തോല്‍വിയെ നേരിടാം തോല്‍വിയെ അഭിമുഖീകരിക്കാന്‍ പഠിക്കാം

15 October, 2019 (Our article published in Chimizhu Magazine - Oct 2019)

മരണത്തെ മുഖാമുഖം കണ്ട ശേഷം തിരികെ ജീവിതത്തിലേയ്ക്ക് നടന്നു തുടങ്ങുകയായിരുന്നു ലിസ. ഏക മകളുടെ അവസ്ഥയില്‍ മനസ്സു വിഷമിച്ച് അവളുടെ മാതാപിതാക്കളും. പഠന കാര്യത്തില്‍ മുന്നിട്ടു നിന്ന വിദ്യാര്‍ത്ഥിനിയായിരുന്നു ലിസ. പ്ലസ് ടുവില്‍ മികച്ച വിജയം നേടിയ അവളെ അവര്‍ പ്രശസ്തമായ ഒരു എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററില്‍ ചേര്‍ത്തു. മകള്‍ മികച്ച റിസള്‍ട്ടുമായി വരുന്നത് കാത്തിരുന്ന മാതാപിതാക്കളെ തേടിയെത്തിയത് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്തയാണ്. പഠനത്തില്‍ മിടുക്കിയായ, അധ്യാപകരുടെ പ്രിയപ്പെട്ടവളായ മകള്‍ക്ക് കുറച്ചു മാസങ്ങള്‍ക്കൊണ്ട് എന്താണ് സംഭവിച്ചതെന്നറിയാതെ അവര്‍ വിഷമിച്ചു. സ്കൂളില്‍ എക്കാലത്തും പഠനത്തില്‍ മുന്നിലായിരുന്ന ലിസ ഏറെ പ്രതീക്ഷകളോടെയാണ് കോച്ചിങ് സെന്‍ററില്‍ എത്തിയത്. ആദ്യ ചാന്‍സില്‍ തന്നെ മികച്ച റാങ്കു നേടാം എന്ന് അവള്‍ കണക്കുകൂട്ടി. എന്നാല്‍ പലപ്പോഴും അവിടെ നടത്തിയ പരീക്ഷകളില്‍ അവള്‍ക്ക് പ്രതീക്ഷിച്ച മാര്‍ക്ക് വാങ്ങാന്‍ കഴിഞ്ഞില്ല. ഒപ്പം പഠിക്കുന്ന പലരും തന്നേക്കാള്‍ മുന്നിലെത്തിയതും അവളെ നിരാശയിലാഴ്ത്തി. എന്‍ട്രന്‍സിന്‍റെ ദിവസം അടുക്കുന്തോറും നിരാശ ഭയത്തിനു വഴിമാറി. ഉത്കണ്ഠയും പേടിയും കാരണം പഠനത്തില്‍ തീര്‍ത്തും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതായി. പരാജയം മുന്നില്‍ കണ്ടപ്പോള്‍ അവള്‍ തിരഞ്ഞെടുത്ത കുറുക്കു വഴിയായിരുന്നു ആത്മഹത്യ. ലിസയുടെ കഥ കേട്ടപ്പോള്‍ ഞെട്ടലോ അത്ഭുതമോ തോന്നിയില്ല. ജയിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന പുതുതലമുറയിലെ ഒരംഗം മാത്രമാണ് അവള്‍. പരാജയത്തെ എങ്ങനെ നേരിടണമെന്ന് അവര്‍ക്ക് അറിയില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലായിടത്തും ജയിച്ചു വരാന്‍ മാത്രം ശീലിപ്പിക്കുന്ന മാതാപിതാക്കളും സമൂഹവും, തോറ്റാല്‍ എന്തു ചെയ്യണമെന്ന് അവരെ പഠിപ്പിച്ചിട്ടില്ല.

