ആധുനികയുവതയും മാനസികാരോഗ്യവും

08 September, 2016 ((Our Article published in IMA Nammude Ayurarogyam Magazine - September 2016))

ആധുനികയുവതയും മാനസികാരോഗ്യവും  

ആധുനിക ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍മൂലം സമൂഹത്തിലും കുടുംബവ്യവസ്ഥയിലും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നവരാണ് യുവതലമുറ. വിഷാദം, മദ്യപാനം, ആത്മഹത്യാ പ്രവണത, മയക്കുമരുന്നുകളോടുള്ള ആസക്തി, അമിതമായ ഉത്കണ്ഠ, നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍, വ്യക്തിബന്ധങ്ങളിലെ സംശയം, പെരുമാറ്റ വൈകല്യം തുടങ്ങിയ കാരണങ്ങളാല്‍ ഇവരില്‍ ഭൂരിപക്ഷത്തിന്‍റെയും മാനസികാരോഗ്യവും നഷ്ടപ്പെടുകയാണ്. മാനസികപ്രശ്നങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന യുവതയുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിസാരമായ പ്രശ്നങ്ങള്‍പോലും കൃത്യതയോടെയും സൂക്ഷ്മതയോടെയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണു അത് മാനസികപ്രശ്നമായി വളരുന്നത്. ഇത്തരം മാനസികപ്രശ്നങ്ങള്‍ ക്രമേണ മാനസികാരോഗ്യത്തിന്‍റെ പതനത്തിലേക്കാണു കൊണ്ടെത്തിക്കുന്നത്. എപ്പോഴും സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതുമാത്രമാണു മാനസികാരോഗ്യം നിലനിര്‍ത്താനുള്ള പ്രധാനപോംവഴി. ഗുരുതരമായ പ്രശ്നങ്ങളെപ്പോലും ലാഘവത്തോടെ നേരിടാന്‍ കഴിയുന്നതും മാനസികാരോഗ്യത്തിനു ഏറെ ഗുണകരമാണ്.

ഏതുപ്രതിബന്ധങ്ങളെയും അതിജീവിക്കാനും ഏതു വിജയങ്ങളെയും കൊയ്തെടുക്കാനും പ്രേരണയും പ്രോത്സാഹനവും നല്‍കുന്ന അജ്ഞാത അവയവമാണ് മനസ്സ്. അതുകൊണ്ടുതന്നെ ശാരീരികാരോഗ്യത്തെക്കാള്‍ ഏറെ പ്രാധാന്യമുണ്ട് മാനസികാരോഗ്യത്തിന്. മനസ്സിന്‍റെ വില്‍പവര്‍ ഒന്നുകൊണ്ടുമാത്രം എത്രയോ പ്രശ്നങ്ങളാണു നമ്മളില്‍ പലരും അതിജീവിച്ചിട്ടുണ്ടാവുക. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ യുവതലമുറയില്‍ ഭൂരിഭാഗവും മാനസികമായി ദുര്‍ബലരാവുകയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിസാരമായ പ്രശ്നങ്ങള്‍പോലും അഭിമുഖീകരിക്കാന്‍ കഴിയാതെ അവര്‍ പതറിപ്പോവുകയാണ്. അത്തരം സാഹചര്യങ്ങള്‍ ജീവിതപരാജയത്തിലേക്കും ജീവിതാന്ത്യത്തിലേക്കും വരെ കൊണ്ടുചെന്നെത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് പരമപ്രധാനമാണ്.

ഇന്നത്തെ യുവതയുടെ മാനസികാരോഗ്യം

കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും അടിസ്ഥാനം താങ്ങിനിര്‍ത്തേണ്ടതു യുവതലമുറ ആയതുകൊണ്ടുതന്നെ അവരുടെ മാനസികാരോഗ്യം ശരിയായ അളവില്‍ ആയിരിക്കണ്ടേതും അനിവാര്യമാണ്. അണുകുടുംബങ്ങളിലേക്കു കടന്നതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, പാഠ്യശാലകളില്‍നിന്നു മാനസികാരോഗ്യ പരിശീലനം ലഭ്യമാക്കുന്നതിന്‍റെ അഭാവം, സോഷ്യല്‍ മീഡിയകളുടെ സ്വാധീനം തുടങ്ങിയവയെല്ലാം യുവതയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. ഇക്കാരണങ്ങളെല്ലാം മാനസികാരോഗ്യം കുറഞ്ഞ ഒരു തലമുറ സമൂഹത്തില്‍ വളര്‍ന്നുവരാന്‍ ഇടയാക്കുകയും സമൂഹത്തില്‍ മരണ നിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നുണ്ട് എന്നതു മറ്റൊരു വസ്തുത. എല്ലായ്പ്പോഴും മാനസികാവസ്ഥ ഒരുപോലെ നിലനിര്‍ത്താന്‍ കഴിയാത്തതാണു യുവജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പലപ്പോഴും സന്തോഷവും വിഷമവും ഇടകലര്‍ന്നതാണു അവരുടെ ഓരോദിവസും. ഇത്തരത്തില്‍ മാനസികാവസ്ഥയിലുണ്ടായ വേലിയേറ്റങ്ങള്‍ മാനസികാരോഗ്യത്തെ ബാധിക്കുമെന്നു പറയേണ്ടതില്ലല്ലോ.

