05 February, 2018 (Our Article published in Aarogyamangalam Magazine-February 2018)
" ഇത്തരം സ്വഭാവം ഉള്ളവരോടൊപ്പം എങ്ങനെ ജീവിക്കാന്‍ പറ്റും? " കൃഷ്ണ എന്നോട് ചോദിച്ചു. വിചിത്രസ്വഭാവക്കാരിയായ ആന്‍റിയെ പറ്റിയാണ് അവള്‍ പറഞ്ഞത്. വിവാഹശേഷം കൃഷ്ണയും ഭര്‍ത്താവും കുടുംബവീട്ടില്‍ നിന്ന് നഗരത്തിലെ ഫ്ളാറ്റിലേയ്ക്ക് താമസം മാറി. ഇരുവരുടേയും ജോലിസൗകര്യാര്‍ത്ഥം ആയിരുന്നു അത്. ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ ഭര്‍ത്താവിന് വിദേശത്ത് മറ്റൊരു ജോലി ശരിയാകുകയും അയാള്‍ അവിടേയ്ക്ക് മാറുകയും ചെയ്തു. ഭാര്യ ഒറ്റയ്ക്കാകണ്ടല്ലോ എന്നു കരുതി അയാള്‍ തന്‍റെ ആന്‍റിയോട് കൃഷ്ണയോടൊപ്പം താമസിക്കാമോ എന്നു ചോദിച്ചു. കുടുംബവീട്ടില്‍ തനിച്ചു താമസിച്ചിരുന്ന, അവിവാഹിതയായ അവര്‍ സന്തോഷത്തോടെ അത് സമ്മതിച്ചു. വിവാഹശേഷം അധികകാലം നാട്ടില്‍ നിന്നിട്ടില്ലാത്തതിനാല്‍ കൃഷ്ണയ്ക്ക് ഭര്‍ത്താവിന്‍റെ ബന്ധുക്കളെ അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ആന്‍റി വളരെ സ്നേഹത്തോടെ തന്നെയാണ് കൃഷ്ണയോട് പെരുമാറിയത്. ഒരു വൈകുന്നേരം ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ കൃഷ്ണ അടുത്ത ഫ്ളാറ്റിലെ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ഇടയായി. അനിയന്‍റെ വിവാഹകാര്യം എവിടെ വരെയായി എന്ന് അവര്‍ ചോദിച്ചപ്പോള്‍ കൃഷ്ണ ശരിക്കും ഞെട്ടിപ്പോയി. കൃഷ്ണയുടെ അനിയന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും അതെ തുടര്‍ന്ന് ചില പ്രശ്നങ്ങള്‍ വീട്ടിലുണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്കും തനിക്കും മാത്രം അറിയാവുന്ന കാര്യം മറ്റൊരാള്‍ ഇങ്ങോട്ടു ചോദിച്ചതാണ് അവളെ അത്ഭുതപ്പെടുത്തിയത്. തുടര്‍ന്നുള്ള സംസാരത്തില്‍ താന്‍ ജോലിയ്ക്ക് പോന്നതിനു ശേഷം ആന്‍റി അവരുടെ ഫ്ളാറ്റില്‍ പോകാറുണ്ടെന്നും ആ പെണ്‍കുട്ടിയുടെ അമ്മയോട് സംസാരിക്കാറുണ്ടെന്നും അവള്‍ മനസ്സിലാക്കി. അനിയന്‍ തന്‍റെ വീട്ടില്‍ സൃഷ്ടിച്ച പ്രശ്നങ്ങളെ കുറിച്ച് അവള്‍ ആന്‍റിയോട് പറഞ്ഞിരുന്നില്ല. എന്നാല്‍ തന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ അവര്‍ ഒളിഞ്ഞു ശ്രദ്ധിക്കുകയായിരുന്നു എന്ന് കൃഷ്ണയ്ക്ക് മനസ്സിലാക്കി. ഇക്കാര്യങ്ങള്‍ അവള്‍ ഭര്‍ത്താവിനോട് തുറന്നു പറഞ്ഞെങ്കിലും അയാള്‍ അത് കാര്യമായി എടുത്തില്ല. 