ജോലി ആസ്വദിക്കാം ഒപ്പം ജീവിതവും..

(Our Article published in Ayurarogyam Magazine - January 2016)

ആധുനികലോകം നിരവധി തൊഴില്‍സാധ്യതകളാണ് നമുക്കു മുന്നില്‍ തുറന്നിടുന്നത്. ഇന്‍റര്‍നെറ്റിന്‍റേയും സോഷ്യല്‍മീഡിയയുടേയും വളര്‍ച്ച പുതിയ അനേകം ജോലികള്‍ക്ക് വഴിയൊരുക്കുന്നു. എന്നാല്‍ മാറിവരുന്ന ഈ തൊഴില്‍സാഹചര്യങ്ങളോടൊപ്പം ജോലിസ്ഥലത്തെ മാനസികപിരിമുറുക്കവും വര്‍ദ്ധിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജോലിഭാരം കൂടുന്നതും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകാത്തതും സാമ്പത്തികകാരണങ്ങളുമെല്ലാം മാനസികപിരിമുറുക്കത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്. ചെറിയതോതിലുള്ള ടെന്‍ഷനുകള്‍ എല്ലാ ജോലിയിലും സാധാരണമാണെങ്കിലും അത് വ്യക്തിയുടെ മാനസികാരോഗ്യത്തേയും കുടുംബജീവിതത്തേയുമെല്ലാം ബാധിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകുന്നത്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നോട്ടു പോകാനുള്ള കഴിവാണ് ഒരു വ്യക്തിയുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കുന്നത്. ജോലിസ്ഥലത്തെ ടെന്‍ഷന്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല എന്ന് അംഗീകരിക്കുകയാണ് ആദ്യപടി. ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ മാനസികപിരിമുറുക്കം കുറയ്ക്കാന്‍ ശ്രമിക്കാം.

ടെസ്സിന്‍റെ അനുഭവം ഒരു പാഠം

പഠിക്കാന്‍ മിടുക്കിയായിരുന്നു ടെസ്സിന്‍. ഇടത്തരം കുടുംബത്തില്‍ ജനിച്ച അവള്‍ പഠനം കഴിഞ്ഞയുടന്‍ ബാംഗ്ലൂരിലെ ഒരു പ്രമുഖ ഐ.ടി കമ്പനിയില്‍ ജോലി നേടി. ഉയര്‍ന്ന വരുമാനം, പുതിയ സുഹൃത്തുക്കള്‍... ജീവിതത്തിലെ ആദ്യമൂന്നു വര്‍ഷം അങ്ങനെ കടന്നു പോയി. പെട്ടെന്നാണ് തൊഴില്‍സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്. പുതിയ പ്രൊജക്ടൊന്നും ഇല്ലാത്ത അവസ്ഥ. ജോലി നഷ്ടപ്പെടുമോ എന്ന ചിന്ത അവളെ അലട്ടി. വീട്ടിലേയ്ക്ക് ഫോണ്‍ വിളിക്കാതായി. താമസസ്ഥലത്തും ഓഫീസിലും നിസ്സാരകാരണങ്ങള്‍ക്ക് വഴക്ക് പതിവായി. സുഹൃത്തുക്കള്‍ മുഖാന്തരം മകളുടെ അവസ്ഥ മനസ്സിലാക്കിയ വീട്ടുകാരാകട്ടെ നിര്‍ബന്ധിച്ച് അവളെ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. അയല്‍പ്പക്കത്തുള്ളവരുടേയും ബന്ധുക്കളുടേയും മുന്നില്‍ അവള്‍ ജോലിനഷ്ടപ്പെട്ടവളായി. ഇതിനിടെയാണ് വീട്ടുകാര്‍ വിവാഹത്തിനു നിര്‍ബന്ധിച്ചു തുടങ്ങിയത്. പുതിയൊരു ജീവിതത്തിലേയ്ക്കു കടക്കുന്നതോടെ എല്ലാം ശരിയാകുമെന്ന് അവര്‍ കണക്കുകൂട്ടി. എന്നാല്‍ ആ അവസ്ഥയില്‍ ഒരു വിവാഹം അവള്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. സ്വന്തമായി വരുമാനം ഇല്ലാതെ മറ്റൊരാളെ ആശ്രയിച്ചൊരു ജീവിതം തനിക്കു വേണ്ട എന്ന് ടെസ്സിന്‍ വാശിപിടിച്ചു. ഇത് ഉള്‍ക്കൊള്ളാനാകാത്ത വീട്ടുകാരാകട്ടെ അവളെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. ഇത് വീട്ടുകാരില്‍ നിന്ന് അവളെ മാനസികമായി അകറ്റി. വീട്ടില്‍ ആരോടും അവള്‍ മിണ്ടില്ലെന്നായി. മകളുടെ പ്രശ്നം തിരിച്ചറിഞ്ഞ് അവള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതിന് പകരം അവളെ മറ്റൊരു ജീവിതത്തിലേയ്ക്ക് തള്ളിവിടാന്‍ ശ്രമിച്ചതാണ് വീട്ടുകാര്‍ ചെയ്ത തെറ്റ്. വരാന്‍ പോകുന്ന പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നതിനു പകരം അവിടെ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചതാണ് ടെസ്സിന്‍റെ കുഴപ്പം. ഇരുകൂട്ടരോടും പലതവണ സംസാരിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. മറ്റൊരു കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് ടെസിന്‍ ഇപ്പോള്‍. തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു.

