മനസ്സിനെ ഏകാഗ്രമാക്കാം, പഠനത്തിൽ വിജയിക്കാം...

11 January, 2017 ((Our Article published in IMA Nammude Arogyam Magazine - January 2017))

മനസ്സിനെ ഒരു വാഹനത്തോട് ഉപമിക്കാം. വാഹനത്തെ നിയന്ത്രിക്കാന്‍ നാം സ്റ്റിയറിങ് ഉപയോഗിക്കുന്നുവെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാനായി പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യുന്നില്ല. മനസ്സിനെ അത് ഇഷ്ടപ്പെടുന്ന രീതിയില്‍ വ്യാപരിക്കാന്‍ അനുവദിക്കുകയാണ് പലരും ചെയ്യാറുള്ളത്. ഫലമോ ഒരു പ്രവര്‍ത്തിയിലും പൂര്‍ണ്ണ ഏകാഗ്രത കൈവരിക്കാനാകുന്നില്ല. ഏകാഗ്രമല്ലാത്ത മനസ്സിന് പ്രവര്‍ത്തിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ല. ദൈനംദിന ജീവിതത്തില്‍ ചെറിയ സമയം കൊണ്ട് തീര്‍ക്കേണ്ട ജോലികള്‍ പലതും കൂടുതല്‍ സമയം അപഹരിക്കുന്നത് ഈ ശ്രദ്ധക്കുറവ് അല്ലെങ്കില്‍ ഏകാഗ്രതയില്ലായ്മ മൂലമാണ്. പഠനത്തിന്‍റെ കാര്യത്തിലാണ് ഇത് ഏറ്റവും പ്രസക്തം. കുറച്ചു സമയം മാത്രം പഠിക്കാന്‍ ചെലവിടുന്ന കുട്ടികളില്‍ ചിലര്‍ ഉയര്‍ന്ന മാര്‍ക്കു നേടുകയും താരതമ്യേന അവരേക്കാള്‍ കൂടുതല്‍ സമയം പഠനത്തിനായി ചെലവിട്ടവര്‍ പരീക്ഷയില്‍ പിന്നോട്ടു പോകുന്നതും കാണാറുണ്ട്. ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ കുറച്ചു സമയമേ പഠനത്തിനായി നീക്കിവയ്ക്കുന്നുള്ളൂവെങ്കിലും ആ സമയം പൂര്‍ണ്ണമായും പഠനത്തില്‍ ശ്രദ്ധിക്കുന്നു. രണ്ടാമത്തെ വിഭാഗക്കാരാകട്ടെ പുസ്തകത്തിനു മുന്നില്‍ ഏറെ സമയം ചെലവിടുന്നുണ്ടെങ്കിലും അവരുടെ മനസ്സ് പഠനമെന്ന പ്രവര്‍ത്തിയില്‍ മാത്രം ഉറച്ചു നില്‍ക്കുന്നില്ല. പഠനത്തില്‍ മനസ്സ് ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ വരുന്നതിലൂടെ ഏറെ സമയം നഷ്ടമാകുന്നുവെന്നു മാത്രമല്ല, പരീക്ഷയില്‍ പിന്നോട്ടു പോകാനും ഇടയാകുന്നു.

അഞ്ചാം ക്ലാസുകാരനായ മകനേയും കൊണ്ടാണ് ആ അമ്മ വന്നത്. കുട്ടി നന്നായി പഠിക്കുന്നുണ്ടെങ്കിലും പരീക്ഷയ്ക്ക് തീരെ മാര്‍ക്ക് ലഭിക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി. ദിവസവും വൈകിട്ടു വന്നാല്‍ അവന്‍ മുറിയിലിരുന്ന് കൃത്യമായി ഹോംവര്‍ക്ക് ചെയ്യാറുണ്ട്. പാഠഭാഗങ്ങള്‍ വായിക്കുന്നതും കാണാം. എന്നാല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് തീരെ കുറവാണ്-അവര്‍ പറഞ്ഞു. കുട്ടിയോട് സംസാരിച്ചപ്പോള്‍ അവന്‍ ആദ്യം അമ്മ പറഞ്ഞ അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. എന്നാല്‍ വീണ്ടും ചോദിച്ചപ്പോള്‍ പഠിക്കുന്നതിനിടെ അടുത്ത മുറിയിലെ ടി.വിയില്‍ ശ്രദ്ധിക്കാറുണ്ടെന്നു പറഞ്ഞു. അച്ഛനും അമ്മയും ഓഫീസിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും അമ്മൂമ്മ കാണുന്ന സീരിയലിലെ ഡയലോഗുകളും പഠനത്തിനിടെ അവന്‍ കേള്‍ക്കുന്നുണ്ട്! പുസ്തകം തുറന്നു വച്ചിരിക്കുമ്പോഴും മൊബൈലിലെ ഗെയിമിനെ പറ്റി ആലോചിക്കുന്നു. ഇങ്ങനെ പലവഴിയ്ക്ക് പോകുന്ന മനസ്സുമായി വെറുതേ പുസ്തകം തുറന്നു വച്ചിരുന്നാല്‍ പരീക്ഷയ്ക്ക് മാര്‍ക്കു നേടുന്നതെങ്ങനെ? ദിവസവും അരമണിക്കൂര്‍ മാത്രമേ പഠിക്കുന്നുള്ളൂവെങ്കിലും ആ സമയം പഠനത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ കുട്ടിയ്ക്ക് ഇതിലും മികച്ച മാര്‍ക്ക് നേടാനാകും. കുട്ടിയുടെ പഠനത്തെ ബാധിക്കുന്ന വിധത്തില്‍ ഉച്ചത്തില്‍ ടി.വി വയ്ക്കുന്നതും സംസാരിക്കുന്നതും ഒഴിവാക്കണമെന്ന് അമ്മയോടു പറഞ്ഞു. കൂടാതെ കുട്ടി പഠിക്കുമ്പോള്‍ ഒപ്പമിരിക്കുന്നതും ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കുന്നതും പഠനത്തില്‍ അവന്‍റെ ശ്രദ്ധകൂട്ടും. ഇരുപതു മിനിറ്റ് പഠിച്ച ശേഷം ഒരു പത്തു മിനിറ്റ് ബ്രേക്ക് നല്‍കാം. തുടര്‍ച്ചയായി പഠിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാനും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇത് സഹായിക്കും. മകന്‍റെ പഠനത്തെ ശരിയായ ദിശയിലേയ്ക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആ അമ്മ.

പുതിയ തലമുറയിലെ കുട്ടികള്‍ ' മള്‍ട്ടിടാസ്കിങ്' ശീലമാക്കിയവരാണ്. ഒരു സമയം ഒരേ കാര്യം മാത്രം ചെയ്യാന്‍ അവര്‍ക്കു ബുദ്ധിമുട്ടാണ്. മറ്റൊരാളോടു സംസാരിക്കുന്നതിനിടെ മുഖം കുനിച്ചിരുന്ന് ചാറ്റു ചെയ്യുന്നതും ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ എഫ്. എം റേഡിയോ ഓണ്‍ ചെയ്തു വയ്ക്കുന്നതും പുതുതലമുറക്കാരുടെ ശീലമാണ്. സ്മാര്‍ട്ട് ഫോണുകളും ഗെയിമും ടി.വിയും ഇന്‍റര്‍നെറ്റിന്‍റെ അനന്തസാധ്യതകളും പഠനത്തില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നു. പഠിക്കുമ്പോള്‍ ശ്ര്ദ്ധ നിലനിര്‍ത്താനായി ചില കാര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്.

