10 July, 2017 (Our Article published in IMA Nammude Aarogyam Magazine-July 2017)
ജീവിതത്തില്‍ വിശ്രമിക്കാന്‍ സമയം കണ്ടെത്തൂ
ജോലി നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാണ്. ഓരോ ദിവസവും പലതരത്തിലുള്ള കര്‍ത്തവ്യങ്ങള്‍ നാമോരോരുത്തരും നിറവേറ്റേണ്ടതായി വരുന്നു. ജോലിയൊന്നും ചെയ്യാതെ അലസനായിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവിതം വളരെ മടുപ്പുളവാക്കുന്ന ഒന്നായിരിക്കും. അതേസമയം നിരന്തരം ജോലി ചെയ്തു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം ആളുകളുണ്ട്. പുലര്‍ച്ചെ മുതല്‍ രാത്രി ഉറങ്ങുന്നതു വരേയും ഇവര്‍ അധ്വാനിച്ചു കൊണ്ടേയിരിക്കുന്നു. മറ്റുള്ളവരുടെ കണ്ണില്‍ കഠിനാധ്വാനികള്‍ എന്ന പേരു സമ്പാദിക്കുന്ന ഇവര്‍ക്കും ജീവിതം ശരിയായ വിധത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല. അലസത പോലെ തന്നെ ഗൗരവമായി കാണേണ്ട ഒന്നാണ് അമിതമായ അധ്വാനവും. ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ വിശ്രമിക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ആസ്വദിക്കാനും സമയം കണ്ടെത്തുമ്പോള്‍ മാത്രമേ ജീവിതത്തിന് അര്‍ത്ഥം ഉണ്ടാകുകയുള്ളൂ.
" സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനാണ് മുരളി. ഭാര്യ ഒരു ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഉദ്യോഗസ്ഥ. രണ്ടു മക്കളോടൊപ്പം ഇരുവരും തിരുവനന്തപുരത്ത് താമസിക്കുന്നു. മുരളിയോടൊപ്പമുള്ള ജീവിതം മടുത്തുവെന്ന പരാതിയുമായി അയാളുടെ ഭാര്യയാണ് എന്നെ കാണാന്‍ എത്തിയത്. "ഞായര്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ ഏഴു മണിയ്ക്ക് മുരളി വീട്ടില്‍ നിന്ന് ഇറങ്ങും. ആദ്യം മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസെടുക്കും. അവിടെ നിന്ന് നേരെ സ്കൂളില്‍ പോകും. വൈകിട്ട് സുഹൃത്തുമായി ചേര്‍ന്ന് നടത്തുന്ന ട്യൂഷന്‍ സെന്‍ററില്‍ ക്ലാസുണ്ട്. അവിടുത്തെ കാര്യങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ എട്ടു മണിയാകും. അടുത്തിടെയായി ഭക്ഷണം കഴിഞ്ഞാല്‍ നേരെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുകയായി. ഏതോ ഒരു വെബ്സൈറ്റിനു വേണ്ടി ട്രാന്‍സിലേഷന്‍ ജോലി കൂടി ഏറ്റെടുത്തിട്ടുണ്ട്. ആദ്യകാലങ്ങളില്‍ വൈകിട്ടത്തെ ട്യൂഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഓരോന്നായി ഏറ്റെടുക്കുകയായിരുന്നു. ചോദിച്ചാല്‍ നിനക്കും കുട്ടികള്‍ക്കും വേണ്ടിയാണു ഞാന്‍ സമ്പാദിക്കുന്നതെന്നു പറയും. അല്ലലില്ലാതെ കഴിയാനുളള തുക ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ജോലിയില്‍ നിന്നു കിട്ടുന്നുണ്ട്. ബന്ധുക്കളെ കാണാന്‍ പോകാനോ വീട്ടുകാര്യങ്ങള്‍ നോക്കാനോ കുട്ടികളേയും കൊണ്ട് ഒന്ന് പുറത്തു പോകാനോ പോലും സമയം കിട്ടുന്നില്ല. ഒഴിവു ദിവസമായ ഞായറാഴ്ച പോലും ഇതുപോലെ ട്യൂഷനും ക്ലാസുകളും മറ്റു ജോലികളും