14 January, 2016 ((Our Article published in IMA Nammude Arogyam Magazine- January 2016))
അന്യന്‍റെ ജീവിതത്തിലേക്ക് ഇത്രയേറെ എത്തിനോക്കുന്ന മറ്റൊരു സമൂഹം മലയാളിയെപ്പോലെ വേറെയെങ്ങുമില്ല. സമൂഹത്തെ തൃപ്തിപ്പെടുത്താനായി ജീവിക്കുന്ന മലയാളിയും കുറ്റങ്ങളും കുറവുകളുമുള്ളവനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന സമൂഹവും പരസ്പരപൂരകങ്ങളായി ഇവിടെ പ്രയാണം തുടരുന്നു. ലളിതമോ സങ്കീര്‍ണമോ ആയ ഏതുവിഷയമായാലും മറ്റുള്ളവര്‍ എന്തു കരുതും എന്നാണ് നമ്മള്‍ ആദ്യം ചിന്തിക്കുന്നത്. അല്ലാതെ ഏതുവിധേനയും പ്രശ്നം പരിഹരിക്കണമെന്നല്ല. സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനായി ജീവിതത്തിന്‍റെ നല്ലൊരു സമയവും പാഴാക്കുന്നവരാണ് മലയാളികള്‍. ആഢംബരവും അനുകരണവുമെല്ലാം അതിന്‍റെ ഉപോത്പന്നങ്ങള്‍ ആകുമ്പോള്‍ ഒളിഞ്ഞുനോട്ടവും അസൂയയും മലയാളിയുടെമാത്രം കൂടപ്പിറപ്പുകളാവുകയാണ്. മറ്റുള്ളവര്‍ ജീവിക്കുന്നതുപോലെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതും അതുപോലെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും നമ്മുടെ കുടുംബങ്ങളിലെ പതിവുകാഴ്ചകളാണ്.
മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നതും മെച്ചപ്പെട്ട നിലയില്‍ ജീവിക്കുന്നതും നല്ലതുതന്നെ. പക്ഷേ അത് സ്വന്തം സാഹചര്യത്തെ വിസ്മരിച്ചുകൊണ്ടാകുമ്പോഴാണ് പ്രശ്നമാകുന്നത്. അത്തരമൊരു അവസ്ഥയിലാണ് മനോജ്(പേര് സാങ്കല്‍പികം) ഒരു സുഹൃത്തിനൊപ്പം കൗണ്‍സിലിംഗ് സെന്‍ററിലെത്തിയത്. ഭാര്യ ഗീതയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉണ്ടായിരുന്ന നാനോ കാര്‍ വിറ്റ് ഒരു ആഢംബര കാര്‍ വാങ്ങി. കിട്ടുന്ന ശമ്പളത്തില്‍ പതിനായിരം രൂപയോളം കാറിന്‍റെ പ്രതിമാസ അടവിനു വേണ്ടി വന്നതോടെ വീട്ടുവാടക കൊടുക്കുന്നത് മുടങ്ങി. മകളുടെ ഫീസും മറ്റു അത്യാവശ്യ ചെലവുകളും വന്നുകയറിയതോടെ അയാളുടെ സാമ്പത്തികനില താളം തെറ്റി. പിന്നാലെ മദ്യപാനവും തുടങ്ങിയ അയാള്‍ ഭാര്യയുമായി വഴക്കുണ്ടാക്കാത്ത ദിവസങ്ങള്‍ ഇല്ലെന്നായി. ഒടുവില്‍ സ്വന്തം ജീവിതം തന്നെ കൈവിട്ടുപോകുമെന്ന അവസ്ഥയിലാണു സുഹൃത്ത് അയാളെ കൗണ്‍സിലിംഗ് സെന്‍ററിലെത്തിച്ചത്. മൂന്നു നാലു സിറ്റിങുകള്‍കൊണ്ട് മനോജിനെയും ഭാര്യയെയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയതോടെയാണു അവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞത്.
