06 November, 2017 (Our Article published in Aarogyamangalam Magazine-November 2017)
തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ് നിത. അച്ഛനും അമ്മയും സഹോദരനും വര്‍ഷങ്ങളായി വിദേശത്ത് താമസമാണ്. നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹത്താല്‍ നിത മാത്രം മടങ്ങിപ്പോരുകയായിരുന്നു. മൂന്നു മാസം മുന്‍പായിരുന്നു അവളുടെ വിവാഹം. തിരുവനന്തപുരത്തു തന്നെയുള്ള ഒരു ബിസിനസ്സ് കുടുംബത്തിലെ അംഗമായിരുന്നു വരന്‍. നിതയുടെ അച്ഛനും അമ്മയും സഹോദരനും അവധിയ്ക്ക് വരുന്നത് അനുസരിച്ച് ചടങ്ങുകള്‍ പെട്ടെന്ന് നടത്തി. പഠനവും ജോലിയുമായി ജീവിതത്തിലെ കൂടുതല്‍ സമയവും ഒറ്റയ്ക്ക് താമസിച്ചിട്ടുള്ള നിത വിവാഹശേഷം ഒരു കൂട്ടുകുടുംബത്തിലേയ്ക്കാണ് എത്തിപ്പെട്ടത്. ഭര്‍ത്താവിന്‍റെ സഹോദരനും ഭാര്യയും കുട്ടികളും സഹോദരിയും അച്ഛനമ്മമാരും ഉള്‍പ്പെട്ടതായിരുന്നു കുടുംബം. കൂടുതല്‍ സമയവും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായിരുന്നു നിത. എന്നാല്‍ ഭര്‍ത്താവിന്‍റെ വീടാകട്ടെ എപ്പോഴും ബഹളമയമായിരുന്നു. ഇതിനു പുറമേ നിതയുടെ ഭര്‍ത്താവിന് പൂച്ചകളെ ഏറെ ഇഷ്ടമായിരുന്നു. അയാള്‍ സുന്ദരന്‍മാരായ രണ്ടു പൂച്ചകളെ വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നു. അവയ്ക്ക് വീട്ടില്‍ സര്‍വസ്വതന്ത്ര്യവും അനുവദിച്ചു നല്‍കിയിരുന്നു. വീട്ടില്‍ എല്ലായിടത്തും അവ ചുറ്റിത്തിരിഞ്ഞു നടന്നു. യാതൊരു ജീവികളേയും വളര്‍ത്തി ശീലമില്ലാത്ത നിതയ്ക്കാവട്ടെ പൂച്ചകള്‍ ഊണുമേശയിലും കിടക്കയിലും അടുക്കളയിലും കയറി നടക്കുന്നത് കണ്ട് അറപ്പു തോന്നി. തന്‍റെ അനിഷ്ടം അവള്‍ ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തന്‍റേയും വീട്ടുകാരുടേയും ശീലങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും വീട്ടിലേയ്ക്കു വന്ന പെണ്‍കുട്ടി അതുമായി പൊരുത്തപ്പെടാന്‍ തയ്യാറാവണമെന്നുമായിരുന്നു അയാളുടെ മറുപടി. ഇതെ ചൊല്ലി അവര്‍ തമ്മില്‍ വഴക്കുകള്‍ പതിവായി. ഈ രീതിയില്‍ അധികം കാലം അവിടെ ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്ന് നിത തീരുമാനിച്ചു. അവള്‍ ഹോസ്റ്റലിലേയ്ക്കു മാറി. മകളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് അച്ഛനമ്മമാര്‍ നാട്ടിലെത്തി. സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചിരുന്ന അവര്‍ക്ക് മകളുടെ വിവാഹബന്ധം തകരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. അങ്ങനെയാണ് അവര്‍ മകളേയും കൂട്ടി എന്‍റെ അടുക്കല്‍ എത്തിയത്. നിതയുടെ ഭര്‍ത്താവിനും ഇതൊരു ഷോക്ക് തന്നെയായിരുന്നു. തന്‍റെ വിവാഹജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ വന്നു. ഇരുവരും അവരവരുടെ ഭാഗത്തു നിന്ന് മാത്രമാണ് കാര്യങ്ങളെ നോക്കി കണ്ടത് എന്നതാണ് ഇവിടെ സംഭവിച്ചത്. തന്‍റെ പെരുമാറ്റം അല്ലെങ്കില്‍ ശീലം മറ്റൊരാളെ എങ്ങനെ ബുദ്ധിമുട്ടിക്കും എന്ന് അവര്‍ ചിന്തിച്ചതേയില്ല. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ നിത ശ്രമിച്ചതേയില്ല. ഇവിടെ ജീവിക്കാന്‍ തനിക്കു കഴിയില്ല എന്ന മനോഭാവത്തോടെയാണ് അവള്‍ കാര്യങ്ങളെ സമീപിച്ചത്. ഭര്‍ത്താവകട്ടെ, വീട്ടില്‍ വന്നു കയറുന്ന പെണ്‍കുട്ടി എല്ലാം സഹിക്കാന്‍ തയ്യാറാവണം എന്ന ചിന്താഗതിക്കാരനായിരുന്നു. ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും തങ്ങളുടെ തെറ്റ് ബോധ്യമായി. ഇരുവരും തങ്ങളുടെ വീഴ്ചകള്‍ തിരുത്താന്‍ തയ്യാറായപ്പോള്‍ അവര്‍ക്കിടയിലെ പ്രശ്നങ്ങളും അവസാനിച്ചു.