ലക്ഷണങ്ങള്‍ തിരിച്ചറിയാം

ജോലിസ്ഥലത്തെ മാനസികപിരിമുറുക്കം ഓരോ വ്യക്തിയേയും ഓരോ തരത്തിലാവും ബാധിക്കുക. ചിലര്‍ പെട്ടന്ന് നിരാശരാവുകയും മറ്റുള്ളവരില്‍ നിന്നു വിട്ടുമാറി എപ്പോഴും ഒറ്റയ്ക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ വേറെ ചിലരാകട്ടെ ചെറിയ കാര്യങ്ങള്‍ക്ക് ക്ഷോഭിക്കുകയും ചുറ്റും ഉള്ളവരെയെല്ലാം ശത്രുക്കളാക്കുകയും ചെയ്യും. മാനസികപിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുകയും അലസജീവിതം നയിക്കുകയും ചെയ്യുന്നവരും ഉണ്ട്. അസഹിഷ്ണുത, പെട്ടന്നുണ്ടാകുന്ന ദേഷ്യം, തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ദഹനകുറവ്, വിഷാദം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മദ്യത്തിന്‍റേയും ലഹരിമരുന്നുകളുടേയും അമിതോപയോഗം, ജോലിയിലെ മോശംപ്രകടനം, ശ്രദ്ധക്കുറവ് എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍. അമിതമായ മാനസികപിരിമുറുക്കം ആത്മഹത്യയ്ക്കു വരെ കാരണമായേക്കാം. മാനസികപിരിമുറുക്കത്തിന്‍റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ തിരിച്ചറിയുകയും മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയുമാണ് വേണ്ടത്.