ചെയ്താണ് മുരളി സമയം ചെലവിടുന്നത്. " അവര്‍ പങ്കുവച്ച പരിഭവങ്ങള്‍ ന്യായമായിരുന്നു. സമ്പാദിച്ചതൊന്നും ആസ്വദിക്കാന്‍ കഴിയാതെ കൂടുതല്‍ സമ്പാദിച്ചു കൊണ്ടേയിരിക്കുക മാത്രമാണെങ്കില്‍ ആ ജീവിതത്തിന് എന്താണ് അര്‍ത്ഥം ? മുരളിയുമായി സംസാരിച്ചപ്പോള്‍ അയാള്‍ക്കും ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ പലവഴിയ്ക്കായി അധികം സമ്പാദിച്ചു കൊണ്ടിരുന്ന തുകയാണ് അയാളെ മോഹിപ്പിച്ചത്. എന്നാല്‍ ഇത്തരത്തില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് കുടുംബജീവിതത്തേയും മാനസിക-ശാരീരിക ആരോഗ്യത്തയേും ബാധിക്കുമെന്ന് മുരളി മനസ്സിലാക്കിയില്ല. ഭാര്യയുടെ പരാതിയില്‍ കാര്യമുണ്ടെന്ന് മുരളി അംഗീകരിച്ചതോടെ അവര്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ തീര്‍ന്നു. ട്യൂഷനും ക്ലാസുകളും കുറയ്ക്കാമെന്നും വീട്ടില്‍ ചെലവിടാന്‍ സമയം കണ്ടെത്താമെന്നും അയാള്‍ ഭാര്യയ്ക്ക് വാക്കു കൊടുത്തു. അവരുടെ ജീവിതം ഇനി കൂടുതല്‍ സന്തോഷം നിറഞ്ഞതാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
മുരളിയെ പോലെ തന്നെ വീട്ടുകാരോട് സംസാരിക്കാന്‍ പോലും സമയം കണ്ടെത്താതെ സദാ ജോലികളില്‍ മുഴുകിയിരിക്കുന്ന അനേകം പേരെ നമുക്കു ചുറ്റും കാണാം. സമയം പണത്തേക്കാള്‍ ഏറെ വിലപ്പെട്ടതാണ്. അത് യുക്തിപൂര്‍വം വിനിയോഗിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ.
പണമല്ല, സമയമാണ് പ്രധാനം
ജീവിതത്തില്‍ പണത്തിന് വലിയ സ്ഥാനമുണ്ട്. പണം സമ്പാദിച്ചു കൊണ്ടു മാത്രമേ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ കഴിയൂ. എന്നാല്‍ പണം സമ്പാദിക്കാനായി മാത്രം ജീവിതത്തിലെ മുഴുവന്‍ സമയവും ചെലവിടരുത്. പല സ്ഥാപനങ്ങളും അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് അധിക ശമ്പളം നല്‍കുന്നുണ്ട്. മിക്ക കമ്പനികളും ആ ദിവസങ്ങളില്‍ ജോലി ചെയ്യണമോ വേണ്ടയോ എന്നത് ജീവനക്കാരുടെ താത്പര്യത്തിന് വിട്ടുകൊടുക്കും. എന്നാല്‍ അധിക ശമ്പളം എന്ന വാഗ്ദാനത്തില്‍ വീണ് മിക്കവരും ജോലിയ്ക്ക് ഹാജരാകും. വല്ലപ്പോഴുമൊക്കെ ഇത്തരത്തില്‍ അധിക ജോലി ചെയ്യുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാല്‍ എങ്ങനെ അധികം തുക സമ്പാദിക്കാം എന്ന ചിന്തയില്‍ കൂടുതല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോഴാണ് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഒരു ദിവസത്തെ അധിക ശമ്പളം ഒഴിവാക്കി ആ ദിവസം എവിടേയ്ക്കെങ്കിലും ഒരു യാത്ര പോകുക. ആ യാത്രയുടെ ഓര്‍മ്മ നിങ്ങളുടെ മനസ്സില്‍ എന്നും മായാതെ കിടക്കും. അതേസമയം അവധി ദിവസങ്ങള്‍ മുഴുവന്‍ ഓഫീസില്‍ ചെലവിട്ട് പണം സ്വരുക്കൂട്ടി വച്ചാല്‍ ഈ സന്തോഷം കിട്ടുകയില്ല. തീര്‍ച്ചയായും പണത്തിന് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ സാധിക്കും; പക്ഷേ അത് നിങ്ങള്‍ ശരിയായ വിധത്തില്‍ ചെലവിടുമ്പോള്‍ മാത്രം- എന്ന് എപ്പോഴും ഓര്‍മ്മിക്കുക.
