10 June, 2016 ((Our Article published in IMA Arogyam Magazine - June 2016))
ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും ഭയത്തെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ജീവിതത്തിലുടനീളം ഒരു സാഹചര്യത്തേയോ വ്യക്തിയോ അഭിമുഖീകരിക്കാന്‍ പേടി അനുഭവപ്പെടുന്നത് ഒരു മാനസികപ്രശ്നമാണ്. യഥാസമയത്ത് കൃത്യമായി തിരിച്ചറിഞ്ഞ് അതിനെ മറികടന്നില്ലെങ്കില്‍ ജീവിതം പ്രശ്നങ്ങളുടെ കൂമ്പാരമായി മാറും. ഓരോ വ്യക്തിയ്ക്കും പേടി അനുഭവപ്പെടുന്നത് സമാനമായ സാഹചര്യങ്ങളിലല്ല. പൊതുവേദികളില്‍ പ്രസംഗിക്കാനും ഒരു ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് അഭിപ്രായം ആരായുമ്പോള്‍ കൈ പൊക്കാനും പേടി അനുഭവപ്പെടുന്നവരുണ്ട്. പരീക്ഷകളോട് അകാരണമായ ഭയം അനുഭവപ്പെടുന്നവരും ജോലിയിലെ മാറ്റങ്ങളെ പേടിക്കുന്നവരും ആളുകളോട് ഇടപഴകാന്‍ ഭയം ഉള്ളവരും സമൂഹത്തിലുണ്ട്. പേടി മൂലം വിവാഹജീവിതത്തിന് തയ്യാറാവാത്തവരേയും നമുക്കിടയില്‍ കാണാം. ഈ പേടികളുടെയെല്ലാം കാരണം ഒന്നുതന്നെയാണെന്നതാണ് വാസ്തവം. എന്തെങ്കിലും അപകടം സംഭവിക്കുമോ പരാജയപ്പെടുമോ എന്ന തോന്നലാണ് ഭയമായി ഉള്ളില്‍ നിറയുന്നത്.
തികച്ചും നാട്ടുമ്പുറമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലത്ത് ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് രാഖി. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമാണെങ്കിലും യാഥാസ്ഥിതികരാണ് വീട്ടുകാര്‍. മകളെ വീടുവിട്ട് നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. അടുത്തുള്ള കോളേജില്‍ നിന്ന് അവള്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതോടെ വീട്ടുകാര്‍ വിവാഹം നടത്താന്‍ ഒരുങ്ങി. ഒരു ബന്ധു മുഖേനയാണ് ബാംഗ്ലൂരില്‍ ജോലിനോക്കുന്ന ഹരിയുടെ വിവാഹാലോചന വന്നത്. സാമ്പത്തികവും സ്വഭാവവും വീട്ടുകാരും ഒക്കെ നല്ലതായിരുന്നെങ്കിലും അത്രയും അകലേയ്ക്ക് മകളെ അയക്കുന്നതിനോട് രാഖിയുടെ വീട്ടുകാര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ രാഖിയ്ക്ക് ഈ വിവാഹത്തിന് പൂര്‍ണ്ണസമ്മതമായിരുന്നു. ബാംഗ്ലൂരില്‍ ജീവിക്കാമെന്നതായിരുന്നു അവളെ ആകര്‍ഷിച്ച ഘടകം. ദൂരം ഒഴിച്ച് ബാക്കിയെല്ലാം അനുകൂലമായിരുന്നതു കൊണ്ടും മകള്‍ക്ക് ഇഷ്ടപ്പെട്ടതിനാലും വീട്ടുകാര്‍ ഈ വിവാഹം നടത്തി. ബാംഗ്ലൂരിലെ പുതിയ ജീവിതം രാഖി ആസ്വദിച്ചു തുടങ്ങി. ഇതിനിടെയാണ് അടുത്തുള്ള ഫ്ളാറ്റില്‍ ഒരു വിവാഹവാര്‍ഷികആഘോഷപാര്‍ട്ടിയ്ക്ക് ക്ഷണം ലഭിച്ചത്. ഹരിയ്ക്ക് രാത്രി വൈകിയും ഓഫീസില്‍ ഇരിക്കേണ്ടി വന്നതിനാല്‍ രാഖി തനിച്ചാണ് പാര്‍ട്ടിയ്ക്ക് പോയത്. അവിടെയെത്തിയപ്പോള്‍ മുതല്‍ ഒരു അപരിചതത്വം തോന്നി. ആരോടും സംസാരിക്കാതെ ഒരിടത്ത് ഒതുങ്ങി നിന്നു. പ്ലേറ്റുമായി ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നതും അവള്‍ക്ക് പുതിയ അനുഭവമായിരുന്നു. ക്യൂ മുന്നോട്ടു നീങ്ങുന്നതിനിടെ അബദ്ധത്തില്‍ അവളുടെ കയ്യില്‍ നിന്ന് പ്ലേറ്റ് വീണുടഞ്ഞു. ഭക്ഷണം ചിതറിത്തെറിച്ച് നിലത്തും മുന്നില്‍ നിന്ന സ്ത്രീയുടെ വസ്ത്രത്തിലും വീണു. എല്ലാവരുടേയും ശ്രദ്ധ രാഖിയിലേയ്ക്കായി. ആകെ പരിഭ്രമിച്ച അവള്‍ വീട്ടില്‍ പതിവുള്ളതു പോലെ ചിതറിത്തെറിച്ച ഭക്ഷണങ്ങള്‍ വാരി അവിടം വൃത്തിയാക്കാന്‍ ശ്രമിച്ചു. കണ്ടുനിന്നവരെല്ലാം ചിരിക്കുകയും അടക്കം പറയുകയും ചെയ്തു. ക്ലീനിങിന്‍റെ ചുമതല ഉള്ള ആള്‍ വന്ന് ഇത് താന്‍ ചെയ്തോളാമെന്ന് അറിയിച്ചതോടെ അവള്‍ അവിടെ നിന്ന് ഇറങ്ങി പോരുകയായിരുന്നു. നാണക്കേടും കുറ്റബോധവും അവളെ അലട്ടി. പിന്നീട് പുറത്തു പോകുമ്പോഴൊക്കെ ഹരി രാഖിയേയും കൂടെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവള്‍ ഒഴിഞ്ഞുമാറി. ഓഫീസിലോ സുഹൃത്തുക്കളുടെ വീട്ടിലോ നടക്കുന്ന പാര്‍ട്ടികള്‍ക്ക് രാഖി ഒരിക്കലും വരാത്തതില്‍ ഹരിയ്ക്ക് നീരസം ഉണ്ട്. അത് അവരുടെ വിവാഹബന്ധത്തെ ബാധിക്കുന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് രാഖി ഒരു സുഹൃത്തിന്‍റെ സഹായത്തോടെ കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. ആളുകള്‍ കൂടുന്ന ആഘോഷവേളകളോടുള്ള ഭയമാണ് രാഖിയുടെ പ്രശ്നം. താന്‍ അവിടെ അപമാനിതയാവുമെന്ന് മുന്‍ അനുഭവത്തിന്‍റെ ഓര്‍മ്മയില്‍ അവള്‍ പേടിക്കുന്നു. ഒറ്റ ദിവസം കൊണ്ട് മാറ്റാവുന്നതല്ല ഈ പേടി. അകാരണമായി ഒന്നിനേയും പേടിക്കേണ്ടതില്ലെന്ന് അവള്‍ സ്വയം തിരിച്ചറിയണം. പിന്നീട് പതിയെ ആഘോഷവേളകളില്‍ പങ്കെടുക്കണം. വലിയൊരു ആള്‍ക്കൂട്ടത്തിലേയ്ക്ക് ഒരു ദിവസം ചെന്നു കയറുമ്പോള്‍ പേടി തോന്നിയെന്നിരിക്കാം. പകരം അടുത്ത സുഹൃത്തുക്കളെ വിളിച്ച് വീട്ടില്‍ തന്നെ ഒരു പാര്‍ട്ടി ഒരുക്കുക. പിന്നീട് ചെറിയ ഗെറ്റ് ടുഗതറുകള്‍ക്ക് പങ്കെടുക്കാം. ഇതെല്ലാം ആത്മവിശ്വാസം നല്‍കും. രാഖിയുടെ പ്രശ്നത്തിന്‍റെ കാരണങ്ങള്‍ മനസ്സിലായപ്പോള്‍ ഭര്‍ത്താവും അവള്‍ക്ക് പിന്തുണ നല്‍കി. ഏറ്റവും അടുപ്പം ഉള്ള സുഹൃത്തുക്കള്‍ മാത്രം പങ്കെടുക്കുന്ന പാര്‍ട്ടികള്‍ക്ക് അവള്‍ ഭര്‍ത്താവിനൊപ്പം പോകാറുണ്ട്. ആത്മവിശ്വാസത്തോടെ ഒരു വലിയ സദസ്സിലേയക്ക് കടന്നു ചെല്ലുന്ന രാഖിയെ ഒരു നാള്‍ കാണാനാകുമെന്നു തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.
