വിജയിച്ചു കാണിക്കാം മനസ് വച്ചാൽ...

(Our Article published in Arogyamangalam Magazine - November 2016)

ഒരു പൊതുമേഖലാസ്ഥാപനത്തില്‍ നിന്ന് ഉന്നതപദവിയില്‍ വിരമിച്ചയാളാണ് കേശവനാഥ്. രണ്ട് ആണ്‍മക്കളാണ് അദ്ദേഹത്തിന്. തന്നേക്കാള്‍ ഉയരത്തില്‍ മക്കള്‍ എത്തണം എന്ന ആഗ്രഹത്താല്‍ ചെറുപ്പം മുതലേ അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി നല്ല രീതിയില്‍ വളര്‍ത്തി കൊണ്ടു വരാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പി.ജി പഠനം പൂര്‍ത്തിയാക്കി അവര്‍ ഇരുവരും ആദ്യം സ്വകാര്യമേഖലയിലാണ് ജോലിയ്ക്ക് ചേര്‍ന്നത്. മോശമില്ലാത്ത ശമ്പളവും ജീവിതസാഹചര്യങ്ങളും ആയിരുന്നെങ്കിലും മക്കള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന ജോലിയ്ക്ക് കയറണമെന്നായിരുന്നു കേശവനാഥിന് ആഗ്രഹം. അദ്ദേഹത്തിന്‍റെ നിര്‍ബന്ധത്താല്‍ മക്കള്‍ ഇളയമകന്‍ രാജി വച്ച് സിവില്‍ സര്‍വീസിനായുള്ള പഠനം തുടങ്ങി. രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഐ.എ.എസ് എഴുതിയെടുക്കാന്‍ അവന് കഴിഞ്ഞില്ല. പക്ഷേ പഠനത്തോടൊപ്പം മറ്റ് പരീക്ഷകളും എഴുതിയിരുന്ന അവന് സര്‍ക്കാര്‍ വകുപ്പില്‍ അസിസ്റ്റന്‍റ് ആയി ജോലി നേടാന്‍ കഴിഞ്ഞു. മൂത്ത മകനാകട്ടെ ജോലി രാജി വച്ച് വീട്ടില്‍ വന്ന് സ്വന്തമായൊരു ബിസിനസ്സ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. മക്കളെ കുറിച്ചോര്‍ത്ത് നിരാശനായാണ് ആ പിതാവ് എന്നെ കാണാന്‍ വന്നത്. തന്‍റെ കാലംകഴിയുന്നതിന് മുന്‍പ് മക്കളെ നല്ലനിലയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് കേശവനാഥിന്‍റെ വിഷമം. ദിവസം മുഴുവന്‍ ഇതു തന്നെ ചിന്തിച്ച് അയാള്‍ക്ക് ഒന്നിനും ഒരു ഉത്സാഹമില്ലാതായി. പഴയ സുഹൃത്തുകളെ ഒക്കെ കാണുമ്പോള്‍ അയാള്‍ ഒഴിഞ്ഞു മാറും. അവരുടെ മക്കളൊക്കെ നല്ലനിലയിലായി, തന്‍റെ മക്കള്‍ എവിടേയും എത്തിയില്ല എന്ന വിഷമം മൂലം സുഹൃത്തുക്കളെ അഭിമുഖീകരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.

പണം, പദവി എന്ന അളവുകോല്‍ കൊണ്ടു മാത്രമാണ് കേശവനാഥ് തന്‍റെ മക്കളെ അളന്നത്. അതില്‍ അവര്‍ തന്‍റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതു കൊണ്ട് അദ്ദേഹം അവരെ പരാജയപ്പെട്ടവരുടെ പട്ടികയില്‍ പെടുത്തി. പിന്നീട് അദ്ദേഹത്തിന്‍റെ മക്കളുമായി സംസാരിച്ചതില്‍ നിന്ന് അവര്‍ ഇരുവരും ജീവിതത്തെ ശുഭപ്രതീക്ഷയോടെ നോക്കി കാണുന്ന രണ്ടു ചെറുപ്പക്കാരാണെന്ന് എനിക്ക് മനസ്സിലായി.

