വേദനിപ്പിക്കുന്ന ഓർമകൾക്ക് വിട.....

Our Article published in IMA Nammude Aarogyam Magazine-September 2017

സുമ മുപ്പത്തിയാറ് വയസ്സുകാരിയായ ഒരു വീട്ടമ്മയാണ്. ഭര്‍ത്താവ് ഒരു പൊതുമേഖലാസ്ഥാപനത്തില്‍ ജോലി നോക്കുന്നു. രണ്ടു മക്കളോടൊപ്പം ഇരുവരും തിരുവനന്തപുരത്താണ് താമസം.  സുമയക്ക് ജീവിതത്തില്‍ പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ല. നല്ല സാമ്പത്തികനിലയുള്ള കുടുംബം. സ്നേഹസമ്പന്നനായ ഭര്‍ത്താവ്. എങ്കിലും സുമ ഒരു ദിവസം എന്നെ കാണാന്‍ വന്നു. ഭൂതകാലത്തിലെ ചില ഓര്‍മ്മകള്‍ തന്നെ വേട്ടയാടുന്നു എന്നാണ് അവര്‍ ആദ്യം പറഞ്ഞത്. കൂടുതല്‍ ചോദിച്ചപ്പോള്‍ അവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് സുമയ്ക്ക് ഒരു ദുരനുഭവം നേരിടേണ്ടി വന്നു. ബന്ധുവായ ഒരാള്‍ അവളോട് മോശമായ രീതിയില്‍ ഇടപെടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പല തവണ അയാള്‍ ഇത് ആവര്‍ത്തിച്ചെങ്കിലും ഭയം മൂലം സുമ ഇക്കാര്യം ആരോടും പറഞ്ഞില്ല. വിവാഹശേഷം ഭര്‍ത്താവിനോട് ഇത് തുറന്നു പറയണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും അദ്ദേഹം ഏതു രീതിയില്‍ പ്രതികരിക്കുമെന്ന പേടി മൂലം അതിന് കഴിഞ്ഞില്ല. ഇക്കാര്യം എല്ലാവരില്‍ നിന്നും മറച്ചു വച്ചതിലൂടെ താന്‍ എന്തോ പാപം ചെയ്തു എന്ന തോന്നലാണ് സുമയുടെ ഉള്ളില്‍. ഇടയ്ക്കിടെ ആ ഓര്‍മ്മകള്‍ അവരെ കുത്തിനോവിക്കുന്നു. 

സുമയെ പോലെ ഭൂതകാലത്തിന്‍റെ ഓര്‍മ്മകളില്‍ സ്വയം ഉരുകുന്ന ഒരുപാട് പേര്‍ ചുറ്റും ഉണ്ട്. കുറ്റബോധവും ഭയവും പ്രതികാരവും സങ്കടവും കുത്തി നിറച്ച കനപ്പെട്ട ബാഗുകളും പേറിയാണ് അവര്‍ ജീവിക്കുന്നത്. ഭൂതകാലത്തിലെ ഈ കറുത്ത ഓര്‍മ്മകള്‍ ബ്ലാക്ക്ഹോളുകള്‍ പോലെയാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ സന്തോഷവും അവ വലിച്ചെടുക്കും. നമ്മുടെ ജീവിതവും സമയവും മുന്നോട്ടാണ് ഓടുന്നത്. അപ്പോള്‍ എന്നോ കഴിഞ്ഞ സംഭവങ്ങള്‍ ഓര്‍ത്ത് സ്വയം നീറുന്നതില്‍ എന്താണ് അര്‍ത്ഥം? ചോദിക്കാന്‍ എളുപ്പമാണെങ്കിലും ഈ അവസ്ഥയില്‍ എത്തിപ്പെട്ട ഒരാള്‍ക്ക്  അതില്‍ നിന്ന് മോചനം നേടാന്‍ എളുപ്പമല്ല.

