കുട്ടികളെ ഒറ്റയ്ക്കു വള൪ത്താം...

(Our Article published in Ayurarogyam Magazine- March 2016)

ഒറ്റയ്ക്ക് വളര്‍ത്താം; മിടുക്കരാക്കാം

ജീവിതപങ്കാളിയ്ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടമായ കുടുംബജീവിതമാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ജീവിതയാത്രയില്‍ വിധി പലപ്പോഴും മറിച്ചായേക്കാം. അപ്രതീക്ഷിതമായി ജീവിതപങ്കാളിയെ നഷ്ടപ്പെടുകയോ വിവാഹബന്ധം വേര്‍പിരിയുകയോ ചെയ്തേക്കാം. വിവാഹബന്ധം വേണ്ടെന്ന ഉറച്ച തീരുമാനത്തില്‍ ജീവിക്കുന്നവര്‍ പോലും ഒരു ഘട്ടം കഴിഞ്ഞാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ താത്പര്യപ്പെടാറുണ്ട്. ഈ മൂന്ന് സാഹചര്യങ്ങളിലും കുട്ടിയെ നോക്കേണ്ട ഉത്തരവാദിത്വം പൂര്‍ണ്ണമായും ഒരു രക്ഷിതാവിന് കീഴില്‍ വരുന്നു. അച്ഛന്‍റേയും അമ്മയുടേയും സ്നേഹത്തണലില്‍ വളരേണ്ട കുഞ്ഞുങ്ങള്‍ ഫലത്തില്‍ ഒരാളുടെ ചിറകിന്‍ കീഴില്‍ ഒതുങ്ങിപ്പോകുന്നു. രക്ഷിതാവ് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഈ അവസ്ഥ കുട്ടികളില്‍ പലവിധത്തിലുള്ള മാനസികപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. രണ്ടുപേര്‍ പങ്കിട്ടെടുക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്ന രക്ഷിതാവിന്‍റെ മാനസികാവസ്ഥയും മറിച്ചല്ല. വീട്ടുജോലിയും കുട്ടികളുടെ ഉത്തരവാദിത്വവും ഓഫീസുമായി ഏറെ തിരക്കുപിടിച്ചൊരു ജീവിതമാണ് രക്ഷിതാവിനെ കാത്തിരിക്കുന്നത്. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്.

