ഗിഫ്റ്റിൻ്റെ മൂല്യം വിലയിലല്ല....

21 December, 2015 ((Our Article published in Aayurarogyam Magazine- December 2015))

സ്നേഹത്തി അടയാളങ്ങളാണ് സമ്മാനങ്ങള്‍. വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് അലങ്കരിച്ച ആ പൊതി തുറക്കുമ്പോള്‍ കിട്ടുന്നതെന്തു തന്നെയായാലും അത് നല്‍കിയ ആള്‍ക്ക് നിങ്ങളോടുള്ള സ്നേഹവും കരുതലുമാണ് തെളിയിക്കുന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ വിശേഷദിനങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറുന്നത് പാശ്ചാത്യരുടെ ഇടയില്‍ പതിവാണെങ്കിലും ഇന്ത്യയില്‍ ഇതിന് അത്ര പ്രചാരം കൈവന്നിട്ടില്ല. പക്ഷേ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ സമ്മാനങ്ങള്‍ക്ക് വലിയൊരു പങ്കുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. പിറന്നാളിനും പുതുവര്‍ഷത്തിനും വിവാഹവാര്‍ഷികത്തിനും മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം നല്‍കുന്ന സമ്മാനങ്ങള്‍ സന്തോഷം മാത്രമല്ല തരുന്നത്, പകരം ബന്ധങ്ങളുടെ കാണാച്ചരടുകള്‍ക്ക് കൂടുതല്‍ കരുത്തുപകരുകയാണ്. സ്വാര്‍ത്ഥലക്ഷ്യങ്ങളില്ലാതെ സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ ഒരു വ്യക്തിയുടെ മാനസികാരോഗ്യം കൂടിയാണ് മെച്ചപ്പെടുന്നതെന്ന് പഠനങ്ങള്‍ സുചിപ്പിക്കുന്നു. സമ്മാനം നല്‍കുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ മറ്റൊരാളെ സന്തോഷിപ്പിക്കുകയാണ് ചെയ്യുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മറ്റൊരാള്‍ക്ക് സന്തോഷം പകര്‍ന്നു നല്‍കുമ്പോള്‍ അത് നമ്മളില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുമെന്ന് ഉറപ്പാണല്ലോ.

പിറ്റേന്ന് ക്രിസ്മസാണ്. ജിമ്മിനുള്ള സമ്മാനം വാങ്ങിച്ചിട്ടില്ല. മനപൂര്‍വമല്ല, കയ്യില്‍ പണമുണ്ടായിട്ടു വേണ്ടേ-ഡെല്ല കണ്ണാടിയുടെ മുന്‍പില്‍ നിന്നു. ഒരു നിമിഷം അവളുടെ കണ്ണുകള്‍ തിളങ്ങി. മുട്ടോളമെത്തുന്ന തവിട്ടു നിറത്തിലുള്ള മനോഹരമായ മുടി അവള്‍ അഴിച്ചിട്ടു. പെട്ടന്നു വേഷം മാറി പുറത്തിറങ്ങി. തിരിച്ചെത്തുമ്പോള്‍ അവളുടെ പക്കല്‍ ഒരു പ്ലാറ്റിനം ചെയിനുണ്ടായിരുന്നു. ജിമ്മിന് പാരമ്പര്യമായി കിട്ടിയ, അവന്‍ നിധി പോലെ സൂക്ഷിക്കാറുള്ള വാച്ചിന് ഈ ചെയിനിലും നല്ലൊന്ന് കിട്ടാനില്ലെന്ന് അവള്‍ വിശ്വസിച്ചു. മുടി വിറ്റു