05 April, 2018 (Our Article published in Our KIDS Magazine-April 2018)
എല്‍.കെ.ജിയില്‍ പഠിക്കുന്ന മകളേയും കൊണ്ടാണ് ആ അമ്മ കൗണ്‍സിലിങ് സെന്‍ററില്‍ വന്നത്. അവര്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ ആ കുട്ടിയെ ശ്രദ്ധിച്ചു. അവള്‍ എന്‍റെ മേശപ്പുറത്തിരുന്ന പല സാധനങ്ങളും എത്തിപ്പിടിച്ച് എടുക്കുന്നു. ഇടയ്ക്ക് കസേരയില്‍ നിന്ന് ഇറങ്ങിയോടും. അവളുടെ അമ്മ എന്നോടു സംസാരിക്കുന്നതിനിടയില്‍ തന്നെ അവളെ ശാസിക്കുന്നുണ്ട്. എന്നാല്‍ ആ കുട്ടി അതൊന്നും ശ്രദ്ധിക്കുന്നതു പോലുമില്ല. " ഇവള്‍ക്ക് തീരെ അനുസരണയില്ല. എത്ര വഴക്കു പറഞ്ഞാലും അടങ്ങിയിരിക്കില്ല. എപ്പോഴും ഓടിക്കളിച്ചു കൊണ്ടിരിക്കും. ഒരു കാര്യത്തിലും ശ്രദ്ധയില്ല. സ്കൂളിലും ഇതേ സ്വഭാവമായതിനാല്‍ അധ്യാപകരെല്ലാം പലതവണ എന്നോടു പരാതി പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഏറ്റവും വിഷമം. അവിടിവിടെ ഓടി നടക്കും. കയ്യില്‍ കിട്ടുന്നതൊക്കെ വലിച്ചു താഴെയിടും. ഒരിക്കല്‍ ഒരു വീട്ടില്‍ പോയപ്പോള്‍ ഭക്ഷണം വിളമ്പാന്‍ വച്ചിരുന്ന പ്ലേറ്റുകളൊക്കെ വലിച്ചു താഴെയിട്ട് പൊട്ടിച്ചു. ഇപ്പോള്‍ ഇവളേയും കൊണ്ട് എവിടേയും പോകാറില്ല. ഞങ്ങള്‍ ആകെ വിഷമത്തിലാണ് " അവര്‍ പറഞ്ഞു. തുടര്‍ച്ചയായ ഹൈപ്പര്‍ആക്ടിവിറ്റിയും ശ്രദ്ധക്കുറവും എ.ഡി.എച്ച്.ഡിയുടെ (Attention-deficit Hyperactivity Disorder) ലക്ഷണമാണ്. കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ ഇത് മനസ്സിലാക്കാന്‍ കഴിയൂ. ശ്രദ്ധക്കുറവും അച്ചടക്കമില്ലായ്മയും കാണിക്കുന്ന കുട്ടികള്‍ക്കെല്ലാം എ.ഡി.എച്ച്.ഡി ഉണ്ടാകണമെന്നില്ല. കുട്ടിയ്ക്ക് ഇത്തരത്തില്‍ ഒരു പ്രശ്നം ഉണ്ടെന്ന് തോന്നിയാല്‍ ഒരു സൈക്കോളജിസ്റ്റിനെയോ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെയോ കണ്ട് ആവശ്യമായ ചികിത്സ തേടാന്‍ മടിക്കരുത്. തെറാപ്പിയും കൗണ്‍സിലിങും ഉള്‍പ്പെടുന്നതാണ് എ.ഡി.എച്ച്.ഡിയ്ക്കുള്ള ചികിത്സ. മൈല്‍ഡ് (Mild), മോഡറേറ്റ് (Moderate), സിവിയര്‍ (Severe) എന്നിങ്ങനെ എ.ഡി.എച്ച്.ഡിയ്ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ഇതില്‍ അവശ്യഘട്ടത്തില്‍ മാത്രമേ കുട്ടിയ്ക്ക് മരുന്ന് നല്‍കുകയുള്ളൂ. മറ്റ് ഘട്ടങ്ങളില്‍ കൗണ്‍സിലിങും തെറാപ്പിയും പ്രത്യേക ട്രെയിനിങ് പ്രോഗ്രാമുകളുമാണ് ഇവര്‍ക്ക് നല്‍കുക. ചികിത്സയില്‍ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനുള്ള നിരവധി ആക്ടിവിറ്റികളും ഉള്‍പ്പെടുത്താറുണ്ട്. ഇക്കാര്യങ്ങള്‍ ഞാന്‍ ആ അമ്മയെ പറഞ്ഞു മനസ്സിലാക്കി. ശരിയായ ചികിത്സയിലൂടെ മാറ്റിയെടുക്കാവുന്ന ഒരു പ്രശ്നമാണ് ഇതെന്ന് അവര്‍ക്ക് ബോധ്യമായി. ചികിത്സയ്ക്ക് വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണ ആവശ്യമാണ്.