ആദ്യത്തെയാള്‍ അസിസ്റ്റന്‍റ് പോസ്റ്റിലാണ് ജോലി നോക്കുന്നതെങ്കിലും മുപ്പതില്‍ താഴെ മാത്രം പ്രായമുള്ള അയാള്‍ക്ക് ജീവിതത്തില്‍ ഇനിയും ഏറെ മുന്നോട്ടു പോകാന്‍ കഴിയും. മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ച മൂത്ത മകനാകട്ടെ സ്വന്തം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന് വിചാരിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. നന്നായി പെരുമാറാനും മാതാപിതാക്കളെ സ്നേഹിക്കാനും അറിയുന്ന ചെറുപ്പക്കാര്‍. ഉന്നത പദവിയിലെത്തുക എന്നതല്ല ജീവിതത്തിന്‍റെ അളവുകോല്‍ എന്ന് പല ഉദാഹരണങ്ങളിലൂടെ കേശവനാഥിനെ ബോധ്യപ്പെടുത്തി. സന്തോഷവാനായാണ് അയാള്‍ മടങ്ങിയത്.

കേശവനാഥിനെ പോലെ പണം, പദവി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും നാം ജീവിതവിജയത്തെ അളക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ ധാരണയാണ്. ഉന്നത പദവിയോ കോടികളുടെ ആസ്തിയോ ഉണ്ടായതു കൊണ്ടു മാത്രം ഒരാള്‍ ജീവിതത്തില്‍ വിജയിക്കുന്നില്ല. ജീവിതം എത്രത്തോളം ആസ്വദിച്ചു അല്ലെങ്കില്‍ സംതൃപ്തിയും സന്തോഷവും നിറഞ്ഞതായിരുന്നു എന്നതാണ് ജീവിതവിജയത്തിന്‍റെ അളവുകോല്‍.

സന്തോഷവും സംതൃപ്തിയും

സന്തോഷവും സംതൃപ്തിയും നിഴല്‍പോലെയാണ്. അവയെ വേര്‍തിരിക്കാനാവില്ല. സംതൃപ്തനായ ഒരാളുടെ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും; തിരിച്ചും. ജീവിതം നീണ്ട യാത്രയാണ്. അത് പൂര്‍ത്തിയാക്കുന്നതിനിടെ അനേകം പ്രതിബന്ധങ്ങള്‍ പിന്നിടേണ്ടതായി വരും. സുഖവും ദുഖവും മാറിമാറി വരും. നിരാശ നിറഞ്ഞ ഒരുപാട് മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നേക്കും. നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ടാകും. എന്നാല്‍ എല്ലാത്തിനേയും സമചിത്തതയോടെ നേരിട്ട് മുന്നോട്ടു പോകുവാന്‍ കഴിയുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. വിജയങ്ങളില്‍ അമിതമായി സന്തോഷിക്കുകയും ചെറിയ പരാജയങ്ങളില്‍ പോലും വല്ലാതെ നിരാശരാവുകയും ചെയ്യുന്നവരുണ്ട്.

ജീവിതത്തെ സമചിത്തതയോടെ നേരിടാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ജീവിതത്തില്‍ ധാരാളം പണം സമ്പാദിച്ചുവെങ്കിലും ഉന്നതപദവിയിലെത്തിയെങ്കിലും മനസ്സു തുറന്ന് ചിരിക്കാന്‍ കഴിയാത്ത ഒട്ടേറെ പേരുണ്ട്. രണ്ടു കാരണങ്ങളാലാണിത്. പണം കൊണ്ടും പദവി കൊണ്ടും ഏറെ ഉയരത്തിലിരിക്കുമ്പോള്‍ നാളെയൊരുനാള്‍ ഇതെല്ലാം ഇല്ലാതാകുമോ എന്ന പേടി ഇവരില്‍ ചിലരെ അലട്ടുന്നുണ്ടാകും. ഒരു ചെറിയ വീഴ്ച പോലും ഇക്കൂട്ടരെ നിരാശയിലാഴ്ത്തും. ഉയരങ്ങളില്‍ നിന്ന് നിലംപതിച്ചാല്‍ ആത്മഹത്യയില്‍ അഭയം തേടാനും ഇവര്‍ മടിക്കില്ല. ഇതുവരെ നേടിയതിലൊന്നും തൃപ്തിയില്ലാത്തവരാണ് രണ്ടാമത്തെ കൂട്ടര്‍. അവരുടെ കണ്ണ് എപ്പോഴും ഉയരങ്ങളില്‍ മാത്രമാകും. ഇതുവരെ നേടിയതിനേക്കാള്‍ ഉയരത്തില്‍ എന്നതാവും എപ്പോഴത്തേയും ചിന്ത. ജീവിതത്തിലെ ഒരു നിമിഷം പോലും ആസ്വദിക്കാതെ ആകുലയോടെ ജീവിതത്തെ നോക്കികാണുന്നവരാണ് ഇരുകൂട്ടരും.