കിട്ടിയ പണം കൊണ്ട് പട്ടണത്തിലെ കടകളില്‍ മുഴുവന്‍ അലഞ്ഞാണ് അവള്‍ അതു വാങ്ങിച്ചത്. പതിവു പോലെ ജിം വന്നു. കയ്യില്‍ അവള്‍ക്കുള്ള ക്രിസ്മസ് സമ്മാനം ഉണ്ട്. മുടിയില്ലാത്ത ഡെല്ലയെ കണ്ട് ജിം വല്ലാതായി. തനിക്കു വേണ്ടി അവള്‍ മുടി വിറ്റെന്നറിഞ്ഞപ്പോള്‍ നിര്‍വചിക്കാന്‍ കഴിയാത്ത വികാരത്തോടെ അവന്‍ താന്‍ കൊണ്ടു വന്ന സമ്മാനപ്പൊതി ഡെല്ലയ്ക്കു നല്‍കി. വിലപിടിപ്പുള്ള ചീര്‍പ്പുകളുടെ ഒരു സെറ്റായിരുന്നു അതിനുള്ളില്‍. തിളങ്ങുന്ന മുത്തുകള്‍ പിടിപ്പിച്ച ആ ചീര്‍പ്പുകള്‍ കടയില്‍ കാണുമ്പോഴൊക്കെ ഡെല്ല കൊതിയോടെ നോക്കി നില്‍ക്കുമായിരുന്നു. " സാരമില്ല, എന്‍റെ മുടി പെട്ടെന്നു വളരും" -സങ്കടം മറച്ചു വച്ചു കൊണ്ട് ഡെല്ല പറഞ്ഞു. അവള്‍ തന്‍റെ സമ്മാനമായ ചെയിന്‍ പുറത്തെടുത്തു. അത് അണിയാനായി ജിമ്മിനോട് വാച്ച് ആവശ്യപ്പെട്ടു. അവന്‍ നിശബ്ദനായി വീട്ടിലെ പഴഞ്ചന്‍ ചാരുകസേരയില്‍ ഇരുന്നു. പിന്നെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു -തത്കാലം നമുക്ക് ഈ സമ്മാനങ്ങളെ കുറിച്ചു മറക്കാം. നീ ഭക്ഷണം വിളമ്പൂ, നിനക്ക് ചീര്‍പ്പ് സെറ്റ് വാങ്ങുവാനായി ഞാന്‍ വാച്ച് വിറ്റു".

സ്നേഹത്തിന്‍റെ ആഴത്തെപ്പറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അമേരിക്കന്‍ എഴുത്തുകാരനായ ഒ. ഹെന്‍റിയുടെ വിഖ്യാതമായ ഈ കഥ. സമ്മാനങ്ങളുടെ രൂപത്തില്‍ സ്നേഹം കൈമാറിയപ്പോള്‍ ഇരുവര്‍ക്കും അതിന്‍റെ തീവ്രത നേരിട്ട് അനുഭവിക്കാനായി എന്നതാണ് വസ്തുത. സ്മ്മാനങ്ങള്‍ നല്‍കുമ്പോഴും സ്വീകരിക്കുമ്പോഴും നാം ചില കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.

മാനസികപിരിമുറുക്കം വേണ്ട : ഒ ഹെന്‍റിയുടെ കഥ വായിക്കുമ്പോള്‍ സമ്മാനം വാങ്ങിക്കുന്നതിനു മുന്‍പ് ഡെല്ല അനുഭവിച്ച മാനസികപിരിമുറുക്കം എത്രത്തോളമാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. നമ്മളില്‍ പലരും പലപ്പോഴും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകാം. ഏറ്റവും സ്നേഹിക്കുന്ന ഒരാള്‍ക്ക് ആഗ്രഹിച്ച ഒരു സമ്മാനം നല്‍കാന്‍ കഴിയാതെ പോയ സാഹചര്യം. ഇവിടെ പണം കണ്ടെത്താന്‍ വേണ്ടി ഡെല്ല അവള്‍ക്കേറ്റവും പ്രിയപ്പെട്ട മുടി വില്‍ക്കുന്നു. സമ്മാനത്തിന് പണം തികയാതെ വരുമ്പോള്‍ കടംവാങ്ങുന്നതും എന്തെങ്കിലും വിറ്റ് ആ പണം കണ്ടെത്താന്‍ ശ്രമിക്കുന്നതുമെല്ലാം