എന്നോട് ഇഷ്ട്മില്ല ...

(Our Article published in 'Ayurarogyam' Magazine - May 2016)

കുടുംബത്തിലേയ്ക്ക് രണ്ടാമതൊരു കുഞ്ഞു കൂടി കടന്നു വരുന്നത് ആഹ്ലാദകരമാണ്. സ്നേഹിക്കാന്‍ ഒരാള്‍ കൂടി എന്ന സന്തോഷമാണ് മാതാപിതാക്കളുടെ മനസ്സില്‍ ഉണ്ടാവുക. എന്നാല്‍ കുടുംബത്തിലേയ്ക്ക് പുതിയൊരംഗം കടന്നു വന്നത് മൂത്തകുട്ടിയുടെ മനസ്സില്‍ സന്തോഷത്തിനൊപ്പം ചില ആശങ്കകളും ജനിപ്പിച്ചേക്കാം. തനിക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹം നഷ്ടപ്പെടുമോ എന്ന് അവര്‍ സംശയിക്കും. തിരിച്ചും സംഭവിക്കാം. വളര്‍ന്നു വരുന്തോറും വീട്ടില്‍ തന്നേക്കാള്‍ പ്രാധാന്യം ചേട്ടന് അല്ലെങ്കില്‍ ചേച്ചിയ്ക്ക് കിട്ടുന്നുവെന്ന് ഇളയകുട്ടിയും പരാതിപ്പെട്ടേക്കാം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശ്രദ്ധിച്ചാല്‍ മാത്രമേ ഇരുകുട്ടികളും തമ്മില്‍ ആരോഗ്യകരമായൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിക്കൂ.

"മോള്‍ ഈയിടെയായി യാതൊരു കാരണവുമില്ലാതെ ദേഷ്യപ്പെടുന്നു. ചിലപ്പോഴൊക്കെ മുറിയില്‍ കയറി കതക് അടച്ചിരിക്കും. ഞങ്ങള്‍ വിളിച്ചാലൊന്നും തുറന്നെന്നു വരില്ല. എനിക്കു പേടിയാകുന്നു-എഴാം ക്ലാസുകാരിയായ മകളെ കുറിച്ച് വേവലാതിപ്പെട്ടാണ് ആ അമ്മ എനിക്കരികില്‍ എത്തിയത്. വീട്ടിലെ അരുമക്കുട്ടിയായിരുന്ന അവളുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടായ മാറ്റം അവരെ ആകെ ഉലച്ചുകളഞ്ഞു. അമ്മയുമായി സംസാരിച്ചതില്‍ നിന്ന് അവളെ ഇത്തരത്തില്‍ മാറ്റത്തക്കവിധമുള്ള യാതൊരു സാഹചര്യവും വീട്ടില്‍ ഉള്ളതായി തോന്നിയില്ല. ഞാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അടുത്ത ദിവസം അവര്‍ മകളേയും കൊണ്ട് കൗണ്‍സിലിങ് സെന്‍ററിലെത്തി. കാഴ്ചയില്‍ നല്ല മിടുക്കി പെണ്‍കുട്ടി. ചോദ്യങ്ങള്‍ക്കൊക്കെ മടി കൂടാതെ അവള്‍ ഉത്തരം പറഞ്ഞു. എന്തിനാണ് വെറുതേ ദേഷ്യപ്പെടുന്നതെന്ന് ചോദിച്ചപ്പോള്‍ മാത്രം അവള്‍ തലകുനിച്ചിരുന്നു. പിന്നെ മടിച്ചു മടിച്ചു പറഞ്ഞു വീട്ടില്‍ എല്ലാവര്‍ക്കും എന്നേക്കാളും ഇഷ്ടം അനിയനെയാണ്. അടുത്തിടെ കുട്ടിയുടെ അപ്പൂപ്പന്‍ മരിച്ചു പോയിരുന്നു. അതിനു ശേഷം അമ്മൂമ്മ കുട്ടിയുടേയും കുടുംബത്തിന്‍റേയും ഒപ്പമാണ് താമസം. അവര്‍ക്ക് സ്വതവേ ആണ്‍കുട്ടികളോട് ഇഷ്ടക്കൂടുതലുണ്ട്. അവര്‍ വീട്ടിലെത്തിയപ്പോള്‍ മുതല്‍ ഇളയവനായ ആണ്‍കുട്ടിയെ ലാളിക്കുകയും അവനെ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രദ്ധിക്കുകയുമൊക്കെ ചെയ്തിരുന്നു. ആദ്യത്തെ കുട്ടി ആണ്‍കുട്ടിയാവാന്‍ പ്രാര്‍ത്ഥിച്ചെങ്കിലും ഈശ്വരന്‍ രണ്ടാംവട്ടമാണ് അത് കേട്ടതെന്നും മറ്റുമുള്ള അമ്മൂമ്മയുടെ സംസാരങ്ങള്‍ പെണ്‍കുട്ടിയെ വേദനിപ്പിച്ചു. ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോയിരുന്ന അമ്മയാകട്ടെ അമ്മൂമ്മ വന്നത് ഒരാശ്വാസമായാണ് കണക്കാക്കിയത്. അവര്‍ കുട്ടികളുടെ കാര്യങ്ങള്‍ പഴയപടി ശ്രദ്ധിച്ചതുമില്ല. അമ്മയേയും മുന്‍പത്തെ പോലെ അടുത്തു കിട്ടാതായതോടെ എല്ലാവരും തന്നെ അവഗണിക്കുകയാണെന്ന തോന്നല്‍ മൂത്തകുട്ടിയ്ക്ക് ഉണ്ടായി. അവള്‍ ദേഷ്യപ്പെടാനും മുറിയടച്ചിരുന്ന് കരയാനും ഒക്കെ തുടങ്ങി. ഒന്നു ചിന്തിച്ചാല്‍ ഇതൊരു നിസ്സാരപ്രശ്നമാണ്. ആരും അവഗണിച്ചു കളഞ്ഞേക്കാവുന്ന ഒന്ന്. പക്ഷേ ഇതേ സാഹചര്യത്തില്‍ പെണ്‍കുട്ടി തുടര്‍ന്നും വളര്‍ന്നാല്‍ അത് അവളുടെ സ്വഭാവരൂപീകരണത്തെ സാരമായി ബാധിക്കും. അപകര്‍ഷതാബോധം വളരാനും ആത്മവിശ്വാസം നഷ്ടപ്പെടാനുമൊക്കെ കാരണമാകും. ചിലപ്പോള്‍ അനിയനുമായി ശത്രുത ഉണ്ടാകാനും മതി. എന്നാല്‍ അമ്മൂമ്മ പഴയ ചിന്താഗതി വച്ചുപുലര്‍ത്തുന്ന ആളാണെന്നും വീട്ടിലെ മറ്റുള്ളവര്‍ക്കെല്ലാം അവളെ ഒരുപാട് ഇഷ്ടമാണെന്നും ബോധ്യപ്പെടുത്തിയതോടെ ആ പ്രശ്നം അവസാനിച്ചു. " ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. രണ്ടു കുട്ടികള്‍ ഉള്ള രക്ഷിതാക്കളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്.

