വിവാഹേതര ബന്ധങ്ങൾ പെരുകുന്ന കേരളം

29 November, 2015 ((Our Article published in Arogyamangalam Magazine- November 2015))

കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹമോചന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. എന്തുകൊണ്ട് വിവാഹമോചനം വര്‍ധിക്കുന്നുവെന്ന ചോദ്യത്തിനു ഉത്തരംതേടി അധികം അലയേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ തന്നെയാണ് പ്രധാന കാരണം. പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കേണ്ട ദമ്പതികള്‍ ദാമ്പത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍ പറത്തി മുന്നേറുന്ന കാഴ്ച. അതെ, വിവാഹമോചനങ്ങള്‍ക്കൊപ്പം വിവാഹേതരബന്ധങ്ങളുടെയും സ്വന്തം നാടായി കേരളം മാറുകയാണ്. കാമുകന്‍റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിച്ച യുവതിയും മുന്‍കാമുകിയോടൊപ്പം ജീവിക്കാന്‍ തടസ്സം നിന്ന ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കുന്ന ഭര്‍ത്താവും വിദേശത്തുള്ള ഭര്‍ത്താവിനെ മറന്ന് തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനുമായി ഒളിച്ചോടുന്ന വീട്ടമ്മയും ഒരേ കട്ടിലിലില്‍ കിടക്കുന്ന ഭാര്യയെ ഉറക്കികിടത്തി അന്യസ്ത്രീകളുമായി ചാറ്റുചെയ്യുന്ന പുരുഷനുമെല്ലാം ഇന്നു കേരളീയ കുടുംബജീവിതത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാവുകയാണ്. ആരുടെ ഭാഗത്താണു ശരി, എവിടെയാണു തെറ്റ് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ വിവാഹേതരബന്ധങ്ങള്‍ അനസ്യൂതം തുടരുന്ന കാലമാണിത്. ഭര്‍ത്താവും ഭാര്യയും സ്വതന്ത്രരാവുകയും ഇരുവര്‍ക്കും വ്യക്തിഗത വരുമാനങ്ങളും സൗഹൃദങ്ങളും വര്‍ധിക്കുകയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നതോടെ കേരളത്തില്‍ അവിഹിതബന്ധങ്ങളുടെ ഗ്രാഫ് ഉയരുന്നുവെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മറ്റൊരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്ന അതിരുകവിഞ്ഞ താല്‍പര്യം എന്തുകൊണ്ട് സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ തോന്നുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം. അവിഹിതബന്ധങ്ങള്‍ ഒരിക്കലും ഹിതമല്ല എന്നിരിക്കെ അതു കുടുംബാന്തരീക്ഷത്തെ പൂര്‍ണമായും തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുമെന്ന് ആരും ചിന്തിക്കുന്നില്ല. പിന്നൊരിക്കലും കെട്ടിപ്പെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും ചിലപ്പോള്‍ ചിരകാല വേര്‍പിരിയലിലേക്കും അതുനയിക്കുമെന്നിരിക്കെ അവിഹിതബന്ധത്തിനു നിങ്ങള്‍ക്കു കൂട്ടൊരിക്കിയവര്‍പോലും ഇത്തരം പ്രതിസന്ധിയില്‍ കൂടെ ഉണ്ടായിരിക്കണമെന്നില്ല. വിവാഹേതരബന്ധങ്ങളില്‍ കുടുങ്ങി സ്വന്തം കുടുംബജീവിതം തന്നെ അപകടത്തിലാകുന്ന അവസ്ഥയില്‍ പരിഹാരംതേടി കൗണ്‍സിലിംഗ് സെന്‍ററുകളെ സമീപിക്കുന്ന സ്ത്രീ പുരുഷന്‍മാരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