'തനിച്ചു താമസിക്കുന്നതിലും നല്ലതല്ലേ കൂട്ടിനൊരാളുള്ളത്, അതുകൊണ്ട് ആന്‍റിയെ പിണക്കണ്ട' എന്നായിരുന്നു അയാളുടെ മറുപടി. മറ്റൊരു ഫ്ളാറ്റിലെ സ്ത്രീ കൂടി 'ചില വീട്ടുവിശേഷങ്ങള്‍' ചോദിച്ചതോടെ അവള്‍ ആന്‍റിയോട് കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ വീട്ടുകാര്യങ്ങള്‍ മറ്റൊരിടത്ത് പോയി പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അവള്‍ പറഞ്ഞു. ഇനിയങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് അവര്‍ ഉറപ്പു നല്‍കുകയും വളരെ സ്നേഹത്തോടെ തന്നെ പെരുമാറുകയും ചെയ്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്‍റെ സംസാരത്തില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ വന്നതായി അവള്‍ക്ക് തോന്നിത്തുടങ്ങി. എപ്പോള്‍ ജോലിയ്ക്ക് പോയി, എത്ര മണിയ്ക്ക് മടങ്ങി വന്നു, വൈകിയതെന്താണ് എന്നിങ്ങനെ ഒരു ചോദ്യം ചെയ്യലിന്‍റെ രൂപത്തിലായിരുന്നു മിക്കപ്പോഴും സംഭാഷണം. സംശയം തോന്നി അവള്‍ ആന്‍റിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. തന്നെ പറ്റി ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി അവര്‍ വിശ്വസനീയമാം വിധത്തില്‍ ഭര്‍ത്താവിനോട് പറഞ്ഞു കൊടുക്കുന്നു. വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ രണ്ടു വ്യക്തികളുടെ ജീവിതം തന്നെ തകര്‍ക്കാന്‍ കഴിയുന്ന പ്രശ്നമാണിത്. ഭര്‍ത്താവിന് മനസ്സില്‍ ചില സംശയങ്ങള്‍ ഉള്ളതിനാലാണ് മറ്റൊരു വീട്ടിലേയ്ക്ക് മാറുന്നതിനെ അയാള്‍ പ്രോത്സാഹിപ്പിക്കാത്തത്. ഭര്‍ത്താവിനോട് നേരിട്ട് ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിച്ചാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ. ആന്‍റിയുടെ സ്വഭാവമാണ് ഇവിടെ പ്രശ്നം. പുറമേ സ്നേഹത്തോടെയാണ് പെരുമാറ്റമെങ്കിലും മറ്റുള്ളവരോട് രഹസ്യമായി കുറ്റവും കുറവും പറഞ്ഞു കൊടുത്ത് കലഹം ഉണ്ടാകുന്നതാണ് അവരുടെ വിനോദം. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന സ്വഭാവം ഉള്ളവര്‍ കുടുംബത്തിലോ ബന്ധത്തിലോ ഉണ്ടെങ്കില്‍ ജീവിതം താറുമാറാകാന്‍ അധികസമയം വേണ്ട. യുക്തിപൂര്‍വമായ ഇടപെടല്‍ കൊണ്ടു മാത്രമേ ഇത്തരക്കാരുമായി ഒത്തുപോകാന്‍ സാധിക്കുകയുള്ളൂ.
