ലോക്ക് ഡൗൺ : അവിസ്മരണീയമായ ഒരു വീട്ടുതടങ്കൽകാലം

16 April, 2020

മൃഗശാലയിലെ കൂട്ടിലടയ്ക്കപ്പെട്ട പക്ഷിമൃഗാദികളെ കാണുമ്പോൾ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവയുടെയൊക്കെ മനസ്സിൽ എന്തായിരിക്കും എന്ന് പലപ്പോഴും നാം ചിന്തിക്കാറുണ്ട്. ലോകമാനവരാശി അപ്പാടെ തടങ്കലിലാക്കപ്പെടുന്ന ഒരവസ്ഥ നാം വിദൂരസ്വപ്നങ്ങളിൽ പോലും കരുതിയിരുന്നില്ല. നമ്മൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഈ ലോക്ക് ഡൗൺ തികച്ചുമൊരു പുതിയ അനുഭവമായതിനാൽ സ്വാഭാവികമായും ഇതിനോട് പൊരുത്തപ്പെടാൻ ചിലർക്കെങ്കിലും അല്പം സമയം വേണ്ടി വന്നേക്കാം. ഈ കാലയളവിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടേണ്ടി വരുക എന്നതും സർവസാധാരണമാണ്.

രാജ്യവ്യാപകമായി ലോക്ക് ഡൗൺ പാലിക്കുന്ന ഈ കാലയളവിൽ നമ്മളെ ബാധിച്ചേക്കാവുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മാനസിക സംഘർഷങ്ങൾ

രാധ എന്ന വീട്ടമ്മ തീർത്തും മാനസിക സംഘർഷത്തിലാണ്. ഡൽഹിയിൽ അകപ്പെട്ടുപോയ മകനെക്കുറിച്ചുള്ള ആശങ്കകളാണ് അവരുടെ സങ്കടത്തിനു കാരണം. കേരളത്തിലേയ്ക്കു മടങ്ങിയെത്താൻ ശ്രമിക്കുകയാണ് ആ ചെറുപ്പക്കാരൻ. ലോക്ക് ഡൗൺ മൂലം ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നതാണ്ജോസിന്റെ വിഷമം. പുറത്തുപോകാനോ സുഹൃത്തുക്കളുമായി സല്ലപിക്കാനോ കഴിയാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മകനും നിരാശനാണ്. ഒരുപക്ഷെ സ്വാതന്ത്ര്യം അത്രയേറെ അമൂല്യമായതുകൊണ്ടാകാം അതിന്റെ അഭാവത്തിൽ നമ്മൾ വ്യാകുലരാകുന്നത്. അതുകൊണ്ടു തന്നെയാണ് സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതിനു സമാനമായ ഈ സാഹചര്യത്തിൽ പലർക്കും അവരുടെ മനസ്സും പ്രതീക്ഷയുമെല്ലാം കൈമോശം വരുന്നത്.

ഗാർഹിക പീഡനം

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം മൂന്നിൽ ഒരു സ്ത്രീ ശാരീരികമോ, മാനസികമോ, ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. ഈ ലോക്ക് ഡൗൺ ദിവസങ്ങളിൽ ലോകത്താകമാനം ഗാർഹിക പീഡനങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് അറിയാൻ സാധിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഫ്രാൻസിൽ ഗാർഹിക പീഡനങ്ങളുടെ എണ്ണത്തിൽ 30% വർധനവാണ് കാണുന്നത്. ഇത്തരം ആക്രമണങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനും മാറ്റി പാർപ്പിക്കാനുമായി ഫ്രാൻസ് സർക്കാർ ഹോട്ടൽ മുറികളും ഹെല്പ് ലൈൻ സേവനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. മറ്റു വിദേശരാജ്യങ്ങളായ സ്പെയിനിൽ നിന്നും 18% സ്ത്രീകളും സിംഗപ്പൂരിൽനിന്നും 30% സ്ത്രീകളും ഗാർഹിക പീഡനത്തിൽനിന്നുമുള്ള സംരക്ഷണത്തിനായി സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ദേശീയ വനിതാ കമ്മീഷന്റെ റിപ്പോർട്ടുകൾ അനുസരിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പല വകുപ്പുകളിലായി 2020 മാർച്ച് ആദ്യവാരം 116 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് അവസാനവാരം കേസുകളുടെ എണ്ണം 257 ആയി ഉയർന്നപ്പോൾ അതിൽ 69 എണ്ണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം നിലവിൽ കേരളം മാത്രമാണ് . സാമൂഹ്യ നീതി വകുപ്പിന്റെ താല്പര്യപ്രകാരം നാഷണൽ സർവീസ് സ്കീമിന്റെ സഹായത്തോടുകൂടിയാണ് വനിതാ ശിശു വികസന ഡയറക്റ്ററേറ്റ് വാട്സാപ്പ് നമ്പർ വഴി ഹെല്പ് ലൈൻ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

