വിവാഹമോചനം : അനാഥരാവുന്ന കുട്ടികൾ

Our Article published in Our KIDS Magazine-July 2018

 ഒന്‍പതു വയസ്സേ ഉള്ളൂ അവന്. എനിക്ക് അഭിമുഖമായുള്ള കസേരയില്‍ ഇരിക്കുമ്പോള്‍ ആ കുഞ്ഞു മുഖത്ത് ദേഷ്യവും അതിലേറെ സങ്കടവും കാണാനാകുമായിരുന്നു. തൊട്ടരികത്ത് അവന്‍റെ അച്ഛനും അമ്മയും ഇരിക്കുന്നുണ്ട്. അവര്‍ എന്നെ കാണാന്‍ ഒരുമിച്ച് വന്നുവെങ്കിലും മനസ്സു കൊണ്ടും നിയമപരമായും അവര്‍ വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്നു. നിയമപരമായി മകന്‍റെ സംരക്ഷണ അവകാശം ലഭിച്ചത് അമ്മയ്ക്കാണ്. എന്നാല്‍ കുട്ടിയ്ക്കാകട്ടെ ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന അച്ഛനെ മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ കഴിയുമായിരുന്നില്ല. പെട്ടെന്നൊരുനാള്‍ അച്ഛന്‍ തന്‍റെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനായത് അവനെ അസ്വസ്ഥനാക്കി. സ്കൂളിലും വീട്ടിലും അതുവരെ നല്ല കുട്ടിയായിരുന്ന അവന്‍റെ പെരുമാറ്റത്തില്‍ പല വ്യത്യാസങ്ങളും കണ്ടുതുടങ്ങി. പഠനത്തില്‍ ശരാശരിയിലും മുകളിലായിരുന്ന അവന്‍ തീര്‍ത്തും അലസനായി മാറി. സ്കൂളില്‍ കൂട്ടുകാരുമായി വഴക്കുകള്‍ പതിവായി. വീട്ടില്‍ പരാതികള്‍ എത്തിതുടങ്ങി. അമ്മ അവനെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തെങ്കിലും അവന്‍റെ വാശി കൂടിയതേയുള്ളൂ. വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും മാസത്തിലൊരിക്കല്‍ സമ്മാനങ്ങളുമായി അച്ഛന്‍ അവനെ കാണാന്‍ എത്താറുണ്ടായിരുന്നു. ആദ്യമൊക്കെ ആ ദിവസത്തിനു വേണ്ടി അവന്‍ കാത്തിരിക്കുമായിരുന്നു. പിന്നീട് അച്ഛനോടുള്ള അവന്‍റെ മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നു. സംസാരിക്കാനോ അടുത്തുചെല്ലാനോ പോലും കൂട്ടാക്കാറില്ല. തീര്‍ത്തും ഒരു അപരിചിതനോടെന്ന പോലെയാണ് ഇപ്പോള്‍ അവന്‍ അച്ഛനോട് പെരുമാറുന്നത്. അമ്മയോടും വീട്ടിലെ മറ്റ് അംഗങ്ങളോടും അവന്‍ പഴയ സ്നേഹവും അടുപ്പവും കാണിക്കുന്നില്ല. മകന്‍റെ സ്വഭാവത്തിലെ വ്യത്യാസം അവന്‍റെ അച്ഛനേയും അമ്മയേയും ഒരുപോലെ വേദനിപ്പിച്ചു. ഇനി  ഒരുമിച്ചൊരു ജീവിതം സാധ്യമല്ലെന്ന് തീരുമാനിച്ചെങ്കിലും മകനെ കുറിച്ചുള്ള ആകുലത മൂലം ഇരുവരും എന്നെ കാണാന്‍ വരികയായിരുന്നു. കുട്ടിയുമായി ഏറെ നേരം ഞാന്‍ സംസാരിച്ചെങ്കിലും അവന്‍ കൂടുതല്‍ സമയവും മുഖം കുനിച്ചിരിക്കുകയോ മൂളുകയോ ചെയ്യുകയായിരുന്നു. അവന് ആരോടും, ഈ ലോകത്തിലെ ഒന്നിനോടും താത്പര്യമില്ലെന്നു തോന്നി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവന്‍ തന്‍റേതായ സങ്കടങ്ങളുടെ ലോകത്ത് ഒറ്റപ്പെട്ടു കഴിയുകയാണ്. " ഇനി എന്നെങ്കിലും എനിക്ക് അച്ഛനെ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ പറ്റുമോ?" നീണ്ട സംസാരത്തിനൊടുവില്‍ അവന്‍ എന്നോടു ചോദിച്ച ഒറ്റചോദ്യത്തിലുണ്ടായിരുന്നു അവന്‍റെ മനസ്സിലെ വിങ്ങലുകളത്രയും. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ കഴിയില്ല. വിവാഹമോചനങ്ങള്‍ പെരുകുമ്പോള്‍, പഠനത്തിന്‍റെ പേരില്‍ ചെറുപ്രായത്തില്‍ ബോര്‍ഡിങ്ങിലേയ്ക്ക് അയക്കപ്പെടുമ്പോള്‍ കേരളത്തിലെ ബാല്യം ഒറ്റപ്പെടുകയാണ്. കരുതലും സ്നേഹവും ആവോളം നല്‍കേണ്ടയിടത്ത് അത് ലഭിക്കാതെ വരുമ്പോള്‍ അവരില്‍ ഉടലെടുക്കുന്ന മാനസിക സംഘര്‍ഷങ്ങളും സ്വഭാവവ്യതിയാനങ്ങളും കണ്ടില്ലെന്നു നടിക്കാനാകില്ല. 

