിയമത്തിന്‍റെ പിന്‍ബലമുണ്ട്. വിവാഹിതരുടെ പരസ്പര സമ്മതത്തോടെയുള്ള നിയമ പരമായ വേര്‍പിരിയലാണ് വിവാഹമോചനം(Divorce). വ്യത്യസ്ത വിവാഹാചാരങ്ങളുള്ള വിവിധ മതവിശ്വാസികളുടെ രാജ്യമാണ് ഇന്ത്യ. ഇവിടെ വിവാഹമോചനത്തിനും പ്രത്യേക നിയമങ്ങളുണ്ട്. Hindu Marriage Act 1955, Special Marriage Act 1956, Foreign Marriage Act 1969 എന്നിവയാണവ. നിയമപരമായ പരിരക്ഷ 'പൊരുത്തമില്ലാത്ത'വരുടെ വേര്‍പിരിയലിന്, വ്യക്തിയുടെ അവകാശം എന്ന പരിവേഷം വന്നിട്ടുണ്ട്

അതിനു മുമ്പ് ഒരു പരിചിന്തനം കൂടി

ഏതൊരു പ്രശ്നവും ശരിയായ വിധത്തില്‍ അപഗ്രഥിച്ച് നോക്കുമ്പോല്‍ സ്വാഭാവികമായും പരിഹാര മാര്‍ഗങ്ങള്‍ തെളിഞ്ഞുവരും. അതിനു നമുക്ക് കഴിയാതെ വരുമ്പോഴാണ് ഒരു പക്ഷേ, നാം വിപരീതതീരുമാനങ്ങളെടുക്കുന്നത്. നമ്മുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം കേള്‍ക്കാന്‍,  ഒരു പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ ഒരു പ്രൊഫഷണലിന്‍റെ സഹായം തേടിക്കൂടെ? അതിനുശേഷം നിങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്കുതന്നെ തീരുമാനം എടുക്കാം.

Click here to view/download the original article.

സന്ധ്യാറാണി.എല്‍

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More