തിരിച്ചറിയാം

കഴിഞ്ഞ കാലത്തെ സംഭവങ്ങള്‍ ഇടയ്ക്കൊക്കെ ഓര്‍മ്മിക്കുന്നത് മനുഷ്യസഹജമാണ്. എന്നാല്‍ ഭൂതകാലത്തിലെ സംഭവങ്ങള്‍ മനസ്സിനെ നിരന്തരം വേട്ടയാടുന്നുണ്ടെങ്കില്‍ അത് ഈ അവസ്ഥയുടെ തുടക്കമായി കണക്കാക്കാം. ചിന്തകളുടെ പാപഭാരവുമായി ജീവിതം നയിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തെ നിരന്തരം മറ്റുള്ളവരുടെ ജീവിതത്തോട് താരതമ്യം ചെയ്യും. അവരെല്ലാം സുഖമായി ജീവിക്കുന്നു, എന്നാല്‍ ഞാന്‍ മാത്രം സങ്കടങ്ങള്‍ക്കു നടുവിലാണ് എന്ന ചിന്തയാണ് ഇവര്‍ രൂപപ്പെടുത്തിയെടുക്കുക. തങ്ങളുടെ നേട്ടങ്ങളെ പറ്റിയോ കഴിവുകളെ പറ്റിയോ ഇവര്‍ ചിന്തിക്കാറേയില്ല. പകരം കഴിവില്ലായ്മയെ കുറിച്ചോര്‍ത്ത് വേദനിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്ന് സ്വയം വിലയിരുത്തുകയും ചെയ്യുന്നു. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം ചിന്തകള്‍ മനസ്സിനെ അലട്ടുകയും മനോനിലയില്‍ (ങീീറ) പെട്ടെന്ന് മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഒറ്റയ്ക്ക് ഇരിക്കുന്ന അവസരങ്ങളിലാണ് ഇത്തരം ചിന്തകള്‍ കൂടുതല്‍ കടന്നു വരുന്നത് എന്നതിനാല്‍ ഇവര്‍ പലപ്പോഴും തനിച്ചാകുന്ന അവസ്ഥയെ പേടിക്കുന്നു. ഇതേ അവസ്ഥകളിലൂടെ കടന്നു പോകുന്ന ഒരാളാണ് നിങ്ങളെങ്കില്‍ അതിനെ മറികടന്ന് മനസ്സിനെ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. 

ആരും പൂര്‍ണ്ണരല്ല

 ജനനം മുതല്‍ മരണം വരെയുള്ള കാലയളവിനിടെ ഓരോ മനുഷ്യരും ശരിതെറ്റുകളിലൂടെ കടന്നു പോകുന്നുണ്ട്. ആരും തെറ്റിന് അതീതരല്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓരോ സമയത്തും അവരവരുടെ യുക്തിയ്ക്ക് അനുസരിച്ച തീരുമാനങ്ങള്‍ എടുക്കുകയാണ് ഓരോ മനുഷ്യനും ചെയ്യുന്നത്. അതില്‍ പല തീരുമാനങ്ങളേയും ശരിതെറ്റുകളുടെ അളവുകോല്‍ കൊണ്ട് അളക്കാന്‍ കഴിയുകയില്ല. മുന്‍പ് പരാമര്‍ശിച്ച സുമയുടെ ഉദാഹരണം എടുക്കുകയാണെങ്കില്‍ അന്ന് ആ തെറ്റിനെതിരെ പ്രതികരിക്കാന്‍ സുമയ്ക്ക് ധൈര്യമുണ്ടായില്ല. താന്‍ ചൂഷണത്തിന് ഇരയാകുകയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും വീട്ടില്‍ ഒരു വലിയ പ്രശ്നം ഉണ്ടാകുമെന്ന് ഭയന്ന് അവര്‍ അന്ന് അക്കാര്യം മറച്ചു വച്ചു. അത് ആ പ്രായത്തില്‍ സുമ യുക്തിയ്ക്ക് അനുസരിച്ച് എടുത്ത ഒരു തീരുമാനമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അന്നെടുത്ത ആ തീരുമാനം തെറ്റായിപ്പോയി എന്ന് ആലോചിച്ച് മനസ്സ് വിഷമിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. മറിച്ച് അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയാണ് വേണ്ടത്. ഇനി ജീവിതത്തില്‍ അങ്ങനെ ഒരു ദുരനുഭവം ഉണ്ടായാല്‍ തീര്‍ച്ചയായും പ്രതികരിക്കും എന്ന് തീരുമാനിക്കുക. അനുഭവങ്ങളില്‍ നിന്ന് പഠിക്കുകയും അനാവശ്യഭാരങ്ങളെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്താല്‍ മാത്രമേ ജീവിതത്തില്‍ സ്വസ്ഥതയും സന്തോഷവും ഉണ്ടാകുകയുള്ളൂ.

