കുറ്റപ്പെടുത്തലുള്‍ കുറയ്ക്കാം...

(Our Article published in IMA Nammude Arogyam Magazine- February 2017)

കുറ്റപ്പെടുത്തലുള്‍ കുറയ്ക്കാം...

മക്കള്‍ നല്ലതു ചെയ്താലും മനസ്സു തുറന്ന് അഭിനന്ദിക്കാന്‍ മടി കാണിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. അഭിനന്ദിച്ചാല്‍ കുട്ടി അതില്‍ മതിമറന്നു പോകുമോ എന്ന ആശങ്ക കാരണമാണ് അവര്‍ ഇങ്ങനെ പെരുമാറുന്നത്. അതേസമയം കുട്ടിയുടെ ഭാഗത്തു നിന്ന് ചെറിയൊരു വീഴ്ച ഉണ്ടായാല്‍ കുറ്റപ്പെടുത്താന്‍ രക്ഷിതാക്കള്‍ അത്യുത്സാഹം കാണിക്കുകയും ചെയ്യും. നല്ലതു ചെയ്താല്‍ അവഗണിക്കുകയും ചെറിയ തെറ്റിന് കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ കുട്ടിയുടെ മനസ്സ് എത്രമാത്രം വേദനിക്കുമെന്ന് ഇവരില്‍ പലരും ഓര്‍ക്കാറില്ല.

ആറാം ക്ലാസില്‍ പഠിക്കുന്ന മകളേയും കൊണ്ടാണ് ആ അമ്മ കൗണ്‍സിലിങ് സെന്‍ററില്‍ വന്നത്. മുന്‍പ് അവള്‍ ക്ലാസില്‍ ഒന്നാമതായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഠനത്തില്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്നാണ് ആ അമ്മ പറഞ്ഞത്. പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത വിധം വീട്ടിലെ സാഹചര്യങ്ങളൊന്നും മാറിയിട്ടില്ലെന്നാണ് അമ്മയുമായി സംസാരിച്ചപ്പോള്‍ മനസ്സിലാക്കിയത്. എന്നാല്‍ കുട്ടിയോട് കാര്യം തിരക്കിയപ്പോള്‍ അവള്‍ പൊട്ടിക്കരയുകയാണുണ്ടായത്. ഞാന്‍ മാര്‍ക്കു മേടിച്ചാലും വീട്ടില്‍ ആര്‍ക്കും സന്തോഷമില്ലെന്ന് ആ കരച്ചിലിനിടയിലും അവള്‍ പറഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. നന്നായി പഠിക്കുന്നതിന് അച്ഛന്‍ അവള്‍ക്ക് ഇടയ്ക്കൊക്കെ സമ്മാനങ്ങള്‍ വാങ്ങി കൊടുത്തിരുന്നു. മനപൂര്‍വം അല്ലെങ്കിലും അടുത്തിടെയായി അവള്‍ക്ക് അച്ഛന്‍ ഒന്നും വാങ്ങി കൊടുത്തിരുന്നില്ല. ഒരിക്കല്‍ ഡാന്‍സില്‍ സമ്മാനം നേടിയ കാര്യം അവള്‍ വന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ ഒന്നു മൂളുക മാത്രമാണ് ചെയ്തത്. ഇതെല്ലാം തന്നെ അവഗണിക്കുന്നു എന്നൊരു തോന്നല്‍ കുട്ടിയുടെ ഉള്ളില്‍ ഉണ്ടാക്കി. പരീക്ഷയില്‍ ഒരു തവണ മാര്‍ക്കു കുറഞ്ഞപ്പോഴേയ്ക്കും അമ്മ വല്ലാതെ വഴക്കു പറയുകയും ചെയ്തപ്പോള്‍ അവള്‍ വല്ലാതെ വിഷമിച്ചു. മകള്‍ മികച്ച വിജയം നേടുന്നതില്‍ അവളുടെ മാതാപിതാക്കള്‍ എന്നും അഭിമാനിച്ചിരുന്നു. മനപൂര്‍വമല്ലെങ്കിലും അവളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ വീഴ്ച വരുത്തി. അത് മകളുടെ പഠനത്തെ ഇത്രത്തോളം ബാധിക്കുമെന്ന് ആ അച്ഛനമ്മമാര്‍ ഒരിക്കലും കരുതിയില്ല. തെറ്റ് തിരിച്ചറിഞ്ഞതോടെ അവര്‍ അത് തിരുത്താന്‍ തയ്യാറായി. മകളുടെ കാര്യങ്ങള്‍ അവര്‍ ഇപ്പോള്‍ പഴയതിലും നന്നായി ശ്രദ്ധിക്കുന്നു. അവള്‍ വീണ്ടും ക്ലാസില്‍ ഒന്നാമതെത്തുമെന്ന് എനിക്കുറപ്പാണ്.