ബഹളം വേണ്ട

പഠനമുറിയിലേയ്ക്ക് ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കടന്നു വരുന്നത് ഒഴിവാക്കണം. ബഹളങ്ങള്‍ പലപ്പോഴും മനസ്സിനെ അസ്വസ്ഥമാക്കും. പഠനത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ ചെലുത്തുന്നതില്‍ നിന്ന് ഇത് നിങ്ങളെ പിന്തിരിപ്പിക്കും. നോ കണക്ടിവിറ്റി : ഇന്‍റര്‍നെറ്റില്‍ ചാറ്റ് ചെയ്തു കൊണ്ട് പഠിക്കുന്നവരെ കാണാം. പഠിക്കുന്ന വിഷയത്തേക്കാള്‍ ചാറ്റിന് എന്തു മറുപടി വന്നു എന്നതിലാകും ശ്രദ്ധ. അരമണിക്കൂര്‍ പഠനത്തിനായി നീക്കി വയ്ക്കുമ്പോള്‍ 20 മിനിറ്റ് ചാറ്റിങ് 10 മിനിറ്റ് പഠനം എന്നതാണ് ഇവരുടെ കാര്യത്തില്‍ സംഭവിക്കുക. പഠനമുറിയില്‍ സ്മാര്‍ട്ട് ഫോണ്‍, ടി.വി എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെയാണ് പഠനമെങ്കില്‍ അതിന്‍റെ ഉപയോഗം പഠനകാര്യങ്ങള്‍ക്കു മാത്രമായി നിയന്ത്രിക്കണം. മറ്റ് സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുകയോ അവ ഓപ്പണ്‍ ചെയ്യില്ലെന്ന് തീരുമാനിക്കുകയോ വേണം.

മനസ്സ് ശാന്തമായിരിക്കട്ടെ

ആകുലമായ മനസ്സുമായി പഠിക്കാനിരുന്നാല്‍ ശ്രദ്ധ നില്‍ക്കില്ല. പഠിക്കാനിരിക്കുന്നത് ഒരുതരം ധ്യാനമായി തന്നെ കണക്കാക്കണം. പഠിക്കാന്‍ വേണ്ടി പഠിക്കാതെ, പഠനം ആസ്വദിക്കാനും അറിവു സമ്പാദിക്കാനുമാണ് ശ്രമിക്കേണ്ടത്. മനസ്സിനെ നിയന്ത്രിക്കാനും അതുവഴി സമയം ബുദ്ധിപരമായി വിനിയോഗിക്കാനും കഴിഞ്ഞാല്‍ മാത്രമേ പഠനത്തില്‍ മുന്നിലെത്താന്‍ സാധിക്കൂ. പരീക്ഷകളില്‍ കിടമത്സരം നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വം സമയം ചെലവിടുന്നവര്‍ മാത്രമാണ് വിജയിക്കുന്നത്. ചിട്ടയായ പരിശീലനത്തിലൂടെ മനസ്സിനെ നിയന്ത്രിക്കാന്‍ സാധ്യമാണ്. ഇതിന് മനസ്സിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

