വന്ധ്യത ഒരു കുറ്റമല്ല....

29 February, 2016 ((Our Article published in IMA Nammude Arogyam Magazine- March 2016))

വിശേഷങ്ങള്‍ തിരക്കാന്‍ മലയാളിയ്ക്ക് എന്നും ഇഷ്ടമാണ്. അതിപ്പോള്‍ അടുത്ത ബന്ധുവായാലും ബസില്‍ വച്ച് പരിചയപ്പെട്ട ഒരാളായാലും ശരി വീട്, വിവാഹം കഴിച്ചോ, ജോലിയെന്താണ് തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാനുണ്ടാകും. ചില വിദേശരാജ്യങ്ങളിലെല്ലാം മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് ഇടപെടുന്നത് ദുസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ നമ്മള്‍ ഒരു അവകാശം പോലെയാണ് ഇതിനെ കാണുന്നത്. ഈ ചോദ്യങ്ങള്‍ ആ വ്യക്തിയെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന് ആരും ചിന്തിക്കാറില്ല. വിവാഹിതരായ പുരുഷനോടും സ്ത്രീയോടും " വിശേഷമൊന്നുമായില്ലേ" എന്നു ചോദിക്കുന്നത് നമ്മുടെ സമൂഹത്തില്‍ ഒരാചാരം പോലെ ആയിത്തീര്‍ന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാര്‍ ഏറ്റവും പേടിക്കുന്നത് ഈ ചോദ്യത്തെയാണ്.