" അനന്തുവിനേയും കൊണ്ട് അവന്‍റെ അച്ഛമ്മയാണ് കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. കുട്ടി വീട്ടിലും സ്കൂളിലും ആരോടും ഇടപഴകുന്നില്ലെന്നതായിരുന്നു അവരുടെ പ്രശ്നം. ഭക്ഷണം സമയത്ത് കഴിക്കാനും കൂട്ടാക്കുന്നില്ല. അനന്തുവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ അച്ഛമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി കിടക്കുകയാണ് ഉണ്ടായത്. ഒരു സ്വകാര്യ സ്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുകയാണ് അവന്‍. വീട്ടിലെ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പ്രശ്നത്തിന്‍റെ ഗൗരവം മനസ്സിലായത്. ചെറുപ്പം തൊട്ടേ അച്ഛമ്മയുടെ സംരക്ഷണത്തിലാണ് അവന്‍ വളര്‍ന്നത്. അമ്മ പ്രസവശേഷം ജോലി സംബന്ധമായി ദുബായിലേയ്ക്ക് പോവുകയുണ്ടായി. ശേഷം അച്ഛനും അച്ഛമ്മയും അച്ഛച്ചനും ഉള്‍പ്പെട്ടതായി അവന്‍റെ ലോകം. പിന്നീട് അമ്മ ദുബായില്‍ നിന്ന് മടങ്ങിയെത്തി. അവന് ഒരു അനിയത്തി കൂടി ജനിച്ചു. അങ്ങനെ സന്തോഷകരമായി ജീവിതം മുന്നോട്ടു പോകുന്നതിനിടെയാണ് അനന്തുവിന്‍റെ അമ്മയും അച്ഛനും തമ്മില്‍ ചില അഭിപ്രായഭിന്നതകള്‍ ഉടലെടുത്തത്. ഇരുവരുടേയും ബന്ധുക്കള്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലിച്ചില്ല. ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചതോടെ ഇളയകുഞ്ഞിനേയും കൊണ്ട് അമ്മ അവരുടെ വീട്ടിലേയ്ക്ക് താമസം മാറി. അച്ഛനാകട്ടെ മ്യൂച്വല്‍ ഡൈവോഴ്സിനുള്ള നോട്ടീസും അയച്ചു കാത്തിരിക്കുകയാണ്. ഇതിനിടയില്‍ അനന്തുവിന്‍റെ പ്രശ്നങ്ങള്‍ കാണാനോ മനസ്സിലാക്കാനോ ആരും ഉണ്ടായില്ലെന്നതാണ് വാസ്തവം. അമ്മയുടെ സ്നേഹവും അനിയത്തിയോടൊപ്പമുള്ള കളിചിരികളും അവന് തീര്‍ത്തും നഷ്ടപ്പെട്ടു. സ്വതവേ നാണംകുണുങ്ങിയായിരുന്ന അവന്‍ ഇതോടെ തീര്‍ത്തും ഉള്‍വലിഞ്ഞ സ്വഭാവക്കാരനായി മാറി. പെട്ടന്നൊരു ദിവസം മാറ്റിയെടുക്കാവുന്നതല്ല അനന്തുവിന്‍റെ പ്രശ്നങ്ങള്‍. അവന്‍ അച്ഛന്‍റേയും അമ്മയുടേയും അനിയത്തിയുടേയും സാമിപ്യവും സ്നേഹവും ആഗ്രഹിക്കുന്നുണ്ട്. പിന്നീ്ട് കുട്ടിയുടെ അച്ഛനെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. രാത്രിയും പകലും പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന ഒരു റെയില്‍വേ ഉദ്യോഗസ്ഥനായ അയാള്‍ക്ക് കുട്ടിയുടെ കാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അമ്മയുടെ സാമിപ്യം ഇല്ലാത്ത നിലയ്ക്ക് ഒറ്റയ്ക്ക് കുട്ടിയെ നോക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അയാള്‍ തയ്യാറാണ്. അതിനു വേണ്ടി കൂടുതല്‍ സമയം കണ്ടെത്താമെന്ന ഉറപ്പും നല്‍കി. അമ്മയേയും അനിയത്തിയേയും കാണണമെന്ന് കുട്ടി താത്പര്യം പ്രകടിപ്പിച്ചാല്‍ അവരുടെ അടുത്ത് കൊണ്ടുപോകുന്നതിലും എതിര്‍പ്പില്ല. എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറി അനന്തു മിടുക്കന്‍ കുട്ടിയായി വളരുമെന്ന ഉറച്ച വിശ്വാസത്തില്‍ മുന്നോട്ടു പോകുകയാണ് അവര്‍ "

