18 August, 2015 ((Our Article published in Aayurarogyam Magazine- August 2015))
കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ദൃശ്യം എന്ന ചിത്രം സൈബര്‍ ഭീഷണികളില്‍ അകപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വിഹ്വലതകളും കുടുംബജീവിതത്തെ ബാധിക്കുന്ന ആകുലതകളും എന്താണെന്നു ഓരോ മലയാളിയെയും ബോധ്യപ്പെടുത്തിയിരുന്നു. നവമാധ്യമങ്ങളുടെ ദുരുപയോഗം പെണ്‍കുട്ടികളുടെ കുടുംബത്തിനുണ്ടാക്കുന്ന തീരാവേദനകളുടെ കഥ പറഞ്ഞ ദൃശ്യത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അന്‍സിബ എന്ന നടി പിന്നീട് മറ്റൊരു രീതിയില്‍ സൈബര്‍ ഭീഷണിയുടെ ഇരയാകുന്നതും വാര്‍ത്തകളിലൂടെ നാം കേട്ടറിഞ്ഞു. അന്‍സിബയുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും അതുവഴി പ്രചരിപ്പിക്കപ്പെട്ട വ്യാജഫോട്ടോകളും വ്യാജവാര്‍ത്തകളും വ്യക്തിജീവിതത്തില്‍ തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ ആ പെണ്‍കുട്ടി നേരിട്ടുതന്നെ മാധ്യമങ്ങളിലൂടെ വിശദീകരിക്കുകയായിരുന്നു. അന്‍സിബയുടെ അനുഭവം ഇതായിരുന്നെങ്കില്‍ സമീപകാലത്ത് വിദ്യാര്‍ഥിനികൂടിയായ ഒരു പ്രമുഖ സീരിയലിലെ നടിക്കുണ്ടായത് മറ്റൊരു ദുരനുഭവമാണ്. ഈ പെണ്‍കുട്ടിയുടെ സീരിയല്‍ കഥാപാത്രത്തിന്‍റെ പേരിനൊപ്പം മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെയും യൂട്യൂബിലൂടെയും പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചാരണവും പരിഹാസവും മോശം കമന്‍റുകളും ശക്തമാവുകയും ഒടുവില്‍ സഹപാഠികള്‍പോലും അവിശ്വസിക്കുകയും ചെയ്തതോടെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികൂടിയായ ഈ നടിക്ക് കോളേജ് പഠനം ഉപേക്ഷിക്കേണ്ടിവന്നു. അതേമയം മറ്റൊരു ടെലിവിഷന്‍ താരമായ അനു ജോസഫിനുണ്ടായ അനുഭവം കൂടുതല്‍ ശ്രദ്ധേയമാണ്. ആലുവയില്‍നിന്നും തൃശൂരിലേക്കുപോകുന്ന വഴി അമിതവേഗതയിലെത്തിയ ലോറിയുമായി അനു സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ച് താരം മരിച്ചുവെന്നായിരുന്നു ഫേസ്ബുക്കില്‍ പ്രചരിച്ച വാര്‍ത്ത. ഒടുവില്‍ അവര്‍ക്കുതന്നെ മാധ്യമങ്ങളുടെ മുന്നില്‍വന്ന് താന്‍ ജീവിച്ചിരിപ്പുണ്ടെന്നു ബോധ്യപ്പെടുത്തേണ്ടിവന്നു.
ഇതൊക്കെ പ്രശസ്തരായവരുടെ അനുഭവങ്ങളില്‍ ചിലതു മാത്രമാണെങ്കില്‍ സാധാരണക്കാരായ എത്രയോ പെണ്‍കുട്ടികള്‍ അടക്കമുള്ള യുവതലമുറ സൈബര്‍കെണിയില്‍ അകപ്പെട്ട് മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ടാകും. ഫേസ്ബുക്കിലൂടെ ബന്ധുവായ യുവാവ് അപവാദം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് അമ്പലപ്പുഴയില്‍ ഭര്‍തൃമതിയായ യുവതി ആത്മഹത്യചെയ്ത സംഭവം, കോട്ടയത്ത് മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായ സംഭവം, മംഗലപുരത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ബാങ്ക് അക്കൗണ്ട് ചോര്‍ത്തി പണം തട്ടിയതിനെ തുടര്‍ന്ന് ബിസിനസുകാരന്‍ സ്വയം മരണത്തിനു കീഴടങ്ങിയ സംഭവം, ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി വാട്സപ്പിലൂടെ കാമുകനയച്ചു കൊടുത്ത സംഭവം, ജോലിയില്‍നിന്നും പിരിച്ചുവിട്ടതിന്‍റെ പ്രതികാരമായി സ്വകാര്യകമ്പനി ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ ലൈംഗിക തൊഴിലാളിയുടെ നമ്പരായി പ്രചരിപ്പിച്ച യുവാവിനെതിരായ കേസ് തുടങ്ങിയവയൊന്നും ഒറ്റപ്പെട്ടതല്ല.
