പ്രതിസന്ധികളിൽ തളരാതിരിക്കാൻ...

Our Article published in Our KIDS Magazine-November 2017

ശ്രീബുദ്ധന്‍റെ അരികില്‍ ഒരിക്കല്‍ ഒരാള്‍ ഒരു സംശയവുമായി എത്തി.
 "ജീവിതത്തില്‍ ശാന്തി കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം?" അയാള്‍ അന്വേഷിച്ചു. വളരെ ലളിതമായിരുന്നു ബുദ്ധന്‍റെ മറുപടി "ജീവിതത്തില്‍ എല്ലാവരേയും ഉള്‍ക്കൊള്ളുക, അതിനു സാധിച്ചാല്‍  ജീവിതത്തില്‍ നിങ്ങള്‍ക്കു ശാന്തി കിട്ടും".  "ജീവിതത്തില്‍ മറ്റെല്ലാവരേയും ഞാന്‍ ഉള്‍ക്കൊള്ളാം, പക്ഷേ എന്‍റെ വീടിന് അടുത്ത് താമസിക്കുന്ന രണ്ടുപേരെ മാത്രം ഉള്‍ക്കൊള്ളാന്‍ എനിക്കു സാധിക്കില്ല". അയാള്‍ പറഞ്ഞു. "എങ്കില്‍ നിങ്ങള്‍ ലോകത്തെ മറ്റാരേയും ഉള്‍ക്കൊള്ളണമെന്നില്ല, പകരം ആ രണ്ടു പേരെ മാത്രം ഉള്‍ക്കൊണ്ടാല്‍ മതിയാകും" എന്നായിരുന്നു ബുദ്ധന്‍ അയാള്‍ക്കു നല്‍കിയ മറുപടി. ക്ഷണികമായ ഈ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന എല്ലാത്തിനേയും എല്ലാവരേയും ഉള്‍ക്കൊള്ളേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയാണ് ബുദ്ധന്‍ ഈ വാക്കുകളിലൂടെ സൂചിപ്പിച്ചത്.
 
ജീവിതത്തെ കുറിച്ച് ഓരോ വ്യക്തിയ്ക്കും ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും കാണും. എന്നാല്‍ ജീവിതത്തില്‍ എല്ലാം എപ്പോഴും നാം ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ സംഭവിക്കണമെന്നില്ല. നാം ഉദ്ദേശിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്നതിനര്‍ത്ഥം ജീവിതത്തില്‍ നാം പരാജയപ്പെടുകയാണെന്നല്ല. ജീവിതത്തില്‍ എന്തു തന്നെ സംഭവിച്ചാലും അതിന് ഒരു കാരണം ഉണ്ടാകും. ചിലപ്പോള്‍ അത് ഇപ്പോള്‍ മുന്നിലുള്ളതിനേക്കാള്‍ മികച്ച ഒരു അവസരം നമുക്ക് തുറന്നു തന്നുവെന്നിരിക്കാം. ഇത്തരത്തില്‍ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോന്നിനേയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ ശീലിച്ചാല്‍ മാത്രമേ ജീവിതം സുഗമമായി മുന്നോട്ടു പോകുകയുള്ളൂ. മറിച്ച് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ തളര്‍ന്നു പോയാല്‍ ജീവിതം പ്രശ്നങ്ങളുടെ കൂമ്പാരമായി മാറും. 
 