തിരിച്ചറിയാം : ഓരോ വ്യക്തിയ്ക്കും വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് പേടി അനുഭവപ്പെടുന്നത് എന്നതു പോലെ പേടിയുടെ ലക്ഷണങ്ങളും വ്യക്തികള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുക, ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുക, വിയര്‍ക്കുക, തലചുറ്റല്‍, അമിതമായ ഉത്കണ്ഠ എന്നിവ ഭയത്തിന്‍റെ ലക്ഷണങ്ങളായി കണക്കാക്കാം. ഒരു വേദിയില്‍ നിന്നോ സന്ദര്‍ഭത്തില്‍ നിന്നോ രക്ഷപെടാന്‍ തോന്നുന്നതും ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതും പേടിയുടെ ലക്ഷണങ്ങളാകാം. ഭയം അതിന്‍റെ ഉച്ഛസ്ഥായിയില്‍ എത്തുമ്പോള്‍ ബോധംകെട്ടു വീഴുന്നതായോ മരിക്കാന്‍ പോകുന്നതായോ തോന്നുന്നവരുണ്ട്. പേടി യുക്തിരഹിതമാണെന്ന് അറിയാമെങ്കിലും അതിനെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്നതാണ് മിക്കവരുടേയും പ്രശ്നം. എന്തിനെയാണ് ഭയപ്പെടുന്നത് എന്ന് തിരിച്ചറിയുകയാണ് ഭയത്തെ മറികടക്കാനുള്ള ആദ്യ പടി. ചില ഭയങ്ങള്‍ സാധാരണമാണ്. ആദ്യമായി വാഹനമോടിക്കുമ്പോഴും പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോഴും പരീക്ഷാഹാളിലേയ്ക്ക് കടക്കുമ്പോഴും ചെറിയ അസ്വസ്ഥതയും പേടിയും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു സാഹചര്യം കൈകാര്യം ചെയ്യേണ്ടി വരുമ്പോഴുള്ള ആശങ്കയാണ് പേടിയുടെ രൂപത്തില്‍ ഇവിടെ പ്രതിഫലിക്കുന്നത്. എന്നാല്‍ ഭയം പരിധി ലംഘിക്കുകയും പേടി തോന്നുന്ന സന്ദര്‍ഭങ്ങളെ ജീവിതത്തില്‍ ഒരിക്കലും അഭിമുഖീകരിക്കാന്‍ തയ്യാറാവാതെ വരികയും ചെയ്യുമ്പോഴാണ് അതൊരു പ്രശ്നമായി മാറുന്നത്. എന്തിനെയാണ് ഭയപ്പെടുന്നതെന്ന് കണ്ടുപിടിക്കാന്‍ സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാം.
നിങ്ങള്‍ ഏതെങ്കിലും സ്ഥലങ്ങളോ സന്ദര്‍ഭങ്ങളോ ജീവിതത്തില്‍ നിന്ന് മന:പൂര്‍വം ഒഴിവാക്കാറുണ്ടോ?
ചില കാര്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സ് അകാരണമായി അസ്വസ്ഥമാകാറുണ്ടോ?
