കലഹം വേണ്ട കൗമാരത്തോട്

Our Article published in Our KIDS Magazine-January 2017

"ഇരുപതു വര്‍ഷം ഞാന്‍ അവള്‍ക്കു വേണ്ടിയാണ് ജീവിച്ചത്. പക്ഷേ ഇപ്പോള്‍ അവള്‍ക്ക് ഞാന്‍ ആരുമല്ലാതായി"- ആ അമ്മ പറഞ്ഞു. അവരുടെ കണ്ണുകളില്‍ നിന്ന് ആ സങ്കടത്തിന്‍റെ ആഴം എനിക്ക് വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനകം അവരുടെ ഭര്‍ത്താവ് മരിച്ചു. കൈക്കുഞ്ഞായ മകള്‍ക്കൊപ്പം അവര്‍ തനിച്ചായി. വീണ്ടും ഒരു വിവാഹത്തിന് പലരും അവരെ നിര്‍ബന്ധിച്ചു. എന്നാല്‍ കുഞ്ഞിനെ നല്ലരീതിയില്‍ വളര്‍ത്തുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഏറെ പരിശ്രമത്തിനൊടുവില്‍ ഒരു ജോലി കണ്ടെത്തി. മകളെ മികച്ച വിദ്യാലയത്തില്‍ അയച്ചു പഠിപ്പിച്ചു. അവള്‍ക്ക് നല്ല വസ്ത്രങ്ങള്‍ വാങ്ങി നല്‍കി. ലോണെടുത്ത് വീട് പുതുക്കിപ്പണിതു. വിശ്രമം എന്തെന്ന് അറിയാത്ത ദിനങ്ങള്‍. ഇതിനിടയില്‍ മകള്‍ വളര്‍ന്നു. ഇന്ന് എല്ലാ കാര്യങ്ങളിലും അവള്‍ക്ക് സ്വന്തമായി അഭിപ്രായം ഉണ്ട്. ബിരുദവിദ്യാര്‍ത്ഥിയായ അവള്‍ പഠിച്ച് ഒരു ജോലി നേടണമെന്നും വിവാഹം ചെയ്ത് അയക്കണമെന്നതുമാണ് ഇന്ന് അമ്മയുടെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍ മകള്‍ക്കാവട്ടെ ഇപ്പോള്‍ അമ്മയോട് സംസാരിക്കുന്നതു പോലും ഇഷ്ടമല്ല. വീട്ടില്‍ നിന്ന് നേരത്തെയിറങ്ങുകയും ഏറെ വൈകി തിരിച്ചെത്തുകയും ചെയ്യുന്ന അവള്‍ ദിവസത്തിലെ മുഴുവന്‍ സമയവും കൂട്ടുകാര്‍ക്കൊപ്പമാണ്. അവധി ദിവസങ്ങളില്‍ പുലര്‍ച്ചെ സ്കൂട്ടര്‍ എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങും. എങ്ങോട്ടാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ ചോദിക്കുന്നത് ഇഷ്ടമല്ല. അത്തരത്തില്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ വളരെ പരുഷമായിരുന്നു അവളുടെ പെരുമാറ്റം. ചുരുക്കത്തില്‍ ഒരു വീട്ടില്‍ ഒന്നിച്ചു താമസിക്കുന്നെങ്കിലും അമ്മയും മകളും രണ്ടു ലോകത്താണ്. അവരുടെ ചിന്തകള്‍ പരസ്പരം പൊരുത്തപ്പെടുന്നില്ല. ഒരാള്‍ക്ക് മറ്റൊരാളെ മനസ്സിലാക്കാന്‍ കഴിയുന്നില്ല. എല്ലാ കൗമാരക്കാരുടേയും അച്ഛനമ്മമാര്‍ അനുഭവിക്കുന്ന പൊതുവായൊരു വിഷമത്തിലേയ്ക്കാണിത് ഇത് വിരല്‍ ചൂണ്ടുന്നത്. കുട്ടികളുടെ ചിന്തകളും സങ്കല്‍പ്പങ്ങളുമായി പൊരുത്തപ്പെടാന്‍ അവര്‍ക്കു കഴിയുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കൗമാരക്കാരും അവരുടെ അച്ഛനമ്മമാരും തമ്മില്‍ ഒരു 'കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്' നിലനില്‍ക്കുന്നു. ഇത് അവരുടെ ജീവിതത്തില്‍ ചെറുതല്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രത്യക്ഷത്തില്‍ അത്ര ഗൗരവതരമായി തോന്നില്ലെങ്കിലും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണിത്. 
 
നിങ്ങളുടെ കുട്ടി തന്നെ പക്ഷേ...
 
