29 June, 2016 ((Our Article published in Arogyapadmam Magazine - July 2016))
"തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി നോക്കുകയാണ് ലിസ. ഭര്‍ത്താവ് ഒരു വാഹനകമ്പനിയുടെ മാര്‍ക്കറ്റിങ് മേഖലയില്‍ ഉദ്യോഗസ്ഥന്‍. ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും ഒപ്പം നഗരത്തിലെ ഫ്ളാറ്റിലാണ് താമസം. സാമ്പത്തികമോ കുടുംബപരമോ ആയ പ്രശ്നങ്ങള്‍ ഒന്നുമില്ല. പുറമേ നിന്ന് നോക്കുന്ന ആര്‍ക്കും സന്തുഷ്ട കുടുംബം എന്ന് തോന്നുന്ന ജീവിതം. എന്നിട്ടും ലിസ ഒരു ദിവസം എന്നെ കാണാന്‍ കൗണ്‍സിലിങ് സെന്‍ററിലെത്തി. "ഒന്നിലും ഒരു സന്തോഷം തോന്നുന്നില്ല" എന്നാണ് അവര്‍ പറഞ്ഞത്. രണ്ടു പേര്‍ക്കും നല്ല ജോലിയുണ്ട്, മക്കളെ നന്നായി പഠിപ്പിക്കുന്നുണ്ട്, സ്വന്തമായി ഒരു താമസസ്ഥലം ഉണ്ട് എന്നാല്‍ ജീവിതത്തില്‍ വല്ലാതെ മടുപ്പു തോന്നുന്നു. ഒരേ ദിനചര്യയില്‍ തുടരുമ്പോള്‍ ഇടയ്ക്ക് മടുപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവതരമായിരുന്നു. "ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയാലും മക്കള്‍ വന്നിട്ടുണ്ടാകില്ല. ട്യൂഷനും എന്‍ട്രന്‍സ് പരിശീലനവുമെല്ലാമായി രണ്ടുപേര്‍ക്കും പഠിക്കാന്‍ ഒരുപാടുണ്ട്. ഒഴിവുസമയം കിട്ടിയാല്‍ രണ്ടുപേരും ലാപ്ടോപ്പിന്‍റെ മുന്നിലായിരിക്കും. ജോലിയുടെ ബാക്കിയും കൊണ്ടാണ് ഭര്‍ത്താവ് വീട്ടിലെത്തുന്നത്. പിന്നെ ഒരിക്കലും അവസാനിക്കാത്ത ഫോണ്‍വിളിയാണ്. ഓരോ ദിവസവും വീട്ടിലെ ജോലികളെല്ലാം തീര്‍ത്ത് കിടക്കുമ്പോള്‍ ക്ഷീണത്തിനേക്കാള്‍ മടുപ്പാണ് തോന്നുക.. നാളെയും ഇതുപോലെ ഒരു ദിവസം വരാനുണ്ടല്ലോ എന്നാണ് അപ്പോള്‍ ആലോചിക്കുക. ആഴ്ചയില്‍ ആകെ കിട്ടുന്ന അവധി ദിനത്തില്‍ പോലും അദ്ദേഹം ചിലപ്പോള്‍ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ക്ക് പോകും. ഇടയ്ക്ക് ഷോപ്പിങിനോ സിനിമയ്ക്കോ പോകുമ്പോള്‍ പോലും ഭര്‍ത്താവും മക്കളും ഫോണില്‍ കുത്തിക്കൊണ്ടിരിക്കും." യാന്ത്രികമായ ജീവിതരീതി മൂലം ജീവിതത്തോട് മടുപ്പ് അനുഭവപ്പെടുന്നതാണ് ലിസയുടെ പ്രശ്നം. എന്നാല്‍ അവര്‍ മാത്രം വിചാരിച്ചാല്‍ അത് പരിഹരിക്കാന്‍ കഴിയില്ല. കുടുംബത്തിലുള്ള മറ്റ് അംഗങ്ങളുടെ പിന്തുണയും സ്നേഹവും കൂടി ആവശ്യമാണ്. ഇത് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. ദിവസവും മടുത്തുജീവിക്കുന്ന ഒരുപാടു പേര്‍ കേരളത്തിലെ അണുകുടുംബങ്ങള്‍ക്കുള്ളിലുണ്ട്.