കുടുംബജീവിതത്തിന്‍റെ നിര്‍വചനങ്ങള്‍ തിരുത്തുന്ന കാലം

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റം കേരളത്തിലെ കുടുംബാന്തരീക്ഷത്തിന്‍റെ കെട്ടുറപ്പിനെ തന്നെ മാറ്റികഴിഞ്ഞു. സമൂഹത്തെക്കാള്‍ വ്യക്തിക്കാണു പ്രാധാന്യമെന്ന അവസ്ഥ കൈവരികയും ലൈംഗിക സ്വാതന്ത്ര്യം അവകാശമായി പുതുതലമുറ ചിന്തിക്കുകയും ചെയ്തു തുടങ്ങി. ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ സാമ്പത്തിക സ്വയംപര്യാപ്തകൂടി കൈവന്നതോടെ സ്വാതന്ത്ര്യം ആര്‍ക്കും എവിടെയും എപ്പോഴും ആഘോഷിക്കാവുന്ന അവസ്ഥയിലെത്തി. പൊതുനിരത്തില്‍ പരസ്പരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന യുവതലമുറ ദാമ്പത്യം എന്ന പവിത്രമായ സങ്കല്‍പത്തെതന്നെ തല്ലിതകര്‍ക്കുകയാണ്. ജോലിസ്ഥലത്തും പുറത്തും അന്യപുരുഷനും അന്യസ്ത്രീക്കും പരസ്പരം ഇടപെഴകാനും ആഘോഷിക്കാനുമുള്ള സാഹചര്യങ്ങള്‍കൂടി വര്‍ധിച്ചതോടെ കുടുംബം എന്നത് രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കാണാമറയത്തിരുന്നു പരസ്പരം കണ്ടുസംസാരിക്കാവുന്ന വിധത്തിലേക്കു സാങ്കേതികവിദ്യ വളരുകയും ജോലിത്തിരക്കുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും ഇടയില്‍ ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുപോയതും വിവാഹേതരബന്ധങ്ങള്‍ക്കു വഴിയൊരുക്കി. സ്വകാര്യസ്ഥാപനങ്ങളിലെ ഷിഫ്റ്റ് സമ്പ്രദായം തമ്മില്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലേക്കു ദമ്പതികളെ കൊണ്ടെത്തിച്ചു. വിവാഹേതര ബന്ധങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ ഇന്നു വാര്‍ത്തകളാണെങ്കില്‍ നഗരങ്ങളില്‍ ഇന്ന് അതൊരു കേള്‍വിവാക്കുപോലും അല്ലാതായിരിക്കുന്നു.

വിവാഹേതരബന്ധങ്ങളുടെ സ്വന്തം കേരളം

ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുകയാണ്. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്വദിക്കുന്ന സാഹചര്യത്തില്‍വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇത്തരത്തില്‍ ഒരുവശത്ത് സദാചാര സംസ്കാരം തന്നെ തകര്‍ന്നടിയുമ്പോള്‍ മറ്റൊരുവശത്തു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും വഴിവിട്ട ബന്ധങ്ങള്‍ ഏറുകയാണ്. പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ ബന്ധുക്കളോടു പങ്കുവയ്ക്കുമായിരുന്നെങ്കില്‍ അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാന്‍, പ്രത്യേകിച്ചു കുടുംബിനികളായ സ്ത്രീകള്‍ക്ക് ഒരിടം ഇല്ലാതെ വന്നിരിക്കുന്നു. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫീലിങ് സാഡും ഫീലിങ് ആന്‍ഗ്രിയും പോലുള്ള സ്റ്റാറ്റസുകള്‍ അപ്ഡേറ്റ്ചെയ്യുന്നവരെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിനു അപരിചിതര്‍ വാട്സ് റോങ് വിത്ത് യു എന്നു ചോദിച്ചെത്തുന്ന കാലമാണിത്. ഇവരുടെ വഴിവിട്ടുള്ള ആശ്വാസ സാമിപ്യത്തില്‍ അകപ്പെട്ടുപോയി കഴിഞ്ഞാല്‍ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കു നയിക്കാനാണു സാധ്യത. പിന്നീടൊരിക്കല്‍ അവിഹിത ബന്ധത്തിനു തടസ്സം നേരിടുമ്പോള്‍ അയച്ച മെസ്സേജുകളും നഗ്നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും പലരും നേരിട്ട ദുരനുഭവമാണ്.