തുറന്നു സംസാരിക്കാം

ജോലിയില്‍ പലപ്പോഴും പിരിമുറുക്കം അനുഭവപ്പെടുന്നത് തുറന്ന സംസാരങ്ങള്‍ കുറയുമ്പോഴാണ്. നിങ്ങളെ ഒരു ജോലി ഏല്‍പ്പിക്കുമ്പോള്‍ തന്നെ അത് എത്ര സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും, എന്തൊക്കെ ചെയ്യേണ്ടതുണ്ട് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തണം. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ബോസുമായി സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുക. ഏല്‍പ്പിച്ചിരിക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ അത്രയും സമയം മതിയാകില്ല എന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ കുറച്ചു കൂടി സമയം വേണ്ടിവന്നേക്കും എന്ന് സൂചിപ്പിക്കാനും മടിക്കേണ്ട. തീരില്ല എന്ന് ഉറപ്പുള്ളൊരു കാര്യം ഏറ്റെടുത്ത് മാനസികപിരിമുറുക്കവും സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്‍റെ പ്രശ്നവും വരുത്തിവയ്ക്കുന്നതിലും നല്ലതാണ് ആദ്യമേ ഇക്കാര്യത്തില്‍ സാവകാശം കിട്ടാന്‍ ഇടയുണ്ടോ എന്ന് ചോദിക്കുന്നത്. ഇതിനര്‍ത്ഥം ജോലിയിലെ വെല്ലുവിളികളെ ഏറ്റെടുക്കരുത് എന്നല്ല. ജോലിയിലെ വെല്ലുവിളിയെ (ഖീയ ഇവമഹഹലിഴല) പലപ്പോഴും മാനസിക പിരിമുറുക്കമായി (ഖീയ ൃലെേൈ) തെറ്റിദ്ധരിക്കാറുണ്ട്. ജോലിയിലെ വെല്ലുവിളികള്‍ നല്ലതാണ്. അവ നിങ്ങളുടെ അറിവും ജോലി നൈപുണ്യവും കൂട്ടാന്‍ സഹായിക്കും. അത്തരത്തില്‍ ജോലിയിലെ വെല്ലുവിളിയെ ഏറ്റെടുത്താല്‍ അത് പൂര്‍ത്തീകരിക്കുമ്പോള്‍ സന്തോഷവും സമാധാനവും അനുഭവപ്പെടും. എന്നാല്‍ മാനസികപിരിമുറുക്കം നെഗറ്റീവ് എനര്‍ജിയാണ് കൊണ്ടുവരുന്നത്. ഓഫീസിലെ പ്രശ്നങ്ങള്‍ക്ക് കഴിയുന്നതും അവിടെ തന്നെ പരിഹാരം കാണാന്‍ ശ്രമിക്കുക. സഹപ്രവര്‍ത്തകരുമായും ബോസുമായും നല്ലൊരു ബന്ധം നിലനിര്‍ത്തുക. പുതിയ ജോലി സാഹചര്യങ്ങളില്‍ നിങ്ങള്‍ എത്രത്തോളം ജോലി ചെയ്യുന്നു എന്നതല്ല ഒരു ടീമില്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് വിലയിരുത്തപ്പെടുന്നത്. എല്ലാവരും ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ പരസ്പരം ഉള്ള ആശയവിനിമയം ഏറെ പ്രധാനമാണ്. അവിടെ മാറിനിന്നിട്ട് പ്രയോജനമില്ല. ടീമിലെ ഒരു വ്യക്തിയുമായി നിങ്ങള്‍ക്ക് ജോലിസംബന്ധമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് തുറന്നു പറയുമ്പോള്‍ ഏറെ ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അതു വ്യക്തിവൈരാഗ്യമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അങ്ങനെ ഗ്രൂപ്പിലെ ഒരാളുമായി അകന്നു കഴിഞ്ഞാല്‍ ജോലിയിലും ആ ടീമിലും അതു പ്രതിഫലിക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ജോലിയുടെ ഓരോ ഘട്ടത്തിലും കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതാണ് നല്ലത്.

ഇഷ്ടങ്ങള്‍ ഉപേക്ഷിക്കരുത്

"പെയിന്‍റിങ് ആയിരുന്നു എനിക്ക് ഇഷ്ടം. പക്ഷേ വീട്ടുകാര്‍ നിര്‍ബന്ധിച്ചു ബാങ്ക് പരീക്ഷ എഴുതിച്ചു. ഇപ്പോള്‍ ജീവിതം ഒരു കണക്കുപുസ്തമായി " ഒരു പ്രമുഖ പൊതുമേഖലാബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി ജോലി നോക്കുന്ന പെണ്‍കുട്ടി ഏറെ സങ്കടത്തോടെയാണ് അത് പറഞ്ഞത്. ഇവിടെ മനസ്സിലാക്കാതെ പോകുന്ന കാര്യം ജോലി നേടി എന്നതു കൊണ്ട് നിങ്ങളുടെ ഇഷ്ടങ്ങളെ എല്ലാം പിഴുതു കളയണമെന്നില്ല എന്നതാണ്. ഒഴിവുവേളകളില്‍ പെയിന്‍റിങിന് സമയം കണ്ടെത്താവുന്നതേയുള്ളൂ. നിങ്ങളുടെ താത്പര്യം എഴുത്തോ നൃത്തമോ ഡിസൈനിങോ ഫോട്ടോഗ്രാഫിയോ അങ്ങനെ എന്തുമാകട്ടെ, ജോലിയുടെ ഇടവേളകളില്‍ അല്പസമയം അതിനായി നീക്കി വയ്ക്കുക. അത് മാനസികപിരിമുറുക്കം അകറ്റാന്‍ സഹായിക്കും. നിങ്ങളുടെ ആ ഇഷ്ടങ്ങള്‍ക്ക് കിട്ടുന്ന ചെറിയ അംഗീകാരം പോലും വലിയ ആത്മവിശ്വാസം നേടിത്തരും. നിങ്ങള്‍ എഴുതിയ ചെറിയ കുറിപ്പുകള്‍ ഒരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം. വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വയ്ക്കാം. ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ജീവിതത്തില്‍ നിന്ന് വലിയൊരു മോചനമായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനോടൊപ്പം സമാനതാത്പര്യക്കാരായ സുഹൃത്തുക്കളേയും കണ്ടെത്താം. അവരോടു സംസാരിക്കുന്നതും വര്‍ക്ക്ഷോപ്പുകളിലോ സെമിനാറുകളിലോ ഒക്കെ പങ്കെടുക്കുന്നതുമെല്ലാം പോസിറ്റീവ് എനര്‍ജി നല്‍കും.