അപരിചിതനായ ഒരാളുമായുള്ള നിരന്തര ചാറ്റിംഗ് പ്രണയത്തിലേക്ക് വഴിമാറുകയും തുടര്‍ന്നു നേരിട്ടു കാണുമ്പോള്‍ തന്നോട് പറഞ്ഞിട്ടുള്ളതോ താന്‍ സങ്കല്‍പ്പിച്ചതോ അല്ലാത്ത ഒരാളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന തിരിച്ചറിവുണ്ടാകുന്ന നിമിഷം മാനസികവിഭ്രാന്തിയില്‍ അകപ്പെട്ടുപോകുന്ന നിരവധി സാധാരണക്കാരായ പെണ്‍കുട്ടികളുടെ അവസ്ഥ മാധ്യമങ്ങളിലൂടെ പുറം ലോകത്ത് എത്തുന്നുണ്ട്. ചിലപ്പോള്‍ പ്രായവും രൂപവും സാമ്പത്തിക, ഭൗതിക സാഹചര്യങ്ങളുമൊക്കെ മറച്ചുവെച്ചുകൊണ്ടാകാം അത്രയും നാള്‍ അവര്‍ നിങ്ങളോട് സംസാരിച്ചിട്ടുള്ളത്. അപരിചിതരുടെ പഞ്ചാരവാക്കുകളില്‍ മയങ്ങി ഫോണ്‍ നമ്പര്‍ കൈമാറുന്നതും സംസാരരീതി അശ്ലീലത്തിലേക്ക് വഴിമാറുന്നതും സ്വകാര്യഫോട്ടോകള്‍ ആവശ്യപ്പെടുന്നതും പിന്നീട് നേരിട്ടുള്ള സമാഗമത്തിനു വഴിയൊരുക്കുന്നതും തുടര്‍ന്നു ചതിയില്‍ അകപ്പെടുന്നതുമായ സംഭവങ്ങളും നിരവധി. പല സാഹചര്യങ്ങളിലും പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഒരു ചെറിയ പ്രതികരണം മതി പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍. അതുകൊണ്ടുതന്നെ അപരിചിത സാഹചര്യങ്ങളെ അവഗണിക്കാനും കഴിയാതെ വരുമ്പോള്‍ മാതാപിതാക്കളടക്കം മുതിര്‍ന്നവരുടെ സഹായം അഭ്യര്‍ഥിക്കാനും മടിക്കരുത്.