ഒരു കുട്ടി ജനിക്കുമ്പോള്‍ മുതല്‍ അച്ഛനമ്മമാര്‍ ഒരായിരം സ്വപ്നങ്ങള്‍ നെയ്തു തുടങ്ങും. മകനെ അല്ലെങ്കില്‍ മകളെ എന്തു വിളിക്കണം എന്നതില്‍ തുടങ്ങി അവരുടെ വിവാഹം വരെ ഒരുപാട് കാര്യങ്ങള്‍ ആ സ്വപ്നത്തില്‍ മിന്നിമറയും. എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വരുമ്പോള്‍ സ്വപ്നവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാകും ചിലപ്പോള്‍ ജീവിതത്തില്‍ സംഭവിക്കുക. അപ്പോഴെല്ലാം എന്‍റെ കുട്ടി ഇങ്ങനെയാകാന്‍ പാടില്ല എന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല. നഴ്സറിയില്‍ പോകുന്ന പ്രായത്തില്‍ അവര്‍ ചിലപ്പോള്‍ നിങ്ങള്‍ പറയുന്നതെല്ലാം അനുസരിച്ചെന്നിരിക്കും. എന്നാല്‍ കോളേജില്‍ പോകുന്ന മകനില്‍ ആ 'നഴ്സറി'ക്കാരനെ കണ്ടെത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ പരാജയപ്പെടും. അച്ഛനമ്മമാരുടെ മനസ്സില്‍ മക്കള്‍ എപ്പോഴും കുട്ടികളാണ്. അവര്‍ വളര്‍ന്നാലും വിവാഹം കഴിച്ച് അവര്‍ക്ക് കുട്ടികള്‍ ഉണ്ടായാലും അവര്‍ നിങ്ങളുടെ മനസ്സില്‍ ചെറുതു തന്നെയായിരിക്കും. എന്നാല്‍ മക്കളുടെ ചിന്ത ഈ വഴിയില്‍ അല്ല സഞ്ചരിക്കുന്നത്. ചെറുപ്പത്തില്‍ വഴക്കോ ശിക്ഷയോ പേടിച്ച് അവര്‍ എല്ലാം അനുസരിക്കും. മുതിരുമ്പോള്‍ അവര്‍ക്ക് അവരുടേതായ ഇഷ്ടങ്ങളും താത്പര്യങ്ങളും ഉണ്ടാകും. അതിനു വിലങ്ങിടുമ്പോള്‍ അവര്‍ക്ക് പലപ്പോഴും അതൊരു ' ഇന്‍സള്‍ട്ട് '  ആയാണ് തോന്നുക. അച്ഛനമ്മമാരും മക്കളും തമ്മില്‍ പൊരുത്തക്കേടുകള്‍ തുടങ്ങുന്നത് ഇവിടെയാണ്. 
 
അറിയാം, തിരുത്താം
 
നിങ്ങളുടെ വസ്ത്രസൗന്ദര്യ സങ്കല്‍പ്പങ്ങള്‍ കുട്ടികള്‍ക്ക് പലപ്പോഴും 'പഴഞ്ചനായിട്ടാവും' അനുഭവപ്പെടുന്നുണ്ടാകുക. അവരുടെ സുഹൃത്തുകളും ക്ലാസ്മേറ്റ്സും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ഫാഷന്‍ ലോകമാവും അവരെ ഭ്രമിപ്പിക്കുന്നത്. അവര്‍ പുതിയ ഫാഷനിലുളള വസ്ത്രങ്ങള്‍ അണിഞ്ഞോട്ടെ. പക്ഷേ കാഴ്ചയില്‍ മറ്റുള്ളവര്‍ക്ക് അരോചകമാകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ പാടില്ലെന്ന് പറയാം. പുതിയ ഡ്രസ് എടുക്കാനായി വീട്ടില്‍ നിന്ന് ഷോപ്പിലേയ്ക്ക് പുറപ്പെടും മുന്‍പ് തന്നെ അവരോട് ഇക്കാര്യങ്ങള്‍ സംസാരിക്കാം. അങ്ങനെ വരുമ്പോള്‍ കടയില്‍ വച്ചുള്ള അനാവശ്യമായ വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കാം. വീട്ടില്‍ പൊതുവായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ അഭിപ്രായവും തിരക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് വീട്ടിലേയ്ക്ക് ഒരു പുതിയ വാഷിങ്മെഷീന്‍ വാങ്ങുന്നുവെന്ന് ഇരിക്കട്ടെ. ചിലപ്പോള്‍ ഇക്കാര്യത്തില്‍ നിങ്ങളേക്കാള്‍ അറിവ് മകന് ഉണ്ടായെന്നു വരാം. കയ്യിലെ ബജറ്റിന് അനുസരിച്ച് ഏത് ബ്രാന്‍ഡ് വാങ്ങാമെന്ന് അവരുമായി ചര്‍ച്ച ചെയ്യുക. അവരുടെ അഭിപ്രായത്തിനും വീട്ടില്‍ വിലയുണ്ടെന്ന് അറിയുന്നത് അവര്‍ക്ക് അഭിമാനകരമായി തോന്നും. കുട്ടിയുടെ പഠനതാത്പര്യങ്ങളും അച്ഛനമ്മമാര്‍ മനസ്സിലാക്കിയിരിക്കണം. നിങ്ങള്‍ക്ക് നല്ലതെന്നു തോന്നുന്ന ഒരു ഫീല്‍ഡ് കുട്ടിയ്ക്ക് ഇഷ്ടപ്പെടണമെന്നില്ല. രക്ഷിതാവെന്ന നിലയില്‍ തൊഴില്‍സാധ്യത ഏറെയുള്ള മേഖലയായിരിക്കാം നിങ്ങള്‍ നിര്‍ദേശിക്കുന്നത്. പക്ഷേ താത്പര്യമില്ലാത്ത രംഗത്തേയ്ക്ക് കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയച്ചാല്‍ അവര്‍ ആ മേഖലയില്‍ ശോഭിക്കണമെന്നില്ല. ഇഷ്ടമില്ലാത്ത കോഴ്സിന് ചേര്‍ത്ത എത്രയോ കുട്ടികള്‍ പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചു മടങ്ങിവരുന്നതു കാണാം. അതിനാല്‍ അവരുടെ ഇഷ്ടങ്ങള്‍ക്കാകട്ടെ മുന്‍തൂക്കം. കുട്ടിയുടെ ആഗ്രഹങ്ങളും താത്പര്യങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് അവരിലേയ്ക്ക് അടുക്കാനുള്ള വഴി.
 