നിരാശ മാനസികാരോഗ്യം മോശമാക്കും

മാനസികാരോഗ്യം മോശമാക്കുന്നതില്‍ നിരാശക്ക് മോശമല്ലാത്ത പങ്കുണ്ട്. അമിതമായ പ്രതീക്ഷയാണു പലപ്പോഴും നിരാശയിലേക്കു വഴിവെക്കുന്നത് എന്നതിനാല്‍ ആശകളെ നിയന്ത്രിക്കേണ്ടതില്‍ യുവതലമുറ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. ആഗ്രഹിച്ചതു സാധിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ മാനസികമായി ദുര്‍ബലപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല. ഭക്ഷണഉപഭോഗത്തിലെ ക്രമമില്ലായ്മയും മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍തന്നെ ഭക്ഷണക്രമത്തില്‍ മിതത്വം പാലിക്കുന്നതും നല്ലതായിരിക്കും.

മനസ്സിനെ നിയന്ത്രിക്കുന്നത് പ്രധാനം

അരുതാത്ത പലതും പ്രവര്‍ത്തിച്ചു കഴിഞ്ഞിട്ടാണു വേണ്ടായിരുന്നു, മോശമായിപ്പോയി എന്നു പലരും ചിന്തിക്കുന്നത്. മാനസികാരോഗ്യം നഷ്ടപ്പെട്ട അവസ്ഥയില്‍ അഥവാ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സംഭവിച്ചുപോകുന്ന ഓരോ പ്രവൃത്തികളും ഒന്നും വേണ്ടായിരുന്നു എന്ന കുറ്റബോധം തോന്നിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. കാര്യങ്ങള്‍ മനസ്സിലാക്കി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ നാം ശീലിക്കണം. ഇതു ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ട ഒരു ശീലം കൂടിയാണ്. എപ്പോഴാണ്, ആരോടാണ്, എന്തിനാണ് ദേഷ്യം തോന്നുന്നത്? എങ്ങിനെയാണ് ദേഷ്യം വരുമ്പോള്‍ പ്രതികരിക്കുക?ഇത് മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും ബാധിക്കുന്നുണ്ടോ? മറ്റുള്ളവരുടെ പ്രതികരണമെന്താണ് ? അമിത കോപം മൂലം ഏതെങ്കിലും ബന്ധങ്ങള്‍ ശിഥിലമാകുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതും സ്വയം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതും നമ്മുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ സഹായിക്കും.

ദേഷ്യം നല്ലതല്ല

മനസിനെ അസ്വസ്ഥതപ്പെടുത്തുന്നതിലും മാനസികാരോഗ്യം നഷ്ടപ്പെടുത്തുന്നതിലും ദേഷ്യത്തിനു നല്ലൊരു പങ്കുണ്ട്. അമിതകോപം ആപത്താണെന്നു ആദ്യം തന്നെ പറയട്ടെ. അതിനാല്‍ അതു നിയന്ത്രിക്കേണ്ടതുമാണ്. ഇച്ഛാഭംഗം, വിഷാദം, അപകര്‍ഷതാബോധം, ഉത്കണ്ഠ, നൈരാശ്യം, ആത്മവിശ്വാസമില്ലായ്മ എന്നിവയൊക്കെയാണു കോപത്തിനു ഇടയാക്കുന്നത്. പലര്‍ക്കും ദേഷ്യം വരുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം കാരണങ്ങളെ അഭിമുഖീകരിക്കേണ്ട രീതിയും വ്യത്യസ്തമാണ്. അമിതകോപം നിയന്ത്രിക്കാന്‍ ആദ്യം ശീലിക്കേണ്ടത് നാവിനെ അടക്കുകയാണ്. തൊടുത്ത അമ്പിനെക്കാള്‍ അപകടമാണു അരുതാതെ പറഞ്ഞ വാക്ക് എന്നു പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. ദേഷ്യം വരുമ്പോള്‍ മാനസിക നിയന്ത്രണമില്ലാതെ നാം പറയുന്ന കാര്യങ്ങള്‍ പിന്നേട് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. അതിനാല്‍ ദേഷ്യം വരുമ്പോള്‍ കഴിവതും സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ദേഷ്യത്തോടെയിരിക്കുമ്പോള്‍ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ ചിന്തിക്കുകയോ ചെയ്യരുത്. മനസ്സ് ശാന്തമായത്തിനു ശേഷം നടന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും വിശകലനം ചെയ്തു പ്രശ്നം പരിഹരിക്കുന്നതും മാനസികാരോഗ്യത്തിനു നല്ലതാണ്.

