പ്രശ്നങ്ങള്‍ക്കെതിരെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക്

10 March, 2017 (Our Article published in IMA Nammude Aarogyam Magazine-March 2017)

ജീവിതത്തെ കടലിലൂടെ നീങ്ങുന്ന ഒരു തോണിയോട് ഉപമിക്കാം. കാറ്റിനേയും തിരകളേയും അതിജീവിച്ച് തീരത്ത് അടുക്കുമ്പോള്‍ മാത്രമേ ആ യാത്ര പൂര്‍ണ്ണമാകുന്നുള്ളൂ. അതുപോലെ തന്നെയാണ് ജീവിതവും. വിഷമങ്ങളേയും പ്രയാസങ്ങളേയും നേരിട്ട് മുന്നോട്ടു പോകുമ്പോള്‍ മാത്രമേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നുള്ളൂ.

"വിട്ടുമാറാത്ത തലവേദനയാണ് റിയാദിന്‍റെ പ്രശ്നം. ഡോക്ടര്‍മാരെ പലതവണ കണ്ടു. അവര്‍ പറഞ്ഞ മരുന്നുകള്‍ മുടങ്ങാതെ കഴിച്ചു. എന്നിട്ടും തലവേദന മാറുന്നില്ല. അവസാനം ചികിത്സിച്ച ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് റിയാദ് എന്നെ കാണാന്‍ എത്തിയത്. രോഗിയുടെ പ്രശ്നം ശാരീരികമല്ല മറിച്ച് മാനസികമാണെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കാം. റിയാദിനോട് സംസാരിച്ചപ്പോള്‍ അയാള്‍ വളരെയധികം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് മനസ്സിലാക്കി. ജോലിസ്ഥലത്തും വീട്ടിലും അയാള്‍ പലരില്‍ നിന്നും അകലം പാലിച്ചിരുന്നു. ഒരുതരം ഉള്‍വലിഞ്ഞ സ്വഭാവം. ഓഫീസിലെ ടീം വര്‍ക്കിനെ ഇത് പലപ്പോഴും ബാധിച്ചു. ചെറിയ പ്രശ്നങ്ങള്‍ വലുതായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല. ഓഫീസിലെ ടെന്‍ഷന്‍ വീട്ടിലെ റിയാദിന്‍റെ പെരുമാറ്റത്തിലും പ്രതിഫലിച്ചു. പൊതുവെ ആരുമായും അധികം സംസാരിക്കാത്തതു കൊണ്ട് വീട്ടുകാര്‍ക്കും കാര്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പ്രശ്നങ്ങളെ നേരിടുന്നതിനു പകരം അതില്‍ നിന്ന് അകന്നുമാറാനാണ് റിയാദ് എപ്പോഴും ശ്രമിച്ചത്. ഇതിന്‍റെ പരിണിതഫലമായിരുന്നു ഇടയ്ക്കിടെ ഉണ്ടാവുന്ന തലവേദന. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചതാണ് റിയാദ് ചെയ്ത തെറ്റ്. അപ്പോള്‍ പ്രശ്നങ്ങള്‍ വലുതാകുകയും മാനസികസമ്മര്‍ദ്ദം കൂടുകയും അത് തലവേദനയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒഴിഞ്ഞുമാറിയാല്‍ ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന് അയാളെ പറഞ്ഞ് ബോധ്യപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. പ്രയാസങ്ങളെ നേരിട്ട് അതില്‍ നിന്ന് വിജയിയായി പുറത്തു കടക്കുന്നവര്‍ക്ക് മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ. ഒരു വ്യക്തി നീന്തല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ, വെള്ളത്തില്‍ മുങ്ങി പോകുമെന്ന പേടി കൊണ്ട് അയാള്‍ ദിവസവും കരയ്ക്ക് ഇരുന്നാല്‍ ജീവിതത്തില്‍ ഒരിക്കലും അയാള്‍ക്ക് നീന്താന്‍ കഴിയില്ല. അതേ സമയം വെള്ളത്തിലേയ്ക്ക് ഇറങ്ങുകയും ഒഴുക്കിനെ തരണം ചെയ്ത് നീന്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയ്ക്ക് അത് പഠിച്ചെടുക്കാന്‍ കഴിയും. ഇതു തന്നെയാണ് റിയാദും ചെയ്യേണ്ടത്. ഓഫീസിലുള്ളവരുമായി ഇടപഴകാന്‍ ശ്രമിക്കുക. ഈ ചെറിയ ജീവിതത്തിനിടയ്ക്ക് ആരോടും മുഖം തിരിച്ചു നില്‍ക്കേണ്ടതില്ല. കൂടെ ജോലി ചെയ്യുന്ന ടീം അംഗങ്ങളെ കാണുമ്പോള്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കാം. പതിയെയാണെങ്കിലും റിയാദിന്‍റെ മാറ്റം അവരും അംഗീകരിക്കും. എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്ന സ്വഭാവം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പകരം കാര്യങ്ങള്‍ മറ്റുള്ളവരുമായി തുറന്നു സംസാരിക്കാന്‍ ശീലിക്കുകയാണ് വേണ്ടത് എന്ന് റിയാദിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചു.ആശ്വാസം നിറഞ്ഞ മുഖവുമായാണ് റിയാദിനെ മടങ്ങിയത്. ആത്മവിശ്വാസത്തോടെ ആളുകളുമായി ഇടപഴകാനും അതുവഴി ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ആ ചെറുപ്പക്കാരന് കഴിയട്ടേ എന്ന് ഞാന്‍ ആശിക്കുന്നു."