അവരെ ഉപേക്ഷിക്കാനാവില്ല
നിങ്ങളെ അസ്വസ്ഥനാക്കുന്ന ആ വ്യക്തിയെ ജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നതാണ് സത്യം. കാരണം അവര്‍ നിങ്ങളുടെ ബന്ധുവാണ്. ഇടയ്ക്കിടെ ആ വ്യക്തി ജീവിതത്തിലേയ്ക്ക് കടന്നു വന്നു കൊണ്ടിരിക്കും എന്ന് ഉറപ്പാണ്. ആ സത്യം അംഗീകരിക്കാന്‍ ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ ആ വ്യക്തിയെ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളെയോര്‍ത്തുള്ള വേവലാതി അകറ്റാം. മറിച്ച് അവരെ കാണേണ്ടി വരുന്നതിനെ കുറിച്ചും പിന്നീട് ഉണ്ടാകാന്‍ സാധ്യതയുള്ള സംഭാഷണങ്ങളെ കുറിച്ചും ആലോചിച്ചു കൊണ്ടിരുന്നാല്‍ മനസ്സ് കൂടുതല്‍ സംഘര്‍ഷഭരിതമാകും. അവരെ കാണുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഭവങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ നല്ലതാണ്. പക്ഷേ എന്നു കരുതി അതെ കുറിച്ച് തിരിച്ചും മറിച്ചും അലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ജീവിതത്തില്‍ സന്തോഷകരമായി ചെലവിടാവുന്ന സമയം വെറുതേ പാഴാവുകയാണ്.
സ്വയം തിരുത്താം
എത്ര കിണഞ്ഞു പരിശ്രമിച്ചാലും ആ വ്യക്തിയുടെ സ്വഭാവമോ പെരുമാറ്റ രീതിയോ മാറ്റാന്‍ നിങ്ങളെ കൊണ്ട് സാധിക്കണം എന്നില്ല. പക്ഷേ സാധിക്കുന്ന മറ്റൊന്നുണ്ട്. സ്വന്തം കാഴ്ചപ്പാട് തിരുത്താം. ആ വ്യക്തിയുടെ മോശം സ്വഭാവരീതികളെ കുറിച്ചു മാത്രമേ ഇന്നു വരെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകൂ. ആ കണ്ണ് അല്പമൊന്ന് മാറ്റിപ്പിടിക്കുക. എല്ലാ വ്യക്തികള്‍ക്കും എന്തെങ്കിലും തരത്തിലുള്ള നല്ല ഗുണങ്ങള്‍ ഉണ്ടാകും. അത് കണ്ടെത്താന്‍ ശ്രമിക്കുക. അവരുടെ ആ നډയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുക. ഓരോ ദിവസവും അതെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആ വ്യക്തിയെ കുറിച്ച് മനസ്സില്‍ പടുത്തുയര്‍ത്തിയിട്ടുള്ള വെറുപ്പിന്‍റെ വന്‍മതില്‍ അല്പാല്‍പ്പമായി ഇടിഞ്ഞു വീഴും. അങ്ങനെ ഒരു ദിവസം ആ വ്യക്തിയെ സ്നേഹിക്കാനും നിങ്ങള്‍ക്ക് കഴിയും. മറിച്ച് മോശം സ്വഭാവങ്ങളെ കുറിച്ച് ചിന്തിച്ച് മതിലിന്‍റെ വലിപ്പം ദിവസവും കൂട്ടിക്കൊണ്ടിരുന്നാല്‍ എന്നെന്നേയ്ക്കുമായി അയാളില്‍ നിന്ന് നിങ്ങള്‍ അകന്നു പോകും. അതിനാല്‍ ഇനി ആ വ്യക്തിയെ കാണുമ്പോള്‍ അയാളുടെ നല്ല ഗുണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാം.