പ്രവര്‍ത്തികള്‍ നിരീക്ഷിക്കാം

അച്ഛനും അമ്മയും തന്നേക്കാള്‍ അധികം സ്നേഹിക്കുന്നത് സഹോദരനേയോ സഹോദരിയേയോ ആണെന്ന ചിന്ത കുട്ടിയുടെ മനസ്സില്‍ കടന്നു കൂടുന്നതാണ് പ്രശ്നത്തിന് വഴിവയ്ക്കുന്നത്. ഓരോ കുട്ടിയേയും ഇത് വ്യത്യസ്തതരത്തിലാണ് ബാധിക്കുക. ചിലര്‍ നിസ്സാരകാര്യങ്ങള്‍ക്കു പോലും അമിതമായി ദേഷ്യപ്പെടും. എന്നാല്‍ മറ്റു ചില കുട്ടികളാകട്ടെ വീട്ടുകാരില്‍ നിന്ന് പതിയെ അകലും. വീട്ടില്‍ വളരെ കുറച്ചു മാത്രം സംസാരിക്കുക, വിഷാദത്തിന് അടിമപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കാണാം. രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് സഹോദരനേയോ സഹോദരിയേയോ ഉപദ്രവിക്കാനുള്ള പ്രവണതയും ഇവരില്‍ ചിലര്‍ കാണിക്കും. "എന്‍റെ വീട് അപ്പൂന്‍റേം" എന്ന മലയാള സിനിമ ഇത്തരത്തില്‍ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അനിയത്തി പിറന്നതോടെ തന്നെ ആര്‍ക്കും വേണ്ടാതായെന്ന തോന്നലില്‍ ജീവിക്കുന്ന മൂത്തകുട്ടിയുടെ ചിന്താഗതികളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. തന്നേക്കാള്‍ പരിഗണന അനിയത്തിക്ക് കിട്ടുന്നു എന്ന് തോന്നിയ നിമിഷം അബദ്ധത്തില്‍ അവന്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തി ആ കുഞ്ഞിന്‍റെ ജീവന്‍ തന്നെ അപഹരിക്കുന്നു. വെറുമൊരു സിനിമാക്കഥ മാത്രമായി ഇതിനെ കാണാന്‍ കഴിയില്ല. വീട്ടില്‍ താന്‍ അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍ പല കുട്ടികളിലും അക്രമവാസന വളര്‍ത്തുന്നതായി കാണാം.