ഈ ലക്ഷണങ്ങള്‍ ആറു മാസത്തിലധികം നീണ്ടു നില്‍ക്കുന്നുണ്ടോ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നതോടെ നിങ്ങള്‍ എന്തിനെയാണ് ഭയപ്പെടുന്നതെന്ന് വ്യക്തമാകും. ഭയത്തിന്‍റെ കാരണം കണ്ടെത്തുന്നതില്‍ വിജയിച്ചു കഴിഞ്ഞു. ഇനി ആ ഭയം എങ്ങനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കേണ്ടത്.
ഭയത്തെ അഭിമുഖീകരിക്കാം : പനിയോ ജലദോഷമോ വന്നാല്‍ അതിന് കൃത്യമായ മരുന്നുകളുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം അവ കഴിക്കുന്നതോടെ അസുഖം പൂര്‍ണ്ണമായും ഭേദമാകും. എന്നാല്‍ ഭയം ഇതുപോലെ മരുന്ന് കഴിച്ച് സുഖപ്പെടുത്താവുന്ന ഒരു രോഗമല്ല. ഭയത്തെ മറികടക്കാനുള്ള ഏകമാര്‍ഗ്ഗം ഭയം തോന്നുന്ന സാഹചര്യത്തെ അഭിമുഖീകരിക്കുക അല്ലെങ്കില്‍ നേരിടുക എന്നതാണ്. കര്‍ക്കശക്കാരനായ ഒരു അധ്യാപകന്‍ തന്‍റെ സുഹൃത്തായി മാറിയ അനുഭവം ഒരാള്‍ പങ്കുവച്ചതോര്‍ക്കുന്നു. ഹയര്‍സെക്കന്‍ററി ക്ലാസുകളില്‍ ഫിസിക്സ് പഠിപ്പിക്കുന്ന അധ്യാപകനാണ് കഥാപാത്രം. നല്ല അറിവും അത് കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ള കഴിവും ഉണ്ടെങ്കിലും മുന്‍കോപക്കാരനാണ് അധ്യാപകന്‍. നിസ്സാരകാര്യത്തിന് പൊട്ടിത്തെറിക്കും. ചിലപ്പോള്‍ തല്ലും. അതുകൊണ്ടു തന്നെ കുട്ടികളൊന്നും ഇദ്ദേഹവുമായി സംസാരിക്കില്ല; പാഠഭാഗങ്ങളില്‍ സംശയമുണ്ടെങ്കിലും ചോദിക്കാന്‍ പേടിയാണ്. എന്നാല്‍ ഒരിക്കല്‍ ക്ലാസിനിടെ കുട്ടിയായ അദ്ദേഹം ഒരു സംശയം ചോദിച്ചു. ഉത്തരം നല്‍കുന്നതിന് പകരം ക്ലാസില്‍ ശ്രദ്ധിച്ചിരിക്കാത്തതിന് അധ്യാപകന്‍ അദ്ദേഹത്തെ ശിക്ഷിക്കുകയാണ് ഉണ്ടായത്. ഇതെ ചൊല്ലി മറ്റു കുട്ടികള്‍ കളിയാക്കിയെങ്കിലും ഒഴിവുവേളയില്‍ സ്റ്റാഫ് റൂമിലെത്തി അദ്ദേഹം വീണ്ടും സംശയം ആവര്‍ത്തിച്ചു. ഇത്തവണ അധ്യാപകന്‍ സൗമ്യമായി പെരുമാറുകയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ വഴിയില്‍ കാണുമ്പോള്‍ അധ്യാപകന്‍ പുഞ്ചിരിക്കാന്‍ തുടങ്ങി. അവര്‍ തമ്മില്‍ സൗഹൃദം വളര്‍ന്നു. കരിയറിന്‍റെ പല ഘട്ടത്തിലും ആ അധ്യാപകന്‍റെ പിന്തുണ തനിക്കു ഗുണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യക്കാരനായ ഒരാളോട് സംശയം ചോദിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറിയില്ല എന്നതാണ് മറ്റു കുട്ടികളില്‍ നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. എന്നാല്‍ നമുക്കിടയില്‍ ജീവിക്കുന്ന ഭൂരിഭാഗം പേരും