ഒരാളല്ല; രണ്ടാളാണ്

ഒരാളുടെ ഉത്തരവാദിത്വങ്ങളല്ല നിങ്ങളെ കാത്തിരിക്കുന്നതെന്ന് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. കുട്ടിയുടെ എല്ലാകാര്യങ്ങളും നിങ്ങള്‍ ഒറ്റയ്ക്കാണ് ഏ്റ്റെടുക്കേണ്ടി വരുന്നത്. അവരുടെ പഠനം, ഭക്ഷണം, സുഹൃത്തുക്കള്‍, ഷോപ്പിങ്, വിനോദം തുടങ്ങി എല്ലാം നിങ്ങളുടെ ചുമതലയാണ്. ഇതിനിടയില്‍ അവര്‍ക്ക് അസുഖങ്ങള്‍ പിടിപെട്ടാല്‍ പരിചരിക്കണം. തീര്‍ച്ചയായും വലിയൊരു ജോലിയാണത്. ഒറ്റയ്ക്ക് കുട്ടിയെ നോക്കുന്ന രക്ഷിതാക്കളില്‍ പലരും ജോലിയുള്ളവര്‍ കൂടിയാകും. ഒരു കുട്ടിയെ വളര്‍ത്തിക്കൊണ്ടു വരണമെങ്കില്‍ സാമ്പത്തികഭദ്രതയുള്ളൊരു ജോലി അനിവാര്യമാണ്. ഓഫീസിലെ തിരക്കുകള്‍ക്കൊപ്പം കുട്ടിയുടെ കാര്യങ്ങള്‍ക്കു കൂടി സമയം കണ്ടെത്തുന്നത് പലപ്പോഴും ഇരട്ടിഭാരമായി അനുഭവപ്പെടാം. ഇത് നിങ്ങളുടെ തീരുമാനമാണെന്ന കാര്യമാണ് ഇവിടെ ഓര്‍മ്മിക്കേണ്ടത്. കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്തുന്നതാണ് ഉചിതം എന്നു തീരുമാനിച്ച സ്ഥിതിയ്ക്ക് അതൊരു ഭാരമായി കണക്കാക്കേണ്ടതില്ല. സന്തോഷത്തോടെ തന്നെ ആ ഉത്തരവാദിത്വം നിറവേറ്റാം. ഏറെ തിരക്കുപിടിച്ചൊരു ജീവിതം നയിക്കുമ്പോള്‍ കൃത്യനിഷ്ഠ വളരെ പ്രധാനമാണ്. അത്യാവശ്യമില്ലാത്ത കാര്യ്ങ്ങള്‍ക്കൊന്നും സമയം ചെലവഴിക്കില്ല എന്ന് തീരുമാനിക്കുക. ഓഫീസില്‍ കൃത്യസമയത്ത് എത്തുകയും സമയം ഒട്ടും പാഴാക്കാതെ ജോലികള്‍ ഒന്നൊന്നായി തീര്‍ക്കാനും ശ്രദ്ധിക്കുക. ഓഫീസ് സമയം കഴിഞ്ഞും അവിടെ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. സഹപ്രവര്‍ത്തകരുമായി നല്ല സൗഹൃദം വളര്‍ത്തിയെടുക്കുന്നത് നല്ലതാണ്. എന്നാല്‍ കൂടുതല്‍ നേരം അവരുമായി സംസാരിച്ച് സമയം പാഴാക്കിയാല്‍ നിങ്ങളുടെ ദിവസത്തിലെ മറ്റെന്തെങ്കിലും പ്രധാനപ്പെട്ട കാര്യത്തിന് സമയം കുറഞ്ഞു പോകുമെന്ന് ഉറപ്പാണ്. ഓഫീസ് ദിവസങ്ങളില്‍ തന്നെ കുട്ടിയുടെ സ്കൂളില്‍ മീറ്റിങിനോ കലാപരിപാടികളോ ഒക്കെ ഉണ്ടായെന്നു വരാം. അതിനു വേണ്ടി ഒരു ദിവസം മുഴുവനും ലീവ് എടുക്കണമെന്നില്ല. എപ്പോഴാണ് സ്കൂളില്‍ എത്തേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കുക. ഏകദേശം എത്ര സമയം അവിടെ ചെലവഴിക്കേണ്ടി വരുമെന്നും അറിയണം. ചില ഓഫീസുകളില്‍ ദിവസം ഇത്ര മണിക്കൂര്‍ അല്ലെങ്കില്‍ ആഴ്ചയില്‍ ഇത്ര മണിക്കൂര്‍ ജോലി ചെയ്യണം എന്ന പോളസിയാണ് പിന്തുടരുന്നത്. അങ്ങനെയെങ്കില്‍ ലീവ് എടുക്കാതെ തന്നെ സ്കൂളില്‍ എത്താനാകുമോ എന്ന് ചിന്തിക്കുക. അല്ലാത്തപക്ഷം പകുതി ദിവസം ലീവെടുക്കാം. ഇത് മുതിര്‍ന്ന