പുരുഷന്മാർ തൊഴിലിൽ ഏർപ്പെടുമ്പോൾ അവരുടെ ഇണയുമായി സമ്പർക്കം പുലർത്താനുള്ള സമയം കുറവായതിനാൽ ഗാർഹിക പീഡനങ്ങൾ നന്നേ കുറവായിരിക്കും. അതേസമയം ഈ അടച്ചിടലിനിടയിൽ പുരുഷന്മാർക്ക് പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ അവരിൽ അക്രമാസക്തി കൂടുന്നുണ്ടെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിലവിലെ അനിശ്ചിതത്വവും, തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയുമെല്ലാം അവരിൽ മാനസികസമ്മർദ്ദവും അസ്വസ്ഥതകളും സൃഷ്ടിക്കുന്നു. നമ്മുടെ ഈ പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ എന്നും പുരുഷന്റെ ദേഷ്യത്തിനും ക്രോധത്തിനും ഇരയാവുകയാണ് പതിവ്. പലപ്പോഴും സ്ത്രീകൾ പുരുഷന്മാരുടെ അമർഷങ്ങൾക്കു പാത്രമാകുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയാണ് അത് പ്രതികൂലമായി ബാധിക്കുന്നത്.

വിഷാദം

കൊറോണ വൈറസിന്റെ വ്യാപനത്തോടുകൂടി പലരെയും ഭയവും ആശങ്കയും അലട്ടുന്നുണ്ടാകാം. ഈ ദിവസങ്ങളിൽ ആളുകൾ വിഷാദരോഗത്തിലേക്കു വഴുതിവീഴാനുള്ള സാദ്ധ്യതകൾ ഏറെയാണ്. പലരെയും സംബന്ധിച്ചടുത്തോളം ഈ ലോക്ക് ഡൗൺ ഒരുപക്ഷെ വളരെ പതുക്കെയാണെങ്കിൽകൂടി അവരെ വിഷാദരോഗത്തിന്റെ പടിക്കൽ കൊണ്ടെത്തിച്ചേക്കാം. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിട്ടുള്ളവർ ഈ മാനസികാവസ്ഥയിലേക്കു എത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മദ്യം ലഭ്യമല്ലാത്ത ഈ ലോക്ക് ഡൗൺ ദിവസങ്ങളിൽ അവരിൽ മാനസികവിഭ്രാന്തിയുടെ സൂചനകൾ പ്രകടമാക്കുകയോ മാനസിക നില തന്നെ തെറ്റുകയോ ചെയ്തേക്കാം. മദ്യവില്പന നിരോധിച്ച അവസരത്തിലുണ്ടായ ആത്മഹത്യകൾ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഈ ലോക്ക് ഡൗൺ നാളുകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും, ലോക്ക് ഡൗൺ കഴിഞ്ഞു അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ചും ബോധവാന്മാരായ നമ്മൾ ഇതൊന്നും ഒന്നിന്റെയും അവസാനമല്ല എന്നുകൂടി മനസിലാക്കേണ്ടതായിട്ടുണ്ട്.

