മത്സരപരീക്ഷകളെ എങ്ങനെ നേരിടാം...

10 December, 2016 ((Our Article published in Arogyapathmam Magazine - December 2016))

മത്സരപരീക്ഷകളെ എങ്ങനെ നേരിടാം...

സ്കൂള്‍പഠനം പൂര്‍ത്തിയാക്കിയാല്‍ പിന്നെ മത്സരപരീക്ഷകളുടെ കാലമാണ്. വിവിധ കോഴ്സുകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ നടത്തുന്ന എന്‍ട്രന്‍സ് ടെസ്റ്റു മുതല്‍ ഐ.ഐ. എസ് പരീക്ഷ വരെ വ്യാപിച്ചു കിടക്കുന്നു മത്സരപരീക്ഷകളുടെ വിശാലലോകം.

ചിട്ടയായ പഠനത്തിലൂടെ മാത്രമേ മത്സരപരീക്ഷകളില്‍ മികച്ച വിജയം നേടാനാകൂ എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പഠിക്കുന്ന എല്ലാവരും ഈ മത്സരങ്ങളില്‍ വിജയിക്കുന്നില്ല. വളരെ ചുരുക്കം പേര്‍ മാത്രമാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.അവരെ ' മിടുക്കര്‍' എന്ന് സമൂഹം വിശേഷിപ്പിക്കുന്നു.

പഠനത്തിനു വേണ്ടി ഏറെ സമയം ചെലവിട്ടിട്ടും വിജയിക്കാത്തവരെ മികവില്ലാത്തവരായും കണക്കുകൂട്ടുന്നു. യഥാര്‍ത്ഥത്തില്‍ മികവില്ലാത്തതു കൊണ്ടല്ല അവര്‍ പരാജയപ്പെടുന്നത്. മറിച്ച് പരീക്ഷയ്ക്ക് ശരിയായ രീതിയില്‍ തയ്യാറെടുക്കാത്തതു കൊണ്ടാണ്. പരീക്ഷയെ നേരിടാന്‍ പുസ്തകങ്ങള്‍ മാത്രം പോര, മാനസികമായ തയ്യാറെടുപ്പു കൂടി വേണം.

ബാംഗ്ലൂരിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിനോക്കുകയായിരുന്നു പ്രവീണ്‍. മികച്ച ശമ്പളമുള്ള ജോലിയാണെങ്കിലും അയാള്‍ ആ ജോലിയില്‍ തൃപ്തനായിരുന്നില്ല. അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥാനാകണം എന്നതായിരുന്നു പ്രവീണിന്‍റെ ആഗ്രഹം.

അങ്ങനെ നീണ്ട ആലോചനകള്‍ക്കൊടുവില്‍ അയാള്‍ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി ബാങ്ക് പരീക്ഷകള്‍ക്കുള്ള കോച്ചിങിന് ചേര്‍ന്നു. വളരെ ലാഘവത്തോടെയാണ് ആദ്യവര്‍ഷം പഠനം മുന്നോട്ടു പോയത്. അതുകൊണ്ടു തന്നെ ഒരു പരീക്ഷയിലും കടന്നുകൂടാനായില്ല.

അടുത്തവര്‍ഷം കുറേക്കൂടി നന്നായി തയ്യാറെടുത്തു. പരീക്ഷയുടെ കട്ട് ഓഫ് കടന്നു അഭിമുഖവും പിന്നിട്ടെങ്കിലും അവസാന പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. അടുത്ത വര്‍ഷത്തെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് പ്രവീണ്‍. " ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നേടാമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂരില്‍ നിന്ന് നാട്ടിലെത്തിയത്. കയ്യിലെ സമ്പാദ്യം തീര്‍ന്നു വരികയാണ്. പഠിക്കാനിരിക്കുമ്പോഴെല്ലാം ഇത്തവണയും വിജയിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ചിന്തയാണ്. പഠനത്തില്‍ തീരെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല" അങ്ങനെയാണ് പ്രവീണ്‍ കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. പഠിക്കാനുള്ള മികവില്ലാത്തതല്ല ഇവിടെ പ്രശ്നം. മറിച്ച് മത്സരപരീക്ഷയെ നേരിടാന്‍ വേണ്ട മാനസികധൈര്യം ഇല്ലാത്തതാണ്. പഠനസമയത്ത് അനാവശ്യമായ ചിന്തകള്‍ ഏകാഗ്രത ഇല്ലാതാക്കും എന്നത് ഒന്ന്. ഈ അനാവശ്യമായ ചിന്തകള്‍ ഒരു തരത്തിലും പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുകയില്ലെന്നത് രണ്ടാമത്തെ കാര്യം. പണം ചെലവിടുന്നത് മിതപ്പെടുത്തി മറ്റുകാര്യങ്ങളെ കുറിച്ച് തത്കാലം ആലോചിക്കാതെ പഠനത്തില്‍ ശ്രദ്ധിച്ച് മുന്നോട്ടു പോകാനാണ് പ്രവീണിനോട് പറഞ്ഞത്.