ഒരു കാലഘട്ടം കഴിഞ്ഞാല്‍ ജീവിതം ഒരേ താളത്തിലാണ് മുന്നോട്ടു പോകുന്നത്. ജോലി, കുടുംബം, കുട്ടികള്‍. ഒരോ ദിവസവും ഇന്നലെയുടെ ആവര്‍ത്തനമാകുമ്പോള്‍ ജീവിതത്തില്‍ ഇടയ്ക്ക് വിരസത അനുഭവപ്പെടുന്നത് സ്വാഭാവികം. എന്നാല്‍ ജീവിതത്തിനോടു തന്നെ മടുപ്പു തോന്നത്തക്കവിധം യാന്ത്രികമായി മാറിയിട്ടുണ്ട് ജീവിതരീതിയെങ്കില്‍ അത് അപകടകരമാണ്.
ഉറങ്ങി ഉണരുന്ന യന്ത്രങ്ങൾ
കുടുംബത്തിനുള്ളിലും പുറത്തും നേരിട്ടുള്ള ആശയവിനിമയം കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഭക്ഷണം കഴിക്കേണ്ട സമയമാകുമ്പോള്‍ വീടിന്‍റെ മുകള്‍നിലയിലെ മുറികളിലുള്ള മക്കളെ വിളിക്കാന്‍ മെസേജും മിസ് കോളും വാട്സ്അപ്പ് സന്ദേശവും ഉപയോഗിക്കുന്ന മാതാപിതാക്കളുണ്ട്. ജോലി കഴിഞ്ഞ് മടങ്ങി വന്നാലും ഭാര്യയും ഭര്‍ത്താവും കൂടുതല്‍ സമയവും ഫോണില്‍ ചെലവിടുന്നു. സോഷ്യല്‍മീഡിയസൈറ്റുകളില്‍ കയറി ഇറങ്ങുന്നു. കുട്ടികള്‍ ടി.വി കാണുകയോ വീഡിയോഗെയിം കളിക്കുകയോ ചെയ്യുന്നു. ഫലത്തില്‍ വീട്ടിലെ ഓരോ വ്യക്തിയും യന്ത്രങ്ങളായി മാറുകയാണ്. ജോലി ചെയ്യുകയും ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന യന്ത്രങ്ങള്‍. ഇത്തരത്തിലുള്ള ജീവിതരീതി ബന്ധങ്ങളുടെ കെട്ടുറപ്പ് കുറയ്ക്കും. പരസ്പരം അടുപ്പമില്ലാതെ ഒരു കൂരയ്ക്കു കീഴില്‍ കഴിയുമ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടല്‍ അനുഭവപ്പെടും. ചുറ്റിലും എല്ലാവരും ഉണ്ടെങ്കിലും തനിച്ചാണ് എന്ന തോന്നലിലാവും ഇവരുടെ ജീവിതം. മാനസികപിരിമുറുക്കത്തില്‍ തുടങ്ങി വിഷാദരോഗത്തിലേയ്ക്കു വരെ നയിക്കാവുന്ന അപകടകരമായ ഒരു അവസ്ഥയാണിത്. മനസ്സു തുറന്ന് സംസാരിക്കാന്‍ സമയം കണ്ടെത്തുക എന്നത് പ്രധാനമാണ്. എത്ര തിരക്കേറിയ ജോലിയാണെങ്കിലും വീട്ടിലെത്തിയാല്‍ കുടുംബത്തോടൊപ്പം ചെലവിടാന്‍ സമയം കണ്ടെത്തണം. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്ന് അല്പസമയം സംസാരിക്കാം. പലരും പല സമയത്ത് ഭക്ഷണം കഴിക്കുന്ന ശീലം അവസാനിപ്പിക്കണം. ഒരു മേശയക്കു ചുറ്റും ഒത്തുകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് തന്നെ പരസ്പരസ്നേഹത്തിന്‍റെ അടയാളമാണ്. ഭക്ഷണം കഴിക്കുന്ന വേളയില്‍ ടി.