പങ്കാളികളുടെ സ്വഭാവശീലങ്ങളിലെ പൊരുത്തമില്ലായ്മ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ വേണ്ടരീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ അത് വിവാഹമോചനത്തിനു വരെ കാരണമായേക്കാം. നിസ്സാരമെന്ന് കണക്കാക്കി അവഗണിക്കുന്ന ശീലങ്ങള്‍ക്ക് പോലും വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയും.
ഭക്ഷണം മാറുമ്പോള്‍
ഓരോ വ്യക്തിയുടേയും ഭക്ഷണശീലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കുടുംബജീവിതത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍ ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച അനിവാര്യമായി വരും. ഈ ഭക്ഷണം എനിക്കിഷ്ടമല്ല എന്ന്ു പറയാനും അത് കഴിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയ്ക്കും ഉണ്ട്. എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണം പങ്കാളി കഴിച്ചാല്‍ അതിനെ തടസ്സപ്പെടുത്തേണ്ടതില്ല. മാത്രമല്ല ആ ഭക്ഷണം വീട്ടില്‍ പാകം ചെയ്യാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കണം. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് നോണ്‍വെജ് ഇഷ്ടപ്പെടുന്ന പങ്കാളിയെ ലഭിച്ചാല്‍ വിരുദ്ധമായ ഭക്ഷണതാത്പര്യങ്ങള്‍ മൂലം അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് ശരി എന്നൊരു നിലപാട് സ്വീകരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. മറിച്ച് ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു, പങ്കാളി അവന് അല്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു എന്ന് ചിന്തിച്ചാല്‍ അവിടെ പ്രശ്നങ്ങള്‍ ഇല്ല. വെജ് ഇഷ്ടപ്പെടുന്നയാളെ നോണ്‍വെജ് കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും നോണ്‍വെജ് ഇഷ്ടപ്പെടുന്നയാളെ വെജിറ്റേറിയന്‍ ആക്കാന്‍ ശ്രമിക്കുമ്പോഴും അയാളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനു മേല്‍ നിങ്ങള്‍ കൈകടത്തുകയാണെന്ന് ഓര്‍മ്മിക്കുക. മതവിശ്വാസങ്ങള്‍ മതചിന്തകള്‍ക്ക് അതീതമായി പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ ഭാവിയില്‍ വിശ്വാസങ്ങളുടെ പേരില്‍ കലഹിക്കാനുള്ള സാധ്യത കൂടുതലാണ്. വിവാഹസമയത്ത് പങ്കാളിയുടെ നിര്‍ബന്ധം മൂലം മറ്റൊരു മതത്തിലേയ്ക്ക് മാറേണ്ടി വന്നവര്‍ ഉണ്ടാകാം. വര്‍ഷങ്ങളായി പിന്തുടര്‍ന്നു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മറക്കുന്ന സാധ്യമല്ല. പഴയ വിശ്വാസത്തിലേയ്ക്ക് തിരികെ പോകാനുള്ള ആഗ്രഹം അവരുടെ ഉള്ളില്‍ എല്ലായ്പ്പോഴും നിലനില്‍ക്കുന്നുണ്ടാകും. ഏതെങ്കിലും അവസരത്തില്‍ പഴയ വിശ്വാസങ്ങള്‍ പങ്കാളിയുടെ മനസ്സില്‍ നിലനില്‍ക്കുന്നു എന്ന് രണ്ടാമത്തെയാള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി. മതം മാറാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ പോലും പിന്നീട് കുട്ടികളുണ്ടാകുന്ന സമയത്ത് അവരെ ഏതു വിശ്വാസരീതിയില്‍ വളര്‍ത്തണം എന്നതിനെ ചൊല്ലി വഴക്കിടാറുണ്ട്. എന്‍റെ വി്ശ്വാസമാണ് ശരി എന്ന നിലപാടു തന്നെയാണ് ഇവിടേയും കുഴപ്പം ഉണ്ടാക്കുന്നത്. ഞാന്‍ ഞാനായി നിലനില്‍ക്കും അതേസമയം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യും എന്ന് തീരുമാനിച്ചാല്‍ അവിടെ പ്രശ്നങ്ങള്‍ അവസാനിക്കും.