ജോലിയില്‍ ശ്രദ്ധിക്കുക
ഏതൊരു ജോലി ചെയ്യുമ്പോഴും മനസ്സ് അതില്‍ മാത്രം അര്‍പ്പിക്കുക- ജീവിതത്തില്‍ സമയം ലാഭിക്കാനുള്ള മന്ത്രമാണിത്. ഓഫീസുകളില്‍ നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ തന്‍റെ ജോലി ഭംഗിയായി ചെയ്തു തീര്‍ക്കുന്ന ഉദ്യോഗസ്ഥരെ കാണാം. എന്നാല്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ഇരുന്നിട്ടും ഏല്‍പ്പിച്ച ജോലികളൊന്നും തന്നെ പൂര്‍ത്തിയാക്കാത്തവരേയും കാണാം. ഇതിനു പ്രധാന കാരണം ശ്രദ്ധക്കുറവാണ്. ഒരു ജോലി ചെയ്യുന്നതിനിടെ ഫോണ്‍, സോഷ്യല്‍മീഡിയ, ചാറ്റ് അങ്ങനെ മനസ്സ് പല വഴിയ്ക്കു പോകും. അല്ലെങ്കില്‍ വീട്ടില്‍ സംഭവിച്ച എന്തെങ്കിലും കാര്യങ്ങള്‍ മനസ്സിലേയ്ക്കു കയറി വന്നെന്നിരിക്കും. ഇങ്ങനെ പലവഴിയ്ക്കു പോകുന്ന മനസ്സിനെ പിടിച്ചു കെട്ടാന്‍ പരിശീലിച്ചാല്‍ മാത്രമേ ജോലിയും ജീവിതവും തുല്യതയോടെ കൊണ്ടു പോകാന്‍ കഴിയൂ. ശ്രദ്ധയില്ലാതെ ജോലി ചെയ്യാനിരിക്കുന്ന ഒരാള്‍ വിലപ്പെട്ട സമയം പാഴാക്കുകയാണ്. അഞ്ചു മിനിറ്റു കൊണ്ടു തീര്‍ക്കേണ്ട ജോലിയ്ക്കായി ഒരു മണിക്കൂര്‍ ചെലവിടുമ്പോള്‍ ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ക്കായി നീക്കിവയ്ക്കേണ്ട സമയമാണ് അയാള്‍ പാഴാക്കുന്നത്. അതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ കൊടുക്കുക. ഒരു ജോലി പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രം മറ്റൊന്നിലേയ്ക്ക് കടക്കാന്‍ ശീലിക്കുക. ഇത് ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും എന്ന് ഉറപ്പ്.
ജോലിയും വിശ്രമവും ഉറക്കവും ക്രമീകരിക്കാം
ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് വിവിധ ഹോര്‍മോണുകളാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോള്‍ ഈ ഹോര്‍മോണുകളുടെ ഉത്പാദനം തകരാറിലാകുകയും ശരീരപ്രവര്‍ത്തനങ്ങളുടെ താളം തെറ്റുകയും ചെയ്യുന്നു.
കോര്‍ട്ടിസോള്‍ : ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. തുടര്‍ച്ചയായി ജോലി ചെയ്തു കൊണ്ടിരിക്കുകയും മാനസികപിരിമുറുക്കം അനുഭവിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആവശ്യമായി വരും. അമിതമായി അധ്വാനിക്കുമ്പോള്‍ തെറ്റായ സമയത്ത് ശരീരം ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ ഇടയാകുകയും അതുവഴി ഉറക്കം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു.
എന്‍ഡോര്‍ഫിന്‍ : അമിതമായി ജോലി ചെയ്യുമ്പോള്‍ തന്നെ ആ ജോലി നിങ്ങള്‍ ആസ്വദിക്കുന്നുണ്ടെങ്കില്‍ എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണ്‍ ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും. ശാരീരികാധ്വാനം ആവശ്യമായി വരുന്ന കളികളില്‍ ഏര്‍പ്പെടുമ്പോള്‍ എന്‍ഡോര്‍ഫിന്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.