അവിഹിതബന്ധങ്ങള്‍ പ്രധാനകാരണം

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരള പൊലിസ് രജിസ്റ്റര്‍ ചെയ്തത് ആറായിരത്തിലേറെ ഒളിച്ചോട്ട കേസുകളാണ്. ഇതില്‍ അറുപത്തിയഞ്ച് ശതമാനത്തോളംപേരും വിവാഹിതരായ സ്ത്രീകളാണ്. മുപ്പത്തിയഞ്ച് ശതമാനം മാത്രമാണു അവിവാഹിതരായ പെണ്‍കുട്ടികളുടെ നിരക്ക്. വിവാഹിതരായ സ്ത്രീകളില്‍ പതിനഞ്ചു ശതമാനവും തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ യുവാക്കളോടൊപ്പമാണു ഒളിച്ചോടിയത്. ഇതില്‍ പത്തുശതമാനവും ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരാണ്. നൊന്തു പ്രസവിച്ച മക്കളെ വരെ ഉപേക്ഷിച്ചാണു പല അമ്മമാരുടെയും ഒളിച്ചോട്ടം. മരുമകളോ മകളോ ഒളിച്ചോടിയതിന്‍റെ പേരില്‍ വീടുവിറ്റ് നാട്ടില്‍നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളും നിരവധി. വിവാഹമോചന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വിവാഹേതരബന്ധം മുഖേനയുള്ള ഒളിച്ചോട്ട കണക്കുകളിലും മുന്നിലെത്താന്‍ മത്സരിക്കുകയാണ്. ഒരുവര്‍ഷം മുപ്പതിനായിരത്തിലേറെ വിവാഹമോചന കേസുകളാണു കുടുംബകോടതിയുടെ പരിഗണനയിലെത്തുന്നത്. അവിഹിതബന്ധങ്ങളാണ് ഇതില്‍ മിക്ക കേസുകളിലെയും പ്രധാന കാരണം.

എന്തുകൊണ്ട് വിവാഹേതര ബന്ധങ്ങള്‍?

സ്വന്തം പങ്കാളിയില്‍നിന്നുള്ള മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്പോഴോ പങ്കാളിയില്‍നിന്നും അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോഴോ ആണ് പലരും വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നത്. കിടപ്പറയിലെ പ്രശ്നങ്ങളും ഇതിനു ഒരു പരിധിവരെ കാരണമാകാം. ആഗ്രഹിക്കുന്ന സമയത്ത് പരിഗണനയും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ മനസ്സുകൊണ്ട് മറ്റൊരാളെ തിരഞ്ഞുപോകാം. അത്തരം വീര്‍പ്പുമുട്ടലുകളില്‍ അപ്രതീക്ഷിതമായെത്തുന്ന പരിചയക്കാരില്‍ ആകൃഷ്ടരാകപ്പെട്ടുവെന്നും വരാം. അവിടെ സ്വന്തം കുടുംബത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ ഒന്നും ചിന്തിച്ചുവെന്നും വന്നേക്കില്ല. ഈ അപ്രതീക്ഷിത സൗഹൃദം വഴിവിട്ടബന്ധമായി കലാശിക്കാന്‍ അധികം വൈകേണ്ടതില്ല. വിവാഹേതര ബന്ധങ്ങള്‍ക്കു അവഗണന ഒരു കാരണമാണെങ്കില്‍ ലൈംഗികമായോ ശാരീരികമായോ മാനസികമായോ പങ്കാളിയില്‍നിന്നും നിരന്തരം അനുഭവിക്കേണ്ടിവരുന്ന പീഡനമാണു മറ്റൊരു വസ്തുത. കൂടാതെ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു പങ്കാളിയില്‍നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോള്‍, തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയില്‍ അവനോ അവളോ മറ്റൊരാളോട് മനസ് തുറക്കാന്‍ ശ്രമിക്കാനും ഇടയുണ്ട്. ഇങ്ങനെ വന്നുചേരുന്ന സുഹൃത്തുക്കളില്‍ അന്യന്‍റെ കുടുംബപരാജയങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും ആശ്വാസം പകരുന്നുവെന്ന വ്യാജേന കിട്ടിയ അവസരം മുതലെടുക്കുന്ന സംഭവങ്ങളും വിരളമല്ല. വിരുന്നെത്തിയ സുഹൃത്തിനു ഹൃദയം കൈമാറികഴിയുമ്പോള്‍ സ്വന്തം പങ്കാളിയോട് തീര്‍ത്തും പകയും വെറുപ്പും വിദ്വേഷവും തുടങ്ങാന്‍ കാലതാമസമുണ്ടാകില്ല. ജോലിയുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ദൂരസ്ഥലത്തായിരിക്കുമ്പോള്‍ നേരംപോക്കിന് തുടങ്ങുന്ന ഫോണ്‍, ചാറ്റിങ് ബന്ധം ഭര്‍ത്താവ് തിരികെയെത്തുമ്പോള്‍ പിടിക്കപ്പെടുന്നതും ദീര്‍ഘനാളുകള്‍ക്കുശേഷം ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ അതുവരെ തുടര്‍ന്നുവന്നിരുന്ന അവിഹിതബന്ധം മുറിഞ്ഞുപോകുമോയെന്ന ഭയമൂലം ഒളിച്ചോടിപ്പോകുന്നതും കേരളത്തിലെ അനുഭവങ്ങളാണ്. അതേസമയം പുരുഷന്‍മാരെ വിവാഹേതരബന്ധത്തിനു പ്രേരിപ്പിക്കുന്ന നിരവധി സ്ത്രീകളും ഇവിടെയുണ്ട്. മാന്യമായി ജീവിക്കുന്ന പുരുഷന്‍മാരെയാണ് ഇത്തരക്കാര്‍ വലയില്‍ കുടുക്കുന്നത്. ഇവരുടെ സ്വാധീനത്തില്‍ വശംവദരായി തീര്‍ന്നു കഴിഞ്ഞാല്‍ ആത്യന്തികമായി അവര്‍ക്കു നഷ്ടപ്പെടുന്നതു സ്വന്തം കുടുംബം തന്നെയായിരിക്കും. ഈ പുരുഷന്‍മാര്‍ക്ക് അഭിമാന നഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും സാമ്പത്തിക നഷ്ടവും സംഭവിക്കാറുണ്ടെന്നത് മറ്റൊരു യാഥാര്‍ഥ്യം.