ചുറ്റുമുള്ളവരുടെ ആഢംബരങ്ങള്‍ കണ്ടു മതിഭ്രമം ബാധിച്ചു തലമറന്നു എണ്ണ തേയ്ക്കുന്ന നിരവധി മനോജുമാരും ഗീതമാരും ജീവിക്കുന്ന നാടാണ് കേരളം. അനുകരണശീലവും ആഢംബരഭ്രമവും മലയാളിയെ അങ്ങേയറ്റം കാര്‍ന്നു തിന്നുകയാണ്. മറ്റുള്ളവര്‍ ജീവിക്കുന്നതുപോലെ ജീവിക്കണം എന്ന ആഗ്രഹവും സ്വന്തം കുടുംബത്തില്‍നിന്നുതന്നെ അതിനുവേണ്ടിയുണ്ടാകുന്ന നിര്‍ബന്ധവും അനസ്യൂതം തുടരുന്നു. ഇവിടെ സ്വന്തം സാമ്പത്തികസ്ഥിതിയെക്കുറിച്ചു ബോധ്യമുണ്ടായിട്ടും ആഢംബര കാര്‍ വാങ്ങിയ മനോജും അയാളെ അതിനു നിര്‍ബന്ധിച്ച ഭാര്യയും ഇവിടെ ഒരുപോലെ കുറ്റക്കാരാണ്. മറ്റുള്ളവരുടെ ജീവിതം അലോസരപ്പെടുത്തതാണു ഇത്തരക്കാരുടെ പ്രശ്നം.
ഭൂരിഭാഗം സാഹചര്യങ്ങളിലും ആഢംബരത്തോടെ ജീവിക്കാനുള്ള പ്രേരണ ഉണ്ടാകുന്നത് സ്വന്തം കുടുംബാംഗങ്ങളില്‍നിന്നു തന്നെയാണ്. അയല്‍വീട്ടുകാരുടെയോ സ്വന്തം ബന്ധുക്കളുടെയോ ജീവിതരീതിയെ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്ന ചിലരെങ്കിലും മിക്ക വീടുകളിലും കാണും. ഗൃഹനാഥന്‍റെയോ ഗൃഹനാഥയുടെയോ സാമ്പത്തിക സാമൂഹിക ഭൗതിക സാഹചര്യങ്ങള്‍ ശരിയായി മനസിലാക്കാതെയാകും ഇത്തരക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രേരണകള്‍. ചിലര്‍ പുറത്തുള്ളവരുടെ സ്വഭാവരീതിയെ ഹൈലൈറ്റ് ചെയ്യുമ്പോള്‍ മറ്റുചിലര്‍ ആഢംബര ജീവിതത്തെയാകും ഉയര്‍ത്തിക്കാട്ടുക. തനിക്കു ചുറ്റുമുള്ള സമൂഹം എങ്ങനെ ജീവിക്കുന്നു എന്നകാര്യത്തില്‍ ആശങ്കയും ഉത്കണ്ഠയും പേറിനടക്കുന്നവര്‍ക്കു മാത്രമാണ് ഇത്തരം പ്രശ്നങ്ങള്‍. എന്നാല്‍ ആര്‍ക്കും ആരെപ്പോലെയും ആകാന്‍ കഴിയില്ലെന്നിരിക്കെ മറ്റുള്ളവരെപ്പോലെ ജീവിക്കണമെന്ന ബാലിശമായ പ്രേരണകള്‍ കുടുംബത്തിനുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ക്കു വഴിതെളിക്കും. സ്വന്തം സാഹചര്യങ്ങള്‍ ശരിയായി മനസിലാക്കാതെ അന്യരുടെ ജീവിതം അനുകരിക്കാന്‍ ശ്രമിക്കുന്നതും അവര്‍ ജീവിക്കുന്ന സൗകര്യങ്ങളോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും ശരിയല്ല. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങള്‍ പരസ്പരം തിരുത്തല്‍ശക്തിയായാണു വര്‍ത്തിക്കേണ്ടത്. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത് വെറുതേയല്ലെന്നു ഓര്‍മിക്കുക.
ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ ധാരണവും പോഷ് കാറിലുള്ള സഞ്ചാരവും വൈറ്റ് കോളര്‍ ജോബുമാണ് ഇന്ന് ശരാശരി മലയാളി യുവത്വത്തിന്‍റെ ജീവിതാഭിലാഷം. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍പോലും വൈറ്റ് കോളര്‍ ജോബുകള്‍ക്കു പിന്നാലെ പരക്കം പായുകയാണ്. കൃഷിയും അനുബന്ധ തൊഴിലുകളും മലയാളി ഉപേക്ഷിച്ചതോടെ അടിസ്ഥാന ആവശ്യമായ ആഹാരത്തിനുപോലും അന്യസംസ്ഥാനങ്ങളെയോ അന്യസംസ്ഥാന തൊഴിലാളികളെയോ ആശ്രയിക്കേണ്ടി വരുന്നു. സ്വന്തം പറമ്പില്‍പോലും സ്വന്തം കുടുംബത്തിന്‍റെ ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ മെനക്കെടാത്ത അവസ്ഥ വന്നു ചേര്‍ന്നതോടെ മലയാളിയുടെ ആരോഗ്യശീലങ്ങളും മാറ്റം വന്നുതുടങ്ങി. എസി മുറിക്കുള്ളില്‍ കറങ്ങുന്ന കസേരയിലിരുന്നുള്ള ജോലിയിലേക്കു ചിന്തിച്ചു തുടങ്ങിയതുതന്നെ മലയാളിയുടെ അനുകരണശീലത്തിന്‍റെ തെളിവാണ്.
സമൂഹം ഒരു വേട്ടക്കാരനെപ്പോലെയാണ്. ഒരു ഇരയെ കിട്ടിയാല്‍ അതിനു സന്തോഷമായി എന്ന എം.ടിയുടെ വാചകം എത്രയോ അര്‍ഥവത്താണ്. മറ്റുള്ളവനെ എങ്ങനെ കുറ്റപ്പെടുത്താം എന്ന് തക്കം പാര്‍ത്തിരിക്കുന്നവരാണു ചുറ്റുമുള്ളത്. സ്വന്തം കാര്യത്തേക്കാള്‍ അവരുടെ ശ്രദ്ധ അന്യന്‍റെ ജീവിതത്തിലേക്കായിരിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാനാണു ഏവരുടെയും ശ്രമം. ആരും നമ്മെ കുറ്റപ്പെടുത്തരുത് എന്ന ആഗ്രഹം മനസിലുള്ളതുകൊണ്ട് സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷേ നമുക്കൊരു പ്രശ്നം ഉണ്ടായാല്‍ ഈ സമൂഹം സഹായിക്കാനെത്തുമോ എന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരിക്കലും ഉണ്ടാകില്ല. സമൂഹം അങ്ങനെയാണ്. ഒരു ഇരയെ കിട്ടിയില്‍ ആവോളം കാര്‍ന്നുതിന്നുന്നതാണു അതിന്‍റെ രീതി. അതുകൊണ്ടുതന്നെ അറിഞ്ഞുകൊണ്ട് ഇരയാക്കപ്പെടാന്‍ അനുവദിക്കാതിരിക്കുന്നതാണ് ഉത്തമം.
നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ജീവിതത്തെക്കുറിച്ച് വല്ലാത്ത ഉത്കണ്ഠയാണ് ചുറ്റുമുള്ളവര്‍ക്ക്. സ്കൂട്ടറൊക്കെ കൊടുത്ത് ഒരു ബുള്ളറ്റൊക്കെ വാങ്ങേണ്ടേ? മകളുടെ കല്യാണത്തിനു ഒരു നൂറു പവനെങ്കിലും കൊടുക്കേണ്ടേ? ജോലിയൊക്കെ ആയില്ലേ, ഇനിയൊരു ഉഗ്രന്‍ കാറൊക്കെ എടുക്കേണ്ടേ? വീട് ഇരുനില ആക്കുന്നത് എപ്പോഴാ? ഉത്സവത്തിനു നല്ലൊരു തുക പിരിവു കൊടുത്തില്ലെങ്കില്‍ മോശമല്ലേ? ഇത്തരം ചോദ്യങ്ങളൊക്കെ പലരും സമൂഹത്തില്‍ എവിടെ നിന്നെങ്കിലും-അത് അയല്‍ക്കാരില്‍നിന്നോ പരിചയക്കാരില്‍ നിന്നോ സുഹൃത്തുക്കളില്‍നിന്നോ സഹപ്രവര്‍ത്തകരില്‍നിന്നോ-കേട്ടിട്ടുണ്ടാകാം. എത്ര തന്നെ അവഗണിക്കാന്‍ ശ്രമിച്ചാലും, ഉള്ളിന്‍റെ ഉള്ളില്‍ തറയ്ക്കുന്ന ചില ചോദ്യങ്ങള്‍ ചിലരെ സ്വയമേവ അലോസരപ്പെടുത്തി കൊണ്ടിരിക്കും. എപ്പോഴെങ്കിലും ആ ചോദ്യത്തിലും കുറച്ചു കാര്യമില്ലേ എന്നു ചിന്തിച്ചുപോയാല്‍ നിങ്ങള്‍ കെണിയില്‍പ്പെട്ടുവെന്ന് ഉറപ്പിക്കാം. കാരണം ആ ചോദ്യം നിങ്ങളില്‍ സൃഷ്ടിക്കുന്ന പ്രേരണയും അധമബോധവുമൊക്കെ അത്രത്തോളം അപകടകരമാണ്.