വേര്‍പിരിക്കപ്പെടുന്നത് കുട്ടികളാണ്

വിവാഹമോചനം ദമ്പതിമാര്‍ക്ക് മാനസിക ആഘാതം തന്നെയാണ്. ജീവിതകാലം മുഴുവന്‍ ഒപ്പം ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ഒരാള്‍ പെെ ട്ടന്ന് ഉപേക്ഷിച്ചു പോകുകയോ പൊരുത്തപ്പെടാനാകാത്ത വിധം അകലുകയോ ചെയ്യുന്നത് മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതിലുമെത്രയോ മടങ്ങ് വേദനയാണ് അത് കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തപ്പെടുന്ന സംഭവങ്ങളില്‍ ശരിക്കും ഇരകളാവുന്നത് കുട്ടികളാണ്. അതുവരെ ലഭിച്ചിരുന്ന വീടിന്‍റെ ആഹ്ലാദകരമായ അന്തരീക്ഷം പെട്ടെന്നവര്‍ക്ക് നഷ്ടമാകുന്നു. എന്തുകൊണ്ടെന്നോ എന്തിനെന്നോ തിരിച്ചറിയാന്‍ തക്ക മാനസിക വളര്‍ച്ച അവര്‍ക്കുണ്ടാകില്ല. അച്ഛനും അമ്മയും താനും മാത്രമുണ്ടായിരുന്ന ലോകം ഇല്ലാതായി എന്ന സത്യം അംഗീകരിക്കാന്‍ പല കുട്ടികള്‍ക്കും കഴിയാറില്ല. മിക്ക വിവാഹമോചന കേസുകളിലും കുട്ടികള്‍ ചെറിയപ്രായത്തിലുള്ളവരാകും. നിയമപരമായ ഉത്തരവിന്‍റെ പുറത്തോ ഇരുവരുടേയും സമ്മതപ്രകാരമോ ദമ്പതികളില്‍ ആരെങ്കിലും ഒരാള്‍ക്ക് അവരുടെ സംരക്ഷണചുമതല ലഭിക്കുന്നു. ഒന്നിലധികം കുട്ടികള്‍ ഉള്ളിടത്ത് സംരക്ഷണം വീതിച്ചു നല്‍കപ്പെടുന്നതും പതിവാണ്. അത്രദിവസവും കളിച്ചു വളര്‍ന്ന അനിയത്തിയോ അനിയനോ തന്നില്‍ നിന്ന് അകന്നു പോകുന്നത് ഒരു കുട്ടിയ്ക്കും സഹിക്കാന്‍ കഴിയില്ല. ചേട്ടനും അച്ഛനും, അമ്മയും ഞാനും എന്നിങ്ങനെ കുടുംബം വിഭജിക്കപ്പെടുന്നതിനെ പറ്റി ആ ചെറിയജീവിതകാലത്തിനിടയ്ക്ക് അവര്‍ ഒരിക്കലും ചിന്തിച്ചിട്ടു കൂടിയുണ്ടാകില്ല. 