ജീവിതരീതികള്‍ ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന ചിന്ത മുറുകെ പിടിക്കുന്ന മനുഷ്യരുണ്ട്. ഇവര്‍ പൊതുവേ സമ്പാദ്യങ്ങളില്‍ വിശ്വസിക്കാറില്ല. കിട്ടുന്ന പണം മുഴുവന്‍ ചെലവിടാനാകും ഇവര്‍ക്ക് താത്പര്യം. സാമ്പത്തികഭദ്രതയെ കുറിച്ചോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചോ ഇവര്‍ കാര്യമായി ആശങ്കപ്പെടാറില്ല. അതേസമയം കിട്ടുന്ന പണം മുഴുവന്‍ നാളേയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാന്‍ താത്പര്യം കാണിക്കുന്നവര്‍ ഉണ്ട്. വളരെ പിശുക്കി മാത്രമേ ഇവര്‍ പണം കൈകാര്യം ചെയ്യുകയുള്ളൂ. ഈ രണ്ടു വിരുദ്ധസ്വഭാവങ്ങളില്‍ പെട്ടവരാണ് പങ്കാളികളെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. രണ്ടുപേരും സ്വന്തം നിലയ്ക്ക് സമ്പാദിക്കുന്നവരാണെങ്കില്‍ പ്രശ്നങ്ങള്‍ കുറേയൊക്കെ ഒഴിവായെന്നു വരും. ഓരോരുത്തരും അവരവരുടെ പണം ചെലവിടുന്നതിനാലാണ് ഇത്. അതേസമയം പങ്കാളികളിലൊരാള്‍ക്ക് വരുമാനം ഇല്ല എന്നു വരികയാണെങ്കില്‍ പ്രശ്നങ്ങള്‍ ഗുരുതരമാകും. രണ്ടുപേരുടേയും നിലപാട് ഇവിടെ ശരിയാണ്. ജീവിതം ആഘോഷിക്കാനും സമ്പാദിക്കാനും ഉള്ളതാണ്. എന്നാല്‍ രണ്ടിനും ഒരു അതിര്‍വരമ്പ് നിശ്ചയിക്കണമെന്നു മാത്രം. പണം സമ്പാദിക്കേണ്ടതിന്‍റേയും ചെലവിടേണ്ടതിന്‍റേയും ആവശ്യത്തെ പറ്റി പരസ്പരം ചര്‍ച്ച ചെയ്യുക. ഇനിയങ്ങോട്ട് ഇരുവരും ഒരുമിച്ചാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്ന കാര്യം മനസ്സില്‍ വച്ചുകൊണ്ടാകണം ചര്‍ച്ച. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. വളര്‍ന്നു വന്ന സാഹചര്യങ്ങളാണ് ഓരോ വ്യക്തിയുടേയും ജീവിതരീതി നിര്‍ണ്ണയിക്കുന്നത്. കുടുംബങ്ങള്‍ തമ്മില്‍ സാമ്പത്തികമായി ഏറെ അന്തരം ഉണ്ടെങ്കില്‍ ആ വിവാഹബന്ധത്തിലെ പങ്കാളികളുടെ സ്വഭാവത്തിലും അത് പ്രതിഫലിക്കും. സമ്പത്തിനു നടുവില്‍ വളര്‍ന്നൊരാളുടെ ജീവിതരീതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് പരിചിതമായിരിക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കാളിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനും അവരെ മനസ്സിലാക്കാനും കഴിയണം. എങ്കില്‍ മാത്രമേ പരസ്പര ഐക്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.