അവരെ കുറ്റപ്പെടുത്തരുത്

കുട്ടികള്‍ തെറ്റ് ചെയ്തെന്നിരിക്കാം. അത് പലപ്പോഴും അവരുടെ അറിവില്ലായ്മ കൊണ്ടായിരിക്കും. അത് തിരുത്തുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാന്‍ അവരെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കളുടെ ചുമതല. പലപ്പോഴും വീടുകളില്‍ ഇതല്ല സംഭവിക്കുന്നത്. ചെടികള്‍ക്ക് തളിക്കുന്ന കീടനാശിനിയുടെ ടിന്‍ വീട്ടിലെ ചെറിയ കുട്ടി എടുക്കുന്നുവെന്നിരിക്കട്ടെ. അത് എടുക്കരുത് അടി കിട്ടും എന്നാണ് മിക്ക അച്ഛനമ്മമാരും കുട്ടിയോടു പറയുക. ഒന്നോ രണ്ടോ തവണ ടിന്‍ എടുക്കാന്‍ തുനിഞ്ഞ് അടി കിട്ടിയാല്‍ കുട്ടി പിന്നെ അച്ഛനമ്മമാരുടെ സാന്നിധ്യത്തില്‍ അത് എടുത്തുവെന്ന് വരില്ല. കാരണം ടിന്‍ എടുത്താല്‍ അടി കിട്ടും എന്നു മാത്രമേ കുട്ടിയ്ക്ക് അറിയൂ. എന്തു കൊണ്ടാണ് അത് എടുക്കരുതെന്ന് പറയുന്നതെന്ന് അറിയില്ല. ടിന്നിനുള്ളില്‍ എന്താണ് എന്നൊരു കൗതുകം മനസ്സില്‍ സൂക്ഷിക്കുന്ന കുട്ടി വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് അത് എടുക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും രക്ഷിതാക്കള്‍ കുട്ടികളോടു പെരുമാറുന്നത് ഇങ്ങനെയാണ്. കാര്യമെന്തെന്ന് അറിയാതെ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ അത് കുട്ടിയുടെ മനസ്സിനെ സംഘര്‍ഷഭരിതമാക്കുന്നു. വെറുതേ തന്നെ വഴക്കു പറയുകയാണ് എന്ന തോന്നല്‍ അവരുടെ ഉള്ളില്‍ വളരും. ആത്യന്തികമായി നിരന്തരം ഇത്തരം കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുന്ന കുട്ടിയ്ക്ക് തന്നെ ആര്‍ക്കും ഇഷ്ടമല്ല എന്ന ചിന്തയാണ് ഉണ്ടാകുക. വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ക്ക് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പങ്കുണ്ട്. ഇത്തരത്തില്‍ നിരന്തരമായി വീട്ടുകാരുടെ കുറ്റപ്പെടുത്തല്‍ കേട്ടുവളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരോട് സ്നേഹത്തോടെ ഇടപഴകാനും ബഹുമാനിക്കാനും പൊതുവേ കഴിയാറില്ല. ആത്മവിശ്വാസത്തോടെ പ്രതിസന്ധികളെ നേരിടാനുള്ള കഴിവും ഇവര്‍ക്ക് കുറവായിരിക്കും. തനിക്ക് ഒന്നിനും കഴിയില്ല എന്ന ചിന്ത കുട്ടിക്കാലത്തേ മനസ്സില്‍ ഉറച്ചു പോയതു കൊണ്ടാണ് ഇത്. പരീക്ഷയില്‍ പരാജയപ്പെടുമ്പോഴും തെറ്റു ചെയ്യുമ്പോഴും കുട്ടികളെ ശാസിക്കാം. അവര്‍ പരാജയപ്പെട്ടതില്‍ അല്ലെങ്കില്‍ തെറ്റു ചെയ്തതില്‍ അച്ഛനമ്മമാരായ നിങ്ങള്‍ എത്രത്തോളം വേദനിക്കുന്നു എന്ന് തിരിച്ചറിയത്തക്ക രീതിയില്‍ പെരുമാറുന്നതാണ് നല്ലത്. പരീക്ഷയില്‍ തോറ്റതില്‍ അവര്‍ക്കും വേദനയുണ്ടാകും. വളരെയേറെ വിഷമത്തോടെയാണ് കുട്ടി നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ ചുമലില്‍ തട്ടിയൊന്ന് ആശ്വസിപ്പിക്കുന്നതു പോലും അവരെ ഇരുത്തി ചിന്തിപ്പിക്കും. ഇനിയൊരു തവണ ഇങ്ങനെയൊരു നിമിഷം തന്‍റെ ജീവിതത്തില്‍ ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കാന്‍ അത്രയും ചെയ്താല്‍ മതി. കുട്ടിയ്ക്ക് ചെയ്ത പ്രവര്‍ത്തിയില്‍ ഒട്ടും പശ്ചാത്താപം ഇല്ലെന്നു കണ്ടാല്‍ ശാസിക്കാം. എന്തു കൊണ്ടാണ് അച്ഛനും അമ്മയും തന്നെ വഴക്കു പറഞ്ഞതെന്ന് കുട്ടിയ്ക്ക് വ്യക്തമായി മനസ്സിലാക്കത്തക്ക വിധമായിരിക്കണം ശാസിക്കേണ്ടത്. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും പറയാം.