കുടുംബ ഘടന വിവാഹതേര ബന്ധങ്ങളുടെ മറ്റൊരു കാരണം

കൂട്ടുകുടുംബങ്ങളില്‍നിന്നും അണുകുടുംബങ്ങളിലേക്കും ഫ്ളാറ്റ് ജീവിതത്തിലേക്കും യൗവനങ്ങളെ പറിച്ചുനട്ടപ്പോള്‍ പ്രത്യേകിച്ചും തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ഏകാന്തത അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കമ്പ്യൂട്ടറിലും മൊബൈല്‍ഫോണിലും അഭയം തേടുന്ന അവര്‍ സംസാരിക്കാന്‍ ആരെയും തേടിപ്പോയേക്കാം. തന്നെ കേള്‍ക്കാനും പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനും ഇത്തരത്തില്‍ തേടുന്ന സൗഹൃദങ്ങളുടെ അങ്ങേത്തലക്കല്‍ തൊണ്ണൂറു ശതമാനവും ചതിക്കുഴികളായിരിക്കും. ഈ സാഹചര്യത്തില്‍ അവരെ തിരുത്താനോ നല്ല വഴി ഉപദേശിക്കാനോ ആരും കൂടെയില്ലാത്തത് കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന അവസ്ഥയിലെത്തിക്കും. അതേസമയം ഇന്ന് നല്ലൊരുഭാഗം സ്ത്രീകളും സ്വയംപര്യാപ്തരാണ്. അവരവുടെ ജീവിതത്തിനുവേണ്ട വരുമാനം അവര്‍ ജോലിചെയ്തുണ്ടാക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി ഒറ്റക്ക് പുറത്തുപോകുന്നു. ആരെ സുഹൃത്തായി സ്വീകരിക്കണമെന്നോ ആരോട് എന്ത് സംസാരിക്കണന്നോ അവര്‍ സ്വയം നിശ്ചയിക്കുന്നു. അവരുടെ സ്വകാര്യതയില്‍ ഭര്‍ത്താവിനുപോലും റോള്‍ ഇല്ലാതെ വരുന്നു. കുടുംബം എന്നത് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള മനസിലാക്കല്‍ ആണെന്നിരിക്കേ പരസ്പരം പങ്കുവയ്ക്കാന്‍ കഴിയാത്ത ഈ സ്വയംപര്യാപ്തതയും അപകടം തന്നെയാണ്.