പെരുമാറ്റത്തില്‍ ശ്രദ്ധിക്കാം

രക്ഷിതാക്കള്‍ ഇരുകുട്ടികളോടും ഇടപെടുന്നതിലെ പ്രത്യേകതകളാണ് പലപ്പോഴും അവര്‍ സ്നേഹക്കുറവോ കൂടുതലോ ആയി തെറ്റിദ്ധരിക്കുന്നത്. വീട്ടില്‍ ഒരു കൈക്കുഞ്ഞും രണ്ടാം ക്ലാസുകാരനും ഉണ്ടെങ്കില്‍ രണ്ടുപേരോടും ഒരേ രീതിയില്‍ ഇടപെടുക അസാധ്യമാണ്. ഇളയകുട്ടിയ്ക്ക് കൂടുതല്‍ കരുതലും ശ്രദ്ധയും കൊടുക്കുക തന്നെ വേണം. അതേസമയം മൂത്തകുട്ടിയെ നിങ്ങള്‍ അവഗണിക്കുന്നു എന്ന തോന്നല്‍ ഉണര്‍ത്തുകയും അരുത്. മുന്‍പത്തെ പോലെ അമ്മ തന്നെ അവന്‍റെ കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന് അവന്‍ വാശിപിടിച്ചേക്കാം. ചെയ്തു കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാം. അമ്മയ്ക്ക് വാവയേയും നോക്കേണ്ടതിനാല്‍ കുറച്ചു കാലത്തേയ്ക്ക് അച്ഛനോ വീട്ടില്‍ മറ്റാരെങ്കിലുമോ മോന്‍റെ കാര്യങ്ങള്‍ ചെയ്തു തരുമെന്ന് പറയാം. സമയം കിട്ടുമ്പോഴൊക്കെ മൂത്ത കുട്ടിയേയും അടുത്തിരുത്തി സംസാരിക്കണം. ഇളയകുഞ്ഞുമായി ഇടപഴകാന്‍ അവനെ അനുവദിക്കണം.

ചില വീടുകളില്‍ കുട്ടികള്‍ തമ്മില്‍ അഞ്ചോ അതിലധികമോ വയസ്സിന്‍റെ വ്യത്യാസമുണ്ടാകും. ഒരാള്‍ മുതിര്‍ന്നു കഴിയുമ്പോഴും ഇളയകുട്ടി കളിച്ചു നടക്കുന്ന പ്രായത്തിലായിരിക്കും. സ്വാഭാവികമായും മൂത്തകുട്ടിയെയാവും നി്ങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക. എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞു വിടുന്നതും വീട്ടിലേയ്ക്ക് എന്തെങ്കിലും വാങ്ങുമ്പോള്‍ അഭിപ്രായം ചോദിക്കുന്നതും ഒക്കെ മൂത്ത കുട്ടിയോടു മാത്രമാകും. ഇളയകുട്ടി എന്തു പറഞ്ഞാലും നീ ചെറുതാണ് എന്നു പറഞ്ഞ് അവഗണിക്കുന്ന കുടുംബങ്ങളുണ്ട്. ചില വീടുകളില്‍ ഇളയകുട്ടി മുതിര്‍ന്നാല്‍ പോലും അവനെ അല്ലെങ്കില്‍ അവളെ കുട്ടിയായി മാത്രമാണ് കണക്കാക്കുന്നത്. ഇളയകുട്ടിയുടെ ആത്മവിശ്വാസം തകരാനും ഉള്‍വലിയുന്ന പ്രകൃതക്കാരും കാര്യപ്രാപ്തി ഇല്ലാത്തവരുമായി മാറാന്‍ ഇത് വഴിയൊരുക്കും. ഇളയകുട്ടിയുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുത്തില്ലെങ്കിലും അവര്‍ പറയുന്നത് ശ്രദ്ധാപൂര്‍വം കേള്‍ക്കണം. നിങ്ങള്‍ കേള്‍ക്കുന്നുണ്ട് എന്നത് അവരെ സന്തോഷിപ്പിക്കും. ഭാവിയിലും എവിടേയും അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ അവര്‍ക്ക് പ്രചോദനമാവുകയും ചെയ്യും.