കുട്ടികളുടെ കാര്യങ്ങളാണ്. കുട്ടി സ്കൂള്‍്പ്രായത്തിനും താഴെയാണെങ്കില്‍ പകല്‍ സമയം അവരെ നോക്കാന്‍ ഒരാള്‍ കൂടിയേ തീരൂ. വിശ്വസിക്കാവുന്ന ഡേ കെയര്‍ സെന്‍ററുകളെ ആശ്രയിക്കാം. അല്ലെങ്കില്‍ വീട്ടില്‍ തന്നെ ആയയെ നിര്‍ത്താം. ഇത്തരത്തില്‍ പുറത്തു നിന്നൊരാളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ അവരുടെ പശ്ചാത്തലം വേണ്ടവിധം മനസ്സിലാക്കിയിരിക്കണം. ചെറിയ തുക ലാഭിക്കാന്‍ വേണ്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകരുത്. ഇത് നിങ്ങളുടെ കുഞ്ഞിന്‍റെ കാര്യമാണെന്ന് എപ്പോഴും ഓര്‍മ്മിക്കുക. പകല്‍സമയം ബന്ധുവീടുകളില്‍ കുട്ടികളെ കൊണ്ടു ചെന്നാക്കുന്ന ചുരുക്കം ചിലരുണ്ട്. ബന്ധുവീട്ടിലെ എല്ലാവരുമായും നിങ്ങള്‍ നല്ല അടുപ്പം സൂക്ഷിക്കുന്നുണ്ടാകും. കുട്ടിയെ നോക്കുന്നതില്‍ അവര്‍ക്ക് വിരോധമൊന്നും ഉള്ളതായി നിങ്ങള്‍ക്ക് ഒരിക്കലും തോന്നിയിരിക്കില്ല. പക്ഷേ കുട്ടിയ്ക്ക് നിങ്ങളോ അല്ലെങ്കില്‍ പ്രതിഫലത്തിനു ജോലി ചെയ്യുന്ന ആയയോ നല്‍കുന്ന സംരക്ഷണം അവര്‍ നല്‍കണമെന്നില്ല. കൂടാതെ ഇന്ന ഇന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിങ്ങള്‍ക്ക് ബന്ധുക്കളോട് ആവശ്യപ്പെടാനും കഴിയില്ല. കാരണം അവര്‍ തികച്ചും സൗജന്യമായി ചെയ്യുന്ന ഒരു ഉപകാരം മാത്രമാണിത്. അതിനാല്‍ നിങ്ങളുടെ അഭാവത്തില്‍ കുട്ടിയുടെ ഉത്തരവാദിത്വം ഒരാളെ പൂര്‍ണ്ണമായും ഏല്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. ഓഫീസും കുട്ടിയും കഴിഞ്ഞാല്‍ പിന്നെ വീട്ടുജോലികളാണ് മറ്റൊരു ചുമതല. ഓരോ മാസത്തേയ്ക്കും വേണ്ട വീട്ടുസാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കി അതില്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്നവയെല്ലാം ഒരുമിച്ച് വാങ്ങാം. വൈദ്യുതി, ഫോണ്‍ തുടങ്ങിയ ബില്ലുകളെല്ലാം ഓണ്‍ലൈന്‍ വഴി തന്നെ അടയ്ക്കുക. പാചകം, അലക്കല്‍, വീടു വൃത്തിയാക്കല്‍ തുടങ്ങി എല്ലാം നിങ്ങള്‍ക്ക് തനിച്ചു ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ട് ടൈം സെര്‍വന്‍റിന്‍റെ സഹായം തേടാം. അതിനായി നീക്കി വക്കേണ്ടി വരുന്ന തുക ഒരിക്കലും ഒരു നഷ്ടമായി കണക്കാക്കേണ്ടതില്ല. ഒരേ ഷെഡ്യൂളില്‍ വിശ്രമമില്ലാതെ ഓടിയാല്‍ നിങ്ങളുടെ ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ഭാവിയില്‍ ചിലപ്പോള്‍ ഒരു സെര്‍വന്‍റിനു നല്‍കേണ്ട ശമ്പളത്തേക്കാള്‍ വലിയ തുകകള്‍ ആശുപത്രിവാസത്തിനു ചെലവിടേണ്ടി വരികയും ചെയ്യും. അതിനാല്‍ എല്ലാം ഒറ്റയ്ക്കു ചെയ്യും എന്ന വാശി ഉപേക്ഷിക്കുക.