കാരണങ്ങള്‍ നിങ്ങളുടേത് മാത്രമാണ്

വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നവര്‍ക്കു അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം. ആ കാരണങ്ങള്‍ അവരെ സംബന്ധിച്ചു ആ ബന്ധത്തെ ന്യായീകരിക്കാനുള്ള ഉപാധിമാത്രമാണെന്നു ഓര്‍മിക്കുക. നിങ്ങളുമായി ബന്ധമുള്ള ഒരു കുടുംബത്തെയോ സാമൂഹിക അവസ്ഥയേയോപോലും അത് തകര്‍ത്തുകളയും. വിവാഹേതര ബന്ധങ്ങള്‍ ഒരുതരത്തിലും നല്ലതല്ല. പരസ്പരം പൊരുത്തപ്പെടാന്‍ ഒരു രീതിയിലും കഴിയാത്ത സാഹചര്യത്തില്‍മാത്രം നിയമപരമായി ആ വിവാഹബന്ധം വേര്‍പെടുത്തിയശേഷം മറ്റൊരാളെ നിയമപരമായിതന്നെ ജീവിതത്തിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. വിവാഹിതരായിരിക്കേ ഒന്നിലേറെ പങ്കാളികളിലേക്കു ജീവിതം പറിച്ചുനടുന്ന പ്രവണത പാടില്ല. വിവാഹേതരബന്ധങ്ങളും തുടര്‍ന്നുള്ള ഒളിച്ചോട്ടവുമെല്ലാം കടുത്ത നിയമക്കുരുക്കുകളിലേക്കും സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും വഴിവെക്കുമെന്നിരിക്കെ അത്തരം ശ്രമങ്ങള്‍ക്കു മുതിരാതിരിക്കുന്നതു തന്നെയാണ് ഉത്തമം. വിവാഹവും കുടുംബജീവിതവുമെല്ലാം വെറും ലൈംഗികതക്കുവേണ്ടി മാത്രമാകരുത്. വിവാഹത്തിലൂടെ സ്ത്രീയും പുരുഷനും ഒന്നാകുന്നതും കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നതും വെറും ലൈംഗിക ഇച്ഛയുടെ പൂര്‍ത്തീകരണത്തിനു മാത്രമല്ലെന്നും മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ പരിപക്വതക്ക് സഹായിക്കുന്നതാണെന്നും മനസിലാക്കുക.