ഇളയകുട്ടി കളിച്ചു നടക്കുമ്പോള്‍ തന്നെ മൂത്തകുട്ടിയ്ക്ക് പഠിക്കാന്‍ ഏറെയുണ്ടാകും. ഏതുസമയവും വീട്ടുകാര്‍ തന്നോടു മാത്രം പഠിക്കാന്‍ പറയുന്നു, അനിയത്തി അല്ലെങ്കില്‍ അനിയന്‍ കളിച്ചു നടക്കുന്നു എന്ന ചിന്ത മൂത്തകുട്ടിയുടെ മനസ്സില്‍ കയറിക്കൂടും. കളിക്കാന്‍ അനുവദിക്കാത്തത് തന്നോടുള്ള ഇഷ്ടക്കുറവു കൊണ്ടാണെന്ന് മൂത്തകുട്ടി തെറ്റിദ്ധരിച്ചേക്കാം. ഇളയകുട്ടി കളിക്കുമ്പോള്‍ അവനെ അല്ലെങ്കില്‍ അവളെ ഉപദ്രവിക്കുക, പഠിക്കാന്‍ പറയുന്ന സമയത്ത് ദേഷ്യപ്പെടുക എന്നിങ്ങനെ പല വിധത്തിലും മൂത്തകുട്ടി ഉള്ളില്‍ അടക്കി വച്ചിരിക്കുന്ന അമര്‍ഷം പ്രകടിപ്പിക്കും. ഇളയകുട്ടി വലുതാകുമ്പോള്‍ ഇതുപോലെ അവരും പഠിക്കേണ്ടി വരുമെന്ന് മൂത്തകുട്ടിയെ പറഞ്ഞു മനസ്സിലാക്കാം. മൂത്തകുട്ടി പഠിക്കുന്ന സമയത്ത് ഇളയകുഞ്ഞിന് ചിത്രകഥകള്‍ വായിക്കാന്‍ കൊടുക്കുകയോ ക്രയോണ്‍സ് നല്‍കി പടം വരയ്ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. ഇളയകുട്ടിയും എന്തൊക്കെയോ ചെയ്യുകയാണ് എന്ന തോന്നല്‍ മൂത്തകുട്ടിയ്ക്ക് ആശ്വാസം നല്‍കും. പഠിക്കുന്ന സമയത്ത് മൂത്തകുട്ടിയ്ക്ക് ശല്യമാകുന്ന തരത്തില്‍ ബഹളം വയ്ക്കുയോ വിളിക്കുകയോ ചെയ്യരുതെന്ന് ഇളയകുട്ടിയോട് നിര്‍ദേശിക്കാം. വളരുമ്പോള്‍ നിനക്കും ഇതുപോലെ ഒരുപാട് പഠിക്കാനുണ്ടാകുമെന്ന് മൂത്തകുട്ടി കേള്‍ക്കെ തന്നെ ഇളയകുട്ടിയോടു പറയാം.

