ഒളിച്ചോട്ടങ്ങൾക്ക് പിന്നിൽ...

07 May, 2018 (Our Article published in Arogyamangalam Magazine-May 2018)

അടുത്തിടെ എന്‍റെ കൗണ്‍സിലിങ് സെന്‍ററിലെത്തിയവരില്‍ ഒരാള്‍ ജിതേഷാണ്. നഗരത്തില്‍ ഒരു മെഡിക്കല്‍ഷോപ്പ് നടത്തുകയാണ് അയാള്‍. ഭാര്യ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായിരുന്നു.  ഇവര്‍ വിവാഹിതരായിട്ട് പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു. രണ്ടു പെണ്‍മക്കളാണ് അവര്‍ക്ക്. ഇരുവരും നഗരത്തിലെ ഒരു പ്രമുഖ സ്കൂളില്‍ പഠിക്കുന്നു. പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാതെ കുടുംബജീവിതം സന്തോഷകരമായി മുന്നോട്ടു പോകുകയായിരുന്നു. അതിനിടെ ഒരു ദിവസം ഭാര്യ ഏറെ വൈകിയിട്ടും ജോലിയില്‍ നിന്ന് മടങ്ങിയെത്തിയില്ല. അമ്മയെ കാണാതായപ്പോള്‍ മക്കള്‍ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. മൊബൈലില്‍ വിളിച്ചപ്പോള്‍ അത് സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അയാള്‍ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തി തിരക്കിയെങ്കിലും സമയത്തിന് തന്നെ അവിടെ നിന്ന് ഇറങ്ങി എന്ന മറുപടിയാണ് ലഭിച്ചത്. ഭാര്യ പോകാനിടയുള്ള സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളില്‍ തിരക്കിയെങ്കിലും അവിടെയൊന്നും അവര്‍ എത്തിയിട്ടില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ ഉപദേശപ്രകാരം അയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യ, അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു ജീവനക്കാരനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. കുറച്ചു കാലമായി പ്രണയത്തിലായിരുന്ന ഇരുവരും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയനുസരിച്ചാണ് നാടു വിട്ടത്. പൊലീസ് ഇടപെട്ട് അവരെ തിരികെയെത്തിച്ചെങ്കിലും ഭാര്യ ജിതേഷിനൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കേസും കോടതിയുമായി കാര്യങ്ങള്‍ ഒരു വഴിയ്ക്ക് മുന്നോട്ടു നീങ്ങുന്നുണ്ടെങ്കിലും ജിതേഷ് മാനസികമായി ആകെ തകര്‍ന്നു പോയി. ജീവനുതുല്യം സ്നേഹിച്ച ഭാര്യ മറ്റൊരാളോടൊപ്പം പോയത് അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. തന്‍റെ പെണ്‍മക്കളുടെ ഭാവിയെ കുറിച്ചോര്‍ത്തും അയാള്‍ ആശങ്കപ്പെട്ടു. പുറത്തേയ്ക്ക് ഇറങ്ങാനോ നാട്ടുകാരെ അഭിമുഖീകരിക്കാനോ അയാള്‍ ഭയന്നു. മക്കളെ സ്കൂളിലും അയച്ചില്ല. കാര്യങ്ങള്‍ മനസ്സിലാക്കിയ ബന്ധുക്കളില്‍ ചിലരാണ് അയാളെ എന്‍റെ അടുക്കലെത്തിച്ചത്. കാര്യങ്ങള്‍ കേട്ടപ്പോള്‍ ജിതേഷിന് ചെറിയൊരു ഭാഗ്യം ഒപ്പമുണ്ടെന്നാണ് എനിക്കു തോന്നിയത്. കാരണം അയാള്‍ക്ക് ഭാര്യയെ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. സ്വന്തം ജീവനും മക്കളേയും നഷ്ടപ്പെട്ടിട്ടില്ല. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഭര്‍ത്താവിനേയും മക്കളേയും നിഷ്കരുണം കൊലപ്പെടുത്തിയ എത്രയോ കഥകള്‍ അടുത്തകാലത്ത് പത്രങ്ങളില്‍ നാം വായിച്ചിരിക്കുന്നു. എല്ലാ സുഖസൗകര്യങ്ങളുടേയും നടുവില്‍ ജീവിക്കുന്നവര്‍ പോലും ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയി എന്നറിയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നാം. എന്നാല്‍ അവര്‍ ആ തീരുമാനത്തിലേയ്ക്ക് എത്താനിടയായ സാഹചര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ആരും താത്പര്യം കാണിക്കാറില്ല. 