കഴിവുകള്‍ തേച്ചുമിനുക്കണം

ജോലി നേടിക്കഴിഞ്ഞാല്‍ അലസമായി ജീവിതം മുന്നോട്ടുപോകും. പലരുടേയും അനുഭവം ഇതാണ്. പകല്‍ ഓഫീസില്‍, വൈകിട്ട് ടി.വി അല്ലെങ്കില്‍ സോഷ്യല്‍മീഡിയ പിന്നെ ഉറക്കം. ഇതാണ് മിക്കവരുടേയും ദിനചര്യ. ഇതിനിടയില്‍ ജോലിസാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. പുതിയ ജോലിസാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാന്‍ പറ്റാത്തതാണ് ഒരു വിഭാഗം ആളുകളില്‍ മാനസികപിരിമുറുക്കം സൃഷ്ടിക്കുന്നത്. മാറുന്ന ജോലിയ്ക്ക് അനുസരിച്ച് നാമും മാറുക മാത്രമാണ് ഏക പോംവഴി. ജോലി നേടിക്കഴിഞ്ഞാലും പുതിയ അറിവുകള്‍ സമ്പാദിച്ചു കൊണ്ടേ ഇരിക്കുക. ഓഫീസില്‍ തന്നെ നടക്കുന്ന സ്കില്‍ ഡെവലപ്പ്മെന്‍റ് പ്രോഗ്രാമുകളില്‍ പ്ങ്കെടുക്കുക. പറ്റുമെങ്കില്‍ താത്പര്യമുള്ള ഏതെങ്കിലും മേഖലയില്‍ ഒരു ഷോര്‍ട്ട് ടേം കോഴ്സിന് ചേരുക. പലയിടങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കായി ഈവനിംഗ് ക്ലാസുകള്‍ ഉണ്ട്. ജോലിയില്‍ ഒരു പ്രതിസന്ധി വരുമ്പോള്‍ മാത്രം അതെപ്പറ്റി ചിന്തിച്ചിട്ടു കാര്യമില്ല. ഈ മേഖലയില്‍ അല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ ഒരു ജോലി സമ്പാദിക്കാന്‍ കഴിയും എന്ന വിശ്വാസം മാനസികപിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. കഴിവുകള്‍ വളര്‍ത്താനും മാറുന്ന ജോലിസാഹചര്യങ്ങളുമായി പെട്ടന്ന് ഇണങ്ങി ചേരാനും കഴിയുന്നവരെയാണ് എല്ലാ കമ്പനികള്‍ക്കും വേണ്ടത്. അതുകൊണ്ട് ജീവിതം ഒരുപൊടിപിടിച്ച പാത്രം പോലെ ആകരുത്. എപ്പോഴും തേച്ചുമിനുക്കി കൊണ്ടിരിക്കണം നിങ്ങളുടെ കഴിവുകള്‍.