വി, ഫോണ്‍ എന്നിവ കഴിവതും ഒഴിവാക്കണം. ജډദിനങ്ങളും വിവാഹവാര്‍ഷികവും ആഘോഷിക്കപ്പെടേണ്ടതു തന്നെയാണ്. ആ അവസരത്തില്‍ അവര്‍ക്കായി വീട്ടില്‍ സര്‍പ്രൈസ് ഗിഫ്റ്റുകളോ ആഘോഷങ്ങളോ സംഘടിപ്പിക്കാം. വലിയ സമ്മാനങ്ങളോ പാര്‍ട്ടിയോ വേണമെന്നില്ല. രാവിലെ ഉറങ്ങിയെഴുന്നേറ്റ് വരുമ്പോള്‍ ഒരു വിഷ് പറയുന്നതു പോലും അവരെ സന്തോഷിപ്പിച്ചെന്നിരിക്കും. വീട്ടിലെ രണ്ടുപേരും ഉദ്യോഗസ്ഥരാവുമ്പോള്‍ മക്കളുമൊത്ത് ചെലവിടുന്ന സമയം കുറവായിരിക്കും. പക്ഷേ കിട്ടുന്ന സമയം അവരോട് സംസാരിക്കാം. പഠനത്തെ കുറിച്ച് മാത്രമല്ല സ്കൂളിലെ മറ്റുവിശേഷങ്ങളും സുഹൃത്തുക്കളുടെ കാര്യവും സംസാരിക്കാം. ഏതുസമയവും കുട്ടി മൊബൈലിലോ കമ്പ്യൂട്ടറിലോ നോക്കിയിരിക്കുന്നുവെങ്കില്‍ പതിയെ ആ ശീലം മാറ്റിയെടുക്കാം. വീട്ടില്‍ നടക്കുന്ന ചെറിയ കാര്യങ്ങള്‍ പോലും എല്ലാ അംഗങ്ങളും അറിയുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന ഒരു സാഹചര്യമാണ് വീട്ടില്‍ ഉണ്ടാകേണ്ടത്.
സോഷ്യല്‍മീഡിയ ആകാം പക്ഷേ...
ദൈനംദിന ജീവിതത്തില്‍ സോഷ്യല്‍മീഡിയയുടെ സ്വാധീനം വലുതാണ്. പക്ഷേ ദിവസം മുഴുവന്‍ ഓണ്‍ലൈന്‍ ആയാല്‍ ഓഫ്ലൈന്‍ ജീവിതം താളംതെറ്റും. ഓഫീസ് ജോലികളുടെ ഇടവേളകളില്‍ പോലും മൊബൈലില്‍ വാട്സ്അപ്പും ഫേസ്ബുക്കും നോക്കുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍. ഓരോ നിമിഷവും സോഷ്യല്‍മീഡിയയില്‍ അപ്ഡേറ്റ് ആയില്ലെങ്കില്‍ ഇവര്‍ അസ്വസ്ഥരാകും. ഇത്തരത്തില്‍ സോഷ്യല്‍മീഡിയ അഡിക്ട് ആകുന്നതോ അമിതസമയം സോഷ്യല്‍മീഡിയയില്‍ ചെലവിടുന്നതോ കുടുംബജീവിതത്തേയും ബന്ധങ്ങളേയും ബാധിക്കും. തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിക്കുന്നയാളെ നേരിട്ട് കാണുമ്പോള്‍ ഗുഡ്മോണിങ് പറഞ്ഞില്ലെങ്കിലും രാവിലെ വാട്സ്അപ്പ് വഴി ലോകത്തിന്‍റെ നാനാഭാഗങ്ങളിലും താമസിക്കുന്നവര്‍ക്ക് സുപ്രഭാതം ആശംസിക്കുന്നവരുണ്ട്. യഥാര്‍ത്ഥലോകത്തില്‍ നിന്നും അവിടെ താമസിക്കുന്നവരില്‍ നിന്നും വിട്ടുമാറി മറ്റൊരു മിഥ്യാലോകത്ത് വ്യാപരിക്കുന്നവരാണ് ഇക്കൂട്ടര്‍. പെട്ടന്ന് വീട്ടില്‍ ഒരു അത്യാവശ്യഘട്ടം വന്നാല്‍ അയല്‍ക്കാരനേ ഉണ്ടാകൂ എന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ കുറച്ചു സമയത്തേയ്ക്കെങ്കിലും കണക്ട്റ്റിവിറ്റി ഇല്ലാതിരിക്കുന്നത് നല്ലതാണ്. ആ സമയം വീട്ടുകാര്യങ്ങള്‍ക്കു മാത്രമായി നീക്കി വക്കാം. വീട്ടില്‍ എല്ലാവരും പങ്കെടുക്കേണ്ട ഒരു ചടങ്ങിന് പോകുന്നതോ സാധനങ്ങള്‍ വാങ്ങേണ്ടതിനെ പറ്റിയോ ഒക്കെ ചര്‍ച്ച ചെയ്യാം. വീട്ടില്‍ അന്ന് ഉണ്ടായ ചെറിയ കാര്യങ്ങളെ പറ്റി പോലും മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാം. വീട്ടില്‍ പ്രായമായ അച്ഛനോ അമ്മയോ ഉണ്ടെങ്കില്‍ അവരോട് സംസാരിക്കാന്‍ അല്പം കൂടുതല്‍ സമയം കണ്ടെത്തണം. വീട്ടിനു പുറത്തൊരു ജീവിതം ഇല്ലാത്തവരാകും അവരില്‍ ഭൂരിഭാഗവും. എല്ലാവരും വീട്ടിലെത്തുന്ന സമയം കാത്തിരിക്കുകയാവും അവര്‍. വീട്ടിലെ ഓരോരുത്തരുടേയും സംസാരവും സാമിപ്യവും ഏറ്റവും ആഗഹിക്കുന്നതും പ്രായമായവരാണ്.
കൊച്ചു കൊച്ചു സ്വപ്നങ്ങള്‍
വീടും ജോലിയും കുട്ടികളും ഒക്കെയായുള്ള ഓട്ടപ്പാച്ചിലിനിടയില്‍ സ്വന്തം സ്വപ്നങ്ങളെ മറന്നു പോകുന്നവരാണ് ഭൂരിഭാഗവും. ജീവിതത്തില്‍ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ കൊണ്ടുനടക്കുന്നത് നല്ലതാണ്. തുടര്‍ന്നു ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നത് ഇത്തരം സ്വപ്നങ്ങളാണ്. ജീവിതത്തില്‍ എന്നെങ്കിലും ഒരിക്കല്‍ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു യാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങാം. അതിനുള്ള പണം ഓരോ മാസവും കുറേശ്ശെയായി സമ്പാദിക്കാം. പുതുതായി എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് സമയം കണ്ടെത്താം. വീട്ടിന്‍റെ മുറ്റത്ത് ഇഷ്ടപ്പെട്ട മരങ്ങളോ ചെടികളോ നട്ടുവളര്‍ത്താം. പൂന്തോട്ടം പരിപാലിക്കുന്നതില്‍ തത്പരരാണെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലൊരു പൂന്തോട്ടം വീട്ടുമുറ്റത്തോ ബാല്‍ക്കണിയിലോ ഒരുക്കിയെടുക്കാം. പൂന്തോട്ടനിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ സഹായിക്കുന്ന ക്ലാസുകളില്‍ ചേരാം. നിങ്ങള്‍ ജോലിചെയ്യുന്നത് ചിലപ്പോള്‍ ഇഷ്ടപ്പെട്ട മേഖലയില്‍ ആകണമെന്നില്ല. മുഴുവന്‍ സമയവും ആ ജോലി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി അതിനായി കുറച്ചു സമയം ദിവസവും നീക്കി വയ്ക്കാം. എഴുത്തുമായി ബന്ധപ്പെട്ട മേഖല ആണ് ഇഷ്ടം എങ്കില്‍ ബ്ലോഗിങിന് സമയം ചെലവിടാം. നൃത്തം, സിനിമ, സംഗീതം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തും ജീവിതത്തോട് ചേര്‍ത്ത് പിടിക്കണം.