മറച്ചു വയ്ക്കേണ്ടതില്ല; ഒന്നും

എന്തുകൊണ്ട് തനിക്കു മാത്രം ഒരു രക്ഷിതാവ് എന്ന സംശയം കുട്ടിയിലുണ്ടാവുക സാധാരണമാണ്. അമ്മ എവിടെയാണ് അല്ലെങ്കില്‍ അച്ഛന്‍ എവിടെയാണ് എന്ന് അവര്‍ തീര്‍ച്ചയായും അന്വേഷിക്കും. പലരും കുട്ടിക്കു തിരിച്ചറിവാകുന്നതു വരെ കാര്യങ്ങളെല്ലാം അവരില്‍ നിന്ന് മറച്ചു വയ്ക്കും. എന്നാല്‍ അയല്‍ക്കാരോ ബന്ധുക്കളോ കൂട്ടുകാരോ വഴി അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയേക്കാം. നിങ്ങള്‍ എന്തിന് ഇതെല്ലാം മറച്ചു വച്ചു അല്ലെങ്കില്‍ കളവു പറഞ്ഞു എന്ന ചിന്ത കുട്ടിയെ വേദനിപ്പിക്കും. അതിനാല്‍ കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം നല്‍കണം. കുട്ടിയുടെ അമ്മ മരിച്ചു പോയെങ്കില്‍ ഒരിക്കലും അവരോട് അമ്മ ഒരു ദിവസം വരും എന്ന കളവു പറയരുത്. പകരം അവര്‍ക്കു മനസ്സിലാകുന്ന തരത്തില്‍ അമ്മ നമുക്കൊപ്പം ഇല്ല എന്നു ധരിപ്പിക്കുക. വിവാഹമോചനം നേടിയവരാണെങ്കില്‍ അമ്മ അല്ലെങ്കില്‍ അച്ഛന്‍ ഉണ്ട്, എന്നാല്‍ അവര്‍ നമ്മോടൊപ്പമല്ല താമസം എന്നു പറയാം. അതിന്‍റെ കാരണങ്ങളും കുട്ടിയ്ക്കു മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിക്കാം. എന്നാല്‍ ഒരിക്കലും നിന്‍റെ അമ്മ നല്ലവളല്ല, അല്ലെങ്കില്‍ അച്ഛന്‍ മോശക്കാരനാണ് തുടങ്ങി പിരിഞ്ഞു ജീവിക്കുന്ന പങ്കാളിയുടെ കുറ്റങ്ങള്‍ അവരുടെ മനസ്സില്‍ കുത്തിനിറയ്ക്കുന്ന വാക്കുകള്‍ പ്രയോഗിക്കരുത്. പിരിഞ്ഞു ജീവിക്കുന്ന അച്ഛനെ അല്ലെങ്കില്‍ അമ്മയെ കാണണമെന്ന് കുട്ടി ആവശ്യപ്പെട്ടാല്‍ കഴിയുന്നതും സാധിച്ചു കൊടുക്കുക. നിങ്ങളും പങ്കാളിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ കുഞ്ഞിന് അച്ഛനോടോ അമ്മയോടോ യാതൊരു ശത്രുതയും തോന്നേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടാകില്ല. അങ്ങനെ വരുമ്പോള്‍ അവരെ കാണണമെന്ന കുഞ്ഞിന്‍റെ ആവശ്യം തികച്ചും ന്യായമാണ്. തന്നെ വിട്ട് കുഞ്ഞ് പിരിഞ്ഞു ജീവിക്കുന്ന പങ്കാളിയ്ക്കൊപ്പം പോയേക്കുമോ എന്ന പേടി കാരണം കുഞ്ഞിനെ അവരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നവരുണ്ട്. പലപ്പോഴും കുഞ്ഞിനെ ഭീഷണിപ്പെടുത്തിയും തല്ലിയും ഒക്കെയാവും അവര്‍ കുഞ്ഞിന്‍റെ ചോദ്യങ്ങള്‍ അവസാനിപ്പിക്കുന്നത്. ഇത് അവരുടെ ഉള്ളില്‍ പേടിയും ഭീതിയും വളര്‍ത്താനേ സഹായിക്കൂ. തുറന്നു ചോദിച്ചില്ലെങ്കില്‍ പോലും അവരുടെ ഉള്ളില്‍ സംശയങ്ങള്‍ നിലനില്‍ക്കുകയും ചെയ്യും. അതിന് ഉത്തരം തേടുമ്പോള്‍ അവര്‍ നിങ്ങളില്‍ നിന്ന് മാനസികമായി അകലാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളേക്കാള്‍ അലിവും സ്നേഹവുമുള്ളയാളാണ് ഇതുവരെ കണ്ടിട്ടില്ലാത്ത അടുത്ത രക്ഷിതാവ് എന്ന ചിന്തയും അവരുടെ ഉള്ളില്‍ വളരും. ഇതിനൊന്നും ഇടകൊടുക്കാതെ പിരിഞ്ഞു ജീവിക്കുന്ന പങ്കാളിയുമായി ഇടപഴകാനുള്ള സാഹചര്യം കു്ഞ്ഞിന് നല്‍കുന്നതാണ് നല്ലത്. ഒപ്പം അവരെ പറ്റിയുള്ള കുറ്റങ്ങള്‍ ഒരിക്കലും കുഞ്ഞിനോടു പറയാതിരിക്കുക. അവരുടെ മനസ്സില്‍ ശത്രുതയും പകയും കുത്തി വച്ചതു കൊണ്ട് യാതൊരു പ്രയോജനവുമില്ല. അത് സ്നേഹിക്കാനും നല്ല ബന്ധങ്ങള്‍ വളര്‍ത്താനുമാണ് കുഞ്ഞിനെ പഠിപ്പിക്കേണ്ടത്. വിവാഹിതരാകാതെ കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്നവരുണ്ട്. സ്വന്തം കുഞ്ഞിനെ പോലെ തന്നെ അവരെ സ്നേഹിക്കാം. അതേസമയം നിങ്ങള്‍ അവരെ ദത്തെടുത്തതാണെന്ന സത്യം മറച്ചുവയ്ക്കേണ്ടതില്ല. ഇന്നല്ലെങ്കില്‍ നാളെ അവര്‍ അത് തിരിച്ചറിയും. അത് ചിലപ്പോള്‍ അവര്‍ക്ക് വലിയൊരു ഷോക്ക് ആയേക്കാം. ഇത്രയും നാള്‍ നിങ്ങള്‍ അവരോടു കള്ളം പറയുകയായിരുന്നു എന്നറിയുമ്പോള്‍ കുട്ടി എങ്ങനെ പ്രതികരിക്കുമെന്ന് പോലും പറയാനാകില്ല. നിങ്ങളില്‍ നിന്ന് മാനസികമായി അകലാനും ചിലപ്പോള്‍ ഒളിച്ചോടാനോ വരെ സാധ്യതയുണ്ട്. അതിനാല്‍ അവരെ കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിക്കുക. നിങ്ങള്‍ അവരെ സ്വന്തം കുട്ടിയെപ്പോലെ സ്നേഹിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് പ്രധാനം. എല്ലാ ചുമതലകളും ഒറ്റയ്ക്ക് ചെയ്യുന്നതിനാല്‍ പലപ്പോഴും കുഞ്ഞിന്‍റെ ചെറിയ ഇഷ്ടങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയാതെ വരും. നിങ്ങള്‍ക്ക് ചെയ്തു കൊടുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരിക്കലും വാഗ്ദാനം ചെയ്യരുത്. അതിനു സമയം കണ്ടെത്താന്‍ കഴിയില്ലെന്ന കാര്യം അവരെ പറഞ്ഞു മനസ്സിലാക്കണം. സ്ഥിരമായി വാഗ്ദാനം ചെയ്യുകയും അത് പാലിക്കാതെ വരികയും ചെയ്യുമ്പോള്‍ കുഞ്ഞിന് നിങ്ങളോടുള്ള മതിപ്പ് നഷ്ടപ്പെടും. ഒറ്റ രക്ഷിതാവേ ഉള്ളൂ എന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല എന്ന് അവര്‍ തിരിച്ചറിയണം. കൂട്ടുകാരോ നാട്ടുകാരോ ഏതെങ്കിലും തരത്തില്‍ കളിയാക്കിയാല്‍ വേദനിക്കേണ്ടതില്ലെന്ന് അവരെ ബോധ്യപ്പെടുത്തുക. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടിയ്ക്ക് ശാരീരികമായ മാറ്റങ്ങളെ കുറിച്ച് സംശയമുണ്ടാകും. അച്ഛനായതിനാല്‍ പെണ്‍കുഞ്ഞിനോട് ഇതെങ്ങനെ പറയും അല്ലെങ്കില്‍ അമ്മമാര്‍ ആണ്‍കുട്ടിയോട് ഇത് പറയാന്‍ പാടുണ്ടോ തുടങ്ങിയ ആശങ്കകളില്‍ അര്‍ത്ഥമില്ല. അവര്‍ക്ക് എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന നല്ല സുഹൃത്തായി നിങ്ങള്‍ മാറുക എന്നതാണ് പ്രധാനം.

