കുട്ടിയെ പഠിപ്പിക്കാൻ പഠിക്കാം

Our Article published in Our KIDS Magazine-May 2018

അദ്വൈത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കോളേജ് അധ്യാപകരായ ഉഷ-രമേഷ് ദമ്പതികളുടെ ഏക മകന്‍. തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായൊരു സ്കൂളിലാണ് അവന്‍ പഠിക്കുന്നത്. മകന്‍റെ പഠനത്തെ കുറിച്ചുള്ള ആശങ്കയാണ് ഉഷയേയും രമേഷിനേയും എന്‍റെ അരികില്‍ എത്തിച്ചത്. സ്കൂളില്‍ പാഠ്യേതരപ്രവര്‍ത്തനങ്ങളിലെല്ലാം അവന്‍ മുന്നിലാണ്. പാട്ടു പാടാനും ചിത്രം വരയ്ക്കാനും എല്ലാം ഇഷ്ടമാണ്. ക്ലാസില്‍ അച്ചടക്കമുള്ള കുട്ടിയാണ്. ധാരാളം സുഹൃത്തുക്കളും ഉണ്ട്. പക്ഷേ പഠനത്തില്‍ അവന്‍ തീര്‍ത്തും പിന്നോക്കമാണ്. "പഠിക്കാന്‍ എത്ര നിര്‍ബന്ധിച്ചാലും അവന്‍ അനുസരിക്കില്ല. ടി.വി കാണാനോ ഗെയിം കളിക്കാനോ ഇപ്പോള്‍ അനുവദിക്കാറില്ല. പിടിച്ചിരുത്തി പഠിപ്പിക്കാന്‍ നോക്കി പക്ഷേ അവന്‍ ഒരു ഉഴപ്പന്‍ മട്ടിലാണ് ഇരിക്കുക. പറയുന്നതൊന്നും ശ്രദ്ധിക്കില്ല. പരീക്ഷ അടുക്കുന്തോറും ഞങ്ങള്‍ക്ക് ടെന്‍ഷനാണ് "  ഉഷയുടെ വാക്കുകളില്‍ നിന്ന് ആ മാതാപിതാക്കള്‍ അനുഭവിക്കുന്ന മാനസികപിരിമുറുക്കം എനിക്ക് വായിച്ചെടുക്കാമായിരുന്നു. അദ്വൈത് മിടുക്കനാണ്. അവനോട് സംസാരിച്ചതില്‍ നിന്നും എനിക്ക് അത് വ്യക്തമായി. മാത്തമാറ്റിക്സ് ആണ് അവന്‍റെ ഇഷ്ട വിഷയം. അതിലെ ഹോംവര്‍ക്ക് ഒക്കെ അവന്‍ കൃത്യമായി ചെയ്യും. " ബാക്കി സബ്ജക്ടറ്റൊക്കെ മഹാബോറാ, വായിച്ചാല്‍ തന്നെ ഉറക്കം വരും" അവന്‍ എന്നോടു പറഞ്ഞു. കൂടുതല്‍ സംസാരിച്ചപ്പോള്‍ പഠനത്തിന്‍റെ പ്രാധാന്യത്തെ പറ്റി അവന് തീര്‍ത്തും തെറ്റായ ധാരണയാണ് ഉള്ളതെന്ന് മനസ്സിലായി. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം പഠിക്കുക, ബോറടിക്കുന്നതൊക്കെ ഒഴിവാക്കുക എന്നൊരു ലൈനിലാണ് കക്ഷിയുടെ പോക്ക്. എല്ലാ വിഷയത്തിനും ജയിക്കണമെന്നും പത്തില്‍ നല്ല രീതിയില്‍ ജയിച്ചാല്‍ മാത്രമേ തുടര്‍പഠനം ആഗ്രഹിച്ച രീതിയില്‍ നടക്കൂ എന്നൊന്നും അവന്‍ ചിന്തിക്കുന്നില്ല. പുതിയതലമുറയില്‍പ്പെട്ട നല്ലൊരു ശതമാനം കുട്ടികളും അദ്വൈതിന്‍റെ പാത പിന്തുടരുന്നവരാണ്. പഠിക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഉണ്ടെങ്കിലും അവര്‍ പഠനത്തെ ഗൗരവമായി സമീപിക്കുന്നില്ല. പഠനത്തോടുള്ള ഇവരുടെ മനോഭാവം (Attitude)  എങ്ങനെ മാറ്റിയെടുക്കുമെന്നോര്‍ത്ത് രക്ഷിതാക്കളും ടെന്‍ഷനിലാണ്. 