പതിവാണ്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷവേളകളില്‍ സമ്മാനം നല്‍കുന്നത് പലര്‍ക്കും ഒരു സ്റ്റാറ്റസ് സിംബലാണ്. അവര്‍ ഇത്ര പവന്‍ നല്‍കി, നമ്മള്‍ ഇതേ കൊടുത്തുള്ളൂ എന്നിങ്ങനെയുള്ള താരതമ്യങ്ങളും സാധാരണമാണ്. ഇത് വ്യക്തികളില്‍ മാനസികപിരിമുറക്കത്തിന് കാരണമാകും. ആഘോഷം എന്തുമാകട്ടെ, നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്ന സമ്മാനം മാത്രം വാങ്ങുക എന്ന നയമാണ് സ്വീകരിക്കേണ്ടത്. വലിയൊരു തുക കടം വാങ്ങി സമ്മാനം നല്‍കിയതു കൊണ്ടു മാത്രം ആ വ്യക്തിയ്ക്ക് നിങ്ങളോടു കൂടുതല്‍ സ്നേഹം തോന്നണമെന്നില്ല. സമ്മാനത്തിനുള്ള പണം നിങ്ങള്‍ എങ്ങനെ കണ്ടെത്തി എന്നത് അവര്‍ ചിന്തിക്കുകയോ അന്വേഷിക്കുകയോ ചെയ്യണമെന്നില്ല. സമ്മാനം നല്‍കിയവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തി വച്ച് അത് തിരികെ നല്‍കണമെന്ന് നിര്‍ബന്ധബുദ്ധി കാണിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. തിരിച്ചെന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയില്‍ സമ്മാനം നല്‍കുന്നവരും ഉണ്ട്. എന്നാല്‍ സ്വാര്‍ത്ഥതാത്പര്യങ്ങളോടു കൂടിയ ഇത്തരം സമ്മാനങ്ങള്‍ മാനസികപിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. കയ്യില്‍ പണം ഉണ്ടായാല്‍ പോലും സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാനസികപിരിമുറുക്കം അനുഭവിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. എന്തു വാങ്ങണം എന്ന ചിന്തയാണ് അവരെ വിഷമിപ്പിക്കുക. കിട്ടുന്നയാള്‍ക്ക് സമ്മാനം ഇഷ്ടപ്പെട്ടില്ലങ്കിലോ എന്നാണ് അവരുടെ പേടി. എന്നാല്‍ ഇങ്ങനെ വിഷമിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. നിങ്ങള്‍ സ്നേഹത്തോടെ ഒരു സമ്മാനം നല്‍കുമ്പോള്‍ അത് എന്തു തന്നെ ആയാലും സ്നേഹത്തോടെ സ്വീകരിക്കുന്നവരാണ് നിങ്ങളുടെ യഥാര്‍ത്ഥ സ്നേഹിതര്‍. ഡെല്ലയും ജിമ്മും തിരഞ്ഞെടുത്ത സമ്മാനങ്ങള്‍ ഇരുവര്‍ക്കും താത്കാലികമായെങ്കിലും ഉപകാരപ്പെടാത്തതായിരുന്നു. ആ സമയത്ത് പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം ഇരുവരും ഉള്ളിലെ സ്നേഹം തിരിച്ചറിയുകയാണുണ്ടായത്. നിസ്വാര്‍ത്ഥമായാണ് ഇരുവരും സമ്മാനങ്ങള്‍ തിരഞ്ഞെടുത്തത്. നിങ്ങളും അങ്ങനെ തന്നെയാവണം സമ്മാനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.

