പോക്കറ്റ് മണി നല്കും മുൻപ് ഇതൊന്നു വായിക്കു ... .

(Our Article published in 'Ayurarogyam' Magazine - April 2016)

എട്ടും പത്തും മക്കളുള്ള കുടുംബങ്ങളായിരുന്നു പഴയ തലമുറയില്‍ ഉണ്ടായിരുന്നത്. പുതുതലമുറയാകട്ടെ ഒന്ന് ഏറിയാല്‍ രണ്ട് എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ മക്കളാവുമ്പോള്‍ അവരുടെ കാര്യങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ സമയം കിട്ടുമെന്നതുള്‍പ്പെടെ ഒരുപാട് ഗുണങ്ങളുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ പല രക്ഷിതാക്കളും മക്കളുടെ ഏത് ആവശ്യങ്ങളും കണ്ണുംപൂട്ടി സമ്മതിച്ചു കൊടുക്കുന്ന പ്രവണത വളര്‍ന്നു വരുന്നു. മക്കള്‍ക്ക് വിഷമമായാലോ എന്ന് പേടിച്ച് അവര്‍ ചോദിക്കുന്ന പണം പോക്കറ്റ് മണിയായി നല്‍കുന്ന രക്ഷിതാക്കളുണ്ട്. വീട്ടില്‍ നിന്ന് പണം ലഭിക്കാത്ത സാഹചര്യത്തില്‍ ചില കുട്ടികളെങ്കിലും പോക്കറ്റ് മണിയ്ക്കായി മറ്റു വഴികള്‍ തേടുന്നു. അമിതമായി ലഭിക്കുന്ന പണം കുട്ടികളെ പലപ്പോഴും അരുതാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നു.

" വീട്ടമ്മയാണ് ദീപ. ഭര്‍ത്താവ് സുധീഷ് വിദേശത്ത് ബിസിനസ്സുകാരനാണ്. ഏകമകന്‍ അതുല്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. ഒറ്റപ്പുത്രനായതിനാല്‍ അതുലിനോട് സുധീഷിന് വലിയ വാത്സല്യമാണ്. മകന്‍ ആവശ്യപ്പെടുന്ന പണം അയച്ചു കൊടുക്കും. പതിനൊന്നാം ക്ലാസിലേയ്ക്ക് കടന്നപ്പോള്‍ അവന് കിടിലന്‍ ഒരു ബൈക്ക് തന്നെയാണ് വാങ്ങിക്കൊടുത്തത്. ബൈക്കോടിക്കാനുള്ള പ്രായമായിട്ടില്ലല്ലോ എന്ന ദീപയുടെ വാക്കുകളൊന്നും വിലപ്പോയില്ല. ടൗണിലേയ്ക്കൊന്നും ബൈക്ക് കൊണ്ടുപോകില്ലെന്ന് അതുല്‍ അച്ഛന് ഉറപ്പു നല്‍കി. അച്ഛന്‍ മടങ്ങിപ്പോയി. അതുലാകട്ടെ കൂട്ടുകാരുമൊത്ത് ബൈക്കില്‍ പലയിടത്തും കറങ്ങാന്‍ തുടങ്ങി. ദീപയോട് പണ്ടേ അവന് അടുപ്പമില്ലായിരുന്നു. അവരുടെ ശാസനകളൊന്നും അവന്‍ ഒരിക്കലും വകവച്ചിരുന്നില്ല. മകന്‍റെ അനുസരണയില്ലായ്മയേയും കൂട്ടുകെട്ടിനേയും പറ്റിയൊക്കെ ദീപ ഭര്‍ത്താവിനോട് പലവട്ടം പരാതിപ്പെട്ടെങ്കിലും മകന് ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അയാളുടെ അഭിപ്രായം. ഒരു ദിവസം രാത്രിയിലാണ് ദീപയെ നടുക്കിയ ആ ഫോണ്‍കോള്‍ എത്തിയത്. മകന്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്ന് അവന്‍റെ കൂട്ടുകാരിലൊരാളാണ് അവളെ അറിയിച്ചത്. ആശുപത്രിയിലെത്തുമ്പോള്‍ മകന്‍ ഐ.സി.യുവില്‍ ആണ്. അപകടസമയത്ത് ഹെല്‍മറ്റ് ധരിക്കാതിരുന്നത് പരിക്കിന്‍റെ ആഴം കൂട്ടി. വിദേശത്തു നിന്ന് അച്ഛന്‍ എത്തി. മകന്‍റെ അവസ്ഥ കണ്ട് കരയാനും പശ്ചാത്തപിക്കാനും മാത്രമേ അയാള്‍ക്ക് കഴിഞ്ഞുള്ളൂ. ഭാഗ്യം ഒന്നുകൊണ്ടു മാത്രം അവര്‍ക്ക് മകനെ ജീവിത്തിലേയ്ക്ക് തിരികെ കിട്ടി. പക്ഷേ പരിക്കുകളില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനായിട്ടില്ല. എങ്കിലും അവനുമായി സംസാരിച്ചതില്‍ നിന്ന് ഒരു കാര്യം വ്യക്തമായി. അമ്മയുടെ വാക്കുകള്‍ അനുസരിക്കാതിരുന്നതില്‍ അവന്‍ ഇന്ന് ഏറെ ദുഖിക്കുന്നു. അച്ഛനും അമ്മയും തന്‍റെ കൂട്ടുകാരേക്കാള്‍ എത്രയോ മടങ്ങ് തന്നെ സ്നേഹിക്കുന്നുവെന്നും അവന് ബോധ്യപ്പെട്ടു. നിയന്ത്രണമില്ലാതെ പണം നല്‍കിയതാണ് മകനെ ഇത്തരമൊരു അവസ്ഥയില്‍ കൊണ്ടുചെന്നത്തിച്ചതെന്ന് സുധീഷും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയുള്ള കാലം മകന്‍റെ കാര്യങ്ങളില്‍ അയാള്‍ ശ്രദ്ധപുലര്‍ത്തുമെന്ന് ഉറപ്പാണ്"