പഠനം സ്മാര്‍ട്ട് ആക്കാം

സ്കൂള്‍ തുറന്നാല്‍ പണ്ടൊക്കെ ഒരു മാസം കാത്തിരിക്കണമായിരുന്നു പുസ്തകങ്ങളെല്ലാം കയ്യില്‍ കിട്ടാന്‍. പുസ്തകങ്ങളുടെ പുത്തന്‍ മണം മാറുന്നതിന് മുന്‍പേ ഓണപ്പരീക്ഷയെത്തും. പാഠങ്ങള്‍ ഒന്നും പഠിപ്പിച്ച് തീര്‍ന്നിട്ടും ഉണ്ടാകില്ല. കാലം മാറി, അതിനൊപ്പം സ്കൂളുകളും മാറി. ഇത് ഇ-ലേണിങിന്‍റെ കാലമാണ്. സ്കൂളില്‍ ഒരു ദിവസം മുടങ്ങിയാല്‍ പിറ്റേന്ന് ക്ലാസിലെത്തി ഒഴിവു സമയത്ത് നോട്ട് പകര്‍ത്തേണ്ട കഷ്ടപ്പാടൊന്നും ഇന്നത്തെ കുട്ടികള്‍ക്കില്ല. വൈകിട്ട് നോട്ട്സ് ഒന്ന് വാട്ട്സ്ആപ്പ് ചെയ്തേക്കണേ എന്ന് സുഹൃത്തിനോട് ഒരു വാക്കു പറഞ്ഞാല്‍ മതി.  ക്ലാസ് കഴിയുന്ന മുറയ്ക്ക് നോട്ട്സ് ഫോണിലെത്തും. കുട്ടി എപ്പോഴും ഫോണില്‍ കളിക്കുകയാണെന്ന് പരാതിപ്പെടുന്ന രക്ഷിതാക്കള്‍ സത്യത്തില്‍ സാങ്കേതികവിദ്യയുടെ സാധ്യതകളെ പറ്റി ബോധവാന്‍മാരല്ലെന്നതാണ് സത്യം. എല്‍.കെ.ജിയില്‍ പോകുന്ന കുട്ടിയ്ക്കു മുതല്‍ ഐ.എ.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വരെ സഹായകമായ നിരവധി ഇ-ലേണിങ് സൈറ്റുകള്‍ ഇന്ന് ലഭ്യമാണ്. ക്ലാസ് മുറികളില്‍ അധ്യാപകര്‍ പഠിപ്പിക്കുന്ന അതേ ആധികാരികതയോടെ ഓരോ വിഷയത്തിനും ക്ലാസുകള്‍ ഈ സൈറ്റുകളില്‍ ഉണ്ട്. വീഡിയോ രൂപത്തിലുള്ള ഇത്തരം ക്ലാസുകള്‍ അനായാസകരമായി കാര്യങ്ങള്‍ മനസ്സിലാക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കുട്ടികളെ സഹായിക്കുന്നു. സൗജന്യമായി ക്ലാസുകള്‍ നല്‍കുന്ന സൈറ്റുകളും സബ്സ്ക്രൈബ് (ഓണ്‍ലൈന്‍ വഴി പണം അടച്ച ശേഷം ഉപയോഗിക്കാന്‍ കഴിയുന്നവ) ചെയ്യേണ്ട സൈറ്റുകളും ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളും അതിനു ശേഷം ഓണ്‍ലൈന്‍ വഴി തന്നെ പരിശീലിക്കാവുന്ന മോഡല്‍ പരീക്ഷകളും അടങ്ങിയ പാക്കേജ് ആയിട്ടാണ് ഇ ലേണിങ് സൈറ്റുകള്‍ ഇവ നല്‍കുക. പുസ്തകങ്ങളോട് തീര്‍ത്തും താത്പര്യം കാണിക്കാതിരിക്കുകയും കൂടുതല്‍ സമയം മൊബൈലില്‍ ചെലവിടുകയും ചെയ്യുന്ന പുതിയ തലമുറയെ പഠനത്തിലേയ്ക്ക് അടുപ്പിക്കാന്‍ ഇ ലേണിങ് സൈറ്റുകള്‍ ഒരു പരിധി വരെ സഹായകമാണ്. മൊബൈലില്‍ ഇത്തരം ലേണിങ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാം. പഠനശേഷം ഓരോ പാഠഭാഗങ്ങളിലേയും മോഡല്‍ ടെസ്റ്റുകള്‍ ചെയ്യാന്‍ അവരോട് ആവശ്യപ്പെടണം. ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ അത് അനലൈസ് ചെയ്യാനുള്ള സൗകര്യവും ഇത്തരം സൈറ്റുകള്‍ നല്‍കുന്നുണ്ട്. ഏതൊക്കെ ഭാഗങ്ങള്‍ കുട്ടി പഠിച്ചു എന്നും എവിടെയൊക്കെ മെച്ചപ്പെടുത്തണമെന്നും (Need Improvement) പരീക്ഷാഫലത്തിനൊപ്പം ഒരു ഗ്രാഫിന്‍റെ സഹായത്തോടെ വ്യക്തമാക്കിയിട്ടുണ്ടാകും. ഇത് അനുസരിച്ച് പിന്നോക്കം നില്‍ക്കുന്ന (Weak area) ഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടാം. 