വിലയില്‍ അല്ല കാര്യം : എത്ര വിലയുണ്ട് എന്ന് നോക്കിയല്ല സമ്മാനത്തിന്‍റെ മൂല്യം നിശ്ചയിക്കേണ്ടത്. എത്ര ചെറിയ സമ്മാനമാണെങ്കിലും അത് സ്നേഹത്തോടെ നല്‍കുക എന്നതാണ് പ്രധാനം. അതിലൂടെ നിങ്ങളുടെ കരുതലും സ്നേഹവും പങ്കാളി തിരിച്ചറിയും. തിരക്കു മൂലം വിവാഹവാര്‍ഷിക ദിനം, പിറന്നാള്‍ തുടങ്ങിയവ മറന്നു പോകുന്നവരുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ പങ്കാളിയെ വിഷമിപ്പിച്ചേക്കാം. എല്ലാം ഞാന്‍ മാത്രം ഓര്‍ത്തിരിക്കുന്നു എന്ന തോന്നല്‍ അവരുടെ ഉളളില്‍ വളരാന്‍ ഇടയാകരുത്. നിങ്ങള്‍ സ്ഥലത്ത് ഇല്ലെങ്കില്‍ സുഹൃത്തുക്കളോ വീട്ടുകാരോ മുഖാന്തരം ഒരു സമ്മാനം എത്തിച്ചു നല്‍കുന്നത് അവരെ എത്ര സന്തോഷിപ്പിക്കുമെന്ന് ഓര്‍ത്തു നോക്കൂ. സമ്മാനങ്ങള്‍ കൊടുക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് അത് എങ്ങനെ സ്വീകരിക്കണമെന്നതും. സമ്മാനങ്ങളെ ഒരിക്കലും വിലകുറച്ച് കാണരുത്. സമ്മാനത്തിനല്ല, അതു തരാന്‍ കാണിച്ച മനസ്സിനായിരിക്കണം നിങ്ങള്‍ വിലയിടേണ്ടത്. ഭംഗിയില്ല, നിറം കൊള്ളില്ല, ഇതെവിടുന്നെങ്കിലും വെറുതെ കിട്ടിയതാണോ എന്നിങ്ങനെ സമ്മാനങ്ങള്‍ കൈയില്‍ കിട്ടിയാലുടന്‍ കുറ്റം പറയുന്നവരുണ്ട്. ഒരുപക്ഷേ, സമ്മാനം നിങ്ങള്‍ക്ക് ഇഷ്ടമുള്ളതോ പ്രതീക്ഷിച്ചതോ നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങിയതോ ആകണമെന്നില്ല. എങ്കിലും നിറഞ്ഞ ചിരിയോടെ അത് സ്വീകരിക്കുക. തന്നെ ഓര്‍മിച്ചതിനും തനിക്കുവേണ്ടി എന്തെങ്കിലും വാങ്ങിയതിനും നന്ദി പറയുക. കാരണം, ആ വ്യക്തിയുടെ അനേക ദിവസത്തെ ആലോചനയുടെയും അന്വേഷണത്തിന്‍റെയും ഫലമായിരിക്കാം വര്‍ണക്കടലാസില്‍ പൊതിഞ്ഞ് നിങ്ങളുടെ കൈയില്‍ ഇരിക്കുന്നത്. സമ്മാനങ്ങള്‍ പണം മുടക്കി വാങ്ങണമെന്നില്ല. അല്പം ക്രിയേറ്റിവിറ്റി ഉണ്ടെങ്കില്‍ സ്വന്തം ആശയങ്ങള്‍ സമ്മാനമാക്കി മാറ്റാം. കാര്‍ഡോ ചിത്രമോ പൂക്കളോ അങ്ങനെ നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എന്തുമാകാം. യാത്ര പോയപ്പോഴത്തെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ഉപയോഗിച്ച് ഒരു വീഡിയോ നിര്‍മ്മിച്ചു നല്‍കൂ. അത് വീണ്ടുമൊരു യാത്ര പോയ അനുഭവം തന്നെ സമ്മാനിച്ചേക്കാം. ഭര്‍ത്താവ് ഹോട്ടലില്‍ പോകുമ്പോള്‍ സ്ഥിരമായി ഓഡര്‍ ചെയ്യുന്ന വിഭവത്തിന്‍റെ റെസിപി സംഘടിപ്പിച്ച് അത് പാകം ചെയ്തു നല്‍കാം. അല്പം കൂടി സമയം ചെലവഴിക്കാമെന്നുണ്ടെങ്കില്‍ ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ തന്നെ വീട്ടില്‍ ഒരുക്കാം. ഇതാണ് ഞാന്‍ പ്ലാന്‍ ചെയ്ത സമ്മാനം എന്ന് അഭിമാനപൂര്‍വം തന്നെ പറയാം. സമ്മാനങ്ങള്‍ കൊടുക്കും മുന്‍പ് നിര്‍ബന്ധമായും അതിന്‍റെ വില പതിപ്പിച്ച സ്റ്റിക്കര്‍ എടുത്തു മാറ്റാന്‍ ശ്രദ്ധിക്കുക. കടയില്‍ നിന്നു തന്നെ അതു നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തിയതിന് ശേഷമേ പായ്ക്ക് ചെയ്യാവൂ. നിങ്ങള്‍ കൊടുക്കുന്ന സമ്മാനം എത്ര വിലപിടിച്ചതോ വിലകുറഞ്ഞതോ ആകട്ടെ, ഒരിക്കലും പണത്തിന്‍റെ മൂല്യത്തിന്‍റെ പേരില്‍ അതിനെ വിലയിരുത്തപ്പെടാന്‍ ഇട വരുത്തരുത്.