മോശം വാക്കുകള്‍ പഠിപ്പിക്കേണ്ട

സ്കൂളില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ മോശംവാക്കുകള്‍ പ്രയോഗിക്കുന്നു എന്ന പരാതിയുമായി ഒരമ്മ ഒന്നാം ക്ലാസുകാരനേയും കൊണ്ടു വന്നതോര്‍ക്കുന്നു. ചോദിച്ചു വന്നപ്പോള്‍ കുട്ടി പറഞ്ഞത് ഇതെല്ലാം വഴക്കു കൂടുമ്പോള്‍ അച്ഛന്‍ അമ്മയെ വിളിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നാണ്. തെറ്റുകള്‍ക്ക് കുട്ടിയെ ശാസിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ഓര്‍മ്മിക്കണം. മോശം പദപ്രയോഗങ്ങള്‍ ഒഴിവാക്കണം. കൂടാതെ തീര്‍ത്തും നെഗറ്റീവായ രീതിയില്‍ സംസാരിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഇനി മാര്‍ക്കു കുറഞ്ഞാല്‍ പിന്നെ നിന്നെ വീട്ടില്‍ കയറ്റില്ല എന്ന് കുട്ടിയോടു പറഞ്ഞുവെന്നിക്കട്ടെ. ഇത് കുട്ടിയില്‍ ഒരുതരം അരക്ഷിതാവസ്ഥ സൃഷ്ടിക്കും. കുട്ടിയുടെ ചിന്താശേഷിയും മാനസികനിലയും വച്ച് പല വിധത്തില്‍ ഇതിനോട് പ്രതികരിക്കാം. മാര്‍ക്ക് കുറയുന്ന ദിവസം വീട്ടിലേയ്ക്കു വരാന്‍ പേടി ഉണ്ടാകും. ചിലര്‍ ഇതില്‍ നിന്ന് രക്ഷപെടാനായി എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ പോലും സാധ്യതയുണ്ട്. നീ എല്ലാം നശിപ്പിച്ചു, നിന്നെ ഞാന്‍ കൊല്ലും, എനിക്ക് ഇത്തിരി സമാധാനം തരുമോ, നിന്നെ കൊണ്ടു ഞാന്‍ മടുത്തു, എവിടേയ്ക്കെങ്കിലും പൊയ്ക്കോളണം, മന്ദബുദ്ധി, നീ എന്‍റെ വയറ്റില്‍ ജനിച്ചുവല്ലോ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. അച്ഛനമ്മമാര്‍ക്ക് തന്നോട് ഒട്ടും സ്നേഹമില്ല എന്ന തോന്നല്‍ കുട്ടിയില്‍ വളരാന്‍ ഇത്തരം പ്രയോഗങ്ങള്‍ വഴിയൊരുക്കും. സ്ഥിരം ഇത്തരം കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയനാകുന്ന കുട്ടി എല്ലാവരില്‍ നിന്നും അകലം പാലിക്കാനും അന്തര്‍മുഖനായി മാറാനും ഉള്ള സാധ്യതയേറെയാണ്. മോശം വാക്കുകള്‍ പ്രയോഗിച്ചതു കൊണ്ടോ ശാരീരിക ഉപദ്രവമേല്‍പ്പിച്ചതു കൊണ്ടോ കുട്ടികള്‍ നേര്‍വഴിയ്ക്ക് നടക്കണമെന്നില്ല. തങ്ങള്‍ ചെയ്തത് തെറ്റാണെന്നും അത് തിരുത്തണമെന്നും അവര്‍ക്ക് ബോധ്യം വരുമ്പോള്‍ മാത്രമേ അവര്‍ മാറിച്ചിന്തിക്കാന്‍ തയ്യാറാകൂ.

