11 April, 2016 ((Our Article published in IMA Nammude Arogyam Magazine- April 2016))
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ അതിനെ ആരാധിക്കുന്നവരാണ് ഭൂരിഭാഗവും. ജീവിതപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള കുറുക്കുവഴിയായി മാത്രമാണ് മുന്‍പ് മദ്യത്തെ ഉപയോഗപ്പെടുത്തിയിരുന്നതെങ്കില്‍ പുതിയ തലമുറ ഹീറോയിസത്തിന്‍റെ പര്യായമായിട്ടാണ് മദ്യപാനത്തെ കാണുന്നത്. ചെറിയ അളവില്‍ മദ്യം കഴിച്ചു കൊണ്ട് ആരംഭിക്കുന്ന പലരും പിന്നീട് അതിന് അടിമപ്പെട്ടു പോകുകയും നിയന്ത്രിക്കാന്‍ കഴിയാത്ത നിലയിലേയ്ക്ക് എത്തുകയും ചെയ്യുന്നതായി കാണാം. ജോലിസംബന്ധമായി മെട്രോകളിലേയ്ക്കു ചേക്കേറുന്ന സ്ത്രീകള്‍ക്കിടയിലും മദ്യപാനം വര്‍ദ്ധിക്കുകയാണ്. നാട്ടുമ്പുറത്ത് അനുവദിച്ചു കിട്ടാതിരുന്ന സ്വാതന്ത്ര്യം മെട്രോകളിലെ പബ്ബുകള്‍ അവര്‍ക്കു നല്‍കുന്നു. സുഹൃത്തുക്കളുടെ സ്വാധീനം മൂലം ഒരു കൗതുകത്തിന് മദ്യം രുചിക്കുന്ന അവരില്‍ പലര്‍ക്കും പിന്നീട് അതില്‍ നിന്നു പുറത്തുകടക്കാന്‍ കഴിയുന്നില്ല.
" ജ്യോതികയേയും കൊണ്ട് അവളുടെ മാതാപിതാക്കളാണ് കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. ഒരു സ്വകാര്യ എഫ്. എമ്മില്‍ ആര്‍.ജെ ആയി ജോലി നോക്കുകയാണ് അവള്‍. വീട്ടില്‍ നിന്ന് അകലെയുള്ള ഒരു നഗരത്തില്‍ കൂട്ടുകാരിക്കൊപ്പം ഒരു വീട് വാടകയ്ക്ക് എടുത്താണ് താമസം. മാതാപിതാക്കള്‍ ഇരുവരും ജോലിയുമായി നാട്ടിലാണ്. മകള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ജോലി തിരഞ്ഞെടുത്തതില്‍ അവര്‍ സംതൃപ്തരായിരുന്നു. പഠനകാലത്തും അവള്‍ വീട്ടില്‍ നിന്ന് മാറി താമസിച്ചിട്ടുള്ളതിനാല്‍ അവര്‍ക്ക് മകളെയോര്‍ത്ത് അത്ര ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം മകള്‍ താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥന്‍ അവരെ ഫോണില്‍ വിളിച്ചു. മകളും കൂട്ടുകാരികളും മദ്യപിച്ച് രാത്രിയില്‍ ബഹളം വയ്ക്കുന്നതായി അയല്‍ക്കാര്‍ തന്നോടു പരാതിപ്പെടുന്നുവെന്നാണ് അയാള്‍ക്കു പറയാനുണ്ടായിരുന്നത്. മകള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മാതാപിതാക്കള്‍ പിറ്റേന്നു തന്നെ മകള്‍ താമസിക്കുന്ന വീട്ടിലെത്തി. വീട്ടിനുള്ളിലെ ഒഴിഞ്ഞ മദ്യക്കുപ്പികളും അയല്‍ക്കാരുടെ സാക്ഷ്യവും വീട്ടുടമസ്ഥന്‍ പറഞ്ഞത് ശരിയാണെന്നതിനുള്ള തെളിവുകളായിരുന്നു. കൂട്ടുകാരിയ്ക്ക് അവളുടെ ഓഫീസിലെ ആണ്‍സുഹൃത്ത് വഴി ലഭിച്ച ബിയര്‍ കഴിച്ചതായിരുന്നു തുടക്കം. പിന്നീട് പല ദിവസങ്ങളിലും കൂട്ടുകാരി അവളുടെ പല സുഹൃത്തുക്കളേയും കൊണ്ട് മദ്യം വാങ്ങിപ്പിച്ചു. ബിയറില്‍ നിന്ന് ഹോട്ടിലേയ്ക്ക് മാറി. ചില ദിവസങ്ങളില്‍ മദ്യപിച്ച ശേഷം ഇരുവരും തമ്മില്‍ അടിപിടിയാകും. മുറ്റത്തിറങ്ങി നിന്ന് ചീത്തവിളിക്കും. സഹപ്രവര്‍ത്തകരായ ചിലരോടൊക്കെ ഈ മദ്യപാനത്തിന്‍റെ കഥകള്‍ പറയുമ്പോള്‍ " ഭയങ്കര ധൈര്യം തന്നെ" എന്ന അഭിനന്ദനം കിട്ടിയത് ഇരുവര്‍ക്കും പ്രചോദനമാകുകയും ചെയ്തു. പിടിച്ച പിടിയാലെ ജ്യോതികയെ അച്ഛനും അമ്മയും നാട്ടിലേയ്ക്ക് മടക്കി കൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയ അവള്‍ പലപ്പോഴും പൊട്ടിത്തെറിച്ചു. ദേഷ്യം വരുമ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും എടുത്ത് എറിഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിപോകാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിലാണ് അവര്‍ മകളേയും കൊണ്ട് കൗണ്‍സിലിങ് സെന്‍ററില്‍ എത്തിയിരിക്കുന്നത്. ഒരൊറ്റ ദിവസം സംസാരിച്ചാല്‍ തീരാവുന്നതല്ല ആ കുട്ടിയുടെ പ്രശ്നങ്ങള്‍. മദ്യം വരുത്തി വച്ച മാനസികപ്രശ്നങ്ങളില്‍ നിന്ന് മോചിതയാകാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും. കൗണ്‍സിലിങ്ങിന് പുറമേ ജ്യോതികയ്ക്ക് ഡി അഡിക്ഷന്‍ ചികിത്സയും തുടരുകയാണ്. ഒരു ദിവസം അവള്‍ പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വരുമെന്ന ശുഭപ്രതീക്ഷയിലാണ് ജ്യോതികയുടെ മാതാപിതാക്കളും ഒപ്പം ഞാനും.
മദ്യത്തിലേയ്ക്കെത്തുന്ന വഴികള്‍
ജീവിതത്തില്‍ ഒരു പ്രതിസന്ധി ഉടലെടുക്കുമ്പോഴാണ് പലരും മദ്യം പരീക്ഷിച്ചു നോക്കുന്നത്. പരീക്ഷയിലെ തോല്‍വി, നിരാശ, വിവാഹമോചനം, സാമ്പത്തിക നഷ്ടം അങ്ങനെ ഒരു വ്യക്തി മദ്യത്തില്‍ അഭയം തേടുന്നതിന് പല കാരണങ്ങളുണ്ടാകും. പ്രശ്നത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ലക്ഷ്യമെന്നതിനാല്‍ തുടക്കം മുതല്‍ തന്നെ ഇവര്‍ കൂടിയ അളവില്‍ മദ്യം ഉപയോഗിക്കുന്നവരായിരിക്കും. ഒരു കൗതുകത്തിന്‍റെ പുറത്ത് മദ്യപാനത്തിലേയ്ക്ക് എത്തിപ്പെടുന്നവരാണ് വേറൊരു വിഭാഗം. കൂട്ടുകാരുടെ സ്വാധീനവും സാഹചര്യവുമെല്ലാമാവും ഇവരെ മദ്യപാനികളാക്കുക. തുടക്കത്തില്‍ ചെറിയ തോതില്‍ മദ്യം കഴിക്കുന്ന ഇവരില്‍ പലരും പിന്നീട് മദ്യത്തിന് അടിമപ്പെട്ടു പോകുന്നു. സ്ത്രീകളും വിദ്യാര്‍ത്ഥികളുമെല്ലാമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ആഘോഷവേളകളില്‍ മദ്യപിച്ചില്ലെങ്കില്‍ ഒരു കുറവാണ് എന്ന തോന്നലില്‍ മദ്യം കഴിക്കുന്നവരുണ്ട്. ഒക്കേഷ്ണല്‍ ഡ്രിങ്കര്‍ അഥവാ സോഷ്യല്‍ ഡ്രിങ്കര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ജീവിതത്തില്‍ എന്തെങ്കിലുമൊരു താളപ്പിഴ വന്നാല്‍ കടുത്ത മദ്യപാനികളായി മാറാന്‍ സാധ്യതയുണ്ട്.
