വളർത്തിയെടുക്കാം നല്ല ചിന്തകൾ

22 December, 2018 (Our article published in Arogyapadmam Magazine - December 2018)

അടുത്തിടെ ഒരു ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ കൗണ്‍സിലിങ് സെന്‍ററില്‍ എത്തി. ആനന്ദ്. തിരുവനന്തപുരം സ്വദേശിയായ അയാള്‍ കഴിഞ്ഞ നാലു വര്‍ഷമായി അമേരിക്കയില്‍ ജോലി ചെയ്യുന്നു. ഐ.ടി രംഗത്താണ്. ജോലിയ്ക്ക് കയറിയ കാലം മുതല്‍ സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം തുടങ്ങണം എന്ന മോഹം അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അത് നീണ്ടു പോയി. അടുത്തിടെ അയാള്‍ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. ഒരു സുഹൃത്തിനൊപ്പം ബാംഗ്ലൂരില്‍ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാനായിരുന്നു പദ്ധതി. ഇതുമായി മുന്നോട്ടു പോകുന്നതിനിടെ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു. നല്ല ശമ്പളം തരുന്ന ജോലി വേണ്ടെന്ന് വച്ച് വിജയിക്കും എന്ന് യാതൊരു ഉറപ്പും ഇല്ലാത്ത ഒന്നിനു പിന്നാലെ പോകുന്നതെന്തിനെന്നായിരുന്നു അവരുടെ ചോദ്യം. ആദ്യമൊന്നും ആനന്ദ് ഇത് കണക്കിലെടുത്തില്ല. എതിര്‍പ്പുകള്‍ സ്വാഭാവികമായും അയാള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ബിസിനസ്സ് സംരംഭം ഉദ്ദേശിച്ച നിലയില്‍ പെട്ടന്നു തുടങ്ങാനായില്ല. ഒന്നിനു പിന്നാലെ ഒന്നായി പ്രതിസന്ധികള്‍ വന്നു ചേര്‍ന്നു. ഒപ്പം നിന്ന സുഹൃത്തിനും ഇതിനോട് ഒരു താത്പര്യം ഇല്ലെന്ന മട്ടായി. "കയ്യില്‍ നല്ലൊരു ജോലി ഉള്ളപ്പോള്‍ അതു കളഞ്ഞ് ബിസിനസ്സിലേയ്ക്ക് ഇറങ്ങി തിരിക്കുന്നത് മണ്ടത്തരമാണെന്ന് വീട്ടുകാര്‍ പറയുന്നു. ഞാന്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നം ആണ് ഇത്. എല്ലാ ഭാഗത്തു നിന്നും എതിര്‍പ്പുയരുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം എന്ന് തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് " -ആനന്ദ് പറഞ്ഞു. പെട്ടന്ന് ഒരു ഉത്തരം നല്‍കാവുന്ന പ്രശ്നം അല്ല ഇത്. ഇത്തരം ഘട്ടങ്ങളില്‍ എന്തു ചെയ്യണം എന്ന തീരുമാനം എടുക്കേണ്ടത് പൂര്‍ണ്ണമായും ആ വ്യക്തി തന്നെയാണ്. എന്നാല്‍ ഇവിടെ ആ ചെറുപ്പക്കാരന്‍ അതിനു കഴിയാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് സംസാരിച്ചപ്പോള്‍ അയാള്‍ ഈ ബിസിനസ്സ് സംരംഭത്തെ കുറിച്ച് നന്നായി പഠിച്ചിട്ടുണ്ടെന്ന് മനസ്സിലായി. പ്രതിസന്ധികള്‍ വരുമെന്നും അതിനെ തരണം ചെയ്യേണ്ടി വരുമെന്നും അറിഞ്ഞു കൊണ്ടു തന്നെയാണ് അയാള്‍ ഇതിലേയ്ക്ക് ഇറങ്ങി തിരിച്ചത്. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നിന്ന സുഹൃത്തു പോലും കൈവിടുന്ന അവസ്ഥ വന്നപ്പോള്‍ അയാള്‍ ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു എന്നു മാത്രം. എല്ലാ ബിസിനസ്സിലും റിസ്ക് ഉണ്ട്. ബിസിനസ്സില്‍ എന്നല്ല ഏതുകാര്യത്തിലും വിജയിക്കാന്‍ നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള ആര്‍ജ്ജവവും വേണം. എന്തിനേയും പേടിയോടെ സമീപിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒന്നും തന്നെ നേടാന്‍ കഴിയുകയില്ല. ഇവിടെ ആനന്ദിന് അയാള്‍ തുടങ്ങാന്‍ പോകുന്ന സംരംഭത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതിനു വേണ്ടി പരിശ്രമിക്കാന്‍ അയാള്‍ തയ്യാറുമാണ്. ഇനി വേണ്ടത് മനസ്സിനെ ആ ലക്ഷ്യത്തിലേയ്ക്ക് കേന്ദ്രീകരിക്കുകയാണ്. ഇത് വിജയിക്കും എന്ന ഉറച്ച ചിന്തയോടെ മുന്നോട്ടു പോകാനാണ് ഞാന്‍ ആനന്ദിനോട് പറഞ്ഞത്. നിരന്തരമായ പോസിറ്റീവ് ചിന്ത കൊണ്ടു മാത്രമേ ജീവിതത്തില്‍ എന്തും നേടിയെടുക്കാന്‍ കഴിയൂ. ഏതൊരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോഴും അതിനെ കുറിച്ചുള്ള നല്ല ചിന്തകള്‍ മനസ്സില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് വിജയത്തിലേയ്ക്കുള്ള ആദ്യ പടി.  