ചില ശീലങ്ങള്‍ മാറ്റണം
ചെറുപ്പം മുതലേ പാലിച്ചു വന്ന ശീലങ്ങള്‍ പിന്നീട് ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ എളുപ്പമല്ല. ചിലര്‍ ചിട്ടയായ ജീവിതം പിന്തുടരുന്നവരാകും. വീട്ടിലെ ഓരോ സാധനങ്ങളും ഇന്ന സ്ഥലത്ത് ഇരിക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധം ഉണ്ടാകും. അലക്ഷ്യമായി ഒന്നും ചിതറിക്കിടക്കുന്നത് കാണാന്‍ ഇത്തരം വ്യക്തികള്‍ ആഗ്രഹിക്കുകയില്ല. ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, വ്യായാമം, ഭക്ഷണം ഇങ്ങനെ ഓരോന്നിനും ഇവര്‍ക്ക് കൃത്യമായ സമയം ഉണ്ടാകും. എന്നാല്‍ ഇതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ജീവിതം നയിക്കുന്നവരുണ്ട്. അവര്‍ക്ക് ഒന്നിനും പ്രത്യേക സമയം ഉണ്ടാകാറില്ല. ഓരോ ദിവസവും അതിന്‍റേതായ വഴിയ്ക്ക് മുന്നോട്ടു പോകും എന്നാണ് അവര്‍ ചിന്തിക്കുക. ഈ രണ്ടുകൂട്ടരും ഒരുമിച്ചാല്‍ അവരുടെ വിവാഹജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരാള്‍ എല്ലാം ചിട്ടയായി അടുക്കിവയ്ക്കുമ്പോള്‍ അടുത്തയാള്‍ അതെല്ലാം അലങ്കോലമാക്കിയിടും. വഴക്കുണ്ടാകാന്‍ കൂടുതല്‍ കാരണങ്ങള്‍ തിരയേണ്ടതില്ല. തന്‍റെ തെറ്റ് തിരിച്ചറിയുക എന്നത് മാത്രമാണ് ഇവിടെ വഴക്ക് ഒഴിവാക്കാന്‍ മാര്‍ഗ്ഗം. പങ്കാളിയുടെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുക. അങ്ങനെ ചിന്തിക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ തെറ്റും ശരിയും തിരിച്ചറിയാനാകും. എല്ലാം എപ്പോഴും ചിട്ടയായിരിക്കണം എന്ന വാശി വേണ്ട, ജീവിതം അങ്ങനെ അളന്നു മുറിച്ച് ജീവിക്കേണ്ട ഒന്നല്ല. അതേസമയം മറ്റൊരാളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എല്ലാം എപ്പോഴും അലങ്കോലമാക്കിയിടുന്നത് വളരെ മോശം ശീലങ്ങളില്‍ ഒന്നാണ്. വീടും പരിസരവും വൃത്തിയായും അടുക്കോടെയും സൂക്ഷിക്കേണ്ടത് പങ്കാളിയെ പോലെ തന്നെ നിങ്ങളുടേയും ആവശ്യമാണ്. വീടു വൃത്തിയാക്കാനും ജോലികള്‍ പങ്കിട്ടു ചെയ്യാനും ശീലിക്കാം.