പ്രശ്നങ്ങള്‍ തുടങ്ങുകയാണ്
മദ്യപിക്കാന്‍ തുടങ്ങുന്നതോടെ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുകയല്ല ; മറിച്ച് അത് പുതിയ പ്രശ്നങ്ങള്‍ക്ക് തുടക്കമിടുകയാണ്. മദ്യപിച്ച് വീട്ടിലെത്തുന്നതോടെ കുടുംബാംഗങ്ങളും വ്യക്തിയും തമ്മില്‍ നിലനിന്നിരുന്ന ആരോഗ്യകരമായ ബന്ധം തകരാറില്‍ ആകുന്നു. മദ്യലഹരിയില്‍ വഴക്കിടുകയും അസഭ്യം പറയുകയും ചെയ്യുന്ന ചിലരെങ്കിലും പിറ്റേന്ന് സംഭവിച്ചതിനെല്ലാം മാപ്പു പറയുന്ന സ്വഭാവക്കാരാണ്. എന്നാല്‍ വീണ്ടും ഇത് ആവര്‍ത്തിക്കുമ്പോള്‍ കുടുംബാംഗങ്ങളുടെ ക്ഷമ നശിക്കുന്നു. ഇയാള്‍ ഒരിക്കലും നേരെയാകില്ലെന്ന ചിന്ത അവരുടെ ഉള്ളില്‍ വളരുന്നു. പല കുടുംബബന്ധങ്ങളും വിവാഹമോചനത്തില്‍ കൊണ്ടെത്തിക്കുന്നത് മദ്യത്തിന്‍റെ അമിത ഉപയോഗമാണ്. മദ്യപിച്ചെത്തുന്ന വ്യക്തി ദിവസവും വീട്ടില്‍ വഴക്കുണ്ടാക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വമില്ലായ്മയും ഭയവും തോന്നുന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ അപകര്‍ഷതാബോധവും നിരാശയും കൂടുതലായി കാണപ്പെടുന്നു. മദ്യത്തിന്‍റെ അമിതോപയോഗം മൂലം വ്യക്തിയ്ക്ക് തന്‍റെ കടമകള്‍ ശരിയായ വിധത്തില്‍ നിറവേറ്റാന്‍ കഴിയാതെ വരുന്നു. ജോലിസ്ഥലത്തെ പ്രകടനത്തേയും ഇത് സാരമായി ബാധിക്കും. മദ്യപാനം ചിലവേറിയതാണെന്നിരിക്കെ ഇടത്തരക്കാരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും അതിനായി കടമെടുക്കുകയോ മറ്റു കാര്യങ്ങള്‍ക്ക് ചെലവിടേണ്ട തുക ഇതിനായി വിനിയോഗിക്കുകയോ ചെയ്യുന്നു. ഇത് ഭാവിയില്‍ വലിയ സാമ്പത്തികബാധ്യതകളില്‍ കൊണ്ടെത്തിക്കുന്നു. ചുരുക്കത്തില്‍ മദ്യപാനം പുതിയ ആരോഗ്യ, മാനസിക, സാമ്പത്തിക പ്രതിസന്ധികളിലേയ്ക്കാണ് ഒരു വ്യക്തിയെ കൊണ്ടെത്തിക്കുന്നത്.