ചിന്തകള്‍ പവര്‍ഫുളാണ് 

നമ്മുടെ മനസ്സ് എന്തു ചിന്തിക്കുന്നു എന്നതിന് അനുസരിച്ചാണ് നമ്മുടെ ഓരോരുത്തരുടേയും ജീവിതം മുന്നോട്ടു പോകുന്നത്. ജീവിതത്തില്‍ എത്ര പരാജയങ്ങള്‍ സംഭവിച്ചാലും അതിനെ പുഞ്ചിരിയോടെ തരണം ചെയ്ത് മുന്നോട്ടു പോകുന്നവരെ കാണാം. ആത്മവിശ്വാസവും വിജയിക്കുമെന്ന ഉറച്ച ചിന്തയുമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ഇത്തരത്തില്‍ മനസ്സില്‍ പോസിറ്റീവ് ചിന്ത വളര്‍ത്തിയെടുക്കാന്‍ മനപൂര്‍വമായ ഒരു ശ്രമം തന്നെ വേണം. ഞാന്‍ ഇത് നേടും എന്ന് ഇടയ്ക്കിടെ മനസ്സിനോടു പറയുക. ചിന്തകള്‍ ചിന്താതരംഗങ്ങളാണ്. ഒരു പ്രത്യേകചിന്ത മനസ്സില്‍ രൂപപ്പെടുത്തുകയും അതിനെ കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്യുമ്പോള്‍ മനസ്സ് പതിയെ അത് സ്വീകരിക്കും. ഈ ചിന്തകള്‍ നെഗറ്റീവോ പോസിറ്റീവോ ആകാം. തീവ്രവാദികള്‍ അവരുടെ ആശയങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നത് നെഗറ്റീവ് ചിന്തകള്‍ക്ക് ഉദാഹരണമാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ ആളുകളെ ബ്രെയിന്‍വാഷ് ചെയ്യുകയാണെന്ന് പറയാം. നിരന്തരമായി അവരുടെ ആശയങ്ങള്‍ കേള്‍ക്കുന്ന ഒരു വ്യക്തിയുടെ മനസ്സില്‍ അതാണ് ശരി എന്ന ചിന്ത രൂപപ്പെടുന്നു. തത്ഫലമായി ആ വ്യക്തി അവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുകയും തെറ്റായ വഴിയിലേയ്ക്ക് പോകാന്‍ ഇടയാകുകയും ചെയ്യുന്നു. ചിന്തകള്‍ക്ക് എത്രത്തോളം ശക്തിയുണ്ടെന്നുള്ളതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണിത്. അന്നേ വരെ തീര്‍ത്തും നിഷ്കളങ്കനായിരുന്ന ഒരാളെ പെട്ടെന്ന് തെറ്റിന്‍റെ വഴിയേ നടത്താന്‍ ഇവിടെ ചിന്തകള്‍ക്ക് സാധിച്ചിരിക്കുന്നു. ഇതേ കാര്യം ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരാനായി ഉപയോഗപ്പെടുത്താം. നല്ല ചിന്തകള്‍ വളര്‍ത്തിയെടുക്കുകയും അത് മനസ്സില്‍ ഉറപ്പിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ജീവിതത്തില്‍ പുതുതായി എന്തെങ്കിലും തുടങ്ങാന്‍ ആഗ്രഹിക്കുകയും അതിന് സാധിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുകയും ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ ലക്ഷ്യം അപ്രാപ്യമായ ഒന്നല്ല. മനസ്സില്‍ ആ ആശയം ശക്തമായി നിലനില്‍ക്കുന്നിടത്തോളം ഇന്നല്ലെങ്കില്‍ നാളെ അയാള്‍ തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഉറപ്പാണ്.