വേണം നല്ല ബന്ധങ്ങള്‍

കുഞ്ഞിന്‍റെ എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും നിങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയണമെന്നില്ല. കുട്ടിയും നിങ്ങളും രണ്ടു സ്ഥലത്തായിരിക്കുന്ന സമയത്ത് കുട്ടിയ്ക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും അസുഖം വന്നേക്കാം. കുട്ടി സ്കൂളില്‍ ആണെങ്കില്‍ അധ്യാപകര്‍ നിങ്ങളെ ഉടനടി ഫോണില്‍ ബന്ധപ്പെടും. അവരോട് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയും നിങ്ങള്‍ ഇത്ര സമയത്തിനുള്ളില്‍ അവിടെ എത്തുമെന്ന് അറിയിക്കുകയും ചെയ്യാം. കുട്ടി വീട്ടിലാണെങ്കില്‍ അയല്‍പക്കക്കാരുടേയോ ബന്ധുക്കളുടേയോ സഹായം തേടാം. ഇത്തരത്തില്‍ ആവശ്യഘട്ടത്തില്‍ സഹായിക്കാന്‍ കഴിയുന്നവരുടെ വലയം ചുറ്റും വളര്‍ത്തിയെടുക്കുകയാണ് വേണ്ടത്. പ്രധാനപ്പെട്ട എല്ലാ ഫോണ്‍നമ്പറുകളും സേവ് ചെയ്യണം. കുഞ്ഞിനെ ഏല്‍പ്പിച്ച ഡേ കെയര്‍, ആയ, അയല്‍പ്പക്കത്തെ സുഹൃത്തുക്കള്‍, ഡോക്ടര്‍, സ്കൂളിലെ അധ്യാപകര്‍ അങ്ങനെ കുഞ്ഞുമായി ബന്ധപ്പെട്ട എല്ലാവരുടേയും നമ്പറുകള്‍ സൂക്ഷിക്കുക. പെട്ടന്നൊരാവശ്യത്തിന് നിങ്ങള്‍ക്ക് ഇതില്‍ ആരെയാണ് വിളിക്കേണ്ടി വരികയെന്ന് പറയാനാകില്ല. ബന്ധുക്കളുമായും നിങ്ങളുടെ മാതാപിതാക്കളുമായും അടുത്ത ബന്ധം സൂക്ഷിക്കുക. ജോലിസംബന്ധമായി പെട്ടന്ന് യാത്രകളോ മറ്റോ വേണ്ടി വരുമ്പോള്‍ കുഞ്ഞിനെ കുറച്ചു ദിവസത്തേയ്ക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന ഒരിടം മനസ്സില്‍ ഉണ്ടാകണം. ഓഫീസിലും പുറത്തും ധാരാളം നല്ല സുഹൃത്തുക്കളെ കണ്ടെത്തുക. ഓഫീസില്‍ നിങ്ങളുടെ ചീഫ് / ബോസുമായും അടുത്ത ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കഴിയുമെങ്കില്‍ നിങ്ങളുടെ കുടുംബപശ്ചാത്തലത്തെ കുറിച്ച് അദ്ദേഹത്തെ അറിയിക്കാം. നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയാല്‍ അത്യാവശ്യഘട്ടത്തില്‍ ലീവ് അനുവദിച്ചു കിട്ടാന്‍ പ്രയാസമുണ്ടാകില്ല. വിവാഹമോചനത്തിന്‍റെ കാരണങ്ങള്‍ എന്തുതന്നെയായാലും പങ്കാളിയുമായോ അവരുടെ വീട്ടുകാരുമായോ ശ്ത്രുത പുലര്‍ത്തേണ്ട ആവശ്യമില്ല. അവര്‍ നിങ്ങളുമായോ കുഞ്ഞുമായോ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിലക്കേണ്ടതില്ല.