" വീട്ടിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു നിഖിത. മൂന്ന് ആണ്‍മക്കള്‍ക്കു ശേഷമുണ്ടായ പെണ്‍കുട്ടി. കോളേജ് അധ്യാപകരായ അച്ഛനും അമ്മയും അവളെ ലാളിച്ചാണ് വളര്‍ത്തിയത്. വീട്ടില്‍ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞ് സ്വന്തമായൊരു ജോലി സമ്പാദിച്ചു കഴിഞ്ഞാണ് അവള്‍ ആ ഇഷ്ടം വീട്ടില്‍ അവതരിപ്പിച്ചത്. കുട്ടിക്കാലം മുതല്‍ ഒപ്പം പഠിച്ച ഒരു സുഹൃത്തുമായി അവള്‍ അടുപ്പത്തിലായിരുന്നു. നിഖിതയുടെ വീട്ടുകാര്‍ക്ക് അടുത്തറിയുന്ന കുടുംബമായിരുന്നു അവരുടേത്. ഒരു പൊതുമേഖലാബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി ജോലി നോക്കുകയാണ് ചെറുക്കന്‍. നല്ല സ്വഭാവം. വീടുമായി അധികം ദൂരമില്ലാത്തതു കൊണ്ട് മകളെ എപ്പോഴും അടുത്തു കിട്ടും എന്ന സന്തോഷവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. എതിര്‍പ്പൊന്നും കൂടാതെ വിവാഹം നടന്നു. ഒപ്പം പഠിച്ച സുഹൃത്തുക്കളെല്ലാം തെല്ല് അസൂയയോടെ തന്നെയാണ് അവരുടെ ജീവിതത്തെ നോക്കികണ്ടത്. ഒരു വര്‍ഷത്തേയ്ക്ക് കുട്ടികള്‍ വേണ്ടെന്നായിരുന്നു ഇരുവരുടേയും തീരുമാനം. അതുകൊണ്ടു തന്നെ വിശേഷം തിരക്കിയെത്തുവരെ ഒരു പുഞ്ചിരിയോടെ നേരിടാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും അവരുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞു കടന്നു വരുന്നതിന്‍റെ സൂചനകളൊന്നും കണ്ടില്ല. ഒരു ഡോക്ടറെ കാണാമെന്ന് നിഖിത നിര്‍ദേശിച്ചെങ്കിലും ഭര്‍ത്താവ് പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ഈ വിഷയത്തെ പറ്റി പറഞ്ഞ് അവര്‍ക്കിടയില്‍ ചെറിയ പിണക്കങ്ങള്‍ പതിവായി. ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നടന്ന ഒരു ആഘോഷത്തിനിടെ കുട്ടികള്‍ ഉണ്ടാകാത്തത് നിഖിതയുടെ കുഴപ്പമാണെന്ന തരത്തില്‍ ഭര്‍ത്താവ് സംസാരിച്ചു. സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ഇത്തരത്തില്‍ പെരുമാറിയെന്ന് അവള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞില്ല. ആഘോഷത്തിനിടെ മദ്യത്തിന്‍റെ പുറത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു എന്നേ കണക്കാക്കിയുള്ളൂ. പിന്നീടൊരിക്കല്‍ ഭര്‍ത്താവിനൊപ്പം ജോലി നോക്കുന്ന ഒരു സ്ത്രീയുമായി സംസാരിക്കുന്നതിനിടെ ഓഫീസിലും അയാള്‍ ഇതു തന്നെയാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലായി. അന്നു വൈകിട്ട് ഇതു പറഞ്ഞ് നിഖിത