പിടിച്ചു കെട്ടിയിടേണ്ടതില്ല
 
കുട്ടികള്‍ വഴിതെറ്റിപോകുമോ എന്ന് രക്ഷിതാക്കള്‍ ഏറെ ഭയപ്പെടുന്ന കാലം കൂടിയാണ് അവരുടെ കൗമാരം. സ്വന്തമായ ആശയങ്ങളും വ്യക്തിത്വവും കൂട്ടുകെട്ടുകളും രൂപപ്പെടുന്ന ഈ പ്രായത്തില്‍ കുട്ടികള്‍ വഴിമാറി സഞ്ചരിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ അതു ഭയന്ന് അവരെ കൂട്ടില്‍ അടച്ചിടേണ്ടതില്ല. കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടക്കാന്‍ അവരെ അനുവദിക്കാം. സിനിമയ്ക്കും യാത്രകള്‍ക്കും അനുവാദം നല്‍കാം. എന്നാല്‍ അതിനൊപ്പം അവരെ നിരന്തരമായി നിരീക്ഷിക്കണം. അവര്‍ തെറ്റായ വഴിയിലേയ്ക്ക് പോകുന്നു എന്നതിന് വ്യക്തമായ സൂചന കിട്ടിക്കഴിഞ്ഞാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കാം. നിങ്ങള്‍ക്ക് അതിനു കഴിയുന്നില്ലെങ്കില്‍ അവരുടെ അതേപ്രായത്തിലുള്ള ഏതെങ്കിലും കൂട്ടുകാരേയോ കസിന്‍സിനേയോ ആ ചുമതല ഏല്‍പ്പിക്കാം. 
 
അവരുടെ ബെസ്റ്റ് ഫ്രണ്ടാകാം
 
മകനോ മകളോ അവരുടെ എല്ലാ രഹസ്യങ്ങളും തുറന്നു പറയുന്നത് അവരുടെ ബെസ്റ്റ് ഫ്രണ്ടിനോടാകും. എന്താണതിന് കാരണം? എന്തിനും അവര്‍ ഒപ്പം നില്‍ക്കുമെന്ന വിശ്വാസം. അവരില്‍ ഒരാളാണെന്ന തോന്നല്‍. അച്ഛനമ്മമാരും ഇത്തരത്തില്‍ കുട്ടിയുടെ ബെസ്റ്റ് ഫ്രണ്ട്സ് ആയി മാറാനാണ് ശ്രമിക്കേണ്ടത്. അവരുടെ ജനറേഷന്‍റെ ട്രെന്‍ഡ്സ് അറിയാന്‍ ശ്രമിക്കുക. ഓഫീസിലും പുറത്തും അച്ഛനമ്മമാര്‍ കൂടുതലും അവരുടെ പ്രായത്തിലുള്ളവരോടാണ് ഇടപെടുക. ഇതിന് പകരം ജോഗിങ്ങിനു പോകുമ്പോഴും ഷോപ്പിങ് മാളില്‍ പോകെുമ്പോഴും മകന്‍റെ അല്ലെങ്കില്‍ മകളുടെ അതേപ്രായത്തിലുള്ളവരുമായി ഇടപഴകാന്‍ ശ്രദ്ധിക്കുക. അവരുടെ സംസാരരീതികളും പെരുമാറ്റങ്ങളും ശ്രദ്ധിക്കുക. അതേ ' വേവ്ലെങ്ത്തില്‍' മക്കളോടും സംസാരിക്കാനും പെരുമാറാനും കഴിഞ്ഞാല്‍ നിങ്ങള്‍ അവരുടെ ഉറ്റ സുഹൃത്തായി മാറുമെന്ന് ഉറപ്പ്. 
 

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • IS SELF HELP AN EFFECTIVE WAY TO TREAT DEPRESSION?

  Read More

 • Do You Love Yourself?

  Read More

 • സമൂഹമാധ്യമം ഉപയോഗിക്കാനും പഠിക്കണം

  Our article published in Ourkids Magazine - Feb 2019

  Read More

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More