പെണ്‍കുട്ടികളാണ് അധികവും സൈബര്‍കെണിയില്‍ അകപ്പെടുന്നതെങ്കിലും സൈബര്‍ തട്ടിപ്പുകളുടെ ഇരയാക്കപ്പെടുന്ന യുവാക്കളും ചെറുതല്ല. പെണ്‍കുട്ടികളുടെ കാര്യത്തില്‍ അധികവും അശ്ലീലവും ലൈംഗികതയും അപമാനവുമാണ് വില്ലനായെത്തുന്നതെങ്കില്‍ യുവാക്കളെ സംബന്ധിച്ചു സാമ്പത്തിക തട്ടിപ്പുകളാണ് അവരെ സൈബര്‍കെണിയില്‍ വീഴ്ത്തുന്നതില്‍ ഏറിയപങ്കും. വിദേശത്ത് ലോട്ടറിയടിച്ചെന്നു വ്യക്തമാക്കി വരുന്ന ഇമെയില്‍ സന്ദേശങ്ങളില്‍ തുടങ്ങി, മറ്റേതോ രാജ്യത്ത് ജയിലില്‍ അകപ്പെട്ട തന്‍റെ പിതാവിന്‍റെ സമ്പത്ത് കൈമാറാന്‍ സഹായിക്കണമെന്നു കാട്ടി സ്ത്രീകളുടെ പേരില്‍ വരുന്ന സന്ദേശങ്ങള്‍വരെ ഇക്കൂട്ടത്തില്‍പ്പെടും. ചില ഇമെയിലുകള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം ആവശ്യപ്പെട്ടുള്ളതാകാം. ഇതിനൊക്കെ മറുപടി അയക്കാതിരിക്കുകയും തട്ടിപ്പാണെന്നു ബോധ്യപ്പെടുന്നപക്ഷം സൈബര്‍സെല്‍ അടക്കമുള്ള പൊലിസ് ഏജന്‍സികളെ വിവരമറിയിക്കുകയുമാണ് വേണ്ടത്. ചിലരാകട്ടെ നിങ്ങളെ പരിചയപ്പെട്ട് അധികം വൈകുന്നതിനുമുമ്പുതന്നെ പണം ആവശ്യപ്പെട്ടേക്കാം. നേരിട്ട് പരിചയമില്ലാത്ത ഒരാള്‍ക്ക് പണം കടമായിട്ടുപോലും അയച്ചുകൊടുക്കുന്നതു യുക്തിസഹമല്ലെന്നു മനസിലാക്കുക. അജ്ഞാതരായവരുമായുള്ള ചങ്ങാത്തം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുവാക്കളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലേക്ക് പെണ്‍കുട്ടികളുടെ പേരില്‍ സൃഷ്ടിച്ച വ്യാജപ്രൊഫൈലില്‍നിന്നു സന്ദേശങ്ങള്‍ എത്തുന്നതും പതിവാണ്. വിദേശരാജ്യത്തെ ഏതെങ്കിലും സ്ത്രീകളുടെ ചിത്രത്തിനു സാമ്യമാണ് അത്തരം അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രമെങ്കില്‍ അതുവ്യാജമെന്നോ പിന്നില്‍ എന്തെങ്കിലും കെണി ഉണ്ടാകുമെന്നോ ഉറപ്പിക്കാം. അത്തരക്കാര്‍ക്കു മറുപടി അയക്കാതിരിക്കാനും അവരെ ബ്ലോക്ക് ചെയ്യാനും ശ്രദ്ധിക്കുക. അതേസമയം നിങ്ങളെ നേരിട്ട് അറിയാവുന്ന സുഹൃത്തുക്കളോ പരിചയക്കാരോ നിങ്ങളെ കളിപ്പിക്കാനായി ചിലപ്പോള്‍ പെണ്‍കുട്ടികളുടെ പേരില്‍ വ്യാജപ്രൊഫൈലുണ്ടാക്കി നിങ്ങളുമായി ഇമെയിലിലോ സോഷ്യല്‍മാധ്യമങ്ങളിലോ ചാറ്റിംഗിനു എത്തിയെന്നും വരാം. പെണ്‍കുട്ടിയാണ് ചാറ്റില്‍ വന്നത് എന്നതുകൊണ്ട്, അവഗണിച്ചാല്‍ എന്തുവിചാരിക്കുമെന്ന പരിഭവമൊന്നും നിങ്ങള്‍ക്കു തോന്നേണ്ടതില്ല. (ഇത്തരം വ്യാജ പെണ്‍പ്രൊഫൈലുകളില്‍ അധികവും ഏതെങ്കിലും നടിമാരുടെ ചിത്രമായിരിക്കും ഉപയോഗിച്ചിരിക്കുക). നേരിട്ട് അറിയാത്ത ആളാണ് അപ്പുറത്തുള്ളതെങ്കില്‍ അവഗണിക്കുന്നതു തന്നെയാണ് ഉത്തമം. പ്രലോഭനങ്ങള്‍ക്ക് അടിമപ്പെട്ട് ഇത്തരം വ്യാജപ്രൊഫൈലുകളുമായി നിങ്ങള്‍ സ്ഥാപിക്കുന്ന ചങ്ങാത്തം, ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷമാവുകയോ, അതല്ലെങ്കില്‍ അത് വ്യാജമാണെന്നു തിരിച്ചറിയുകയോ ചെയ്യുന്ന നിമിഷം ഒരുപക്ഷേ നിതാന്ത ഡിപ്രഷനിലേക്കു നിങ്ങളെ കൊണ്ടെത്തിച്ചെന്നുവരാം. അജ്ഞാത കാമുകിയുമായുള്ള പ്രണയം ആരോഗ്യത്തിനു നന്നല്ല എന്നു സാരം.