പണം അല്ല സ്നേഹം

പുതിയതലമുറയില്‍ പലപ്പോഴും രണ്ടുപേരും ജോലിക്കാരായിരിക്കും. ഇതില്‍ തന്നെ പല ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നവരുണ്ടാകാം. രണ്ടുരക്ഷിതാക്കളും വിദേശത്ത് ജോലി നോക്കുകയോ അല്ലെങ്കില്‍ രക്ഷിതാക്കളില്‍ ഒരാളെങ്കിലും വിദേശത്തായിരിക്കുന്ന സാഹചര്യവും ഉണ്ട്. മക്കള്‍ക്കൊപ്പം ചെലവിടാന്‍ ഇവര്‍ക്ക് കിട്ടുന്നത് ആകെ കുറച്ച് സമയം മാത്രമാണ്. മക്കള്‍ക്ക് തങ്ങളോട് അടുപ്പം കുറഞ്ഞു പോകുമോ എന്ന് ഭയക്കുന്ന രക്ഷിതാക്കളുണ്ട്. മക്കളുടെ ഏതാവശ്യവും നിറവേറ്റി കൊടുത്താണ് ഇവര്‍ ഈ ഭയത്തെ മറികടക്കുന്നത്. എന്നാല്‍ ഇത് മക്കളെ അപകടത്തില്‍ ചാടിക്കുമെന്ന് പല രക്ഷിതാക്കളും തിരിച്ചറിയാതെ പോകുന്നു. പണമല്ല സ്നേഹം എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ മനസ്സിലാക്കാതെ പോകുന്നത്. മക്കളുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി സാധിച്ചു കൊടുത്തതു കൊണ്ടു മാത്രം അവര്‍ക്ക് നിങ്ങളോട് വൈകാരികമായ അടുപ്പം ഉണ്ടാവണമെന്നില്ല. ഒരു പണപ്പെട്ടിയായി രക്ഷിതാക്കളെ കാണുന്ന മക്കളും ഉണ്ട് പുതുതലമുറയില്‍. കുറച്ചു സമയം മാത്രമേ മക്കള്‍ക്കൊപ്പം ചെലവിടാന്‍ കിട്ടുന്നുള്ളൂ എങ്കിലും ആ സമയം കൃത്യമായി വിനിയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മക്കളുടെ പഠനത്തേയും അധ്യാപകരേയും കൂട്ടുകാരേയും പറ്റി തിരക്കാം. അവരെ ഇഷ്ടപ്പെട്ടൊരു സിനിമ കാണിക്കാന്‍ കൊണ്ടുപോകാം. ഒരു ദിവസം സ്വന്തം വാഹനത്തില്‍ സ്കൂളില്‍ കൊണ്ടുവിടാം. സ്കൂള്‍ബസിലെ യാത്രയേക്കാള്‍ അവര്‍ അത് ആസ്വദിക്കുമെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ അവര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചു കൊണ്ടു വേണം അവരുടെ സ്നേഹം നേടിയെടുക്കാന്‍. നിങ്ങള്‍ അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