കാലം മാറുന്നതിനനുസരിച്ച് കുട്ടികളുടെ പഠനരീതിയും മാറും. അതിനെ കണ്ണടച്ച് എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. മുന്‍പ് പഠനത്തിന് പുസ്തകങ്ങള്‍ മാത്രമേ ആശ്രയമായി ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ അറിവ് വിരല്‍ത്തുമ്പിലാണ്. എങ്ങനെയാണോ കുട്ടിയ്ക്ക് ഫലപ്രദമായി (effective) പഠിക്കാന്‍ സാധിക്കുന്നത് ആ രീതി പിന്തുടരാന്‍ പറയാം. അതിന് വേണ്ട സഹായങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്യാം. ഒപ്പം അവര്‍ വെറുതേ ഇന്‍റര്‍നെറ്റില്‍ സമയം ചെലവിടുകയല്ല എന്ന് ഉറപ്പുവരുത്താനും മാതാപിതാക്കള്‍ക്ക് കഴിയണം. മാറുന്ന ലോകത്തിനൊപ്പം അവര്‍ സ്മാര്‍ട്ടായി മുന്നേറട്ടെ.

ഫോക്കസ്ഡ് ആകണം

ചില മെട്രോ സിറ്റികളില്‍ ഒരു നിശ്ചിത തുകയ്ക്ക് ടിക്കറ്റെടുത്താല്‍ (Day Pass) ദിവസം മുഴുവന്‍ ബസില്‍ കറങ്ങാം. എന്തെങ്കിലും കാരണം കൊണ്ട് ഒരു ദിവസം നഗരത്തില്‍ താമസിക്കേണ്ടി വരുന്നവര്‍ ഈ ടിക്കറ്റ് പ്രയോജനപ്പെടുത്തുന്നത് കാണാറുണ്ട്. വെറുതേ ചുറ്റിക്കറങ്ങുക എന്നതിനപ്പുറം ഈ യാത്രയില്‍ അവര്‍ക്ക് പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഉണ്ടാകില്ല. ഏറെപ്രതീക്ഷകളോടെ മാതാപിതാക്കള്‍ സ്കൂളിലേയ്ക്ക് അയക്കുന്ന ചില കുട്ടികളുടെ അവസ്ഥയും ഇതു തന്നെയാണ്. എല്ലാവരും സ്കൂളില്‍ പോകുന്നു, ഞാനും പോകുന്നു; കൂട്ടുകാരൊക്കെ ഇന്ന കോഴ്സിന് ചേരുന്നു, ഞാനും ചേരുന്നു- എന്ന നിലയിലാണ് അവരുടെ ജീവിതം. മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചോ പഠനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചോ അവര്‍ക്ക് യാതൊരുവിധ ധാരണയും ഉണ്ടാകില്ല. അതുകൊണ്ടു തന്നെ പഠനത്തെ അവര്‍ ഗൗരവമായി സമീപിക്കുകയില്ല. മറിച്ച് എനിക്ക് ഇന്ന കോഴ്സ് പഠിക്കണം, ഇന്ന ജോലി നേടണം എന്ന് വ്യക്തമായ ലക്ഷ്യമുള്ള കുട്ടി ഒരിക്കലും പഠനത്തില്‍ ഉഴപ്പില്ല. തന്‍റെ ലക്ഷ്യത്തെ കുറിച്ചും അത് നേടേണ്ട വഴികളെ കുറിച്ചും കൃത്യമായ ധാരണ ഉള്ളതിനാല്‍ അവര്‍ ഓരോ ദിവസവും അതിനായി പരിശ്രമിച്ചു കൊണ്ടിരിക്കും. ഇത്തരത്തില്‍ കുട്ടികളെ ലക്ഷ്യബോധം ഉള്ളവരാക്കി മാറ്റേണ്ടത് മാതാപിതാക്കളുടേയും അവരെ പഠിപ്പിക്കുന്ന അധ്യാപകരുടേയും കടമയാണ്. ഇരുപത്തിനാലു മണിക്കൂറും അവരോട് പഠിക്കൂ പഠിക്കൂ എന്ന് ഉരുവിടുന്നതിന് പകരം അല്പ സമയം അവരോട് മനസ്സു തുറന്ന് സംസാരിക്കുക. ഭാവിയെ കുറിച്ച് അവരുടെ സ്വപ്നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുക. വ്യക്തമായൊരു ചിത്രം അവര്‍ക്കില്ലെങ്കില്‍ അവരുടെ അഭിരുചികള്‍ക്ക് ഇണങ്ങിയ പാത തിരഞ്ഞെടുക്കാന്‍ സഹായിക്കാം. നിങ്ങള്‍ക്ക് തനിയെ സാധിക്കുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായവും തേടാവുന്നതാണ്. മുന്നില്‍ കൃത്യമായ ഒരു ലക്ഷ്യമുണ്ടാകുമ്പോള്‍ അത് നേടിയെടുക്കാനുള്ള പരിശ്രമം അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. മക്കളെ ഇത്തരത്തില്‍ അവബോധമുള്ളവരാക്കി മാറ്റാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്. 