താരതമ്യം അരുത്

മോശം വാക്കുകളേക്കാള്‍ ദോഷം ചെയ്യുന്ന മറ്റൊന്നാണ് താരതമ്യം. എല്ലാ കുട്ടികളും സ്വന്തമായ വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. പി.ടി.എ മീറ്റിങിന് അമ്മ വരേണ്ട എന്ന് വാശിപിടിച്ചു കരഞ്ഞ ഒരു കുട്ടിയെ ഓര്‍ക്കുന്നു. കാരണം ചോദിച്ചപ്പോള്‍ അമ്മ സ്കൂളില്‍ വരുന്നത് എനിക്കിഷ്ടമല്ല എന്നാണ് അവന്‍ പറഞ്ഞത്. അമ്മ സ്കൂളില്‍ വന്നാല്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളുടെ പേരൊക്കെ കണ്ടുപിടിച്ച് ഓര്‍ത്തു വയ്ക്കും. പിന്നെ വീട്ടില്‍ വന്ന് അവരെ പോലെ പഠിക്കണം എന്നു പറഞ്ഞു കൊണ്ടിരിക്കും-ഇതാണ് കുട്ടിയെ വിഷമിപ്പിച്ചത്. ഇതുപോലെ പരീക്ഷയ്ക്ക് ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു കുട്ടിയുടെ പേരു പറഞ്ഞ് നീ അവനെ കണ്ടു പഠിക്ക് എന്ന് ഉപദേശിക്കാത്ത മാതാപിതാക്കള്‍ ചുരുക്കമാണ്. കുറ്റപ്പെടുത്തലിന്‍റെ മറ്റൊരു രൂപമാണിത്. അത് കുട്ടിയെ ഏതു തരത്തില്‍ ബാധിക്കും എന്ന് അവര്‍ ചിന്തിക്കുന്നതേയില്ല. വീട്ടില്‍ രണ്ടു കുട്ടികളുണ്ടെങ്കില്‍ മിടുക്കു കൂടുതലുള്ള കുട്ടിയുമായി രണ്ടാമത്തെ കുട്ടിയെ താരതമ്യപ്പെടുത്തുന്നതും കണ്ടുവരാറുണ്ട്. ഇത്തരം പെരുമാറ്റങ്ങള്‍ കുട്ടിയുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കും. താരതമ്യപ്പെടുത്തുന്ന വ്യക്തിയോട് ഉള്ളില്‍ ദേഷ്യം വളരാനും ഇത് കാരണമാകും. സഹോദരങ്ങളാണെങ്കില്‍ ചിലപ്പോള്‍ എക്കാലവും നിലനില്‍ക്കുന്ന ഒരു ശത്രുതയ്ക്കു വരെ ഈ താരതമ്യപ്പെടുത്തല്‍ വഴിയൊരുക്കിയേക്കാം. ഓരോ കുട്ടിയ്ക്കും അവരുടേതായ സവിശേതകള്‍ ഉണ്ടാകും. കുറ്റങ്ങളും കുറവുകളും മികവുകളും ഉണ്ടാകും. ഇതു കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്.