അംഗീകരിക്കാം തോല്‍വിയെ

തോല്‍വിയെ അഭിമുഖീകരിക്കാന്‍ പഠിക്കുക എന്നത് ഏറെ പ്രധാനമാണ്. ആത്മഹത്യയിലേയ്ക്ക് തിരിയുന്നവര്‍ക്ക് കഴിയാതെ പോകുന്നതും ഇതു തന്നെയാണ്. ഒരു ഓട്ട മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാം വിജയിക്കുന്നില്ല. അതില്‍ ഒന്നാമതെത്തുന്നത് ഒരാള്‍ മാത്രമാണ്. മറ്റുള്ളവര്‍ പരാജയപ്പെടുന്നത് സ്വാഭാവികമാണ്. മത്സര പരീക്ഷകളുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇവിടെ തോല്‍വിയെ രണ്ടു തരത്തില്‍ നോക്കി കാണാം-ഞാന്‍ പരാജയപ്പെട്ടു പോയി, എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് കരുതുന്നവരാണ് ഒരു കൂട്ടര്‍. ഇവരാണ് വിഷാദത്തിലേയ്ക്ക് വഴുതി വീഴുന്നവര്‍. കൃത്യസമയത്ത് ഒരു സൈക്കോളജിസ്റ്റിന്‍റെ സഹായത്തോടെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടു വന്നില്ലെങ്കില്‍ ഇവര്‍ ആത്മഹത്യയിലേയ്ക്ക് നീങ്ങാന്‍ സാധ്യത ഏറെയാണ്. ഞാന്‍ വിജയത്തിന് അടുത്തെത്തി, ഇനി അവിടേയ്ക്ക് അധിക ദൂരം ഇല്ല എന്ന് കരുതുന്നവരാണ് രണ്ടാമത്തെ വിഭാഗം. അവര്‍ക്ക് തോല്‍വിയെ അംഗീകരിക്കാന്‍ കഴിയും. എല്ലാവരും എല്ലാ കാലത്തും വിജയിക്കുകയോ പരാജയപ്പെടുകയോ ഇല്ലെന്ന് മനസ്സിലാക്കിയവരാണ് ഇക്കൂട്ടര്‍. അതുകൊണ്ടു തന്നെ തോല്‍വിയുടെ ആഘാതത്തില്‍ ഇവര്‍ തളര്‍ന്നു പോകുകയില്ല. പരാജയത്തില്‍ നിന്നും പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഇവര്‍ക്ക് കഴിയും. ചെറുപ്പ കാലം തൊട്ട് കുട്ടികളില്‍ ഇത്തരമൊരു മനോഭാവം വളര്‍ത്തിയെടുക്കാനാണ് രക്ഷിതാക്കള്‍ ശ്രമിക്കേണ്ടത്. 

പരിശ്രമമാണ് വിജയം

എവിടെയെങ്കിലും തോല്‍ക്കുമ്പോഴല്ല, വീണ്ടും വിജയത്തിനായി പരിശ്രമിക്കാതിരിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുന്നത്. തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് തവണ പരാജയപ്പെട്ടെങ്കിലും വീണ്ടും ഒന്നു കൂടി ശ്രമിച്ചു നോക്കാനുള്ള എഡിസന്‍റെ മനസ്സാണ് ബള്‍ബ് എന്ന മഹത്തായ കണ്ടുപിടുത്തത്തിലേയ്ക്ക് നയിച്ചത്. വിജയിക്കാനുള്ള അദമ്യമായ ആഗ്രഹമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. അങ്ങനെയുള്ളൊരു വ്യക്തിയ്ക്ക് താന്‍ എത്ര തവണ പരാജയപ്പെട്ടു എന്നതൊരു പ്രശ്നമായിരിക്കില്ല. വിജയം മാത്രം മുന്നില്‍ കണ്ടു കൊണ്ട് അയാള്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കും. ജീവിതത്തില്‍ എന്തു ചെയ്യാന്‍ ഒരുങ്ങുമ്പോഴും ഈ ഒരു മനോഭാവത്തോടെ വേണം സമീപിക്കാന്‍. എത്ര തവണ പരാജയപ്പെട്ടാലും പിډാറില്ല എന്ന് കരുതുന്ന ഒരാള്‍ വിജയവും കൊണ്ടല്ലാതെ മടങ്ങി വരില്ല. 

തിരുത്തി മുന്നോട്ടു പോകാം

തോല്‍ക്കുമ്പോള്‍ മിക്കവരും നല്‍കുന്ന ഒരു ഉപദേശമാണ്-നീയതങ്ങ് മറന്നു കളഞ്ഞേക്കൂ. എന്നാല്‍ പരാജയങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്ന് മായ്ച്ചു കളയാന്‍ ഉള്ളതല്ല. ഓര്‍മ്മയില്‍ അതൊരു യാഥാര്‍ത്ഥ്യമായി തന്നെ നിലകൊള്ളണം. എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പലയാവര്‍ത്തി മനസ്സിനോടു ചോദിക്കണം. ലഭിക്കുന്ന ഉത്തരങ്ങളെ ഇഴകീറി പരിശോധിക്കണം. അപ്പോള്‍ മാത്രമേ വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അത് നികത്തി മുന്നോട്ട് പോകാന്‍ കഴിയൂ. ഒരാള്‍ ഒന്നിലേറെ തവണ തോല്‍ക്കുന്നതിന്‍റെ ഒരു കാരണം അയാള്‍ മുന്‍പ് ആവര്‍ത്തിച്ച അതേ തെറ്റ് തുടര്‍ന്നും ചെയ്യുന്നു എന്നതാണ്. തോല്‍വിയുടെ കാരണം കണ്ടെത്തിയാല്‍ മാത്രമേ വിജയത്തിലേയ്ക്കുള്ള വഴി മുന്നില്‍ തെളിയൂ. തോല്‍വിയില്‍ തളരാതെ തെറ്റുകള്‍ കണ്ടെത്തി അതു തിരുത്തി മുന്നോട്ടു പോകുന്ന ഒരാള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ലക്ഷ്യത്തിലെത്താന്‍ കഴിയും. 