ഉദാഹരണങ്ങള്‍ കണ്ടറിയട്ടെ 

ഇന്ത്യന്‍ സമൂഹവ്യവസ്ഥയനുസരിച്ച് ഒരു കുട്ടി ജനിച്ച്, വിദ്യാഭ്യാസം നേടി, ജോലി കണ്ടെത്തി, വിവാഹം കഴിക്കുന്നതു വരെയുള്ള ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. വലിയൊരു ചുമതല തന്നെയാണ് അത്. ജനിക്കുന്നതു മുതല്‍ എല്ലാ കാര്യവും മാതാപിതാക്കള്‍ നോക്കുന്നതിനാല്‍ കുട്ടി അതിന്‍റെ യഥാര്‍ത്ഥമൂല്യം മനസ്സിലാക്കാതെ (Taken for granted) പോകുന്നു. എന്നും എല്ലായ്പ്പോഴും എന്‍റെ കാര്യങ്ങള്‍ ഇത്തരത്തില്‍ ഭംഗിയായി നടക്കും എന്ന് അവര്‍ തെറ്റിദ്ധരിച്ചു പോകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ യാഥാര്‍ത്ഥ്യം അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അച്ഛനോ അമ്മയോ പറഞ്ഞു കൊടുത്താല്‍ അവര്‍ അത് ഉള്‍ക്കൊള്ളണമെന്നില്ല. പകരം അയല്‍പ്പക്കത്തോ ബന്ധത്തിലോ അവരേക്കാള്‍ മുതിര്‍ന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുമായി സംസാരിക്കാന്‍ അവസരം ഒരുക്കാം. അവരില്‍ പഠനം കഴിഞ്ഞ് ഒരു ജോലിയും ലഭിക്കാതെ വിഷമഘട്ടത്തില്‍ നില്‍ക്കുന്നവരുണ്ടാകും. മറ്റു ചിലരാകട്ടെ വ്യക്തമായ ലക്ഷ്യത്തോടെ പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തിയവരാകും. രണ്ടുവിഭാഗക്കാരുമായും കുട്ടി സംസാരിക്കുന്നത് അവന് വലിയ തിരിച്ചറിവു നല്‍കും. വിജയിച്ച ആളുടെ വാക്കുകളേക്കാള്‍ പരാജയപ്പെട്ട ആളുടെ വേദനയും വാക്കുകളും അവന്‍റെ മനസ്സില്‍ തറയ്ക്കും. ആ അവസ്ഥ തനിക്കു വരുമോ എന്ന ചിന്ത പഠനത്തെ ഗൗരവമായി സമീപിക്കാന്‍ അവനെ പ്രേരിപ്പിക്കും. ഇത്തരത്തില്‍ ജീവിക്കുന്ന ഉദാഹരണങ്ങളിലൂടെ കുട്ടികള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കാനാകണം ഓരോ രക്ഷിതാവും ശ്രമിക്കേണ്ടത്. രാവും പകലും നിങ്ങള്‍ ഉപദേശപ്പെരുമഴ ചൊരിഞ്ഞാലും അവര്‍ നന്നാകണമെന്നില്ല. എന്നാല്‍ സത്യം കണ്‍മുന്നില്‍ കണ്ട് മനസ്സിലാക്കുമ്പോള്‍ അവര്‍ക്ക് തിരിച്ചറിവുണ്ടാകുമെന്ന് ഉറപ്പാണ്.