പക്ഷിശ്രേഷ്ഠനായ ഗരുഡനെ നമുക്ക് ഈ അവസരത്തിൽ ഓർക്കാം. ഏകദേശം 70 വർഷത്തോളം ദീർഘായുസുള്ള അതിശക്തനായ ആ പക്ഷിയിൽനിന്നും നമുക്ക് ചില പാഠങ്ങൾ ഉൾക്കൊള്ളാനാകും. നാൽപ്പതാം വയസ്സിൽ ഗരുഡന്റെ കൂർത്ത കൊക്കുകൾ വളയുകയും ചിറകുകൾ നെഞ്ചോടു ഒട്ടിച്ചേരുകയും ചെയുന്നു. അതുകാരണം ഗരുഡനു പറക്കാൻ കഴിയാതാകുകയും ഇരയെ പിടിക്കാൻ കഴിയാതെയും വരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ വിശപ്പിനാൽ മരണമടയുക അല്ലെങ്കിൽ ഒരു മാറ്റത്തിനായി കാത്തിരിക്കുക എന്നതുമാത്രമാണ് ഗരുഡന്റെ മുന്നിലുള്ള വഴികൾ. രണ്ടാമത്തെ വഴി സ്വീകരിക്കുന്ന ഗരുഡൻ മലമുകളിൽ എത്തിയതിനുശേഷം തന്റെ വളഞ്ഞ കൊക്കുകൾ ഇളകിവരുന്നതുവരെ അവ പാറക്കെട്ടുകളിൽ ഉരസ്സുന്നു. ആ കൊക്കുകൾ വളർന്നുവരാൻ ക്ഷമയോടെ കാത്തിരിക്കുന്ന ഗരുഡൻ പിന്നീട് നഖങ്ങൾ പിഴുതെറിയുന്നു. നഖങ്ങൾ വളർന്നുവരുമ്പോൾ ഗരുഡൻ സ്വന്തം ചിറകുകൾ അടർത്തി മാറ്റുകയും, പുതിയ ചിറകുകൾ വളരുവാൻ വേണ്ടി കാത്തിരിക്കുകയും ചെയുന്നു. ഏറെ പ്രതിബന്ധങ്ങൾ താണ്ടിയാണ് ഗരുഡൻ ഈ ദീർഘനാളത്തെ ജീവിതയാത്ര തുടരുന്നത്. ശക്തമായ തീരുമാനങ്ങളുടെയും സഹനശക്തിയുടെയും ഫലമാണ് ഈ അതിജീവനം. ഈ ഏകാന്തവാസത്തിനിടയിലാണ്അടുത്ത മുപ്പതു വർഷത്തെ അതിജീവനത്തിനു വേണ്ടിയുള്ള ഊർജ്ജവും ശക്തിയുമെല്ലാം ഗരുഡൻ ആർജ്ജിക്കുന്നത്. നമ്മളും ഒട്ടും വ്യത്യസ്ഥരല്ല. നമ്മുക്കും ഈ ദിവസങ്ങളെ ഏകാന്തവാസമായി കണക്കാക്കാം. ഈ നാളുകളിൽ നമുക്കും ഗരുഡനെപ്പോലെ ക്ഷമയോടെ നമ്മളിലെ നിഷേധാത്മകതയെല്ലാം തുടച്ചുനീക്കി നന്മയുള്ള മനസ്സിനു ഉടമകളാകാം.