ആവശ്യം അറിയാം : സമ്മാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ഉപകാരപ്രദമായ എന്തെങ്കിലുമായാല്‍ ഏറെ നല്ലത്. പല വീടുകളിലും ഷോ കെയ്സില്‍ പൊടിയില്‍ കുളിച്ചിരിക്കുന്നുണ്ടാകും സമ്മാനങ്ങള്‍. നിത്യജീവിതത്തില്‍ ഉപകാരപ്പെടുന്ന എന്തെങ്കിലും നല്‍കിയാല്‍ ഈ പ്രശ്നം ഒഴിവാക്കാം. സമ്മാനം വാങ്ങാന്‍ ഇറങ്ങും മുന്‍പ് ആലോചിച്ചു നോക്കൂ. ഓഫീസില്‍ കൊണ്ടു പോകാന്‍ ഒരു പുതിയ ഹാന്‍ഡ് ബാഗ് വേണമെന്ന് അവള്‍ പറഞ്ഞിരുന്നോ? എങ്കില്‍ അതു തന്നെയാകാം ഇത്തവണത്തെ സമ്മാനം. ഒരുമിച്ച് കടയില്‍ പോയി ഏതുതരം ബാഗാണ് അവള്‍ക്ക് ഇഷ്ടപ്പെടുന്നതെന്ന് അറിഞ്ഞു വയ്ക്കാം. പിന്നീട് അതു വാങ്ങി ഒരു സര്‍പ്രൈസ് ഗിഫ്റ്റായി നല്‍കാം. കുട്ടികള്‍ പലപ്പോഴും അവര്‍ക്കിഷ്ടപ്പെട്ട സാധനങ്ങള്‍ സമ്മാനമായി വേണമെന്നു വാശിപിടിച്ചക്കാം. പല രക്ഷിതാക്കളും എങ്ങനെയെങ്കിലും അവര്‍ ആവശ്യപ്പെട്ടതു തന്നെ നല്‍കാന്‍ ശ്രദ്ധിക്കാറുമുണ്ട്. പക്ഷേ ഇത് കുട്ടികളില്‍ തെറ്റായ പ്രവണത സൃഷ്ടിക്കും. വാശി പിടിച്ചാല്‍ എന്തും കിട്ടും എന്ന ചിന്ത അവരില്‍ വളര്‍ന്നേക്കാം. അങ്ങനെയുള്ള അവസരങ്ങളില്‍ അവരുടെ വാശിയ്ക്കു വഴങ്ങുന്നതിനു പകരം പണത്തിന്‍റെ മൂല്യത്തെ പറ്റി പറഞ്ഞു മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. അവര്‍ ആവശ്യപ്പെട്ട സമ്മാനം ഒരിക്കലും വാങ്ങിത്തരികയില്ല എന്നു പറയുന്നതിനു പകരം അതിന് ആവശ്യമായ പണം കണ്ടെത്താന്‍ ഇത്ര കാലം വേണമെന്നു പറയാം. ചെറിയ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ പോലും അതിലെ സ്നേഹം തിരിച്ചറിയാന്‍ അവരെ പഠിപ്പിക്കാന്‍ കഴിഞ്ഞാന്‍ നിങ്ങള്‍ വിജയിച്ചു.