മൊബൈല്‍ ഫോണ്‍ അടക്കം ഇന്‍റര്‍നെറ്റ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ഇലക്ട്രോണിക്സ് ഉപകരണവും വഴിയുള്ള ഉപദ്രവവും സൈബര്‍ ബുള്ളിയിംഗിന്‍റെ പരിധിയില്‍ വരുന്നതാണ്. സെല്‍ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്ലെറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളായ സോഷ്യല്‍മീഡിയ സൈറ്റുകള്‍, എസ്.എം.എസ്, ഇ-മെയില്‍, ഇതര വെബ് അധിഷ്ഠിത മാധ്യമങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന വേട്ടയാടലാണ് പൊതുവേ സൈബര്‍ ഭീഷണിയുടെ പരിധിയില്‍ വരുന്നത്. എസ്.എം.എസുകള്‍ക്കു പുറമേ, അപകീര്‍ത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള ഇ-മെയിലുകള്‍, അശ്ലീല ചിത്രങ്ങള്‍, വീഡിയോകള്‍, വ്യാജപ്രൊഫൈലുകള്‍, അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍, മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ എന്നിവയെല്ലാം സൈബര്‍ ചതിവലയുടെ നെയ്ത്തുല്‍പന്നങ്ങള്‍ തന്നെ. ഇത്തരം സന്ദേശങ്ങള്‍ ബഹുഭൂരിപക്ഷത്തിന്‍റെയും ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
വിവരസാങ്കേതികവിദ്യ ജീവിത സൗകര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കിയെങ്കിലും ഇതിന്‍റെ ഉപോത്പന്നങ്ങളായ സോഷ്യല്‍ മീഡിയയും ഇതര ആശയവിനിമയ സംവിധാനങ്ങളുമെല്ലാം പക്വതയില്ലാത്ത ഉപയോഗത്തിലൂടെ ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്ന പ്രവണത വര്‍ധിക്കുകയാണ്. അല്‍പനാള്‍ മുമ്പുവരെ മൊബൈലിലേക്കുവരുന്ന അജ്ഞാത ഫോണ്‍കോളുകളും എസ്.എം.എസുകളുമാണ് വില്ലനായിരുന്നതെങ്കില്‍, ഇന്ന് ജാഗ്രതയില്ലാത്ത ഉപയോഗത്തിലൂടെ മൊബൈല്‍ ഫോണുകളിലെ ഹൈടെക് സാങ്കേതിക സൗകര്യങ്ങളാണ് ദുരന്തം സമ്മാനിക്കുന്നത്. ശബ്ദവിനിമയത്തിനൊപ്പം വാട്സ് ആപ്പ് അടക്കം ദൃശ്യങ്ങളുടെ ശേഖരണവും ദൃശ്യങ്ങളുടെ കൈമാറ്റവും അതിവേഗം സാധ്യമാക്കുന്ന സാങ്കേതികവിദ്യയുടെ ദുരുപയോഗം പലജീവിതങ്ങളെയും തകര്‍ത്തെറിയുന്നു. അതേസമയം ഇതിനും അപ്പുറത്തുള്ള ദുരന്തങ്ങള്‍ക്കാണ് സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ വഴിയൊരുക്കുന്നത്. വിദ്യാസമ്പന്നകളായ പെണ്‍കുട്ടികളാണ് അധികവും ചതിയില്‍ പെടുന്നത്. പണ്ട് വിദ്യാഭ്യാസകാലഘട്ടത്തില്‍ സ്കൂളുകളിലും കോളേജുകളിലും