ലക്ഷ്യത്തില്‍ മാത്രമാകരുത് ശ്രദ്ധ

ജീവിതത്തില്‍ എന്തു ചെയ്യുമ്പോഴും അതില്‍ നിന്ന് ലഭിക്കുന്ന നേട്ടത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുണ്ട്. ഒരു ഫലവൃക്ഷത്തിന്‍റെ തൈ നടുമ്പോള്‍ അതില്‍ നിന്ന് പഴം പറിക്കുന്നതു മാത്രമേ അവരുടെ മനസ്സില്‍ ഉണ്ടാകുകയുള്ളൂ. ആ വൃക്ഷത്തെ പരിപാലിക്കാനും അതിന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ആസ്വദിക്കാനും അവര്‍ക്ക് കഴിയാറില്ല. ലക്ഷ്യം നേടാന്‍ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്നല്ലാതെ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ചെയ്യുന്ന ഒന്നിനോടും പൂര്‍ണ്ണമായ താത്പര്യമില്ലാത്തവരാണ് ഇവര്‍. ഒരു നേട്ടത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എന്ന വിധമാകും ഇത്തരക്കാരുടെ ജീവിതം. അതുകൊണ്ടു തന്നെ വഴിമദ്ധ്യേ ഒരു പരാജയം വന്നാല്‍ അതിനെ അഭിമുഖീകരിക്കാന്‍ പ്രയാസപ്പെടും. എന്നാല്‍ ജീവിതത്തിന്‍റെ ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുന്നവരും ഉണ്ട്. വിജയത്തില്‍ മതിമറക്കാതെ പരാജയത്തില്‍ തളരാതെ ഒരേ ഒഴുക്കില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്നവര്‍. കര്‍മ്മത്തില്‍ മാത്രമായിരിക്കും അവരുടെ ശ്രദ്ധ. അതില്‍ നിന്നുണ്ടാകുന്ന നേട്ടങ്ങളോ കോട്ടങ്ങളോ അവരെ ബാധിക്കാറില്ല. ഇത്തരമൊരു മനോഭാവത്തോടെ ജീവിതത്തെ സമീപിക്കുകയാണെങ്കില്‍ തോല്‍വികള്‍ നിങ്ങളെ തളര്‍ത്തില്ല. 

ഒടുവില്‍ പ്രകാശം നിങ്ങളെ തേടിയെത്തും

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ പലരും പറഞ്ഞു കേള്‍ക്കാറുണ്ട്-ഇതെന്‍റെ അവസാനത്തെ അവസരമാണ്, ഇവിടെ പരാജയപ്പെട്ടാല്‍ പിന്നീട് എന്തു ചെയ്യണമെന്ന് അറിയില്ല. ഇത്തരം മനോഭാവത്തോടെ ഏതു കാര്യത്തെ സമീപിക്കുമ്പോഴും പരാജയപ്പെടാന്‍ സാധ്യത കൂടുതലാണ്. അതൊരു പക്ഷേ അവസാനത്തെ അവസരമായിരിക്കാം എങ്കില്‍ പോലും മനസ്സിനോട് അത് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അത് മനസ്സിനെ സമ്മര്‍ദ്ദത്തിലാക്കുകയും തോല്‍വിയിലേയ്ക്കു നയിക്കുകയും ചെയ്യും. പകരം ഞാന്‍ വിജയിക്കുമെന്ന് തീര്‍ച്ചയാണ്, പക്ഷേ അത് ഇന്നോ നാളയോ ആകണമെന്നില്ല എന്ന ചിന്തയോടെ കാര്യങ്ങളെ സമീപിക്കുന്നൊരാള്‍ക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ കഴിയും. ജീവിതത്തില്‍ എന്തെങ്കിലുമൊരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോള്‍ നിങ്ങള്‍ ഒരു ടണലിനുള്ളിലേയ്ക്ക് പ്രവേശിക്കുകയാണ്. അതിനുള്ളിലൂടെ എത്ര ദൂരം നടന്നാലാണ് പുറത്തെത്തുകയെന്ന് നിശ്ചയമില്ല. വഴിയില്‍ തളര്‍ന്നിരിക്കുന്നവര്‍ പരാജയപ്പെടും. എന്നാല്‍ ഇരുട്ടിലൂടെ മുന്നിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോയാല്‍ ഒരു നാള്‍ പ്രകാശം നിങ്ങളെ തേടിയെത്തുമെന്ന് ഉറപ്പാണ്. 

 

(ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More