സംശയങ്ങള്‍ക്ക് സ്ഥാനമില്ല

നമ്മള്‍ പുതിയതായി എന്തു തുടങ്ങുമ്പോഴും മനസ്സില്‍ സംശയങ്ങള്‍ ഉയരും. ഒരേ സമയം അനുകൂലവും പ്രതികൂലവുമായ ചിന്തകള്‍ മനസ്സിനെ വേട്ടയാടും. ഇത്തരത്തില്‍ രണ്ടു ചിന്തകള്‍ കടന്നു വരുമ്പോള്‍ മനസ്സ് ഒരു കോടതി മുറിപോലെയാകും. ഒരേ സമയം പോസിറ്റീവും നെഗറ്റീവുമായ ചിന്തകള്‍ക്കായി അവിടെ വാദം നടക്കും. ഇത്തരത്തില്‍ കലുഷിതമായ ഒരു അന്തരീക്ഷത്തില്‍ പെട്ടെന്ന് ഒരു വിധി പ്രഖ്യാപിക്കാന്‍ പലപ്പോഴും മനസ്സിന് കഴിയാറില്ല. കോടതികള്‍ തെളിവിന്‍റെ അടിസ്ഥാനത്തിലാണ് വിധിപ്രസ്താവിക്കുന്നതെന്നിരിക്കെ ഇവിടെ ഏതൊക്കെ ചിന്തകളാണോ മനസ്സിന് സമാധാനവും സന്തോഷവും തരുന്നത് അതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം നാം തീരുമാനം എടുക്കേണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനസ്സിനെ അസ്വസ്ഥമാക്കുന്ന നെഗറ്റീവ് ചിന്തകളെ കൈവെടിഞ്ഞ് പോസിറ്റീവായ ചിന്തകള്‍ മാത്രം മനസ്സില്‍ നിലനിര്‍ത്തണം. എന്നാല്‍ പലര്‍ക്കും ഇതിന് കഴിയാറില്ല. അവരുടെ മനസ്സില്‍ വാദം അനിശ്ചിതമായി തുടര്‍ന്നു കൊണ്ടേയിരിക്കും. എങ്ങനെ ഈ അവസ്ഥ മറികടക്കാം എന്നാണ് ഇവിടെ ചിന്തിക്കേണ്ടത്. ഏതൊക്കെ ചിന്തകളാണോ നിന്നെ ദുര്‍ബലപ്പെടുത്തുന്നത് അതിനെ പാടെ ഉപേക്ഷിക്കുക, ഏതൊക്കെ ചിന്തകളാണോ മനസ്സിന് ഉേډഷവും ഊര്‍ജ്ജവും നല്‍കുന്നത് അത് മാത്രം സ്വീകരിക്കുക എന്ന സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. നെഗറ്റീവ് ചിന്തകളെ വളരാന്‍ അനുവദിച്ചാല്‍ മനസ്സ് കലുഷിതമാകും. ആഗ്രഹിച്ചത് നേടാന്‍ കഴിയില്ലെന്ന ചിന്ത മനസ്സിനെ ദു:ഖത്തില്‍ ആഴ്ത്തുകയും മാനസികപിരിമുറുക്കത്തിന് വഴിയൊരുക്കുകയും ചെയ്യും. ചുരുക്കത്തില്‍ ഇത്തരത്തില്‍ ചിന്തിക്കുന്ന വ്യക്തിയ്ക്ക് ലക്ഷ്യത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും വിജയത്തില്‍ നിന്ന് അകന്നു പോകുകയും ചെയ്യും. മറിച്ച് ഞാനിത് നേടും എന്ന പോസിറ്റീവ് ചിന്തയോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ ശാന്തതയും സമാധാനവും ലഭിക്കും. പടിപടിയായ പരിശ്രമത്തിലൂടെ ലക്ഷ്യം നേടിയെടുക്കാനും അയാള്‍ക്ക് സാധിക്കും. 