പുരുഷനും സ്ത്രീയും ഒരുപോലെ കുറ്റക്കാര്‍

സ്വന്തം ഭാര്യയെ വഞ്ചിച്ച് അന്യസ്ത്രീയുടെ പിന്നാലെ പോകുന്ന പുരുഷനും ഭര്‍തൃമതിയായിരിക്കേ അന്യന്‍റെ കിടപ്പറയിലേക്കു പോകുന്ന സ്ത്രീയും ഒരുപോലെ കുറ്റക്കാരാണ്. മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ പ്രലോഭനങ്ങള്‍ക്കു വശംവദരാകുകയോ പുരുഷന്‍മാര്‍ അവരെ ഇരയാക്കുകയോ ആണ് ചെയ്യുന്നത്. ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങള്‍ തുറന്നു പറഞ്ഞ് പരിഹരിക്കാനാണു ഭാര്യമാര്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ പ്രശ്നങ്ങള്‍ അന്യനാട്ടിലിരിക്കുന്ന ഭര്‍ത്താവിനു അയാളുടെ ജോലിതിരക്കിനിടയില്‍ ചിലപ്പോള്‍ മനസിലായിയെന്നു വരില്ല. അതേസമയം നിങ്ങളെ പ്രലോഭിക്കാനെത്തുന്ന അന്യപുരുഷന്‍മാരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയണം. ശക്തമായി പ്രതികരിച്ചാലോ ഭര്‍ത്താവ് ഉള്‍പ്പടെ കുടുംബത്തിലെ മുതിര്‍ന്നവരെ അറിയിച്ചാലോ തന്നെ ഇരയാക്കാന്‍ ശ്രമിക്കുന്ന പരപുരുഷന്‍മാരെ ഒഴിവാക്കാമെന്നിരിക്കേ, ദുര്‍ബല നിമിഷങ്ങളില്‍ അതിനു തയ്യാറാകാതിരിക്കുന്നതാണ് പ്രശ്നം. പക്ഷേ ചില സാഹചര്യങ്ങളില്‍ സ്ത്രീകളെമാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കുടുംബിനികളായ ഓരോ സ്ത്രീയുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. ഒരാള്‍ക്ക് സാമ്പത്തിക സുരക്ഷയാണ് ആവശ്യമെങ്കില്‍ മറ്റൊരാള്‍ക്ക് ആവശ്യം മാനസിക പിന്തുണയാണ്. മറ്റുചിലര്‍ക്കാകട്ടെ സ്വകാര്യമായ മറ്റുചില താല്‍പര്യങ്ങള്‍. ഇവിടെ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഭര്‍ത്താവിന് കഴിയാത്തതാണു പരാജയം. വിവാഹേതര ബന്ധങ്ങള്‍ക്കു വഴിതെളിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളും ഒരു പങ്കുവയ്ക്കുന്നുണ്ട്. കുടുംബിനികളായ സ്ത്രീകളെ സംബന്ധിച്ചു ടെലിവിഷന്‍ സീരിയലുകള്‍ക്ക് അടിമപ്പെട്ടാണു പലരുടെയും ജീവിതം. ചിലരാകട്ടെ ഇന്നും ചില നിലവാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങളിലെ പൈങ്കിളി സാഹിത്യത്തിനു പിന്നാലെ പോകുന്നു. അല്‍പംകൂടി വിദ്യാഭ്യാസബോധം ഉയര്‍ന്നവരാണെങ്കില്‍ ഇന്‍റര്‍നെറ്റിനെ കൂട്ടുപിടിക്കുന്നു. സീരിയല്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയും പ്രയോഗങ്ങളും സ്വന്തം കുടുംബത്തിലും പകര്‍ത്താന്‍ ശ്രമിക്കുന്നവരും വിരളമല്ല.

വിവാഹേതര ബന്ധങ്ങള്‍ ദുരന്തമാണ്; ഒഴിവാക്കുക

വിവാഹേതര ബന്ധങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ദുരന്തമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭ്യമായ അറിവുവച്ച് സ്വയം ചിന്തിച്ചുനോക്കുക. താത്കാലിക സന്തോഷത്തിനുവേണ്ടിയുള്ള വഴിവിട്ട ബന്ധങ്ങള്‍ ഭാവിയില്‍ കടുത്ത ദുരന്തങ്ങളാണു സമ്മാനിക്കുക. ചിലപ്പോള്‍ ഒരു നേരംപോക്കിനായി തുടങ്ങുന്ന ബന്ധം കുടുംബാന്തരീക്ഷത്തെ തകര്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിങ്ങള്‍ പകച്ചുനില്‍ക്കേണ്ടി വരും. അവിടെ സ്വന്തം കാല്‍ചുവട്ടിലെ മണ്ണുപോലും നഷ്ടപ്പെട്ട് നിങ്ങള്‍ നിസഹായരായി തീരും.

എങ്ങനെ കുടുംബജീവിതത്തിലേക്കു തിരിച്ചുവരാം?