പറയാന്‍ എളുപ്പം സാധിക്കുമെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ അല്പം ബുദ്ധിമുട്ടു തന്നെയാണ്. മത്സരപരീക്ഷകളില്‍ വിജയിക്കുന്നവരെല്ലാം വിവിധതരത്തിലുള്ള മാനസികപരീക്ഷകളെ കൂടി അതിജീവിച്ചവരാണ്.

എനര്‍ജി കുറയുന്നുണ്ടോ ?

ഏറെ ആലോചനകള്‍ക്കു ശേഷം ഒരു മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കണമെന്ന് നിങ്ങള്‍ തീരുമാനിച്ചു എന്നിരിക്കട്ടെ. ആദ്യം തന്നെ നിങ്ങള്‍ ആ മത്സരപരീക്ഷയില്‍ മുന്‍പ് പങ്കെടുത്തിട്ടുള്ളവരുടെ അനുഭവം ചോദിച്ചറിയും. പിന്നെ പഴയ ചോദ്യപേപ്പറുകള്‍ പരിശോധിക്കും. പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളെ കുറിച്ച് തിരക്കും. മികച്ചതെന്നു തോന്നുന്ന സ്ഥാപനത്തില്‍ അഡ്മിഷന്‍ എടുക്കും. പഠനം തുടങ്ങും.

പക്ഷേ ഒരു മാസം പിന്നിടുമ്പോഴേയ്ക്കും ആദ്യത്തെ ആവേശം തണുത്തിട്ടുണ്ടാകും. രണ്ടു കാരണങ്ങളാലാണിത്. പുറമേ നിന്നു നോക്കുന്ന അത്ര എളുപ്പമല്ല ഈ കടമ്പ കടക്കാന്‍ എന്ന് ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഒരു വര്‍ഷം അല്ലെങ്കില്‍ ഇത്ര മാസം സമയം മുന്നില്‍ കിടക്കുന്നു എന്ന ധാരണ മനസ്സിലുണ്ടാകും. ഈ രണ്ടു ചിന്തകളും മനസ്സില്‍ അലസത നിറയ്ക്കും. ദിവസം കഴിയുന്തോറും പഠനത്തിന്‍റെ ഗ്രാഫ് താഴേക്കു പോകും.

ഇവിടെയാണ് വിജയിക്കുന്നവരും തോല്‍ക്കുന്നവരും തമ്മിലുള്ള പ്രധാന വ്യത്യാസം. നിശ്ചയദാര്‍ഡ്യമുള്ള ഒരു വ്യക്തി ഓരോ ദിവസവും ആവേശത്തോടെ പഠനം തുടരുകയും ലക്ഷ്യം നേടുകയും ചെയ്യും. അതേസമയം അലസനായ ഒരാളുടെ പഠനം ദിവസം ചെല്ലുന്തോറും താഴേയ്ക്കു പോകുകയും ഒടുവില്‍ പരാജയപ്പെടുകയും ചെയ്യും. മനസ്സിനെ ഒരു തരത്തിലും ഇത്തരം അലസചിന്താഗതിയിലേയ്ക്ക് പോകാന്‍ അനുവദിക്കരുത്.

