ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!
06 June, 2022 (Consolace counselling services)
ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!
യുദ്ധമുഖത്തു നിന്നും സ്വന്തം നാടായ കോട്ടയത്തു,അപ്പന്റെയും അമ്മയുടെയും അടുത്ത് എത്തിച്ചേർന്ന രേഷ്മ എന്ന 23-കാരിക്ക് ഇത് ആശ്വാസത്തിന്റെ നിമിഷങ്ങൾ.ആശ്വാസം എന്ന് പറയുമ്പോഴും, ചിരിക്കാൻ ശ്രമിക്കുമ്പോഴും അവൾ പലപ്പോഴും പരാജയപ്പെടുന്നു. യുദ്ധമുഖത്ത് നേരിടേണ്ടി വന്ന അരക്ഷിതാവസ്ഥയിൽ നിന്നും മുക്തമല്ല അവളുടെ മനസ്സ് എന്നത് മാതാ പിതാക്കളും വേദനയോടെ തിരിച്ചറിയുന്നു. ഇനി അങ്ങോട്ട് അവൾക്കു പ്രത്യാശയുടെ കൈത്താങ്ങാവാനുള്ള ശ്രമത്തിൽ ആണവർ. അതിന്റെ ഭാഗമായാണ് ആ മാതാപിതാക്കൾ മകളെയും കൂട്ടി ഞങ്ങളെ സമീപിച്ചത്.
കൗൺസിലിങ്ങിന്റെ ഭാഗമായി അവളോട് സംസാരിച്ചിരിക്കവേ, യുദ്ധമുഖത്ത് നേരിട്ട അനുഭവങ്ങളിൽ എത്രമാത്രം അവളുടെ മനസ്സ് ആസ്വസ്ഥമായി എന്നത് മനസ്സിലാവുകയായിരുന്നു. പലപ്പോഴും ചോദ്യങ്ങൾ ഗ്രഹിച്ചുകൊണ്ടായിരുന്നില്ല അവൾ മറുപടി പറഞ്ഞുകൊണ്ടിരുന്നത്. മറ്റു ചിലപ്പോഴാവട്ടെ നിറഞ്ഞ മൗനം മാത്രം.
അവൾക്കു വേണ്ടി അപ്പോഴാണ് അമ്മ സംസാരിച്ചു തുടങ്ങിയത്. " എന്റെ കുഞ്ഞ് ഇങ്ങനെയൊന്നും ആയിരുന്നില്ല. ചലപില സംസാരം തുടങ്ങിയാൽ അത് നിർത്തിക്കാനായിരുന്നു പാട്. നന്നായി പഠിച്ചു നല്ല ജോലി നേടി ഞങ്ങൾക്ക് തണലാവുക എന്നതാണ് എന്റെ മോൾടെ ഏറ്റവും വലിയ സ്വപ്നം. ഇവിടെ പ്രവേശന പരീക്ഷ എഴുതിയെങ്കിലും, ആദ്യ റാങ്കുകളിൽ എത്തിയില്ല. മറ്റ് സംവരണങ്ങളിലും പെടുന്നവർ അല്ല ഞങ്ങൾ. ഈ നാട്ടിൽ തന്നെ പണം കൊടുത്ത് പഠിപ്പിക്കുവാനുള്ള ചുറ്റുപാടും ഉണ്ടായിരുന്നില്ല. കൂട്ടി വച്ചതും,കടം വാങ്ങിയതും, കുറച്ചു നല്ല മനുഷ്യരുടെ സഹായവും ആണ് എന്റെ കുഞ്ഞിന്റെ ലക്ഷ്യത്തിന് കൂട്ടായത്. ഇത്തിരി ബുദ്ധിമുട്ടിയാലും എല്ലാം നന്നായി വരുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ഈ യുദ്ധക്കെടുതികൾ.
നാളുകൾക്കു മുൻപ് യുദ്ധം എന്നത് വന്നേക്കുമോ എന്ന ഭയപ്പാടിൽ, അമ്മയോട് നാട്ടിലേക്ക് മടങ്ങുന്ന കാര്യം അവൾ പറഞ്ഞിരുന്നത്രെ. വീട്ടിലെ പ്രാരാബ്ദങ്ങളെ സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തി, " കൂട്ടുകാരോടൊപ്പം കഴിവതും അവിടെ തന്നെ തുടരാൻ കുഞ്ഞിനോട് ഞാനാ പറഞ്ഞേ" എന്ന് പറഞ്ഞുകൊണ്ട് ഹൃദയം തകർന്നു കരയുന്ന ആ അമ്മ, നമ്മുടെ സമൂഹത്തിലെ ഗതികേടിന്റെ ആഴത്തെ പ്രതിനിധീകരിക്കുകയാണ് എന്ന് തോന്നി.
"ആ മോളെ തിരിച്ചു കിട്ടിയില്ലായിരുന്നുവെങ്കിൽ...." അത് പറഞ്ഞു തീർക്കാൻ അവർക്ക് ആയില്ല.
