11 October, 2017 (Our Article published in Our KIDS Magazine-October 2017)
അടുത്തിടെ എന്നെ കാണാന്‍ വന്ന ഒരു വ്യക്തിയുടെ അനുഭവത്തില്‍ നിന്ന് തുടങ്ങാം. നമുക്ക് അദ്ദേഹത്തെ രാജീവന്‍ എന്നു വിളിക്കാം. അദ്ദേഹവും ഭാര്യയും സര്‍ക്കാര്‍തലത്തില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്നവരാണ്. രണ്ടു മക്കളാണ് അവര്‍ക്ക്. ഏറെ വാത്സല്യത്തോടെയാണ് അവര്‍ മക്കളെ വളര്‍ത്തിയത്. മക്കള്‍ ചെറുതായിരിക്കുമ്പോള്‍ രാജീവനും ഭാര്യയും ജോലിസംബന്ധമായി രണ്ടു സ്ഥലങ്ങളിലായിരുന്നു. ചില സാങ്കേതികകാരണങ്ങളാല്‍ അവര്‍ക്ക് വീടിനടുത്തേയ്ക്ക് ജോലി മാറ്റം കിട്ടാന്‍ താമസിച്ചു. ഇക്കാലയളവില്‍ മൂത്തമകന്‍ അമ്മയുടെ ഒപ്പവും ഇളയമകന്‍ അച്ഛന്‍റെ ഒപ്പവുമാണ് താമസിച്ചത്. മക്കള്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നതു വരെ അവര്‍ ഇത്തരത്തിലാണ് ജീവിച്ചത്. മക്കളെ രണ്ടുപേരേയും അവര്‍ നല്ല രീതിയില്‍ പഠിപ്പിച്ചു. മറ്റേതൊരു മാതാപിതാക്കളേയും പോലെ മക്കള്‍ പഠിച്ച് ഉന്നതനിലയിലെത്തുന്നത് അവരും സ്വപ്നം കണ്ടിട്ടുണ്ടാവണം. അച്ഛന്‍ ഇളയമകനെ ഒരു സുഹൃത്തിനെ പോലെയാണ് വളര്‍ത്തിയത്. ജോലിസംബന്ധമായ തിരക്കുകളില്‍പ്പെടുമ്പോള്‍ പലപ്പോഴും മകന്‍റെ കാര്യങ്ങളെല്ലാം നോക്കാന്‍ അദ്ദേഹത്തിനു സമയം ലഭിച്ചിരുന്നില്ല. എന്നാല്‍ മകനാകട്ടെ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വളര്‍ന്നു. തന്‍റെ കാര്യങ്ങളെല്ലാം സ്വയം ചെയ്യാന്‍ അവന്‍ പഠിച്ചു. എന്നാല്‍ മറുഭാഗത്ത് അമ്മയാകട്ടെ മൂത്തമകനെ ഒരു കുറവും അറിയിക്കാതെയാണ് വളര്‍ത്തിയത്. ജോലിത്തിരക്കുണ്ടെങ്കിലും മകന്‍റെ കാര്യങ്ങള്‍ നോക്കുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും അന്നന്നത്തെ ടൈംടേബിളില്‍ ഉള്ള പുസ്തകങ്ങളും മകന്‍റെ ബാഗില്‍ നിറച്ച് അവനെ സ്കൂളില്‍ കൊണ്ടു വിട്ട ശേഷം മാത്രമേ അവര്‍ ഓഫീസില്‍ പോയിരുന്നുള്ളൂ. മകന്‍ മുതിര്‍ന്നപ്പോള്‍ പോലും അവര്‍ ഈ ശീലം തുടര്‍ന്നു. ഇനി കാര്യത്തിലേയ്ക്ക് വരാം. രാജീവനും ഭാര്യയും ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷം തികയുന്നു. ഇളയമകന് ജോലിയായി. അവന്‍ വിവാഹം കഴിച്ച് നല്ല രീതിയില്‍ ജീവിക്കുന്നു. അവരുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിച്ചു കളഞ്ഞത് മൂത്തമകനാണ്. അയാള്‍ പല കമ്പനികളിലും ജോലി നോക്കി. വീടു വിട്ടു താമസിക്കാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് അയാള്‍ ആ ജോലികളൊക്കെ നഷ്ടപ്പെടുത്തി. വിവാഹം കഴിച്ചാല്‍ മകന്‍ നേരെയാകുമെന്ന് കരുതി അവര്‍ അവന്‍റെ വിവാഹം നടത്തി. അവന്‍ ജോലി നോക്കിയിരുന്ന സ്ഥാപനത്തിന് അടുത്ത് ഒരു വീടും വാടകയ്ക്ക് എടുത്തു കൊടുത്തു. അങ്ങനെ മാതാപിതാക്കളെന്ന നിലയിലുള്ള തങ്ങളുടെ ചുമതല അവര്‍ നിര്‍വഹിച്ചു. എന്നാല്‍ അവര്‍ പ്രതീക്ഷിച്ചതു പോലെ അയാളുടെ ജീവിതം നേരെയായില്ല. ഒരു ജോലിയിലും ഉറച്ചു നില്‍ക്കാത്ത അയാളുടെ സ്വഭാവത്തെ ചൊല്ലി ഭാര്യ പിണങ്ങുകയും ആ ബന്ധം തകരുകയും ചെയ്തു. ഇന്ന് അയാള്‍ മാതാപിതാക്കളോടൊപ്പമാണ് താമസം. ഒരു കൊച്ചു കുട്ടിയെ പോലെയാണ് ഇപ്പോഴും അമ്മ അയാളെ വളര്‍ത്തുന്നത്. അയാളുടെ എല്ലാ ആവശ്യങ്ങളും സമയത്ത് നിറവേറ്റി കൊടുക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. മകന്‍റെ ജീവിതം ഇങ്ങനെയായതില്‍ വിഷമമുണ്ടെങ്കിലും തന്‍റെ മരണം വരെ മകനെ ഒരു കുറവും അറിയിക്കാതെ വളര്‍ത്തണം എന്നാണ് അവരുടെ ആഗ്രഹം. മനപൂര്‍വ്വമല്ലെങ്കിലും മകന്‍റെ ജീവിതം ഇത്തരത്തില്‍ ആയതില്‍ വലിയൊരു പങ്ക് ആ അമ്മയ്ക്കാണ്. എന്നാല്‍ അവര്‍ അത് തിരിച്ചറിയാതെ ആ തെറ്റ് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ചെറുപ്പം മുതല്‍ മകനെ സ്വന്തമായി തീരുമാനമെടുക്കാനോ കാര്യങ്ങള്‍ ചെയ്യാനോ അവര്‍ അനുവദിച്ചില്ല. അതിനാല്‍ അയാള്‍ എല്ലാക്കാലവും അമ്മയെ ആശ്രയിച്ചു ജീവിച്ചു. ഭക്ഷണവും വസ്ത്രവും ആവശ്യത്തിന് പണവും അമ്മ നല്‍കിയിരുന്നതിനാല്‍ ജോലിക്ക് പോകേണ്ടത് ഒരു ആവശ്യമായി അയാള്‍ക്ക് തോന്നിയതേയില്ല. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കേണ്ട ഈ സമയത്ത് മകന്‍റെ ഭാവിയെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയാണ് രാജീവനും ഭാര്യയും. ഇത് രാജീവന്‍റെ മാത്രം കഥയല്ല. സ്പൂണ്‍ഫീഡിങ് രീതിയില്‍ മക്കളെ വളര്‍ത്തുന്ന എല്ലാ മാതാപിതാക്കളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഇത്.
ഒരാള്‍ കുട്ടിയായിരിക്കുമ്പോഴാണ് മനസ്സില്‍ എല്ലാ നല്ല ശീലങ്ങളുടേയും വിത്ത് പാകേണ്ടത്. എങ്കില്‍ മാത്രമേ അത് കരുത്തോടെ വളര്‍ന്ന് ജീവിതാവസാനം വരെ നിലനില്‍ക്കുകയുള്ളൂ. കുട്ടി ചെറുതായിരിക്കുമ്പോള്‍ അവരുടെ എല്ലാ കാര്യങ്ങളിലും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തും. അത് ആവശ്യവുമാണ്. എന്നാല്‍ അതോടൊപ്പം തന്നെ അവര്‍ അക്കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഉദാഹരണത്തിന് വീട്ടിലെ ഓരോ സാധനങ്ങളും എവിടെയാണ് ഇരിക്കുന്നതെന്ന് കുട്ടികള്‍ക്ക് അറിയാമായിരിക്കും. എങ്കിലും അവര്‍ ഓരോ സാധനങ്ങളും ഉപയോഗിച്ച ശേഷം അലക്ഷ്യമായി എവിടെയെങ്കിലും ഇട്ടു എന്നിരിക്കാം. രണ്ടു തരത്തില്‍ ഈ പ്രശ്നത്തെ സമീപിക്കാം. കുട്ടിയെ ശാസിക്കുകയും സാധനം നിങ്ങള്‍ തന്നെ എടുത്തു കൊണ്ടു പോയി യഥാസ്ഥാനത്ത് തിരികെ വയ്ക്കുകയും ചെയ്യാം. രണ്ട് -ഉപയോഗിച്ച ശേഷം ഓരോന്നും യഥാസ്ഥാനത്ത് തിരികെ വയ്ക്കണമെന്ന് പറയുകയും കുട്ടിയോട് അത് കൊണ്ടുവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. ഇത് രണ്ടാമത്തെ രീതിയാണ് പിന്തുടരേണ്ടത്. ആദ്യത്തെ തരത്തില്‍ നിങ്ങള്‍ തന്നെ ജോലി ചെയ്യുമ്പോള്‍ അത് എക്കാലവും അങ്ങനെയായിരിക്കും. നിരത്തിയിട്ടാലും അമ്മ അല്ലെങ്കില്‍ അച്ഛന്‍ കൊണ്ടുവയ്ക്കും എന്നൊരു ധാരണ കുട്ടിയുടെ മനസ്സില്‍ വളരും. മറിച്ച് തനിയെ ആ ജോലി ചെയ്യേണ്ടി വരുമെന്ന് അറിയുമ്പോള്‍ കുട്ടി ഭാവിയില്‍ അത് നിരത്തിയിടാതിരിക്കാന്‍ ശ്രദ്ധിക്കും. വീട്ടിലെ കാര്യങ്ങളെ കുറിച്ചൊക്കെ ഒരു ഏകദേശ ധാരണ കുട്ടിയുടെ മനസ്സില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. രാവിലെ പാല്‍ വാങ്ങാനും കടയില്‍ പോകാനും ഒക്കെ കുട്ടിയേയും ഒപ്പം കൂട്ടാം. അല്പം മുതിരുമ്പോള്‍ അവരെ ഇതൊക്കെ തനിയെ ചെയ്യാന്‍ ശീലിപ്പിക്കാം. ടൈംടേബിള്‍ അനുസരിച്ച് പുസ്തകങ്ങള്‍ ബാഗില്‍ എടുത്തു വയ്ക്കാന്‍ അവരെ സഹായിക്കാം. എന്നാല്‍ ഒരിക്കലും അത് മാതാപിതാക്കള്‍ ചെയ്യേണ്ട ജോലിയാണ് എന്നൊരു ധാരണ കുട്ടിയ്ക്ക് ഉണ്ടാകാന്‍ പാടില്ല. മുതിരുന്തോറും ഇത്തരം ചെറിയ കാര്യങ്ങള്‍ അവരോട് തനിച്ചു ചെയ്യാന്‍ ആവശ്യപ്പെടാം. കുറച്ചു കൂടി പ്രായമാകുമ്പോള്‍ വീട്ടിലെ ജോലികളില്‍ അവരുടേയും കൂടി സഹായം തേടാം. വസ്ത്രങ്ങള്‍ വിരിച്ചിടാനും വീട് വൃത്തിയാക്കാനും പച്ചക്കറി മുറിയ്ക്കാനും അവരേയും കൂടെ കൂട്ടാം. പെണ്‍കുട്ടികളെ എന്ന പോലെ ആണ്‍കുട്ടികളേയും ജോലികളൊക്കെ തനിച്ചു ചെയ്യാന്‍ ശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പിന്നീടൊരിക്കല്‍ തനിയെ ജീവിക്കേണ്ടി വരുമ്പോള്‍ അവര്‍ ഒന്നും അറിയാത്തവരായി മാറാന്‍ പാടില്ല.