മനസ്സിനെ പാകപ്പെടുത്താം
 സമചിത്തതയോടെ കാര്യങ്ങളെ നേരിടാന്‍ പഠിക്കുക എന്നതാണ് ജീവിതവിജയത്തിന്‍റെ മന്ത്രം. ഇതില്ലാതെ ജീവിതത്തില്‍ മറ്റെന്തു നേടിയാലും ആത്യന്തികമായി പരാജയമായിരിക്കും ഫലം. ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളേയും ഉള്‍ക്കൊണ്ടു കൊണ്ട് അഥവാ അംഗീകരിച്ചു കൊണ്ട് അതിനെ തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള കഴിവ് ഓരോ വ്യക്തിയും ആര്‍ജ്ജിച്ചെടുക്കേണ്ടതായിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടിയില്‍ ഈ കഴിവ് വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ട്. കളിപ്പാട്ടത്തിനായി കുട്ടി വാശിപിടിച്ചു കരയുമ്പോള്‍ ചിലപ്പോഴെങ്കിലും അവര്‍ അത് വാങ്ങി കൊടുക്കുന്നില്ല. പണമില്ലാത്തതു കൊണ്ടോ കുട്ടിയോടു സ്നേഹം ഇല്ലാത്തതു കൊണ്ടോ അല്ല അവര്‍ ഇങ്ങനെ ചെയ്യുന്നത്. മറിച്ച് എല്ലാം എപ്പോഴും ആഗ്രഹിച്ച രീതിയില്‍ കിട്ടില്ല എന്ന് കുട്ടിയെ ബോധ്യപ്പെടുത്താനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നത്. ജീവിതത്തില്‍ മുന്നോട്ടു പോകുന്തോറും വിഷമകരമായ അനേകം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതായി വരുന്നു. അതിനെ തടഞ്ഞു നിര്‍ത്താനോ ഇല്ലാതാക്കാനോ നമുക്ക് കഴിയില്ല. പകരം അത് ഉള്‍ക്കൊണ്ടു കൊണ്ട് നേരിടാനാണ് ശ്രമിക്കേണ്ടത്. എങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായ സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഏതൊരു വ്യക്തിയും തളര്‍ന്നു പോകുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അയാള്‍ക്കു സാധിച്ചുവോ എന്നതാണ് കാര്യം. ഉദാഹരണത്തിന് പ്രിയപ്പെട്ടവരുടെ മരണവാര്‍ത്ത അറിയുമ്പോള്‍ പലരും അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ തലചുറ്റി വീഴാറുണ്ട്. പെട്ടന്നുണ്ടായ അപ്രതീക്ഷിതമായ ഒരു സംഭവത്തിന്‍റെ ആഘാതമാണ് ഇത്. എന്നാല്‍ പതിയെ അവര്‍ അതില്‍ നിന്ന് മോചിതരാവുകയും അത് ഉള്‍ക്കൊണ്ടു കൊണ്ടു തന്നെ ജീവിതത്തില്‍ മുന്നോട്ടു പോകുകയും ചെയ്യും. പ്രിയപ്പെട്ട ഒരാളുടെ വിയോഗം മനസ്സിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടാകാം. എന്നാല്‍ അതിന്‍റെ ഓര്‍മ്മയില്‍ നീറിനീറി ജീവിതം തള്ളിനീക്കുന്നതില്‍ അര്‍ത്ഥമില്ല. ആ വിയോഗം ജീവിതത്തില്‍ ഉണ്ടാക്കിയ മുറിവ് ഉണക്കാനും മായ്ക്കാനും ആണ് ശ്രമിക്കേണ്ടത്. ഇത്തരത്തില്‍ സമചിത്തതയോടെ ഓരോന്നിനേയും ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകുകയുള്ളൂ.
 
ചങ്ങലകള്‍ പൊട്ടിച്ചെറിയാം
ജീവിതത്തില്‍ ബന്ധങ്ങള്‍ വളരെ പ്രധാനമാണ്. ബന്ധങ്ങള്‍ ഊഷ്മളതയോടെ നിലനിര്‍ത്തണമെങ്കില്‍ മറക്കേണ്ടതിനെ മറക്കാനും അനാവശ്യമായ ചിന്തകളെ വഴിയില്‍ ഉപേക്ഷിക്കാനും ഉള്ള കഴിവ് അത്യാവശ്യമാണ്. കുടുംബവഴക്കുകളുടെ കാരണവും മറ്റൊന്നല്ല. പങ്കാളികള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ അവര്‍ എന്നോ നടന്ന സംഭവങ്ങളെ അതിലേയ്ക്കു വലിച്ചിഴയ്ക്കുന്നതു കാണാം. പൂര്‍വകാലത്തു നടന്ന ആ സംഭവങ്ങളെ കാലം ഇത്ര കഴിഞ്ഞിട്ടും അവര്‍ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല എന്നതിന് അര്‍ത്ഥം ആ സംഭവങ്ങള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ്. ഇത്തരത്തില്‍ അനാവശ്യമായ ഓര്‍മ്മകളെ കൂടെ കൂട്ടുമ്പോള്‍ ജീവിതം വലിയൊരു പരാജയമായി മാറുകയാണ് എന്ന് തിരിച്ചറിയുക. നമ്മുടെ നല്ല ബന്ധങ്ങളെ തകര്‍ക്കുന്ന, മനസ്സിനെ നോവിക്കുന്ന, ആത്മവിശ്വാസം കെടുത്തുന്ന പല കാര്യങ്ങളേയും നാം അനാവശ്യമായി കൂടെ കൂട്ടിയിരിക്കുകയാണ്. ഈ വിഴുപ്പ് വഴിയില്‍ ഉപേക്ഷിച്ചു കൊണ്ടാകണം ജീവിതത്തില്‍ മുന്നോട്ടുള്ള യാത്ര. അല്ലാത്ത പക്ഷം ഭൂതകാലത്തിലെ ദു:ഖകരമായ ഓര്‍മ്മകളുടെ ചങ്ങലകള്‍ നമ്മെ വരിഞ്ഞു മുറുക്കും. അത് ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തും. അതിനാല്‍ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് മനസ്സിനെ സ്വതന്ത്ര്യമാക്കാം. അതിലൂടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയ്ക്കാം.
 