തെറ്റുപറ്റിപ്പോയെന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. അത് പങ്കാളിയോടു തുറന്നു പറയുക. അയാളുടെ മാനസികബോധത്തെ തൃപ്തിപ്പെടുത്താനാകുംവിധം നിങ്ങളുടെ കുറ്റബോധം ആത്മാര്‍ഥമാണെങ്കില്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ ഒരു കുടുംബാന്തരീക്ഷം നിങ്ങള്‍ക്കു തിരിച്ചെടുക്കാനായേക്കും. ഭര്‍ത്താവിനോടുള്ള തുറന്നു പറച്ചില്‍ ആ വ്യക്തിയുടെ മാനസിക നിലവാരത്തെ ആശ്രയിച്ചിരിക്കുമെന്നിരിക്കേ, അനുകൂല സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. പക്ഷേ ഓര്‍മിക്കുക- വിവാഹേതര ബന്ധത്തില്‍ നിങ്ങള്‍ക്കു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്. വിവാഹമോചനം, കുട്ടികളുടെ ഭാവി, കുടുംബത്തിന്‍റെ സാമൂഹ്യസ്ഥിതി, ബന്ധുക്കള്‍ക്കുണ്ടാകുന്ന അപമാനം തുടങ്ങി ഒരുപാട് ഘടകങ്ങളെ നിങ്ങളുടെ അനാവശ്യബന്ധങ്ങള്‍ ബാധിക്കുമെന്നതില്‍ സംശയമില്ല. ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ക്കും ഈ വഴി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍തന്നെ സ്വയം ഒരു ഉദാഹരണമായി തീരുകയാണെന്നും മനസിലോര്‍ക്കുക. ഒളിച്ചോട്ടത്തിലോടെ നിങ്ങള്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടിയെ നിങ്ങളുടെ പങ്കാളികൂടി കൈവിടുകയാണെങ്കില്‍ അവരുടെ ഭാവി എന്തായിരിക്കുമെന്നുകൂടി ചിന്തിക്കുക.

വിവാഹേതര ബന്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

* പരസ്പരം ബഹുമാനിക്കുകയും ചെറിയ കാര്യങ്ങളാണെങ്കിലും അഭിനന്ദിക്കുകയും ചെയ്യുക.

* പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും മന:സാക്ഷിവെടിഞ്ഞു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

* എല്ലാക്കാലത്തും പരസ്പരം പ്രിയപ്പെട്ടവരാണെന്നു ഓര്‍മിക്കുക.

* തുറന്നു കേള്‍ക്കാനും മനസിലാക്കാനും ഒരുമിച്ചു ചെലവഴിക്കാനും സമയം കണ്ടെത്തുക.

* ഭാര്യയായാലും ഭര്‍ത്താവായാലും വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണ്. അതിനെ മാനിക്കുക.

* കടുംപിടുത്തം കുടുംബം തകര്‍ത്തേക്കും. അതിനാല്‍ ദുര്‍വാശി ഒഴിവാക്കുക.

* ഏതു വിഷയത്തിലായാലും പരസ്പരം അഭിപ്രായം തേടുന്നത് നല്ലതാണ്. പക്ഷേ അഭിപ്രായങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുത്.

* പരിധിവിട്ട ആഗ്രഹങ്ങള്‍ ഒഴിവാക്കുകയും കൈയിലൊതുങ്ങുന്ന ആഗ്രഹങ്ങള്‍ സാധിക്കാനും ശ്രമിക്കുക. സ്വപ്നങ്ങളും താത്പര്യങ്ങളും പറയാം

* ഒരിക്കലും പങ്കാളിയെ തരംതാഴ്ത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്.

* പരാതികളും കുറ്റങ്ങളും മാത്രം പറയുന്നത് വെറുപ്പിലേക്കേ വഴിതെളിക്കുകയുള്ളൂ

* കുറ്റങ്ങള്‍ കണ്ടെത്തിയാല്‍പോലും അത് തിരുത്താന്‍ ശ്രമിക്കുന്ന നല്ലൊരു സുഹൃത്താകുക.

* പങ്കാളിയുടെ സുഹൃത്തുക്കള്‍ ആരാണെന്നു പരസ്പരം അറിയുക. പങ്കാളി അറിയാത്ത ഒരു സുഹൃത്തും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുത്.

* സ്വകാര്യത പങ്കാളികള്‍ക്കു ഒരിക്കലും വ്യത്യസ്തമാകരുത്. അവിടെ മറച്ചുവയ്ക്കലുകള്‍ പാടില്ല.