വിവാഹമോചനത്തിനു ശേഷം കുട്ടിയെ അച്ഛനും അമ്മയും മാറി മാറി സംരക്ഷിക്കുന്ന തരത്തിലും കാര്യങ്ങള്‍ എത്താറുണ്ട്. ഇരുകൂട്ടരും കുട്ടിയുടെ സംരക്ഷണാവകാശം ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളിലാണ് ഇത്. വിവാഹമോചനം നേടിയവര്‍ സ്വന്തം വീടുകളിലോ മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമോ ആകാം താമസിക്കുന്നത്. രണ്ടു വീട്ടിലെ രീതികളും ചിട്ടകളും അവിടുത്തെ ഓരോ വ്യക്തിയുടേയും പെരുമാറ്റവും പോലും വ്യത്യസ്തമായിരിക്കാം. ഇത്തരത്തില്‍ രണ്ടു വീടുകളിലേയ്ക്ക് മാറി താമസിക്കേണ്ടി വരുന്ന കുട്ടികള്‍ക്കും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ നന്നേ പ്രയാസമായിരിക്കും. വിവാഹമോചനത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാകാമെങ്കിലും ആത്യന്തികമായി ഇരുവര്‍ക്കും ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും, പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവുമാണ് തുടര്‍ന്നുള്ള ജീവിതം ഒരുമിച്ചുവേണ്ട എന്ന തീരുമാനത്തിലേയ്ക്ക് അവരെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഇത്തരത്തില്‍ പിരിയുമ്പോള്‍ രണ്ടുകൂട്ടരും കുട്ടിയെ സ്വാധീനിച്ച് തന്‍റെയൊപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നതു കാണാം. മിക്കപ്പോഴും പങ്കാളിയായിരുന്ന ആളുടെ കുറ്റങ്ങളോ കുറവുകളോ നിരത്തി കുട്ടിയുടെ മുന്നില്‍ ആ വ്യക്തിയെ മോശമാക്കി ചിത്രീകരിക്കാനും അതുവഴി അവരെ തമ്മില്‍ അകറ്റാനുമായിരിക്കും ശ്രമം. എന്നാല്‍ പങ്കാളിയെ നിങ്ങള്‍ കുറ്റപ്പെടുത്തുമ്പോഴും കുട്ടിയുടെ മനസ്സില്‍ അവര്‍ അച്ഛന്‍ അഥവാ അമ്മയാണ്. അത്രനാളും ഒരുമിച്ചു കഴിഞ്ഞിരുന്ന ഒരാള്‍ മോശമാണെന്നു നിങ്ങള്‍ തന്നെ പറയുമ്പോള്‍ അത് കുട്ടിയുടെ മനസ്സിലേല്‍പ്പിക്കാവുന്ന മുറിവ് ചെറുതല്ല. 

വിവാഹമോചനം നേടുമ്പോള്‍ നിയമവശങ്ങള്‍ എല്ലാം പഠിക്കാനും സ്വത്തുക്കള്‍ വീതം വയ്ക്കാനും ശ്രദ്ധിക്കാറുണ്ടെങ്കിലും മകനെ അല്ലെങ്കില്‍ മകളെ ഈ സംഭവം എങ്ങനെ സ്വാധീനിക്കുമെന്നോ ഇനി എത്തരത്തില്‍ അവരെ വളര്‍ത്തണമെന്നോ ഗൗരവത്തോടെ ചിന്തിക്കുന്നവര്‍ കുറവാണ്. വിവാഹമോചനത്തിനു ശേഷം രണ്ടുപേരും പലവിധത്തിലുള്ള മാനസികപിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നുണ്ടാകും. ഇതിനിടയില്‍ കുട്ടിയോട് സ്നേഹത്തോടെ പെരുമാറാനോ കാര്യങ്ങള്‍ ശ്രദ്ധിക്കാനോ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ തനിക്ക് ആരുമില്ല എന്നൊരു തോന്നല്‍ കുട്ടിയുടെ ഉള്ളില്‍ വളര്‍ന്നു വരും. വിവാഹമോചനത്തിന് ശേഷം പഴയതിലും സ്നേഹത്തോടെയും കരുതലോടെയും വേണം കുട്ടിയോട് പെരുമാറേണ്ടത്. രണ്ടു പേരുടെ സ്നേഹം ലഭിച്ചിരുന്നിടത്ത് ഇന്ന് അവനെ അല്ലെങ്കില്‍ അവളെ സ്നേഹിക്കാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ. അത് മനസിലാക്കി കൊണ്ടു വേണം അവരോട് ഇടപഴകാന്‍. മുന്‍പങ്കാളിയെ കുറിച്ചുള്ള കുറ്റങ്ങള്‍ അവരോട് പറയാതിരിക്കുക. കഴിയുമെങ്കില്‍ അവരെ കാണണമെന്ന് കുട്ടി ആവശ്യപ്പെടുമ്പോള്‍ അത് സാധിച്ചു കൊടുക്കുക. അവരെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുക. വേര്‍പിരിഞ്ഞെങ്കിലും തനിക്ക് അച്ഛനും അമ്മയും ഉണ്ടെന്നും ഒരുമിച്ചു താമസിക്കുന്നില്ലെങ്കിലും ഇടയ്ക്ക് കാണാന്‍ കഴിയുമെന്നതും സംസാരിക്കാമെന്നതും അവര്‍ക്ക് ഒരു ആശ്വാസം തന്നെയായിരിക്കും. ജീവിതത്തില്‍ വലിയ എന്തോ സംഭവിച്ചു എന്ന മട്ടില്‍ അവരോട് പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടിലെ അന്തരീക്ഷം പഴയതു പോലെ നിലനിര്‍ത്താനും പഴയതിലും കൂടുതല്‍ സമയം കുട്ടിയ്ക്കൊപ്പം ചെലവിടാനും ശ്രദ്ധിക്കാം. വേര്‍പിരിയലുകള്‍ വേദനാജനകം തന്നെയാണെങ്കിലും കരുതലോടെയുള്ള പെരുമാറ്റം കുട്ടിയുടെ മനസ്സിലെ മുറിവിന്‍റെ ആഴം കുറയ്ക്കും.