പുതുമയാകാം; പരിധി വിടരുത്: അന്നു റാണിയുടെ പിറന്നാളായിരുന്നു. രാത്രി പന്ത്രണ്ടു മണിയായപ്പോള്‍ മെഴുകുതിരി വെളിച്ചത്തില്‍ ഒരു കേക്ക് അവളുടെ മുന്നിലേയ്ക്കു വന്നു. ഹാപ്പി ബര്‍ത്ത്ഡേ ഗാനവുമായി അരികില്‍ ഭര്‍ത്താവ്. എണീറ്റു. കേക്കു മുറിച്ചു. ഇരുവരും ഉറങ്ങി. വര്‍ഷങ്ങളായി ഇത് ശീലമായിരുന്നതിനാല്‍ റാണി അതുവരെ ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. ഒരിക്കലും പിറന്നാളുകള്‍ ഇങ്ങനെ ആകരുത്. എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുക. മുറ്റത്തെ പൂന്തോപ്പില്‍ നിറയെ മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കാം. അലങ്കരിച്ച ടേബിളില്‍ കേക്കും. നക്ഷത്രങ്ങളേയും ചന്ദ്രനേയും സാക്ഷിയാക്കി മധുരം പങ്കിട്ടു കഴിക്കാം. ആഘോഷങ്ങള്‍ക്ക് എക്കാലവും ഒരേ മുഖമായാല്‍ മടുപ്പും വിരസതയും അനുഭവപ്പെടും. പുതുമയുടെ എന്തെങ്കിലുമൊരു അംശം കൊണ്ടുവരാന്‍ ശ്രമിച്ചു നോക്കൂ, എക്കാലവും അത് ഓര്‍മ്മയില്‍ നില്‍ക്കുന്നതായി കാണാം. അതേസമയം ഇതിനൊരു മറുവശവും ഉണ്ട്. "ശരിക്കും ഞെട്ടിക്കണം" എന്നു ചിന്തിച്ചു കൊണ്ട് സമ്മാനം തിരഞ്ഞെടുക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. പണ്ടൊക്കെ സാമ്പാറു കഷ്ണവും കല്ലും മണ്ണും ഒക്കെ സമ്മാനപ്പെട്ടിയില്‍ നിറച്ചാണ് പറ്റിച്ചിരുന്നതെങ്കില്‍ ഇന്ന് വിപണി അനന്തസാധ്യതകളാണ് തുറന്നു തരുന്നത്. ആഘോഷം പ്ലാന്‍ ചെയ്യുന്നതു മുതല്‍ സമ്മാനത്തില്‍ വരെ സര്‍പ്രൈസുകളുടെ പൂരം. പലപ്പോഴും അതു ലഭിക്കുന്ന ആളുടെ മാനസികാവസ്ഥയെ കുറിച്ച് ഇക്കൂട്ടര്‍ തെല്ലും ചിന്തിക്കാറില്ലെന്നതാണ് സത്യം. ചെറിയ സൗന്ദര്യപിണക്കങ്ങള്‍ തുടങ്ങി വലിയ അപകടങ്ങള്‍ക്കു വരെ വഴി വച്ചേക്കാം ഈ സര്‍പ്രൈസുകള്‍. മലബാര്‍ കല്യാണത്തില്‍ ചെക്കനും പെണ്ണിനും പണികൊടുക്കാനായി സുഹൃത്തുക്കള്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ തന്നെയാണ് ഇതിന് ഉദാഹരണം. ആഘോഷം കൊഴുപ്പിക്കാന്‍ ഉദ്ദേശിച്ചു ചെയ്തത് കൂട്ടത്തല്ലില്‍ വരെ കശാലിക്കുന്നത് നാം പത്രങ്ങളില്‍ വായിക്കുന്നു. അതുകൊണ്ടു തന്നെ ആഘോഷവേളകളില്‍ സര്‍പ്രൈസ് ആകാം; പക്ഷേ പരിധി ലംഘിക്കരുത്.