സൗഹൃദങ്ങള്‍ വളര്‍ത്താം

ഓഫീസില്‍ നല്ല സുഹൃത്തുക്കളെ സമ്പാദിക്കാം. ആരോടും മിണ്ടാനില്ലാത്ത ഒരു ഓഫീസിലേയ്ക്ക് പോകണമെന്ന ചിന്ത തന്നെ നിങ്ങളില്‍ പിരിമുറുക്കം സൃഷ്ടിക്കും. വിശേഷങ്ങള്‍ പറയാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും കുറച്ചു നല്ല സുഹൃത്തുക്കളുണ്ടെങ്കില്‍ ഓഫീസില്‍ പോകാന്‍ ഒരു ഉന്‍മേഷം അനുഭവപ്പെടും. നിങ്ങളെ മനസ്സിലാക്കാന്‍ കഴിയുന്നവരാകണം സുഹൃത്തുക്കള്‍. എല്ലാവരുമായും അടുത്ത സൗഹൃദം സ്ഥാപിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അടുത്തസുഹൃത്തുക്കളായി ഒന്നോ രണ്ടോ പേരെ കണ്ടെത്താം. ഓഫീസില്‍ അനുഭവപ്പെടുന്ന ടെന്‍ഷനെ കുറിച്ച് അവരോട് തുറന്നു സംസാരിക്കാം. സുഹൃത്തുക്കള്‍ക്ക് ചിലപ്പോള്‍ ആ പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാന്‍ കഴിഞ്ഞേക്കും. ഒന്നുമില്ലെങ്കിലും പ്രശ്നങ്ങള്‍ ഒരാളോടു തുറന്നു പറഞ്ഞു എന്ന ചിന്ത തന്നെ നിങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും. പ്രശ്നങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തന്നെ അതൊരിക്കലും ഒരു ഗോസിപ്പോ ബോസിനെ കുറിച്ചുള്ള കുറ്റമോ ഒന്നും ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു വ്യക്തിയുടെ കുറ്റമോ ഗോസിപ്പോ പറയുന്നത് ഒരിക്കലും പോസിറ്റീവ് എനര്‍ജി കൊണ്ടുവരികയില്ല. എന്നിരുന്നാലും ചിലര്‍ എപ്പോഴും മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്ന സ്വഭാവക്കാരായിരിക്കും. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക. നിങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കുകയും പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിക്കുകയും ചെയ്യുമെന്ന് ഉറപ്പുള്ളവരെ മാത്രം അടുത്തസുഹൃത്തുക്കളാക്കുക.

സ്മാര്‍ട് വര്‍ക്ക്

വിജയിക്കണമെങ്കില്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യണമെന്നാണ് പണ്ടൊക്കെ ക്ലാസുകളില്‍ പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇക്കാലത്ത് ജോലിയില്‍ വിജയിക്കാന്‍ സ്മാര്‍ട്ട് വര്‍ക്കാണ് വേണ്ടത്. രാത്രിവൈകുവോളം ഓഫീസില്‍ ഇരിക്കുന്നവരെ അല്ല കമ്പനിയ്ക്ക് ആവശ്യം. മറിച്ച് ഏല്‍പ്പിച്ച ജോലി കൃത്യതയോടെ സമയത്ത് പൂര്‍ത്തീകരിക്കുന്നവരേയാണ്. ഒരു ദിവസം നിങ്ങള്‍ക്കു പൂര്‍ത്തീകരിക്കേണ്ട ജോലികള്‍, മീറ്റിങ്ങുകള്‍, കാണേണ്ട വ്യക്തികള്‍ തുടങ്ങിയവയെ കുറിച്ച് വ്യക്തമായ ധാരണവേണം. അതിനു വേണ്ടിവരുന്ന സമയവും ഒരു ദിനം തുടങ്ങുമ്പോള്‍ തന്നെ കണക്കാക്കുക. അങ്ങനെ വരുമ്പോള്‍ വെറുതേ സമയം പാഴാക്കുന്നത് ഒഴിവാക്കാന്‍ കഴിയും. ഏല്‍പ്പിച്ച ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുമ്പോഴാണ് കൂടുതല്‍ സമയം ഓഫീസില്‍ ചെലവഴിക്കേണ്ട അവസ്ഥ ഉണ്ടാകുന്നത്. കുടുംബത്തിനോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ചെലവഴിക്കേണ്ട സമയത്ത് ഓഫീസില്‍ ഇരിക്കേണ്ടി വരുന്നു. വിനോദങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയാതെ വരുന്നു. മാനസികപിരിമുറുക്കത്തിന് മറ്റൊരു കാരണം ഇതാണ്. ഒരു ദിവസത്തിന്‍റെ ഭൂരിഭാഗം സമയവും ഓഫീസില്‍ ചെലവഴിച്ചാല്‍ ജോലിയും ജീവിതവും മടുക്കുമെന്ന് ഉറപ്പ്. സമയനിഷ്ഠ പാലിക്കുകയും ജോലിയോടൊപ്പം വിനോദത്തിനും സമയം കണ്ടെത്തുകയും മാത്രമാണ് പോംവഴി. രാവിലെ നേരത്തെ തന്നെ ഓഫീസില്‍ എത്താന്‍ ശ്രദ്ധിക്കുക. ഓഫീസ് ടൈം അടുക്കുമ്പോഴത്തെ ഓട്ടപ്പാച്ചില്‍ ഒഴിവാക്കിയാല്‍ തന്നെ പകുതി ടെന്‍ഷന്‍ കുറയും. ഓഫീസില്‍ ഒരേ ഇരിപ്പില്‍ നീണ്ട നേരം ഇരിക്കാതെ ഇടയ്ക്കു എഴുന്നേറ്റു നടക്കാന്‍ ശ്രദ്ധിക്കുക. ഉച്ചഭക്ഷണം ക്യാബിനില്‍ ഇരുന്ന് കഴിക്കാതെ കാന്‍റീനിലോ ഹാളിലോ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കഴിക്കാന്‍ നോക്കുക. ഒരു ജോലി പൂര്‍ത്തിയാക്കി കഴിഞ്ഞ് അഞ്ചുമിനിറ്റ് വിശ്രമിക്കുന്നത് വീണ്ടും ഊര്‍ജ്വസ്വലരാകാന്‍ സഹായിക്കും.

ഭക്ഷണം പ്രധാനം

ജോലിസ്ഥലത്തെ മാനസികപിരിമുറുക്കം പലപ്പോഴും ഭക്ഷണരീതിയെ സ്വാധീനിക്കാറുണ്ട്. ചിലരില്‍ ഇത് വിശപ്പില്ലായ്മയായാണ് കാണുന്നത്. അവര്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. ഇത്തരക്കാര്‍ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതു മൂലം കൂടുതല്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടും. എന്നാല്‍ മറ്റു ചിലരാകട്ടെ ടെന്‍ഷന്‍ വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കും. രണ്ടും ഒരുപോലെ അപകടകരമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മാനസികപിരിമുറുക്കം ഒരളവ് വരെ കുറയ്ക്കാന്‍ സഹായിക്കും. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഷുഗര്‍ ലെവല്‍ നിലനിര്‍ത്തുകയും ഊര്‍ജം നല്‍കുകയും ചെയ്യും. മാനസികപിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ മദ്യത്തേയും പുകവലിയേയും ആശ്രയിക്കുന്നവരുണ്ട്. ഇത് താത്കാലികമായി മാനസികപിരിമുറുക്കത്തിന് ആശ്വാസം നല്‍കിയേക്കാമെങ്കിലും ഭാവിയില്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജോലിയിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനായി തുടങ്ങി സ്ഥിരമായി മദ്യത്തിനും പുകവലിയ്ക്കും അടിമപ്പെട്ടു പോകുന്നവരുണ്ട്. കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളില്‍ വിള്ളല്‍ വീഴാനും മാനസികപിരിമുറുക്കം കൂട്ടാനും മാത്രമേ ഇത് ഉപകരിക്കൂ. ഭക്ഷണം കൃത്യമായി കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തുള്ള ഉറക്കവും. ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങുന്നത് ആശ്വാസവും ഉന്‍മേഷവും നല്‍കും.

വേണം ബ്രേക്ക്

ജോലി ചെയ്യുന്നതു പോലെ തന്നെ പ്രധാനമാണ് ബ്രേക്ക് എടുക്കുന്നതും. അവധി ദിനങ്ങള്‍ കഴിയുന്നതും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ശ്രമിക്കുക. മാസത്തില്‍ ഒരിക്കല്‍ എങ്കിലും ചെറിയ യാത്രകള്‍ നടത്തുക. യാത്രകള്‍ക്ക് മനസ്സിനെ സുഖപ്പെടുത്താന്‍ കഴിയും. രാവിലെയോ വൈകിട്ടോ കുറച്ചു നേരം നടക്കുന്നത് ശീലമാക്കുക. യോഗ, ഡാന്‍സ്, നീന്തല്‍ അങ്ങനെ എന്തെങ്കിലും പരിശീലിക്കുക. ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കുട്ടികള്‍ക്കൊപ്പം അല്പനേരം കളിക്കാം. കുടുംബാങ്ങളും മറ്റുള്ളവരും ഉള്‍പ്പെടുന്ന ശക്തമായ ഒരു സൗഹൃദവലയം ഉണ്ടാക്കാം. ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം അവരോട് സംസാരിക്കാം. നേരിട്ട് കാണാനോ ഫോണ്‍ വിളിക്കാനോ പറ്റിയില്ലെങ്കില്‍ പോലും മെസ്സേജോ മെയിലോ ചാറ്റിങോ വഴി ബന്ധം നിലനിര്‍ത്താം. ജോലിയ്ക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം ജീവിതത്തിലെ സന്തോഷങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. അപ്പോള്‍ മാത്രമേ ജോലിയിലും ജീവിതത്തിലും വിജയിക്കാനാവൂ.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

സന്ധ്യാറാണി.എല്‍

Child & Family Counsellor
Consolace Counselling Services

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More