പഠനം പറിച്ചുനടലാകുമ്പോള്‍

കുട്ടി ജനിക്കുന്നതിന് മുന്‍പ് തന്നെ അവരുടെ വിദ്യാഭ്യാസത്തെ കുറിച്ച് ചിന്തിക്കുന്നവരാണ് കേരളത്തിലെ മാതാപിതാക്കള്‍. മകന് അല്ലെങ്കില്‍ മകള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നത് അവരുടെ സ്വപ്നങ്ങളിലൊന്നാണ്. അതിനു വേണ്ടി എത്ര കഷ്ടപ്പാട് സഹിക്കാനും അവര്‍ തയ്യാറാണ്. അതുകൊണ്ടു തന്നെ പഠനത്തിനു വേണ്ടി ചെറിയപ്രായത്തില്‍ തന്നെ കുട്ടിയെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അവര്‍ മടി കാണിക്കാറില്ല. കേരളത്തിനു പുറത്തുള്ള പേരുകേട്ട സ്കൂളുകളിലോ നവോദയ-സൈനിക് സ്കൂളുകളിലോ അഡ്മിഷന്‍ ലഭിച്ചാല്‍ കുട്ടിയെ അവിടേയ്ക്ക് അയക്കാന്‍ മാതാപിതാക്കള്‍ രണ്ടാമതൊന്ന് ആലോചിക്കാറില്ല. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച അക്കാഡമിക് നിലവാരം ഉറപ്പാക്കുമെങ്കിലും എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ നിന്നുള്ള ഈ പറിച്ചുനടലിനോട് പൊരുത്തപ്പെടാന്‍ കഴിയണമെന്നില്ല. വീടിന്‍റെ സുരക്ഷിതത്വത്തില്‍ അച്ഛനമ്മമാരുടെ സ്നേഹം ആവോളം ആസ്വദിക്കേണ്ട കാലഘട്ടത്തില്‍ അപരിചിതമായൊരു ലോകത്തേയ്ക്ക് അവര്‍ മാറ്റപ്പെടുകയാണ്. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നത് കുട്ടികളില്‍ മാനസികപിരിമുറുക്കത്തിന് ഇടയാക്കും. വീട്ടിലെ കരുതലും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ അവരില്‍ ചിലരെങ്കിലും പഠനത്തില്‍ പിന്നോട്ടു പോയേക്കാം. ഇത്തരം പറിച്ചുനടലില്‍ തീര്‍ത്തും ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികളുടെ വ്യക്തിത്വവികാസത്തേയും അത് സാരമായി ബാധിക്കും. ഏറ്റവും മികച്ച സ്കൂളില്‍ കുട്ടിയ്ക്ക് അഡ്മിഷന്‍ നേടിക്കൊടുക്കുന്നതില്‍ ഒതുങ്ങുന്നില്ല ഒരു രക്ഷിതാവിന്‍റെ ഉത്തരവാദിത്വം. അവിടെ പഠിക്കാന്‍ കുട്ടിയ്ക്ക് താത്പര്യമുണ്ടോ, വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് പ്രയാസമുണ്ടോ എന്ന കാര്യങ്ങളും കണക്കിലെടുക്കേണ്ടതാണ്. പഠനകാര്യങ്ങളില്‍ സ്വന്തം ഇഷ്ടങ്ങള്‍ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ആഗ്രഹിച്ചതിന് നേര്‍വിപരീതമാകും ഫലം. 