മനസ്സ് കരുത്തുള്ളതാകട്ടെ

ഓരോ വ്യക്തിയും ജീവിതത്തില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടതായി വരും. ചിലര്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറും. മറ്റു ചിലരാകട്ടെ പ്രശ്നങ്ങളെ ധീരമായി നേരിടും. പ്രശ്നങ്ങളോട് ഈ രണ്ടു വ്യക്തികളും രണ്ടു രീതിയിലാണ് പ്രതികരിച്ചത്. ഈ വ്യത്യാസം അവര്‍ക്ക് ലഭിക്കുന്ന ഫലത്തിലും ദര്‍ശിക്കാനാകും. ആദ്യത്തെ വ്യക്തി പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വലുതാകുകയും അവ ആ വ്യക്തിയെ ശ്വാസം മുട്ടിക്കുകയും ചെയ്യും.

രണ്ടാമത്തെ വ്യക്തിയാകട്ടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി അതിനെ നേരിട്ട അനുഭവം ആ വ്യക്തിയ്ക്ക് മുതല്‍ക്കൂട്ടാകുകയും ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയ്ക്ക് തുണയാകുകയും ചെയ്യും. ഇതില്‍ രണ്ടാമത്തെ വ്യക്തിയുടെ പാതയാണ് ശരി. ഒരു വിഷമമുണ്ടാകുമ്പോള്‍ എന്‍റെ ജീവിതത്തില്‍ മുഴുവന്‍ പ്രശ്നങ്ങളാണ് എന്ന മനോഭാവത്തില്‍ സംസാരിക്കുന്ന ഒരുപാടു പേരെ നമുക്കു ചുറ്റും കാണാം. എന്നാല്‍ പ്രയാസങ്ങളെ എല്ലാം അതിജീവിച്ച് കരുത്തോടെ മുന്നോട്ടു പോകുന്ന മറ്റു ചിലരും ഈ ലോകത്തിലുണ്ട്. എണ്ണത്തില്‍ കുറവായ ഈ വിഭാഗത്തില്‍പ്പെടുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതവിജയം നേടുന്നത്. പ്രയാസങ്ങളെ പേടിയോടു കൂടി കാണുമ്പോള്‍ മനസ്സിന്‍റെ ധൈര്യം ചോര്‍ന്നു പോകും. ആത്മവിശ്വാസം തകരും. അതേസമയം അവയെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചാല്‍ അത് നമുക്ക് ആത്മവിശ്വാസം പകരും. ജീവിതം പലപ്പോഴും പ്രവചനാതീതമാണ്. ഉള്‍ക്കരുത്തോടെ പ്രശ്നങ്ങളെ നേരിടാന്‍ തയ്യാറെടുക്കുകയാണ് വേണ്ടത്.