വൈകാരികമായ തീരുമാനങ്ങള്‍

നല്ല ജീവിതസാഹചര്യങ്ങളും സമൂഹത്തില്‍ മാന്യമായ സ്ഥാനവും ഉള്ളവര്‍ ഒളിച്ചോടുമ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടാകുന്ന ഞെട്ടല്‍ ചെറുതല്ല. യാതൊരു പ്രശ്നങ്ങളുമില്ലാത്തപ്പോള്‍ എന്തിന് ഇവര്‍ ഇത് ചെയ്തു എന്നായിരിക്കും അവരുടെ ചോദ്യം. മറ്റൊരു ബന്ധത്തില്‍ അകപ്പെട്ടു പോകുന്നവര്‍ വരുംവരായ്കകളെ പറ്റി അധികം ചിന്തിക്കാറില്ലെന്നതാണ് സത്യം. അവര്‍ കാര്യങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കി കാണുന്നവര്‍ ആയിരിക്കില്ല. മറ്റൊരാളിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ ആ ബന്ധത്തില്‍ നിന്ന് ലഭിക്കുന്ന സുഖവും സന്തോഷവും മാത്രമാണ് അവരുടെ മനസ്സില്‍ ഉണ്ടാകുക. മിക്ക ബന്ധങ്ങളും ഒരു ഫോണ്‍ വിളിയില്‍ ആരംഭിച്ച് പിന്നീട് പിരിയാന്‍ കഴിയാത്ത തലത്തിലേയ്ക്ക് വളരുന്നവയാണ്. ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ആ വ്യക്തിയുടെ സ്വഭാവമോ ജീവിതസാഹചര്യങ്ങളോ ജോലിയോ പോലും പലപ്പോഴും ഇവര്‍ കണക്കിലെടുക്കാറില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരമൊരു ബന്ധത്തില്‍ അകപ്പെട്ടു പോയാല്‍ പിന്നീട് അവര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം വൈകാരികമായിരിക്കും. ഭര്‍ത്താവ്, കുട്ടികള്‍, വീട് എന്നതില്‍ നിന്ന് പുറത്തു കടന്ന് താനും ആ വ്യക്തിയും മാത്രം ഉള്ളൊരു ലോകത്തിലായിരിക്കും അവരുടെ ജീവിതം. വെറുമൊരു ആകര്‍ഷണം എന്നതിനപ്പുറം ഇവര്‍ തമ്മില്‍ ആഴത്തിലുള്ള സ്നേഹബന്ധം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ടു തന്നെ മിക്കബന്ധങ്ങളുടേയും അവസാനം മറ്റൊരു വേര്‍പിരിയലോ ആത്മഹത്യയോ തന്നെയാവും. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഇവരെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വരാന്‍ എളുപ്പമാണെങ്കിലും ബന്ധം മുറുകിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.  

