വാര്‍ദ്ധക്യത്തിലെ ശൈശവം അഥവാതിരികെ നല്‍കാം വാല്‍സല്യം

(Our article published in IMA Nammude Arogyam October 2016)

സ്റ്റെല്ല പറഞ്ഞ കഥ

സ്റ്റെല്ല എന്നെ വിളിച്ചത് ക്ലിനിക്കില്‍ നല്ല തിരക്കുള്ള ഒരു ഉച്ചസമയത്തായിരുന്നു. അതിന്‍റെ അസ്വസ്ഥതയിലാണ് ഫോണെടുത്തത്. ചെറുപ്പം മുതലേയുള്ള സുഹൃത്തായതിനാല്‍ ശബ്ദം കര്‍ക്കശമാകാതിരിക്കാന്‍ ശ്രദ്ധിച്ചാണ് തിരക്കിലാണ് എന്നു പറഞ്ഞത്. വളരെ അത്യാവശ്യമായി ഒന്നു കാണണമെന്നു പറഞ്ഞപ്പോള്‍ വൈകുന്നേരം വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് ഫോണ്‍ വച്ചു.

തിരക്കുകള്‍ തീര്‍ന്നപ്പോള്‍ നേരം സന്ധ്യയോടടുത്തിരുന്നു. വീട്ടിലെത്തിയപ്പോള്‍ സ്റ്റെല്ല അവിടെയുണ്ട്. സ്റ്റെല്ലയ്ക്കു പറയാനുണ്ടായിരുന്നത് അവളുടെ സുഹൃത്തിന്‍റെ അച്ഛനായ രാഘവന്‍ നായരെക്കുറിച്ചായിരുന്നു.

രാഘവന്‍ നായര്‍ക്ക്രണ്ടു മക്കളാണുള്ളത്. സ്റ്റെല്ലയുടെ സുഹൃത്തായ രാധികയും മകന്‍ രാജേഷും രാധിക വിവാഹം കഴിച്ച് ഭര്‍ത്താവുമൊത്ത് അയാളുടെ ജോലിസ്ഥലമായ അയര്‍ലണ്ടില്‍ താമിസിക്കുന്നു. രാജേഷ് ഒരു ബിസിനസ് കണ്‍സള്‍ട്ടന്‍റാണ്. വിദേശ കമ്പനികളാണ് അയാളുടെ ഇടപാടുകാര്‍. അതിനാല്‍ മാസത്തില്‍ നാലോ അഞ്ചോ ദിവസമേ അയാള്‍ വീട്ടിലുണ്ടാകാറുള്ളൂ. രാജേഷിന്‍റെ ഭാര്യസീനയും രണ്ടുമക്കളും രാഘവന്‍ നായരോടൊപ്പം താമസിക്കുന്നു.

രാഘവന്‍ നായര്‍ക്ക് വയസ്സ് 70 പിന്നിട്ടെങ്കിലും പൊതുവില്‍ ഊര്‍ജ്ജസ്വലനായ മനുഷ്യനായിരുന്നു. സ്റ്റെല്ല അദ്ദേഹത്തിനു സ്വന്തം മകളെപ്പോലെ തന്നെയായിരുന്നു. അവള്‍ വിവാഹിതയായി ആറ്റിങ്ങലിനടുത്താണ് താമസം. ഇടയ്ക്ക് സ്വന്തം വീട്ടില്‍ വരുമ്പോഴെല്ലാം രാഘവന്‍ നായരെ കാണാന്‍ പോവുകയും ക്ഷേമം അന്വേഷിക്കുകയും ചെയ്യുക അവളുടെ പതിവായിരുന്നു.

രാഘവന്‍ നായരുടെരോഗാവസ്ഥ

ഇത്തവണ സ്റ്റെല്ല രാഘവന്‍ നായരെ കണ്ടപ്പോള്‍ അദ്ദേഹത്തിനു പതിവുരീതിയിലുള്ള ഉത്സാഹമൊന്നുമില്ല മാത്രമല്ല വല്ലാതെ ഭയപ്പെടുന്നതുപോലെ കാണപ്പെട്ടു. ഒന്നിലുമൊരു താല്‍പ്പര്യവുമില്ലാതെ ഒരിടത്തു തന്നെ ദൃഷ്ടിയൂന്നി ഒറ്റയിരിപ്പാണ്. രാഘവന്‍ നായരുടെ ഈ പ്രകൃതം ഉള്‍ക്കൊള്ളാനാവാതെയാണ് സ്റ്റെല്ല ഇപ്പോള്‍ എന്നെ തേടിയെത്തിയത്.