കുട്ടിയുടെ പ്രശ്നം വീട്ടുകാര്‍ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് കണ്‍സള്‍ട്ടിങിന് വന്നതിനാല്‍ ഇവിടെ ചികിത്സ എളുപ്പമാണ്. എന്നാല്‍ പല രക്ഷിതാക്കളും ഇത് തിരിച്ചറിയാതെ കുട്ടിയെ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്നത് പ്രശ്നം വഷളാക്കാറുണ്ട്. എ.ഡി.എച്ച്.ഡി ഉള്ള കുട്ടികളെ നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എവിടേയും ഇവര്‍ പ്രശ്നക്കാര്‍ (Troublemakers) ആയിരിക്കും. തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ എ.ഡി.എച്ച്.ഡിയുടെ ചികിത്സ എളുപ്പമാണ്. അതിനാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ തുടര്‍ച്ചയായി ഇത്തരം ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നു എങ്കില്‍ നിര്‍ബന്ധമായും ഒരു സൈക്കോളജിസ്റ്റിനെ കാണിക്കുക.
തലച്ചോറിലെ ചില രാസപ്രവര്‍ത്തനങ്ങളുടെ അസന്തുലിതാവസ്ഥ കൊണ്ടാണ് എ.ഡി.എച്ച്.ഡി ഉണ്ടാകുന്നത്. കൂടുതലായും കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. ജനിതക പാരമ്പര്യവും സിങ്കിന്‍റെ അളവ് കുറയുന്നതും കുട്ടിയ്ക്ക് എ.ഡി.എച്ച്.ഡി വരാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലഘട്ടത്തില്‍ അമ്മ മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിച്ചാല്‍ എ.ഡി.എച്ച്.ഡി യ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എ.ഡി.എച്ച്.ഡി ഉള്ള കുട്ടിയോട് സ്വാഭാവികമായ രീതിയില്‍ ഇടപെടുക എന്നത് പ്രധാനമാണ്. അവര്‍ക്ക് എന്തെങ്കിലും അസുഖമോ തകരാറോ ഉള്ളതായി കണക്കാക്കി പെരുമാറിയാല്‍ പ്രശ്നം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്. ഒരു രോഗി എന്ന പരിഗണന നല്‍കി അമിതമായി ലാളിക്കുകയോ കുട്ടിയുടെ പ്രവര്‍ത്തികളില്‍ ദേഷ്യം പിടിച്ച് അമിതമായി ശാസിക്കുകയോ അരുത്. ഭക്ഷണകാര്യത്തിലും ഇവര്‍ക്ക് നിയന്ത്രണങ്ങള്‍ ആവശ്യമാണ്. അമിതമായ മധുരം ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. അതുപോലെ തന്നെ കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ആഹാരസാധനങ്ങളും ഈ കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ല.