ഓക്സിടോക്സിന്‍ : വിഷാദത്തിന്‍റേയും മാനസികപിരിമുറുക്കത്തിന്‍റേയും മറുമരുന്നാണ് ഓക്സിടോക്സിന്‍. ഒരാള്‍ അതീവ സന്തോഷത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.
മെലാടോണിന്‍: ഇരുട്ടു വീണു തുടങ്ങുമ്പോഴാണ് ശരീരത്തില്‍ മെലാടോണിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. കമ്പ്യൂട്ടറിന്‍റേയോ ടി.വിയുടേയോ ശക്തിയായ പ്രകാശം ഈ ഹോര്‍മോണിന്‍റെ ഉത്പാദനം തടസ്സപ്പെടുത്തും. ഓരോ വ്യക്തിയേയും ഉറങ്ങാന്‍ സഹായിക്കുന്നത് ഈ ഹോര്‍മോണ്‍ ആണ്. ഒരു ദിവസത്തെ ജോലിയുടെ ക്ഷീണം മറികടക്കാനും പുതിയ ദിവസം ആരംഭിക്കാനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു.
ഈ ഹോര്‍മോണുകളുടെ ഉത്പാദനവും പ്രവര്‍ത്തനവും ക്രമീകരിക്കാന്‍ ശരീരത്തിന് വിശ്രമവും ഉറക്കവും ആവശ്യമാണ്. വിശ്രമിക്കുമ്പോള്‍ മനസ്സ് ആകെ നിശബ്ദമാകുന്നു. തലച്ചോറും ചിന്തകളും നിശബ്ദതയില്‍ ആഴുന്നു. ജോലി കഴിഞ്ഞു വന്ന് ടി.വി കാണുന്നതിനേക്കാള്‍ അല്പസമയം നിശബ്ദമായി ഇരിക്കാന്‍ ശ്രമിക്കുക. ടി.വി കാണുമ്പോള്‍ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. അതേസമയം നിശബ്ദതയില്‍ അല്പനേരം വെറുതെ ഇരിക്കുമ്പോള്‍ മനസ്സ് ശാന്തമാകുന്നു. വിശ്രമിക്കുന്നതിലൂടെ മാത്രമാണ് സര്‍ഗ്ഗത്മകതയും ഉേډഷവും തിരികെ കിട്ടുന്നത്. ഒഴിവുവേളകളില്‍ യോഗയും ധ്യാനവും പരിശീലിക്കുന്നത് മനസ്സ് ശാന്തമാകാന്‍ സഹായിക്കുന്നു. ജീവിതത്തില്‍ ഉറക്കത്തിന്‍റെ പ്രാധാന്യവും വലുതാണ്. ഒരു രാത്രി ഉറങ്ങി ഉണരുമ്പോള്‍ മാത്രമാണ് മനസ്സും ശരീരവും ക്ഷീണം മറികടക്കുന്നത്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ മനസ്സ് അസ്വസ്ഥമാകുകയും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുകയും ചെയ്യും. ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ ശരിയായ വിശ്രമവും ഉറക്കവും ലഭിച്ചില്ലെങ്കില്‍ അത് ഒരു വ്യക്തിയുടെ മാനസിക-ശാരീരിക ആരോഗ്യത്തെ മോശമായി ബാധിക്കും.
ഓഫീസും വീടും രണ്ടാണ്
ടെക്നോളജിയുടെ അതിപ്രസരം മൂലം പലപ്പോഴും വീട്, ഓഫീസ് എന്ന് വേര്‍തിരിക്കാനാകാതെ ജോലി ചെയ്യേണ്ട സാഹചര്യമാണ് പല ജോലിസ്ഥലങ്ങളിലും നിലനില്‍ക്കുന്നത്. എങ്കിലും ഓഫീസ് ജോലികളെ വീട്ടിലേയ്ക്കു കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. വീട്ടിലിരുന്ന് ജോലി ചെയ്യുകയാണെങ്കില്‍ കൂടി അതിന് സമയപരിധി നിശ്ചയിക്കുക.