മക്കളുടെ കാര്യത്തില്‍ അമിത വേവലാതിയാണ് മാതാപിതാക്കള്‍ക്ക്. ഓരോ നിമിഷവും അവര്‍ എന്തു ചെയ്യുന്നു എന്നു കരുതി ഉത്കണ്ഠപ്പെട്ടു കൊണ്ടിരിക്കും. എന്നാല്‍ ഇത് തീര്‍ത്തും വിപരീതഫലമാണ് ഉണ്ടാക്കുക. ഇത്തരത്തില്‍ ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ മക്കളെ ഒരു കാര്യവും സ്വതന്ത്ര്യമായി ചെയ്യാന്‍ അനുവദിക്കുകയില്ല. ഉദാഹരണത്തിന് സ്കൂള്‍ ബസ് ഇറങ്ങി വീട്ടിലേയ്ക്ക് അല്പ ദൂരം നടക്കാന്‍ ഉണ്ടെങ്കില്‍ കുട്ടി തീരെ ചെറുതായിരിക്കുമ്പോള്‍ രക്ഷിതാവ് അവിടെ കാത്തു നില്‍ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ കുട്ടി മുതിരുമ്പോള്‍ തനിയെ വീട്ടിലേയ്ക്ക് വരാന്‍ അനുവദിക്കാം. അല്ലാത്തപക്ഷം ഒരിക്കലും ഒരിടത്തും തനിയെ പോകാന്‍ ആ കുട്ടിയ്ക്ക് ധൈര്യം ലഭിക്കുകയില്ല. അതുപോലെ തന്നെ കുട്ടിയുടെ ഭക്ഷണം, വസ്ത്രധാരണം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും അമിതമായി മാതാപിതാക്കള്‍ ഇടപെടേണ്ടതില്ല. കടയില്‍ ചെന്നാല്‍ ഏത് വസ്ത്രമാണ് വാങ്ങേണ്ടത് എന്ന് തീരുമാനിക്കാന്‍ കുട്ടിയ്ക്കും അവസരം നല്‍കണം. ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കുമ്പോള്‍ കുട്ടിയുടെ അഭിപ്രായം കൂടി തിരക്കുന്നത് അവരില്‍ 'ഡിസിഷന്‍ മേക്കിങ്' കഴിവ് വളര്‍ത്താന്‍ സഹായിക്കും. കുട്ടിയെ കുറിച്ച് മാതാപിതാക്കള്‍ എപ്പോഴും വ്യാകുലപ്പെടുന്നത് കുട്ടിയുടെ ആത്മവിശ്വാസം കുറയ്ക്കും. താന്‍ ചെയ്താല്‍ ഒന്നും ശരിയാകില്ല എന്നൊരു ചിന്തയാകും അവരുടെ ഉള്ളില്‍. അതിനാല്‍ കുട്ടിയുടെ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തുമ്പോള്‍ തന്നെ അമിതമായ ആശങ്കകള്‍ മാറ്റി വയ്ക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം.
