ഒറ്റയ്ക്കാണെന്ന തോന്നലുണ്ടോ.

(Our Article published in Ayurarogyam Magazine - February 2016)

കുടുംബവും കുട്ടികളും ബന്ധുമിത്രാദികളുമെല്ലാം ഉള്‍പ്പെടുന്നൊരു ജീവിതമാണ് ഭൂരിഭാഗം മനുഷ്യരുടേയും സ്വപ്നം. എന്നാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന അല്ലെങ്കില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ചെറിയൊരു വിഭാഗമുണ്ട്. ഇതില്‍ ആദ്യത്തെ വിഭാഗക്കാര്‍ ജീവിതസാഹചര്യങ്ങള്‍ കാരണം ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ്. എന്നാല്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ സ്വയം തീരുമാനിച്ചിറങ്ങിയവരാണ് രണ്ടാമത്തെ കൂട്ടര്‍. എന്തുതന്നെ ആയാലും ഇവരില്‍ മിക്കവരും സാധാരണജീവിതം നയിക്കുന്നവരേക്കാള്‍ മാനസികആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായാണ് കണ്ടുവരുന്നത്. വിഷാദം, അമിതമായ ഉത്കണ്ഠ, ഹൃദയാഘാതം, ക്ഷീണം, ഉറക്കമില്ലായ്മ, തൂക്കത്തില്‍ പെട്ടന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി ആത്മഹത്യാപ്രവണത വരെ ഇവരില്‍ കൂടുതലായി കണ്ടുവരുന്നു. ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ മാനസിക, ആരോഗ്യ സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

" ഒരു ദിവസം ഉച്ചതിരിഞ്ഞാണ് ആ സ്ത്രീ എന്നെ കാണാന്‍ വന്നത്. അവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. ഇരുവരും കുടുംബവുമൊത്ത് വിദേശത്താണ് താമസം. രണ്ടു വര്‍ഷം മുന്‍പ് അവരുടെ ഭര്‍ത്താവ് മരിച്ചു. ആദ്യത്തെ ഒരു മാസം ബന്ധുക്കളില്‍ പലരും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തനിച്ചായി. മക്കളും തിരകെ പോയി. ആദ്യമൊക്കെ ഭീതിയായിരുന്നു. രാത്രി ഉറക്കമേയില്ല. രാത്രി ലാന്‍ഡ് ഫോണ്‍ റിങ് ചെയ്താല്‍ പോലും എടുക്കാന്‍ ഭയം. ഒരിക്കല്‍ വീടു വൃത്തിയാക്കുന്നതിനിടെ അകത്തെ മുറിയില്‍ വീണു. അയല്‍ക്കാരൊക്കെ കൂടിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ ഭയത്തേക്കാള്‍ കൂടുതല്‍ മടുപ്പാണെന്ന് അവര്‍ പറഞ്ഞു. അയല്‍പക്കത്തെ സമപ്രായക്കാരില്‍ ചിലരൊക്കെ മരിച്ചു. സംസാരിക്കാന്‍ ആരുമില്ല. മക്കള്‍ രണ്ടു ദിവസം കൂടുമ്പോള്‍ വിളിക്കും. വിശേഷങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോഴേയ്ക്കും ഫോണ്‍ വയ്ക്കും. ബന്ധുക്കള്‍ വിളിച്ചാലും ഞാന്‍ ഫോണില്‍ ഒരുപാട് നേരം സംസാരിക്കുന്നുവെന്നാണ് അവരുടെ പരാതി. വൃദ്ധസദനത്തിലേയ്ക്ക് മാറുന്ന കാര്യം പറഞ്ഞപ്പോള്‍ ഇളയമകന്‍ എതിര്‍ത്തു. വീട് അനാഥമായി പോകുമെന്നാണ് അവന്‍റെ പരാതി...." അവര്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ ഒരാളുണ്ട് എന്നതു തന്നെ അവര്‍ക്ക് വല്ലാത്ത ആശ്വാസം നല്‍കുന്നുണ്ടായിരുന്നു. ഇനിയുള്ള ജീവിതം ഒറ്റയ്ക്കാണ് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക മാത്രമാണ് അവരുടെ മുന്നിലുള്ള ഏക പോംവഴിയെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി. ഏകാന്തത അകറ്റാനായി അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ നിര്‍ദേശിച്ചു. അവര്‍ ഇപ്പോള്‍ പഴയതിലും സന്തോഷവതിയാണ്. നാട്ടിലെ ഒരു സന്നദ്ധസംഘടനയില്‍ ചേര്‍ന്ന് അനാഥമന്ദിരങ്ങളിലെ കുട്ടികള്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് അവര്‍.