ജീവിതം ചെറുതാണ്; പ്രശ്നങ്ങളും

ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി കടന്നു വരുമ്പോള്‍ ഒരു നിമിഷം നിങ്ങള്‍ കുട്ടിക്കാലത്തേയ്ക്കു പോകുക. അപ്പോള്‍ ഏറെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രശ്നത്തെ കുറിച്ച് ചിന്തിക്കുക. ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്കുകുറയുകയോ തോല്‍ക്കുകയോ ചെയ്തത് വീട്ടില്‍ പറയാന്‍ നിങ്ങള്‍ ഭയന്നിട്ടുണ്ടാകും. അല്ലെങ്കില്‍ സ്കൂളില്‍ നടന്ന എന്തെങ്കിലുമൊരു സംഭവം വീട്ടില്‍ അറിയുമോ എന്ന് പേടിച്ചിരിക്കാം. ഇപ്പോള്‍ ഓര്‍ത്തുനോക്കുമ്പോള്‍ അത് ഒരു തമാശയായി മാത്രമേ തോന്നുകയുള്ളൂ. ഇതുപോലെയാണ് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും. ഇപ്പോള്‍ നാം വലുതെന്ന് വിചാരിക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍ ഭീകരമായ പ്രശ്നങ്ങള്‍ ആയിരിക്കണമെന്നില്ല. അവയില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴിയും എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാകും. നാം അത് കാണാതെ പോകുന്നുവെന്ന് മാത്രം. വലിയ പ്രശ്നങ്ങളാണ് എന്ന് ചിന്തിക്കുന്നതു കൊണ്ടാണ് അവ നമ്മെ കീഴ്പ്പെടുത്തുന്നത്. എന്നാല്‍ ഇത് എനിക്ക് പരിഹരിക്കാനാകും എന്ന ധൈര്യത്തോടെ മുന്നോട്ടു പോയാല്‍ ആര്‍ക്കും നിങ്ങളെ കീഴ്പ്പെടുത്താനാകില്ല.

പോസിറ്റീവ് ആകട്ടെ ചിന്തകള്‍

ഒരു സുഹൃത്ത് എന്നോടു പങ്കുവച്ച ഒരു അനുഭവം ഓര്‍ക്കുന്നു. അദ്ദേഹത്തിന് ഒരു സ്വകാര്യസ്ഥാപനത്തിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞിട്ടും കുടുംബവുമൊത്ത് ഒരിടത്ത് സ്വസ്ഥമായി താമസിക്കാന്‍ കഴിഞ്ഞിട്ടില്ല. മാസത്തില്‍ മിക്കദിവസങ്ങളിലും ജോലി സംബന്ധമായി ഇന്ത്യയുടെ പലയിടങ്ങളിലും യാത്ര ചെയ്യേണ്ടി വന്നു. എന്നാല്‍ അദ്ദേഹം അതിനെ മറ്റൊരു രീതിയില്‍ നോക്കി കാണാനാണ് ഇഷ്ടപ്പെട്ടത്. ഈ ജോലിയിലൂടെ എനിക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞു. പലതരം ജീവിതങ്ങള്‍ കണ്ടു. ഒരുപക്ഷേ രാവിലെ മുതല്‍ വൈകിട്ടു വരെ ഓഫീസിലിരിക്കുന്ന ഒരു ജോലിയാണ് ഞാന്‍ ചെയ്തിരുന്നതെങ്കില്‍ ഈ അനുഭവങ്ങളൊക്കെ എനിക്കു നഷ്ടമാകുമായിരുന്നു. അദ്ദേഹം ഇത്തരത്തിലാണ് ചിന്തിച്ചത്. ഇതുപോലുള്ള ചിന്തകളാണ് പ്രശ്നങ്ങളെ സമീപിക്കുമ്പോഴും ആവശ്യം.

ഒരുതരത്തില്‍ നിങ്ങള്‍ക്ക് ദോഷമായി അനുഭവപ്പെടുന്ന കാര്യത്തിന് ഒരു മറുവശവും ഉണ്ടാകും. ഉദാഹരണത്തിന് ഒരു മത്സരപരീക്ഷയില്‍ പരാജയപ്പെട്ടുവെന്നിരിക്കട്ടെ. അതില്‍ നിരാശ സ്വാഭാവികമാണ്. അതേസമയം തന്നെ ആ പരീക്ഷ കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. പരീക്ഷയെ അഭിമുഖീകരിച്ചതിലൂടെ നിങ്ങളുടെ കഴിവിനെ അളക്കാനുള്ള ഒരു അവസരമാണ് ലഭിച്ചത്. കുറ്റങ്ങളും കുറവുകളും എന്തെന്ന് കണ്ടെത്താനും കൂടുതല്‍ മികച്ച രീതിയില്‍ പരിശീലിയ്ക്കാനും ഈ അനുഭവം സഹായിക്കും. ഈ ഒരു മനോഭാവത്തോടെ വേണം ജീവിതത്തിലെ പ്രശ്നങ്ങളെ സമീപിക്കാന്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നല്ലതില്‍ ഊന്നി മോശം വശങ്ങള്‍ നേരിടുന്നതിനുള്ള ഒരു പരിശീലനമായി വേണം ഇതിനെ കണക്കാക്കാന്‍. നാം എന്തു ചിന്തിക്കുന്നുവോ അതാണ് നമുക്ക് ലഭിക്കുക.

