21 December, 2015 ((Our Article published in Arogyamangalam Magazine - December 2015))
തങ്ങളുടെ മക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാനാണു എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. അതിനായി പേരും പെരുമയുള്ള സ്കൂളുകളില്‍തന്നെ കുട്ടികളെ പഠിപ്പിക്കും. അവര്‍ക്കു പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. അതിരാവിലെ വിളിച്ചുണര്‍ത്തി സ്പെഷ്യല്‍ ട്യൂഷനും ഹോം ട്യൂഷനും പറഞ്ഞയക്കും. എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമപ്പിച്ച് സ്കൂള്‍ ബസില്‍ യാത്രയാക്കും. വൈകിട്ട് മടങ്ങിയെത്തിയാല്‍ ഹോം വര്‍ക്കുകള്‍ ചെയ്യിക്കാന്‍ കൂടെയിരിക്കും. ഇങ്ങനെ മക്കളെ പഠിപ്പിക്കാനുള്ള വ്യഗ്രതയാണു ഓരോ കുടുംബങ്ങളിലും അരങ്ങേറുന്നത്. അതേസമയം മക്കളുടെ പഠനകാര്യത്തിലുള്ള അമിതമായ ഉത്കണ്ഠയും ആശങ്കകളും ചില കുടുംബങ്ങളിലെങ്കിലും ഭാര്യ-ഭര്‍തൃബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നുവെന്നത് നിഷേധിക്കാനാകാത്ത യാഥാര്‍ഥ്യമാകുകയാണ്. കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ സാധാരണഗതിയില്‍ അമ്മമാരാണു കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. അമ്മ എന്നനിലയില്‍ മക്കളുടെ പഠനകാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമ്പോള്‍ ഭാര്യ എന്നനിലയിലുള്ള കടമ നിറവേറ്റാന്‍ അവര്‍ക്കു കഴിയാതെ വരുന്നതാണു ഇത്തരം പ്രശ്നങ്ങളുടെ പ്രധാന കാരണം. ജോലി കഴിഞ്ഞ് രാത്രി വൈകി ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ കാണുന്നത് കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാര്യയെ. ക്ഷീണിച്ചു വന്നുകയറിയ തനിക്ക് ഒരു ഗ്ലാസ് ചായ നല്‍കാനോ സമയത്ത് ആഹാരം നല്‍കാനോ തനിക്കൊപ്പം അല്‍പനേരം ചെലവഴിക്കാനോ ഭാര്യ തയ്യാറാകാതെ വരുന്നത് സ്ഥിരം അനുഭവമാകുമ്പോള്‍ സ്വാഭാവികമായും ഭര്‍ത്താവ് അസ്വസ്ഥനാകും. മക്കളെ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി പഠിപ്പിക്കുന്ന അമ്മമാരാണെങ്കില്‍, ചിലപ്പോള്‍ അവരെ തല്ലിയെന്നോ ശകാരിച്ചെന്നോ ഇരിക്കും. ഇവിടെ കുട്ടികളുടെ കരച്ചില്‍കൂടി ആകുമ്പോള്‍ ഈ രംഗത്തിനു സാക്ഷ്യം വഹിക്കുന്ന ഭര്‍ത്താവ് കൂടുതല്‍ അസ്വസ്ഥനാകും. ഭാര്യ പരോക്ഷമായെങ്കിലും അവഗണിച്ചതിലുള്ള അസ്വസ്ഥതകളും കുട്ടികളുടെ കരച്ചിലും ബഹളവുമൊക്കെകൊണ്ട് അസ്വസ്ഥനാകുന്ന ഭര്‍ത്താവ് ഈ സാഹചര്യത്തില്‍ ഭാര്യയുമായി വഴക്കിനു മുതിരുക സ്വാഭാവികം. ഇവിടെ ഭാര്യ തെറ്റുകാരിയാകുന്നില്ലെന്നിരിക്കെ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത് കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട ആ കുടുംബത്തിലെ സാഹചര്യമാണ്. ഭര്‍ത്താവിനും ഭാര്യക്കും ജോലിയുള്ള ചില കുടുംബങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഓഫീസ് കഴിഞ്ഞാല്‍ നേരത്തെ വീട്ടിലെത്തുന്ന ഭാര്യ കുട്ടികളുടെ പഠനത്തിനു പിന്നാലെ കൂടുമ്പോള്‍ വൈകിയെത്തുന്ന ചില ഭര്‍ത്താക്കന്‍മാര്‍ക്കെങ്കിലും നേരിടേണ്ടിവരുന്നത് മേല്‍പറഞ്ഞ അനുഭവം തന്നെ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള മാനസികപൊരുത്തമാണു ഒരു കുടുംബത്തിന്‍റെ അടിത്തറ എന്നിരിക്കെ, ഏതുകാര്യത്തിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളും കുടുംബത്തിന്‍റെ നിലനില്‍പ്പിനെ ബാധിക്കുമെന്നുറപ്പാണ്.