ഏകാന്തതയിലാണ് സർഗ്ഗാത്മകത ജനിക്കുന്നത് എന്ന ശ്രീ ശ്രീ രവിശങ്കറിന്റെ വചനം ഏറെ ഉദാത്തമാണ്. നമുക്കുവേണ്ടി ഒരല്പം സമയം മാറ്റിവെച്ചാൽ തന്നെ നമ്മുടെയുള്ളിലെ സർഗ്ഗാത്മകതയെ തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു പുഴുവിൽനിന്നും ചിത്രശലഭത്തിലേക്കുള്ള രൂപീകരണം തന്നെ പ്രകൃതിയിൽനിന്നുള്ള ഉത്തമ ഉദാഹരണമാണ്. കൊക്കൂണിൽനിന്നും മനോഹരമായ ചിത്രശലഭമായി പുറത്തെത്തുന്ന പ്രതിഭാസത്തെ നമ്മൾ എന്നും അത്ഭുതത്തോടുകൂടിയാണ് നോക്കികാണാറുള്ളത്. ഏകാന്തത അഥവാ ഒറ്റപ്പെടൽ എല്ലായിപ്പോഴും വിരസമാകണമെന്നില്ല. ചിത്രശലഭങ്ങളുടെ രൂപീകരണം പോലെ നാം ഹൃദ്യമായ മാറ്റങ്ങൾക്കും കാരണമായേക്കാം. ആത്മപരിശോധനയ്ക്കുള്ള സമയമാണിത് . വിഷാദത്തിൽ അകപ്പെട്ടുപോകുന്നതിനുപകരം നല്ല നാളേയ്ക്കായി നമുക്ക് സ്വയം പ്രാപ്തരാകാം.

പാലിക്കാം ചില നിർദ്ദേശങ്ങൾ

വ്യാജവാർത്തകളിൽനിന്നും അകലം പാലിക്കുക.

വ്യാജവാർത്തകൾ കാട്ടുതീ പോലെ പടരുന്ന സമൂഹ മാധ്യമങ്ങളിൽനിന്നും നമുക്ക് അകലം പാലിക്കാം. കൊറോണ വൈറസുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമ്പോൾ അത് വിശ്വസിക്കുന്നതിനുമുൻപ് അവയുടെ നിജസ്ഥിതി അറിയാൻ ശ്രമിക്കുക. അശുഭകരമായ വ്യാജവാർത്തകൾ നമ്മുടെ മനസ്സിനെ കലുഷിതമാക്കിയേക്കാം.

സർഗ്ഗാത്മകത

എല്ലായിപ്പോഴും നമ്മുടെ മനസ്സിനു കുളിർമ തരുന്ന ഒന്നാണ് സർഗ്ഗാത്മകത. ഈ അടച്ചിടൽ കാലയളവിൽസംഗീതത്തിലോ, ചിത്രരചനയിലോ, പാചക ത്തിലോ അങ്ങനെ നിങ്ങൾക്ക് ആസ്വാദ്യകരമായ എന്തിലും ഏർപ്പെടാം .

വിശ്രമം

ഈ ദിവസങ്ങളിൽ നമ്മുടെ ശരീരവും മനസ്സും ഒരുപോലെ സമ്മർദ്ദത്തിലായിരിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിക്കാൻ യോഗ ശീലമാക്കാം.

ലോക്ക് ഡൗൺ കഴിഞ്ഞുള്ള ദിവസങ്ങളിൽ നമ്മൾ അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങളെ നേരിടാൻ നമ്മൾ സ്വയം പ്രാപ്തരാവേണ്ടതായിട്ടുണ്ട്. ഇതാണ് ഉചിതമായ സമയം. നിങ്ങളുടെ ദുർഘടഘട്ടങ്ങളിൽ മാനസിക പിന്തുണയ്ക്കും സഹായങ്ങൾക്കുമായി കൺസൊലേസ് കൗൺസിലിങ് സെന്ററിനെ സമീപിക്കാവുന്നതാണ്. ശുഭാപ്തിവിശ്വാസത്തോടുകൂടി മനസ്സിനെ ഒരുക്കിയെടുത്തുകൊണ്ട് നല്ല നാളേയ്ക്കായി നമുക്ക്പ്ര തീക്ഷയർപ്പിക്കാം.


Appointments

Our Latest Articles

 • SEPARATION ANXIETY IN PETS

  Consolace Counselling Services

  Read More

 • SMARTPHONE ADDICTION AMONG STUDENTS

  Consolace Counselling Services

  Read More

 • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

  Consolace counselling services

  Read More

 • Mental Health for Digital Generation

  Consolace counselling services

  Read More