ജോലി ചെയ്യാന്‍ മാത്രമല്ല വിശ്രമിക്കാനും ആസ്വദിക്കാനും കൂടിയുള്ളതാണ് ഈ ജീവിതം. നിരന്തരമായി ജോലി ചെയ്തു കൊണ്ടിരുന്നാല്‍ മനസ്സും ശരീരവും ക്ഷീണിക്കും. ഒഴിവുവേളകള്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനായി നീക്കി വയ്ക്കുക. പാട്ടു കേള്‍ക്കാന്‍, സിനിമ കാണാന്‍, സുഹൃത്തുക്കളുമൊത്ത് യാത്ര പോകാന്‍ അങ്ങനെ താത്പര്യത്തിന് അനുസരിച്ച് എന്തും. കഴിയുമെങ്കില്‍ ഈ അവസരങ്ങളില്‍ ജോലികളില്‍ നിന്ന് പൂര്‍ണ്ണമായും മോചനം നേടാന്‍ ശ്രമിക്കുക. ഇ മെയിലുകളും മെസ്സേജും എത്താത്ത ഇടങ്ങളിലേയ്ക്കു യാത്ര തിരിക്കുക. തിരിച്ചെത്തുമ്പോള്‍ മനസ്സും ശരീരവും ഉേډഷഭരിതമായിട്ടുണ്ടാകും. ജീവിതത്തില്‍ ബന്ധങ്ങള്‍ക്കുള്ള മൂല്യം വളരെ വലുതാണ്. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായി നല്ല ബന്ധം സൂക്ഷിക്കുക. ജോലിത്തിരക്കുകളില്‍പ്പെട്ടു പോകുമ്പോഴും എല്ലാവരുമായും സൗഹൃദം നിലനിര്‍ത്താന്‍ ശ്രദ്ധപുലര്‍ത്തണം. തിരക്കിനിടയിലും ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കാന്‍ ശ്രമിക്കുക. ഒരു ദിവസം തുടങ്ങുമ്പോള്‍ തന്നെ അന്ന് നിശ്ചയമായും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ മൊബൈലില്‍ നോട്ട് ആയി കുറിച്ചിടാം. ഉച്ചയാകുമ്പോള്‍ അതില്‍ ഏതെല്ലാം തീര്‍ന്നുവെന്ന് പരിശോധിക്കുക. ശേഷിക്കുന്നവ അന്നു തന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിലൂടെ സമയം പാഴായി പോകുന്നത് ഒഴിവാക്കാം.
ജീവിതത്തില്‍ മിക്കവരും പണം സമ്പാദിക്കുന്നതിനും ജോലി പൂര്‍ത്തിയാക്കുന്നതിനും മാത്രമാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്. എന്നാല്‍ ജോലിയ്ക്കും ജീവിതത്തിനും ഇടയില്‍ ഇടവേളകള്‍ ആവശ്യമാണ്. ജീവിതത്തില്‍ എന്തെങ്കിലും ഒന്ന് കൂടുതലാകുകയോ കുറയുകയോ ചെയ്താല്‍ കാര്യങ്ങള്‍ ആകെ താളം തെറ്റും. ഉദാഹരണത്തിന് ഉറക്കം കൂടുതലായാലും കുറഞ്ഞാലും അത് നമ്മുടെ ശരീരത്തെ മോശമായി ബാധിക്കും. ഭക്ഷണത്തിന്‍റെ കാര്യവും ഇതുപോലെ തന്നെയാണ്. വരവുചെലവു കണക്കില്‍ പോലും സമനില പാലിക്കാന്‍ ഓരോ വ്യക്തിയും ശ്രദ്ധിക്കുന്നു. പ്രകൃതിയും നമ്മെ ചിലത് പഠിപ്പിക്കുന്നുണ്ട്. മഴ കുറഞ്ഞാല്‍ വരള്‍ച്ചയും കൂടിയാല്‍ പ്രളയവും ഉണ്ടാകുന്നു. ജീവിതത്തില്‍ മറ്റെല്ലാത്തിലും എന്ന പോലെ അധ്വാനത്തിന്‍റെ കാര്യത്തിലും സമതുലനാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്. പ്രായോഗികമായ സമീപനത്തിലൂടെ മാത്രമേ ഇതു സാധിക്കുകയുള്ളൂ. സമയപരിധിയ്ക്കുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ പൂര്‍ത്തീകരിക്കുകയും ഒപ്പം ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ ജീവിതം നല്ലരീതിയില്‍ മുന്നോട്ടു പോകുകയുള്ളൂ.
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services