എന്തുകൊണ്ട് ഇത്തരം സാഹചര്യങ്ങള്‍?
കുട്ടികളുടെ വിദ്യാഭ്യാസം നിസാരമായി കാണേണ്ട ഒന്നല്ല. കുട്ടികളെ പഠിച്ച് മിടുക്കരാക്കേണ്ടത് ഏതൊരു മാതാപിതാക്കളുടെയും കര്‍ത്തവ്യമാണ്. പക്ഷേ അവരെ മിടുക്കന്‍മാരോ മിടുക്കികളോ ആക്കാനുള്ള വ്യഗ്രതക്കിടെ സ്വകാര്യ ഇഷ്ടങ്ങളും വ്യക്തിതാല്‍പര്യങ്ങളും നിറവേറ്റപ്പെടാതെ പോയിട്ട് എന്തുകാര്യം? പറഞ്ഞുവരുന്നത് കുട്ടികളുടെ വിദ്യാഭ്യാസം മാതാപിതാക്കളുടെ ബാധ്യതയാകുന്നതിനെ കുറിച്ചാണ്. കുട്ടികളെ പഠിപ്പിക്കേണ്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സ്കൂള്‍ അധികൃതര്‍ക്കാണെന്നിരിക്കെ, പല സ്കൂളുകളും ഹോം വര്‍ക്കുകളുടെ പേരില്‍ വീട്ടുകാരുടെമേല്‍ ബാധ്യത അടിച്ചേല്‍പ്പിക്കുകയാണ്. പിറ്റേദിവസം സ്കൂളില്‍ ചെല്ലുമ്പോള്‍ തങ്ങളുടെ കുട്ടി ഹോം വര്‍ക്ക് ചെയ്യാതിരുന്നതിന്‍റെ പേരിലോ മനപാഠമാക്കാത്തിന്‍റെ പേരിലോ ശിക്ഷിക്കപ്പെടരുത് എന്നാഗ്രഹിക്കുന്ന മാതാപിതാക്കള്‍, പ്രത്യേകിച്ചും അമ്മമാര്‍ ഓരോ ദിവസവും രാത്രി വൈകുംവരെ മക്കളുടെ പഠനത്തിനൊപ്പം കൂട്ടിരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. കുട്ടിയെ പഠിപ്പിച്ച് മിടുക്കനോ മിടുക്കിയോ ആക്കണമെന്നും അവര്‍ നാളെ ക്ലാസ് മുറിയിലേക്കു ചെല്ലുമ്പോള്‍ പിന്തള്ളപ്പെട്ടുപോകാന്‍ പാടില്ലെന്നും അധ്യാപകരുടെ ശാസനക്ക് ഇരയാകാന്‍ പാടില്ലെന്നും ആഗ്രഹിക്കുന്നവരാണ് അമ്മമാര്‍. രാത്രി ഉറക്കത്തിനുമുമ്പേ കിട്ടുന്ന കുറച്ചു സമയമാണ് മക്കളുടെ പഠനത്തിനും ഭര്‍തൃപരിചരണത്തിനും അടുക്കളയിലുമായി അമ്മമാര്‍ക്കു ചെലവഴിക്കേണ്ടി വരുന്നതെന്നും മറക്കേണ്ട.