ലക്ഷ്യത്തില്‍ ശ്രദ്ധിക്കാം

സര്‍ക്കസില്‍ നൂല്‍പ്പാലത്തിലൂടെ നടക്കുന്ന അഭ്യാസികളെ കാണാം. ഉയരത്തില്‍ കെട്ടിയ ചരടിലൂടെ അവര്‍ നടന്നു നീങ്ങുമ്പോള്‍ എങ്ങനെ അവര്‍ക്കിതിന് സാധിക്കുന്നു എന്ന് നാം അത്ഭുതപ്പെടും. നിരന്തരമായ പരിശീലനവും ആത്മവിശ്വാസവുമാണ് അവരെ ഇതിന് പ്രാപ്തരാക്കുന്നത്. അവര്‍ അവരുടെ പ്രവര്‍ത്തിയില്‍ പൂര്‍ണ്ണമായും മനസ്സ് അര്‍പ്പിച്ചിരിക്കുകയാണ്. ഒരു നിമിഷം പോലും അവര്‍ മനസ്സിലേയ്ക്ക് നെഗറ്റീവ് ചിന്തകള്‍ കടന്നു വരാന്‍ അനുവദിക്കുന്നില്ല. ഇത്തരത്തില്‍ നടക്കുന്നതിനിടെ താഴെ വീഴുമോ എന്ന ചിന്ത ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയാല്‍ അവര്‍ താഴെ വീഴുമെന്ന് ഉറപ്പാണ്. ഇതു പോലെ തന്നെയാണ് ജീവിതത്തിലെ എല്ലാ കാര്യങ്ങളും. നമ്മള്‍ എന്തു ചെയ്യുമ്പോഴും അതിനെ പറ്റി ഒരു പോസിറ്റീവ് ചിന്ത മനസ്സില്‍ രൂപപ്പെടുത്തിയെടുക്കണം. ഞാന്‍ അതില്‍ വിജയിക്കും എന്ന് ഇടയ്ക്കിടെ മനസ്സിനോടു പറഞ്ഞു കൊണ്ടിരിക്കണം. ഇതിനെയാണ് അഫര്‍മേഷന്‍ (അളളശൃാമശേീി) എന്നു പറയുന്നത്. അങ്ങനെ തുടര്‍ച്ചയായി ഒരു ലക്ഷ്യത്തിലേയ്ക്ക് ഫോക്കസ് ചെയ്യുമ്പോള്‍ അത് നേടിയെടുക്കാന്‍ കഴിയും എന്നൊരു വിശ്വാസം മനസ്സില്‍ രൂപപ്പെടും. ഇത്തരത്തില്‍ പരിപൂര്‍ണ്ണമായി ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വന്തം കഴിവില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ.

എന്താണ് അഫര്‍മേഷന്‍ ?

തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും തലച്ചോറില്‍ പ്രത്യേക ചാനല്‍ (ഇവമിിലഹെ) ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് ചാനല്‍സ് രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും. 

എത്രത്തോളം പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നുവോ അത്രത്തോളം നെഗറ്റീവ് ചിന്തകള്‍ ഇല്ലാതാകും എന്നതാണ് യാഥാര്‍ഥ്യം. പോസിറ്റീവ് ചിന്തകള്‍ മനസ്സ് തുടക്കത്തില്‍ തന്നെ അംഗീകരിക്കണമെന്നില്ല. പക്ഷേ നിരന്തരം ശ്രമിക്കുന്നതിലൂടെ പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ ഉറപ്പിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ മനസ്സില്‍ നല്ല ചിന്തകള്‍ നിറയുമ്പോള്‍ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. ജീവിതത്തിലെ എല്ലാ കാര്യങ്ങളേയും പോസിറ്റീവ് മനോഭാവത്തോടെ സമീപിക്കാന്‍ കഴിയും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മനസ്സിനെ മനസ്സു കൊണ്ടു തന്നെ ജയിക്കാനുള്ള തന്ത്രമാണ് അഫര്‍മേഷന്‍.

സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള യാത്രയാണ് ഓരോരുത്തരുടേയും ജീവിതം. പരിശ്രമം കൊണ്ടു മാത്രം ഒരാള്‍ക്ക് ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. എന്തു പ്രതിസന്ധികള്‍ നേരിട്ടാലും എത്ര തവണ പരാജയപ്പെട്ടാലും ഒരുനാള്‍ ഇത് നേടിയെടുക്കാന്‍ സാധിക്കും എന്ന വിശ്വാസം വേണം. ഇത്തരത്തില്‍ ശക്തമായൊരു ചിന്ത മനസ്സില്‍ രൂപപ്പെടുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് വിജയത്തിലേയ്ക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മനസ്സില്‍ ശുഭചിന്തകള്‍ നിറയട്ടെ. അതുവഴി ധൈര്യവും ആത്മവിശ്വാസവും വളരട്ടെ. അപ്പോള്‍ മാത്രമേ കടന്നു പോകുന്ന ഓരോ വഴിയിലും വിജയത്തിന്‍റെ മുദ്രകള്‍ പതിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.

 

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല) 

 

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More