ഇഷ്ടങ്ങള്‍ അനിഷ്ടങ്ങളാകുമ്പോള്‍
ഓരോ വ്യക്തിയ്ക്കും ഓരോ താത്പര്യങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് ഇംഗ്ലീഷ് സിനിമകളോടും പാശ്ചാത്യസംഗീതത്തോടും ഇഷ്ടം ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് മലയാളം സിനിമകളും പാട്ടും മാത്രം കേള്‍ക്കാനായിരിക്കും താത്പര്യം. നൈറ്റ് ക്ലബ്ബും പാര്‍ട്ടിയും ഒരു വിഭാഗം ആളുകള്‍ക്ക് ജീവിതത്തില്‍ നിന്ന് ഒഴിച്ചു കൂടാന്‍ ആകാത്തതാണെങ്കില്‍ മറ്റൊരു വിഭാഗം ആളുകള്‍ക്ക് ബഹളങ്ങളില്‍ നിന്നകന്ന് വീട്ടില്‍ ഒതുങ്ങി കൂടിയിരിക്കാന്‍ ആയിരിക്കും താത്പര്യം. വളര്‍ന്നു വന്ന സാഹചര്യങ്ങളും സാമ്പത്തികനിലയും ആകും ഓരോരുത്തരുടേയും താത്പര്യങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടാകുക. വിവാഹം കഴിഞ്ഞു എന്നു കരുതി ഒരാള്‍ അയാളുടെ താത്പര്യങ്ങളെ ഉപേക്ഷിക്കണമെന്നില്ല. അതേസമയം പങ്കാളിയെ നിര്‍ബന്ധിച്ച് തന്‍റെ ശീലങ്ങളിലേയ്ക്ക് മാറ്റാന്‍ ശ്രമിക്കരുത്. ഓരോ വ്യക്തിയും സ്പെഷ്യല്‍ ആണ് എന്ന കാര്യം ആണ് ഇവിടെ ഓര്‍ക്കേണ്ടത്. അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ അവരെ അനുവദിക്കുക. അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക. ലൈംഗികബന്ധത്തിലും ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ പ്രതിഫലിച്ചേക്കാം. ചിലര്‍ക്ക് ലൈംഗികകാര്യങ്ങളില്‍ അമിത താത്പര്യം ഉണ്ടായിരിക്കും. പങ്കാളിയ്ക്ക് ചിലപ്പോള്‍ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ലൈംഗികബന്ധത്തിന് ഒട്ടും താത്പര്യം കാണിക്കാത്ത പങ്കാളിയെ ലഭിച്ചാലും ഇതേ അവസ്ഥ ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ പ്രശ്നങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക.
യാത്ര പോകാം
വിവാഹത്തിനു ശേഷം പങ്കാളിയുമൊത്ത് യാത്രകള്‍ പോകാന്‍ ശ്രമിക്കുക. യാത്രകള്‍ മനസ്സിന്‍റെ വാതിലുകള്‍ വിശാലമാക്കും. ഭിന്നസ്വഭാവക്കാരായ വ്യക്തികളേയും വിചിത്രമായ ജീവിതരീതികളും പരിചയപ്പെടാന്‍ യാത്രകള്‍ അവസരമൊരുക്കും. തങ്ങളുടെ പ്രശ്നങ്ങള്‍ എത്ര നിസ്സാരമാണ് എന്നൊരു ചിന്ത രണ്ടുപേരുടേയും ഉള്ളില്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. കൂടാതെ യാത്രകളില്‍ ഒരുപാട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. കൂടാതെ യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരും അവരവരുടെ കംഫര്‍ട്ട്സോണില്‍ നിന്ന് പുറത്തു വരും. ജീവിതത്തെ കൂടുതല്‍ മനസ്സിലാക്കാനും എല്ലാം ഉള്‍ക്കൊള്ളാനും യാത്രകള്‍ സഹായിക്കും.
താന്‍ ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങള്‍ ഉള്ള പങ്കാളിയെ വേണമെന്നാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും വിരുദ്ധ സ്വഭാവമുള്ള വ്യക്തിയായിരിക്കും ജീവിതത്തിലേയ്ക്കു കടന്നു വരുന്നത്. എന്നാല്‍ അതില്‍ നിരാശപ്പെടേണ്ട ആവശ്യമില്ല. ഈ ലോകത്തില്‍ ഒന്നും പൂര്‍ണ്ണമല്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരും ഇല്ല. ചിലപ്പോള്‍ വിരുദ്ധസ്വഭാവം കാരണം ജീവിതം സ്വരച്ചേര്‍ച്ചയുള്ളതാകാം. പെട്ടെന്നു ദേഷ്യം വരുന്ന ഒരാള്‍ക്ക് ശാന്തശീലനായ പങ്കാളിയെ കിട്ടുന്നത് അനുയോജ്യമാണ്. പങ്കാളിയുടെ സ്വഭാവം എന്തു തന്നെയായാലും അത് ഉള്‍ക്കൊളളാനും പൊരുത്തപ്പെടാനും ആവശ്യമെങ്കില്‍ തിരുത്താനും ശീലിച്ചാല്‍ മാത്രമേ ദാമ്പത്യജീവിതം വിജയകരമാകൂ.
(-Ipdn-¸v :ഇതിൽ ഉപയോഗിച്ചിരിക്കുന്ന പേരുകൾ സാങ്കല്പികമാണ്)
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services