ഒരു വര്‍ഷത്തിനുള്ളില്‍ ജോലി നേടും എന്ന ലക്ഷ്യവുമായാണ് ഓരോരുത്തരും പഠനത്തിന് ഇറങ്ങിതിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം എന്നത് വലിയൊരു കാലയളവാണ്. ഇത്രയും സമയം ഉണ്ട് എന്ന തോന്നല്‍ മനസ്സില്‍ നിറഞ്ഞാല്‍ അലസത താനെ വരും. അതു കൊണ്ട് മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട കാലയളവിലെ ഓരോ ദിവസത്തേയും മാത്രം മുന്നില്‍ കാണുക. ഓരോ ദിവസവും പൂര്‍ത്തീകരിക്കേണ്ട പഠനഭാഗങ്ങള്‍ അന്നന്നു തന്നെ തീര്‍ക്കണം എന്നതാകണം ലക്ഷ്യം.

ഓരോ ദിവസവും ഇത്രയും പഠിക്കണം എന്ന വ്യക്തമായ ലക്ഷ്യം മുന്നിലുള്ളപ്പോള്‍ മനസ്സിനെ അലസത ബാധിക്കില്ല. ആദ്യ ദിവസം മുതല്‍ അവസാന ദിവസം വരെ ഒരേ ഉയരത്തിലായിരിക്കട്ട നിങ്ങളുടെ പഠനത്തിന്‍റെ ഗ്രാഫ്.

ചിന്തകളെ നിയന്ത്രിക്കാം

അനാവശ്യമായ ചിന്തകള്‍ കടന്നുകൂടുമ്പോള്‍ മനസ്സ് അസ്വസ്ഥമാകും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന മിക്ക കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. പഠിക്കാനായി വിനിയോഗിക്കേണ്ട സമയത്തിന്‍റെ നല്ലൊരു ഭാഗം ഇത്തരം ചിന്തകള്‍ കവര്‍ന്നെടുക്കുന്നു. പരീക്ഷ വിജയിക്കുമോ, വിജയിച്ചില്ലെങ്കില്‍ എന്‍റെ ഭാവി എന്താകും, രക്ഷിതാക്കള്‍ എങ്ങനെ പ്രതികരിക്കും എന്നിങ്ങനെ ഓരോ വ്യക്തിയേയും പലവിധത്തിലാണ് ചിന്തകള്‍ അലട്ടുക. ഇത് ഒരു ഭയമായി മനസ്സില്‍ നിറയാന്‍ അധികം സമയം വേണ്ടിവരില്ല. മുന്‍പ് പ്രവീണിന്‍റെ ഉദാഹരണം പറഞ്ഞതു പോലെ ഒരുതരം 'സുരക്ഷിതത്വമില്ലായ്മ' അനുഭവപ്പെടുന്നവരാണ് ഏറെയും. ലക്ഷ്യത്തിലെത്തി യില്ലെങ്കില്‍ എന്തു സംഭവിക്കും എന്ന ആശങ്കയാണ് ഇവരുടെ പ്രശ്നം.

ജീവിതത്തില്‍ ഒരു സ്ഥലത്ത് തോറ്റു എന്ന് കരുതി ജീവിതം മുഴുവന്‍ തോല്‍വിയാണ് എന്ന് കരുതേണ്ടതില്ല. ഇക്കാര്യം തിരിച്ചറിയാതെ പോകുന്നതിനാലാണ് മത്സരപരീക്ഷകളില്‍ തോല്‍വി നേരിടുന്നവരില്‍ പലരും ആത്മഹത്യയില്‍ അഭയം തേടുന്നത്. അനാവശ്യമായ ചിന്തകളെ മനസ്സില്‍ നിന്ന് പറിച്ചെറിയാന്‍ പഠിച്ചാല്‍ മാത്രമേ മത്സരപരീക്ഷകളില്‍ വിജയിക്കാനാകൂ. ലക്ഷ്യത്തിലെത്തുമോ ഇല്ലയോ എന്ന ചിന്തകള്‍ വെടിഞ്ഞ് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടത്. കൃത്യമായ ഈ പഠനത്തിനൊടുവില്‍ വിജയം നിങ്ങളെ തേടിയെത്തുമെന്ന് ഉറപ്പ്.