ഭയം തോന്നുന്ന സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിക്കുക. ഒഴിഞ്ഞു മാറിയാല്‍ ജയവുമില്ല, പരാജയവുമില്ല എന്നാണ് ഇക്കൂട്ടരുടെ ചിന്ത. ഇതു തെറ്റാണ്. ഒഴിഞ്ഞു മാറുമ്പോള്‍ വാസ്തവത്തില്‍ നിങ്ങള്‍ പരാജയപ്പെടുക തന്നെയാണ് ചെയ്യുന്നത്. ഭയം മൂലം അതിനെ നേരിട്ടില്ല എന്നതാണ് നിങ്ങളെ പരാജയപ്പെടുത്തുന്നത്. അതേസമയം ആ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ നടത്തുന്ന ഓരോ ശ്രമങ്ങളും വിജയത്തിലേയ്ക്കുള്ള വഴികളാണ്. പേടി തോന്നുന്ന സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കാതെ ഒരിക്കലും പേടിയെ മറികടക്കാനാകില്ല. ഉദാഹരണത്തിന് പൊതുവേദിയില്‍ പ്രസംഗിക്കാന്‍ പേടിയുള്ള ഒരാള്‍ ചെറിയ സദസ്സുകളിലെങ്കിലും പ്രസംഗിച്ചു പരിശീലിച്ചാല്‍ മാത്രമേ അതിനെ മറികടക്കാനാകൂ. പതിയെ മാത്രമേ പേടിയെ മറികടക്കാനാകൂ എന്ന യാഥാര്‍ത്ഥ്യം ആദ്യമേ അംഗീകരിക്കുക. പാമ്പുകളെ പേടിയുള്ള ആള്‍ ആദ്യം പാമ്പിന്‍റെ ചിത്രങ്ങളും വീഡിയോയും കണ്ട് ശീലിക്കണം. പിന്നീട് മൃഗശാലകളില്‍ ചെന്ന് പാമ്പുകളെ നേരിട്ട് കാണണം. പാമ്പുകളെ സൂക്ഷിക്കുകയേ വേണ്ടൂ എന്ന് മനസ്സ് പതിയെ തിരിച്ചറിയും. ആ സത്യം അംഗീകരിക്കുന്ന നിമിഷം മനസ്സില്‍ നിന്ന് പേടിയും മാഞ്ഞു പോകും. ഇതേ രീതിയില്‍ പടി പടിയായി വേണം മനസ്സിലെ പേടിയെ പിഴുതു കളയേണ്ടത്.
അറിയണം യാഥാര്‍ത്ഥ്യങ്ങള്‍ : ജീവിതത്തില്‍ എപ്പോഴെങ്കിലും കടന്നു പോയ സാഹചര്യമോ അനുഭവങ്ങളോ കേട്ടറിവുകളോ ഒക്കെയാവാം നിങ്ങളില്‍ പേടി ഉളവാക്കുന്നത്. അതെന്താണെന്ന് കണ്ടെത്തണം. കെട്ടുകഥകളോ കേട്ടുകേള്‍വികളോ ഭയത്തിന് കാരണമാകാറുണ്ട്. യക്ഷിക്കഥകള്‍ ഇത്തരമൊന്നാണ്. കരിമ്പനയില്‍ യക്ഷി വസിക്കുന്നുണ്ടെന്ന കഥകള്‍ കേട്ടു വളര്‍ന്നതിനാല്‍ കരിമ്പനയുടെ ചുവടെ പോകുമ്പോള്‍ മനസ്സില്‍ പേടി ഉടലെടുക്കുന്നു. അങ്ങനെ വരുമ്പോള്‍ സത്യമേത്, യാഥാര്‍ത്ഥ്യമേത് എന്ന് വേര്‍തിരിച്ച് അറിയാനുള്ള യുക്തിയാണ് വേണ്ടത്. പലപ്പോഴും ഇത്തരമൊരു ശ്രമം വ്യക്തികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. പരമ്പരാഗതമായി കൈമാറി വരുന്ന കഥകള്‍ നാം വിശ്വസിക്കുന്നു. അത് യുക്തിരഹിതമാണെന്ന് മനസ്സിന് അറിയാമെങ്കില്‍ കൂടി വെറുതേ പേടിക്കുന്നു. അറിവില്ലായ്മയാണ് ഇവിടെ പേടി സൃഷ്ടിക്കുന്നത്. പലപ്പോഴും ലിഫ്റ്റ്, എസ്കിലേറ്റര്‍ എന്നിവ ഉപയോഗിക്കാന്‍ ആളുകള്‍ പേടിക്കുന്നത് അതെ കുറിച്ചുള്ള അറിവില്ലാത്തതു