പ്രധാനമായും നാലു തരം റിഥം അഥവാ താളങ്ങളിലൂടെയാണ് നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നത്. ബീറ്റ റിഥം ആണ് ഇതില്‍ ആദ്യത്തേത്. ഉണര്‍ന്നിരിക്കുന്ന ഒരു സാധാരണമനുഷ്യമനസ്സിന്‍റെ അവസ്ഥയാണ് ഇത്. സെക്കന്‍റില്‍ ഏകദേശം 13 മുതല്‍ 60 ഹെഡ്സ് എന്ന തോതിലാണ് ശാസ്ത്രജ്ഞന്‍മാര്‍ ബീറ്റ റിഥത്തെ അടയാളപ്പെടുത്തുന്നത്. രണ്ടാമത്തെ സ്റ്റേജാണ് ആല്‍ഫാ റിഥം. യോഗ, ധ്യാനം എന്നിവയിലൂടെ മനസ്സ് പൂര്‍ണ്ണമായും ശാന്തത കൈവരിക്കുമ്പോള്‍ സാധ്യമാകുന്ന അവസ്ഥയാണ് ഇത്. സെക്കന്‍റില്‍ 7 മുതല്‍ 13 ഹെഡ്സ് എന്നതാണ് ആല്‍ഫാറിഥത്തിന്‍റെ തോത്. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനും പുതിയ ഭാഷകള്‍ പഠിച്ചെടുക്കാനും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ വിശകലനം ചെയ്ത് ഉത്തരം കണ്ടെത്താനും ഏറ്റവും പറ്റിയ മാനസികാവസ്ഥയാണ് ഇത്. മൂന്നാമത്തെ അവസ്ഥയാണ് തീറ്റ. സെക്കന്‍റില്‍ നാലു മുതല്‍ ഏഴു ഹെഡ്സ് വരെ എന്ന തോതിലാണ് തീറ്റ സ്റ്റേജിനെ അടയാളപ്പെടുത്തുന്നത്. സര്‍ഗ്ഗാത്മകത ഉണരുന്ന ഘട്ടമായാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കണക്കാക്കുന്നത്. ആഴത്തിലുള്ള ധ്യാനത്തിന്‍റേയും ചെറിയ മയക്കത്തിന്‍റേയും ഇടയിലുള്ള അവസ്ഥയായാണ് ഇതിനെ കണക്കാക്കുന്നത്. മനസ്സ് പൂര്‍ണ്ണമായും ഉറക്കത്തിലേയ്ക്കാഴുന്ന അവസ്ഥയാണ് ഡെല്‍റ്റ സ്റ്റേജ്. ഫ്രീക്ക്വന്‍സി ഏറ്റവും കുറഞ്ഞ ഘട്ടമായ ഇതിനെ സെക്കന്‍റില്‍ നാല് ഹെഡ്സില്‍ താഴെയായാണ് അടയാളപ്പെടുത്തുന്നത്. ന്യൂറോശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ ഇ.ഇ.ജി (ഇലക്ട്രോ എന്‍സെഫലൊഗ്രാഫി) പഠനത്തില്‍ ബ്രെയ്ന്‍ റിഥം കുറയ്ക്കുമ്പോള്‍ കെമിക്കല്‍ ഹോര്‍മോണുകളായ ബീറ്റ എന്‍ഡോര്‍ഫിന്‍ (Beta endorphin), നോറീപൈന്‍ഫ്രൈന്‍ (Norepinephrine),ടോപാമൈന്‍  (Dopamine)  എന്നിവയുടെ ഉത്പാദനം കൂടുന്നതായി കണ്ടെത്തി. റിഥം കുറയുമ്പോള്‍ സര്‍ഗ്ഗാത്മകതയും ഏകാഗ്രതയും വര്‍ദ്ധിക്കുന്നു. മാനസികപിരിമുറുക്കത്തിന് അയവു ലഭിക്കുന്നു. ബ്രെയിന്‍ റിഥം കുറച്ചു കൊണ്ടുവരുന്നതിലൂടെ പഠനം ആയാസരഹിതമാക്കാനും സാധിക്കുന്നു. ബ്രെയിന്‍ റിഥം കുറയ്ക്കാനായി ചില വ്യായാമങ്ങള്‍ പരിശീലിക്കാവുന്നതാണ്. സ്കൂള്‍തലം മുതല്‍ കുട്ടികളെ ഇത്തരം മാനസികവ്യായാമങ്ങള്‍ പരിശീലിപ്പിക്കുന്നത് അവരുടെ ഏകാഗ്രതവര്‍ദ്ധിപ്പിക്കാനും പഠനരംഗങ്ങളില്‍ മുന്നേറാനും സഹായിക്കും.