സന്തോഷവാനായ ഒരാളുടെ കയ്യിലെ മോതിരം അണിയാന്‍ ഇറങ്ങിത്തിരിച്ച രാജാവിന്‍റെ കഥയാണ് ഇവിടെ ഓര്‍ക്കേണ്ടത്. സമ്പത്തും അധികാരവും ഉണ്ടായിട്ടും രാജാവ് നിരാശനായിരുന്നു. നിരാശയകറ്റാന്‍ എന്താണ് വഴിയെന്ന് അദ്ദേഹം പലരോടും തിരക്കിയെങ്കിലും ഉത്തരം ലഭിച്ചില്ല. സന്തോഷവാനായ ഒരാളുടെ മോതിരം ഒരു ദിവസം കൈയില്‍ അണിഞ്ഞാല്‍ നിരാശ അകലുമെന്ന് ഒരു പണ്ഡിതന്‍ നിര്‍ദേശിച്ചു. അങ്ങനെ സന്തോഷവാനായ മനുഷ്യനെ തേടി പുറപ്പെട്ട രാജാവ് പല മണിമാളികകളും സന്ദര്‍ശിച്ചെങ്കിലും അതിനുള്ളില്‍ ഉള്ളവരെല്ലാം നിരാശരായിരുന്നു. ഒടുവില്‍ ഒരു കുടിലിനുള്ളില്‍ വച്ച് രാജാവ് താന്‍ തിരഞ്ഞു നടന്നയാളെ കണ്ടെത്തി. പക്ഷേ അയാളുടെ വിരലില്‍ ഒരു മോതിരം പോലും ഇല്ലായിരുന്നു. ഒരു മോതിരം പോലും സ്വന്തമായിട്ടില്ലെങ്കിലും അയാള്‍ സന്തോഷവാനായിരുന്നു എന്ന തിരിച്ചറിവ് രാജാവിന്‍റെ കണ്ണുതുറപ്പിച്ചു. കുടിലില്‍ ജീവിച്ച സന്തോഷവാനായ മനുഷ്യനെ പോലെ പലരേയും നമുക്കു ചുറ്റും കാണാന്‍ കഴിയും. ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നവരാണ് അവര്‍. യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വിജയിക്കുന്നത് ഇക്കൂട്ടരാണ്.

സന്തോഷവാനായ ഒരാളുടെ കയ്യിലെ മോതിരം അണിയാന്‍ ഇറങ്ങിത്തിരിച്ച രാജാവിന്‍റെ കഥയാണ് ഇവിടെ ഓര്‍ക്കേണ്ടത്. സമ്പത്തും അധികാരവും ഉണ്ടായിട്ടും രാജാവ് നിരാശനായിരുന്നു. നിരാശയകറ്റാന്‍ എന്താണ് വഴിയെന്ന് അദ്ദേഹം പലരോടും തിരക്കിയെങ്കിലും ഉത്തരം ലഭിച്ചില്ല. സന്തോഷവാനായ ഒരാളുടെ മോതിരം ഒരു ദിവസം കൈയില്‍ അണിഞ്ഞാല്‍ നിരാശ അകലുമെന്ന് ഒരു പണ്ഡിതന്‍ നിര്‍ദേശിച്ചു. അങ്ങനെ സന്തോഷവാനായ മനുഷ്യനെ തേടി പുറപ്പെട്ട രാജാവ് പല മണിമാളികകളും സന്ദര്‍ശിച്ചെങ്കിലും അതിനുള്ളില്‍ ഉള്ളവരെല്ലാം നിരാശരായിരുന്നു. ഒടുവില്‍ ഒരു കുടിലിനുള്ളില്‍ വച്ച് രാജാവ് താന്‍ തിരഞ്ഞു നടന്നയാളെ കണ്ടെത്തി. പക്ഷേ അയാളുടെ വിരലില്‍ ഒരു മോതിരം പോലും ഇല്ലായിരുന്നു. ഒരു മോതിരം പോലും സ്വന്തമായിട്ടില്ലെങ്കിലും അയാള്‍ സന്തോഷവാനായിരുന്നു എന്ന തിരിച്ചറിവ് രാജാവിന്‍റെ കണ്ണുതുറപ്പിച്ചു. കുടിലില്‍ ജീവിച്ച സന്തോഷവാനായ മനുഷ്യനെ പോലെ പലരേയും നമുക്കു ചുറ്റും കാണാന്‍ കഴിയും. ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്നവരാണ് അവര്‍. യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വിജയിക്കുന്നത് ഇക്കൂട്ടരാണ്.