മുതിരുമ്പോള്‍ പഠനാവശ്യത്തിനോ പ്രോജക്ടുകള്‍ക്കോ കുട്ടി വീടു വിട്ട് നില്‍ക്കേണ്ട സാഹചര്യം വന്നെന്നിരിക്കാം. മിക്ക രക്ഷിതാക്കളും ഇത് ഒഴിവാക്കാനാണ് ശ്രമിക്കാറുള്ളത്. വീടിന് ഏറ്റവും അടുത്തുള്ള കോളേജില്‍ അഡ്മിഷന്‍ കിട്ടുമോ എന്നാണ് അവര്‍ എപ്പോഴും ചിന്തിക്കുന്നത്. വീടിനടുത്തുള്ള കോളേജില്‍ പ്രവേശനം ലഭിക്കുന്നത് സാമ്പത്തികമായി അല്പം മെച്ചം നല്‍കിയേക്കാമെങ്കിലും പുറത്ത് ഒരിടത്ത് ജീവിക്കുമ്പോള്‍ കുട്ടിയ്ക്ക് കിട്ടാവുന്ന് അനുഭവപരിചയം കരുതുന്നതിനേക്കാള്‍ അപ്പുറമാണ്. കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. വീട് വിട്ട് ജീവിച്ച ഒരു കുട്ടി എല്ലാ കാര്യങ്ങളും സ്വയം ചെയ്യാനും കൃത്യമായ തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തനായിരിക്കും. വീടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്ന് അകന്ന് നില്‍ക്കുമ്പോള്‍ അവര്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശീലിക്കും. ഇത്തരത്തില്‍ മാറി വരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് കുട്ടിയില്‍ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. അത് ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ അവരെ ഏറെ സഹായിക്കും.
കുട്ടിയെ കൂട്ടുകാരില്‍ നിന്നെല്ലാം അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളുണ്ട്. കുട്ടി തെറ്റായ കൂട്ടുകെട്ടില്‍ പെട്ടുപോകുമോ എന്ന ഭയമാണ് കാരണം. എന്നാല്‍ കുട്ടിയെ ഇത്തരത്തില്‍ എല്ലാവരില്‍ നിന്നും അകത്തി നിര്‍ത്തുന്നത് അവരില്‍ അപകര്‍ഷതാബോധം വളരാന്‍ കാരണമാകും. കുട്ടികള്‍ കൂട്ടുകൂടി തന്നെയാണ് വളരേണ്ടത്. പ്രായത്തിന്‍റെ കുസൃതികള്‍ അവര്‍ പലപ്പോഴും കാണിച്ചെന്നിരിക്കാം. പരിധി വിടുന്നു എന്നു കണ്ടാല്‍ അവരെ ശാസിക്കാം. നേര്‍വഴിക്കു നടത്താം. അതല്ലാതെ പൂര്‍ണ്ണമായും സൗഹൃദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. നല്ല സൗഹൃദങ്ങളാണ് നല്ല വ്യക്തികളെ രൂപപ്പെടുത്തുന്നത്. രക്ഷിതാക്കള്‍ പറഞ്ഞു നല്‍കിയതിനേക്കാള്‍ കൂടുതല്‍ അവര്‍ പഠിക്കുക കൂട്ടുകാരുടെ പക്കല്‍ നിന്നാണ്. നല്ല കൂട്ടുകെട്ടുകള്‍ കുട്ടിയുടെ ആത്മവിശ്വാസം കൂട്ടും. രക്ഷിതാക്കളുടെ സംരക്ഷണവലയത്തിനു പുറത്തു നിന്നും തനിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്നൊരു ആത്മവിശ്വാസം അവര്‍ക്ക് ലഭിക്കും.
ഓരോ വ്യക്തിയും സ്വതന്ത്ര്യരായാണ് വളരേണ്ടത്. ജീവിതത്തില്‍ ഉടനീളം ആരെയെങ്കിലും ആശ്രയിച്ച് ഒരു വ്യക്തിയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല. അതിനാല്‍ കുട്ടികളെ ചെറുപ്പത്തില്‍ മുതല്‍ തന്നെ സ്വയം കാര്യങ്ങള്‍ ചെയ്യാനും തീരുമാനങ്ങള്‍ എടുക്കാനും ശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കൂട്ടിലടച്ച പക്ഷികളെ പോലെ അവരെ വളര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. നീണ്ട കാലം കൂട്ടില്‍ കിടന്നാല്‍ ഒരു പക്ഷേ തനിക്ക് പറക്കാന്‍ കഴിയും എന്ന കാര്യം പോലും അവര്‍ മറന്നു പോയേക്കാം. അതിനാല്‍ കുട്ടികളെ നിങ്ങളുടെ ചിറകിനു കീഴില്‍ നിന്ന് പറക്കാന്‍ അനുവദിക്കുക. അവര്‍ സ്വതന്ത്ര്യരായി വളരട്ടെ.
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services