പ്രായം ഒരു ഘടകമാണ്

വിവാഹം കഴിഞ്ഞ് മക്കള്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ ജീവിതത്തിലെ എല്ലാ ദിവസവും ഒരു പോലെയാകുന്നു എന്നൊരു തോന്നല്‍ ചില സ്ത്രീകള്‍ക്കെങ്കിലും ഉണ്ടാകും. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ ക്കപ്പുറം ജോലിയോ ബിസിനസ്സോ ഒന്നും ഇല്ലാതിരിക്കുന്ന വീട്ടമ്മമാര്‍ക്കാണ് ഈ സമയത്ത് ജീവിതം കൂടുതല്‍ വിരസമായി അനുഭവപ്പെടുക. ഭര്‍ത്താവും മക്കളും ജോലിയും പഠനവുമായി തിരക്കിലാവുകയും വെറുതെ സംസാരിച്ചിരിക്കാന്‍ പോലും വീട്ടില്‍ ആരും ഇല്ലാത്ത അവസ്ഥ വരികയും ചെയ്യുമ്പോള്‍ മടുപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇതിനു പുറമേ പ്രായം കൂടുന്തോറും തന്‍റെ സൗന്ദര്യവും ആകര്‍ഷകത്വവും നഷ്ടപ്പെടുന്നു എന്നൊരു ചിന്തയും ഇവരുടെ മനസ്സിനെ അലട്ടുന്നുണ്ടാകും. ജോലിത്തിരക്കുകള്‍ക്കിടയില്‍ സ്നേഹപൂര്‍വമുള്ള സംസാരങ്ങള്‍ കുറയുകയും ലൈംഗികബന്ധത്തില്‍ പഴയതു പോലെ താത്പര്യം കാണിക്കാതിരിക്കുകയും ചെയ്താല്‍ അത് ഭര്‍ത്താവിന് തന്നോടുള്ള താത്പര്യക്കുറവായേ ഇവര്‍ കണക്കാക്കൂ. ജീവിതത്തിലെ നല്ല ദിനങ്ങള്‍ അവസാനിച്ചു എന്ന തോന്നലില്‍ ജീവിക്കുമ്പോഴായിരിക്കാം പുതിയൊരാള്‍ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. അയാളുടെ വാക്കുകളുടെ മാധുര്യവും ഫോണ്‍സംഭാഷണങ്ങളും കഴിഞ്ഞു പോയ കാലം തിരികെ വരുന്നു എന്നൊരു പ്രതീതി സൃഷ്ടിക്കും. ദിവസവും കാണുന്ന ഭര്‍ത്താവ് തന്‍റെ കുറ്റങ്ങളും കുറവുകളും മാത്രം പറയുമ്പോള്‍ ജീവിതത്തിലേയ്ക്ക് കടന്നു വന്ന പുതിയയാള്‍ തന്‍റെ സൗന്ദര്യത്തേയും കഴിവിനേയും അംഗീകരിക്കുന്നതും പുതിയ ബന്ധത്തിലേയ്ക്ക് ഇവര്‍ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണമാകും. ആദ്യം ഒരു കൗതുകമെന്ന പോലെ തുടങ്ങുന്ന ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിയാതെ വളര്‍ന്ന് ഒടുവില്‍ ഒളിച്ചോട്ടത്തില്‍ കലാശിക്കുകയാണ് ചെയ്യുന്നത്. 'വെറുതെയിരിക്കുന്നവന്‍റെ തലച്ചോറ് ചെകുത്താന്‍റെ പണിപ്പുരയാണെന്ന (An Idle Brain is Devil's Workshop) ചൊല്ലാണ് ഇവിടെ പ്രസക്തം. ജീവിതത്തിന്‍റെ ഓരോ കാലഘട്ടങ്ങളിലും ഏതെങ്കിലും കാര്യങ്ങളില്‍ വ്യാപൃതരായില്ലെങ്കില്‍ അനാവശ്യമായ ചിന്തകള്‍ നമ്മുടെ മനസ്സിലേയ്ക്ക് കയറി വരും. സ്ഥിരവരുമാനം ഉള്ള ജോലിയോ ബിസിനസ്സോ ചെയ്യാനായില്ലെങ്കിലും പുതിയകാര്യങ്ങള്‍ പഠിക്കാനോ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കോ ഒക്കെ സമയം വിനിയോഗിക്കാം.  

