ദാനം നൽകാം; പുതിയൊരു ജീവിതം

12 November, 2016 ((Our Article published in IMA Nammude Arogyam Magazine- November 2016))

ദാനം നല്‍കാം; പുതിയൊരു ജീവിതം

ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത് മഹത്തരമായൊരു കാര്യമാണ്. ഒരുപക്ഷേ നമ്മുടെ ഈ ചെറിയ ജീവിതത്തിനിടയ്ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്‍മ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ വൃക്കകളിലൊന്ന് മറ്റൊരാള്‍ക്ക് ദാനം നല്‍കാന്‍ കഴിയുമെങ്കില്‍, മരണ ശേഷം കണ്ണ്, ഹൃദയം എന്നിവ നല്‍കാനുള്ള സമ്മതപത്രം മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കാവുന്നതാണ്. പക്ഷേ ഇക്കാര്യങ്ങളെ കുറിച്ച് വേണ്ടത്ര അവബോധം ഉള്ളവര്‍ പോലും അവയവദാനത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതായി കാണാം. ജീവിച്ചിരിക്കുമ്പോള്‍ അവയവദാനം നടത്തിയാല്‍ അത് തന്‍റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് മിക്കവരേയും ഇതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്.

നളിനി ഒരു വീട്ടമ്മയാണ്. മുംബൈയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സന്തുഷ്ടകരമായി ജീവിതം മുന്നോട്ടു പോകുന്നതിനിടെയാണ് നാട്ടിലെ തന്‍റെ ഏക സഹോദരന്‍ അസുഖബാധിതനായി ആശുപത്രിയിലായ വിവരം അവര്‍ അറിയുന്നത്. നാട്ടിലെത്തിയപ്പോള്‍ നളിനിയ്ക്ക് കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. സഹോദരന്‍റെ വൃക്കകള്‍ തകരാറിലാണ്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു കഴിഞ്ഞു. ഒരു ഡോണറെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഉറ്റബന്ധുക്കളില്‍ ആരെങ്കിലും വൃക്ക ദാനം ചെയ്യാന്‍ തയ്യാറായാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സഹോദരന്‍റെ ഭാര്യ നളിനിയോട് സൂചിപ്പിച്ചു. സഹോദരന്‍റെ ജീവന്‍ രക്ഷിക്കേണ്ടത് തന്‍റെ കൂടെ കടമയല്ലേ എന്ന ചിന്ത അവരുടെ മനസ്സിലൂടെ കടന്നുപോയി. എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥ. ഭര്‍ത്താവിനോടും അദ്ദേഹത്തിന്‍റെ വീട്ടുകാരോടും സംസാരിച്ചപ്പോള്‍ പ്രതീക്ഷിച്ചതു പോലെ തന്നെ അവരെല്ലാം എതിര്‍ത്തു. എന്നാല്‍ സഹോദരന്‍റെ അവസ്ഥ നാള്‍ക്കുനാള്‍ മോശമായി വരികയാണ്. വൃക്ക ദാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതു നടപ്പിലാക്കാന്‍ മാനസികധൈര്യം ഇല്ലാത്തതായിരുന്നു നളിയുടെ പ്രശ്നം. വൃക്കദാനം ചെയ്തവര്‍ പെട്ടന്നു മരിക്കുമോ എന്ന ഭയം അവരെ അലട്ടി. പക്ഷേ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ വൃക്കദാനം ചെയ്തിട്ടും വര്‍ഷങ്ങളായി ആരോഗ്യകരമായി ജീവിതം നയിക്കുന്ന അനേകം പേരെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതോടെ തന്‍റെ ഭയത്തിന് അടിസ്ഥാനമില്ലെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. ചിലരെയെല്ലാം നേരില്‍ കണ്ട് സംസാരിക്കാനും അവര്‍ക്ക് അവസരം ലഭിച്ചു. ഇതോടെ വൃക്കദാനം ചെയ്യാം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും എതിര്‍പ്പു മറികടക്കുയായിരുന്നു അടുത്ത കടമ്പ. നളിനിയെ പോലെ അവരും ഭയപ്പെട്ടത് വൃക്കദാനം ചെയ്തതിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങളെയാണ്. എന്നാല്‍ വൃക്കദാനം ചെയ്താല്‍ ആയുസ്സ് കുറയും എന്നത് ഒരു തെറ്റിദ്ധാരണയാണെന്ന് മനസ്സിലാക്കിയതോടെ അവരുടെ എതിര്‍പ്പു കുറഞ്ഞു. അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി നളിനിയും സഹോദരനും ആരോഗ്യകരമായി ജീവിതം നയിക്കുന്നു. ഒരുപക്ഷേ അന്ന് വൃക്കദാനം ചെയ്യാതിരിക്കുകയും സഹോദരന്‍റെ ജീവന്‍ അപായപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ ജീവിതകാലം മുഴുവന്‍ കുറ്റബോധം അവരെ വേട്ടയാടുമായിരുന്നു.