മാനസികാരോഗ്യം സംരക്ഷിക്കാന്‍ മറ്റുചിലതുകൂടി

* അക്രമം, കലഹം തുടങ്ങിയ സ്വഭാവങ്ങള്‍ ജീവിതത്തില്‍ ദു:ഖങ്ങളും ദുരിതങ്ങളും മാത്രമേ സമ്മാനിക്കുകയുള്ളൂ എന്നതിനാല്‍ അത്തരം രീതികള്‍ ബോധപൂര്‍വം ഒഴിവാക്കുക.

* സുഹൃത്തുക്കളുമായും ചുറ്റുമുള്ള സമൂഹവുമായും ക്രിയാത്മകമായും സൗഹാര്‍ദ ത്തോടെയും ഇടപെഴകാന്‍ ശ്രമിക്കുക.

* ശാരീരിക അവശതകളും ഊര്‍ജക്കുറവും മനസിനെ അതിവേഗം കീഴടക്കുമെന്നതിനാല്‍ ശരീരസംരക്ഷണം എപ്പോഴും ഉറപ്പാക്കുക.

* അമിതമായ ലൈംഗികാസക്തി, ശാരീരിക ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവയക്ക് വിദഗ്ധ ചികിത്സ തേടുക.

* അന്തര്‍മുഖത്വം, ചുറ്റുമുള്ള കാര്യങ്ങളില്‍ ഇടപെടുന്നതിനുള്ള താല്‍പര്യക്കുറവ് തുടങ്ങിയ അവസ്ഥകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

* അനാവശ്യ ചിന്തകളും അനാവശ്യ ആഗ്രഹങ്ങളും ഒഴിവാക്കുക.

* മറ്റുള്ളവരുടെ നേട്ടങ്ങളില്‍ അസൂയപ്പെടാതിരിക്കുക.

* സ്ഥിരോത്സാഹവും ശുഭചിന്തകളും ജീവിതത്തിന്‍റെ ഭാഗമാക്കുക.

* അമിതമായ സൗന്ദര്യബോധം, ഞാന്‍ എന്ന ഭാവത്തോടെയുള്ള ജീവിതവും പെരുമാറ്റവും, വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള വിമുഖത എന്നിവയും ഒഴിവാക്കുക.

* എന്തിനെയും പോസിറ്റീവായി മാത്രം സമീപിക്കുക.

ലഹരിവസ്തുക്കളെ അകറ്റിനിര്‍ത്താം

ലഹരിവസ്തുക്കളുടെ ഉപയോഗമാണു ഇന്നു യുവതയുടെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളില്‍ മുഖ്യം. മദ്യപാനം യുവജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. പുകവലിയും പാന്‍മസാലകളുടെ മയക്കുമരുന്നുകളുടെയും ഉപയോഗവും പലര്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്തതായിരിക്കുന്നു. ഇത്തരം ലഹരി ഉപയോഗങ്ങള്‍ മാനസികോര്‍ജ്ജം തളര്‍ത്തുമെന്നു മാത്രമല്ല, ജീവിതത്തിന്‍റെ എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തും. വേള്‍ഡ് ഹെല്‍ത്ത് സര്‍വേയുടെ അവസാന റിപ്പോര്‍ട്ട് അനുസരിച്ചു പതിനെട്ടിനും ഇരുപത്തിനാലിനും ഇടയിലുള്ള നാല്‍പത് ശതമാനം പുരുഷന്‍മാരും ഇരുപതു ശതമാനം സ്ത്രീകളും പുകവലിക്കാരാണെന്നു കണ്ടെത്തിയിരുന്നു. കേവലം വിനോദത്തിനു തുടങ്ങുന്ന ലഹരി ഉപയോഗം മാനസികാരോഗ്യത്തെ തളര്‍ത്തുമെന്നു മാത്രമല്ല, അത് കുടുംബ ജീവിതത്തിന്‍റെ സുഗമമായ പ്രയാണത്തെയും ബാധിക്കും. കുടുംബ ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്ന സമയത്തും ഉത്തരം കണ്ടെത്താനാകാതെയും ഗൗരവതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ കഴിയാതെയും കടുത്ത മാനസിക അസ്വസ്ഥതകളിലേക്കു ലഹരി ഉപയോഗം നിങ്ങളെ കൊണ്ടെത്തിക്കുമെന്ന കാര്യം മറക്കാതിരിക്കുക.