നല്ലതു പറയാം

കുട്ടികള്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ മനസ്സു തുറന്ന് അവരെ അഭിനന്ദിക്കാന്‍ മടിക്കേണ്ടതില്ല. ഇത് അവരില്‍ ആത്മവിശ്വാസം വളര്‍ത്തും. അച്ഛനമ്മമാര്‍ തന്നെ സ്നേഹിക്കുന്നുണ്ട് അല്ലെങ്കില്‍ പരിഗണിക്കുന്നുണ്ട് എന്ന തോന്നല്‍ ഉണ്ടാക്കാനും ഇത് സഹായിക്കും. പരീക്ഷകളിലോ മത്സരങ്ങളിലോ മികച്ച വിജയം നേടുമ്പോള്‍ അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കാം. കൂടുതല്‍ ഉയരങ്ങളിലേയ്ക്കു കുതിക്കാന്‍ ഇത് അവര്‍ക്കൊരു പ്രചോദനമാകും. ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നില്‍ വച്ച് സ്വന്തം കുട്ടിയെ കുറ്റപ്പെടുത്തി സംസാരിക്കുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. ഒരിക്കലും ഇങ്ങനെ ചെയ്യരുത്. താന്‍ പരാജയപ്പെട്ടവനാണ് എന്ന തോന്നലാവും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കുട്ടിയ്ക്ക് ഉണ്ടാകുക. മറിച്ച് ചെറിയ നേട്ടങ്ങളാണെങ്കില്‍ കൂടി അത് അഭിമാനത്തോടു കൂടി മറ്റുള്ളവരോടു പങ്കുവയ്ക്കാം. ഇത് കുട്ടിയ്ക്ക് പോസിറ്റീവ് എനര്‍ജി നല്‍കും. അതേസമയം ഒരിക്കലും കുട്ടി ചെയ്ത തെറ്റിനെ ന്യായീകരിക്കാതിരിക്കാനും ശ്രദ്ധിക്കണം. എന്തു ചെയ്താലും മാതാപിതാക്കള്‍ പിന്തുണയ്ക്കും എന്നൊരു ധാരണ ഉണ്ടാകാന്‍ ഇത് കാരണമാകും. തെറ്റ് ചെയ്താല്‍ ആരും കൂടെയുണ്ടാകില്ല എന്ന് അവരെ മനസ്സിലാക്കി കൊടുക്കാനും അച്ഛനമ്മമാര്‍ക്ക് കഴിയണം.

മാതാപിതാക്കളുടെ സ്നേഹവും പരിഗണനയുമാണ് എല്ലാ കുട്ടികളും ആഗ്രഹിക്കുന്നത്. തനിക്കൊപ്പം അച്ഛനമ്മമാര്‍ ഉണ്ടാകും എന്ന വിശ്വാസമാണ് അവരെ നയിക്കുന്നത്. കുട്ടിയുടെ നല്ലൊരു സുഹൃത്തായി മാറി കൊണ്ട് ശരിതെറ്റുകള്‍ മനസ്സിലാക്കി കൊടുത്ത് അവരെ നേര്‍വഴിയ്ക്കു നയിക്കാനാകണം മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്. ദേഹോപദ്രവമേല്‍പ്പിച്ചതു കൊണ്ടോ ശകാരവാക്കുകള്‍ ചൊരിഞ്ഞതു കൊണ്ടോ പട്ടാളച്ചിട്ടയില്‍ വളര്‍ത്തിയതു കൊണ്ടോ ഒരു കുട്ടി നല്ലൊരു വ്യക്തിത്വത്തിനുടമയായി മാറണമെന്നില്ല. സ്നേഹത്തിലൂടെ പ്രോത്സാഹനത്തിലൂടെ അവരെ മുന്നോട്ടു നടത്താനാകണം ഓരോ രക്ഷിതാവിന്‍റേയും ശ്രമം.

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More