നളിനിയുടെ ജീവിതത്തില്‍ സന്തോഷം തിരികെ കൊണ്ടുവന്നത് അവരുടെ നന്‍മ നിറഞ്ഞ പ്രവര്‍ത്തിയാണ്. സഹോദരന്‍റെ ജീവന് തന്നോളം തന്നെ വിലനല്‍കി തന്‍റെ വൃക്കകളിലൊന്ന് ദാനമായി നല്‍കാന്‍ അവര്‍ കാണിച്ച മനസ്സാണ് ഇവിടെ അഭിനന്ദിക്കപ്പെടേണ്ടത്. ഭൂരിഭാഗം പേര്‍ക്കും അവയദാനത്തിന്‍റെ പ്രാധാന്യവും മഹത്വവും അറിയാമെങ്കിലും ഭയം മൂലമോ ബന്ധുക്കളുടെ സമ്മര്‍ദ്ദം കാരണമോ അവര്‍ പിന്നോട്ടുവലിയുന്നു. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ ചെലവ് താങ്ങവുന്നതിനും അപ്പുറമാണ്. വൃക്ക പണം കൊടുത്ത് വാങ്ങേണ്ട സാഹചര്യം അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി ബഹുഭൂരിപക്ഷം പേരും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിസ്സഹയരാണ്. അങ്ങനെ വരുമ്പോള്‍ അടുത്തബന്ധുക്കള്‍ മാത്രമാണ് അവര്‍ക്ക് ആശ്രയം. ബന്ധുക്കളില്‍ ഒരാള്‍ വൃക്കദാനം നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നാല്‍ രക്ഷപെടുന്നത് പ്രിയപ്പെട്ട ഒരാളുടെ ജീവനായിരിക്കും.

ഭയത്തെ മറികടക്കാം

അവയവദാനശസ്ത്രക്രിയ എന്‍റെ ജീവന്‍ അപകടത്തിലാക്കുമോ ? അവയവദാനത്തിന് ഒരുങ്ങുന്ന എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണിത്. മറ്റേതൊരു ശസ്ത്രക്രിയയിലും അടങ്ങിയിരിക്കുന്ന എല്ലാ റിസ്കും അവയവദാന ശസ്ത്രക്രിയയ്ക്കും ബാധകമാണ്. റിസ്ക് ഉണ്ട് എന്നു കരുതി ജീവിതത്തിലെ മറ്റ് ശസ്ത്രക്രിയകളൊക്കെ നിങ്ങള്‍ ഒഴിവാക്കാറുണ്ടോ? ഇല്ല. അപ്പോള്‍ പിന്നെ അവയവദാനത്തെ മാത്രമായി മാറ്റിനിര്‍ത്തേണ്ടതില്ല. അവയവദാനത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ എന്നതാണ് പിന്നീട് ഉയര്‍ന്നുവരുന്ന സംശയങ്ങളില്‍ പ്രധാനം. അവയവമാറ്റശസ്ത്രക്രിയയ്ക്കു ഒരുങ്ങുമ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ ഇതെ കുറിച്ച് സ്വീകര്‍ത്താവിനോടും (recipient) ദാതാവിനോടും (Donor) വിശദമായി സംസാരിക്കും. ആവശ്യമായ മെഡിക്കല്‍ പരിശോധനകളും നടത്തും. ഇതിനു ശേഷവും ഭയം നിങ്ങളെ വേട്ടയാടുന്നുണ്ടെങ്കില്‍ ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ച മറ്റൊരു ഡോക്ടറുടെ ഉപദേശം തേടാം. അവയവദാനശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ വ്യക്തികളെ നേരില്‍ കാണാം. അവയവം ദാനം ചെയ്തശേഷം എന്തെങ്കിലും പ്രത്യേകമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നുവോ എന്ന് അവരോടു തന്നെ ചോദിച്ചറിയാം. ഇതെല്ലാം നിങ്ങളുടെ ഭയം കുറയ്ക്കാന്‍ സഹായിക്കും. അവയവദാനത്തെ കുറിച്ച് അറിവു നല്‍കുന്ന പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കാം. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഈ വിഷയത്തെ പറ്റി എഴുതിയ ലേഖനങ്ങള്‍ ഇന്‍റര്‍നെറ്റിലും ലഭ്യമാണ്. അവയവദാനത്തിന്‍റെ ശാസ്ത്രീയവശങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഇവ സഹായകരമാണ്. ധരിച്ചു വച്ചിരിക്കുന്നതു പോലെ അപകടകരമായ ഒരു സംഗതിയല്ല അവയവദാനം എന്ന് മനസ്സിനെ വി്ശ്വസിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഭയത്തില്‍ നിന്നു പുറത്തു കടക്കാന്‍ നിങ്ങള്‍ക്കു കഴിയൂ.