പണത്തിന് കണക്കു വേണം

കുട്ടിയ്ക്ക് നിങ്ങള്‍ നല്‍കിയ പണം അവര്‍ എങ്ങനെ വിനിയോഗിക്കുന്നു എന്ന കാര്യം അറിയണം. ഫീസ് അടയ്ക്കാനായി പണം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ രസീറ്റ് ചോദിച്ചു വാങ്ങാം. പഠനാവശ്യത്തിനായി പല ഉപകരണങ്ങളും വാങ്ങേണ്ടതായി വരും. ഓരോ തവണയും കുട്ടിയ്ക്ക് ആവശ്യമുള്ളതെല്ലാം വാങ്ങി നല്‍കാന്‍ സമയം തികയാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ പലപ്പോഴും അതിന് ആവശ്യമായി വരുന്ന തുക കുട്ടിയെ ഏല്‍പ്പിക്കാറാണ് പതിവ്. ആ പണം കൊണ്ട് അവര്‍ എന്തൊക്കെ വാങ്ങി എന്ന് ആരും കൃത്യമായി പരിശോധിക്കാറില്ല. ചില കുട്ടികളെങ്കിലും ഈ തുക തിരിമറി നടത്താറുണ്ട്. ചെറിയ തുക കൊണ്ട് തെറ്റായ വഴിയിലേയ്ക്ക് നടന്നു തുടങ്ങുന്ന അവര്‍ ഭാവിയില്‍ പല കള്ളങ്ങളും പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് കൂടുതല്‍ പണം കൈപ്പറ്റും. ഗുരുതരമായ പ്രശ്നത്തില്‍ കുട്ടി അകപ്പെട്ടു കഴിയുമ്പോള്‍ മാത്രമേ പല രക്ഷിതാക്കളും ഇക്കാര്യം അറിയാറുള്ളൂ. കുട്ടിയ്ക്ക് നല്‍കുന്ന പണം അത് എത്ര ചെറിയ തുകയാണെങ്കില്‍ കൂടി അവര്‍ അത് എങ്ങനെ ചെലവഴിച്ചു എന്ന് അറിഞ്ഞിരിക്കണം. നിങ്ങള്‍ കൃത്യമായ കണക്ക് ചോദിക്കുമെന്ന് ഉറപ്പായാല്‍ ചില കുട്ടികളെങ്കിലും കള്ളത്തരം കാണിക്കുന്നതില്‍ നിന്ന് പിന്‍തിരിയും. എന്നാല്‍ പണം തിരിമറി നടത്തിയ ശേഷം വീട്ടില്‍ പറയാനായി സമര്‍ത്ഥമായ ഉത്തരങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിച്ചു വയ്ക്കുന്നവരും ഉണ്ട്. സംശയം തോന്നിയാല്‍ വീണ്ടും വീണ്ടും ചോദിക്കുക. ഇതിലൂടെ മാത്രമേ അവര്‍ കാണിച്ച കള്ളത്തരം നിങ്ങള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയൂ. ആദ്യ തവണ കള്ളത്തരം കണ്ടുപിടിച്ചാലും തല്ലുകയോ വല്ലാതെ വഴക്കുപറയുകയോ അരുത്. മറിച്ച് കള്ളം പറയുന്നത് എത്ര മോശമായ ഒരു കാര്യമാണെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുക. പണം ചെലവഴിച്ചതല്ല, മറിച്ച് കള്ളത്തരം കാണിച്ചതാണ് തെറ്റ് എന്ന് ബോധ്യപ്പെടുത്തണം. ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ഉറപ്പു വാങ്ങണം. വീണ്ടും കുട്ടി ആ വഴിയേ സഞ്ചരിക്കുന്നുവെന്ന് കണ്ടാല്‍ ചെറിയ ശിക്ഷകള്‍ നല്‍കാം. എന്നാല്‍ പ്രശ്നം ഗുരുതരമാണെന്നു കണ്ടാല്‍ ഒരു കൗണ്‍സിലറുടെ സഹായം തേടണം.