കുട്ടികള്‍ പഠിക്കേണ്ടത് മാതാപിതാക്കളുടെ സഹായമില്ലാതെ
ട്യൂഷന്‍ ക്ലാസ്സുകളിലും സ്കൂളിലുമായി ഏറിയ സമയവും പഠനവുമായി ബന്ധപ്പെട്ടാണു കുട്ടികളുടെ ജീവിതം. വീട്ടില്‍ ചെലവഴിക്കാന്‍ കിട്ടുന്ന, മാതാപിതാക്കളോടൊപ്പം ഇടപെഴകാന്‍ ലഭിക്കുന്ന അല്‍പം സമയംപോലും അവര്‍ക്കു പഠനത്തിനായി മാറ്റിവെക്കേണ്ടി വരുന്നു. ഒരര്‍ഥത്തില്‍ ക്ലാസ്സ് മുറികളിലേതിനെക്കാള്‍ സംഘര്‍ഷം അവര്‍ വീട്ടിനുള്ളിലെ പഠനമുറികളിലാണു നേരിടുന്നത്. ഹോം വര്‍ക്കുകളും അസൈന്‍മെന്‍റുകളും കാണാതെ പഠിത്തവുമായി വീട്ടിനുള്ളിലും ചടഞ്ഞിരിക്കേണ്ടിവരുന്ന കുട്ടികളും നല്ല രീതിയില്‍തന്നെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. കുട്ടികളുടെ അവസ്ഥ ഇതാണെങ്കില്‍ രണ്ടുരീതിയിലുള്ള ഇടപെടലുകളാണു കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടു മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഒന്നാമതായി കുട്ടികളുടെ ഹോംവര്‍ക്കുകളില്‍ അവരെ സഹായിക്കാനുള്ള മനസ്ഥിതി. മറ്റൊന്നു കുട്ടികളെ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി പഠിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം. ഈ രണ്ടുകാര്യങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം. കുട്ടികളെ മാതാപിതാക്കളുടെ സഹായമില്ലാതെതന്നെ പഠിപ്പിക്കാനുള്ള പൂര്‍ണ ചുമതല സ്കൂള്‍ അധികൃതര്‍ക്കാണ്. കുട്ടികളുടെ പഠനത്തെ മാതാപിതാക്കളുടെ ബാധ്യതയാക്കുന്ന സ്കൂളുകളുടെ മനോഭാവം തീര്‍ച്ചയായും മാറ്റേണ്ടതാണ്. മാത്രമല്ല, മാതാപിതാക്കളുടെ സഹായമില്ലാതെ പഠിക്കാനുള്ള ആത്മവിശ്വാസം കുട്ടികളും സ്വയം ആര്‍ജിച്ചിരിക്കണം. ഈ രണ്ടു സാഹചര്യങ്ങളും പ്രാവര്‍ത്തികമായെങ്കില്‍ മാത്രമേ കുട്ടികളുടെ പഠനം മാതാപിതാക്കളുടെ ബാധ്യതയാകുന്ന അവസ്ഥ മാറുകയുള്ളൂ.
കുട്ടികളുടെ പഠനത്തില്‍ ഇടപെടാമോ?
കഴിയുന്നതും കുട്ടികളുടെ പഠനകാര്യത്തില്‍ ഒരു മേല്‍നോട്ടമോ നിരീക്ഷണമോ മാത്രമേ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടുള്ളൂ. കുട്ടിക്ക് ഏതെങ്കിലും പഠനവിഷയത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നു തോന്നുമ്പോള്‍ മാതാപിതാക്കള്‍ക്കു കൂടെയിരിക്കാം. പക്ഷേ അതില്‍ മാതാവിന്‍റെയും പിതാവിന്‍റെയും ഇടപെടല്‍ ഒരുപോലെ ആയിരിക്കണമെന്നു മാത്രം. അല്ലാതെ കുട്ടികളുടെ പഠനം മാതാവിന്‍റെ മാത്രം ബാധ്യതയാണെന്നും പിതാവും പിതാവിന്‍റെ ബാധ്യതയാണെന്നു മാതാവും ധരിക്കരുത്. അമ്മക്കും അച്ഛനും അവരവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ കുട്ടികളെ പഠനത്തിനു സഹായിക്കാം. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കിടയില്‍ പരസ്പര ധാരണ വേണം. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സാഹചര്യം പ്രത്യേകം മനസിലാക്കിവേണം ഇക്കാര്യത്തില്‍ ഭര്‍ത്താവും ഭാര്യയും എന്നനിലയില്‍ ഇരുവരും പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതും.