ശ്രദ്ധപതറുന്ന വഴികള്‍

പഠനത്തിനു വേണ്ടി നീക്കിവയ്ക്കുന്ന സമയം മുഴുവന്‍ അതിനായി വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ് പരാജയത്തിന്‍റെ പ്രധാന കാരണം. മൊബൈല്‍ തന്നെയാണ് സമയം കവര്‍ന്നെടുക്കുന്ന ഏറ്റവും വലിയ വില്ലന്‍. നേരിട്ട് ഒരു വ്യക്തിയോട് സംസാരിക്കുന്നതിലും കൂടുതല്‍ സമയം ആളുകള്‍ ചെലവിടുന്നത് മൊബൈലിലൂടെ വിശേഷങ്ങള്‍ കൈമാറാനാണ്.

വീട്ടില്‍ നിന്ന് അകന്ന് ഹോസ്റ്റലിലോ മറ്റോ നിന്ന് പഠിക്കുന്നവരിലാകും ഈ ശീലം കൂടുതല്‍. വീട്ടുകാരില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും അകന്ന് ജീവിക്കുമ്പോള്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. അപ്പോള്‍ ബന്ധങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താനായി മൊബൈല്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ എത്ര സമയം ഫോണില്‍ ചെലവിടുന്നു എന്നതിന് ഏകദേശ കണക്കു വേണം.

വിശേഷങ്ങള്‍ ഒന്നൊന്നായി പറഞ്ഞു തീര്‍ത്ത് ഫോണ്‍ വയ്ക്കുമ്പോഴേയ്ക്കും പഠനത്തിനായി ചെലവിടേണ്ടിയിരുന്ന സമയത്തിന്‍റെ നല്ലൊരു ഭാഗം ആ വഴിക്കു പോകും. ഇത് പാടില്ല. അത്യാവശ്യ സംഭാഷണങ്ങള്‍ക്ക് മാത്രമേ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുകയുള്ളൂ എന്ന് തീരുമാനിക്കുക. എസ്. എം.എസ്, ചാറ്റ് എന്നിവയേക്കാള്‍ നേരിട്ട് ഫോണ്‍ വിളിക്കുന്നതാണ് സമയം ലാഭിക്കാന്‍ നല്ലത്.

സോഷ്യല്‍മീഡിയയാണ് രണ്ടാമത്തെ വില്ലന്‍. പഠനത്തിനിടെ പല കാര്യങ്ങളും മനസ്സിലാക്കിയെടുക്കാന്‍ ഇന്‍റര്‍നെറ്റിന്‍റെ സഹായം ആവശ്യമായി വരും. ഇങ്ങനെ ഓണ്‍ലൈനില്‍ കയറുമ്പോഴായിരിക്കും ഫേസ്ബുക്ക് ചെക്ക് ചെയ്യാന്‍ ആഗ്രഹം തോന്നുക. ഫേസ്ബുക്കില്‍ അധികസമയം ചെലവിടില്ലെന്ന ഉറച്ചവിശ്വാസത്തോടെയാവും ലോഗ് ഇന്‍ ചെയ്യുന്നത്. എന്നാല്‍ മെസേജുകളും മറ്റുള്ളവരുടെ പോസ്റ്റുകളും പേജുകളും നോക്കി അവസാനം വാച്ച് നോക്കുമ്പോള്‍ കണക്കുകൂട്ടിയതിലും എത്രയോ അധികം സമയം തീര്‍ന്നിട്ടുണ്ടാകും.

സോഷ്യല്‍മീഡിയയില്‍ കയറാനുള്ള അവസരം മൊബൈലില്‍ തന്നെ ഉണ്ടെങ്കില്‍ ഇടയ്ക്കിടെ ഓണ്‍ലൈനില്‍ കയറുന്നത് ഒരു ശീലമായിട്ടുണ്ടാകും. മറ്റുള്ളവര്‍ എന്തു ചെയ്യുന്നു അല്ലെങ്കില്‍ എന്തു സംഭവിച്ചു എന്ന ആകാംക്ഷയാണ് പലരേയും സോഷ്യല്‍മീഡിയയില്‍ സമയം ചെലവിടാന്‍ പ്രേരിപ്പിക്കുന്നത്. പഠനത്തിനിടെ ഇത്തരം ഉത്കണ്ഠകള്‍ക്ക് സ്ഥാനമില്ല. ആവശ്യമില്ലാത്ത ചിന്തകളിലേയ്ക്ക് മനസ്സിനെ വ്യാപരിക്കാന്‍ അനുവദിക്കാതിരിക്കുക.