മറവി ഒരു അനുഗ്രഹമാണ്

മോശം അനുഭവങ്ങളെ ജീവിതത്തില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയാത്ത ചിലരുണ്ട്. ഊണിലും ഉറക്കത്തിലും അവര്‍ ഇതെ പറ്റി ആലോചിക്കുന്നു. ' എന്നാലും അവന്‍ എന്നോടിങ്ങനെ ചെയ്തല്ലോ' എന്ന് പരിതപിക്കും. കാണുന്നവരോടൊക്കെ അവനെ പറ്റി കുറ്റം പറയും. ഇതിനു പകരം വീട്ടാന്‍ എനിക്കും ഒരു അവസരം വരും എന്ന്  ചിന്തിക്കും, ചിലപ്പോള്‍ അത്തരം ഒരു പ്രതികാരം ഭാവനയില്‍ കണ്ട് ആനന്ദിക്കും. മറക്കേണ്ട, പൊറുക്കേണ്ട ഒരു സംഭവത്തെ ഇക്കൂട്ടര്‍ മനസ്സിലിട്ട് ഊതിപ്പെരുപ്പിക്കുകയാണ്. അങ്ങനെ അവര്‍ മനസ്സിനെ അശുദ്ധമായ ഓര്‍മ്മകളുടെ കലവറയാക്കിയാക്കി മാറ്റുന്നു. ഇത്തരം ചിന്തകള്‍ പലപ്പോഴും മനസ്സിന്‍റെ താളം തെറ്റിക്കും. പകയും വിദ്വേഷവും പ്രതികാരവും മനസ്സില്‍ കുമിഞ്ഞു കൂടുമ്പോള്‍ ജീവിതം അസ്വസ്ഥമാകും. ഏതെങ്കിലും അവസരത്തില്‍ മനസ്സില്‍ അടക്കി വച്ചിട്ടുള്ള ഈ വികാരങ്ങള്‍ നിയന്ത്രണം തെറ്റിച്ച് പുറത്തേയ്ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ആ വ്യക്തിയുമായി നിങ്ങള്‍ക്കുള്ള എല്ലാ സൗഹൃദവും അവിടെ അവസാനിക്കും. മറവി ഒരു രോഗമോ രോഗലക്ഷണമോ ആയി വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ മറവി ഒരു അനുഗ്രഹമാണ്. മോശം അനുഭവങ്ങളെ, ചിന്തകളെ മനസ്സില്‍ നിന്ന് തുടച്ചു നീക്കാന്‍ ശീലിക്കുക. ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നതിലൂടെ ഭൂതകാലത്തിലെ ആ ദുരനുഭവത്തെ നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ല, പക്ഷേ തീര്‍ച്ചയായും ഭാവിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ തീരുമാനത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കും. 