ആരാണ് സമ്മാനങ്ങള്‍ നല്‍കുന്നത് ?

നിങ്ങള്‍ വാങ്ങിച്ചു കൊടുക്കാത്ത, വിലപിടിപ്പുള്ള എന്തെങ്കിലും കുട്ടിയുടെ പക്കല്‍ നിന്ന് കണ്ടെത്തുന്നു. ആരാണ് അത് നല്‍കിയത്? അതെനിക്ക് ഗിഫ്റ്റ് കിട്ടിയതാണ് എന്നാവും മിക്ക കുട്ടികളുടേയും മറുപടി. ചില രക്ഷിതാക്കളെങ്കിലും തുടര്‍ന്ന് അവരെ ചോദ്യം ചെയ്യാറില്ല. എന്തെങ്കിലും ചോദിച്ചാലും ആര് നല്‍കി, എപ്പോള്‍ നല്‍കി എന്ന ചോദ്യങ്ങള്‍ക്കൊക്കെ അവര്‍ ഉത്തരം കണ്ടുപിടിച്ചു വച്ചിട്ടുണ്ടാകും. ഇത്തരം വിലപിടിപ്പുള്ള സമ്മാനങ്ങള്‍ എവിടെ നിന്നു ലഭിക്കുന്നു എന്ന് രക്ഷിതാക്കള്‍ തീര്‍ച്ചയായും അന്വേഷിച്ചിരിക്കണം. സ്കൂളിലെ അവരുടെ സുഹൃത്തുക്കളോടോ അധ്യാപകരോടോ രഹസ്യമായി തിരക്കാം. കുട്ടി എവിടെയൊക്കെ പോകുന്നു, ആരെയൊക്കെ കാണുന്നു എന്ന് നിരീക്ഷിക്കാം. തെറ്റായ വഴിയിലൂടെയാണ് അവരുടെ സഞ്ചാരമെന്ന് മനസ്സിലായാല്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. ചീത്ത കൂട്ടുകെട്ടില്‍ നിന്ന് അവരെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തണം. നിങ്ങള്‍ക്ക് തിരികെ കൊണ്ടുവരാനാകാത്ത വിധം കുട്ടി മാറിക്കഴിഞ്ഞു എന്ന് മനസ്സിലായാല്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി അവരെ ആകര്‍ഷിച്ച ശേഷം അരുതാത്ത പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന മാഫിയകളുടെ സാന്നിധ്യം കേരളത്തില്‍ സജീവമാണ്. കഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പനയുടെ ഏജന്‍റുമാരായും വ്യാജ സിനിമ അപ് ലോഡ് ചെയ്യുന്നവരായും കുട്ടികള്‍ മാറുന്നതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. വീട്ടില്‍ നിന്ന് പോക്കറ്റ് മണി നല്‍കാതിരുന്നതു കൊണ്ടു മാത്രം കുട്ടികള്‍ ഇത്തരം ചതിക്കുഴികളില്‍ നിന്ന് രക്ഷപെടണമെന്നില്ല. മറ്റു വഴിയിലൂടെ അവര്‍ പോക്കറ്റ് മണി കണ്ടെത്തുന്നുണ്ടോ എന്ന കാര്യവും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം.