ഏകാന്തതയും മടുപ്പും

സന്തോഷമോ ദുഖമോ ദേഷ്യമോ ഒന്നും പങ്കുവയ്ക്കാന്‍ ആരുമില്ലെന്നതാണ് ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ പ്രധാന പ്രശ്നം. ഈ ജീവിതത്തിന് ഒരു വിലയുമില്ലെന്നും ഇങ്ങനെ മുന്നോട്ടു പോകുന്നതില്‍ അര്‍ഥമില്ലെന്നുമൊക്കെയുള്ള തോന്നല്‍ ഇവരില്‍ ഉണ്ടാകാം. മനസ്സില്‍ ശൂന്യത നിറയുമ്പോഴാണ് ആത്മഹത്യ പോലുള്ള നെഗറ്റീവ് ചിന്തകള്‍ മനസ്സിലേയ്ക്കു കടന്നു വരുന്നത്. സ്വയം തിരഞ്ഞെടു്ത്തതാണെങ്കിലും ജീവിതസാഹചര്യങ്ങള്‍ കൊണ്ട് നിര്‍ബന്ധിതമായതാണെങ്കിലും ഒറ്റയ്ക്കുള്ള ജീവിതം എന്ന അവസ്ഥയെ നിങ്ങള്‍ അംഗീകരിച്ചേ പറ്റൂ. എങ്ങനെ ഏകാന്തതയും മടുപ്പും മറികടക്കാനാവുമെന്നതാണ് നിങ്ങളുടെ മുന്നിലുള്ള ചോദ്യം.

* ഒരേ ജീവിതരീതി പെട്ടെന്ന് മടുപ്പുളവാക്കാന്‍ കാരണമാകും. ജീവിതത്തില്‍ ഇടയ്ക്ക് എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ചെയ്യുക. ആഴ്ചയിലെ എല്ലാ ദിവസവും ഒരേ രീതിയിലാകാതിരിക്കാന്‍ ശ്രദ്ധിക്കുക

* ഇഷ്ടപ്പെട്ട ഏതെങ്കിലും വളര്‍ത്തുമൃഗത്തെ പരിപാലിക്കുന്നത് ഒറ്റപ്പെടല്‍ അകറ്റാന്‍ ഒരു പരിധിവരെ സഹായിക്കും. അതിനോട് സംസാരിക്കാനും കളിക്കാനും സമയം കണ്ടെത്തുക

* ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്ന് കരുതി സമൂഹത്തില്‍ നിന്ന് അകന്നു നില്‍ക്കണമെന്നില്ല. എപ്പോഴും വീട്ടിനുള്ളില്‍ ഇരിക്കുന്നത് ഒഴിവാക്കുക. യോഗ ക്ലാസുകളിലോ ജിമ്മിലോ ക്ലബ്ബിലോ ലൈബ്രറിയിലോ അംഗത്വമെടുക്കാം. ഇടയ്ക്കിടെ ഷോപ്പിങിനായി പുറത്തു പോകാം. പ്രത്യേകിച്ചൊരു ആവശ്യവുമില്ലെങ്കില്‍ പോലും പാര്‍ക്ക്, ബീച്ച് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സമയം ചെലവഴിക്കുന്നത് ഏകാന്തത മറികടക്കാന്‍ സഹായിക്കും.

* ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങളില്‍ മുഴുകുന്നത് മടുപ്പ് ഒഴിവാക്കാന്‍ സഹായിക്കും. പൂച്ചെടികള്‍ നട്ടുവളര്‍ത്തുകയോ കൃഷിയോ സംഗീതം പഠിക്കുകയോ അങ്ങനെ നിങ്ങളുടെ താത്പര്യത്തിനനുസരിച്ച് എന്തും തിരഞ്ഞെടുക്കാം.

* മറ്റുള്ളവര്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യുക. കഴിയുമെങ്കില്‍ കാരുണ്യപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയില്‍ അംഗമാവുക. ജീവിതം കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന തോന്നല്‍ മറികടക്കാന്‍ ഇത് ഒരു പരിധി വരെ സഹായിക്കും. സഹായം സ്വീകരിക്കുന്നവരുടെ മുഖത്തെ പുഞ്ചിരിയും ആശ്വാസവും നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കും.