സ്വയം സംസാരിക്കാം

ഇടയ്ക്കൊക്കെ തനിച്ചിരിക്കുന്നത് നല്ലതാണ്. നിങ്ങളെ അലട്ടുന്ന ചിന്തകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുക. മനസ്സിന്‍റെ ഓരോ സ്പന്ദനവും അറിയാന്‍ കഴിയണം. തെറ്റ് പറ്റി എന്ന് ഉറപ്പുള്ള കാര്യങ്ങള്‍ക്ക് നിങ്ങളോടു തന്നെ സോറി പറയുക. ഇനിയൊരിക്കലും ആ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് മനസ്സില്‍ ഉറപ്പിക്കണം. വല്ലാത്തെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഒരു കടലാസില്‍ കുറിച്ചിടുക. കടലാസിലേയ്ക്ക് പകര്‍ത്തുന്നതോടെ ആ ചിന്തകള്‍ നിങ്ങളുടെ മനസ്സില്‍ നിന്നും ഒഴിഞ്ഞുവെന്ന് ഉറപ്പുവരുത്തണം. ശേഷം ആ കടലാസുകള്‍ കത്തിച്ചു കളയാം. ഇനിയൊരിക്കലും അതെ കുറിച്ച് ചിന്തിക്കില്ലെന്ന് നിങ്ങള്‍ സ്വയം 'പ്രോമിസ്' ചെയ്യുക.  ഇത്തരത്തില്‍ നിങ്ങള്‍ക്ക് സ്വയം സംസാരിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്നുവെങ്കില്‍ അനാവശ്യചിന്തകളും വികാരങ്ങളും മനസ്സിനെ അലട്ടുകയില്ല. ആത്മവിശ്വാസം കൂടാനും പക്വതയോടെ കാര്യങ്ങളെ അഭിമുഖീകരിക്കാനും ഈ ശീലം നിങ്ങളെ സഹായിക്കും. മറിച്ച് നിങ്ങള്‍ തനിച്ചിരിക്കാന്‍ പേടിക്കുകയും ഒരിക്കലും ഉള്ളിലേയ്ക്ക് നോക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ ജീവിതത്തില്‍ ഉടനീളം ഒരുതരം അന്യതാബോധം അനുഭവപ്പെടും. മനസ്സിനേയും ചിന്തകളേയും നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. അതിനാല്‍ സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. എത്ര ആഴത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്തകളെ അറിയാന്‍ സാധിക്കുന്നുവോ അത്ര എളുപ്പത്തില്‍ അനാവശ്യമായ ഭാരം മനസ്സില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും എന്നതാണ് സത്യം.

ദുരനുഭവങ്ങളും നല്ലതാണ്

ജീവിതത്തില്‍ എന്തെങ്കിലും മോശം അനുഭവം ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന ആരുമില്ല. എന്നാല്‍ പലപ്പോഴും ജീവിതകാലത്തിനിടെ ഓരോ വ്യക്തിയും പലതരം ദുരനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു. ഈ അനുഭവങ്ങള്‍ മനസ്സില്‍ വലിയതോതില്‍ സംഘര്‍ഷവും അസ്വസ്ഥതയും സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് താത്കാലികം മാത്രമാണ്. പിന്നീട് ഈ ചിന്തകളെ കൂടെ കൊണ്ടുപോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നാം ഓരോരുത്തരുമാണ്. ആ അനുഭവത്തിന്‍റെ മോശം വശങ്ങളെ വഴിയില്‍ ഉപേക്ഷിക്കുകയും നല്ല ഭാഗത്തെ ജീവിത്തില്‍ ഒപ്പം കൂട്ടുകയുമാണ് വേണ്ടത്. ഉദാഹരണത്തിന് ഏതെങ്കിലും ഒരു സുഹൃത്ത് ഒരു പൊതുവേദിയില്‍ വച്ച് നിങ്ങളെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന് ഇരിക്കട്ടെ. അത് നിങ്ങളുടെ മനസ്സിനെ ആഴത്തില്‍ മുറിപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. ആ വേദന അനുഭവിക്കുന്നതിലൂടെ സുഹൃത്തിന്‍റെ പെരുമാറ്റം തെറ്റായിരുന്നുവെന്നും ജീവിതത്തില്‍ ഒരിക്കലും ആരോടും ഞാന്‍ ഇങ്ങനെ പെരുമാറില്ല എന്നും സ്വയം ഉറപ്പിക്കുകയാണ് ചെയ്യേണ്ടത്.  ഇത്തരത്തില്‍ ദുരനുഭവങ്ങളുടെ പോസിറ്റീവ് വശം കണ്ടെത്താന്‍ ശ്രമിക്കുക. നെഗറ്റീവ് കണ്ടെത്താനും മനസ്സ് മലിനപ്പെടുത്താനും എളുപ്പമാണ്. പക്ഷേ നല്ല ചിന്തകളിലൂടെ മാത്രമേ ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളൂ.