സന്തോഷം ഒരു മനോഭാവമാണ്
ജീവിതം എത്ര അലട്ടലില്ലാതെ നീങ്ങിയാലും നിരാശരായ ചിലരുണ്ട്. എന്തുനേടിയാലും സന്തോഷിക്കാന്‍ മറന്നുപോകുന്നവരാണ് ഇവര്‍. ജീവിതത്തില്‍ എന്തൊക്കെ പ്രതിസന്ധികളിലൂടെ കടന്നു പോയാലും സദാ പ്രസന്നവദനരായി കാണപ്പെടുന്നവരും ഉണ്ട്. ജീവിതത്തോടുള്ള മനോഭാവമാണ് ഓരോ വ്യക്തിയിലും സന്തോഷമോ സങ്കടമോ നിറയ്ക്കുന്നത്. ആഹ്ലാദകരവും ദുഖകരവുമായ നിമിഷങ്ങള്‍ ഉണ്ടാകും. ദുഖകരമായ നിമിഷങ്ങളെ കുറിച്ചു മാത്രം ഓര്‍ക്കുമ്പോള്‍ ജീവിതത്തിലെ ആഹ്ലാദങ്ങളാണ് നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. എന്നും ഒരേ താളത്തില്‍ മുന്നോട്ടു പോയാല്‍ ജീവിതം യാന്ത്രികമാകും. ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാകുന്നത് നല്ലതാണ്. എന്നാല്‍ ദിവസവും ഇത്ര സമയത്ത് എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നതു വരെയുള്ള കാര്യങ്ങള്‍ ഒരേ ചിട്ടയില്‍ മുന്നോട്ടു പോയാല്‍ എളുപ്പം മടുക്കും. ഓരോ ദിവസത്തിലും ശുഭകരമായ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കുക. മാറ്റങ്ങളെ ഭയപ്പെടാതെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണം. പണത്തിനേക്കാള്‍ മൂല്യം ബന്ധങ്ങള്‍ക്ക് നല്‍കണം. എന്തൊക്കെയോ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ ജീവിക്കാന്‍ മറന്നു പോകരുത്. എന്തു നേടി എന്നതിനേക്കാള്‍ എത്ര ആസ്വദിച്ചു എന്നതിനാകട്ടെ നിങ്ങളുടെ ജീവിതത്തില്‍ മുന്‍ഗണന.
* ദിവസത്തില്‍ അല്പസമയം നിങ്ങള്‍ക്കു വേണ്ടി മാത്രമായി നീക്കിവയ്ക്കണം. പുസ്തകം വായിക്കാന്‍, സിനിമ കാണാന്‍, സംഗീതം കേള്‍ക്കാന്‍...അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്കായി മാത്രം കുറച്ചു സമയം ചെലവിടാം. ഇത് മനസ്സില്‍ സന്തോഷം നിറയ്ക്കും.