സോഷ്യല്‍മീഡിയയില്‍ ചെലവിടുന്ന സമയത്തിന് കര്‍ശനമായ വിലങ്ങിടുക. വെറുതേ പാഴാക്കുന്ന സമയത്തിന്‍റെ വില കൊടുക്കേണ്ടി വരുന്നത് ഒന്നോ രണ്ടോ റാങ്കിന്‍റെ വ്യത്യാസത്തില്‍ ഒരു അവസരം നഷ്ടപ്പെടുമ്പോഴാണ്. കുറച്ചു സമയം ചെലവിടാം എന്ന ചിന്തയില്‍ ഫോണ്‍ ചെയ്യുകയോ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കയറുകയോ ചെയ്യരുത്. അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രം ഫോണ്‍ ഉപയോഗിക്കുക.

അമിതമായി സംസാരിക്കുന്ന കൂട്ടുകാരുണ്ടാകാം നിങ്ങള്‍ക്ക്. അവരുടെ സമയം പാഴാക്കുന്നതിനൊപ്പം തന്നെ അവര്‍ നിങ്ങളുടെ സമയവും കവര്‍ന്നെടുക്കുകയാണ്. ഇത്തരക്കാരില്‍ നിന്ന് അകലം പാലിക്കുക. ശ്രദ്ധപതറുന്ന വഴികള്‍ കണ്ടെത്തുകയും അത് കൃത്യമായി അടക്കുകയും ചെയ്തില്ലെങ്കില്‍ പരീക്ഷയില്‍ പിറകോട്ടു പോകുമെന്നതിന് സംശയമില്ല.

ആരോഗ്യം ശ്രദ്ധിക്കാം

മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ മറന്നു പോകുന്നവരുണ്ട്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ എന്ന് പറഞ്ഞതു പോലെ ആരോഗ്യം നശിപ്പിച്ച് എത്ര പഠിക്കുന്നതിലും അര്‍ത്ഥമില്ല. വീട്ടില്‍ നിന്ന് പഠിക്കുന്നവരേക്കാളും പുറമേ താമസിച്ച് പഠിക്കുന്നവരിലാണ് ആരോഗ്യപ്രശ്നം കൂടുതലായി കണ്ടുവരുന്നത്.

സ്വയം പാചകം ചെയ്തു കഴിക്കുന്ന രീതിയിലുള്ള താമസം തിരഞ്ഞെടുക്കുന്ന പലരും പിന്നീട് സമയം ലാഭിക്കാന്‍ വേണ്ടി ജങ്ക് ഫുഡിലേയ്ക്ക് തിരിയുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്നവരും പലപ്പോഴും നല്ല ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ സമയാസമയങ്ങളില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതായി കാണാം.

പഠിക്കാനുള്ള ഊര്‍ജം ലഭിക്കാന്‍ പോഷകസമൃദ്ധമായ ആഹാരം കൂടിയേ തീരൂ. സ്ഥിരമായി ഭക്ഷണത്തിനൊപ്പം പഴങ്ങളും പച്ചക്കറികളും ഡ്രൈ ഫ്രൂട്ട്സും കഴിക്കുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും.

മികച്ച റാങ്ക് നേടാന്‍ പഠനത്തോടൊപ്പം മാനസികമായ ഒരുക്കങ്ങളും വേണം. പരീക്ഷയെ എങ്ങനെ സമീപിക്കുന്നു എന്നതിനനുസരിച്ചാണ് വ്യക്തിയുടെ വിജയസാധ്യതകള്‍. അനാവശ്യ ചിന്തകളും ഭയവും അകറ്റി മനസ്സിനെ പാകപ്പെടുത്തണം.

ക്ഷമയാണ് മത്സരപരീക്ഷകളെ നേരിടുന്നവര്‍ക്ക് വേണ്ട പ്രധാന ഗുണം. ആദ്യത്തെ ശ്രമത്തില്‍ ലക്ഷ്യം കണ്ടെന്നു വരില്ല. എന്നാല്‍ ക്ഷമയോടെ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം നിങ്ങളുടേതാണ്.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
sandhyarani.sanil@gmail.com
9388 183 153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More