സെഡോണ ടെസ്റ്റ്

മനസ്സിനെ അലട്ടുന്ന ചിന്തകളില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകരമായ ഒരു മാനസികപരിശീലനമാണ് സെഡോണ ടെസ്റ്റ്. ഇതിനായി മനസ്സിനോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാം. 

1. നിങ്ങള്‍ക്ക് അത് ഉപേക്ഷിക്കാന്‍ കഴിയുമോ?

2. നിങ്ങള്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാണോ?

3. തയ്യാറാണെങ്കില്‍ എപ്പോള്‍ ?

ചോദ്യങ്ങളോട് സത്യസന്ധമായി പ്രതികരിക്കുക. നിങ്ങളുടെ ഉത്തരം അതെ എന്നോ അല്ല എന്നോ ആകാം. പക്ഷേ അത് സത്യസന്ധമാകണം. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഒരു പെന്‍സില്‍ എടുത്ത് കയ്യില്‍ മുറുകെ പിടിക്കുക. ആ പെന്‍സിലാണ് നിങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ചിന്ത. ഇപ്പോള്‍ നിങ്ങള്‍ അതിനെ മുറുകെ പിടിച്ചിരിക്കുകയാണ്. ഇനി ആ പെന്‍സില്‍ താഴെയിടുക. നിങ്ങള്‍ മനസ്സു വയ്ക്കുകയാണെങ്കില്‍ ആ ചിന്തയേയും ഇതുപോലെ ഉപേക്ഷിക്കാന്‍ സാധിക്കും. 

മനസ്സിനെ താമസിക്കുന്ന മുറിയോട് ഉപമിക്കാം. നല്ല അടുക്കും ചിട്ടയും വൃത്തിയും ഉള്ള മുറി ആരോഗ്യകരമായ ജീവിതാന്തരീക്ഷം നല്‍കുന്നു. അതേസമയം പൊടിയും അഴുക്കും മാറാലയും നിറഞ്ഞ മുറി ആരിലും അസ്വസ്ഥത സൃഷ്ടിക്കും. ആടി മാസത്തില്‍ വീടും പരിസരവും വൃത്തിയാക്കുന്ന ഒരു ആചാരം തന്നെ നമുക്കിടയില്‍ നിലനില്‍ക്കുന്നു. അതുപോലെ തന്നെ മനസ്സിലെ അഴുക്കും തുടച്ചു നീക്കി അതിനെ വൃത്തിയായി സൂക്ഷിക്കണം. മുന്‍പ് ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നതിനല്ല, ഇനിയെങ്ങനെ മുന്നോട്ടു പോകണം എന്നതിനാണ് എപ്പോഴും പ്രാധാന്യം നല്‍കേണ്ടത്. അതിന് മനസ്സിനെ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്.  

(കുറിപ്പ് : ഇതിൽ ഉപയോഗിച്ചിരിക്കുന്ന പേരുകൾ സാങ്കല്പികമാണ് )  

 

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More