* ഫേസ്ബുക്ക്, വാട്സ് ആപ്പ്, ജിമെയില്‍ അക്കൗണ്ടുകള്‍ സുതാര്യമായിരിക്കുക. പങ്കാളികളില്‍ ആര്‍ക്കും മറ്റൊരാളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ കഴിയണം.

* സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ക്കു പരിധി നിശ്ചയിക്കുക. സ്വന്തം കുടുംബത്തിന്‍റെ കഥപറയാനോ പങ്കാളിയുടെ കുറ്റങ്ങള്‍ പറയാനോഉള്ള ഇടമല്ല സോഷ്യല്‍ മീഡിയയെന്ന മനസിലാക്കുക.

ഓര്‍മിക്കാന്‍ മറ്റുചിലതുകൂടി

വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിങിനു വിധേയമായിരിക്കണം. കുടുംബജീവത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിനും കുടുംബത്തെ എങ്ങനെ മുന്നോട്ടു നയിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ രേഖാചിത്രം ഇത്തരം കൗണ്‍സിലിങ് ക്ലാസുകള്‍ നിങ്ങള്‍ക്കു നല്‍കും. വിവാഹത്തിനുമുമ്പ് പൂര്‍ണമായ ലൈംഗിക വിദ്യാഭ്യാസം നേടിയിരിക്കാന്‍ ശ്രമിക്കുക. ലൈംഗികമായ അറിവില്ലായ്മകളും തെറ്റിദ്ധാരണകളും അസംതൃപ്തമായ ജീവിതത്തിലേക്കു നയിക്കുമെന്നതിനാല്‍ വിവാഹേതരബന്ധങ്ങളിലേക്കു പങ്കാളി ചിന്തിച്ചുവെന്നുവരാം. മറ്റൊന്നു തന്‍റെ പങ്കാളിക്ക് അവിഹിതബന്ധമുണ്ട് എന്നറിയുന്നത് ചിലപ്പോള്‍ ചിലരെയെങ്കിലും മാനസികമായും തളര്‍ത്തിയേക്കാം. ഒന്നുകില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിവോ അല്ലെങ്കില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ പരാജയമാണെന്ന ബോധമോ വിഷാദരോഗം പോലെയുള്ള മാനസികാവസ്ഥയിലേക്കും നയിച്ചേക്കാം. സ്വന്തം വ്യക്തിത്വംപോലും നഷ്ടപ്പെട്ടുവെന്ന അവസ്ഥയില്‍ അവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാലും കുറ്റപ്പെടുത്തേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ ലൈംഗികരോഗങ്ങള്‍ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിതെളിക്കും. മറ്റൊന്നു അവിഹിതബന്ധത്തിനു നിങ്ങളെ ഇരയാക്കപ്പെടുന്ന ആള്‍ പണത്തിനോ സ്വത്തിനോ ശരീരത്തിനോ വേണ്ടി തുടര്‍ന്നു നടത്തുന്ന ബ്ലാക്ക് മെയിലിങ്. അവിടെയും എല്ലാത്തരത്തിലും നഷ്ടം നിങ്ങള്‍ക്കു മാത്രമാകും. ഒരു പങ്കാളിയെ മാത്രം ജീവിതത്തില്‍ കരുതുന്നത് വ്യക്തിജീവിതത്തിന്‍റെ ഉയര്‍ച്ചക്കും വ്യക്തിത്വവികസനത്തിനും ഉത്തമമാണെന്നും ഏതു പ്രശ്നങ്ങളിലും ഒരു ഉറച്ച സപ്പോര്‍ട്ട് ഉണ്ടാകുന്നതിനു സഹായകമാണെന്നും മനസ്സില്‍ കുറിക്കുക. അവിഹിതബന്ധങ്ങള്‍ ഒരിക്കലും നിങ്ങളുടെ നല്ലതിനാകില്ല എന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

Click here to view/download the original article.

Sandhya Rani .L

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • ALL YOU NEED TO KNOW ABOUT SEASONAL DEPRESSION

  Read More

 • THINGS THAT WORRY YOUNG CHILDREN

  Read More

 • SELF ACCEPTANCE IS YOUR SUPERPOWER

  Read More

 • IMPACT OF PARENTAL MENTAL HEALTH ON CHILDREN

  Read More