കൂടെപഠിച്ച സഹപാഠികള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഫേസ്ബുക്കിലൂടെ വന്നു ഹായ് പറയുമ്പോള്‍, അവരുടെ ഇപ്പോഴത്തെ സ്വഭാവമോ പശ്ചാത്തലമോ ഒന്നും അറിയാതെ പഴയകാല ഓര്‍മകളില്‍പ്പെട്ട് അവരുമായി വേഗം ചങ്ങാത്തത്തിലാകുന്ന ചില പെണ്‍കുട്ടികളെ ഇക്കൂട്ടത്തില്‍ ചില വില്ലന്‍മാര്‍ മുതലെടുക്കുന്ന അനുഭവങ്ങളും വിരളമല്ല.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പൊലിസ് നടത്തുന്ന അന്വേഷണം പലപ്പോഴും നീണ്ടുപോകാറുണ്ട്. അന്വേഷണം പൂര്‍ത്തിയായി വരുമ്പോഴേക്കും ഇരയാക്കപ്പെട്ടവര്‍ ഈ ഭൂമുഖത്തുതന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല. സൈബര്‍ ബുള്ളിയിംഗ് അഥവാ സൈബര്‍ ഭീഷണി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അജ്ഞാതമായ ഏതെങ്കിലും ഒരിടത്തിരുന്ന് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും അത് നിയന്ത്രിക്കാം. അവര്‍ പുറത്തുവിടുന്ന ഇത്തരം ഭീഷണി സന്ദേശങ്ങള്‍ ഞൊടിയിടയില്‍ ഒട്ടനവധി പേരിലേക്ക് എത്തിച്ചേരുന്നു. എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും അത് ചിലപ്പോള്‍ തടയാനാകില്ല. ചില സമയത്ത് സന്ദേശം പ്രചരിപ്പിച്ചത് ആരെന്നു കണ്ടെത്താന്‍തന്നെ കഴിഞ്ഞെന്നു വരില്ല. ഈ സാഹചര്യത്തില്‍ ഈ ചതിവലയില്‍ ചെന്നുവീഴാതെ ജാഗ്രത പുലര്‍ത്തുന്നതാണ് അഭികാമ്യം.
സൈബര്‍കെണിയില്‍ പൊലിയുന്ന കുടുംബബന്ധങ്ങള്‍
നേരത്തെ സൂചിപ്പിച്ചതിനു പുറമേ സൈബര്‍ കെണിയില്‍ അകപ്പെടുന്ന ഭര്‍ത്താവോ ഭാര്യയോമൂലം കുടുംബബന്ധങ്ങളും ശിഥിലമാകാന്‍ ഇടയുണ്ട്. അപരിചിതരുമായ അതിരുവിട്ട സൗഹൃദം തെറ്റായ ബന്ധങ്ങളിലേക്കു നയിച്ചേക്കാമെന്നതു ഒരു കാര്യം. ഇതിനു പുറമേ സ്വന്തം കര്‍ത്തവ്യങ്ങളെയും ചുറ്റുപാടും സംഭവിക്കുന്നതിനെക്കുറിച്ചുമൊക്കെ മറന്ന് സോഷ്യല്‍ മീഡിയക്ക് അടിമപ്പെട്ട് പോസ്റ്റുകളും ലൈക്കുകളും ഷെയറുകളുമായി ജീവിക്കുന്ന ചിലരുണ്ട്. ഇവര്‍ പങ്കാളിയെ എത്രമാത്രം ബോറടിപ്പിക്കുന്നുണ്ടെന്ന് സ്വയം ചിന്തിക്കുക. കിട്ടുന്ന ഇടവേളകളില്‍ ഓഫീസില്‍വെച്ചും വീട്ടിലെത്തുമ്പോഴും തുടരുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് അടിമപ്പെട്ട് കമ്പ്യൂട്ടര്‍ ഭ്രാന്തരായി തീരുന്നവരുടെ കുടുംബജീവിതം മികച്ചരീതിയില്‍ മുന്നേറില്ലെന്ന് മനസിലാക്കുക.