അവര്‍ക്കൊപ്പം നില്‍ക്കാം

പൂര്‍ണ്ണ മനസ്സോടെ അവയവദാനത്തിന് തയ്യാറായി ഒരാള്‍ മുന്നോട്ടു വന്നാലും അയാളെ പിന്നോട്ടു വലിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. കുടുംബവും വീട്ടുകാരുമാണ് അതില്‍ പ്രധാനം. അവയദാനം നടത്തുന്നത് സാമ്പത്തികമായി കുടുംബത്തെ മുന്നോട്ടു നയിക്കുന്ന വ്യക്തിയാണെങ്കില്‍ എതിര്‍പ്പിന്‍റെ ആഴം കൂടും. അവയവദാനം നടക്കപ്പെടുന്നത് രണ്ട് കുടുംബങ്ങള്‍ക്കിടയിലാണെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇത്തരം ഘട്ടങ്ങളില്‍ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാതെ ഉറ്റവരുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ടു മുന്നോട്ടു പോകുകയാണ് വേണ്ടത്. എത്ര ശ്രമിച്ചാലും അവയവദാനത്തിനൊരുങ്ങുന്ന വ്യക്തിയുടെ വാക്കുകളെ കുടുംബം പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കണമെന്നില്ല. അവയവം സ്വീകരിക്കാനൊരുങ്ങുന്ന വ്യക്തിയെയാകട്ടെ അവര്‍ ചിലപ്പോള്‍ ഒരു ശത്രുവിന്‍റെ സ്ഥാനത്താകും കാണുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ വിദഗ്ധനായ ഒരു ഡോക്ടറുടേയും കൗണ്‍സിലറുടേയും സേവനം തേടുന്നതാണ് ഉചിതം. ബന്ധുക്കളുടെ ആശങ്കകള്‍ പരിഹരിക്കാനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും ഒരുപരിധി വരെ അവര്‍ക്കു കഴിയും. അവയവദാനം നടത്തി ആരോഗ്യത്തോടെ ജീവിക്കുന്ന വ്യക്തികളെ ബന്ധുക്കള്‍ക്ക് പരിചയപ്പെടുത്താനും ശ്രമിക്കുക.

അവയവദാനത്തിന് ഒരുങ്ങി നില്‍ക്കുന്ന വ്യക്തിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന വ്യക്തികള്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരാളുടെ ജീവിതം കൊണ്ടാണ് കളിക്കുന്നത്. ഒരാള്‍ക്ക് ജീവിതത്തിലേയ്ക്ക് മടങ്ങിവരാനുള്ള അവസാനപഴുതാവും നിങ്ങളുടെ വാക്കുകള്‍ കൊണ്ട് നഷ്ടപ്പെടുന്നത്. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം അവയവം ദാനം ചെയ്യാന്‍ തയ്യാറായി ഒരാള്‍ മുന്നോട്ടു വരുമ്പോള്‍ അയാളുടെ പ്രവര്‍ത്തിയുടെ മഹത്വം തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. അയാളെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്യണം. ഏതുപ്രതിസന്ധി ഘട്ടത്തിലും എല്ലാവരും ഒപ്പം ഉണ്ടാകുമെന്ന തോന്നല്‍ അവയവദാനം നടത്തുന്ന വ്യക്തിയ്ക്ക് മാനസികധൈര്യം നല്‍കും.

