10 July, 2016 ((Our Article published in 'IMA Nammude Arogyam' Magazine- July 2016))
വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി നടത്തുന്നവര്‍ എന്ന നിലയില്‍ നിന്ന് സ്ത്രീകള്‍ ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. മിക്ക കുടുംബങ്ങളിലും പുരുഷനൊപ്പം സ്ത്രീയും വരുമാനം സമ്പാദിക്കുന്നു. ഭാര്യ ജോലിയ്ക്കു പോകുന്നുണ്ടെങ്കിലും അതിനൊപ്പം വീട്ടുജോലികള്‍ ചെയ്യേണ്ടതും അവരുടെ ഉത്തരവാദിത്വമാണെന്ന സമീപനമാണ് ഇപ്പോഴും പല കുടുംബങ്ങളിലും നിലനില്‍ക്കുന്നത്. ഇതിന്‍റെ ഫലമായി സ്ത്രീകള്‍ പലപ്പോഴും ഇരട്ടിജോലി ചെയ്യേണ്ടി വരുന്നു. വീട്ടുജോലിയും ഓഫീസ് ജോലിയും കുട്ടികളെ നോക്കുന്നതുമെല്ലാം ഒരാളുടെ മാത്രം ചുമതലയായി മാറുമ്പോള്‍ കുടുംബബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. ജോലിഭാരത്തിന്‍റെ പേരില്‍ മാത്രം വിവാഹമോചനത്തിലെത്തിയ ബന്ധങ്ങളും ഏറെയാണ്. ജോലിയുള്ള ഭാര്യ തന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്ന തോന്നലില്‍ ജീവിക്കുന്ന ഭര്‍ത്താക്കന്‍മാരും അപൂര്‍വമല്ല. രണ്ടുപേര്‍ക്കും വരുമാനം ഉണ്ടാകുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷേ അവിടെ ഈഗോ രൂപപ്പെടുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
"സൈജോയും സിമിയും സ്നേഹിച്ച് വിവാഹിതരായവരാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് സൈജോ. രണ്ടരവര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനിടെ അവര്‍ക്കൊരു ആണ്‍കുഞ്ഞു ജനിച്ചു. കുഞ്ഞിന് ഒരു വയസ്സു പ്രായമായപ്പോഴാണ് സിമിയ്ക്ക് ഒരു ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി ജോലി ലഭിക്കുന്നത്. ഏറെ കാലത്തെ പഠനത്തിനൊടുവില്‍ ലഭിച്ച ജോലിയായതിനാല്‍ അത് ഉപേക്ഷിക്കാന്‍ സിമി തയ്യാറായിരുന്നില്ല. സിമി ജോലിയ്ക്ക് പോയി തുടങ്ങിയതോടെ പകല്‍സമയങ്ങളില്‍ കുഞ്ഞിന്‍റെ ഉത്തരവാദിത്വം അമ്മായിയമ്മ ഏറ്റെടുത്തു. അവര്‍ക്ക് സിമി ജോലിക്കു പോകുന്നതിനോട് യോജിപ്പില്ലായിരുന്നു. ജോലി കിട്ടിയതോടെ ഭര്‍ത്താവിന്‍റേയും കുഞ്ഞിന്‍റേയും കാര്യത്തില്‍ അവള്‍ക്ക് ഒരു ശ്രദ്ധയുമില്ലെന്ന് അവര്‍ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു. ആദ്യമൊക്കെ ഇത് അവഗണിച്ചെങ്കിലും പിന്നീട് സൈജോയ്ക്കും അങ്ങനെ തോന്നിത്തുടങ്ങി. ഒരു ദിവസം കുഞ്ഞ് കിടക്കയില്‍ നിന്ന് താഴെ വീണതിനെ ചൊല്ലി ഇരുവരും വഴക്കായി. സിമി കുഞ്ഞിനെ ശ്രദ്ധിക്കാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് സൈജോ വാദിച്ചു. അമ്മായിയമ്മയും അയാള്‍ക്കൊപ്പം ചേര്‍ന്നു. കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കിയ ശേഷം മതി മറ്റെല്ലാം എന്ന് സൈജോ തീര്‍ത്തു പറഞ്ഞപ്പോള്‍ സിമി ആ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. സിമിയുടെ അച്ഛനും അമ്മയുമാണ് അവളെ കൗണ്‍സിലിങ് സെന്‍ററില്‍ കൊണ്ടുവന്നത്. ജീവിതം ഇങ്ങനെയൊക്കെയായി തീര്‍ന്നതില്‍ സിമിയ്ക്ക് സങ്കടമുണ്ട്. എന്നാല്‍ ഏറെ കഷ്ടപ്പെട്ട് നേടിയ ജോലി കളയാനും വയ്യ. സൈജോയുമായി സംസാരിക്കാന്‍ അവള്‍ക്ക് വിരോധമൊന്നുമില്ല. അങ്ങനെ ഭര്‍ത്താവ് വന്നു. പെട്ടെന്നൊരു ദിവസം ഭാര്യ ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ അയാള്‍ ആകെ തകര്‍ന്നു പോയിരുന്നു. കുഞ്ഞിനെ ശരിയായ വിധം നോക്കാന്‍ കഴിഞ്ഞിരുന്നുമില്ല. അമ്മായിയമ്മയാണ് ഒരുപരിധി വരെ തങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കിയതെന്ന് ഇരുവരും തിരിച്ചറിഞ്ഞു. കുഞ്ഞിനെ നോക്കാന്‍ ഒരു ആയയെ നിയമിക്കുന്നതില്‍ രണ്ടുപേര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഭാര്യയുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് സൈജോ ഇപ്പോള്‍ ബോധവാനാണ്. ഓഫീസിലേയും വീട്ടിലേയും ജോലിഭാരം ഒറ്റയ്ക്ക് കൊണ്ടുപോകാന്‍ സിമിയ്ക്ക് കഴിയില്ലെന്ന് അയാള്‍ അംഗീകരിക്കുന്നു. അതു മനസ്സിലാക്കി കൊണ്ടു തന്നെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോള്‍ ഇരുവര്‍ക്കും ഇടയിലെ പ്രശ്നങ്ങളെല്ലാം തീര്‍ന്നു."
ഇതൊരു ചെറിയ സംഭവമാണ്. പരസ്പരം നന്നായി മനസ്സിലാക്കിയ ശേഷം വിവാഹം കഴിച്ചവര്‍ക്കിടയില്‍ പോലും പ്രശ്നങ്ങള്‍ തലപൊക്കുന്നു. പരിധി വിട്ടു പോയാല്‍ തിരികെ പഴയ ജീവിതത്തിലേയ്ക്കു വരുന്നത് പ്രയാസകരമായിരിക്കും.
അഭിമാനിക്കാം അവരെയോര്‍ത്ത്
ഭാര്യയെ ജോലിയ്ക്ക് വിടുന്നത് അഭിമാനക്കുറവായി കാണുന്നവര്‍ ഈ നൂറ്റാണ്ടിലും ഉണ്ട്. ഭാര്യ സമ്പാദിച്ചിട്ടു വേണ്ട തനിക്ക് ജീവിക്കാന്‍ എന്ന് തെല്ലൊരു അഹങ്കാരത്തോടെ പറഞ്ഞു നടക്കുന്നവരാണ് ഇക്കൂട്ടര്‍. ഭാര്യ തന്നേക്കാള്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നോക്കുന്നതാണ് മറ്റൊരു വിഭാഗം ആളുകളുടെ പ്രശ്നം. സുഹൃദ്സദസ്സുകളിലും മറ്റും ഭാര്യയുടെ ജോലി സംസാരവിഷയമാകുമ്പോള്‍ ഇവര്‍ പതിയെ ഒഴിഞ്ഞുമാറും. ജോലി ലഭിച്ചാല്‍ ഭാര്യ തന്‍റെ പരിധിയില്‍ നില്‍ക്കില്ലെന്ന പേടി കാരണം ഭാര്യയെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നവരും ഉണ്ട്. കാരണങ്ങള്‍ പലതാണെങ്കിലും ഉളളിന്‍റെ ഉള്ളിലുള്ള ഈഗോയാണ് ഇവിടെ വില്ലനാകുന്നത്. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് ചിന്തിച്ച് ഇവര്‍ സ്വന്തം ജീവിതം നശിപ്പിക്കുന്നു. ഭാര്യ ജോലി നോക്കുന്നതില്‍ അഭിമാനിക്കുക. കുടുംബത്തിന്‍റെ സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ ഒരാളില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് ആശ്വസിക്കാം. ഭാര്യ തന്നേക്കാള്‍ ഉയര്‍ന്ന നിലയിലാണെങ്കില്‍ അതില്‍ ദുരഭിമാനം വച്ചുപുലര്‍ത്തേണ്ടതില്ല. മറിച്ച് തന്‍റെ ഭാര്യ നല്ല കഴിവുള്ളവളാണെന്നും അങ്ങനെ ഒരാളെ കിട്ടിയതില്‍ സന്തോഷിക്കുന്നുവെന്നും അഭിമാനത്തോടെ പറയാം. ഓഫീസ് ജോലി കൂടി നോക്കുന്ന സ്ത്രീയ്ക്ക് ഉള്ള പരിമിതികളെ കുറിച്ച് മനസ്സിലാക്കുക. വീട്ടിലെ കാര്യങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞ് അനാവശ്യമായി കുറ്റപ്പെടുത്താതിരിക്കുക. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഒന്നിച്ചിരുന്നു സംസാരിക്കാന്‍ സമയം കണ്ടെത്തണം. ഓഫീസിലെ കാര്യങ്ങളും ജോലിഭാരവും മാത്രമാകരുത് ചര്‍ച്ച. മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളെ കുറിച്ചും പറയാം. ഒരുമിച്ച് പോയ യാത്രയിലെ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയോ അവധി ദിവസത്തെ ഔട്ടിങ്ങിനെ കുറിച്ച് പ്ലാന്‍ ചെയ്യുകയോ ആവാം.