ഇടത്തരം വരുമാനക്കാരെ സംബന്ധിച്ച് ആഢംബരഭ്രമം അവരെ വല്ലാതെ കീഴ്പ്പെടുത്തുന്നുണ്ട്. കാര്‍ വാങ്ങലും കുട്ടികളുടെ പഠനവും ഷോപ്പിങും ഫാമിലി ടൂറും സംഭാവന നല്‍കലുമെല്ലാം അവര്‍ക്കു ആഢംബരത്തിന്‍റെ ഭാഗമാണ്. വരുമാനത്തെ ഭേദിക്കുന്ന ചെലവുകളാണ് ഓരോ മാസവും വന്നെത്തുന്നതെങ്കില്‍, ആ ചെലവുകളെ ബോധപൂര്‍വം കുറയ്ക്കാനാണു ശ്രമിക്കേണ്ടത്. കടം വാങ്ങിയും പലിശക്കെടുത്തും ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും കാണിക്കുന്ന ആഢംബരം സമീപഭാവിയില്‍തന്നെ വന്‍ദുരന്തങ്ങളിലേക്കു വഴിവെച്ച നിരവധി പേരുടെ ഉദാഹരണങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ സോഷ്യല്‍ സ്റ്റാറ്റസ് വളര്‍ത്തുന്നതിനെക്കുറിച്ചായിരിക്കരുത് നമ്മുടെ ചിന്ത. അന്യന്‍റെ പ്രൗഢിയും പത്രാസുമൊന്നും ഒരിക്കലും നമ്മെ അലോസപ്പെടുത്താന്‍ പാടില്ല. നമ്മളെക്കുറിച്ച് സമൂഹം എന്തുകരുതും എന്നോര്‍ത്ത് വേവലാതിപ്പെടുന്നവര്‍ ആദ്യം ചിന്തിക്കേണ്ടത് സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ളതല്ല സ്വന്തം ജീവിതം എന്നാണ്. സാഹചര്യങ്ങളും പരിമിതികളും വ്യക്തമായി മനസിലാക്കിവേണം ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടത്. അന്യന്‍റെ ജീവിതം അനുകരിക്കാന്‍ ശ്രമിച്ചും സമൂഹം എന്തുവിചാരിക്കും എന്ന് സ്വയം പരിതപിച്ചും ജീവിക്കുന്ന ശീലം നിര്‍ബന്ധമായും ഉപേക്ഷിക്കണം. ജീവിത സാഹചര്യം മറന്നുള്ള ഇടപെടലുകള്‍ പലപ്പോഴും ഫലപ്രദമായെന്നു വരില്ല. ഒടുവില്‍ സമ്മര്‍ദങ്ങള്‍ സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് മാനസികരോഗിയെന്ന അവസ്ഥയിലേക്കു കൊണ്ടെത്തിച്ചെന്നും വരാം.
ഒരാള്‍ക്കും മറ്റൊരാളാവാന്‍ ഒരിക്കലും കഴിയില്ല. എത്ര അനുകരിക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ നിങ്ങള്‍തന്നെ ആയിരിക്കും. ഓരോ വ്യക്തിയും വ്യത്യസ്തമാണ്. അതിനാല്‍തന്നെ മറ്റൊരാളെപോലെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ അര്‍ഥമില്ല. നമുക്ക് നമ്മളായി തന്നെ ജീവിക്കാനേ കഴിയൂ എന്ന ബോധം എപ്പോഴും ഉള്ളിലുണ്ടായിരിക്കുക. അതേസമയം നേട്ടങ്ങള്‍ക്കായി പരിശ്രമിക്കാതിരിക്കാനും പാടില്ല. പരിമിതികള്‍ എന്താണെന്നു വ്യക്തമായി മനസിലാക്കിയും തിരിച്ചടികള്‍ ഉണ്ടായാല്‍ നേരിടാനുള്ള മനപാഠം ചെയ്തുമാകണം ഓരോ മുന്നേറ്റവും.