തങ്ങളെക്കൊണ്ട് പറ്റാവുന്നതൊക്കെ ചെയ്തു സമ്പാദിച്ചും, ബാക്കി കടം കൊണ്ടും ആണ് മിക്കവരും മക്കളുടെ സ്വപ്നങ്ങൾക്ക് കൂട്ടാവാൻ ശ്രമിച്ചത്. അത് കൊണ്ട് തന്നെ യുദ്ധംമൂലം ഉണ്ടായ ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികളുടെ ഭാവിയേയും അതോടൊപ്പം അവരുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയേയും അനശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. ഈ രണ്ട് കാര്യങ്ങളും വിദ്യാർത്ഥി സമൂഹത്തിനെ വളരെ വലിയ മാനസിക വിഷമത്തിലേക്ക് ആണ് എത്തിച്ചിരിക്കുന്നത്.
മെഡിസിൻ പഠനം സ്വപ്നമായിതീരുമ്പോൾ, നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സാഹചര്യങ്ങൾ സാധാരണജനവിഭാഗത്തിന് വെല്ലുവിളിയായി മാറുന്നു. ഈ നാട്ടിലെ വളരെ ഉയർന്ന പഠനചിലവുകളും, പ്രസ്തുത മേഖലയിലെ അനുവദനീയമായ സീറ്റുകളുടെ എണ്ണക്കുറവും, ലക്ഷ്യപൂർത്തീകരണത്തിനായി മറ്റു നാടുകളെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് വിദ്യാർത്ഥി സമൂഹത്തെ എത്തിക്കുന്നു.
ഈ സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള ആധുനിക സജ്ജീകരണങ്ങൾ, ലോക വിദ്യാർത്ഥി സമൂഹത്തെ ഉക്ക്രൈനിലേക്ക് ആകർഷിക്കുന്നു.താരതമ്മ്യേനെ വളരെകുറഞ്ഞ വിദ്യാഭ്യാസ ചിലവുകളും, ജീവിത ചിലവുകളും ആ നാടിന്റെ മറ്റ് ആകർഷണങ്ങൾ ആയി പലരുംസാക്ഷിപ്പെടുത്തുന്നു.
ഉക്രൈനും യുദ്ധവും പിന്നെ മലയാളിയും
ലോകത്തിന്റെ ഏത് കോണിലും കാണുന്ന ഒരേ ഒരു വിഭാഗമാണ് മലയാളികൾ എന്നത്, തമാശരൂപേണയും കാര്യമായിട്ടും ചിലപ്പോഴൊക്കെ നിറഞ്ഞ അഭിമാനത്തോടയും നമ്മൾ പറയാറുണ്ട്.
അത് കൊണ്ട് തന്നെ ലോകരുടെ ഒക്കയും സുഖദുഖങ്ങൾ നമ്മെയും കാര്യമായി തന്നെ ബാധിക്കുന്നു. ഇപ്പൊ ഉക്രൈനിലെ യുദ്ധസമാന സാഹചര്യങ്ങളും നമ്മെ വളരെ വലിയ വിഷമത്തിൽ ആക്കിയിരിക്കുകയാണ്.
ഇരുപതിനായിരത്തിനടുത്ത് വിദ്യാർത്ഥികളാണ് ഉക്രൈനിൽ, ഇന്ത്യയിൽ നിന്നും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എത്തിയിട്ടുള്ളത്. ഇതിൽ നാലിലൊന്നും,അതായത് അയ്യായിരത്തിലധികം പേരും നമ്മുടെ സ്വന്തം കേരളത്തിൽ നിന്നാണ്.
യുദ്ധവും നമ്മുടെ മക്കളും
വളരെയധികം ആശങ്കാകുലമായ മനസ്സുമായി ആണ്, ഇങ്ങിവിടെ കേരളത്തിലെജനങ്ങൾ ഉക്രൈനിൽ, റഷ്യ നടത്തിയ യുദ്ധത്തെ നോക്കി കണ്ടത്. ഒരിക്കലും സംഭവിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കാൻ ശ്രമിച്ചത് നൊടിയിടകൊണ്ട് യഥാർഥ്യത്തിലേക്ക് എത്തിയത് ഇന്നും വിശ്വസിക്കാൻ സാധിക്കാത്തത് പോലെ നടുങ്ങിയിരിക്കുകയാണ് ലോകരൊക്കയും.
അവസാന നിമിഷം വരെയും ഉക്രൈനിലെ ഭരണസംവിധാനം വിശ്വസിച്ചതും,മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചതും ഒരു യുദ്ധസാഹചര്യത്തിലേക്ക് എത്തിച്ചേരില്ല എന്ന് തന്നെ ആയിരുന്നു. യുദ്ധമുഖത്തു നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികൾ തന്നെ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട് . ആ ഉറപ്പില്ലായിരുന്നു അവിടെ അവരും, ഇങ്ങിവിടെ കേരളത്തിൽ അവരുടെ ഉടയവരും സമാധാനിച്ചിരുന്നത്.