കുട്ടികളെ അടിച്ചിരുത്തി പഠിപ്പിക്കരുത്
കുട്ടികളെ പഠിപ്പിക്കാന്‍ ഇടപെടുമ്പോള്‍ തന്നെ പഠിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കു നല്‍കണം. പഠനകാര്യത്തില്‍ മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഒരുമേല്‍നോട്ടം മാത്രം മതി. കുട്ടികളുടെ പഠനകാര്യത്തില്‍ ചില മാതാപിതാക്കളെങ്കിലും തങ്ങളുടെ താല്‍പര്യങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് പലപ്പോഴും കുട്ടികളില്‍ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കുന്നത്. കുട്ടികളെപ്പറ്റി അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നതാണ് പലപ്പോഴും മാതാപിതാക്കളെ ഈ നിര്‍ബന്ധിത അവസ്ഥയിലേക്കു വഴിതെളിക്കുന്നത്. തന്‍റെ മകന്‍ അല്ലെങ്കില്‍ മകള്‍ ക്ലാസില്‍ ഒന്നാമതാകണമെന്നും ഭാവിയില്‍ ഡോക്ടറോ എഞ്ചിനീയറോ കലക്ടറോ ഒക്കെ ആയി തീരണമെന്നും അവര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നു. ഒരുപക്ഷേ കുട്ടിക്ക് അതിനുള്ള ബുദ്ധിപരമായ കഴിവോ താല്‍പര്യമോ ഉണ്ടായിരിക്കണമെന്നില്ല. മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം എത്താന്‍ കഴിയാതെ വരുമ്പോള്‍ കുട്ടി മാനസികമായി തളരും. അയലത്തെ കുട്ടിയുമായോ ക്ലാസിലെ മറ്റൊരു കുട്ടിയുമായോ സ്വന്തം കുട്ടിയെ തുലനപ്പെടുത്തി സ്വന്തം മക്കള്‍ കഴിവുകെട്ടവരാണെന്നു കുറ്റപ്പെടുത്തുന്നതും ചില മാതാപിതാക്കളുടെ പ്രവണതയാണ്. ഇക്കൂട്ടരും മക്കളെ അടിച്ചിരുത്തി പഠിപ്പിക്കുന്നു. സ്വന്തം കുട്ടിയുടെ പഠനകഴിവിലുള്ള ന്യൂനതയെ പൊക്കിക്കാണിച്ച് എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുക എന്നതു മറ്റുചില മാതാപിതാക്കളുടെ വിനോദമാണ്. സ്വന്തം കുട്ടിയുടെ മികവിനെയോ നല്ല ഗുണങ്ങളെയോ പറ്റി ഇവര്‍ ഒരിക്കല്‍പോലും പരാമര്‍ശിക്കുകയില്ല. ഇക്കൂട്ടരും കുട്ടികള്‍ക്കുമേല്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം പറയേണ്ടതില്ലല്ലോ. പഠനം ആനന്ദകരമായ ഒരു അനുഭവമാക്കി മാറ്റാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. അങ്ങനെ ഉത്സാഹവും സന്തോഷവും ലഭിക്കുന്ന ഒരന്തരീക്ഷം കിട്ടുകയാണെങ്കില്‍ മാത്രമേ കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ ശരിയായ അര്‍ത്ഥത്തില്‍ പ്രകടിപ്പിക്കാനാവൂ. നിര്‍ബന്ധബുദ്ധിയോടെയും വാശിയോടെയും കുട്ടികളുടെ പഠനകാര്യത്തില്‍ മാതാപിതാക്കള്‍ ഒരിക്കലും ഇടപെടരുത്.
പഠനം കുട്ടികള്‍ക്കു ഭാരമാകുമ്പോള്‍
ഇന്നത്തെ പാഠ്യസമ്പ്രദായങ്ങള്‍ അമിത പഠനഭാരമാണു കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. അസൈന്‍മെന്‍റുകളും പ്രോജക്ടുകളും ഹോം വര്‍ക്കുകളും കാണാതെ പഠിക്കലുമായി ഉണര്‍ന്നിരിക്കുന്ന സമയമത്രയും അവര്‍ പഠന ഭാരം പേറുകയാണ്. അതിരാവിലെ വിളിച്ചുണര്‍ത്തി പറഞ്ഞുവിടുന്ന സ്പെഷ്യല്‍ ട്യൂഷനുകളില്‍ തുടങ്ങി തോളില്‍ തൂക്കി പോകുന്ന സ്കൂള്‍ ബാഗുകളില്‍വരെ ആ ഭാരം പ്രകടമാണ്. സ്കൂള്‍ ബാഗുകളുടെ അമിതമായ ഭാരം മൂലം തോള്‍വേദനയും നട്ടെല്ലുവേദനയും വിദ്യാര്‍ഥികളുടെ പൊതുവായ ആരോഗ്യപ്രശ്നമായി മാറുന്നുവെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുസ്തകങ്ങളുടെ ഭാരം കുറയ്ക്കാന്‍ അനുവദിക്കുന്നതിനൊപ്പം കുട്ടികള്‍ക്കു കുടിവെള്ളവും ഭക്ഷണ സൗകര്യവും ഒരുക്കേണ്ടത് സ്കൂളുകളുടെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ പഠനത്തിനൊപ്പംതന്നെ ആരോഗ്യസംരക്ഷണത്തിനും മുന്‍കൈയെടുക്കേണ്ട ഉത്തരവാദിത്തവും സ്കൂളുകള്‍ക്കുണ്ട്.