പഠിക്കാനുള്ള അവസരങ്ങളും സാഹചര്യവും കുറവാണെന്നതായിരുന്നു പഴയതലമുറ അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നം. എന്നാല്‍ ഇപ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എത്ര പണം മുടക്കാനും രക്ഷിതാക്കള്‍ തയ്യാറാണ്. തന്‍റെ കുട്ടി പഠിച്ച് മികച്ച നിലയില്‍ എത്തണം എന്നതു മാത്രമാണ് അവരുടെ ആഗ്രഹം. അതേസമയം കുട്ടികളാകട്ടെ പഠിക്കാനുള്ള സകലസൗകര്യങ്ങളും ഉണ്ടെങ്കിലും അത് ശരിയായി വിനിയോഗിക്കുന്നില്ല. ജീവിതത്തില്‍ പഠനത്തിനുള്ള പ്രാധാന്യം തിരിച്ചറിയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പഠിക്കാനുള്ള സാഹചര്യങ്ങളും കഴിവും ഉണ്ടായിട്ടും പഠനത്തെ ഗൗരവത്തോടെ സമീപിക്കാതിരുന്നാല്‍ നാളെ അതിന്‍റെ ഫലം താന്‍ തന്നെ അനുഭവിക്കേണ്ടി വരും എന്ന് അവരെ ബോധ്യപ്പെടുത്താന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അത്തരം ഒരു തിരിച്ചറിവുണ്ടാകുമ്പോള്‍ മാത്രമേ ലക്ഷ്യബോധത്തോടെ മുന്നോട്ടു പോകാനും ജീവിതത്തില്‍ വിജയിക്കാനും അവര്‍ക്ക് കഴിയൂ. 

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ സാങ്കല്പികമാണ്)

 

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • SUCCESS COMES FROM A POSITIVE LEARNING ENVIRONMENT

  Read More

 • 5 REASONS TO STOP BEING A NAGGING PARENT

  Read More

 • EFFECTIVE SCHOOL COUNSELLING: NEED OF THE HOUR!

  Read More

 • WHEN LONG DISTANCE GETS HARD

  Read More