മനസ്സ് തളര്‍ന്നാല്‍ ആത്മഹത്യ അല്ല പരിഹാരം

കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും ആത്മഹത്യയെക്കുറിച്ചാണു പലരും ചിന്തിച്ചുപോകുന്നത്. എന്തുകൊണ്ടാണ് അത് എന്നു ചോദിച്ചാല്‍ സാഹചര്യങ്ങളെ നേരിടാനുള്ള മാനസിക ശക്തി ഇല്ലാത്തതു തന്നെ കാരണം. ഇന്നത്തെ സാഹചര്യത്തില്‍ പതിനഞ്ചിനും ഇരുപത്തിയൊമ്പതിനും ഇടയില്‍ പ്രായമുള്ള മുപ്പത്തിയഞ്ചു ശതമാനം ആളുകളിലും ആത്മഹത്യാ പ്രവണത നിലനില്‍ക്കുന്നുവെന്നാണു പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മാനസിക ശക്തി ചോര്‍ന്നുപോകുന്നതും മാനസിക പക്വത ഇല്ലാത്തതും യുവതയുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഈ സാഹചര്യത്തില്‍ ഒപ്പമുള്ള മുതിര്‍ന്നവരുടെയോ വിദഗ്ധരായവരുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കും. കാരണങ്ങള്‍ എന്തുതന്നെയായാലും മനസു തളര്‍ന്നു ജീവിതത്തില്‍നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. പ്രശ്നങ്ങളെ അതിജീവിക്കാന്‍ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ ജീവിതത്തിലേക്കു മടങ്ങിവരാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.

സമൂഹത്തിന്‍റെ പിന്തുണ പ്രധാനം

ഒരാളുടെ വീഴ്ചയില്‍ കുറ്റപ്പെടുത്തി അയാളുടെ മാനസികാവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കുന്നതിനാണു നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ചുറ്റുമുള്ള പലരും ശ്രമിക്കുക. എന്നാല്‍ ദുരന്തങ്ങള്‍ക്കും വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കും ഇരയാക്കപ്പെടുന്ന വ്യക്തിക്ക് അടിയുറച്ച മാനസിക പിന്തുണ നല്‍കേണ്ടതു അയാള്‍ക്കൊപ്പമുള്ള ഓരോരുത്തരുടെയും കടമയാണെന്നു മറക്കേണ്ട. ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ക്കെന്ന പോലെ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും കൃത്യമായ പരിചരണം അനിവാര്യമാണ്. മാനസികമായ പരിചരണം നല്‍കാന്‍ ഒരു മനശ്ശാസ്ത്രജ്ഞനോ മനശ്ശാസ്ത്ര മേഖലയില്‍ വലിയ അവഗവാഹമുള്ള ആളോ ആവേണ്ടതില്ല. അതിന് മനുഷ്യത്വമുള്ള ഒരു മനസ്സും എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന വിവേചന ബോധവും മാത്രം മതി. ഇരയാക്കപ്പെടുന്ന ചിലര്‍ തികച്ചും മൂകരായി പോകുന്ന സന്ദര്‍ഭങ്ങളുണ്ടാകാം. മറ്റു ചിലര്‍ മാനസിക വിഭ്രാന്തിയിലെന്ന പോലെ പെരുമാറിയേക്കാം. ഇത്തരം സാഹചര്യങ്ങളിലൊക്കെ ഒപ്പമുള്ള മാനസിക പരിചരണം അത്യന്താപേക്ഷിതമാണ്.