വീട്ടുജോലികള്‍ പങ്കിടാം
ഭാര്യയും ഭര്‍ത്താവും ജോലിയ്ക്കു പോകുമ്പോള്‍ വീട്ടുജോലികള്‍ എങ്ങനെ നടക്കും എന്നൊരു പ്രശ്നമുണ്ട്. മിക്കവീടുകളിലും സ്ത്രീകള്‍ അമിതഭാരം ചുമക്കുന്നതായാണ് കണ്ടുവരുന്നത്. പുരുഷനും സ്ത്രീയ്ക്കും ദിവസത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ മാത്രമേ ലഭിക്കുന്നുള്ളൂ എന്നിരിക്കെ ഓഫീസ് ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന സ്ത്രീ തനിച്ച് വീട്ടുജോലികള്‍ മുഴുവന്‍ ചെയ്യേണ്ടി വരുന്നത് ന്യായമല്ല. വീട്ടുജോലികള്‍ ചെയ്യുന്നതില്‍ ഭാര്യയെ സഹായിക്കാം. പാത്രം കഴുകയോ പച്ചക്കറികള്‍ അരിയുകയോ അങ്ങനെ എന്തും. ഒരു ഭാരമായിട്ടല്ല മറിച്ച് കടമയായി വേണം ഇതിനെ കണക്കാക്കാന്‍. ദിവസത്തിന്‍റെ നല്ലൊരു സമയം ഓഫീസില്‍ ചെലവിട്ട ശേഷം തിരിച്ചെത്തുമ്പോള്‍ പരസ്പരം സംസാരിക്കാനുള്ള ഒരു വേദി കൂടിയായി അടുക്കളയെ കണക്കാക്കാം. രണ്ടുപേര്‍ക്കും കൂടുതല്‍ സമയം ജോലിസ്ഥലത്ത് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ഒരു പാര്‍ട് ടൈം ജോലിക്കാരിയെ നിയമിക്കാം. ഓഫീസ് ജോലിയ്ക്ക് ശേഷവും വീട്ടില്‍ വന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാം. കുട്ടികളെ നോ്ക്കുന്നതും ഒരുമിച്ച് ചെയ്യാം. കുട്ടിയുടെ കാര്യമെല്ലാം ഭാര്യ നോക്കട്ടെ എന്ന ചിന്താഗതി പാടില്ല. കുട്ടിയെ കുളിപ്പിക്കുന്നതും സ്കൂളില്‍ പോകുന്ന പ്രായക്കാരാണെങ്കില്‍ അവരെ ഒരുക്കുന്നതും വസ്ത്രങ്ങള്‍ തേയ്ക്കുന്നതുമെല്ലാം തന്‍റെ കൂടി കടമയായി കണക്കാക്കണം. എല്ലാ കാര്യങ്ങള്‍ക്കും കുട്ടി അമ്മയെ ആശ്രയിക്കുന്നുണ്ടെങ്കില്‍ പതിയെ അത് മാറ്റിയെടുക്കാന്‍ ശ്രമിക്കണം. ചില വിദേശരാജ്യങ്ങളിലൊക്കെ പ്രസവ അവധി ഭാര്യയ്ക്കും ഭര്‍ത്താവിനും കൂടി പങ്കിട്ടെടുക്കാം. അതായത് ആറുമാസം ഭാര്യ അവധിയെടുക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള ആറുമാസം ഭര്‍ത്താവിന് അവധിയെടുക്കാം. കുഞ്ഞിനെ നോക്കുന്നത് ഭാര്യയുടെ മാത്രം ചുമതലയല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. നിങ്ങള്‍ കുഞ്ഞിന്‍റെ കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുകയാണെങ്കില്‍ കു്ഞ്ഞ് അമ്മയോട് മാത്രം ഇടപഴകി വളരുന്ന അവസ്ഥ ഒഴിവാക്കാനും കഴിയും.