കൊണ്ടോ അല്ലെങ്കില്‍ അവയില്‍ വച്ചുണ്ടായ അപകടത്തിന്‍റെ കഥകള്‍ കേട്ടതു കൊണ്ടോ വായിച്ചതു കൊണ്ടോ ആണ്. മുന്‍ധാരണകള്‍ മാറ്റി വച്ച് അവ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ പേടി ഇല്ലാതാകൂ. അല്ലാത്തപക്ഷം ജീവിതകാലം മുഴുവന്‍ അവ ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ നിങ്ങള്‍ പരാജയപ്പെടും.
പേടിയുടെ കാരണം എന്തു തന്നെയായാലും വ്യക്തിയുടെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടായെങ്കില്‍ മാത്രമേ പേടിയെ കീഴടക്കാനാകൂ. പേടി അകറ്റാന്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
ജയവും പരാജയവും : ജീവിതത്തില്‍ ഉടനീളം പരാജയപ്പെടുമോ എന്ന ഭയം ഉള്ളില്‍ സൂക്ഷിക്കുന്നവരുണ്ട്. പരാജയഭീതിയോടെയാണ് ഇവര്‍ ഓരോ കാര്യത്തേയും സമീപിക്കുന്നത്. ജയവും പരാജയവും ജീവിതത്തിന്‍റെ രണ്ടു ഭാഗങ്ങളാണ്. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്ന അതേ രീതിയില്‍ നടക്കണമെന്നില്ല. പരാജയപ്പെടുമ്പോള്‍ അതിനെ അംഗീകരിക്കുകയും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് വേണ്ടത്. ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പരാജയപ്പെടുമെന്ന ഭീതിയില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാതെ മാറിനിന്നാല്‍ ഒരിക്കലും പുതിയൊരു കാര്യം നിങ്ങള്‍ക്ക് പഠിക്കാനാകില്ല. സിറ്റിയിലൂടെ വാഹനമോടിക്കുന്നത് ഒരു വെല്ലുവിളിയാണ്. പക്ഷേ അതില്‍ നിന്ന് ഒഴിഞ്ഞുമാറിയില്‍ ഒരിക്കലും നിങ്ങള്‍ക്ക് സിറ്റി ഡ്രൈവിങ് പഠിക്കാനാകില്ല. ഇപ്പോള്‍ ചെയ്യുന്ന ജോലിയേക്കാള്‍ മികച്ചൊരു ജോലിയ്ക്ക് സാധ്യതയുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന് ശ്രമിക്കണം. പുതിയ ജോലിസ്ഥലത്തെ സാഹചര്യങ്ങളെ കുറിച്ചുള്ള ഭയം മൂലം ഇപ്പോഴത്തെ സുരക്ഷിതമായ സ്ഥലത്ത് തന്നെ തുടര്‍ന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിങ്ങള്‍ അതെ കുറിച്ചോര്‍ത്ത് പശ്ചാത്തപിച്ചേക്കാം. പുതിയ ജോലിസ്ഥലത്തെ സാഹചര്യം എന്തു തന്നെയായാലും അത് അതിജീവിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ വെല്ലുവിളിയെറ്റെടുക്കുകയാണ് വേണ്ടത്. വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുമ്പോള്‍ മാത്രമേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നുള്ളൂ.
(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services