ബന്ധങ്ങള്‍ ഉറപ്പിക്കാം : ബന്ധങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ സമ്മാനങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. അടുത്തസുഹൃത്തിന്‍റെ വിവാഹവാര്‍ഷിക ആഘോഷത്തിലേയ്ക്ക് നിങ്ങള്‍ക്ക് ക്ഷണം കിട്ടി. പക്ഷേ ആ ദിനം മറ്റൊരു അത്യാവശ്യ കാര്യത്തിനായി നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. നിങ്ങളുടെ അസാന്നിധ്യം സുഹൃത്തും കുടുംബവും ശ്രദ്ധിക്കും. അതേസമയം ആ ചടങ്ങിലേയ്ക്ക് നിങ്ങള്‍ ഒരു സമ്മാനം എത്തിക്കുന്നുവെന്ന് കരുതുക. നിങ്ങള്‍ മനപൂര്‍വം ചടങ്ങിന് വരാതിരുന്നതല്ലെന്ന് സുഹൃത്തിന് ബോധ്യപ്പെടും. ആ ചടങ്ങ് ഓര്‍ത്തിരുന്ന് സമ്മാനം എത്തിച്ചതിലൂടെ നിങ്ങളുടെ മനസ്സില്‍ അവര്‍ക്കുള്ള സ്ഥാനവും സ്നേഹവും അവര്‍ മനസ്സിലാക്കും. ഇത്തരത്തില്‍ നിങ്ങള്‍ സ്ഥലത്തില്ലെങ്കില്‍ പോലും സമ്മാനങ്ങള്‍ കൃത്യമായി വീട്ടിലെത്താന്‍ ഓണ്‍ലൈന്‍ വിപണിയെ ആശ്രയിക്കാം. പല ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകളും നിങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ഗിഫ്റ്റ് റാപ്പില്‍ പൊതിഞ്ഞ് സാധനങ്ങള്‍ കൃത്യ ദിവസം വീട്ടില്‍ എത്തിക്കുന്നതാണ്. കേക്കുകളും ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി ഓഡര്‍ ചെയ്യാം. സര്‍പ്രൈസായി എത്തുന്ന ഇത്തരം സമ്മാനങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കും. ദൂരെയാണെങ്കിലും നിങ്ങള്‍ അവരെ ഓര്‍മ്മിക്കുന്നുവെന്നും സ്നേഹിക്കുന്നുവെന്നും ഉള്ള തോന്നല്‍ അവരില്‍ നിറയും. സമ്മാനങ്ങള്‍ നല്‍കാന്‍ കാണിക്കുന്ന അതേ കരുതലും സ്നേഹവും സമ്മാനങ്ങള്‍ സ്വീകരിക്കുമ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ പിറന്നാളിന് ഓഫീസിലെ രണ്ടു കൂട്ടുകാര്‍ സമ്മാനങ്ങള്‍ നല്‍കി. ഒരു ഷര്‍ട്ടായിരുന്നു അതിലൊന്ന്. അതിന്‍റെ നിറം നിങ്ങള്‍ക്ക് തീരെ ഇഷ്ടമായില്ല. രണ്ടാമത്തെ സമ്മാനം ഒരു പേഴ്സായിരുന്നു. കാണാന്‍ ഭംഗിയുണ്ട്. ഒരു പുതിയ പേഴ്സ് വാങ്ങണമെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇത് കിട്ടുന്നത്. സ്വാഭാവികമായും രണ്ടാമത്തെ സമ്മാനമാണ് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുക. എന്നാല്‍ ഒരിക്കലും അക്കാര്യം ഇരുവരുടേയും മുന്നില്‍ വച്ച് പറയരുത്. ഇതില്‍ ആദ്യത്തെ ആള്‍ക്ക് നിങ്ങളോട് സ്നേഹക്കുറവൊന്നും ഉണ്ടാകില്ല. പക്ഷേ നിങ്ങളുടെ അഭിരുചിയ്ക്ക് ഇണങ്ങുന്ന ഒരു സമ്മാനം തിരഞ്ഞെടുക്കാന്‍ അയാള്‍ക്കു കഴിയാതെ പോയി എന്നേ ഉള്ളൂ. രണ്ടു പേരുടേയും മുന്നില്‍ വച്ച് ഇക്കാര്യം സംസാരിച്ചാല്‍ അത് ആദ്യത്തെയാളെ വേദനിപ്പിക്കും. നിങ്ങളോടുള്ള സൗഹൃദത്തില്‍ വിള്ളല്‍ വീഴാന്‍ വരെ ഇത് കാരണമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമ്മാനം, അത് എല്ലാവരും സ്നേഹത്തോടെ തരുന്നതാണ്. കുറ്റം കണ്ടെത്താതെ അത് സ്വീകരിക്കുയാണ് വേണ്ടത്. ആഘോഷങ്ങളും സമ്മാനങ്ങളും ഏതുപ്രായക്കാര്‍ക്കും ഇഷ്ടമാണെന്ന് മനസ്സിലാക്കണം. "ഓ ഇത്രേം പ്രായമായില്ലേ, ഇനിയെന്ത് ആഘോഷിക്കാനാ" വീട്ടില്‍ പ്രായമായ അച്ഛന്‍റേയോ അമ്മയുടേയോ പിറന്നാള്‍ വരുമ്പോള്‍ മക്കളുടെ ചിന്താഗതി ഇതാണ്. ആഘോഷങ്ങളൊന്നും വേണ്ടന്ന് അച്ഛനും അമ്മയും പറയുമായിരിക്കാം. പക്ഷേ അത് ഒരിക്കലും അവരുടെ ഉള്ളില്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. വെറുതെ ഒരു അനാവശ്യ ചെലവ് എന്തിനാണ് എന്ന മനോഭാവമായിരിക്കാം ചിലപ്പോള്‍. അല്ലെങ്കില്‍ മക്കളെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതിയിട്ടാവാം. എന്തു തന്നെ ആയാലും സ്വന്തം പിറന്നാള്‍ ആഘോഷിക്കുന്നതില്‍ അവര്‍ക്ക് ഉള്ളിന്‍റെ ഉള്ളില്‍ സന്തോഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെ ഒരു സന്തോഷം അവര്‍ക്കു സമ്മാനിക്കേണ്ടത് മക്കളുടെ കടമയാണ്. ഒരു നിമിഷം പിന്നോട്ടു നോക്കുക. നിങ്ങളുടെ എല്ലാ പിറന്നാള്‍ ദിനങ്ങളും അവര്‍ക്ക് കഴിയുന്ന വിധത്തില്‍ ആഘോഷിച്ചിട്ടില്ലേ. പായസമോ പുത്തനുടുപ്പോ ഒക്കെ നല്‍കിയിട്ടുണ്ടാവും. ആ സന്തോഷം തിരിച്ചു നല്‍കേണ്ടത് നിങ്ങളുടെ ചുമതലയല്ലേ? അതുപോലെ തന്നെ പിറന്നാള്‍, വിവാഹവാര്‍ഷികം, ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ മാത്രമേ സമ്മാനങ്ങള്‍ നല്‍കാവൂ എന്ന് ഇല്ല. ഒരു ദിവസം നിങ്ങള്‍ ഓഫീസില്‍ നിന്ന് മടങ്ങിയെത്തുന്നത് കയ്യിലൊരു സമ്മാനപ്പൊതിയുമായാണെന്നിരിക്കട്ടെ. അതിനുള്ളില്‍ എത്ര ചെറിയ സമ്മാനമാണെങ്കിലും ഭാര്യയ്ക്കു സന്തോഷമാകുമെന്ന് ഉറപ്പാണ്. ആ ദിവസം അങ്ങനെയൊരു സമ്മാനം ലഭിക്കുമെന്ന് അവര്‍ ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. നിങ്ങളുടെ സ്നേഹത്തിന്‍റെ പ്രതീകമായാണ് അവര്‍ ആ സമ്മാനത്തെ കരുതുക.

Click here to view/download the original article.

സന്ധ്യാറാണി.എല്‍

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More