* കഴിയുമെങ്കില്‍ ഇടയ്ക്ക് യാത്രകള്‍ പോവുക. പുതിയ ആളുകളെ പരിചയപ്പെടുന്നതും പുതിയ സ്ഥലങ്ങള്‍ കാണുന്നതും മനസ്സിന് ഉേډഷം നല്‍കും.

* വാടക വീട്ടിലാണ് താമസമെങ്കില്‍ ഇടയ്ക്ക് വീടുമാറാന്‍ ശ്രമിക്കുക. പുതിയ വീടും പുതിയ അയല്‍ക്കാരും പുതിയ അന്തരീക്ഷവും ജീവിതത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്ന തോന്നല്‍ സമ്മാനിക്കും. ഒരേ ജീവിതരീതിയുടെ മടുപ്പ് മറികടക്കാനും ഇത് സഹായിക്കും.

* നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക. ഇടയ്ക്ക് അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയോ അവരെ സ്വന്തം വീട്ടിലേയ്ക്കു ക്ഷണിക്കുകയോ ചെയ്യാം. നിങ്ങള്‍ പറയുന്നതു ശ്രദ്ധയോടെ കേള്‍ക്കാന്‍ ഒരാളെങ്കിലുമുണ്ടെങ്കില്‍ അതു നല്‍കുന്ന ആശ്വാസം പറഞ്ഞറിയിക്കാനാകില്ല

സുരക്ഷ പ്രധാനം

ഒറ്റയ്ക്കു ജീവിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം സ്വന്തം സുരക്ഷയെ കുറിച്ചുള്ള ഭീതിയാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവരെ കള്ളന്‍മാര്‍ കൊലപ്പെടുത്തിയ കഥകള്‍ ദിവസേനയെന്നോണം വായിക്കുമ്പോള്‍ ഈ ഭയം സ്വാഭാവികമാണ്. സുരക്ഷാക്രമീകരണങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയിരിക്കുക എന്നതാണ് പ്രധാനം. നിങ്ങള്‍ ഒറ്റയ്ക്കൊരു ഫ്ളാറ്റില്‍ താമസിക്കുന്ന യുവതിയോ ഒറ്റപ്പെട്ട വീട്ടില്‍ ജീവിക്കുന്ന വൃദ്ധനോ വിദേശത്ത് ജോലി നോക്കുന്നയാളുടെ ഭാര്യയോ അങ്ങനെ ആരുമാകാം. വീടിന്‍റെ പുറത്തേയ്ക്കു തുറക്കുന്ന വാതിലുകള്‍ എല്ലാം അടച്ചുറപ്പുള്ളതാക്കുക. രാത്രി ഏറെ വൈകികഴിഞ്ഞാല്‍ ഇവയിലൊന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കുക. തുണി വിരിക്കുക, പുറത്തു പാത്രം കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കുക. ബാല്‍ക്കണിയുടെ വാതില്‍ നിര്‍ബന്ധമായും അടക്കുക. വഴിയില്‍ വച്ച് പരിചയപ്പെടുന്ന അപരിചിതര്‍ക്ക് നിങ്ങളുടെ വീടിന്‍റെ കൃത്യമായ വിവരങ്ങള്‍ യാതൊരു കാരണവശാലും നല്‍കരുത്. നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസമെന്ന് മനസ്സിലാക്കുന്നവര്‍ തന്നെയാവും കവര്‍ച്ചയ്ക്കോ അക്രമത്തിനോ മുതിരുക. അതിനാല്‍ ആളുകളോട് ഇടപഴകുമ്പോള്‍ കരുതല്‍ പാലിക്കുക. വീട്ടിലെ ബള്‍ബുകള്‍ കേടായാല്‍ മാറ്റാന്‍ കാലതാമസം വരുത്തരുത്. അടുത്തുള്ള പൊലീസ് സ്റ്റേഷന്‍റെ നമ്പര്‍ കരുതി വയ്ക്കുക. അസ്വഭാവികമായെന്തെങ്കിലും തോന്നിയാല്‍ ഉടന്‍ അയല്‍ക്കാരേയോ എത്തിപ്പടാന്‍ പറ്റുന്ന ദൂരത്തിലുള്ളവരേയോ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുക. സ്വന്തം സുരക്ഷയക്കായി പെപ്പര്‍ സ്പ്രേ പോലെ എന്തെങ്കിലും എപ്പോഴും കയ്യില്‍ കരുതുക. അത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് കൃത്യമായി പരിശീലിച്ചിരിക്കണം. മോഷണശ്രമം നടക്കുമ്പോള്‍ നിങ്ങളുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രധാന്യം നല്‍കേണ്ടത്. കള്ളനെ നിങ്ങള്‍ക്ക് ചെറുത്തു തോല്‍്പ്പിക്കാന്‍ പറ്റാത്ത സാഹചര്യം ആണെങ്കില്‍ വെറുതെ ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുക. മോഷണമുതലുകള്‍ പിന്നീട് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തിരിച്ചു കിട്ടാന്‍ ഒരു സാധ്യത മുന്നിലുണ്ട്. എന്നാല്‍ ഏറ്റുമുട്ടലില്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവന്‍ തന്നെയാകാം. മി്ക്കപ്പോഴും താന്‍ ആക്രമിക്കപ്പെടാന്‍ പോകുന്നു എന്ന തോന്നലില്‍ നിന്നുണ്ടാകുന്ന വെപ്രാളത്താല്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളാണ് പലരുടേയും ജീവന്‍ അപഹരിക്കുന്നത്. ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ രക്ഷപെടാന്‍ ശ്രമിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ വെപ്രാളപ്പെട്ട് മുകളില്‍ നിന്ന് എടുത്തു ചാടുകയോ പടിയില്‍ നിന്നു വീഴുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ജീവന്‍ തന്നെയാണ് അപകടത്തില്‍ പെടുന്നത്. മനസ്സ് നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ഒരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നാല്‍ എന്തെല്ലാം ചെയ്യാനാകും, ഏതു വഴി രക്ഷപെടാന്‍ കഴിയും തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി ചിന്തിക്കുന്നത് ഒരു പരിധി വരെ സഹായിക്കും. രാത്രിയിലായാലും പകലായാലും പുറത്ത് ആരെങ്കിലും വന്നാല്‍ അതാരാണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം വാതില്‍ തുറക്കുക. കഴിയുമെങ്കില്‍ വാതില്‍ക്കല്‍ ഒരു ക്യാമറ ഘടിപ്പിക്കുക.