സൈബര്‍ സൗഹൃദങ്ങള്‍ ശാശ്വതമല്ല
സൈബര്‍ ലോകത്തില്‍ വളരെ വിവേചനപൂര്‍വം അവധാനതയോടെ ഇടപഴകിയില്ലെങ്കില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടിവരും. പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വിസ്മരിക്കപ്പെടുകയും സൈബര്‍ദുശ്ശീലത്തില്‍ കുടുങ്ങിക്കിടക്കാനുള്ള പ്രവണത വര്‍ദ്ധിക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫ്രണ്ട്സിനെ ആഡ് ചെയ്യുന്നുകൊണ്ടോ നമ്മുടെ പോസ്റ്റുകള്‍ക്ക് കൂടുതല്‍ ലൈക്കുകളും ഷെയറുകളും ലഭിക്കുന്നതുകൊണ്ടോ പ്രത്യേകിച്ച് ഒരുഗുണവുമില്ല. നവമാധ്യമങ്ങളിലൂടെ നാം പരിചയപ്പെടുന്ന ഓരോരുത്തരും അവരവരുടേതായ ലോകത്ത് അവര്‍ മികച്ച പുറം സൗഹൃദങ്ങളും ബന്ധങ്ങളും സൂക്ഷിക്കുന്നവരായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ ആരും നമ്മുടെ ഒരു പ്രശ്നത്തിനോ പ്രതിസന്ധിഘട്ടത്തിലോ സഹായവുമായി എത്തിയെന്നു വരില്ല. സൈബര്‍വലകളില്‍നിന്നിറങ്ങി പുറം ലോകത്ത് നേരിട്ട് പരിയപ്പെടുന്ന വ്യക്തികളുമായുള്ള നല്ല ബന്ധത്തില്‍ അധിഷ്ഠിതമായ സൗഹൃദങ്ങള്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന് തിരിച്ചറിയുക. അത് ചിലപ്പോള്‍ ക്ലാസ്സ് മുറിയിലെ സഹപാഠികള്‍ തമ്മിലാകാം, കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരുമായിട്ടാകാം, മാതാപിതാക്കളുമായും അടുത്തബന്ധുക്കളുമായാകാം. സൈബര്‍ ഇടങ്ങളെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ തൊഴില്‍, സംസ്ക്കാരം, വ്യക്തിജീവിതം, കുടുംബജീവിതം, സാമൂഹികക്രമം തുടങ്ങിയവയൊക്കെ അതു തകിടം മറിച്ചേക്കും. ഇക്കാര്യം തിരിച്ചറിയാനും ജാഗ്രത പുലര്‍ത്താനും കഴിയുന്നതോടൊപ്പം വ്യക്തിപരമായി നേരില്‍ അറിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ നമ്മുടെ ജീവിതയാത്രയില്‍ അനുഗുണമായിത്തീരൂ എന്നും മനസില്‍ കുറിക്കുക.
രക്ഷിതാക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയും?
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്‍ക്കു മുമ്പ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഭൂരിഭാഗം മാതാപിതാക്കള്‍ക്കും ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യയെക്കുറിച്ച് കാര്യമായി അറിവുണ്ടാകണമെന്നില്ല. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സൈബര്‍ യുഗത്തിലെ ഓരോ ചലനവും അത്രവേഗം പഠിച്ചെടുക്കുക എന്നതും എളുപ്പമല്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ ഉപയോഗം എന്നിവ കൃത്യമായി നിരീക്ഷിക്കുക മാത്രമാണ് പോംവഴി. സൈബര്‍കെണിയിലേക്കു വഴുതി വീഴുന്നതിനു മുമ്പുതന്നെ കുട്ടികള്‍ക്ക് പറ്റുന്ന പാളിച്ചകള്‍ മാതാപിതാക്കളുടെ വിവേകപൂര്‍വമായ ഇടപെടലിലൂടെ മാറ്റിയെടുക്കാനാകും. സൈബര്‍ ലോകത്തെ പ്രശ്നങ്ങളെക്കുറിച്ച് നല്ല രീതിയില്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കണം. എത്രസമയം അവര്‍ക്കൊപ്പം ചെലവഴിച്ചു എന്നതിലല്ല, എങ്ങനെ ചെലവഴിച്ചു എന്നതിലാണ് കാര്യം.
* ടെലിവിഷന്‍ കാണുന്നതില്‍നിന്നും കുട്ടികളെ നിയന്ത്രിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവര്‍ക്കു എത്രനേരം വേണമെങ്കിലും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്ന പ്രവണത ശരിയല്ല.
*വീട്ടിലെ പൊതുസ്ഥലത്തുതന്നെ കമ്പ്യൂട്ടര്‍ വെക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം കൂടുതല്‍ സമയം കുട്ടികള്‍ കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുമ്പോള്‍ അക്കാര്യം പ്രത്യേകം നിരീക്ഷിക്കുക.