രണ്ടറ്റങ്ങളിലായാല്‍

ജോലിയുടെ സൗകര്യാര്‍ത്ഥം ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേയ്ക്ക് ചേക്കേറുന്നവരാണ് മലയാളികള്‍. എന്നാല്‍ ഓരോ രാജ്യത്തിലേയും നിയമങ്ങളും സംസ്കാരവും വ്യത്യസ്തമായതിനാല്‍ മക്കളെ സ്വന്തം നാട്ടില്‍ വളര്‍ത്താന്‍ താത്പര്യപ്പെടുന്നവരുണ്ട്. അച്ഛനും അമ്മയും വിദേശത്താണെങ്കിലും ചെറിയ പ്രായത്തില്‍ തന്നെ നാട്ടില്‍ ബന്ധുക്കളുടെ സംരക്ഷണതയില്‍ വളരുന്ന കുട്ടികളുണ്ട്. മാതാപിതാക്കളില്‍ ആരുടെയെങ്കിലും വീട്ടില്‍ അവരുടെ അച്ഛനമ്മമാര്‍ക്കൊപ്പമാവും ഇവര്‍ ജീവിക്കുന്നത്. വീടിന്‍റെ അന്തരീക്ഷവും അച്ഛനമ്മമാര്‍ ഒഴികെയുള്ള മറ്റ് ബന്ധുക്കളുടെ സാന്നിധ്യവും ഒരു പരിധി വരെ കുട്ടികള്‍ക്ക് ആശ്വാസമാകും. എന്നാല്‍ സ്വന്തം അച്ഛനേയും അമ്മയേയും പിരിഞ്ഞിരിക്കേണ്ടി വരുന്നത് തുടക്കകാലത്തെങ്കിലും കുട്ടികള്‍ക്ക് വല്ലാത്ത മനപ്രയാസം ഉണ്ടാക്കും. ഇത്തരത്തില്‍ ജീവിക്കേണ്ടി വരുമ്പോള്‍ കുട്ടിയുമായി ദിവസത്തില്‍ ഒരു തവണയെങ്കിലും സംസാരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീഡിയോ ചാറ്റ്, സ്നേഹപൂര്‍ണമായ സംഭാഷണങ്ങള്‍ എന്നിവ കുട്ടിയുമായുള്ള അകലം കുറയ്ക്കാന്‍ സഹായിക്കും. ബര്‍ത്ത് ഡേ പോലെ കുട്ടിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളില്‍ നിര്‍ബന്ധമായും വിളിച്ച് വിഷ് ചെയ്യണം. കൂടാതെ കുട്ടിയുടെ സ്കൂളിലേയും കൂട്ടുകാരുടേയും കാര്യങ്ങള്‍ ഓരോന്നായി തിരക്കുന്നതും അവന്‍റെ ചെറിയ വിജയങ്ങളില്‍ പോലും അഭിനന്ദിക്കുന്നതും നിങ്ങള്‍ അവനോടൊപ്പമുണ്ട് എന്ന തോന്നല്‍ ജനിപ്പിക്കും. ലോകത്തിന്‍റെ രണ്ടു കോണുകളില്‍ ജീവിക്കുകയും കുട്ടിയുമായി ശരിയായി ആശയവിനിമയം നടത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ അവര്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നുപോകുമെന്ന് ഉറപ്പാണ്.

അച്ഛനമ്മമാരുടെ സ്നേഹവും കരുതലും കുട്ടി ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കാലമാണ് ബാല്യം.  കുട്ടിയുടെ വ്യക്തിത്വരൂപീകരണത്തില്‍ തന്നെ നിര്‍ണ്ണായകമാണ് ഈ കാലഘട്ടം. ബാല്യത്തില്‍ മനസ്സില്‍ പതിയുന്ന ഓര്‍മ്മകളും ചിത്രങ്ങളും ജീവിതത്തിലുടനീളം മനസ്സില്‍ തങ്ങി നില്‍ക്കും. അതിനാല്‍ അവരുടെ മനസ്സിനെ മുറിപ്പെടുത്താതെ ചേര്‍ത്തുപിടിക്കേണ്ടത് ഓരോ രക്ഷിതാവിന്‍റേയും കടമയാണ്. 

Click here to view/download the original article.

സന്ധ്യാറാണി.എല്‍

Child & Family Counsellor

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

 • കുട്ടികൾക്ക് വേണ്ടത് അമിതാശ്രയമല്ല; ആത്മവിശ്വാസമാണ് ...

  Our Article published in Our KIDS Magazine-October 2018

  Read More

 • FACE CRITICISM WITH A SMILE!

  Read More

 • HOW TO DEAL WITH INFERTILITY!

  Read More

 • WHY IS SEX EDUCATION IMPORTANT?

  Read More