അറിഞ്ഞ് പെരുമാറണം
ഒരിക്കല്‍ അടുത്ത് പരിചയപ്പെട്ടു കഴിഞ്ഞാല്‍ ആ വ്യക്തിയുടെ പെരുമാറ്റ രീതിയെ കുറിച്ച് ഏകദേശധാരണ ലഭിക്കും. പിന്നീട് കാണുമ്പോള്‍ അത് അറിഞ്ഞു വേണം പെരുമാറാന്‍. എന്നു കരുതി ആദ്യ കൂടിക്കാഴ്ചയില്‍ വഴക്കോ വാക്കുതര്‍ക്കമോ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ദേഷ്യം മനസ്സില്‍ വച്ചു കൊണ്ട് സംസാരിക്കരുത്. പകരം അയാള്‍ എങ്ങനെ പെരുമാറും എന്ന് സങ്കല്‍പ്പിക്കുക. ആ വ്യക്തിയുടെ സംസാരരീതിയിലോ പെരുമാറ്റത്തിലോ ഉള്ള എന്താണ് അങ്ങനെ നിങ്ങളെ അസ്വസ്ഥമാക്കുന്നത് എന്ന് തിരിച്ചറിയുക. ഇഷ്ടപ്പെടാത്ത രീതിയിലാണ് സംഭാഷണങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ ആ സാഹചര്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കാം. ഉദാഹരണത്തിന് സ്വന്തം കഴിവുകളെ പറ്റിയോ പണത്തെ പറ്റിയോ പൊങ്ങച്ചം പറഞ്ഞു നടക്കുന്ന ഒരാളോടാണ് സംസാരിക്കേണ്ടി വരുന്നതെന്നുണ്ടെങ്കില്‍ അയാളുടെ പൊങ്ങച്ച പ്രകടനങ്ങള്‍ തീര്‍ത്തും അവഗണിക്കാം. അത്തരത്തില്‍ സംഭാഷണം മുന്നോട്ടു പോകുമ്പോള്‍ കഴിയുമെങ്കില്‍ വിഷയം മാറ്റാന്‍ ശ്രമിക്കുക. എന്നാല്‍ യാതൊരു മാറ്റവുമില്ലാതെ അതേ രീതിയില്‍ തന്നെ സംഭാഷണം മുന്നോട്ടു പോകുകയാണെങ്കില്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറാം. എന്നിട്ടും രക്ഷയില്ലെങ്കില്‍ മാത്രം ഇത്തരം സംസാരങ്ങളോട് തനിക്ക് താത്പര്യമില്ലെന്ന് വ്യക്തമാക്കാം. എന്നാല്‍ അത് ഒരിക്കലും അവരെ കുറ്റപ്പെടുന്ന രീതിയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. 'എനിക്ക് എന്തോ ഇത്തരം സംഭാഷണങ്ങള്‍ പെട്ടെന്ന് മടുക്കുന്നു' എന്ന തരത്തില്‍ കാര്യം അവതരിപ്പിക്കാം. അതേസമയം 'നിങ്ങള്‍ പറയുന്നത് ശരിയല്ല' എന്ന രീതിയില്‍ അവരോട് സംസാരിക്കുകയും അരുത്.
ആഴത്തില്‍ അറിയാം
മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന രീതിയില്‍ ദേഷ്യപ്പെടുകയും കുത്തുവാക്കുകള്‍ പറയുകയും വഴക്കിടുകയും ചെയ്യുന്നവരില്‍ ചിലരെങ്കിലും ജീവിതസാഹചര്യങ്ങള്‍ മൂലം ഈ സ്വഭാവം കൈവന്നവരാണ്. ജീവിതത്തില്‍ കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വന്നതു മൂലമോ ആഗ്രഹിച്ച സ്നേഹമോ പരിചരണമോ ലഭിക്കാത്തതു മൂലമോ എല്ലാത്തിനോടും വെറുപ്പ് പ്രകടിപ്പിക്കുന്നവരുണ്ട്. മറ്റുള്ളവരുടെ സന്തോഷം തല്ലിക്കെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് ഇവര്‍. തനിക്ക് ലഭിക്കാത്ത സുഖവും സന്തോഷവും മറ്റുള്ളവര്‍ക്ക് ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന അസൂയയാണ് ഒരു പരിധി വരെ ഇവരെ ഇങ്ങനെ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അവര്‍ കടന്നു പോയ കയ്പ്പേറിയ അനുഭവങ്ങളുടെ ആഴം മനസ്സിലാക്കുമ്പോള്‍ ഒരു പക്ഷേ നമുക്ക് അവരെ അംഗീകരിക്കാന്‍ കഴിഞ്ഞേക്കും. ആ വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരോടെങ്കിലും ചോദിച്ച് അറിയുക. തുടര്‍ന്ന് ആ വ്യക്തിയുടെ സ്ഥാനത്ത് നിങ്ങളാണെങ്കില്‍ എങ്ങനെയായിരിക്കും പെരുമാറുക എന്ന് വെറുതേ സങ്കല്‍പ്പിച്ചു നോക്കുക. അനുഭവങ്ങളുടെ കാഠിന്യം ഏതൊരു വ്യക്തിയേയും പരുക്കനാക്കിയേക്കാം. ഇത്തരത്തില്‍ അനുഭാവപൂര്‍വം ചിന്തിക്കുമ്പോള്‍ ആ വ്യക്തിയോടുള്ള ദേഷ്യം അലിഞ്ഞില്ലാതാകും.