ആരോഗ്യം അവഗണിക്കരുത്

ഒറ്റയ്ക്ക് താമസിക്കുന്നവര്‍ പലപ്പോഴും സ്വന്തം ആരോഗ്യകാര്യങ്ങള്‍ അവഗണിക്കുന്നതായി കാണാറുണ്ട്. ഒറ്റയ്ക്കല്ലേ എന്ന അലസ മനോഭാവം തന്നെയാണിത് പ്രധാന കാരണം

* കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കുക. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ പലപ്പോഴും ചിട്ടയില്ലാത്ത ഭക്ഷണരീതി പിന്തുടരുന്നവരാകും. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കും.

* ഭക്ഷണം സ്വയം പാകം ചെയ്തു കഴിക്കുകയാണെങ്കില്‍ ഓരോ ദിവസവും വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന എന്തെങ്കിലും എന്നും കഴിച്ചാല്‍ അത് നിങ്ങളില്‍ മടുപ്പുളവാക്കുകയും പോഷകകുറവിലേയ്ക്ക് നയിക്കുകയും ചെയ്യും.

* ഏകാന്തതയും മടുപ്പും മറികടക്കാന്‍ ചിലരെങ്കിലും മദ്യത്തിന്‍റെ സഹായം തേടാറുണ്ട്. അമിതമായ മദ്യപാനം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതിനു പുറമേ നിങ്ങളുടെ സുരക്ഷയേയും ബാധിക്കും. മദ്യലഹരിയിലായിരിക്കുന്ന സമയത്ത് നിങ്ങളുടെ വീട് കൊള്ളയടിക്കപ്പെടാനോ ആക്രമിക്കപ്പെടാനോ ഉള്ള സാധ്യതയേറെയാണ്.

* വര്‍ഷത്തില്‍ ഒരിക്കല്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുക.