കൃത്രിമ സന്തോഷങ്ങള്‍

ജീവിതത്തില്‍ നിരാശരായവരാണ് കൃത്രിമസന്തോഷങ്ങള്‍ക്ക് പിറകെ പോകുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവരെല്ലാം ജീവിതത്തില്‍ അതൃപ്തരാണ്. പ്രശ്നങ്ങളും നിരാശയും മറക്കാനായി അവര്‍ ലഹരിയെ കൂട്ടുപിടിക്കുന്നു. ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ലഹരി ഒരുതരത്തിലും സഹായകമല്ല. മറിച്ച് ലഹരിയുടെ ഉപയോഗം ജീവിതത്തിലേയ്ക്ക് കൂടുതല്‍ പ്രശ്നങ്ങള്‍ കടന്നു വരാന്‍ കാരണമാകുകയും ചെയ്യും. നിരാശയും പ്രശ്നങ്ങളും ജീവിതത്തില്‍ നിന്ന് തുടച്ചു നീ്ക്കുക വഴി മാത്രമേ യഥാര്‍ത്ഥ സന്തോഷം കൈവരുകയുള്ളൂ. മദ്യവും മയക്കുമരുന്നും പോലുള്ള ലഹരിവസ്തുക്കളാകട്ടെ അല്പസമയത്തേയ്ക്ക് ആ ചിന്തകളെ അകറ്റി നിര്‍ത്താന്‍ മാത്രമേ സഹായിക്കൂ. ലഹരി വിട്ടകലുമ്പോള്‍ അലട്ടികൊണ്ടിരുന്ന പ്രശ്നങ്ങള്‍ പഴയതിനേക്കാള്‍ തീവ്രതയോടെ കടന്നു വരും. ജീവിതത്തില്‍ കൃത്രിമമായി സന്തോഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പകരം ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്. ലഹരി ഉപയോഗിക്കുന്നവര്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. അതിന് പകരം ധീരതയോടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ പഠിക്കുക.

ഒരു വെല്ലുവിളി ഏറ്റെടുത്ത് അതില്‍ വിജയിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും വലുതാണ്. വെല്ലുവിളി ഏറ്റെടുത്ത് അതില്‍ പരാജയപ്പെട്ടാലും വിലപ്പെട്ട പല പാഠങ്ങളും അതില്‍ നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍ ആ വെല്ലുവിളിയില്‍ നിന്ന് ഒഴിഞ്ഞു മാറുമ്പോള്‍ ഇത് രണ്ടും സംഭവിക്കുന്നില്ല. ഇത്തരത്തില്‍ എല്ലാ പ്രതിസന്ധികളില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍ ആത്മവിശ്വാസം കുറയുകയും മാനസികപിരിമുറുക്കം കൂടുകയും ചെയ്യുന്നു. അതിനാല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടയില്‍ ഒരു പുകമറ സൃഷ്ടിക്കുന്നതിന് പകരം ആ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ പഠിക്കുക. സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടു പോകുന്നവര്‍ക്ക് അവകാശപ്പെട്ടതാണ്.