ജീവിതത്തിൽ ഒരിക്കൽ പോലും അഭിമുഖീകരിച്ചിട്ടില്ലാത്ത, കേട്ടു കേൾവി പോലുമില്ലാത്ത പ്രതിബന്ധങ്ങളെയാണ് യുദ്ധഭൂമിയിൽ നമ്മുടെ വിദ്യാർത്ഥി സമൂഹം അഭിമുഖീകരിക്കേണ്ടി വന്നത്.
പെട്ടന്ന് പൊട്ടിപുറപ്പെട്ട യുദ്ധം- അതിജീവനം- മുന്നോട്ടുള്ള പ്രയാണം
യുദ്ധ സാഹചര്യവുമായി ബന്ധപ്പെട്ട്
- കിട്ടിയത് മാത്രം എടുത്തുകൊണ്ടു താമസ സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വന്ന സാഹചര്യം..
- ആവശ്യസാധനങ്ങൾക്കും പെട്ടെന്നുണ്ടായ ദൗർലഭ്യം...
- ബങ്കർ പോലെയുള്ള ഒളിത്താവളങ്ങളിൽ അഭയം പ്രാപിക്കേണ്ടി വന്ന നിസ്സഹായത...
- സൗഹൃദ കൂട്ടങ്ങൾ പോലും പലവഴിക്ക് ആയിപ്പോയ സാഹചര്യം...
- ജീവനോടെ ഉറ്റവരുടെ അടുത്തെത്തുക എന്നത് പോലും സ്വപ്നമായി മാറിയ നിമിഷങ്ങൾ!!!
- ഇതൊക്കെയുണ്ടാക്കിയ മാനസികപ്രഹരത്തെ അതിജീവിക്കാൻ തിരിച്ചെത്തിയ പലകുട്ടികൾക്കും ഇതുവരെയും സാധിച്ചിട്ടില്ല.
ഈ മാനസിക സംഘർഷങ്ങളിൽ നിന്നും നമ്മുടെ കുട്ടികളെ സ്വതന്ത്രർ ആക്കാനും, അവരുടെ മാനസിക ആരോഗ്യം വീണ്ടെടുത്തു അവരുടെ സ്വപ്നങ്ങൾക്ക് കരുത്തു പകരാൻ വേണ്ടതൊക്കെയും ചെയ്യണ്ടത് നമ്മുടെ കടമയാണ്.
യുദ്ധമുഖത്ത് നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികളെ വിദഗ്ധമായ കൗൺസിലിംഗിന് വിധേയർ ആക്കുകയാണ് ആദ്യം വേണ്ടത്.
അതുവഴി പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങൾ ഓരോരുത്തരിലും ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെ മനസ്സിലാക്കുവാനും,വേണ്ടതായ പരിഹാരങ്ങളിലൂടെ വന്നുപോയ സാഹചര്യങ്ങളെ അതിജീവിച്ചു ലക്ഷ്യത്തിലേക്ക് മുന്നേറാനും വിദ്യാർത്ഥി സമൂഹത്തിനു സാധിക്കും.
അതോടൊപ്പം തന്നെ അവരുടെ ലക്ഷ്യം പൂർത്തീകരിക്കാൻ, പഠനം തുടരാൻ ആവശ്യമായ സാഹചര്യങ്ങളും ഒരുങ്ങേണ്ടതുണ്ട്.
ഉക്രൈനിലെ പല യൂണിവേഴ്സിറ്റികളും യുദ്ധക്കെടുതികൾ വിദ്യാർത്ഥികളെ പരമാവധി ബാധിക്കാതെ ഇരിക്കാൻ ഓൺലൈൻ ക്ലാസുകൾ തുടരുന്നുണ്ട്. പക്ഷേ മെഡിസിൻ പഠനം എന്നത് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രം പൂർത്തീകരിക്കാൻ സാധിക്കുന്ന ഒന്നല്ല എന്ന യാഥാർഥ്യം പരിഗണിക്കാതെ മുന്നോട്ട് പോകാൻ സാധിക്കുകയില്ല. മറ്റുപല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് പഠനം തുടരാനുള്ള സാഹചര്യം വിദ്യാർത്ഥി സമൂഹത്തിന് വാഗ്ദാനം ചെയ്തു മുന്നോട്ട് വരുന്നു എന്നതും പ്രതീക്ഷകൾക്ക് പുത്തനുണർവുകൾ നൽകുന്നു. ഗവണ്മന്റും രാജ്യാന്തര കൂട്ടായ്മകളും ഇതിന് കരുതലായി വർത്തിക്കേണ്ടതും അത്യാവശ്യ കാര്യമാണ്.