തീര്‍ത്തും നെഗറ്റീവ് ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന ഒരാള്‍ക്ക് ജീവിതം പ്രയാസങ്ങളുടെ ഒരു കൂമ്പാരമാണെന്നു തോന്നും. അതേസമയം എല്ലാത്തിന്‍റേയും നല്ല വശങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നയാള്‍ക്ക് ജീവിതം ഒരു മനോഹരമായ യാത്രയായി അനുഭവപ്പെടും.

ഈ ജീവിതം നഷ്ടപ്പെടുത്തരുത്

പുതിയ തലമുറയ്ക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് കുറയുന്നതായാണ് കണ്ടുവരുന്നത്. ക്ലാസില്‍ അധ്യാപിക വഴക്കു പറഞ്ഞതിന് കുട്ടി ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നാം വായിക്കുന്നു. തീര്‍ത്തും നിസ്സാരമായ കാര്യങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ ഒന്നടങ്കം ട്രെയിനിനു മുന്നില്‍ ചാടി മരിക്കുന്നു. ചെറിയ പ്രശ്നങ്ങളെ നേരിടാന്‍ മനക്കരുത്തില്ലാതെ ഇവരെല്ലാം നഷ്ടപ്പെടുത്തിയത് വിലയേറിയ ജീവിതമാണ്. യാതൊരു പ്രയാസങ്ങളേയും അഭിമുഖീകരിക്കാന്‍ ഇടനല്‍കാതെ രക്ഷിതാക്കള്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്ന രീതിയും ഇതിന് ഒരു കാരണമാണ്. പ്രയാസങ്ങളില്‍ നിന്ന് മക്കളെ മറകെട്ടി സംരക്ഷിക്കുകയല്ല രക്ഷിതാക്കള്‍ ചെയ്യേണ്ടത്. പകരം പ്രശ്നങ്ങളെ നേരിടാന്‍ അവരെ അനുവദിക്കുക. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അവരോടൊപ്പം നില്‍ക്കുകയും ഇതിനെ നേരിടാന്‍ നിനക്കു കഴിയും എന്ന് ആത്മവിശ്വാസം പകരുകയും ചെയ്യുക. അനുഭവങ്ങളിലൂടെ അവര്‍ മനക്കരുത്ത് ആര്‍ജ്ജിച്ചെടുക്കട്ടെ. ഈ ലോകത്തില്‍ നമുക്ക് ഏറ്റവും അമൂല്യമായത് നമ്മുടെ ജീവനാണ്. ചെറിയൊരു പ്രയാസത്തിന്‍റെ പേരില്‍ ഒരിക്കലും അത് നഷ്ടപ്പെടുത്തരുത്. പ്രശ്നങ്ങളെ അതിജീവിച്ചവരുടെ കഥകളാണ് ലോകം കൊണ്ടാടുക. എല്ലാത്തില്‍ നിന്നും ഒളിച്ചോടി ജീവിതം അവസാനിപ്പിക്കുന്നവര്‍ ഞാനൊരു ഭീരുവായിരുന്നു എന്നാണ് ലോകത്തോട് വിളിച്ചു പറയുന്നത്.

ഈ ലോകത്തില്‍ പ്രയാസങ്ങളും പ്രശ്നങ്ങളും ഇല്ലാത്ത ആരും ഉണ്ടാകില്ല. നാം അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് കാര്യം. പ്രശ്നങ്ങളില്‍ നിന്ന് നാം അകന്നു പോകുമ്പോള്‍ അവ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. മുന്നോട്ടുള്ള ജീവിതം വലിയൊരു പ്രതിസന്ധിയായി മാറുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം താത്കാലികമാണെന്നും അതിനെ അതിജീവിക്കാന്‍ കഴിയും എന്നും ചിന്തിക്കുമ്പോള്‍ അവ ചെറുതാകുന്നു. എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ കാര്യം.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More