സ്റ്റെല്ലയുടെ വിവരണം കേട്ടപ്പോള്‍ തന്നെ രാഘവന്‍ നായരുടെ ഒരു ഏകദേശ ചിത്രം മനസ്സില്‍ തെളിഞ്ഞു. എങ്കിലും രാഘവന്‍ നായരേയും മരുമകള്‍ സീനയേയും ഒന്നുകണ്ടു സംസാരിച്ചാലേ കൃത്യമായ സാഹചര്യം മനസ്സിലാക്കി പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയൂ എന്നതിനാല്‍ അടുത്തൊരു ദിവസം തന്നെ അവരെ എന്‍റടുത്തേക്കു വിടാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സീനയെ യാത്രയാക്കി.

രണ്ടു ദിവസങ്ങള്‍ക്കുശേഷം രാഘവന്‍ നായരെ കൂട്ടി സീന എന്നെ കാണാനെത്തി. സീന വളരെ സ്നേഹമയിയായ ഒരു മരുമകള്‍ തന്നെയെന്ന് സംസാരത്തിലൂടെ മനസ്സിലായി. രാഘവന്‍ നായര്‍ക്കും അതില്‍ എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ ഇരുവരുമായും സംസാരിച്ചപ്പോള്‍ പ്രശ്നം വ്യക്തമായി.

രാഘവന്‍ നായരുടെ ഭാര്യ ഏതാണ്ട് എട്ടൊന്‍പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടിരുന്നു. പിന്നീടു മക്കളും ചെറുമക്കളുമൊത്ത് തൃപ്തികരമായൊരു ജീവിതമാണ് അദ്ദേഹം നയിച്ചുപോന്നത്. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രണ്ടു ചെറുമക്കളും വിദ്യാഭ്യാസകാര്യങ്ങള്‍ക്കായി വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങിയതോടെ നായര്‍ക്ക് വിരസതയായിത്തുടങ്ങി. അടുത്തിടെ മരുമകള്‍ സ്വന്തമായൊരു ബ്യൂട്ടി പാര്‍ലറിട്ട് അതിന്‍റെ തിരക്കുകളില്‍ വ്യാപൃതയായതോടെ രാഘവന്‍ നായര്‍ക്ക് ഒറ്റപ്പെടല്‍ തോന്നാന്‍ തുടങ്ങി.

സീന തന്‍റെ തിരക്കുകള്‍ ഏറിയപ്പോള്‍ അച്ഛന്‍റെ കാര്യങ്ങള്‍ നോക്കാന്‍ വീട്ടില്‍ ഒരു ജോലിക്കാരിയെ നിയോഗിച്ചു. എന്നാല്‍ അദ്ദേഹത്തോടുള്ള അവരുടെ പെരുമാറ്റം ഒട്ടും ആശാസ്യമായിരുന്നില്ല. അവരുടെ കര്‍ക്കശമായ നിലപാടുകളും, വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പുറത്തുപോകുന്ന ശഈലവും മറ്റും രാഘവന്‍ നായരില്‍ വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. സ്വതവേ സൗമ്യനായിരുന്ന നായര്‍ ഇതൊന്നും ആരുമായും പങ്കുവച്ചില്ല. ക്രമേണ ഒറ്റപ്പെടലിന്‍റെ അസഹ്യതയിലേക്ക് അദ്ദേഹം സ്വയം ഒതുങ്ങി. അതുമായി താദാത്മ്യം പ്രാപിച്ചു.

പകലിന്‍റെ തിരക്കുകളില്‍ നിന്ന് ക്ഷീണിതയായി വീടെത്തുന്ന സീനയ്ക്ക് ഈ വിഷയങ്ങളൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സ്റ്റെല്ലയിലൂടെയാണ് നായരുടെ രോഗാവസ്ഥ സീനയും മനസ്സിലാക്കുന്നത്.