മാനസികമായി ഒരുങ്ങാം

അവയവദാനത്തിന് ശാരീരികമായ തയ്യാറെടുപ്പു പോലെ തന്നെ മാനസികമായും ഒരുക്കം ആവശ്യമാണ്. ശസ്ത്രക്രിയയ്ക്കു മുന്‍പ് ഡോക്ടറുമായി വിശദമായി സംസാരിക്കണം. നിങ്ങളുടെ മനസ്സിലുള്ള ആശങ്കകള്‍ പങ്കുവയ്ക്കാം. ഡോക്ടറുടെ മറുപടിയില്‍ സംതൃപ്തനല്ലെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള മറ്റൊരു ഡോക്ടറെ കണ്ട് സംസാരിക്കാം. ജീവന്‍ അപകടത്തിലാവുമോ, ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ തുടങ്ങി മനസ്സില്‍ സംശയങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് ഒരിക്കലും അവയവദാനം നടത്തരുത്. അത് തുടര്‍ജീവിതത്തെ മോശമായി ബാധിക്കും. അവയവദാനം നടത്തുന്നവരെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ സമൂഹത്തിലുണ്ട്. വിഷയത്തെ പറ്റി അവര്‍ക്കുള്ള അറിവില്ലായ്മയോ അല്ലെങ്കില്‍ മനപൂര്‍വം ഒന്ന് നോവിക്കുക എന്നതോ ആകാം ഇതിനു പിന്നില്‍. എന്തു തന്നെയായാലും ഇത്തരം വ്യക്തികളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക. അവരോട് ദേഷ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല. അവഗണനയാണ് ഇതിനുള്ള ഏറ്റവും നല്ല മറുപടി. പൂര്‍ണ്ണ മനസ്സോടെയാണ് അവയവദാനത്തിന് ഒരുങ്ങുന്നതെങ്കില്‍ അതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല.

സമ്മതപത്രം എഴുതിവയ്ക്കാം

ജീവിച്ചിരിക്കുമ്പോള്‍ അവയവദാനം നടത്തിയില്ലെങ്കിലും മരിച്ച ശേഷം അവയങ്ങള്‍ മറ്റൊരാള്‍ക്ക് ദാനം ചെയ്യാം. എന്നാല്‍ ഇതിനും മടിക്കുന്നവരുണ്ട്. മരണശേഷം എന്ത് എന്ന ചിന്തയാണ് അവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. മരണശേഷം നാം വെറും ശരീരങ്ങള്‍ മാത്രമായി മാറുമെന്ന് ഉറപ്പായിരിക്കെ ഈ ആശങ്ക തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണ്. കൊഴിഞ്ഞു വീഴുന്ന ഇലകള്‍ മരത്തിന് വളമേകുന്ന പോലെ നിങ്ങളുടെ അഭാവം മറ്റൊരാളുടെ ജീവിതത്തെ പ്രകാശിപ്പിക്കട്ടെ. ഈ ഭൂമിയിലെ സര്‍വ്വതും ഉപേക്ഷിച്ച് മടങ്ങുമ്പോള്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നന്‍മ അതുതന്നെയാണ്. അതുകൊണ്ട് മരണശേഷം അവയവങ്ങള്‍ ദാനം നല്‍കാനുള്ള സമ്മതപത്രം മുന്‍കൂട്ടി എഴുതി വയ്ക്കാം. ഇക്കാര്യം ബന്ധുക്കളെയും പറഞ്ഞു ബോധ്യപ്പെടുത്തിയിരിക്കണം. മരണശേഷം അവരുടെ സഹകരണത്തോടെ മാത്രമേ അവയവദാനം സാധ്യമാകൂ എന്നതിനാലാണിത്.

മറ്റെന്തിനേക്കാളും മീതെയാണ് അവയവദാനത്തിന്‍റെ മഹത്വം. മരണശേഷവും മറ്റൊരാളിലൂടെ നിങ്ങളുടെ അവയവങ്ങള്‍ ഈ ലോകത്ത് ജീവിക്കുന്നു. സൂര്യനെ പോലെ മറ്റൊരാളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കാനുള്ള അവസരമാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. അതുകൊണ്ട് ആശങ്കകള്‍ അകറ്റി അവയവദാനത്തെ പ്രോത്സാഹിപ്പിക്കാം, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാം.

(കുറിപ്പ്: ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

സന്ധ്യാറാണി .എൽ

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • ALL YOU NEED TO KNOW ABOUT SEASONAL DEPRESSION

  Read More

 • THINGS THAT WORRY YOUNG CHILDREN

  Read More

 • SELF ACCEPTANCE IS YOUR SUPERPOWER

  Read More

 • IMPACT OF PARENTAL MENTAL HEALTH ON CHILDREN

  Read More