ഇനി കുട്ടികളോടു കുറച്ചു സ്വകാര്യം
പഠനത്തില്‍ നിങ്ങള്‍ മുന്‍നിരയിലുണ്ടാകണം എന്ന് നിങ്ങളുടെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ട്. അതിനായി നിങ്ങള്‍ക്ക് ആവശ്യമെന്നു തോന്നുന്ന എല്ലാവിധ സൗകര്യവും അവര്‍ ചെയ്തുതരും. പക്ഷേ പഠനം നിങ്ങള്‍ക്കൊരു ബാധ്യത ആയി തീരാതെ ആസ്വദിച്ചു പഠിക്കുന്നതിലാണു നിങ്ങളുടെ മിടുക്ക്. പഠിക്കാന്‍ പ്രയാസമെന്നു തോന്നുന്ന പാഠങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ സ്കൂള്‍ അധ്യാപകരോടോ ട്യൂഷന്‍ അധ്യാപകരോടോ ചോദിച്ചു മനസിലാക്കുക. കഴിവതും മാതാപിതാക്കളുടെ സഹായം തേടാതെ തന്നെ പഠിക്കാന്‍ ശ്രമിക്കുക. പാഠപുസ്തകങ്ങള്‍ക്കൊപ്പം ചുറ്റും നടക്കുന്നതിനെക്കുറിച്ചും അറിയാന്‍ ശ്രമിക്കുക. കുറച്ചുസമയം പത്രവായനയും ടെലിവിഷന്‍ വാര്‍ത്തകള്‍ വീക്ഷിക്കുന്നതും ജീവിതത്തിന്‍റെ ഭാഗമാക്കുക. പഠനത്തിലും ജീവിതത്തിലും വിജയം നേടാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. ഞാന്‍ ആര്‍ക്കും പിന്നിലല്ല എന്നൊരു ബോധം സ്വയം ഉണ്ടാവണം. മറ്റുള്ളവരെപ്പോലെ ആകാനല്ല, തന്‍റേതായ രീതിയില്‍ ജീവിക്കാനും വിജയിക്കുവാനുമാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. വീട്ടുകാരും അധ്യാപകരും പഠിത്തത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പുകഴ്ത്തിപ്പറയുകയും അവരുമായി താരതമ്യം ചെയ്ത് തങ്ങളെ താഴ്ത്തിപ്പറയുന്നതിലും മനസ് വിഷമിപ്പിക്കേണ്ടതില്ല. എന്നാല്‍ മത്സരബുദ്ധി ഉണ്ടാവുകയും വേണം. കലാകായിക ഇനങ്ങളില്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം മാതാപിതാക്കളോടും അധ്യാപകരോടും പറയുക. പഠനത്തിനു തടസ്സമാകാതെ അതും മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുക. പഠിക്കാനും പാഠ്യേതര കാര്യങ്ങള്‍ക്കും ഒരു ടൈംടേബിള്‍ തയ്യാറാക്കി സൂക്ഷിക്കുക. സ്കൂളുകളില്‍നിന്നോ സഹപാഠികളില്‍നിന്നോ പുറത്തുനിന്നോ മോശം അനുഭവങ്ങള്‍ ഉണ്ടായാല്‍ അതും മാതാപിതാക്കളോടോ അധ്യാപകരോടോ പറയാന്‍ മടിക്കരുത്. എവിടെയും നല്ല സുഹൃത്തുക്കളെ കണ്ടെത്തി മികച്ച സൗഹൃദവലയം ഉണ്ടാക്കുകയും അത് നിങ്ങളുടെ പഠനത്തിനും ഗുണപരമായ മറ്റുകാര്യങ്ങള്‍ക്കും വിനിയോഗിക്കുകയും ചെയ്യുക.
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services