മുന്‍ധാരണ വേണ്ട
 പലപ്പോഴും ഓരോ വ്യക്തിയേയും കുറിച്ച് മനസ്സില്‍ പതിഞ്ഞ ചില ധാരണകളുണ്ടാകാം. ആ വ്യക്തി മുന്‍പ് എന്നോ ഒരിക്കല്‍ കയര്‍ത്തു സംസാരിച്ചിട്ടുണ്ടാകാം. എന്നാല്‍ അത് ചിലപ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തിനോടുള്ള അയാളുടെ സ്വാഭാവികപ്രതികരണം മാത്രമായിരിക്കും. അത് മനസ്സില്‍ വച്ചു കൊണ്ട് അയാള്‍ ഒരു കര്‍ക്കശക്കാരനാണ് എന്ന രീതിയില്‍ ഇടപെടുന്നത് ശരിയല്ല. ഇത്തരത്തില്‍ മുന്‍ധാരണയോടെ ഒരു വ്യക്തിയെ സമീപിക്കുമ്പോള്‍ അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പോലും സംശയത്തോടെയായിരിക്കും നിങ്ങള്‍ വീക്ഷിക്കുക. അതുകൊണ്ടു തന്നെ മുന്‍പ് നടന്ന ഒരു സംഭവത്തിന്‍റെ പേരില്‍ മാത്രം ഒരു വ്യക്തിയെ വിലയിരുത്താന്‍  ശ്രമിക്കുന്നത് തെറ്റാണ്. പകരം ആ വ്യക്തി എന്തുകൊണ്ട് അങ്ങനെ പെരുമാറി എന്ന് മനസ്സിലാക്കാനും അത് ഉള്‍ക്കൊണ്ടു കൊണ്ട് മുന്നോട്ടു പോകാനും ആണ് ശ്രമിക്കേണ്ടത്. 
 
പോസിറ്റീവായി ചിന്തിക്കാം
 ജീവിതം എപ്പോഴും നാം ഉദ്ദേശിച്ച വഴിയിലൂടെ തന്നെ മുന്നോട്ടു പോകണമെന്നില്ല. തീര്‍ത്തും അപരിചിതമായ സാഹചര്യങ്ങളെ നേരിടേണ്ടതായി വന്നേക്കാം. അങ്ങനെ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പകച്ചു നിന്നതു കൊണ്ട് കാര്യമില്ല. മറിച്ച് ആ സാഹചര്യത്തെ ഉള്‍ക്കൊള്ളാനും നേരിടാനും ശ്രമിക്കണം. ജീവിതത്തിലെ പ്രശ്നങ്ങളില്‍ പലതും നമ്മുടെ ഉള്ളിലെ കഴിവു പുറത്തെടുക്കാനുള്ള അവസരങ്ങളാകാം. വലിയൊരു പരാജയം ഉണ്ടായാല്‍ അത് ഉള്‍ക്കൊള്ളാനും വിജയത്തിലേയ്ക്കുള്ള പരിശ്രമത്തിന്‍റെ തുടക്കമായി കാണാനും കഴിഞ്ഞാല്‍ നാം വിജയിച്ചു എന്ന് അര്‍ത്ഥം. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വരുമ്പോള്‍ പോലും എന്‍റെ ജീവിതം തകര്‍ന്നു എന്ന് ചിന്തിക്കുന്നവരുണ്ട്. ഇവര്‍ക്ക് ജീവിതം കഠിനമായി അനുഭവപ്പെടും. എന്നാല്‍ ജീവിതത്തില്‍ ചെറിയ താളപ്പിഴകള്‍ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാനും അതിനെ നേരിടാനും ശ്രമിക്കുന്ന മറ്റൊരു വിഭാഗം ഉണ്ട്. എണ്ണത്തില്‍ കുറവായ ഇവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ വിജയിക്കുന്നത്. 
 
മനസ്സ് എപ്പോഴും ദുഖകരമായ അനുഭവങ്ങളിലേയ്ക്ക് തിരിച്ചു പോകുന്നു എന്നാണ് സിഗ്മണ്ട് ഫ്രോയ്ഡ് പറഞ്ഞിട്ടുള്ളത്. ജീവിതം ഒരു മലകയറ്റം പോലെയാണ്. ദുഖകരമായ ഓര്‍മ്മകള്‍ കൂടെ കൊണ്ടു പോകുമ്പോള്‍ ചുമലിലെ ഭാരം കൂടുകയും മുന്നോട്ടുള്ള യാത്ര കഠിനമാകുകയും ചെയ്യുന്നു. യാതൊരു ഉപകാരവും ഇല്ലാത്ത പാഴ് വസ്തുക്കള്‍ ചുമന്നു കൊണ്ടു പോകുന്നതു പോലെയാണ് നാം ഭൂതകാലത്തിലെ സുഖകരമല്ലാത്ത ഓര്‍മ്മകളെ കൂടെ കൊണ്ടു പോകുന്നത്. എവിടെ വച്ച് ഈ ഭാരം ഉപേക്ഷിക്കാന്‍ കഴിയുന്നുവോ അപ്പോള്‍ മാത്രമേ ജീവിതത്തില്‍ ശാന്തിയും സമാധാനവും സന്തോഷവും നിറയുകയുള്ളൂ. ഉള്‍ക്കൊള്ളേണ്ടവയെ ഉള്‍ക്കൊണ്ട് അനാവശ്യമായ ഓര്‍മ്മകളെ ഉപേക്ഷിക്കുമ്പോള്‍ മനസ്സ് സ്വതന്ത്ര്യമാകുകയും ജീവിതം ആനന്ദപൂര്‍ണ്ണമാകുകയും ചെയ്യുന്നു.  
 

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More