ഭര്‍ത്താവിനോട് വഴക്കിട്ടു. ഭര്‍ത്താവിന്‍റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. കുട്ടികളുണ്ടാകാത്തത് അവളുടെ കുറ്റമാണെന്നും എല്ലാം അറിഞ്ഞുകൊണ്ട് അയാളുടെ ജീവിതം നശിപ്പിക്കുകയായിരുന്നുവെന്നുമെല്ലാമാണ് ഭര്‍ത്താവ് അവളോടു പറഞ്ഞത്. പിറ്റേന്നു തന്നെ നിഖിത സ്വന്തം വീട്ടിലേയ്ക്കു പോന്നു. ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന പങ്കാളിയുടെ ഈ പ്രതികരണത്തിന്‍റെ ഷോക്ക് മാറും മുന്‍പു തന്നെ ഡൈവോഴ്സ് നോട്ടീസും അവളെ തേടിയെത്തി. മാനസികമായി തകര്‍ന്നു പോയ അവസ്ഥയിലാണ് അവള്‍ കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. ഒപ്പം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവളുടെ അച്ഛനമ്മമാരും. നിഖിതയുടെ ഭര്‍ത്താവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യമൊന്നും അയാള്‍ അതിനു തയ്യാറായില്ല. എങ്കിലും ഏറെ തവണ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ എത്തി. കുഴപ്പം തന്‍റേതാണെന്ന് അയാള്‍ വൈദ്യപരിശോധനയിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അത് ഭാര്യയുടേയും സമൂഹത്തിന്‍റേയും മുന്നില്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഡോക്ടറെ കാണാന്‍ ഭാര്യ നിര്‍ബന്ധിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറി രക്ഷപെട്ടിരുന്നെങ്കിലും ഉള്ളില്‍ ടെന്‍ഷനുണ്ടായിരുന്നു. ഭാര്യയ്ക്കാണ് പ്രശ്നമെന്ന് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പികുകയാണ് ഇതിനുള്ള പോംവഴിയായി അയാള്‍ കണ്ടെത്തിയത്. എങ്കിലും ഒരിക്കലും നിഖിതയെ നഷ്ടപ്പെടുത്താന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. ഭാര്യ വീട്ടില്‍ നിന്ന് വഴക്കിട്ടു പോയതോടെ വീട്ടുകാര്‍ അയാളെ ഡൈവോഴ്സ് നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ചികിത്സ തേടേണ്ടതിന് പകരം ഭാര്യയെ കുറ്റപ്പെടുത്തി കൊണ്ട് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് ഭര്‍ത്താവ് ചെയ്തത്. നിഖിതയാകട്ടെ ഭര്‍ത്താവിന്‍റെ അസ്വഭാവികമായ പ്രതികരണത്തിന്‍റെ കാരണം തേടുന്നതിനു പകരം പെട്ടന്ന് വീടുവിട്ട് ഇറങ്ങി പോരുകയാണ് ഉണ്ടായത്. തെറ്റുകള്‍ മനസ്സിലാക്കിയപ്പോള്‍ ജീവിതത്തില്‍ ഒരുമിച്ചു തന്നെ മുന്നോട്ടു പോകാന്‍ അവര്‍ തീരുമാനിച്ചു. ഒരു കുഞ്ഞുണ്ടാകാനുള്ള ചികിത്സയിലും പ്രാര്‍ത്ഥനയിലുമാണ് അവര്‍ ഇപ്പോഴും...