ഹീറോയിസം അല്ല സീറോയിസം
മദ്യപിക്കുന്നത് ഒരു ഹീറോയിസത്തിന്‍റെ പ്രതീകമായി യുവതലമുറയില്‍ പലരും കണക്കാക്കുന്നു. മദ്യപിക്കുകയും പുകവലിക്കുകയും വൃത്തികെട്ട പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നത് വലിയ സംഭവമായി ചിത്രീകരിക്കുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ഇതിലുള്ള പങ്ക് ചെറുതല്ല. ഹോസ്റ്റലുകളിലും മറ്റും തനിച്ചു താമസിക്കുന്ന യുവാക്കള്‍ക്കിടയില്‍ മദ്യപിക്കുന്നത് ഒരു അഭിമാനപ്രശ്നമാണ്. ഈ കൂട്ടുകെട്ടില്‍ നിന്ന് വിട്ടു നില്‍ക്കുന്നവര്‍ക്ക് സംഘത്തിലെ മറ്റു മദ്യപാനികള്‍ ഒന്നിനും കൊള്ളാത്തവരെന്ന സര്‍ട്ടിഫിക്കറ്റാവും നല്‍കുന്നത്. സ്ത്രീകള്‍ക്കിടയിലും മദ്യപാനം വര്‍ദ്ധിക്കുന്നതിന് ഹീറോ ഇമേജ് ഒരു പരിധി വരെ കാരണമാണ്. മറ്റു സ്ത്രീകള്‍ക്ക് ചെയ്യാന്‍ ധൈര്യമില്ലാത്ത എന്തോ ഒന്ന് ഞാന്‍ ചെയ്യുന്നു എന്ന തോന്നലാണ് മിക്കവരേയും അത് തുടരാനും ആസ്വദിക്കാനും പ്രേരിപ്പിക്കുന്നത്. ഹീറോ ചമഞ്ഞ് മദ്യപിക്കുകയും മറ്റ് ദുശീലങ്ങള്‍ പിന്തുടരുകയും ചെയ്യുന്നതിലൂടെ ഇക്കൂട്ടര്‍ക്ക് നഷ്ടപ്പെടുന്നത് സ്വന്തം ആരോഗ്യവും ആയുസ്സുമാണ്. ഒരു കാലത്ത് ഹീറോയായി വിലസിയിരുന്ന പലരും കാലങ്ങള്‍ പിന്നിടുമ്പോള്‍ ആശുപത്രി കിടക്കയില്‍ സീറോയായി മരണത്തോട് മല്ലിടുന്നത് വേദനാജനകമായ കാഴ്ചയാണ്.
ആരോഗ്യപ്രശ്നങ്ങള്‍
അമിതമദ്യപാനം കരളിന്‍റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും തകരാറിലാക്കും. നിയന്ത്രണം വിട്ട മദ്യപാനം മൂലം ലിവര്‍ സിറോസിസ് ബാധിച്ച് അകാലമരണമടഞ്ഞവരുടെ വാര്‍ത്തകള്‍ മദ്യത്തിന്‍റെ ദൂഷ്യഫലങ്ങള്‍ക്കുള്ള തെളിവാണ്. പൊണ്ണത്തടിയാണ് മദ്യപാനത്തിന്‍റെ അനന്തരഫലം. അമിതമായി മദ്യപിക്കുന്നവരില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്. കൂടിയ അളവിലുള്ള മദ്യപാനം മറവിരോഗത്തിനും വഴിയൊരുക്കുന്നു.