അംഗീകരിക്കാം ആ കഴിവിനെ
മിക്ക ഭര്‍ത്താക്കന്‍മാരും രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയുള്ള ഓഫീസ് ജോലിയെ മാത്രമേ ഒരു പണിയായി കണക്കാക്കുന്നുള്ളൂ. ഭാര്യയ്ക്ക് അത്തരം ഒരു ജോലിയാണെങ്കില്‍ അത് തുടര്‍ന്നു കൊണ്ടു പോകുന്നതിന് അവര്‍ എതിരും പറയില്ല. പക്ഷേ സാമൂഹ്യപ്രവര്‍ത്തനം, നൃത്തം, അഭിനയം തുടങ്ങിയ മേഖലകളില്‍ കഴിവു തെളിയിച്ച സ്ത്രീകള്‍ പോലും വിവാഹശേഷം അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി കാണാം. ഭര്‍ത്താവിന്‍റേയോ ഭര്‍തൃവീട്ടുകാരുടേയും അനിഷ്ടമായിരിക്കും പലപ്പോഴും കാരണം. സമയബന്ധിതമല്ലാത്ത ഇത്തരം ജോലികളില്‍ ഭാര്യ ഏര്‍പ്പെടുന്നത് അംഗീകരിക്കാന്‍ പലപ്പോഴും ഭര്‍ത്താക്കന്‍മാര്‍ക്ക് കഴിയുന്നില്ല. ജീവിതപങ്കാളിയ്ക്ക് ഇത്തരം ഒരു കഴിവുണ്ടെങ്കില്‍ അതിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. നിങ്ങള്‍ കാരണം അത് അവര്‍ക്ക് ഉപേക്ഷിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് ഒരു കരടായി അവരുടെ മനസ്സില്‍ കിടക്കും. ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അവര്‍ അത് പ്രകടിപ്പിച്ചു എന്നും വരാം. ഭാര്യയ്ക്ക് താത്പര്യമുണ്ടെങ്കില്‍ ആ ജോലി അല്ലെങ്കില്‍ ഹോബി തുടര്‍ന്നു കൊണ്ടുപോകാന്‍ അവരെ അനുവദിക്കുക. നിങ്ങള്‍ നല്‍കുന്ന പിന്തുണയാകും മറ്റാരേക്കാള്‍ അവര്‍ വിലമതിക്കുക.
വിവാഹശേഷം ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുണ്ട്. ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ല എന്ന തോന്നലിലാണ് പലരും ജോലി രാജിവയ്ക്കുന്നത്. എന്നാല്‍ സാമ്പത്തികസ്വാതന്ത്ര്യത്തില്‍ ജീവിച്ച ശേഷം പെട്ടെന്നൊരു ദിവസം വരുമാനം നിലയ്ക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഭര്‍ത്താവിന്‍റേയോ ഭര്‍തൃവീട്ടുകാരുടേയോ നിര്‍ബന്ധത്തിനു വഴങ്ങി ഒരിക്കലും ജോലി വേണ്ടെന്നു വയ്ക്കരുത്. വിവാഹത്തിനു മുന്‍പു തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം. ജോലി രാജിവയ്ക്കാനുള്ള തീരുമാനം സ്വയം എടുത്തതാകണം. ഓഫീസ് ജോലി മാത്രമല്ല വരുമാനം കൊണ്ടുവരുന്നത്. വീടിനോടു ചേര്‍ന്നു തന്നെ സ്വയംസംരംഭങ്ങള്‍ നടത്തി വരുമാനം ഉണ്ടാക്കുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പണം സമ്പാദിക്കാന്‍ ഒരു വഴി കണ്ടെത്തിയ ശേഷം ജോലി ഉപേക്ഷിക്കുന്നതാണ് ഉത്തമം. ഭാര്യയുടെ തീരുമാനം എന്തുതന്നെയായാലും അതിന് ഭര്‍ത്താവിന്‍റെ പൂര്‍ണ്ണ പിന്തുണ കൂടിയേ തീരൂ. അവരുടെ ഉള്ളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കാം. വീട്ടുജോലികള്‍ക്കപ്പുറമുള്ള ലോകത്തേയ്ക്ക് അവരും പറന്നുയരട്ടെ.
(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)
Click here to view/download the original article.
Consolace Counselling Services
Consolace Counselling Services
Consolace counselling services
Consolace counselling services