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികള്‍ ഉണ്ടാകാത്ത ദമ്പതിമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഉദാഹരണം മാത്രമാണ് ഇത്. കുട്ടികള്‍ ഇല്ലാത്ത അവസ്ഥ ഓരോ വ്യക്തിയിലും ഉളവാക്കുന്ന പ്രതികരണങ്ങള്‍ വ്യത്യസ്ത തരത്തിലായിരിക്കും. ചിലര്‍ വിഷാദത്തിന് അടിമപ്പെടുമ്പോള്‍ മറ്റുചിലര്‍ കൂടുതല്‍ ദേഷ്യക്കാരാകുന്നതായിട്ടാണ് കാണുന്നത്. ബന്ധുക്കളുടേയും പരിചയക്കാരുടേയും ചോദ്യങ്ങള്‍ ഭയന്ന് ചിലര്‍ സ്വയം ഉള്‍വലിയുന്ന സ്വഭാവക്കാരായി മാറുന്നു.

ഒന്നിച്ചു നില്‍ക്കണം

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ വരുമ്പോള്‍ ഭാര്യഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള സാധ്യതയേറെയാണ്. കുട്ടികള്‍ ഉണ്ടാകാത്തതില്‍ ഇരുവരും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും. മറ്റുള്ളവരുടെ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം രണ്ടുപേരും നിശബ്ദം സഹിക്കുന്നുണ്ടാകും. ഇവര്‍ പലപ്പോഴും സ്വന്തം വിഷമവും ദേഷ്യവുമെല്ലാം പ്രകടിപ്പിക്കുന്നത് പങ്കാളിയുടെ മുന്നില്‍ മാത്രമായിരിക്കും. പരസ്പരം വിഷമങ്ങള്‍ പങ്കുവയ്ക്കുന്നത് ആശ്വാസം കൊണ്ടുവരുമെന്നത് സത്യമാണ്. പക്ഷേ വിഷമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കുറ്റപ്പെടുത്തലിന്‍റെ സ്വരം വന്നാല്‍ അത് പങ്കാളിയെ വേദനിപ്പിക്കുമെന്ന് ഉറപ്പാണ്. കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ വരുമ്പോള്‍ വൈദ്യപരിശോധനയ്ക്കു ശേഷം ആര്‍ക്കാണ് ചികിത്സ വേണ്ടതെന്ന് നിര്‍ണ്ണയിക്കുകയാണ് ആദ്യം വേണ്ടത്. അതനുസരിച്ച് ചികിത്സ തേടേണ്ടത് ആരായാലും അയാളോടു പങ്കാളി കൂടുതല്‍ സ്നേഹവും കരുതലും കാണിക്കുകയാണ് വേണ്ടത്. എല്ലാം നിന്‍റെ കുഴപ്പം കൊണ്ടല്ലേ എന്ന രീതിയില്‍ പെരുമാറിയാല്‍ പങ്കാളിയ്ക്ക് നിങ്ങളോടുള്ള സ്നേഹം എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും. ഭാവിയില്‍ കുട്ടികളുണ്ടായി ജീവിതം സുഗമമായി മുന്നോട്ടു പോയാലും വിഷമഘട്ടത്തില്‍ നിങ്ങള്‍ ഒറ്റപ്പെടുത്തി എന്ന ചിന്ത അവരുടെ ഉള്ളില്‍ ഉണ്ടാകും. കുഞ്ഞിന് ജډം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ ഏറെ വിഷമിക്കുന്നത് സ്ത്രീകള്‍ ആണ്. സമൂഹത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിഷമിക്കുന്ന പല ഭര്‍ത്താക്കന്‍മാരും കുഴപ്പം ഭാര്യയ്ക്കാണെന്ന് മറുപടി നല്‍കി ഒഴിയുന്നത് കാണാറുണ്ട്. വൈദ്യപരിശോധന പോലും നടത്താതെയാവും പലപ്പോഴും ഇവര്‍ ഇത്തരമൊരു മറുപടി നല്‍കുന്നത്. ചുരുക്കത്തില്‍ കുഴപ്പം തന്‍റേതായാലും ഭര്‍ത്താവിന്‍റേതായാലും കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുന്ന ഒരു വിഭാഗം സ്ത്രീകള്‍ ഉണ്ട്. പലപ്പോഴും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഇവരോടു മോശമായി പെരുമാറുന്നു. നേരിട്ടു കുറ്റപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവിന്‍റെ അമ്മ തന്‍റെ വസ്ത്രധാരണത്തേയും കൂട്ടുകാരേയുമെല്ലാം പറ്റി മോശമായി പറയുന്നുവെന്ന് ഒരു യുവതി സങ്കടത്തോടെ പറയുകയുണ്ടായി. മകന്‍റെ കുട്ടിയെ പ്രസവിക്കാനല്ലെങ്കില്‍ അവളെ പിന്നെ എന്തിനാണെന്ന് ചോദിക്കുന്ന അമ്മായിയമ്മമാരും കുറവല്ല. ഈ കുറ്റപ്പെടുത്തലുകളുടെ നടുവില്‍ നിന്ന് അവള്‍ ആശ്വാസം തേടിയെത്തുന്നത് ഭര്‍ത്താവിനരികിലാണ്. എന്നാല്‍ ഭര്‍ത്താവും കുറ്റപ്പെടുത്തുന്ന അവസ്ഥ വരുമ്പോഴാണ് അവര്‍ മാനസികമായി തകര്‍ന്നു പോകുന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന ചോദ്യവുമായാണ് ലിസ കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. മൂന്നു വര്‍ഷം മുന്‍പാണ് അവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് ഓസ്ത്രേലിയയില്‍ ജോലി നോക്കുന്നു. പ്രേമവിവാഹമായതിനാല്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് അത്ര സമ്മതമുണ്ടായിരുന്നില്ല. എതിര്‍ത്തില്ല എന്നു മാത്രം. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്തേയ്ക്കു പോയി. എന്തിനും ഏതിനും പിന്തുണ നല്‍കിയിരുന്ന പങ്കാളി പക്ഷേ കുട്ടികള്‍ ഉണ്ടാകാതെയായതോടെ പഴയ സ്നേഹം കാണിക്കാതെയായി. ലീവിനു നാട്ടില്‍ വന്നപ്പോള്‍ അവളെ സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കി. ഡൈവോഴ്സ് നോട്ടീസ് ലഭിക്കുമോ എന്ന പേടിയിലാണ് ലിസ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ഒരുപാട് സ്നേഹിച്ച ഭര്‍ത്താവില്‍ നിന്നുണ്ടായ പെരുമാറ്റം അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ലിസയെ പോലെ ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. ഒരുകാലത്ത് എല്ലാമെല്ലാമായ ഭര്‍ത്താവ് കുട്ടികള്‍ ഉണ്ടാകാതെയാകുമ്പോള്‍ ഉപേക്ഷിക്കുന്ന അവസ്ഥ നേരിടേണ്ടി വരുന്നവര്‍. കുട്ടികള്‍ ഇല്ലാതെ വരുമ്പോള്‍ പുരുഷനും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും കേള്‍ക്കേണ്ടി വരുന്നു. ഇത് പലപ്പോഴും അവരില്‍ നിരാശയും മാനസികപിരിമുറുക്കവും സൃഷ്ടിക്കുന്നു. ഈ അവസ്ഥയില്‍ മദ്യത്തില്‍ അഭയം തേടുന്നവരുണ്ട്. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നല്ലാതെ മദ്യം ഒരിക്കലും ഇതില്‍ നിന്ന് മോചനം നല്‍കുന്നില്ല. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നതും അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതുമെല്ലാം പങ്കാളിയെ മാനസികമായി അകറ്റാന്‍ മാത്രമേ സഹായിക്കൂ. വിഷാദരോഗികളായി മാറുന്ന മറ്റൊരു കൂട്ടരുണ്ട്. ജോലിസ്ഥലത്തും കുടുംബത്തിലും സ്വയം സൃഷ്ടിച്ച ഒരു വലയത്തിനുള്ളിലാവും ഇവര്‍. ആരോടും സംസാരിക്കാനോ പൊതുചടങ്ങുകളില്‍ പങ്കെടുക്കാനോ താത്പര്യം കാണിക്കില്ല. ഒന്നിനും കൊള്ളാത്തവനാണ് താന്‍ എന്ന ചിന്തയും മനസ്സില്‍ പേറി നടക്കുന്നവരാവും ഇവര്‍. പങ്കാളിയുടെ പെരുമാറ്റത്തില്‍ പെട്ടന്നുണ്ടായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഭാര്യയ്ക്ക് കഴിഞ്ഞെന്ന് വരില്ല. അതോടെ കുടുംബജീവിതത്തില്‍ അകല്‍ച്ചയുണ്ടാകുന്നു. കുട്ടികള്‍ ഉണ്ടാകാത്തതില്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്ന സ്ത്രീകളും ഉണ്ട്. ഇത് ഭര്‍ത്താവിന്‍റെ ആത്മവിശ്വാസം തകര്‍ക്കും. ലൈംഗികബന്ധത്തിനുള്ള താത്പര്യം കുറയാനും പരാജയപ്പെടാനും വരെ ഇത് കാരണമാകും. കുറ്റപ്പെടുത്തല്‍ പലപ്പോഴും ആത്മഹത്യയിലേയ്ക്ക് നയിക്കാനുള്ള സാധ്യതയും ഉണ്ട്. ജീവിതത്തിന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടത്. ബന്ധുക്കളുടേയും അയല്‍ക്കാരുടേയും അനാവശ്യ ഇടപെടലുകള്‍ക്ക് നിന്നു കൊടുക്കാതെ ശുഭചിന്തയോടെ മുന്നോട്ടു പോകുക. ചെറിയൊരു വഴക്കു പോലും ഈ ഘട്ടത്തില്‍ നിങ്ങളെ തമ്മില്‍ അകറ്റിയേക്കാം. അതിനാല്‍ കരുതലോടെ ഇടപെടുക. പഴയതിലും ഊഷ്മളമായൊരു ബന്ധം നിലനിര്‍ത്താം. കുത്തുവാക്കുകള്‍ പറയുന്നവരുടെ മുന്നില്‍ കരഞ്ഞിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യമില്ല. പകരം പഴയതിലും സന്തോഷമായി ജീവിച്ചു കാണിക്കുകയാണ് വേണ്ടത്.