മനസ്സിന്‍റെ താളം തെറ്റുന്നു
മാനസികപിരിമുറുക്കത്തില്‍ നിന്ന് രക്ഷതേടാനായാണ് ഭൂരിഭാഗം പേരും മദ്യത്തെ ആശ്രയിക്കുന്നത്. എന്നാല്‍ മദ്യം തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും അതുവഴി മാനസികനില തകരാറിലാക്കുകയുമാണ് ചെയ്യുന്നത്. മദ്യം, നാഡികളിലേയ്ക്ക് സന്ദേശമെത്തിക്കുന്ന ന്യൂറോട്രാന്‍മിറ്ററുകളുടെ പ്രവര്‍ത്തനത്തെ മരവിപ്പിക്കുകയും അതുവഴി വ്യക്തിയുടെ ചിന്തയേയും പ്രവര്‍ത്തികളേയും തകരാറിലാക്കുകയും ചെയ്യുന്നു. മദ്യം കഴിക്കുമ്പോള്‍ ഉത്കണ്ഠ അകലുന്നതും ആത്മവിശ്വാസം കൂടുന്നതും അസ്വസ്ഥത അനുഭവഭേദ്യമാക്കുന്ന തലച്ചോറിന്‍റെ ഭാഗത്തെ മദ്യം ദുര്‍ബലപ്പെടുത്തുന്നതിനാലാണ്. കൂടുതല്‍ അളവില്‍ മദ്യം കഴിക്കുന്നതോടെ തലച്ചോറിന്‍റെ കൂടുതല്‍ ഭാഗങ്ങളെ അത് ബാധിക്കുന്നു. മാനസിക നില പാടെ തകരാറിലാവുകയാണ് ഫലം. അതിവൈകാരികതയും ദേഷ്യവും ഉത്കണ്ഠയും വിഷാദവുമെല്ലാം അനുഭവപ്പെടുന്നു. ഫലത്തില്‍ മാനസികപിരിമുറുക്കം അകറ്റാനായി മദ്യപിക്കുന്നയാള്‍ കൂടുതല്‍ ഉത്കണ്ഠാകുലനും വിഷാദവാനുമാകുന്നു. ഇത്തരത്തില്‍ അമിതവൈകാരികതയ്ക്ക് അടിമകളാവുന്ന വ്യക്തികളില്‍ ആത്മഹത്യാപ്രവണതയും കൂടുതലാണ്.
മദ്യത്തെ കീഴടക്കാം
മദ്യപാനത്തില്‍ നിന്ന് ഒരു വ്യക്തിയെ മോചിപ്പിക്കുന്നതിന് ഡി അഡിക്ഷന്‍ സെന്‍ററുകളെ ആശ്രയിക്കാം. എന്നാല്‍ വളരെ പെട്ടന്ന് മാറ്റിയെടുക്കാവുന്ന ഒരു രോഗം അല്ല ഇത്. വീട്ടുകാരുടെ പൂര്‍ണ്ണമായ പിന്തുണയും സഹകരണവും ക്ഷമയും മദ്യപാനിയെ തിരികെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവരാന്‍ ആവശ്യമാണ്. യോഗയോ വ്യായാമങ്ങളോ പരിശീലിക്കുന്നതും മനസ്സിനെ നിയന്ത്രിക്കാന്‍ സഹായകരമാണ്. സ്വന്തം വിഷമങ്ങള്‍ ഏറ്റവും അടുപ്പമുള്ളവരോടു പങ്കുവയ്ക്കുന്നതും ഗുണം ചെയ്യും.
മദ്യപാനം ഒന്നിനും ഒരു പോംവഴിയല്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് അത് നിര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ മാത്രമേ ഏതൊരു വ്യക്തിയ്ക്കും ഇതില്‍ നിന്ന് മോചനം നേടാന്‍ കഴിയൂ. മദ്യം ഒരു വ്യക്തിയുടെ ആരോഗ്യനില തകരാറിലാക്കുമ്പോള്‍ തന്നെ മുന്‍പ് അവര്‍ അനുഭവിച്ചു കൊണ്ടിരുന്ന പ്രശ്നങ്ങള്‍ പഴയതിലും രൂക്ഷമായി അവിടെ നിലനില്‍ക്കുന്നുണ്ടാകും. യാഥാര്‍ത്ഥ്യത്തെ കണ്‍വെട്ടത്തു നിന്ന് അല്പസമയത്തേയ്ക്കു മറച്ചു വയ്ക്കുന്ന ഒരു പുകമറ മാത്രമാണ് മദ്യം. എന്നാല്‍ അതിനായി സ്വന്തം ആരോഗ്യവും വ്യക്തിബന്ധങ്ങളുമാണ് ഓരോരുത്തരും ബലികൊടുക്കേണ്ടി വരുന്നത്. പരസ്യവാചകം കടമെടുത്താല്‍ വലിയ വില തന്നെ കൊടുക്കേണ്ടി വരുന്നു. ആരോഗ്യത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് തിരിച്ചറിഞ്ഞു കൊണ്ട് മദ്യപാനത്തില്‍ നിന്ന് മോചനം നേടാനാണ് ഓരോ വ്യക്തിയും ശ്രമിക്കേണ്ടത്.
(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services