മാനസികാരോഗ്യം പ്രധാനമാണ്; മറക്കരുത്

മാനസികാരോഗ്യത്തിന്‍റെ ഉറവിടം മനസാണ്. ശക്തമായ മനസിനെ ഒരു സുപ്രഭാതത്തില്‍ പാകപ്പെടുത്തി എടുക്കാനാകില്ല. കുട്ടിക്കാലം മുതലേ അതിജീവിക്കാനും പ്രതിരോധിക്കാനുമുള്ള മാനസികാവസ്ഥ സ്വയം വളര്‍ത്തിക്കൊണ്ടുവരണം. ജീവിത പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതിരിക്കാന്‍ അത് അനിവാര്യമാണ്. പലപ്പോഴും നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യമാണു മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ നിര്‍ണായകമാകുന്നത്. പ്രശ്നങ്ങളെയും സാഹചര്യങ്ങളെയും നേരിടാനും സ്വയം പ്രതിരോധിക്കാനുമുള്ള മാനസിക പരിശീലനം അവര്‍ക്കു സ്കൂള്‍തലം മുതല്‍ ലഭ്യമാക്കേണ്ടതാണ്. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ മികച്ച റോള്‍ വഹിക്കാനുണ്ട്. കുട്ടികള്‍ക്ക് പഠനകാലം മുതല്‍തന്നെ മെന്‍റല്‍ ഹെല്‍ത്തിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ, വളര്‍ന്നുവരുമ്പോള്‍ അത് ജീവിതത്തില്‍ പ്രായോഗികമായി ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിയൂ. കൗമാരപ്രായത്തില്‍ അവര്‍ക്കു നേരിടേണ്ടിവരുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങളെ യഥാവിധി പരിചയിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതും അവരുടെ മനസിനെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

മാനസിക സന്തോഷം ഓരോ നിമിഷവും

മനസ്സിനു സന്തോഷമുണ്ടെങ്കില്‍ ജീവിതത്തിനും സന്തോഷമുണ്ടാകും. ആരോഗ്യകരമായ ഭക്ഷണശൈലി, കൃത്യമായ വ്യായാമം, നല്ല ചിരി, വികാരങ്ങളെ വിവേകത്തോടെ നേരിടല്‍, നല്ല ഉറക്കം, സംഗീത ആസ്വാദനം തുടങ്ങിയ കാര്യങ്ങള്‍ മാത്സര്യത്തിന്‍റെയും പിരിമുറുക്കത്തിന്‍റെയും വേഗത്തിന്‍റെയും ഈ കാലഘട്ടത്തില്‍ മാനസിക സന്തോഷം നല്‍കാന്‍ നമ്മെ സഹായിക്കും. മാനസികാരോഗ്യം സംരക്ഷിക്കാന്‍ മറ്റൊരുമാര്‍ഗം ചിരിയെ ജീവിതത്തിന്‍റെ ഭാഗമാക്കുക എന്നതാണ്. പൊട്ടിച്ചിരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്. ചിരി ആയുസ് കൂട്ടുമെന്നാണു പഴമക്കാരുടെ (ഇപ്പോള്‍ പുതുമക്കാരുടെയും) വാദം. ഉള്ളുതുറന്നുള്ള ചിരി വൈകാരികതലങ്ങളില്‍ ഏറെ മാറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളെ ഉത്പാദിപ്പിക്കും. അല്ലെങ്കില്‍ തന്നെ പൊട്ടിച്ചിരിക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും സ്വസ്ഥതയുണ്ടാകുമെന്ന കാര്യം ഊഹിക്കാവുന്നതല്ലേയുള്ളൂ. സംഗീതം ആസ്വദിക്കുന്നതും നടപ്പ്, ഓട്ടം, നീന്തല്‍, സൈക്കിളിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതും മാനസികാരോഗ്യം പ്രദാനം ചെയ്യും. കൃത്യമായ വ്യായാമത്തിലൂടെ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഊര്‍ജം കിട്ടുകയും നെഗറ്റീവ് ചിന്തകള്‍ അവസാനിക്കുകയും ചെയ്യുമെന്നും ഉറപ്പാണ്.

മനസ് മറ്റെന്തിനെക്കാളും ഏറെ പ്രധാനമാണ്. എന്തുചോദിച്ചാലും മനസ്സില്ല എന്നു പറയുന്നവരാകരുത് മലയാളി യുവത്വം. മനസുണ്ടാകണം. മനശക്തി ഉണ്ടാകണം. അതിനു മാനസികാരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ ശരീരത്തെയും അതുവഴി മനസിനെയും നമുക്ക് സംരക്ഷിക്കാം.

സന്ധ്യാറാണി.എല്‍

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More