വേണം, ശരിയായ ചികിത്സ

ഒരു വര്‍ഷത്തെ ലൈംഗികബന്ധത്തിനു ശേഷവും ഗര്‍ഭിണിയാവുന്നതിന്‍റെ സൂചനകള്‍ ലഭിച്ചില്ലെങ്കില്‍ ഇരുവരും വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നപ്രകാരമുള്ള ചികിത്സ തേടുകയുമാണ് വേണ്ടത്. എന്നാല്‍ മിക്കവരും വൈകിയ വേളയില്‍ മാത്രമാണ് ഇതിന് തയ്യാറാവുന്നതെന്നതാണ് പ്രശ്നം. ദുരഭിമാനം മൂലം വൈദ്യപരിശോധനയ്ക്ക് വിധേയരാവാന്‍ മടിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. കുറച്ചു കൂടി കാത്തിരിക്കാം എന്ന ചിന്താഗതിയില്‍ വൈദ്യപരിശോധന നീട്ടിക്കൊണ്ടു പോകുന്നവരും ഉണ്ട്. ഇരുകൂട്ടരും പ്രശ്നം തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുമ്പോഴേയ്ക്കും ഏറെ സമയം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ഇതിനു പുറമേ തട്ടിപ്പുകളില്‍ ചെന്നു ചാടുന്ന മറ്റൊരു വിഭാഗം ആളുകളുണ്ട്. കുട്ടികള്‍ ഇല്ല എന്ന സങ്കടത്തില്‍ കഴിയുന്നവരെ മുതലെടുക്കാനായി പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത്. പ്രത്യേക പൂജയും മന്ത്രവാദവുമെല്ലാം നടത്തിയാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കുകയാണ് ഇവര്‍ ആദ്യം ചെയ്യുക. ഫലസിദ്ധി ഉറപ്പു നല്‍കി ദമ്പതിമാരെ വ്യാജ സ്വാമിമാരുടേയും ദിവ്യന്‍മാരുടേയും അടുത്തെത്തിക്കുന്നു. മുന്‍പ് ഇത്തരത്തില്‍ പൂജയോ മന്ത്രവാദമോ നടത്തിയ പലര്‍ക്കും കുട്ടികള്‍ ഉണ്ടായ കഥകള്‍ പറഞ്ഞ് ഇവര്‍ ദമ്പതിമാരുടെ വിശ്വാസം നേടിയെടുക്കും. പിന്നീട് പൂജയുടേയും മറ്റും ചിലവുകള്‍ പറഞ്ഞ് കഴിയുന്നത്ര പണം തട്ടിയെടുക്കും. ചില പ്രത്യേക ആയുര്‍വേദ മരുന്നുകള്‍ സേവിച്ചാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് പറ്റിക്കുന്ന മുറിവൈദ്യന്‍മാരും ഉണ്ട്. മരുന്നിന്‍റെ വിലയായി വലിയൊരു തുക ഇവര്‍ ഈടാക്കും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ പോലും പലപ്പോഴും ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നു. മിക്ക സംഭവങ്ങളിലും മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയുക. കുട്ടികള്‍ ഉണ്ടാകാത്ത സ്ത്രീയെ നിര്‍ബന്ധിച്ച് കഠിനമായ വ്രതങ്ങള്‍ എടുപ്പിക്കുന്ന കുടുംബങ്ങളുണ്ട്. ഇതിലൂടെ അവരുടെ ആരോഗ്യനില വഷളാവുക മാത്രമേ ഉള്ളൂ. പൂജയ്ക്കും നേര്‍ച്ചകള്‍ക്കും പിന്നാലെ പോകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചികിത്സയ്ക്കു വേണ്ടി വിനിയോഗിക്കേണ്ട സമയവും പണവുമാണ് നഷ്ടപ്പെടുന്നത്. ശരിയായ ചികിത്സ തേടുന്നതിനൊപ്പം പ്രാര്‍ത്ഥന നല്ലതാണ്. അത് മനസ്സില്‍ ശുഭാപ്തി വിശ്വാസം നിറയ്ക്കാനും മാനസികപിരിമുറുക്കം അകറ്റാനും സഹായിക്കും.