നോ പറയാന്‍ പഠിക്കാം

ഇത്തരം ബന്ധങ്ങളില്‍ അകപ്പെട്ടു പോകുന്നവരില്‍ ചിലര്‍ക്കെങ്കിലും പിന്നീട് യാഥാര്‍ത്ഥ്യബോധം ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് മോചനം നേടണമെന്ന ആഗ്രഹം ഉണ്ടാകും. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ലെന്നതാണ് സത്യം. മറുഭാഗത്തു നിന്നുള്ള ഭീഷണിയോ ഭയമോ ഒക്കെയാണ് കാരണം. സാഹചര്യവശാല്‍ ഉടലെടുക്കുന്ന ബന്ധങ്ങള്‍ക്കപ്പുറം മനപൂര്‍വം സൗഹൃദം സ്ഥാപിച്ച് സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത് മുങ്ങുന്നവരും ഉണ്ടെന്നുള്ളത് മറ്റൊരു വശം. വെറുമൊരു സൗഹൃദത്തില്‍ തുടങ്ങി പിന്നീട് പിരിയാന്‍ പറ്റാത്ത പ്രണയത്തില്‍ എത്തിനില്‍ക്കുന്ന ബന്ധങ്ങളുടെ കാര്യമെടുത്താല്‍ പോലും പെട്ടന്നൊരു ദിവസം അതില്‍ നിന്ന് പിډാറുക എളുപ്പമല്ല. നടന്നതെല്ലാം ഭര്‍ത്താവിനേയും വീട്ടുകാരേയും അറിയിക്കുമെന്ന ഭീഷണി ഒന്നു മാത്രം മതി അവരുടെ പിډാറ്റത്തെ തടഞ്ഞു നിര്‍ത്താന്‍. ചെയ്ത പ്രവര്‍ത്തി തെറ്റായി പോയി എന്ന് തിരിച്ചറിഞ്ഞാല്‍ അത് തിരുത്താനുള്ള ആര്‍ജ്ജവമാണ് ഇവിടെ ആവശ്യം. കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് നീങ്ങുന്നതിന് മുന്‍പ് കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ഭര്‍ത്താവിന് നിങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ നേരിട്ട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നു വന്നാല്‍ വിശ്വസ്തരായ സുഹൃത്തുക്കളുടേയോ കൗണ്‍സിലറുടേയോ സഹായം തേടാം. അതേസമയം നോ എന്നു പറയാന്‍ പേടിച്ച് ബന്ധം മുന്നോട്ടു കൊണ്ടുപോയാല്‍ ഒടുവില്‍ അതൊരു ഒളിച്ചോട്ടത്തിലോ ആത്മഹത്യയിലോ കൊലപാതകത്തിലോ പോലും കലാശിക്കാം. 

അവരെ ശ്രദ്ധിക്കാറുണ്ടോ?