കുട്ടികളില്‍ അച്ചടക്കവും അനുസരണയും കുറയുന്നത് എല്ലാസന്ദര്‍ഭത്തിലും എ.ഡി.എച്ച്.ഡി കൊണ്ടാകണമെന്നില്ല. പല കാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ അച്ചടക്കവും അനുസരണയും ഇല്ലാത്തവരായി മാറാം. മാതാപിതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത, ഒറ്റപ്പെടല്‍, അമിതസമ്മര്‍ദ്ദം എന്നിവയെല്ലാം കുട്ടിയുടെ സ്വഭാവത്തെ സ്വാധീനിക്കും. പ്രശ്നത്തിന്‍റെ ശരിയായ കാരണം കണ്ടെത്തി അത് തിരുത്തുന്നതിലൂടെ മാത്രമേ കുട്ടിയെ നേര്‍വഴിയ്ക്ക് നയിക്കാന്‍ കഴിയുകയുള്ളൂ.
കുടുംബം പ്രധാനം
"നീ എന്തു പറഞ്ഞാലും അനുസരിക്കില്ലല്ലേ?" ഒരിക്കല്‍ കൂടി കുട്ടിയോട് ഈ ചോദ്യം ചോദിക്കുന്നതിന് മുന്‍പ് സ്വന്തം ജീവിതത്തിലേയ്ക്ക് ഒന്നു കണ്ണോടിച്ചു നോക്കുക. കുട്ടികളുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ എങ്ങനെയാണ് മറ്റുള്ളവരോട് പെരുമാറുന്നതെന്ന് ചിന്തിക്കുക. ഭാര്യയോട് അല്ലെങ്കില്‍ ഭര്‍ത്താവിനോട്, അമ്മയോട്, അച്ഛനോട് അമ്മായിയമ്മയോട്, അമ്മായിഅച്ഛനോട് നിങ്ങള്‍ പെരുമാറുന്നത് കുട്ടിയും നിരീക്ഷിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ പറയുന്ന ഓരോ വാക്കുകളും അവര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കും, വാക്കിന്‍റെ അര്‍ത്ഥമോ സന്ദര്‍ഭമോ മനസ്സിലായില്ലെങ്കില്‍ പോലും തങ്ങളുടെ സംഭാഷണത്തില്‍ ആ വാക്ക് ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രമിക്കും. ചുരുക്കത്തില്‍ സ്വഭാവരൂപീകണത്തിന്‍റെ ബാലപാഠം കുടുംബത്തില്‍ നിന്നാണ് പകര്‍ന്നു കിട്ടുന്നത്. സ്നേഹപൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ നല്ല സംസാരങ്ങള്‍ മാത്രം കേട്ടു വളരുന്ന കുട്ടിയുടെ പെരുമാറ്റം സ്വാഭാവികമായും ആ രീതിയില്‍ തന്നെയായിരിക്കും. എന്നാല്‍ മാതാപിതാക്കള്‍ തമ്മില്‍ ദിവസവും വഴക്കിടുകയും പരസ്പരം ചീത്തവിളിക്കുകയും ചെയ്യുമ്പോള്‍ കുട്ടിയുടെ സ്വഭാവത്തിലും ആ മാറ്റങ്ങള്‍ പ്രതിഫലിക്കും. ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടിയുടെ മനസ്സില്‍ മാതാപിതാക്കള്‍ക്ക് വഴക്കാളികള്‍ എന്ന ഇമേജാണ് ഉണ്ടാകുക. അവരെ അനുസരിക്കാന്‍ അവന്‍ തയ്യാറായെന്ന് വരില്ല. മാത്രമല്ല ദിവസവും ഇതേ അന്തരീക്ഷത്തില്‍ ജീവിക്കുന്നതിനാല്‍ പുറമേ ഒരാളോട് സംസാരിക്കുമ്പോള്‍ സ്നേഹപൂര്‍വം ഇടപെടാനും അവനു കഴിഞ്ഞെന്ന് വരില്ല. ഇതേ സാഹചര്യത്തില്‍ തന്നെ തുടരുകയാണെങ്കില്‍ മുതിരുമ്പോള്‍ ആരുടേയും വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാത്തവരായി അവര്‍ മാറാനുള്ള സാധ്യതയും ചെറുതല്ല. പൊതുവേ സമാധാനപരമായി പോകുന്ന കുടുംബാന്തരീക്ഷത്തില്‍ വളരുകയാണെങ്കിലും അവിടെ പെട്ടന്നുണ്ടാകുന്ന മാറ്റങ്ങള്‍ കുട്ടിയെ ആഴത്തില്‍ സ്വാധീനിക്കും. വീട്ടിലെയാരുടെയെങ്കിലും മരണം, മറ്റൊരു നാട്ടിലേയ്ക്കുള്ള വീടുമാറ്റം, പെട്ടന്നുണ്ടാകുന്ന സാമ്പത്തികപ്രതിസന്ധി ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കുട്ടിയെ അസ്വസ്ഥനാക്കും. മനസ്സിനെ മുറിപ്പടുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ടി അനുസരണയില്ലാതെയും ധിക്കാരത്തോടെയും പെരുമാറാനുള്ള സാധ്യത കൂടുതലാണ്. കുടുംബത്തിലെ പ്രശ്നങ്ങള്‍ കുട്ടിയെ ബാധിക്കാതെ നോക്കുക എന്നതാണ് പ്രധാനം.
അമിതസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടോ?
പഠനരംഗത്ത് ശക്തമായ മത്സരം നിലനില്‍ക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നു. ഇതും അവരുടെ സ്വഭാവത്തെ സ്വാധീനിച്ചേക്കാം. എല്ലാത്തിലും മക്കള്‍ ഒന്നാമതാവണം എന്ന രക്ഷിതാക്കളുടെ അമിതപ്രതീക്ഷയും അത് നിറവേറ്റാന്‍ കഴിയാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും അവരില്‍ ദേഷ്യവും നിരാശയും സൃഷ്ടിക്കും. ഇത് സംസാരത്തിലൂടെ പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍ അവര്‍ നാട്ടിലും വീട്ടിലും ധിക്കാരികളായി മാറും. എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ നേട്ടങ്ങളെ കുറിച്ച് പറഞ്ഞ് കുട്ടിയെ എപ്പോഴും കുറ്റപ്പെടുത്തുന്നതും അവരില്‍ മാനസികപിരിമുറുക്കം കൂടാന്‍ കാരണമാകും. ഇത്തരത്തില്‍ സംസാരിക്കുന്ന അച്ഛനമ്മമാരോടും അധ്യാപകരോടും അവര്‍ ഏതുതരത്തില്‍ പെരുമാറുമെന്ന് പ്രവചിക്കാനാകില്ല. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ വിവിധ മത്സരപരീക്ഷകള്‍ക്കുള്ള കോച്ചിങിന് അയക്കുന്നതാണ് മറ്റൊന്ന്. ഓരോ പ്രായത്തിലും കുട്ടിയ്ക്ക് പഠിച്ചെടുക്കാന്‍ കഴിയുന്നതിന് ഒരു പരിധിയുണ്ട്. കുട്ടികളുടെ ബൗദ്ധികനിലവാരം അനുസരിച്ച് ഇതിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും അതിനും മുകളില്‍ ഉള്ള ഭാരം കുട്ടിയുടെ ചുമലില്‍ കയറ്റുമ്പോള്‍ അവര്‍ തളര്‍ന്നു പോകും. ഇത്തരത്തില്‍ രക്ഷിതാക്കളുടെ അമിതപ്രതീക്ഷകള്‍ക്ക് അനുസരിച്ച് ചിട്ടപ്പെടുത്തിയ ജീവിതരീതിയില്‍ വളരുന്ന കുട്ടികളില്‍ പെരുമാറ്റവൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കുട്ടികളില്‍ ഇത്തരത്തില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാതിരിക്കാനും അവരോട് സ്നേഹപൂര്‍വം ഇടപെടാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്.