ഒറ്റപ്പെടുത്തരുത്, അവരെ

കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാരെ ഏറ്റവും വിഷമിപ്പിക്കുന്നത് ബന്ധുക്കളുടേയും പരിചയക്കാരുടേയും ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ മടിച്ചാണ് പലപ്പോഴും അവര്‍ പൊതുചടങ്ങുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. ഓഫീസില്‍ ഉച്ചയൂണിന്‍റെ സമയത്ത് ഒപ്പമിരിക്കുന്ന കൂട്ടുകാരികളെല്ലാം അവരുടെ കുട്ടികളെ കുറിച്ചു മാത്രം സംസാരിക്കുന്നു. അപ്പോള്‍ കുട്ടികളില്ലാത്ത എനിക്ക് അവരില്‍ നിന്ന് ഒറ്റപ്പെട്ടു പോകുന്നതായി തോന്നുന്നു എന്ന് വിവാഹം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ഒരു യുവതി പറയുകയുണ്ടായി. സഹപ്രവര്‍ത്തകര്‍ മനപൂര്‍വം അവളെ വിഷമിപ്പിക്കാനായി പറയുന്നതാകണമെന്നില്ല. ജോലിതിരക്കിനിടയില്‍ ഉച്ചയ്ക്കു കിട്ടുന്ന ആകെ ഒഴിവു സമയത്ത് അവര്‍ കുട്ടികളുടെ പഠനത്തേയും ആഹാരത്തേയും പറ്റി ഓര്‍ക്കുകയും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നതാവാം. മനപൂര്‍വമല്ലാത്ത ഈ സംസാരം പോലും അവരെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ കുത്തുവാക്കുകളും അനാവശ്യ ചോദ്യങ്ങളും അവര്‍ക്ക് എത്ര മനപ്രയാസം സൃഷ്ടിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരിക്കലും അവരെ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുത്തും വിധം പെരുമാറാതെയിരിക്കുക. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും കേള്‍ക്കുകയും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. നിങ്ങളുടെ കുട്ടിയുടെ വിശേഷങ്ങള്‍ മാത്രം അവരോട് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കരുത്. തിരിച്ച് ഒന്നും പറയാന്‍ ഇല്ലല്ലോ എന്ന ചിന്ത അവരെ സങ്കടപ്പെടുത്തും. അടുത്ത സുഹൃത്താണെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി ചോദിക്കാം. അടുത്തിടെ കണ്ട സിനിമയോ യാത്ര പോയസ്ഥലങ്ങളോ വായിച്ച പുസ്തകങ്ങളോ അങ്ങനെ എന്തും. ചില സാഹചര്യങ്ങളില്‍ തീര്‍ത്തും അപരിചിതരോട് ഇടപഴകേണ്ടി വരാം. അങ്ങനെ വരുമ്പോള്‍ അവരുടെ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചൂഴ്ന്ന് ചോദിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവാഹം കഴിഞ്ഞോ, കുട്ടികളുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ അവഗണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ആവര്‍ത്തിച്ചു ചോദിക്കാതിരിക്കുക. കുട്ടികള്‍ ഇല്ല എന്ന മറുപടി നല്‍കി കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി എന്ന് ഒരിക്കലും ചോദിക്കരുത്. തികച്ചും അപരിചിതനായ വ്യക്തിയെ അനാവശ്യചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല. അവര്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടല്ല സൗഹൃദം സ്ഥാപിക്കേണ്ടത്, മാന്യമായ പെരുമാറ്റം കൊണ്ടാണെന്ന് എപ്പോഴും ഓര്‍മ്മിക്കുക.

കുട്ടികള്‍ ഉണ്ടാകാത്തത് ഒരിക്കലും ഒരു കുറ്റമോ കുറവോ അല്ലെന്ന് തിരിച്ചറിയുക. ഓരോ വ്യക്തിയുടേയും ശാരീരിക, ആരോഗ്യപരമായ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നൊരു വിഷയമാണത്. അതുകൊണ്ടു തന്നെ എന്തോ കുറ്റം ചെയ്തു എന്ന രീതിയില്‍ ആരെങ്കിലും പെരുമാറുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ല. ശരിയായ ചികിത്സ തേടുകയും കുത്തുവാക്കുകള്‍ പറയുന്നവരെ പുഞ്ചിരിയോടെ നേരിടുകയുമാണ് വേണ്ടത്. പങ്കാളിയുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും ശുഭാപ്തിവിശ്വാസത്തോടെ ഒരുമിച്ച് മുന്നോട്ടു പോവുക.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

Click here to view/download the original article.

Sandhya Rani .L

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More