സ്വന്തം ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിനു പകരം അന്യന്‍റെ കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ വ്യഗ്രത കൊള്ളുന്ന സമൂഹം കേരളത്തില്‍ മാത്രമാണുള്ളത്. ഒരാളുടെ ന്യൂനതകളെ പരമാവധി കുറ്റപ്പെടുത്താനാണു ഇവിടെയുള്ളവരുടെ ശ്രമം. സാമ്പത്തികവും ആരോഗ്യവും സാമൂഹ്യവുമായ ഘടകങ്ങള്‍ ഒരാളുടെ പോരായ്മകളിലേക്കു വഴിതെളിക്കുമെന്നിരിക്കെ, അയാളുടെ യഥാര്‍ഥ പ്രശ്നം ചോദിച്ചു മനസിലാക്കി സഹായിക്കാനോ ആശ്വാസം പകരാനോ ശ്രമിക്കാതെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ പൊതു മാനസികബോധം മാറേണ്ട കാലം അതിക്രമിച്ചു. മറ്റുള്ളവരെക്കാളും എങ്ങനെ വലിയവനാകാം എന്നാണു ചെറുപ്പം മുതലേ മലയാളി അന്വേഷിക്കുന്നത്. അതിനായി ഏതു കുരുട്ടുവിദ്യകളും പാഠശാലകളാകുന്നതോടെ അവന്‍ അത്യാര്‍ത്തിയുടെ ആള്‍രൂപങ്ങളായി മാറുകയാണ്. ഫലമോ ഉത്കണ്ഠകളും ആകുലതകളും മനസമാധാനക്കേടും വിട്ടൊഴിയാത്ത ഒരു ജീവിതം മാത്രം. മാറുന്ന ലോകത്തിനു മുന്നേ സഞ്ചരിക്കാന്‍ മലയാളി എന്നു ശ്രമിച്ചുതുടങ്ങിയോ അന്നുമുതല്‍ സ്വന്തമായതൊന്നും മലയാളിക്ക് ബാക്കിയില്ലെന്ന അവസ്ഥയാണ്.
ചുറ്റുമുള്ളവര്‍ നമ്മളെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്ന് ആകുലപ്പെട്ടാണ് ഭൂരിഭാഗം പേരുടെയും ജീവിതം. സമൂഹത്തിനു ഇഷ്ടപ്പെടാത്ത ഒരാളായി കഴിഞ്ഞാല്‍ അയാളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതാണു സമൂഹത്തിന്‍റെ രീതി. ഇത് ഇരയാക്കപ്പെടുന്ന വ്യക്തിയില്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥ ചെറുതല്ല. അതൊരിക്കലും സമൂഹം തിരിച്ചറിയാറുമില്ല. എന്നു കരുതി സമൂഹത്തെ ഭയന്ന് ജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ലല്ലോ. ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ സമൂഹം ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നത് അയാളുടെ ജോലിയും സ്ഥാനമാനങ്ങളും സാമ്പത്തികസ്ഥിതിയും ഒക്കെ അടിസ്ഥാനമാക്കിയാണ്. ഒരു വ്യക്തിക്കും സമൂഹത്തെ ഒരിക്കലും പൂര്‍ണമായും തൃപ്തിപ്പെടുത്താനാവില്ല. മാത്രമല്ല, സ്വന്തം വ്യക്തിത്വത്തെ മറച്ചുവെച്ചുകൊണ്ട് മറ്റൊരാളുടെ വ്യക്തിത്വത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ജീവിതത്തില്‍ ഒരിക്കലും വിജയിക്കാനാകില്ല. അതുകൊണ്ടുതന്നെ സമൂഹത്തെ ഭയക്കാതെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടി ജീവിക്കാനുള്ള മാനസികാവസ്ഥ സ്വയം ആര്‍ജിക്കുകയാണു വേണ്ടത്. നമ്മുടെ കഴിവുകളും പരിമിതികളും ശരിയായി മനസിലാക്കിക്കൊണ്ട് ഏതുകാര്യത്തിലും യുക്തിപരമായ തീരുമാനമെടുക്കാനും സ്വന്തമായി ഒരു വ്യക്തിത്വം രൂപപ്പെടുത്താനും കഴിഞ്ഞാല്‍ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയും.
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services