പ്രാര്‍ത്ഥന

മന്ത്രങ്ങള്‍ ഉരുവിടുന്നതും ശാന്തമായ സ്ഥലത്തിരുന്നുള്ള പ്രാര്‍ത്ഥയുമെല്ലാം ചിന്തകളുടെ വേഗത കുറയ്ക്കാനും അതുവഴി മനസ്സ് ഏകാഗ്രമാകാനും സഹായിക്കും. ധ്യാനം : മനസ്സിന്‍റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും മനസ്സില്‍ സന്തോഷം നിറയ്ക്കാനും ധ്യാനം ഏറെ സഹായകരമാണ്. ദിവസവും പത്തു മിനിറ്റ് ധ്യാനത്തിനായി നീക്കി വയ്ക്കുക

നടത്തം

പാദങ്ങള്‍ തറയില്‍ ഉറപ്പിച്ചു നടക്കാന്‍ ശീലിക്കുക. നടത്തത്തെ കുറിച്ച് മനസ്സ് അറിയുന്ന അവസ്ഥ കൊണ്ടുവരിക എന്നതാണ് പ്രധാനം

ശ്വസനം

ദീര്‍ഘശ്വാസം എടുക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കും. പരീക്ഷയ്ക്കു തൊട്ടു മുന്‍പുള്ള സമയത്ത് ദീര്‍ഘമായ ശ്വാസോച്ഛ്വാസം നടത്തുന്നത് ശ്രദ്ധ നിലനിര്‍ത്താനും മനസ്സ് ശാന്തമാകാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശ്വാസം എടുക്കുമ്പോള്‍ അതില്‍ തന്നെ ശ്രദ്ധിക്കാന്‍ ശ്രമിക്കുക. ശ്വാസഗതി ശ്രദ്ധാപൂര്‍വം വീക്ഷിക്കുക. മനസ്സ് പതിയെ ശാന്തമാകുന്നത് അനുഭവിച്ചറിയാം.

മനസ്സ് തേരാളിയില്ലാത്ത ഒരു കുതിരയെ പോലെയാണെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു. നിയന്ത്രിക്കാത്തിടത്തോളം കാലം മനസ്സ് അതിന് ഇഷ്ടമുള്ള വഴിയേ വ്യാപരിക്കുമെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. മനസ്സിന് കടിഞ്ഞാണിടാന്‍ ശീലിക്കുക എന്നതാണ് പ്രധാനം. എങ്കില്‍ മാത്രമേ ചെയ്യുന്ന പ്രവര്‍ത്തിയില്‍ പൂര്‍ണ്ണമായും മനസ്സ് അര്‍പ്പിക്കാനും അതിലൂടെ ജീവിതവിജയം നേടാനും സാധിക്കൂ.

Click here to view/download the original article.

Sandhya Rani .L

Child & Family Counsellor
9388183153

തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലെ' സീനിയര്‍ കൗണ്‍സിലറാണ് സന്ധ്യാ റാണി. കഴിഞ്ഞ എട്ടു വര്‍ഷമായി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്ധ്യ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലും, കൊടുങ്ങാന്നൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്കൂളിലും നിരവധി പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലും കൗണ്‍സിലറായി പ്രവര്‍ത്തിച്ചിട്ടുണ്ട ്. വ്യക്തിഗത കൗണ്‍സിലിങിനു പുറമേ വിദേശത്തുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയും കണ്‍സൊലേസ് കൗണ്‍സിലിങ് സര്‍വീസസിലൂടെ കൗണ്‍സിലിങ് സേവനം ലഭ്യമാക്കുന്നു. ഫാമിലി, ചൈല്‍ഡ് കൗണ്‍സിലിങിലാണ് സന്ധ്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Appointments

Our Latest Articles

  • SEPARATION ANXIETY IN PETS

    Consolace Counselling Services

    Read More

  • SMARTPHONE ADDICTION AMONG STUDENTS

    Consolace Counselling Services

    Read More

  • ഉക്രൈൻയുദ്ധത്തിൽ ആടിയുലഞ്ഞ മലയാള സ്വപ്‌നങ്ങൾ!!!

    Consolace counselling services

    Read More

  • Mental Health for Digital Generation

    Consolace counselling services

    Read More