* നിര്‍ബന്ധമായും ഒരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കുക

* ദിവസേന കഴിക്കുന്ന ഗുളികകള്‍ മുടക്കാതെയിരിക്കുക. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ വിളിക്കാനായി ഏറ്റവും അടുത്തുള്ള ഡോക്ടറുടെ നമ്പര്‍ കരുതി വയ്ക്കുക.

പ്രാര്‍ത്ഥന നല്ലതാണ് എന്നാല്‍ ...

ഒറ്റയ്ക്ക് ജീവിതം നയിക്കുന്നവരില്‍ പലരും ഒരു ഘട്ടം കഴിഞ്ഞാല്‍ ആത്മീയ വഴിയിലേയ്ക്ക് തിരിയുന്നതായി കണ്ടുവരുന്നു. ഒറ്റയ്ക്ക് ജീവിക്കുമ്പോഴുള്ള മനപ്രയാസങ്ങളും ആധിയുമെല്ലാം അകറ്റാന്‍ പ്രാര്‍ത്ഥന ഒരു പരിധി വരെ സഹായിക്കുമെന്നത് ശരിയാണ്. എന്നാല്‍ ഭക്തി ഒരു ലഹരിയായി മാറിക്കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം താളം തെറ്റി പോകാനുള്ള സാധ്യതയേറെയാണ്. എപ്പോഴും ആത്മീയ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ സമൂഹത്തിലെ സാധാരണജീവിതം നയിക്കുന്നവര്‍ നിങ്ങളില്‍ നിന്ന് അകന്നു പോകാം. പ്രാര്‍ത്ഥനയിലും പൂജയിലും മാത്രം മുഴുകി കഴിയുന്ന നിങ്ങളുടെ മാനസികനിലയെ വരെ അവര്‍ സംശയിക്കും. നിങ്ങള്‍ ആത്മീയതയില്‍ ആശ്വാസം കണ്ടെത്തുന്നു എന്നറിഞ്ഞാല്‍ മുതലെടുപ്പിന് ശ്രമിക്കുന്ന ഒട്ടേറെ കള്ള സ്വാമിമാരും ദിവ്യന്‍മാരും ഇന്ന് സമൂഹത്തിലുണ്ട്. അത്ഭുതസിദ്ധികള്‍ കാണിച്ച് അവര്‍ ആദ്യം വിശ്വാസം നേടിയെടുക്കും. പിന്നീട് പലതും വാഗ്ദാനം ചെയ്ത് പലപ്പോഴായി പണം തട്ടിയെടുക്കും. ഇത്തരക്കാരുടെ ചതിക്കുഴികളില്‍ വീഴുന്നവരുടെ കഥകള്‍ ഓരോ ദിവസവും പുറത്തുവരുന്നു. നിങ്ങളുടെ ആകുലതകള്‍ ദൈവത്തോട് പങ്കുവയ്ക്കാം. അത് മനസ്സിന് പോസിറ്റീവ് എനര്‍ജി നല്‍കും. അതേസമയം ഭക്തിയില്‍ മാത്രം ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കരുത്.

മറ്റാരേയും ആശ്രയിക്കാതെ തനിച്ചു ജീവിക്കുന്നവര്‍ സാമ്പത്തികകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. ഭാവിയില്‍ നിങ്ങളുടെ ചെലവുകള്‍ക്ക് ആവശ്യമായി വരുന്ന തുക സ്വരൂപിക്കാന്‍ കരുതല്‍ വേണം. അതോടൊപ്പം പെട്ടന്ന് ഉടലെടുക്കുന്ന ആവശ്യങ്ങള്‍ക്കായി ഒരു എമര്‍ജന്‍സി ഫണ്ടും വേണം.

ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍ ഒറ്റയ്ക്കുള്ള ജീവിതം നല്‍കുന്ന സ്വാതന്ത്ര്യം ഏറെയാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് ഓരോ ദിനവും സന്തോഷകരമായി മുന്നോട്ടു കൊണ്ടു പോകൂ.

Click here to view/download the original article.

Sandhya Rani .L

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • വളർത്തിയെടുക്കാം നല്ല ചിന്തകൾ

  Our article published in Arogyapadmam Magazine - December 2018

  Read More

 • FORGET THE PAST AND MOVE ON!

  Read More

 • കുട്ടികൾക്ക് വേണ്ടത് അമിതാശ്രയമല്ല; ആത്മവിശ്വാസമാണ് ...

  Our Article published in Our KIDS Magazine-October 2018

  Read More

 • FACE CRITICISM WITH A SMILE!

  Read More