ഇന്നലെ വരെ തനിക്കൊപ്പം ഉണ്ടായിരുന്നയാള്‍ ഇന്ന് മറ്റൊരാള്‍ക്കൊപ്പം പോയി എന്നറിയുമ്പോള്‍ ഏതൊരാളും മാനസികമായി തകര്‍ന്നു പോകും. പക്ഷേ ഇത്തരം സംഭവങ്ങളിലെല്ലാം പൊതുവായി കാണുന്ന ഒരു പ്രത്യേകത, ഭാര്യയുടെ ഭാഗത്തു നിന്ന് ഇത്തരം ഒരു പ്രവര്‍ത്തിയുണ്ടാകുമെന്ന് അയാള്‍ മുന്‍പൊരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല എന്നതാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ജോലിയുടേയോ ബിസിനസ്സിന്‍റേയോ തിരക്കില്‍ ജീവിക്കുമ്പോള്‍ തന്‍റെ വീട്ടില്‍ എന്തൊക്കെ നടക്കുന്നു എന്ന് അയാള്‍ അറിയുന്നുണ്ടാകില്ല. വീടിനടുത്ത് മുറിയെടുത്ത് ഭാര്യയെ രഹസ്യമായി നിരീക്ഷിക്കുന്ന 'തളത്തില്‍ ദിനേശന്‍' മാരാകണമെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. പക്ഷേ വീടുമായും വീട്ടിലെ അംഗങ്ങളുമായും ദൃഢമായ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ടി.വി കാണുകയോ സുഹൃത്തുക്കളോട് മൊബൈലില്‍ സംസാരിച്ചിരിക്കുകയോ നെറ്റിനു മുന്നില്‍ സമയം ചെലവിടുകയോ ചെയ്യുന്നവരാണ് ഭൂരിഭാഗം ഭര്‍ത്താക്കന്‍മാരും. ഭക്ഷണം കഴിക്കുമ്പോള്‍ വീട്ടിലെ അംഗങ്ങളെല്ലാം ഒരുമിച്ച് ഇരിക്കുമെങ്കിലും അത് മിക്കപ്പോഴും ടി.വിയ്ക്ക് മുന്നിലായിരിക്കും. പരസ്പരം ഉള്ള സംസാരം കുറയാനും ജീവിതം യാന്ത്രികമായി മുന്നോട്ടു പോകാനും ഇത് ഇടയാക്കും. ദിവസത്തില്‍ അരമണിക്കൂറെങ്കിലും ടി.വിയും ഫോണും മാറ്റി വച്ച് പരസ്പരം സംസാരിച്ചിരിക്കാന്‍ സമയം കണ്ടെത്തണം. രണ്ടുപേരും ജോലിക്കാരാണെങ്കില്‍ ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പാചകവും മറ്റു വീട്ടുജോലികളും ഒരുമിച്ച് ചെയ്യാം. ജോലികള്‍ പങ്കിട്ടെടുക്കുമ്പോള്‍ സ്നേഹവും കരുതലും കൂടും. ജോലിയ്ക്കിടയില്‍ വീട്ടുവിശേഷങ്ങളും ഓഫീസ്കാര്യങ്ങളും പങ്കുവയ്ക്കുകയും ചെയ്യാം. എല്ലാ ദിവസവും അടുത്തു പെരുമാറുന്ന ഒരാളില്‍ മാറ്റങ്ങള്‍ സംഭവിച്ചാല്‍ അത് തിരിച്ചറിയാന്‍ എളുപ്പമാണ്. പങ്കാളി എന്തെങ്കിലും ഒളിയ്ക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ തുടക്കത്തില്‍ തന്നെ അത് ചോദിക്കാം. പരസ്പരം എന്തും സംസാരിക്കാനുള്ള അടുപ്പം നിങ്ങള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അവര്‍ അത് തുറന്നു പറയുമെന്ന് ഉറപ്പാണ്. അവര്‍ ഒന്നും തുറന്നു പറയാതിരിക്കുകയും എന്നാല്‍ എന്തോ ഒളിക്കുന്നു എന്ന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്താല്‍ അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ അവരോട് സംസാരിക്കണം. മറ്റൊരു ബന്ധത്തിലേയ്ക്ക് അവര്‍ വഴുതി വീഴുന്നു എന്ന് മനസ്സിലാക്കിയാല്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുന്നതാണ് അഭികാമ്യം.

ദൃഢമായ ബന്ധവും വിശ്വാസവുമാണ് കുടുംബബന്ധങ്ങളുടെ ആണിക്കല്ല്. അത് എക്കാലവും ഉറപ്പോടെ നിലനിര്‍ത്താനാണ് ഭാര്യഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കേണ്ടത്. ഒരേ വീടിനുള്ളില്‍ പരസ്പരം അപരിചിതരായി ജീവിക്കുമ്പോഴാണ് മറ്റൊരാള്‍ക്ക് ജീവിതത്തിലേയ്ക്ക് കടന്നു കയറാന്‍ അവസരം ഒരുങ്ങുന്നത്. അതിനാല്‍ സ്നേഹവും കരുതലും എപ്പോഴും പങ്കാളിയ്ക്ക് നല്‍കാം. നിങ്ങള്‍ അവരെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന് ബോധ്യം വന്നാല്‍ അവര്‍ ഒരിക്കലും മറ്റൊരു വഴിയെ കുറിച്ച് ചിന്തിക്കുകയില്ല. 

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ സാങ്കല്പികമാണ്)

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More