വീട്ടില്‍ ഇരുകുട്ടികളും തമ്മില്‍ വഴക്കിട്ടാല്‍ മൂത്തകുട്ടിയെ മാത്രം ശിക്ഷിക്കുന്നവരുണ്ട്. ഇത് തെറ്റാണ്. എന്തുചെയ്താലും കുറ്റം എനിക്കു മാത്രം എന്ന ചിന്ത മൂത്തകുഞ്ഞിന്‍റെ മനസ്സില്‍ രൂപപ്പെടും. വഴക്കിടുമ്പോള്‍ തെറ്റ് ആരുടെ ഭാഗത്താണോ അവരെ ശാസിക്കുക. ഇളയകുഞ്ഞ് തീരെ ചെറുതാണെങ്കില്‍ അവര്‍ക്ക് തെറ്റും ശരിയും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ലെന്ന് മൂത്തകുട്ടിയോട് പറയാം. മുതിര്‍ന്ന കുട്ടിയായ നീ വേണം ഇളയവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ എന്നും നിര്‍ദേശിക്കാം. ഇളയകുട്ടി എന്തെങ്കിലും വികൃതി കാണിച്ചാല്‍ അവനെ നിനക്കു തിരുത്താമെന്നും എന്നാല്‍ ഒരിക്കലും ഉപദ്രവിക്കരുതെന്നും പറയണം. നിങ്ങള്‍ എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെടുന്ന സമയത്ത് ഇളയകുഞ്ഞിനെ നോക്കാനുള്ള ഉത്തരവാദിത്വം മൂത്തകുട്ടിയെ ഏല്‍പ്പിക്കാം. അവര്‍ എങ്ങനെ ആ ജോലി ചെയ്യുന്നു എന്ന് രഹസ്യമായി നിരീക്ഷിക്കാം. ഇളയകുട്ടിയെ ഉപദ്രവിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിക്കണം. ചെയ്തത് തെറ്റാണെന്ന് ബോധ്യ പ്പെടുത്തുകയും സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ നന്നായി നോക്കേണ്ട ഉത്തരവാദിത്വം മൂത്തകുട്ടിയായ നിനക്ക് ഉണ്ടെന്ന് പറയുകയും വേണം.

വേര്‍തിരിവ് വേണ്ട

ചെറുതല്ലേ എന്നു കരുതി ഇളയകുഞ്ഞിന് മിഠായിയും പലഹാരങ്ങളും വാങ്ങി നല്‍കുന്ന രക്ഷിതാക്കളുണ്ട്. മൂത്തകുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് വിഷമകരമായൊരു കാര്യമാണ്. അവര്‍ എത്ര മുതിര്‍ന്നാലും അച്ഛന്‍റേയും അമ്മയുടേയും മുന്‍പില്‍ കുട്ടിയായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. വാങ്ങുന്ന സാധനങ്ങള്‍ ഇരുകുട്ടികള്‍ക്കുമായി പങ്കിട്ടു നല്‍കണം. ഇളയകുഞ്ഞിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ട് എങ്കില്‍ മൂത്തകുട്ടിയുടേതും ആഘോഷിക്കാന്‍ ശ്രദ്ധിക്കുക. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഇരുവര്‍ക്കും ഒരേസമയത്ത് വാങ്ങാന്‍ ശ്രദ്ധിക്കുക. യാത്ര പോകുന്ന അവസരങ്ങളില്‍ രണ്ടുപേരേയും കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക. എന്തെങ്കിലും കാരണവശാല്‍ ഒരാളെ ഒപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരം ആ ദിവസങ്ങള്‍ അവര്‍ പോകാന്‍ ആഗ്രഹിക്കുന്ന ബന്ധുവീടുകളിലോ കൂട്ടുകാരുടെ അടുത്തോ ചെലവിടാന്‍ അനുവദിക്കാം. വീട്ടില്‍ നല്‍കുന്ന ഭക്ഷണകാര്യത്തിലും വിവേചനം പാടില്ല. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ ഒരുകുട്ടിയ്ക്ക് പ്രത്യേക ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നുണ്ടെങ്കില്‍ ഒരുമിച്ച് കഴിക്കുന്ന അവസരങ്ങളില്‍ ആ ഭക്ഷണം ഒഴിവാക്കാം. സ്കൂളിലേയ്ക്ക് ആവശ്യമായി വരുന്ന സാധനങ്ങള്‍ വാങ്ങുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. മൂത്തകുട്ടിയ്ക്ക് കൂടുതല്‍ സാധനങ്ങള്‍ ആവശ്യമായി വരും. ഇളയകുട്ടിയോട് അത് പറഞ്ഞ് മനസ്സിലാക്കാം. വലുതാകുമ്പോള്‍ നിനക്കും അതെല്ലാം വാങ്ങിത്തരാമെന്ന് പറയാം. പൊതുവായി വാങ്ങുന്ന സാധനങ്ങള്‍ ഇരുവര്‍ക്കും ഒരേതരത്തിലുള്ളത് വാങ്ങിനല്‍കാന്‍ ശ്രമിക്കുക