* വര്‍ഷങ്ങളായി ഒരേ ജോലിയില്‍ അല്ലെങ്കില്‍ ഒരേ വീട്ടില്‍ കഴിയുന്നതാകും ചിലരെയെങ്കിലും മടുപ്പിക്കുന്നത്. ജീവിതത്തില്‍ ഇടയ്ക്ക് മാറ്റം നല്ലതാണ്. നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ മറ്റേതെങ്കിലും ശാഖയിലേയ്ക്ക് മാറ്റം കിട്ടുമെങ്കില്‍ അതിന് ശ്രമിക്കുക. അധികം അകലെയുള്ള ശാഖ ആകണമെന്നില്ല. മറ്റൊരു ഓഫീസില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്ക് പുതിയൊരു ഉണര്‍വ് ലഭിക്കുമെന്ന് ഉറപ്പ്
* വീട്ടുജോലികള്‍ എന്നും ഒരാള്‍ തന്നെ ചെയ്യുന്നതില്‍ മാറ്റം കൊണ്ടുവരാം. ആഴ്ചയില്‍ ഓരോ ദിവസവും വീട്ടിലെ ഒരോ അംഗങ്ങളും മാറിമാറി ജോലികള്‍ ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കാം.
* ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടില്‍ എല്ലാവരും ഒന്നിച്ച് ഭക്ഷണം തയ്യാറാക്കാം. പരസ്പരം ഉള്ള അടുപ്പം കൂടാന്‍ ഇത് സഹായിക്കും.
* ദിവസവും ഒരേ ബസില്‍ ഓഫീസിലേയ്ക്കു പോകുന്ന ആളാണോ നിങ്ങള്‍? എന്നാല്‍ ആ ശീലം മാറ്റാം. വേറെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ഓഫീസില്‍ എത്താം. നടക്കാന്‍ കഴിയുന്ന ദൂരമാണെങ്കില്‍ ഒരു ദിവസം നടന്ന് പോകാം. ചുറ്റിവളഞ്ഞ വഴിയിലൂടെ ഓഫീസില്‍ എത്തിക്കുന്ന ഒരു ബസ് ഉണ്ടെന്നിരിക്കട്ടെ. വല്ലപ്പോഴുമെങ്കിലും ഒരു മാറ്റത്തിന് അതില്‍ കയറാം.
* പണത്തിന്‍റെ കണക്ക് സൂക്ഷിക്കുന്നത് നല്ലതാണ്. പക്ഷേ ഓരോ മാസത്തേയ്ക്കും ഇത്ര രൂപയ്ക്ക് പലചരക്ക്, ഇത്ര രൂപയ്ക്ക് വസ്ത്രങ്ങള്‍ എന്നിങ്ങനെ കണിശത പുലര്‍ത്തുന്നത് ചിലപ്പോള്‍ വീട്ടില്‍ എല്ലാവര്‍ക്കും മടുപ്പുണ്ടാക്കും. ഇത്തരം കടുംപിടുത്തങ്ങളില്‍ അല്പം വിട്ടുവീഴ്ചകള്‍ ചെയ്യാം.
* മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് കുടുംബവുമൊത്ത് വിനോദയാത്ര നടത്തുന്നതിനുള്ള ആനുകൂല്യങ്ങളും അവധിയും അനുവദിക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്താം. ഇനി ഈ ആനുകൂല്യം ഇല്ലെങ്കില്‍ തന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും കുടുംബവുമൊത്ത് ഒരു ദൂരയാത്ര പോകാം. പറ്റുമെങ്കില്‍ ഇന്‍റര്‍നെറ്റിനോ മൊബൈല്‍ഫോണിനോ കണക്ടിവിറ്റി ഇല്ലാത്ത സ്ഥലം തന്നെ തിരഞ്ഞെടുക്കുക. മനസ്സ് റീചാര്‍ജ് ചെയ്യാന്‍ ഇതു സഹായിക്കും.
(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services