ഏതാനും ദിവസങ്ങളിലായി രാഘവന്‍ നായര്‍ക്കും സീനയ്ക്കും ഒന്നിച്ചും വെവ്വേറെയുമായി ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഇരുവരും അങ്ങേയറ്റം സഹകരിക്കുകയും ചെയ്തതിനാല്‍ രാഘവന്‍ നായരെ പഴയ ഉേډഷത്തിലേക്ക് കൊണ്ടുവരാന്‍ അധികം കാലതാമസമുണ്ടായില്ല. സീന പാര്‍ലറില്‍ ചെലവിടുന്ന സമയം കുറയ്ക്കുകയും അച്ഛനോടൊപ്പം കൂടുതല്‍ സമയംവിനിയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം സീനയും രാജേഷും അച്ഛനും കുട്ടികളുമൊത്ത് വിദേശപര്യടനത്തിനു പോയകാര്യം സ്റ്റെല്ല വിളിച്ചു പറഞ്ഞു. രാഘവന്‍ നായരെ പൂര്‍വ്വാധികം ഉേډഷവാനായത്രെ!

വയോജനപീഡനം (Elder abuse)

മനഃപൂര്‍വ്വമല്ലെങ്കിലും വാസ്തവത്തില്‍ രാഘവന്‍നായരുടെ വിഷയം വയോജനപീഡനത്തിന്‍റെ (Elder abuse) ഗണത്തില്‍ പെടുന്ന ഒന്നാണ്.

വയോജനപീഡനം പല തരത്തിലുണ്ട്. ശാരീരിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങി സാമ്പത്തികചൂഷണം വരെ വയോജന പീഡനത്തില്‍ പെടും.

ശാരീരിക പീഡനം

വൃദ്ധരെ ശാരീരികമായി ഉപദ്രവിക്കുന്നതാണ് ശാരീരിക പീഡനം. മുറിയില്‍ പൂട്ടിയിടുന്നതും കസേരയോടോ കട്ടിലിനോടോ ചേര്‍ത്തു ബന്ധിക്കുന്നതും ഡോക്ടര്‍ നിര്‍ദ്ദേശിക്കാത്ത മരുന്നുകള്‍ നല്‍കുന്നതുമൊക്കെ ശാരീരിക പീഡനം തന്നെയാണ്.

സാധാരണഗതിയില്‍ ഇത്തരം പീഡനങ്ങള്‍ അവരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ പോലെയുള്ള പ്രകടമായ അടയാളങ്ങളിലൂടെ നമുക്കു തിരിച്ചറിയാന്‍ കഴിയും. അങ്ങനെയല്ലാത്ത ചില സാഹചര്യങ്ങളുമുണ്ടാകാം.

പൊള്ളലിന്‍റെ പാടുകള്‍, ചെറിയമുറിപ്പാടുകള്‍, രക്തപ്രവാഹംതുടങ്ങിയവകാണുക.

*എല്ലിനു പൊട്ടലോഒടിവോ ഉണ്ടാവുക.

*വീണ്ടും വീണ്ടും പരിക്കുകള്‍ ആവര്‍ത്തിക്കുക

*ഇത്തരം മുറിവുകള്‍ക്കും വേദനയ്ക്കുംഒരുഡോക്ടറെ കാണാന്‍ തയ്യാറാകാതെയിരിക്കുക.

മാനസിക പീഡനം

വൃദ്ധരെ വൈകാരികമായി പ്രയാസപ്പെടുത്തുന്ന പ്രവൃത്തികളെയാണ് മാനസിക പീഡനത്തിന്‍റെ ഗണത്തില്‍ പെടുത്താവുന്നത്. വയോധികരെ ഭീഷണിപ്പെടുത്തുക, വെല്ലുവിളിക്കുക, പേരുവിളിച്ച്ആക്ഷേപിക്കുക, മനഃപൂര്‍വ്വം അവഗണിക്കുക, അവര്‍ ആരെ കാണണം, എവിടെ പോകണം, എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങളിലൊക്കെ അവരെ നിയന്ത്രിക്കുക തുടങ്ങിയവയെല്ലാം മാനസിക പീഡനങ്ങളാണ്.

നമ്മുടെ മുത്തശ്ശനോ മുത്തശ്ശിയോ മാനസിക പീഡനം അനുഭവിക്കുന്നുണ്ടോഎന്നുതിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുണ്ട്.

*അസ്വാഭാവികമായ ഉള്‍വലിയലും ഭീതിയും.

*നമുക്കു മനസ്സിലാക്കാന്‍ കഴിയാത്ത രീതിയുള്ള പെരുമാറ്റം.

*വെറുതേ അങ്ങോട്ടുമിങ്ങോട്ടും നടക്കുക, തന്നോടു തന്നെ പിറുപിറുക്കുക തുടങ്ങിയ പുതിയ ശീലങ്ങള്‍.

*ഒന്നിലും താല്‍പ്പര്യമില്ലാതെ വല്ലാതെ അസ്വസ്ഥനായോ, നിസ്സംഗനായോ ഇരിക്കുക.