ഒരിക്കലും ചെയ്യരുതാത്തത്

താരതമ്യം: ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നില്‍ വച്ച് ഇളയകുട്ടിയേയും മൂത്തകുട്ടിയേയും താരതമ്യം ചെയ്യുന്ന രക്ഷിതാക്കളെ കാണാം. മൂത്തവന്‍ മിടുക്കനാണ്, നന്നായി പഠിക്കും പക്ഷേ ഇളയവന്‍ മടിയനാണ് എന്നിങ്ങനെയുള്ള താരതമ്യങ്ങള്‍ കുട്ടിയുടെ ആത്മവിശ്വാസം കെടുത്തും. രണ്ടു കുട്ടികളും രണ്ടു പ്രകൃതക്കാരായിരിക്കും എന്ന കാര്യം ഉള്‍ക്കൊള്ളുക. ഒരാള്‍ പഠനത്തില്‍ മിടുക്കു കാണിക്കുമ്പോള്‍ മറ്റേയാള്‍ക്കും അതുപോലെ മറ്റെന്തെങ്കിലും കഴിവുകളുണ്ടാകും. അതു കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു പകരം ചേട്ടനെ അല്ലെങ്കില്‍ ചേച്ചിയെ കണ്ടുപഠിക്ക് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഒരേ സ്കൂളിലാണ് കുട്ടികള്‍ പഠിക്കുന്നതെങ്കില്‍ അധ്യാപകരും ഇത്തരത്തില്‍ താരതമ്യം ചെയ്യാന്‍ ഇടയുണ്ട്. രണ്ടുപേരുടേയും സ്വഭാവങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കില്‍ രണ്ടു സ്കൂളില്‍ പഠിപ്പിക്കുന്നതാവും നല്ലത്.

അമിതവാത്സല്യപ്രകടനം : കുട്ടികളില്‍ ഒരാളോട് മാത്രം അമിതവാത്സല്യം പ്രകടിപ്പിക്കരുത്. ചിലപ്പോള്‍ ഒരു കുട്ടി പഠനത്തിലും മറ്റെല്ലാകാര്യങ്ങളിലും മികവു പുലര്‍ത്തുന്നുണ്ടാകും. എന്നു കരുതി ആ കുട്ടിയോട് മാത്രം വാത്സല്യം പ്രകടിപ്പിച്ചാല്‍ രണ്ടാമത്തെകുട്ടിയില്‍ അത് അപകര്‍ഷതാബോധം വളര്‍ത്തും. താന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന ചിന്ത ഉള്ളില്‍ വളരും. അതിന് ഇട കൊടുക്കരുത്. രണ്ടു കുട്ടികളേയും ഒരുപോലെ സ്നേഹിക്കുക.

ആണ്‍-പെണ്‍ വേര്‍തിരിവ് : ആണ്‍കുട്ടികള്‍ മുന്നേറുന്ന എല്ലാ മേഖലകളിലും പെണ്‍കുട്ടികള്‍ കൂടി എത്തിപ്പെടുന്ന കാലമാണിത്. അതുകൊണ്ടു തന്നെ വീട്ടിനുള്ളില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് വേണ്ട. പെണ്‍കുട്ടിയായതു കൊണ്ട് നീ അലക്കാനും പാത്രം കഴുകാനും ഭക്ഷണം പാകം ചെയ്യാനും പഠിക്കണം, എന്നാല്‍ ആണ്‍കുട്ടിയായതിനാല്‍ മകന്‍ അതൊന്നും ചെയ്യേണ്ടതില്ല എന്ന് നിര്‍ദേശിക്കുന്ന രക്ഷിതാക്കളുണ്ട്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്ന പുതിയ കുടുംബങ്ങളില്‍ ആണുങ്ങളും ഇത്തരം ജോലികള്‍ ചെയ്തു ശീലിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ വീട്ടില്‍ ഇരുവരേയും തുല്യമായി ജോലി ചെയ്യിക്കാം. പെണ്‍കുട്ടിയായതു കൊണ്ട് നീ അങ്ങനെ ചെയ്യരുത് അവിടെ പോകരുത് എന്നെല്ലാം പറയുന്നതിന് പകരം പെണ്‍കുട്ടിയായതിനാല്‍ സ്വയം സുരക്ഷയ്ക്ക് കൂടുതല്‍ കരുതലും ശ്രദ്ധയും വേണമെന്ന് പറയാം. ചില മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടികളോട് പ്രത്യേക വാത്സല്യം ഉണ്ടാകും. ഒരിക്കലും പെണ്‍കുട്ടിയുടെ മുന്നില്‍ വച്ച് വേര്‍തിരിവ് പ്രകടിപ്പിക്കും വിധം പെരുമാറരുത്. ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അത് ഒരു കുറവായി അവര്‍ക്ക് അനുഭവപ്പെട്ടേക്കാം.

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More