ശിക്ഷിക്കുന്ന രീതി മാറണം
കുട്ടികള്‍ പറയുന്നത് അനുസരിക്കാതെ വരുമ്പോള്‍ അവരെ ശിക്ഷിക്കുക എന്നത് ഏതൊരു രക്ഷിതാവിന്‍റേയും ശീലമാണ്. അതില്‍ തെറ്റില്ല. എന്നാല്‍ അവരെ എങ്ങനെ ശിക്ഷിക്കുന്നു എന്നതാണ് പ്രധാനം. അവര്‍ ചീത്തവാക്കുകള്‍ വിളിക്കുകയോ മറ്റു കുട്ടികളെ ഉപദ്രവിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ദേഷ്യം തീരുന്നതു വരെ അവരെ ദേഹോപദ്രവം ഏല്‍പ്പിച്ചതു കൊണ്ട് കാര്യമില്ല. ഇത് അവരുടെ ഉള്ളിലെ ദേഷ്യം കൂടാന്‍ മാത്രമേ ഉപകരിക്കൂ. അതുപോലെ തന്നെ ബന്ധുക്കളോ സുഹൃത്തുക്കളോ വീട്ടില്‍ വരുമ്പോള്‍ അവരോട് മോശമായി പെരുമാറിയ കുട്ടിയെ അവര്‍ വീട്ടില്‍ നിന്ന് പോയിക്കഴിഞ്ഞതിനു ശേഷം തല്ലുന്നതില്‍ അര്‍ത്ഥമില്ല. താന്‍ ചെയ്തത് തെറ്റായിപ്പോയി എന്നൊരു ബോധ്യം അവരുടെ ഉള്ളില്‍ വരത്തക്കവിധം വേണം ശിക്ഷിക്കാന്‍. കുട്ടി വീടിനുപുറമെയുള്ള ഒരാളോട് മോശമായി പെരുമാറിയാല്‍ അപ്പോള്‍ തന്നെ അവരോട് സോറി പറയാന്‍ ആവശ്യപ്പെടാം. ഇനി ഒരിക്കലും ഇത്തരത്തില്‍ പെരുമാറില്ലെന്ന് അവരുടെ സാന്നിധ്യത്തില്‍ തന്നെ വച്ച് കുട്ടിയെ കൊണ്ട് പ്രോമിസ് ചെയ്യിക്കാം. അവര്‍ പോയിക്കഴിഞ്ഞതിനു ശേഷം അക്കാര്യത്തെ കുറിച്ച് കുട്ടിയോട് കൂടുതല്‍ സംസാരിക്കണം. അ്ങ്ങനെ പെരുമാറുമ്പോള്‍ മറ്റുള്ളവര്‍ക്ക് വിഷമം ഉണ്ടാകുമെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാം. തീരെ ചെറിയ കുട്ടികളാണെങ്കില്‍ അങ്ങനെ പറയാന്‍ പാടില്ല, അത് നല്ലതല്ല എന്ന് അവരോട് പറയാം. കുട്ടി അനുസരണകേട് കാണിക്കുമ്പോള്‍ ശിക്ഷയായി അവനെ/അവളെ ആ ദിവസം കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ വിടാതിരിക്കുകയോ ഇഷ്ട്പ്പെട്ട ടി.വി പ്രോഗ്രാം കാണിക്കാതിരിക്കുകയോ ചെയ്യാം. തല്ലുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ നല്ല ശിക്ഷയായിരിക്കും ഇത്.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിലെ പ്രധാനഘട്ടമാണ് ബാല്യം. അവിടെ നിന്ന് പഠിക്കുന്ന ശീലങ്ങള്‍ ജീവിതത്തിലുടനീളം അവര്‍ പിന്തുടരും. അതുകൊണ്ടു തന്നെ അച്ചടക്കവും അനുസരണാശീലവും ഈ പ്രായത്തില്‍ തന്നെ അവരില്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചില കുട്ടികളില്‍ ഈ പ്രായത്തില്‍ പല കാരണങ്ങള്‍ കൊണ്ട് മോശം പെരുമാറ്റ ശീലങ്ങള്‍ കടന്നുകൂടാം. അങ്ങനെ വരുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അത് പരിഹരിക്കാനാകണം അച്ഛനമ്മമാര്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ കുട്ടിയെ മിടുക്കനായി വളര്‍ത്തേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കു മാത്രമാണെന്ന് ഓര്‍ക്കുക.
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services