ബി പോസിറ്റീവ്

ഒരു ദിവസം പതിവു പോലെ ജോലിസ്ഥലത്തെത്തുമ്പോള്‍ നിങ്ങള്‍ക്കൊരു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വരുന്നു എന്നിരിക്കട്ടെ. വീടിന് അടുത്തു നിന്നും ഏറെ ദൂരെയുള്ളൊരു സ്ഥലത്തേയ്ക്ക് പോകേണ്ടി വരികയാണ്. രണ്ടു തരത്തില്‍ ഇതിനെ കാണാം. ഇതാ ഞാന്‍ വലിയൊരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്നു. വീടിന്‍റെ എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച് അറിയാത്ത ഒരു നാട്ടിലേയ്ക്ക് പോകേണ്ടി വന്നിരിക്കുകയാണ്- ഇങ്ങനെ ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സ്ഥലംമാറ്റം ജീവിതം താറുമാറാക്കി എന്ന് കരുതുന്നവര്‍.

പുതിയ നാട്ടില്‍ ജോലിയ്ക്ക് ജോയിന്‍ ചെയ്താലും തിരികെ നാട്ടിലേയ്ക്ക് എന്ന് മടങ്ങി വരാനാകും എന്നു മാത്രം ചിന്തിച്ചു കൊണ്ടായിരിക്കും ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് വായിച്ചു കഴിയുമ്പോള്‍ വീടും വീട്ടുകാരേയും ഉപേക്ഷിച്ച് പോകേണ്ടിവരുന്നതില്‍ നിരാശയുണ്ടെങ്കിലും ഒരേ താളത്തില്‍ തുടരുന്ന ജീവിതത്തില്‍ ഒരു മാറ്റം വന്നല്ലോ എന്ന് ചിന്തിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം.

പുതിയൊരു സ്ഥലം കാണാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും ഇവര്‍ക്ക് ഉത്സാഹമായിരിക്കും. അവിടെ ജീവിക്കുന്നത്ര കാലം ആ സ്ഥലത്തേയും ചുറ്റുവട്ടത്തേയും അറിയാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇവര്‍ ശ്രമിക്കും. സ്ഥലംമാറ്റം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ അതിനോട് പൊരുത്തപ്പെടാനും അതില്‍ സന്തോഷം കണ്ടെത്താനും ഇവര്‍ ശ്രമിക്കുന്നു. എണ്ണത്തില്‍ ചുരുക്കം വരുന്ന ഈ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്ന ആളുകളാണ് ജീവിതത്തില്‍ വിജയം നേടുന്നത്.

ജീവിതത്തില്‍ എല്ലാം ലഭിച്ചിട്ട് സന്തോഷിക്കാം എന്നു കരുതുന്നവര്‍ മൂഢന്‍മാരാണ്. ഒരു വശത്തു നിന്ന് നിങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ടു വരുമ്പോള്‍ അടുത്ത പ്രതിസന്ധി ഉടലെടുക്കും. അപ്പോള്‍ അതിനു പിറകേ പോകേണ്ടി വരും. ഈ കുരുക്കുകള്‍ അഴിക്കുമ്പോഴും അതുമായി പൊരുത്തപ്പെടാനും ഒരു ഗെയിം പോലെ ആസ്വദിക്കാനും കഴിയുന്നുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകുകയുള്ളൂ. പ്രതിസന്ധികള്‍ നിങ്ങളെ ശക്തിപ്പെടുത്താനാണ് എന്ന മനോഭാവത്തോടെ അവയെ നേരിടുകയാണ് വേണ്ടത്

ഒന്നു കിട്ടുമ്പോള്‍ മറ്റൊന്നിനു പുറകേ പോകുന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. എപ്പോഴും കൂടുതല്‍ നേടണമെന്ന ആര്‍ത്തിയാണ് മനുഷ്യരെ നയിക്കുന്നത്. മനസ്സില്‍ ഒരു ലക്ഷ്യവുമില്ലെങ്കില്‍ ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടും എന്നതു പോലെ തന്നെ എപ്പോഴും നേടിയെടുക്കേണ്ട കാര്യങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചാല്‍ ജീവിതം അസംതൃപ്തമാകും. ലഭിച്ചിട്ടുള്ള ഭാഗ്യങ്ങളെയോര്‍ത്ത് സംതൃപ്തിപ്പെടുകയും പ്രതിസന്ധികളെ സമചിത്തതയോടെ നേരിടുകയും ചെയ്താല്‍ ജീവിതം ആസ്വദിക്കാനും വിജയം നേടാനും കഴിയുമെന്ന് ഉറപ്പ്.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

സന്ധ്യാറാണി .എൽ

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More