അറിയണം സാമ്പത്തികം

ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടു വരുന്നത് വലിയ സാമ്പത്തിക ഉത്തരവാദിത്വമാണ്. ഒറ്റയ്ക്ക് കുഞ്ഞിനെ വളര്‍ത്താന്‍ തീരുമാനിക്കുമ്പോള്‍ അതിനുള്ള മാര്‍ഗ്ഗവും നിങ്ങള്‍ കണ്ടെത്തണം. വിവാഹമോചനം നേടുമ്പോള്‍ കുഞ്ഞിനും അമ്മയ്ക്കും ചെലവിനു നല്‍കണമെന്ന് കോടതി ഉത്തരവിടാറുണ്ട്. ഇത്തരത്തില്‍ മുന്‍ഭര്‍ത്താവില്‍ നിന്നു കിട്ടുന്നത് പലപ്പോഴും വളരെ ചെറിയൊരു തുകയായിരിക്കും. വീട്ടുകാരെ ആശ്രയിച്ച് എല്ലാ കാലവും മുന്നോട്ടു പോകാന്‍ കഴിയില്ല. അതിനാല്‍ നിങ്ങള്‍ തന്നെ ഒരു വരുമാനമാര്‍ഗ്ഗം കണ്ടെത്തണം. ഓഫീസ് ജോലി തന്നെയാകണമെന്നില്ല, നിങ്ങളുടെ അറിവുകള്‍ പ്രയോജനപ്പെടുത്തി തയ്യലോ ട്യൂഷനോ പാചകമോ ഡ്രൈവിങ് പഠിപ്പിക്കലോ അങ്ങനെ എന്തില്‍ നിന്ന് പണം കണ്ടെത്താന്‍ കഴിയുമെന്നാണ് ആലോചിക്കേണ്ടത്. സ്ഥിരം ജോലിയുള്ളവരാണെങ്കിലും കുഞ്ഞിന്‍റെ ഭാവിയ്ക്ക് ആവശ്യമായ തുക നീക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. അവരുടെ വിദ്യാഭ്യാസം, ്വിവാഹം അങ്ങനെ വലിയ ചിലവെല്ലാം മുന്നില്‍ കാണണം. കുഞ്ഞിന്‍റെ ഭാവിയിലെ നിര്‍ണ്ണായക കാര്യങ്ങളെ സംബന്ധിച്ച് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് പലപ്പോഴും രക്ഷിതാവില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. നിങ്ങള്‍ക്ക് വിശ്വാസമുള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അഭിപ്രായം കൂടി തേടിയതിനു ശേഷം ഒരു തീരുമാനത്തിലെത്താം. കൂടാതെ കുട്ടിയുടെ അഭിപ്രായത്തിനും പരിഗണന നല്‍കണം. കുട്ടിയെ ദത്തെടുക്കുകയാണെങ്കില്‍ സ്വത്തുക്കള്‍ കൈമാറേണ്ടതിന്‍റെ നിയമവശങ്ങളെ കുറിച്ച് മുന്‍കൂട്ടി മനസ്സിലാക്കിയിരിക്കണം. നിങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്ന കുട്ടിയ്ക്ക് മുതിര്‍ന്ന ശേഷം എന്തു തീരുമാനമെടുക്കാനും സ്വാതന്ത്ര്യമുണ്ട്. ചിലപ്പോള്‍ സ്വതന്ത്ര്യമായി ജീവിക്കാനോ അല്ലെങ്കില്‍ ഇത്രനാളും അകന്നു കഴിഞ്ഞിരുന്ന രക്ഷിതാവിനൊപ്പം പോകാനോ ഒക്കെ താത്പര്യം പ്രകടിപ്പിച്ചേക്കാം. ഇത്തരം ഘട്ടങ്ങളില്‍ നിങ്ങള്‍ തനിച്ചു ജീവിക്കേണ്ടി വന്നേക്കുമെന്ന ബോധ്യം ഉള്ളിലുണ്ടാകണം. ഇത് വലിയൊരു മാനസികാഘാതം സമ്മാനിക്കുമെന്നതിനപ്പുറം ചിലപ്പോള്‍ സാമ്പത്തികമായും നിങ്ങളെ ബാധിച്ചേക്കാം. നിങ്ങളുടെ സ്വത്തുക്കള്‍ സ്വന്തമാക്കിയ ശേഷം അവര്‍ നിങ്ങളെ വിട്ടെറിഞ്ഞ് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വലിയ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തുന്ന സമയത്ത് ഇക്കാര്യം മനസ്സില്‍ വയ്ക്കുക.

ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്നതിലൂടെ നിങ്ങള്‍ വലിയൊരു ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. എന്നാല്‍ ഒരിക്കലും അതൊരു ത്യാഗമോ ബാധ്യതയോ ആയി കണക്കാക്കരുത്. കുട്ടിയുമൊത്തുള്ള നിമിഷങ്ങള്‍ നന്നായി ആസ്വദിക്കുക. എന്തും തുറന്നു സംസാരിക്കാവുന്ന ഒരു സുഹൃത്തായി അവരെ ഒപ്പം കൂട്ടുക. അതേസമയം നിങ്ങളുടേതായ സ്വകാര്യസമയവും കണ്ടെത്തുക. സുഹൃത്തുക്കളുമായി സംസാരിക്കാനും പാര്‍ട്ടിയില്‍ പങ്കെടുക്കാനും സമയം ചെലവിടാം. ജീവിതത്തിലെ ഓരോ ദിനവും കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്വങ്ങള്‍ എല്ലാം ഒഴിഞ്ഞിട്ട് ജീവിതം ആസ്വദിക്കാം എന്നത് ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത ഒരു സ്വപ്നമാണ്. നിങ്ങളുടെ ചുമതലകള്‍ നന്നായി നിറവേറ്റുന്നതിനൊപ്പം അതില്‍ ആനന്ദം കണ്ടെത്താനും കഴിയുമ്പോഴേ ജീവിതം ആസ്വാദ്യകരമാകൂ.

(ലേഖനത്തില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

സന്ധ്യാറാണി.എല്‍

Child & Family Counsellor

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More