പഠിപ്പിക്കാം പണത്തിന്‍റെ മൂല്യം

ചോദിക്കുന്ന പണം സമയാസമയത്ത് കിട്ടുമ്പോള്‍ കുട്ടി ഒരിക്കലും പണത്തിന്‍റെ മൂല്യം തിരിച്ചറിയില്ല. പോക്കറ്റ് മണിയായി ലഭിക്കുന്ന പണത്തിനു പിന്നില്‍ അച്ഛന്‍റേയും അമ്മയുടേയും അധ്വാനമുണ്ടെന്ന് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല. ഇത്തരത്തില്‍ വളരുന്ന കുട്ടികള്‍ മുതിര്‍ന്നാലും സമ്പാദ്യശീലമില്ലാത്തവരായി മാറാന്‍ സാധ്യത കൂടുതലാണ്. കയ്യില്‍ വരുന്ന പണം ചെലവഴിക്കാനുള്ളതാണെന്ന ചിന്ത ചെറുപ്പം മുതല്‍ തന്നെ അവരുടെ ഉള്ളില്‍ ഉറച്ചു പോയതിന്‍റെ പ്രശ്നമാണിത്. കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുമ്പോഴും സമ്മാനങ്ങള്‍ നല്‍കുമ്പോഴും അതിന്‍റെ മൂല്യത്തെ കുറിച്ച് അവരോട് സംസാരിക്കണം. ഈ സമ്മാനം വാങ്ങാന്‍ ഇത്ര ദിവസത്തെ അല്ലെങ്കില്‍ മാസത്തെ ശമ്പളം ഉപയോഗിച്ചു എന്ന് പറയാം. ഒരു മാസത്തിനൊടുവില്‍ ശമ്പളത്തില്‍ നിന്ന് ഇത്ര തുക പോക്കറ്റ് മണിയ്ക്കായി ഇത്ര തുക ചെലവിട്ടിട്ടുണ്ടെന്ന് അറിയിക്കാം. നിങ്ങള്‍ അവരോട് കണക്കു പറയുകയാണെന്ന തോന്നല്‍ ഉണര്‍ത്താത്ത വിധം വേണം സംസാരിക്കാന്‍. പണം വെറുതേ കിട്ടുകയും അത് ചെലവിടുകയും ചെയ്യുമ്പോള്‍ പണത്തിന്‍റെ വില അറിയില്ല. പൂന്തോട്ടം നനക്കുക, മുറി വൃത്തിയാക്കുക, തുടങ്ങിയ ചെറിയ ജോലികള്‍ അവരെ ഏല്‍പ്പിക്കാം. ജോലി പൂര്‍ത്തിയാക്കുമ്പോള്‍ ചെറിയൊരു തുക പ്രതിഫലമായി നല്‍കാം. ഇങ്ങനെ ലഭിക്കുന്ന പണം സൂക്ഷിക്കാനായി ഒരു സമ്പാദ്യപ്പെട്ടിയും വാങ്ങികൊടുക്കണം. അവര്‍ ഏറെ ആഗ്രഹിക്കുന്ന എന്തെങ്കിലുമൊന്ന് വാങ്ങാനായി പണം സമ്പാദിക്കാന്‍ ആവശ്യപ്പെടാം. ഒടുവില്‍ ആ തുക ഉപയോഗിച്ച് അവര്‍ക്ക് ഇഷ്ടപ്പെട്ട ആ സമ്മാനം വാങ്ങിക്കൊടുക്കാം. പണത്തിന്‍റെ മൂല്യം അവര്‍ പഠിക്കുമെന്ന് ഉറപ്പാണ്.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

സന്ധ്യാറാണി.എല്‍

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More