* കുട്ടികള്‍ ഏറെനേരം മൊബൈലില്‍ സംസാരിക്കുമ്പോഴും ഏറെനേരം മൊബൈല്‍ ഫോണുകള്‍ കൈവശം വയ്ക്കുമ്പോഴും അത് നിരീക്ഷിക്കാനും എന്തിനാണെന്നു ചോദിക്കാനും മാതാപിതാക്കള്‍ക്കു കഴിയണം.
നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധയോ പരിചരണമോ ലഭിക്കാതെ വന്നാലോ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും തിരക്കുകള്‍ കുട്ടികളുമായുള്ള ആശയവിനിമയത്തിനു വിഘാതം സൃഷ്ടിച്ചാല്‍ അവര്‍ ഇന്‍റര്‍നെറ്റ് മാധ്യമങ്ങളില്‍ മറഞ്ഞിരിക്കുന്ന അജ്ഞാതരുമായും അപരിചിതരുമായും സൗഹൃദത്തിനു ശ്രമിച്ചേക്കാം. ഇത്തരം ഔദാര്യത്തില്‍ അധിഷ്ഠിതമായ ചങ്ങാത്തം അവരുടെ മുന്നിലേക്കു വച്ചുനീട്ടി കാത്തിരിക്കുന്ന നിരവധിപേര്‍ സൈബര്‍വലക്കുള്ളില്‍ പതിയിരിപ്പുണ്ട്. അതില്‍ ഭൂരിഭാഗവും വ്യാജന്‍മാരും സ്വന്തം ഐഡന്‍റിറ്റി മറച്ചുവെച്ച് മാന്യതയുടെ മുഖംമൂടി അണിഞ്ഞവരുമാണെന്ന് തിരിച്ചറിയുക. അത്തരം ചതിയന്‍മാരുടെ കെണിയിലേക്ക് നിങ്ങളുടെ കുട്ടികള്‍ അകപ്പെട്ടാല്‍, ആ കുട്ടികളുടെ ജീവിതം തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നുവരാം.
കുട്ടികള്‍ ചെയ്യേണ്ടത്
സൈബര്‍കെണിയില്‍വീഴ്ത്തി നിങ്ങളെ അപായപ്പെടുത്താന്‍ അജ്ഞാതരായ നിരവധിപേര്‍ ലോകത്ത് എവിടെയൊക്കെയോ പതിയിരുപ്പുണ്ട് എന്ന ബോധം എപ്പോഴും ഉണ്ടാകണം. മൊബൈല്‍ ഫോണിലൂടെ ആയാലും സോഷ്യല്‍ മീഡിയ അടക്കമുള്ള വെബ്സൈറ്റുകളിലൂടെ ആയാലും അപരിചിതരോടു ഒരുതരത്തിലുള്ള ആശയവിനിമയവും നടത്താന്‍ പാടില്ല.
* ഫേസ്ബുക്കിലും മറ്റും ആരെങ്കിലും ഇങ്ങോട്ട്, ഹായ്, ഹലോ, ഹൗ ആര്‍ യു തുടങ്ങിയ സന്ദേശങ്ങളുമായി എത്തിയാല്‍ അവര്‍ക്ക് മറുപടി നല്‍കാതിരിക്കുക. വീണ്ടും ഇതുപോലെയോ സമാനമായതോ ആയ വര്‍ത്തമാനങ്ങളുമായി പിന്‍തുടരുകയാണെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും അതിനായി വേണ്ടിവന്നാല്‍ രക്ഷിതാക്കള്‍ അടക്കം ഏറ്റവും അടുത്ത മുതിര്‍ന്നവരുടെ സഹായം തേടുകയും ചെയ്യുക.
* മൊബൈല്‍ ഫോണിലേക്ക് നിരന്തരം അജ്ഞാത നമ്പരുകളില്‍നിന്നും എസ്.എം.എസുകളോ കോളുകളോ എത്തുകയാണെങ്കില്‍ അക്കാര്യം മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുക.<
* ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിങ്ങള്‍ക്ക് നേരിട്ട് അറിയാവുന്നവരെ മാത്രം ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക.
* ഫോട്ടോകളടക്കം നിങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ പരമാവധി സോഷ്യല്‍ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കുക.
* നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പേരോ ചിത്രങ്ങളോ ഉപയോഗിച്ച് വ്യാജപ്രൊഫൈലുകള്‍ പ്രചരിക്കുന്നുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കളെയോ അധ്യാപകരെയോ വിവരമറിയിക്കുക.
* നിങ്ങളുടെ ബെഡ് റൂം, ഡ്രസ്സിംഗ് റൂം തുടങ്ങിയ ഇടങ്ങളില്‍നിന്നും ചിത്രങ്ങള്‍ പകര്‍ത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കുക.
* വീഡിയോ ചാറ്റിംഗ് ഒഴിവാക്കുക.
* നിങ്ങളുടെ ഇമെയില്‍, സോഷ്യല്‍ മീഡിയ പാസ്വേര്‍ഡുകള്‍ സുഹൃത്തുക്കളോ അപരിചിതരോ അറിയാതെ സൂക്ഷിക്കുക.
* ആവശ്യമില്ലാത്ത ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കുക.
(നിങ്ങള്‍ മൊബൈല്‍ ഫോണിലൂടെയോ കമ്പ്യൂട്ടറിലൂടെയോ കൈമാറ്റം ചെയ്യപ്പെടുന്ന ഏതുവിവരവും ഡിലീറ്റ് ചെയ്തുകളഞ്ഞാല്‍പ്പോലും അവ വീണ്ടെടുക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യ നിലവിലുണ്ടെന്ന കാര്യം പ്രത്യേകം ഓര്‍മിക്കുക. അശ്ലീലവെബ്സൈറ്റുകളിലുള്‍പ്പടെ ഇത്തരം വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന സാമൂഹ്യവിരുദ്ധന്‍മാര്‍ ഇവര്‍ക്കിടയിലുണ്ടെന്ന കാര്യം മറക്കാതിരിക്കുക.).
സൈബര്‍കെണിയില്‍ അകപ്പെട്ടാല്‍ പരിഹാരം തേടാം
പലപ്പോഴും ജാഗ്രതക്കുറവും ചിലപ്പോള്‍ അറിവില്ലായ്മയുമാണു പലരെയും സൈബര്‍ കെണിയില്‍ അകപ്പെടുത്തുന്നത്. അത്തരം സാഹചര്യങ്ങളില്‍ നിയമപരമായ സഹായത്തിനു പൊലിസിനെ സമീപിക്കാം. കുട്ടികള്‍ അപകടത്തില്‍ ചെന്നുപെട്ടാല്‍ സാമൂഹികാന്തസ്സിനു കുറച്ചിലാണെന്നു കരുതി രഹസ്യങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവ പ്രവണത മാതാപിതാക്കള്‍ ഒഴിവാക്കണം. നിതാന്ത ജാഗ്രതക്കുപുറമേ കൃത്യമായ ബോധവത്കരണവും ഇക്കാര്യത്തില്‍ അനിവാര്യമാണ്. സൈബര്‍കെണിയില്‍ അകപ്പെട്ട് മാനസിക സമ്മര്‍ദങ്ങള്‍ക്കു ഇരയാക്കപ്പെട്ടവരെ കൗണ്‍സിലിംഗിനു വിധേയമാക്കാം. വിദഗ്ധരായ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ അവരെ തിരിച്ചു ജീവിതത്തിലേക്കു കൊണ്ടുവരാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍, വാട്സ്ആപ്പ്, സ്കൈപ്പ്, ഇന്‍റര്‍നെറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗ്, യുട്യൂബ് തുടങ്ങിയവ ജീവിതത്തിന്‍റെ അനിവാര്യമായ ഭാഗമായിത്തീരുമ്പോള്‍തന്നെ ഇതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതിലോമകരമായ പ്രത്യാഘാതമായി തിരിച്ചടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിവരസാങ്കേതിക വിദ്യ ഇന്നത്തെ ഓരോ വ്യക്തിജീവിതത്തിലും അനിഷേധ്യ ഘടകമാണ്. പക്ഷേ അത് വിവരക്കേടിന്‍റെ അവസാനവാക്കായി അധ:പതിക്കാതെ സൂക്ഷിക്കേണ്ടത് പ്രായഭേദമന്യേ അതു കൈകാര്യം ചെയ്യുന്ന നമ്മള്‍ ഓരോരുത്തരുടെയും കടമയാണെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services