*ഉറക്കം നഷ്ടമാവുക.

അവഗണനകള്‍

വൃദ്ധര്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാതിരിക്കലാണ് അവഗണന എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഭക്ഷണം, കുടിവെള്ളം, മരുന്ന്, വൃത്തിയുള്ള വസ്ത്രം തുടങ്ങിയവ യഥാസമയങ്ങളില്‍ നല്‍കാതിരിക്കല്‍ എന്നതെല്ലാം അവഗണനയുടെ ഭാഗമാണ്.

അവഗണിക്കപ്പെടുന്ന വയോധികരെ നമുക്കു താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയും.

*വൃത്തിയില്ലാതെ അലക്ഷ്യമായ വേഷധാരണവും അലങ്കോലമായ മുടിയും മറ്റും.

*പൊടുന്നനെയുണ്ടാകുന്ന ഭാരക്കുറവോ വിശപ്പില്ലായ്മയോ.

*കിടക്കവ്രണങ്ങള്‍.

*കേള്‍വിയുപകരണങ്ങള്‍, വയ്പ്പു പല്ലുകള്‍, കണ്ണട തുടങ്ങിയവ തകരുകയോ നഷ്ടമാവുകയോ ചെയ്യുക.

സാമ്പത്തിക ചൂഷണം

മേല്‍പ്പറഞ്ഞതിനെല്ലാമുപരിയായി വയോധികരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനെയും പീഡനത്തിന്‍റെ വിഭാഗത്തില്‍ പെടുത്താവുന്നതാണ്.

ഭീഷണിപ്പെടുത്തി പണംകവരുക, ചെക്കുകളിലോ വില്‍പ്പത്രത്തിലോ മുദ്രപ്പത്രങ്ങളിലോ മറ്റുരേഖകളിലോ ഒപ്പിടുവിക്കുക തുടങ്ങിയവയൊക്കെ സാമ്പത്തിക ചൂഷണമാണ്. അച്ഛനമ്മമാരുടെ വീടും സ്വത്തും മറ്റും പല കാരണങ്ങള്‍ പറഞ്ഞ് സ്വന്തം പേരിലാക്കി അവരെ വൃദ്ധസദനങ്ങളില്‍ തള്ളുന്ന പ്രവണത കേരളത്തിലുമുണ്ട്.

പുതുതായി വൃദ്ധര്‍ക്കുണ്ടാകുന്ന സൗഹൃദങ്ങള്‍, അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും കാരണമില്ലാതെയുള്ള പണം പിന്‍വലിക്കലുകള്‍, നിയമപരമായരേഖകള്‍ അപ്രത്യക്ഷമാകല്‍, ബില്ലുകളും മറ്റും ഒടുക്കാതിരിക്കല്‍ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതിന്‍റെയൊക്കെ പിന്നില്‍ സാമ്പത്തിക ചൂഷണത്തിന്‍റെ വേരുകളുണ്ടായേക്കാം.

നമ്മള്‍ ചെയ്യേണ്ടത്

വയോജനപീഡനത്തിന്‍റെ ലക്ഷണം കണ്ടെത്തിയാല്‍ അവരുമായി സംസാരിക്കാന്‍ മടിക്കരുത്. സമയോചിതമായ ഇടപെടല്‍ അവരുടെ ജീവന്‍ തന്നെ രക്ഷപ്പെടുത്താന്‍ സഹായകരമാകും. ഇന്ന് നിരവധി സന്നദ്ധ സംഘടനകളും സംവിധാനങ്ങളും വൃദ്ധരുടെ സേവനത്തിനായി നിലവിലുണ്ട്. മാനസികമായ തകര്‍ച്ച സംഭവിച്ച വൃദ്ധരെ സ്വാഭാവിക ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ നിരവധി ക്ലിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഓര്‍ക്കുക, വാര്‍ദ്ധക്യം ശൈശവത്തിന്‍റെ പുനഃസ്ഥാപനമാണ്. നമ്മുടെ ശൈശവത്തില്‍ നമുക്ക്മുതിര്‍ന്നവര്‍ നല്‍കിയസ്നേഹവും സംരക്ഷണയും അവര്‍ക്കുതിരികെ നല്‍കേണ്ട കാലമാണത്. അവര്‍ നല്‍കിയവാത്സല്യം ഇരട്ടി മധുരത്തോടെതിരികെ നല്‍കാന്‍ നമുക്കുലഭിക്കുന്ന അവസരം.

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More