ജീവിതത്തില്‍ പലസ്വഭാവക്കാരായ വ്യക്തികളെയാണ് നാം കണ്ടുമുട്ടുന്നത്. അതുകൊണ്ടു തന്നെ അവര്‍ എല്ലാവരും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പെരുമാറണമെന്നില്ല. ചിലപ്പോള്‍ ഉറ്റബന്ധുവായ ഒരാളുടെ പെരുമാറ്റം നിങ്ങളെ അസ്വസ്ഥരാക്കിയെന്നിരിക്കാം. പക്ഷേ അടുത്തബന്ധുവായതിനാല്‍ ആ വ്യക്തിയെ നിങ്ങള്‍ക്ക് ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞുവെന്ന് വരില്ല. ഇത് ഒരു വലിയ പ്രശ്നമായി ആര്‍ക്കും ആദ്യം തോന്നുകയില്ല. ആ വ്യക്തിയെ പരമാവധി ഒഴിവാക്കിയും അതേസമയം തന്നെ അയാളുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവരോട് പറഞ്ഞും ഈ പ്രശ്നത്തെ മറികടക്കാനായിരിക്കും എല്ലാവരും ശ്രമിക്കുക. എന്നാല്‍ ആ വ്യക്തിയുമായി വല്ലാതെ അകലുകയും അയാളെ അഭിമുഖീകരിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ നിങ്ങളെ മാനസികപിരിമുറുക്കത്തിലാഴ്ത്തുകയും ചെയ്യുമ്പോള്‍ പ്രശ്നം മറ്റൊരു തലത്തിലേയ്ക്ക് കടക്കുന്നു. യുക്തിപൂര്‍വമായ പെരുമാറ്റത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുള്ളൂ. ആ വ്യക്തിയുടെ സ്വഭാവം അത്തരത്തിലാണെന്നും അത് മാറ്റാന്‍ നിങ്ങളെ കൊണ്ട് സാധിക്കുകയില്ലെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഏതൊരു സാഹചര്യത്തിലും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ ശീലിക്കുക. ആ വ്യക്തിയുടെ വാക്കുകള്‍ നിങ്ങളെ അസ്വസ്ഥനാക്കുന്നു എങ്കില്‍ ഒഴിഞ്ഞു മാറുകയോ അല്ലെങ്കില്‍ അത് അവഗണിക്കുകയോ ചെയ്യുക. നിങ്ങള്‍ ക്ഷോഭിക്കുകയും തിരിച്ച് പ്രതികരിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ആ വ്യക്തി ആ രീതിയില്‍ തന്നെ വീണ്ടും പെരുമാറിയെന്നിരിക്കും. അതേസമയം നിങ്ങള്‍ അത് അവഗണിക്കുകയും ഒരു പുഞ്ചിരിയോടെ നേരിടുകയും ചെയ്താല്‍ അവര്‍ സമീപനം മാറ്റുമെന്ന് ഉറപ്പാണ്.
(കുറിപ്പ് : ഇതിൽ ഉപയോഗിച്ചിരിക്കുന്ന പേരുകൾ സാങ്കല്പികമാണ് )
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services